അധ്യായം 31
“ദൈവത്തോട് അടുത്ത് ചെല്ലുക; അപ്പോൾ ദൈവം നിങ്ങളോട് അടുത്ത് വരും”
1-3. (എ) മാതാപിതാക്കളും അവരുടെ കുഞ്ഞും തമ്മിലുള്ള ഇടപെടൽ നിരീക്ഷിക്കുന്നതിനാൽ മനുഷ്യസ്വഭാവത്തെ കുറിച്ച് നമുക്ക് എന്തു പഠിക്കാനാകും? (ബി) ആരെങ്കിലും നമ്മോടു സ്നേഹം കാണിക്കുമ്പോൾ അതിനോടുള്ള നമ്മുടെ സ്വാഭാവിക പ്രതികരണം എന്താണ്, നമുക്കു നമ്മോടുതന്നെ പ്രധാനപ്പെട്ട ഏതു ചോദ്യം ചോദിക്കാൻ കഴിയും?
തങ്ങളുടെ കുഞ്ഞിന്റെ പുഞ്ചിരി കാണാൻ ഇഷ്ടമില്ലാത്ത മാതാപിതാക്കൾ ഉണ്ടോ? തങ്ങളുടെ മുഖം കുഞ്ഞിന്റെ മുഖത്തോട് അടുപ്പിച്ച്, ഭാവപ്രകടനങ്ങളോടെ കൊഞ്ചിച്ച് അവർ അതിനെ ചിരിപ്പിക്കാൻ ശ്രമിക്കുന്നു. താമസിയാതെ ആ കുഞ്ഞിക്കവിളിൽ നുണക്കുഴി തെളിയുന്നു, ചുണ്ടിൽ പാൽപ്പുഞ്ചിരി വിരിയുന്നു. ആ പുഞ്ചിരിയിൽ തെളിയുന്നത് സ്നേഹമാണ്—മാതാപിതാക്കളുടെ സ്നേഹത്തോടുള്ള പ്രതികരണമായി കുഞ്ഞ് നടത്തുന്ന ആദ്യത്തെ സ്നേഹപ്രകടനം.
2 ഒരു കുഞ്ഞിന്റെ ചിരി മനുഷ്യസ്വഭാവം സംബന്ധിച്ച് പ്രാധാന്യമുള്ള ഒരു സംഗതി നമ്മെ അനുസ്മരിപ്പിക്കുന്നു. സ്നേഹത്തോടുള്ള നമ്മുടെ സ്വാഭാവിക പ്രതികരണം സ്നേഹമാണ്. കാരണം ആ വിധത്തിലാണ് നാം നിർമിക്കപ്പെട്ടിരിക്കുന്നത്. (സങ്കീർത്തനം 22:9) നാം വളരുമ്പോൾ സ്നേഹത്തോടു പ്രതികരിക്കാനുള്ള പ്രാപ്തിയിൽ നാം പക്വത പ്രാപിക്കുന്നു. നിങ്ങൾ കുട്ടിയായിരിക്കെ, നിങ്ങളുടെ മാതാപിതാക്കളും ബന്ധുക്കളും കൂട്ടുകാരും നിങ്ങളോടു സ്നേഹം പ്രകടിപ്പിച്ചത് ഒരുപക്ഷേ നിങ്ങൾ ഓർക്കുന്നുണ്ടാകും. നിങ്ങളുടെ ഹൃദയത്തിൽ ഒരു ഊഷ്മള വികാരം നാമ്പെടുത്തു, അതു വളർന്ന് നിങ്ങളെ പ്രവർത്തനത്തിനു പ്രേരിപ്പിക്കാൻ തുടങ്ങി. നിങ്ങൾ തിരിച്ചു നിങ്ങളുടെ സ്നേഹം പ്രകടമാക്കി. സമാനമായ ഒരു പ്രക്രിയ ദൈവമായ യഹോവയുമായുള്ള നിങ്ങളുടെ ബന്ധത്തിൽ സംഭവിക്കുന്നുണ്ടോ?
3 “ദൈവം ആദ്യം നമ്മളെ സ്നേഹിച്ചതുകൊണ്ടാണു നമ്മൾ സ്നേഹിക്കുന്നത്” എന്നു ബൈബിൾ പറയുന്നു. (1 യോഹന്നാൻ 4:19) ദൈവമായ യഹോവ നിങ്ങളുടെ പ്രയോജനത്തിനായി തന്റെ ശക്തിയും നീതിയും ജ്ഞാനവും സ്നേഹനിർഭരമായ വിധത്തിൽ വിനിയോഗിച്ചിരിക്കുന്നതായി ഈ പുസ്തകത്തിന്റെ 1 മുതൽ 3 വരെയുള്ള ഭാഗങ്ങളിൽ നിങ്ങളെ ഓർമിപ്പിക്കുകയുണ്ടായി. 4-ാം ഭാഗത്തിൽ യഹോവ മനുഷ്യവർഗത്തോടും—വ്യക്തിപരമായി നിങ്ങളോടും—ശ്രദ്ധേയമായ വിധങ്ങളിൽ നേരിട്ട് തന്റെ സ്നേഹം പ്രകടമാക്കിയിരിക്കുന്നതായി നിങ്ങൾ കണ്ടു. ഇപ്പോൾ ഒരു ചോദ്യം ഉദിക്കുന്നു. യഥാർഥത്തിൽ, അതു നിങ്ങൾ നിങ്ങളോടുതന്നെ ചോദിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യമാണ്: ‘യഹോവയുടെ സ്നേഹത്തോടു ഞാൻ എങ്ങനെ പ്രതികരിക്കും?’
ദൈവത്തെ സ്നേഹിക്കുക എന്നതിന്റെ അർഥം
4. ദൈവത്തെ സ്നേഹിക്കുക എന്നതിന്റെ അർഥം സംബന്ധിച്ച് ആളുകൾ ഏതു വിധത്തിൽ ആശയക്കുഴപ്പത്തിൽ ആയിരിക്കുന്നു?
4 സ്നേഹത്തിന് മറ്റുള്ളവരിലെ ഏറ്റവും നല്ല ഗുണങ്ങൾ പുറത്തുകൊണ്ടുവരാനുള്ള വമ്പിച്ച ശക്തിയുണ്ടെന്ന് സ്നേഹത്തിന്റെ ഉറവിടമായ യഹോവയ്ക്കു നന്നായി അറിയാം. അതുകൊണ്ട് അവിശ്വസ്തരായ മനുഷ്യവർഗം തന്നോടു നിരന്തരം മത്സരിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ചില മനുഷ്യർ തന്റെ സ്നേഹത്തോട് അനുകൂലമായി പ്രതികരിക്കുമെന്ന ബോധ്യം ദൈവത്തിനുണ്ടായിരുന്നു. തീർച്ചയായും ദശലക്ഷങ്ങൾ അതിനോടു പ്രതികരിച്ചിരിക്കുന്നു. എന്നാൽ, സങ്കടകരമെന്നു പറയട്ടെ, ഈ ദുഷിച്ച ലോകത്തിലെ മതങ്ങൾ, ദൈവത്തെ സ്നേഹിക്കുക എന്നതിന്റെ അർഥം സംബന്ധിച്ച് ആളുകളെ ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുകയാണ്. തങ്ങൾ ദൈവത്തെ സ്നേഹിക്കുന്നു എന്ന് അനേകരും പറയുന്നു. എന്നാൽ അത്തരം സ്നേഹം വാക്കുകളാൽ പ്രകടിപ്പിക്കേണ്ട ഒരു വികാരം മാത്രമാണെന്ന് അവർ വിചാരിക്കുന്നതായി തോന്നുന്നു. ദൈവത്തോടുള്ള സ്നേഹത്തിന്റെ തുടക്കം ആ വിധത്തിൽ ആയിരിക്കാം, ഒരു കുഞ്ഞ് മാതാപിതാക്കളോടുള്ള തന്റെ സ്നേഹം ആദ്യം ഒരു ചിരിയാൽ പ്രകടമാക്കുന്നതുപോലെ. എന്നാൽ മുതിർന്നവരുടെ സ്നേഹത്തിൽ അതിലധികം ഉൾപ്പെട്ടിരിക്കുന്നു.
5. ബൈബിൾ ദൈവത്തോടുള്ള സ്നേഹത്തെ എങ്ങനെ നിർവചിക്കുന്നു, ആ നിർവചനം നമുക്ക് ആകർഷകമായിരിക്കേണ്ടത് എന്തുകൊണ്ട്?
5 തന്നെ സ്നേഹിക്കുക എന്നതിന്റെ അർഥം എന്താണെന്ന് യഹോവ വിവരിക്കുന്നു. യഹോവയുടെ വചനം ഇങ്ങനെ പറയുന്നു: “ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നതാണു ദൈവത്തോടുള്ള സ്നേഹം.” അതെ, ദൈവത്തോടുള്ള സ്നേഹം പ്രവൃത്തിയിലൂടെ പ്രകടമാക്കേണ്ടതുണ്ട്. അനുസരിക്കുക എന്നതു പലർക്കും ഇഷ്ടമുള്ള കാര്യമല്ല എന്നത് ശരിയാണ്. എന്നാൽ അതേ വാക്യം ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ദൈവത്തിന്റെ കല്പനകൾ ഒരു ഭാരമല്ല.” (1 യോഹന്നാൻ 5:3) യഹോവയുടെ നിയമങ്ങളും തത്ത്വങ്ങളും നമ്മെ ഞെരുക്കാനല്ല, മറിച്ച് നമുക്കു പ്രയോജനം ചെയ്യാൻ ഉദ്ദേശിച്ചുള്ളതാണ്. (യശയ്യ 48:17, 18) ദൈവവചനത്തിൽ നിറയെ, ദൈവത്തോട് അടുത്ത് ചെല്ലാൻ നമ്മെ സഹായിക്കുന്ന തത്ത്വങ്ങൾ ഉണ്ട്. ഏതു വിധത്തിൽ? ദൈവത്തോടുള്ള നമ്മുടെ ബന്ധത്തിന്റെ മൂന്നു വശങ്ങൾ നമുക്കു പുനരവലോകനം ചെയ്യാം. ഇവയിൽ ആശയവിനിമയം, ആരാധന, അനുകരണം എന്നിവ ഉൾപ്പെടുന്നു.
യഹോവയുമായി ആശയവിനിമയം നടത്തൽ
6-8. (എ) നമുക്ക് യഹോവയെ എന്തു മുഖേന ശ്രദ്ധിക്കാനാകും? (ബി) തിരുവെഴുത്തുകൾ വായിക്കുമ്പോൾ അവയെ നമുക്ക് എങ്ങനെ ജീവസ്സുറ്റതാക്കാം?
6 “ദൈവവുമായി ഒരു സംഭാഷണം നടത്തുന്നതിനെക്കുറിച്ച് നിങ്ങൾക്കു സങ്കൽപ്പിക്കാനാകുമോ” എന്ന ചോദ്യം ചോദിച്ചുകൊണ്ടാണ് 1-ാം അധ്യായം തുടങ്ങിയത്. ഇത് സാങ്കൽപ്പികമായ ഒരു ആശയമല്ലെന്നു നാം കണ്ടു. മോശ, ഫലത്തിൽ അത്തരമൊരു സംഭാഷണം നടത്തി. നമ്മെ സംബന്ധിച്ചെന്ത്? ദൂതന്മാരെ അയച്ചുകൊണ്ട് ദൈവം ഇപ്പോൾ മനുഷ്യരുമായി സംഭാഷണം നടത്തുന്നില്ല. എന്നാൽ ഇന്നു നമ്മോട് ആശയവിനിമയം നടത്താൻ യഹോവയ്ക്ക് വിശിഷ്ടമായ മാർഗമുണ്ട്. നമുക്ക് എങ്ങനെ യഹോവയെ ശ്രദ്ധിക്കാൻ കഴിയും?
7 ‘തിരുവെഴുത്തുകൾ മുഴുവൻ ദൈവപ്രചോദിതമായി എഴുതിയതായതുകൊണ്ട്’ യഹോവയുടെ വചനമായ ബൈബിൾ വായിക്കുന്നതിലൂടെ നമുക്ക് യഹോവയെ ശ്രദ്ധിക്കാൻ കഴിയും. (2 തിമൊഥെയൊസ് 3:16) അത്തരം വായന “രാവും പകലും” നടത്താൻ സങ്കീർത്തനക്കാരൻ യഹോവയുടെ ദാസന്മാരെ പ്രോത്സാഹിപ്പിച്ചു. (സങ്കീർത്തനം 1:1, 2) അങ്ങനെ ചെയ്യുന്നതിന് നമ്മുടെ ഭാഗത്തു ഗണ്യമായ ശ്രമം ആവശ്യമാണ്. എന്നാൽ അത്തരം ശ്രമങ്ങളെല്ലാം തക്ക മൂല്യമുള്ളതാണ്. 18-ാം അധ്യായത്തിൽ കണ്ടതുപോലെ, ബൈബിൾ നമ്മുടെ സ്വർഗീയ പിതാവിൽനിന്ന് നമുക്കു കിട്ടിയ വിലയേറിയ ഒരു കത്തുപോലെയാണ്. അതുകൊണ്ട് അതിന്റെ വായന യാന്ത്രികമായ ഒന്നായിരിക്കരുത്. തിരുവെഴുത്തുകൾ വായിക്കുമ്പോൾ നാം അതിനെ ജീവസ്സുറ്റതാക്കണം. നമുക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും?
8 ബൈബിളിലെ വിവരണങ്ങൾ വായിക്കുമ്പോൾ അവ ഭാവനയിൽ കാണാൻ ശ്രമിക്കുക. അവയിലെ കഥാപാത്രങ്ങൾ യഥാർഥ ആളുകളായിരുന്നു എന്നതു മനസ്സിൽ പിടിക്കുക. അവരുടെ പശ്ചാത്തലങ്ങളും സാഹചര്യങ്ങളും ആന്തരങ്ങളും ഗ്രഹിക്കാൻ ശ്രമിക്കുക. പിന്നെ, നിങ്ങൾ വായിക്കുന്നതിനെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചുകൊണ്ട് സ്വയം ചോദിക്കുക, ‘ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്തു പഠിപ്പിക്കുന്നു? ഈ ഭാഗത്ത് യഹോവയുടെ ഏതു ഗുണമാണു പ്രകടമായിരിക്കുന്നത്? ഞാൻ ഏതു തത്ത്വം മനസ്സിലാക്കാൻ യഹോവ ആഗ്രഹിക്കുന്നു, എനിക്ക് അത് ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാൻ കഴിയും?’ വായിക്കുക, ധ്യാനിക്കുക, എന്നിട്ട് ജീവിതത്തിൽ പ്രാവർത്തികമാക്കുക. അങ്ങനെ ചെയ്യുമ്പോൾ ദൈവവചനം നിങ്ങളെ സംബന്ധിച്ചിടത്തോളം ജീവനുള്ളതായിരിക്കും.—സങ്കീർത്തനം 77:12; യാക്കോബ് 1:23-25.
9. “വിശ്വസ്തനും വിവേകിയും ആയ അടിമ” ആരാണ്, ആ “അടിമ” പറയുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവം കേൾക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
9 “വിശ്വസ്തനും വിവേകിയും ആയ അടിമ” മുഖാന്തരവും യഹോവ നമ്മോടു സംസാരിക്കുന്നു. യേശു മുൻകൂട്ടിപ്പറഞ്ഞതുപോലെ, ദുഷ്കരമായ ഈ അവസാന നാളുകളിൽ “തക്കസമയത്ത്” ആത്മീയ “ഭക്ഷണം” പ്രദാനം ചെയ്യാൻ അഭിഷിക്ത ക്രിസ്ത്യാനികളുടെ ഒരു ചെറിയ കൂട്ടം നിയമിക്കപ്പെട്ടിരിക്കുന്നു. (മത്തായി 24:45-47) ബൈബിളിന്റെ സൂക്ഷ്മപരിജ്ഞാനം സമ്പാദിക്കാൻ നമ്മെ സഹായിക്കുന്നതിനുവേണ്ടി തയ്യാറാക്കിയിരിക്കുന്ന പ്രസിദ്ധീകരണങ്ങൾ വായിക്കുമ്പോഴും ക്രിസ്തീയ യോഗങ്ങൾക്കും കൺവെൻഷനുകൾക്കും ഹാജരാകുമ്പോഴും നാം ആ അടിമയാൽ ആത്മീയമായി പോഷിപ്പിക്കപ്പെടുകയാണ്. ആ അടിമയുടെ യജമാനൻ ക്രിസ്തുവാണ്. അതുകൊണ്ട് “നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നതിനു ശ്രദ്ധ കൊടുക്കുക” എന്ന യേശുവിന്റെ വാക്കുകൾ നാം ജ്ഞാനപൂർവം പിൻപറ്റുന്നു. (ലൂക്കോസ് 8:18) വിശ്വസ്ത അടിമ പറയുന്നതു നാം ശ്രദ്ധാപൂർവം കേൾക്കുന്നു. എന്തുകൊണ്ടെന്നാൽ നമ്മോട് ആശയവിനിമയം നടത്താനുള്ള യഹോവയുടെ മാർഗങ്ങളിലൊന്നാണ് അതെന്നു നാം അംഗീകരിക്കുന്നു.
10-12. (എ) പ്രാർഥന യഹോവയിൽനിന്നുള്ള അത്ഭുതകരമായ ഒരു ദാനം ആയിരിക്കുന്നത് എന്തുകൊണ്ട്? (ബി) യഹോവയ്ക്കു പ്രസാദകരമായ ഒരു വിധത്തിൽ നമുക്ക് എങ്ങനെ പ്രാർഥിക്കാൻ കഴിയും, യഹോവ നമ്മുടെ പ്രാർഥനകളെ വിലമതിക്കുന്നുവെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്?
10 എന്നാൽ ദൈവവുമായി ആശയവിനിമയം നടത്തുന്നതു സംബന്ധിച്ചെന്ത്? നമുക്കു യഹോവയോടു സംസാരിക്കാനാകുമോ? അത് ഭയാദരവുണർത്തുന്ന ഒരു ആശയമാണ്. വ്യക്തിപരമായ ചില പ്രശ്നങ്ങളെക്കുറിച്ച് നിങ്ങളുടെ ദേശത്തെ ഏറ്റവും ഉന്നത സ്ഥാനത്തിരിക്കുന്ന അധികാരിയോടു സംസാരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്നു കരുതുക. കാര്യങ്ങൾ ബോധിപ്പിക്കാൻ സാധിക്കത്തക്കവിധം അദ്ദേഹത്തെ നേരിൽ കാണാനുള്ള സാധ്യത എത്രത്തോളമാണ്? ചിലപ്പോൾ, അതിനു ശ്രമിക്കുന്നതുതന്നെ അപകടകരമാണെന്നു വന്നേക്കാം! എസ്ഥേറിന്റെയും മൊർദെഖായിയുടെയും നാളിൽ, ഒരു രാജകീയ ക്ഷണമില്ലാതെ പേർഷ്യൻ ചക്രവർത്തിയെ സമീപിച്ചാൽ അയാൾ വധശിക്ഷയ്ക്ക് അർഹനാകുമായിരുന്നു. (എസ്ഥേർ 4:10, 11) ഇനി പരമാധികാരിയാം കർത്താവിന്റെ മുമ്പാകെ ചെല്ലുന്നതിനെക്കുറിച്ച് സങ്കൽപ്പിക്കുക. അത്യുന്നതദൈവത്തോടു താരതമ്യപ്പെടുത്തുമ്പോൾ, മനുഷ്യരിലെ അതിശക്തർപോലും ‘പുൽച്ചാടികളെപ്പോലെയാണ്.’ (യശയ്യ 40:22) ആ ദൈവത്തെ സമീപിക്കാൻ നാം ഭയപ്പെടേണ്ടതുണ്ടോ? തീർച്ചയായും വേണ്ട.
11 മനുഷ്യർക്കു തന്നെ സമീപിക്കാൻ കഴിയേണ്ടതിന് യഹോവ തുറന്ന അതേസമയം ലളിതമായ ഒരു സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നു—പ്രാർഥന. ഒരു കൊച്ചുകുട്ടിക്കുപോലും വിശ്വാസത്തോടെ, യേശുവിന്റെ നാമത്തിൽ യഹോവയോടു പ്രാർഥിക്കാൻ കഴിയും. (യോഹന്നാൻ 14:6; എബ്രായർ 11:6) അതേസമയം, പ്രാർഥന ഏറ്റവും സങ്കീർണമായ, ഉള്ളിന്റെയുള്ളിലെ ചിന്തകളും വിചാരങ്ങളും—വാക്കുകളാൽ പ്രകാശിപ്പിക്കാൻ പ്രയാസമായ വേദനാജനകമായ കാര്യങ്ങൾ പോലും—അറിയിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. (റോമർ 8:26) വാചാലമായ, ദീർഘിച്ച പ്രാർഥനകളിലൂടെ യഹോവയിൽ മതിപ്പുളവാക്കാൻ ശ്രമിക്കുന്നതുകൊണ്ട് പ്രയോജനമില്ല. (മത്തായി 6:7, 8) എന്നാൽ, എത്ര നേരത്തേക്ക് അല്ലെങ്കിൽ എത്ര കൂടെക്കൂടെ പ്രാർഥിക്കണം എന്നതിന് യഹോവ പരിധി വെക്കുന്നില്ല. ദൈവത്തിന്റെ വചനം, ‘ഇടവിടാതെ പ്രാർഥിക്കാൻ’ പോലും നമ്മെ ക്ഷണിക്കുന്നു.—1 തെസ്സലോനിക്യർ 5:17.
12 ‘പ്രാർഥന കേൾക്കുന്നവൻ’ എന്നു യഹോവയെ മാത്രമേ വിളിച്ചിട്ടുള്ളു എന്ന് ഓർക്കുക. യഹോവ യഥാർഥ സഹാനുഭൂതിയോടെ ശ്രദ്ധിക്കുന്നു. (സങ്കീർത്തനം 65:2) യഹോവ തന്റെ വിശ്വസ്ത ദാസന്മാരുടെ പ്രാർഥനകൾ കേവലം കേൾക്കുന്നു എന്നേയുള്ളോ? അല്ല, യഹോവ യഥാർഥത്തിൽ അവയിൽ സന്തോഷം കണ്ടെത്തുന്നു. ദൈവവചനം അങ്ങനെയുള്ള പ്രാർഥനകളെ സുഗന്ധക്കൂട്ടിനോടു താരതമ്യപ്പെടുത്തുന്നു. സുഗന്ധക്കൂട്ടു കത്തിക്കുമ്പോൾ സൗരഭ്യവാസനയുള്ള പുക മുകളിലേക്ക് ഉയരുന്നു. (സങ്കീർത്തനം 141:2; വെളിപാട് 5:8; 8:4) മുകളിലേക്ക് ഉയരുന്ന, നമ്മുടെ ആത്മാർഥമായ പ്രാർഥനകളും അതുപോലെ പരമാധികാരിയാം കർത്താവിനെ പ്രസാദിപ്പിക്കുന്നു എന്നറിയുന്നത് ആശ്വാസകരമല്ലേ? അതുകൊണ്ട് യഹോവയോട് അടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, താഴ്മയോടെ കൂടെക്കൂടെ, ദിവസവും പ്രാർഥിക്കുക. നിങ്ങളുടെ ഹൃദയം യഹോവയുടെ മുമ്പാകെ പകരുക, യാതൊന്നും മറച്ചുവെക്കരുത്. (സങ്കീർത്തനം 62:8) നിങ്ങളുടെ ആശങ്കകളും സന്തോഷങ്ങളും കൃതജ്ഞതയും സ്തുതിയുമെല്ലാം നിങ്ങളുടെ സ്വർഗീയ പിതാവുമായി പങ്കുവെക്കുക. അങ്ങനെ ചെയ്യുമ്പോൾ, നിങ്ങളും യഹോവയുമായും ഉള്ള ബന്ധം ശക്തമായിക്കൊണ്ടേയിരിക്കും.
യഹോവയെ ആരാധിക്കൽ
13, 14. യഹോവയെ ആരാധിക്കുക എന്നതിന്റെ അർഥമെന്ത്, നാം അങ്ങനെ ചെയ്യുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
13 ദൈവമായ യഹോവയുമായുള്ള നമ്മുടെ ആശയവിനിമയം ഒരു സുഹൃത്തുമായോ ബന്ധുവുമായോ ഉള്ള ആശയവിനിമയം പോലെയല്ല. നാം യഥാർഥത്തിൽ യഹോവയെ ആരാധിക്കുകയാണ്, യഹോവയ്ക്കു തികച്ചും അർഹമായ, ഭക്ത്യാദരവ് നാം കൊടുക്കുകയാണ്. സത്യാരാധനയാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും മുഖ്യ സംഗതി. ആരാധനയിലൂടെയാണു നാം മുഴുദേഹിയോടുകൂടിയ നമ്മുടെ സ്നേഹവും ഭക്തിയും യഹോവയോടു പ്രകടമാക്കുന്നത്. സത്യാരാധന സ്വർഗത്തിലും ഭൂമിയിലുമുള്ള യഹോവയുടെ വിശ്വസ്ത സൃഷ്ടികളെയെല്ലാം ഏകീകരിക്കുന്നു. അപ്പോസ്തലനായ യോഹന്നാൻ ദർശനത്തിൽ ഒരു ദൂതൻ ഈ കല്പന വിളംബരം ചെയ്യുന്നത് കേൾക്കുകയുണ്ടായി: “ആകാശവും ഭൂമിയും സമുദ്രവും ഉറവകളും ഉണ്ടാക്കിയ ദൈവത്തെ ആരാധിക്കുക.”—വെളിപാട് 14:7.
14 നാം യഹോവയെ ആരാധിക്കേണ്ടത് എന്തുകൊണ്ട്? നാം ചർച്ച ചെയ്ത പരിശുദ്ധി, ശക്തി, ആത്മനിയന്ത്രണം, നീതി, ധൈര്യം, കരുണ, ജ്ഞാനം, താഴ്മ, സ്നേഹം, അനുകമ്പ, വിശ്വസ്തത, നന്മ എന്നിങ്ങനെയുള്ള ഗുണങ്ങളെക്കുറിച്ച് ചിന്തിക്കുക. മൂല്യവത്തായ ഈ ഓരോ ഗുണവും ശ്രേഷ്ഠമായ വിധത്തിൽ യഹോവ പ്രകടമാക്കുന്നു. നാം യഹോവയുടെ ഗുണങ്ങളുടെ ആകെത്തുക ഗ്രഹിക്കാൻ ശ്രമിക്കുമ്പോൾ യഹോവ ആദരണീയനും ശ്രേഷ്ഠനുമായ ഒരു വ്യക്തി മാത്രമല്ലെന്നു നാം മനസ്സിലാക്കുന്നു. യഹോവ നമ്മെക്കാൾ അത്യന്തം മഹത്ത്വമാർന്നവനും അങ്ങേയറ്റം ഉന്നതനുമാണ്. (യശയ്യ 55:9) യഹോവ ഉചിതമായും നമ്മുടെ പരമാധികാരിയാണ് എന്നതിനു സംശയമില്ല, യഹോവ തീർച്ചയായും നമ്മുടെ ആരാധന അർഹിക്കുന്നു. എന്നാൽ നാം എങ്ങനെയാണ് യഹോവയെ ആരാധിക്കേണ്ടത്?
15. നമുക്ക് യഹോവയെ ‘ആത്മാവിലും സത്യത്തിലും’ ആരാധിക്കാൻ കഴിയുന്നത് എങ്ങനെ, ക്രിസ്തീയ യോഗങ്ങൾ നമുക്ക് എന്തിനുള്ള അവസരം നൽകുന്നു?
15 “ദൈവം ഒരു ആത്മവ്യക്തിയാണ്. ദൈവത്തെ ആരാധിക്കുന്നവർ ദൈവാത്മാവോടെയും സത്യത്തോടെയും ആരാധിക്കണം” എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 4:24) “ദൈവാത്മാവോടെ” ആരാധിക്കുക എന്നതിന്റെ അർഥം നമുക്കു ദൈവത്തിന്റെ ആത്മാവുണ്ടായിരിക്കണമെന്നും നമ്മൾ ദൈവാത്മാവിനാൽ നയിക്കപ്പെടണമെന്നും ആണ്. നമ്മുടെ ആരാധന സത്യത്തിന് ചേർച്ചയിലും ആയിരിക്കണം, അതായത് ദൈവവചനത്തിൽ കാണുന്ന ശരിയായ അറിവിനു ചേർച്ചയിലായിരിക്കണം. സഹാരാധകരുമായി കൂടിവരുമ്പോഴൊക്കെയും “ദൈവാത്മാവോടെയും സത്യത്തോടെയും” യഹോവയെ ആരാധിക്കാനുള്ള വിലയേറിയ അവസരം നമുക്കുണ്ട്. (എബ്രായർ 10:24, 25) നാം യഹോവയ്ക്കു സ്തുതി പാടുമ്പോഴും ഒത്തൊരുമിച്ച് യഹോവയോടു പ്രാർഥിക്കുമ്പോഴും ദൈവത്തിന്റെ വചനത്തിന്റെ ചർച്ചയിൽ പങ്കെടുക്കുകയും അതു ശ്രദ്ധിക്കുകയും ചെയ്യുമ്പോഴും നാം നിർമലാരാധനയിലൂടെ യഹോവയോടുള്ള സ്നേഹം പ്രകടമാക്കുന്നു.
ക്രിസ്തീയ യോഗങ്ങൾ യഹോവയെ ആരാധിക്കാനുള്ള ആഹ്ലാദകരമായ അവസരങ്ങളാണ്
16. സത്യക്രിസ്ത്യാനികൾക്കു നൽകപ്പെട്ടിരിക്കുന്ന ഏറ്റവും വലിയ കല്പനകളിൽ ഒന്ന് ഏത്, നാം അത് അനുസരിക്കാൻ പ്രചോദിതരാകുന്നത് എന്തുകൊണ്ട്?
16 യഹോവയെക്കുറിച്ച് മറ്റുള്ളവരോടു സംസാരിച്ചുകൊണ്ട് യഹോവയെ പരസ്യമായി സ്തുതിക്കുമ്പോഴും നാം യഹോവയെ ആരാധിക്കുകയാണ്. (എബ്രായർ 13:15) യഥാർഥത്തിൽ, സത്യക്രിസ്ത്യാനികൾക്കു നൽകപ്പെട്ടിരിക്കുന്ന ഏറ്റവും വലിയ കല്പനകളിൽ ഒന്നാണ് യഹോവയുടെ രാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കുക എന്നത്. (മത്തായി 24:14) യഹോവയെ സ്നേഹിക്കുന്നതുകൊണ്ട് നാം തികഞ്ഞ ആത്മാർഥതയോടെ അത് അനുസരിക്കുന്നു. ‘ഈ ലോകത്തിന്റെ ദൈവമായ’ പിശാചായ സാത്താൻ, യഹോവയെക്കുറിച്ച് ഹീനമായ നുണകൾ പ്രചരിപ്പിച്ചുകൊണ്ട് ‘അവിശ്വാസികളുടെ മനസ്സ് അന്ധമാക്കിയിരിക്കുന്നു’ എന്ന വസ്തുത പരിഗണിക്കുമ്പോൾ, അത്തരം ദൂഷണം വ്യാജമാണെന്നു തെളിയിച്ചുകൊണ്ട് നമ്മുടെ ദൈവത്തിനുവേണ്ടി സാക്ഷികളായി സേവിക്കാൻ നാം വാഞ്ഛിക്കുന്നില്ലേ? (2 കൊരിന്ത്യർ 4:4; യശയ്യ 43:10-12) യഹോവയുടെ അത്ഭുതകരമായ ഗുണങ്ങളെക്കുറിച്ച് നാം വിചിന്തനം ചെയ്യുമ്പോൾ, യഹോവയെക്കുറിച്ച് മറ്റുള്ളവരോടു പറയാനുള്ള ഒരു ആഗ്രഹം നമ്മിൽ ഉടലെടുക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നില്ലേ? നാം ചെയ്യുന്നതുപോലെ, നമ്മുടെ സ്വർഗീയ പിതാവിനെ അറിയാനും സ്നേഹിക്കാനും മറ്റുള്ളവരെ സഹായിക്കുന്നതിനെക്കാൾ മഹത്തായ ഒരു പദവി വേറെയില്ല.
17. യഹോവയുടെ ആരാധനയിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്, നാം നിർമലതയോടെ യഹോവയെ ആരാധിക്കേണ്ടത് എന്തുകൊണ്ട്?
17 യഹോവയെ ആരാധിക്കുന്നതിൽ അതിലുമധികം ഉൾപ്പെടുന്നു. അത് നമ്മുടെ ജീവിതത്തിന്റെ സമസ്ത തലങ്ങളെയും സ്വാധീനിക്കണം. (കൊലോസ്യർ 3:23) നാം വാസ്തവമായും യഹോവയെ നമ്മുടെ പരമാധികാര കർത്താവായി സ്വീകരിക്കുന്നെങ്കിൽ, സകലത്തിലും—നമ്മുടെ കുടുംബ ജീവിതത്തിലും ലൗകിക ജോലിയിലും മറ്റുള്ളവരുമായുള്ള ഇടപെടലുകളിലും സ്വകാര്യ സമയങ്ങളിലും—യഹോവയുടെ ഇഷ്ടം ചെയ്യാൻ നാം ശ്രമിക്കും. നാം യഹോവയെ ‘പൂർണഹൃദയത്തോടെ,’ നിർമലതയോടുകൂടെ സേവിക്കാൻ യത്നിക്കും. (1 ദിനവൃത്താന്തം 28:9) അത്തരം ആരാധന ഒരു വിഭജിത ഹൃദയത്തിന് അല്ലെങ്കിൽ കപടജീവിതത്തിന്—രഹസ്യത്തിൽ ഗുരുതരമായ പാപങ്ങൾ ചെയ്യുകയും അതേസമയം യഹോവയെ സേവിക്കുന്നതായി ഭാവിക്കുകയും ചെയ്യുന്ന കപടഗതിക്ക്—ഇടം നൽകുന്നില്ല. നിർമലത അത്തരം കപടഭാവം അസാധ്യമാക്കിത്തീർക്കുന്നു; സ്നേഹം അതിനെ വെറുക്കത്തക്കതാക്കുന്നു. ദൈവിക ഭയവും സഹായകമാണ്. ബൈബിൾ അത്തരം ഭയാദരവിനെ അല്ലെങ്കിൽ ഭക്തിയെ യഹോവയുമായുള്ള നമ്മുടെ തുടർച്ചയായ ഉറ്റ സൗഹൃദത്തോടു ബന്ധപ്പെടുത്തുന്നു.—സങ്കീർത്തനം 25:14.
യഹോവയെ അനുകരിക്കൽ
18, 19. വെറും അപൂർണ മനുഷ്യർക്ക് ദൈവമായ യഹോവയെ അനുകരിക്കാനാകും എന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
18 ഈ പുസ്തകത്തിന്റെ ഓരോ ഭാഗവും ഉപസംഹരിച്ചിരിക്കുന്നത് ‘പ്രിയമക്കളായി ദൈവത്തെ അനുകരിക്കുന്നത്’ എങ്ങനെയെന്ന ഒരു അധ്യായത്തോടെയാണ്. (എഫെസ്യർ 5:1) നാം അപൂർണരാണെങ്കിലും യഹോവ തന്റെ ശക്തി ഉപയോഗിക്കുകയും നീതി നടപ്പാക്കുകയും ജ്ഞാനപൂർവം പ്രവർത്തിക്കുകയും സ്നേഹം പ്രകടമാക്കുകയും ചെയ്യുന്ന പൂർണതയുള്ള വിധത്തെ നമുക്ക് യഥാർഥമായും അനുകരിക്കാൻ കഴിയും. സർവശക്തനെ അനുകരിക്കുക യഥാർഥത്തിൽ സാധ്യമാണെന്ന് നമുക്ക് എങ്ങനെ അറിയാം? തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കാൻ എന്തെല്ലാം ആയിത്തീരേണ്ടതുണ്ടോ യഹോവ അതെല്ലാം ആയിത്തീരുന്നു എന്ന് യഹോവയുടെ നാമത്തിന്റെ അർഥം നമ്മെ പഠിപ്പിക്കുന്നു എന്ന് ഓർക്കുക. ആ പ്രാപ്തി നമ്മിൽ ഉചിതമായി ഭയാദരവുണർത്തുന്നു. എന്നാൽ യഹോവയെ അനുകരിക്കുക നമ്മെ സംബന്ധിച്ച് അസാധ്യമാണോ? അല്ല.
19 നമ്മൾ ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടവരാണ്. (ഉൽപത്തി 1:26) അതുകൊണ്ട്, മനുഷ്യർ ഭൂമിയിലെ മറ്റ് ഏതു ജീവികളിൽനിന്നും വ്യത്യസ്തരാണ്. നാം വെറും സഹജ ജ്ഞാനത്താലോ ജനിതക ഘടനയാലോ പരിസ്ഥിതി ഘടകങ്ങളാലോ നിയന്ത്രിക്കപ്പെടുന്നവരല്ല. യഹോവ നമുക്ക് ഇച്ഛാസ്വാതന്ത്ര്യം എന്ന വിലയേറിയ ദാനം നൽകിയിട്ടുണ്ട്. പരിമിതികളും അപൂർണതകളും ഉണ്ടെങ്കിലും നാം എന്തായിത്തീരണമെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. ശക്തി ശരിയായി ഉപയോഗിക്കുന്ന, സ്നേഹവും ജ്ഞാനവും നീതിയുമുള്ള ഒരാളായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? യഹോവയുടെ ആത്മാവിന്റെ സഹായത്താൽ, നിങ്ങൾക്ക് അപ്രകാരം ആയിത്തീരാൻ കഴിയും! അത് നിങ്ങൾക്കു കൈവരുത്തുന്ന നന്മയെക്കുറിച്ച് ചിന്തിക്കുക.
20. യഹോവയെ അനുകരിക്കുമ്പോൾ നമുക്ക് എന്തു പ്രയോജനങ്ങൾ ലഭിക്കുന്നു?
20 യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിച്ചുകൊണ്ട് നിങ്ങൾ നിങ്ങളുടെ സ്വർഗീയ പിതാവിനെ പ്രസാദിപ്പിക്കും. (സുഭാഷിതങ്ങൾ 27:11) നിങ്ങൾക്കു യഹോവയെ ‘പൂർണമായി പ്രസാദിപ്പിക്കാൻ’ പോലും കഴിയും, എന്തെന്നാൽ യഹോവ നിങ്ങളുടെ പരിമിതികൾ മനസ്സിലാക്കുന്നു. (കൊലോസ്യർ 1:9, 10) നിങ്ങളുടെ പ്രിയപിതാവിനെ അനുകരിച്ചുകൊണ്ട് സദ്ഗുണങ്ങൾ വളർത്തിയെടുക്കുന്നതിൽ തുടരുമ്പോൾ നിങ്ങൾ ഒരു മഹത്തായ പദവിയാൽ അനുഗ്രഹിക്കപ്പെടും. ദൈവത്തിൽനിന്ന് അന്യപ്പെട്ട ഈ അന്ധകാര ലോകത്തിൽ നിങ്ങൾ ഒരു പ്രകാശവാഹകൻ ആയിരിക്കും. (മത്തായി 5:1, 2, 14) ഭൂമിയിലെങ്ങും യഹോവയുടെ മഹത്ത്വമാർന്ന വ്യക്തിത്വത്തിന്റെ പ്രതിഫലനങ്ങൾ പരത്തുന്നതിൽ നിങ്ങൾക്ക് ഒരു പങ്കുണ്ടായിരിക്കും. എത്ര വലിയ ബഹുമതി!
“ദൈവത്തോട് അടുത്ത് ചെല്ലുക; അപ്പോൾ ദൈവം നിങ്ങളോട് അടുത്ത് വരും”
യഹോവയോടു കൂടുതൽ അടുത്ത് ചെല്ലാൻ നിങ്ങൾക്കു കഴിയട്ടെ
21, 22. യഹോവയെ സ്നേഹിക്കുന്നവരുടെ മുമ്പാകെ ഏത് അനന്തയാത്ര കിടക്കുന്നു?
21 യാക്കോബ് 4:8-ൽ രേഖപ്പെടുത്തിയിരിക്കുന്ന ലളിതമായ ഉദ്ബോധനം ഒരു ലക്ഷ്യം മാത്രമല്ല. അത് ഒരു യാത്രയാണ്. നാം വിശ്വസ്തർ ആയിരിക്കുന്നിടത്തോളം കാലം, ആ യാത്ര അവസാനിക്കില്ല. നാം യഹോവയോട് കൂടുതൽ അടുത്തുചെന്നുകൊണ്ടിരിക്കും. യഹോവയെക്കുറിച്ച് അനേകമനേകം കാര്യങ്ങൾ നമുക്ക് പഠിക്കാനുണ്ടായിരിക്കും. ഈ പുസ്തകത്തിലൂടെ യഹോവയെക്കുറിച്ച് അറിയേണ്ടതെല്ലാം നാം പഠിച്ചുകഴിഞ്ഞുവെന്ന് ഒരിക്കലും ധരിക്കരുത്. എന്തിന്, നമ്മുടെ ദൈവത്തെക്കുറിച്ച് ബൈബിൾ പറയുന്നതെല്ലാം പരിഗണിക്കുമ്പോൾ, വാസ്തവത്തിൽ നാം ചർച്ച തുടങ്ങിയിട്ടുപോലുമില്ല! ബൈബിൾപോലും യഹോവയെക്കുറിച്ച് അറിയാനുള്ള സകലവും നമ്മോടു പറയുന്നില്ല. യേശു തന്റെ ഭൗമിക ശുശ്രൂഷക്കാലത്ത് ചെയ്തതെല്ലാം എഴുതുകയാണെങ്കിൽ ‘ആ ചുരുളുകൾ ഈ ലോകത്തുതന്നെ ഒതുങ്ങില്ല’ എന്ന് അപ്പോസ്തലനായ യോഹന്നാനു തോന്നി. (യോഹന്നാൻ 21:25) പുത്രനെ സംബന്ധിച്ച് അങ്ങനെ പറയാമെങ്കിൽ പിതാവിനെ സംബന്ധിച്ച് അത് എത്രയധികം സത്യമായിരിക്കും!
22 നിത്യമായി ജീവിക്കുമ്പോൾ പോലും യഹോവയെക്കുറിച്ചുള്ള സകലതും നാം പഠിച്ചുതീരില്ല. (സഭാപ്രസംഗകൻ 3:11) അപ്പോൾ നമ്മുടെ മുമ്പാകെയുള്ള പ്രതീക്ഷയെക്കുറിച്ച് ചിന്തിക്കുക. നൂറുകണക്കിന്, ആയിരക്കണക്കിന്, ദശലക്ഷക്കണക്കിന്, ശതകോടിക്കണക്കിനു വർഷംതന്നെ ജീവിച്ചുകഴിയുമ്പോൾ യഹോവയെ ഇപ്പോഴത്തേതിനെക്കാൾ എത്രയോ മെച്ചമായി നാം അറിയും. എന്നാൽ അപ്പോഴും അസംഖ്യം അത്ഭുത കാര്യങ്ങൾ ഇനിയും പഠിക്കാനുണ്ടെന്ന് നമുക്കു തോന്നും. കൂടുതൽ പഠിക്കാൻ നാം ആകാംക്ഷയുള്ളവരായിരിക്കും, എന്തുകൊണ്ടെന്നാൽ “ഞാൻ ദൈവത്തോട് അടുത്ത് ചെല്ലും; അതല്ലോ എനിക്കു നല്ലത്” എന്നു പാടിയ സങ്കീർത്തനക്കാരനെപ്പോലെ വിചാരിക്കാൻ നമുക്ക് എല്ലായ്പോഴും കാരണമുണ്ടായിരിക്കും. (സങ്കീർത്തനം 73:28) നിത്യജീവിതം സങ്കൽപ്പിക്കാൻ പോലും കഴിയാത്തവിധം അർഥവത്തും വൈവിധ്യമാർന്നതും ആയിരിക്കും—നാം യഹോവയോട് കൂടുതൽ കൂടുതൽ അടുത്തുകൊണ്ടിരിക്കും എന്നതായിരിക്കും അതിന്റെ ഏറ്റവും പ്രതിഫലദായകമായ സവിശേഷത.
23. നിങ്ങൾ എന്തു ചെയ്യാൻ പ്രോത്സാഹിപ്പിക്കപ്പെടുന്നു?
23 മുഴു ഹൃദയത്തോടും ദേഹിയോടും മനസ്സോടും ശക്തിയോടും കൂടെ യഹോവയെ സ്നേഹിച്ചുകൊണ്ട് ദൈവസ്നേഹത്തോടു പ്രതികരിക്കാൻ ഇപ്പോൾ നിങ്ങൾക്കു കഴിയുമാറാകട്ടെ. (മർക്കോസ് 12:29, 30) നിങ്ങളുടെ സ്നേഹം വിശ്വസ്തവും അചഞ്ചലവുമായിരിക്കട്ടെ. അനുദിന ജീവിതത്തിൽ നിങ്ങൾ എടുക്കുന്ന ചെറുതും വലുതുമായ തീരുമാനങ്ങളെല്ലാം ഒരേ മാർഗദർശക തത്ത്വത്തെ പ്രതിഫലിപ്പിക്കട്ടെ—നിങ്ങളുടെ സ്വർഗീയ പിതാവുമായുള്ള ഏറെ ബലിഷ്ഠമായ ബന്ധത്തിലേക്കു നയിക്കുന്ന പാത നിങ്ങൾ എല്ലായ്പോഴും തിരഞ്ഞെടുക്കും എന്ന തത്ത്വത്തെത്തന്നെ. സർവോപരി, യഹോവയോടു കൂടുതൽ അടുത്ത് ചെല്ലാൻ നിങ്ങൾക്കു കഴിയട്ടെ, യഹോവയും നിങ്ങളോടു കൂടുതൽ അടുത്തുവരട്ടെ—അതെ, അനന്തതയിലെങ്ങും!