വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • cl അധ്യാ. 18 പേ. 179-188
  • ‘ദൈവ​വ​ച​ന​ത്തി​ലെ’ ജ്ഞാനം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ‘ദൈവ​വ​ച​ന​ത്തി​ലെ’ ജ്ഞാനം
  • യഹോവയോട്‌ അടുത്തുചെല്ലുവിൻ
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • വചനം ലിഖി​ത​രൂ​പ​ത്തിൽ നൽകി​യത്‌ എന്തു​കൊണ്ട്‌?
  • മനുഷ്യ എഴുത്തുകാരെ ഉപയോഗിച്ചത്‌ എന്തു​കൊണ്ട്‌?
  • ആളുകളെ സംബന്ധിച്ച വിവര​ണങ്ങൾ രേഖ​പ്പെ​ടു​ത്തി​യത്‌ എന്തു​കൊണ്ട്‌?
  • ബൈബി​ളിൽ ഉൾപ്പെ​ടു​ത്താ​ത്തത്‌
  • “പ്രാ​യോ​ഗി​ക​ജ്ഞാ​നം” അടങ്ങിയ ഒരു പുസ്‌ത​കം
  • “ഇതാ, നമ്മുടെ ദൈവം”
    2003 വീക്ഷാഗോപുരം
  • ദൈവം ബൈബിളിനെ നിശ്വസ്‌തമാക്കിയതെങ്ങനെ?
    വീക്ഷാഗോപുരം—1997
  • ബൈബിൾ അതിന്റെ ഗ്രന്ഥകർത്താ​വി​നെ പരിച​യ​പ്പെ​ടു​ത്തു​ന്നു
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
  • ‘ഹോ, ദൈവ​ത്തി​ന്റെ ജ്ഞാനം എത്ര അപാരം!’
    യഹോവയോട്‌ അടുത്തുചെല്ലുവിൻ
കൂടുതൽ കാണുക
യഹോവയോട്‌ അടുത്തുചെല്ലുവിൻ
cl അധ്യാ. 18 പേ. 179-188
ഒരു ബൈബിളെഴുത്തുകാരൻ ഒരു ചുരുളിൽ എഴുതുന്നു.

അധ്യായം 18

‘ദൈവ​വ​ച​ന​ത്തി​ലെ’ ജ്ഞാനം

1, 2. യഹോവ നമുക്ക്‌ ഏത്‌ “കത്ത്‌” എഴുതി​യി​രി​ക്കു​ന്നു, എന്തു​കൊണ്ട്‌?

വളരെ ദൂരെ താമസി​ക്കുന്ന ഒരു സുഹൃ​ത്തിൽനിന്ന്‌ അവസാ​ന​മാ​യി ഒരു കത്ത്‌ ലഭിച്ചത്‌ എന്നാ​ണെന്നു നിങ്ങൾ ഓർക്കു​ന്നു​ണ്ടോ? പ്രിയ​പ്പെട്ട ഒരാളിൽനിന്ന്‌ ആത്മാർഥത തുളു​മ്പുന്ന ഒരു കത്തു കിട്ടു​ന്ന​തു​പോ​ലെ സന്തോഷം തരുന്ന കാര്യങ്ങൾ അധിക​മില്ല. അദ്ദേഹ​ത്തി​ന്റെ ക്ഷേമവി​വരം അറിയു​മ്പോൾ, അനുഭ​വ​ങ്ങ​ളെ​യും ഭാവി​പ​രി​പാ​ടി​ക​ളെ​യും കുറിച്ച്‌ വായി​ക്കു​മ്പോൾ നമുക്ക്‌ ആഹ്ലാദം തോന്നു​ന്നു. അങ്ങനെ​യുള്ള ആശയവി​നി​മയം പ്രിയ​പ്പെ​ട്ട​വരെ കൂടുതൽ അടുപ്പി​ക്കു​ന്നു, ശാരീ​രി​ക​മാ​യി അവർ വളരെ അകലെ ആണെങ്കി​ലും.

2 അങ്ങനെ​യെ​ങ്കിൽ നാം സ്‌നേ​ഹി​ക്കുന്ന ദൈവ​ത്തിൽനിന്ന്‌ ഒരു ലിഖിത സന്ദേശം ലഭിക്കു​ന്ന​തി​നെ​ക്കാൾ സന്തോ​ഷ​പ്ര​ദ​മാ​യി മറ്റെന്താ​ണു​ള്ളത്‌? ഒരർഥ​ത്തിൽ, യഹോവ നമുക്ക്‌ ഒരു “കത്ത്‌” എഴുതി​യി​ട്ടുണ്ട്‌—ദൈവ​വ​ച​ന​മായ ബൈബിൾ ആണ്‌ അത്‌. താൻ ആരാണ്‌, താൻ എന്തു ചെയ്‌തി​രി​ക്കു​ന്നു, എന്തു ചെയ്യാൻ ഉദ്ദേശി​ക്കു​ന്നു എന്നെല്ലാം അതിൽ യഹോവ നമ്മോടു പറയുന്നു. നാം തന്നോട്‌ അടുത്ത്‌ ചെല്ലാൻ യഹോവ ആഗ്രഹി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌ തന്റെ വചനം നമുക്കു നൽകി​യി​രി​ക്കു​ന്നത്‌. തന്നെയും തന്റെ ഉദ്ദേശ്യ​ങ്ങ​ളെ​യും കുറിച്ച്‌ നമ്മെ അറിയി​ക്കാൻ നമ്മുടെ സർവജ്ഞാ​നി​യായ ദൈവം ഏറ്റവും നല്ല മാർഗം തിര​ഞ്ഞെ​ടു​ത്തു. ബൈബിൾ എഴുതി​യി​രി​ക്കുന്ന വിധത്തി​ലും അതിന്റെ ഉള്ളടക്ക​ത്തി​ലും അതുല്യ​മായ ജ്ഞാനം അടങ്ങി​യി​രി​ക്കു​ന്നു.

വചനം ലിഖി​ത​രൂ​പ​ത്തിൽ നൽകി​യത്‌ എന്തു​കൊണ്ട്‌?

3. യഹോവ മോശ​യ്‌ക്കു നിയമം കൈമാ​റി​യത്‌ ഏതു വിധത്തിൽ?

3 ‘മനുഷ്യർക്കു കാര്യങ്ങൾ വെളി​പ്പെ​ടു​ത്താൻ യഹോവ കൂടുതൽ നാടകീ​യ​മായ ഒരു രീതി ഉപയോ​ഗി​ക്കാ​ഞ്ഞത്‌ എന്തു​കൊ​ണ്ടാണ്‌?’ എന്നു ചിലർ സംശയി​ച്ചേ​ക്കാം. ദൃഷ്ടാ​ന്ത​ത്തിന്‌, സ്വർഗ​ത്തിൽനിന്ന്‌ ദൈവ​ത്തിന്‌ മനുഷ്യ​രോട്‌ സംസാ​രി​ക്കാ​മാ​യി​രു​ന്നി​ല്ലേ? യഥാർഥ​ത്തിൽ, യഹോവ ചില സമയങ്ങ​ളിൽ ദൂത​പ്ര​തി​നി​ധി​കൾ മുഖേന സ്വർഗ​ത്തിൽനി​ന്നു സംസാ​രി​ക്കു​ക​തന്നെ ചെയ്‌തു. ഉദാഹ​ര​ണ​ത്തിന്‌ ഇസ്രാ​യേ​ലി​നു നിയമം കൊടു​ത്ത​പ്പോൾ. (ഗലാത്യർ 3:19) സ്വർഗ​ത്തിൽനി​ന്നുള്ള ശബ്ദം ഭയജന​ക​മാ​യി​രു​ന്നു. തന്നിമി​ത്തം ആ രീതി​യിൽ തങ്ങളോ​ടു സംസാ​രി​ക്കാ​തെ മോശ മുഖാ​ന്തരം തങ്ങളു​മാ​യി ആശയവി​നി​മയം ചെയ്യണ​മെന്ന്‌ ഭയപര​വ​ശ​രായ ഇസ്രാ​യേ​ല്യർ യഹോ​വ​യോട്‌ അപേക്ഷി​ച്ചു. (പുറപ്പാട്‌ 20:18-20) അങ്ങനെ ഏതാണ്ട്‌ 600 നിയമ​ങ്ങ​ള​ട​ങ്ങിയ ആ നിയമ​സം​ഹിത പദാനു​പദം വാമൊ​ഴി​യാ​യി മോശ​യ്‌ക്കു കൈമാ​റ​പ്പെട്ടു.

4. ദൈവ​നി​യ​മങ്ങൾ വാമൊ​ഴി​യാ​യി കൈമാ​റ​പ്പെ​ടു​ന്നത്‌ ആശ്രയ​യോ​ഗ്യ​മായ ഒരു രീതി ആയിരി​ക്കു​ക​യി​ല്ലാ​ഞ്ഞത്‌ എന്തു​കൊ​ണ്ടെന്നു വിശദീ​ക​രി​ക്കുക.

4 എന്നാൽ ആ നിയമ​സം​ഹിത ഒരിക്ക​ലും എഴുത​പ്പെ​ട്ടി​ല്ലാ​യി​രു​ന്നെ​ങ്കി​ലോ? അതിന്റെ കൃത്യ​മായ വാചകങ്ങൾ ഓർത്തി​രി​ക്കാ​നും ശേഷിച്ച ജനതയ്‌ക്ക്‌ തെറ്റി​ല്ലാ​തെ അറിയി​ച്ചു​കൊ​ടു​ക്കാ​നും മോശ​യ്‌ക്കു കഴിയു​മാ​യി​രു​ന്നോ? വരാനി​രുന്ന തലമു​റയെ സംബന്ധി​ച്ചോ? അവർ പൂർണ​മാ​യും വാമൊ​ഴി​യെ ആശ്രയി​ക്കേ​ണ്ടി​വ​രു​മാ​യി​രു​ന്നി​ല്ലേ? അതു ദൈവ​നി​യ​മങ്ങൾ കൈമാ​റി​ത്ത​രാ​നുള്ള ആശ്രയ​യോ​ഗ്യ​മായ ഒരു രീതി ആയിരി​ക്കു​മാ​യി​രു​ന്നില്ല. നിരയാ​യി നിൽക്കുന്ന കുറെ ആളുകൾക്ക്‌ ഒരു കഥ കൈമാ​റു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. നിരയി​ലെ ആദ്യത്തെ ആളോട്‌ കഥ പറഞ്ഞിട്ട്‌ അയാ​ളോട്‌ അത്‌ രണ്ടാമത്തെ ആളോ​ടും പിന്നെ അത്‌ അടുത്ത ആളോ​ടും അങ്ങനെ അവസാ​നത്തെ ആൾവ​രെ​യും കൈമാ​റാൻ ആവശ്യ​പ്പെ​ട്ടാൽ എന്തായി​രി​ക്കും സംഭവി​ക്കുക? സാധ്യ​ത​യ​നു​സ​രിച്ച്‌, അവസാ​നത്തെ ആൾ കേൾക്കു​ന്നത്‌ ആദ്യത്തെ ആൾ കേട്ടതിൽനിന്ന്‌ തികച്ചും വ്യത്യ​സ്‌ത​മാ​യി​രി​ക്കും. എന്നാൽ, ദൈവ​നി​യ​മ​ങ്ങ​ളി​ലെ വചനങ്ങൾക്ക്‌ അത്തരം അപകടം ഇല്ലായി​രു​ന്നു.

5, 6. തന്റെ വചനങ്ങൾ എന്തു ചെയ്യാ​നാണ്‌ യഹോവ മോശ​യോ​ടു നിർദേ​ശി​ച്ചത്‌, യഹോ​വ​യു​ടെ വചനം ലിഖി​ത​രൂ​പ​ത്തിൽ ലഭിച്ചി​രി​ക്കു​ന്നത്‌ നമുക്ക്‌ ഒരു അനു​ഗ്ര​ഹ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

5 തന്റെ വചനങ്ങൾ ലിഖി​ത​രൂ​പ​ത്തിൽ ലഭ്യമാ​ക്കാൻ യഹോവ ജ്ഞാനപൂർവം തീരു​മാ​നി​ച്ചു. മോശ​യ്‌ക്ക്‌ യഹോവ ഈ നിർദേശം നൽകി: “ഈ വാക്കുകൾ നീ എഴുതി​വെ​ക്കുക. കാരണം ഈ വാക്കു​കൾക്കു ചേർച്ച​യി​ലാണ്‌ ഞാൻ നിന്നോ​ടും ഇസ്രാ​യേ​ലി​നോ​ടും ഉടമ്പടി ചെയ്യു​ന്നത്‌.” (പുറപ്പാട്‌ 34:27) അങ്ങനെ ബി.സി. 1513-ൽ ബൈബി​ളെ​ഴു​ത്തി​ന്റെ യുഗം തുടങ്ങി. തുടർന്നു​വന്ന 1,610 വർഷത്തെ ഒരു കാലയ​ള​വിൽ യഹോവ ഏതാണ്ട്‌ 40 വ്യക്തി​ക​ളോട്‌ ‘പല പ്രാവ​ശ്യം, പല വിധങ്ങ​ളിൽ സംസാ​രി​ച്ചു,’ അവർ പിന്നീട്‌ ബൈബിൾ രചനയിൽ പങ്കുകാ​രാ​യി. (എബ്രായർ 1:1) ഈ കാലഘ​ട്ട​ത്തിൽ ഉടനീളം അർപ്പി​ത​രായ ‘പകർപ്പെ​ഴു​ത്തു​കാർ’ തിരു​വെ​ഴു​ത്തു​കൾ സംരക്ഷി​ക്കാൻ തക്കവണ്ണം അതീവ ശ്രദ്ധ​യോ​ടെ അവയുടെ കൃത്യ​മായ പകർപ്പു​കൾ നിർമി​ച്ചു.—എസ്ര 7:6; സങ്കീർത്തനം 45:1.

6 ലിഖി​ത​രൂ​പ​ത്തിൽ നമുക്കു കാര്യങ്ങൾ വെളി​പ്പെ​ടു​ത്തി​ത്ത​ന്നു​കൊണ്ട്‌ യഹോവ നമ്മെ യഥാർഥ​ത്തിൽ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു. നിങ്ങൾക്കു വളരെ പ്രിയ​പ്പെട്ട ഒരു കത്ത്‌ എപ്പോ​ഴെ​ങ്കി​ലും കിട്ടി​യി​ട്ടു​ണ്ടോ? ഒരുപക്ഷേ ആവശ്യ​മായ ആശ്വാസം പ്രദാനം ചെയ്‌തതു നിമിത്തം നിങ്ങൾ അതു സൂക്ഷി​ച്ചു​വെ​ക്കു​ക​യും വീണ്ടും​വീ​ണ്ടും വായി​ക്കു​ക​യും ചെയ്‌തി​രി​ക്കാം. യഹോ​വ​യിൽനിന്ന്‌ നമുക്കു ലഭിച്ചി​രി​ക്കുന്ന ‘കത്തിന്റെ’ കാര്യ​ത്തി​ലും അതുതന്നെ സത്യമാണ്‌. യഹോവ തന്റെ വചനങ്ങൾ ലിഖി​ത​രൂ​പ​ത്തിൽ ലഭ്യമാ​ക്കി​യ​തി​നാൽ അവ ക്രമമാ​യി വായി​ക്കു​ന്ന​തി​നും അവയുടെ ഉള്ളടക്കം സംബന്ധിച്ച്‌ ധ്യാനി​ക്കു​ന്ന​തി​നും നമുക്കു സാധി​ക്കു​ന്നു. (സങ്കീർത്തനം 1:2) ആവശ്യ​മു​ള്ള​പ്പോ​ഴെ​ല്ലാം നമുക്ക്‌ ‘തിരു​വെ​ഴു​ത്തു​കൾ നൽകുന്ന ആശ്വാസം’ നേടാൻ കഴിയും.—റോമർ 15:4.

മനുഷ്യ എഴുത്തുകാരെ ഉപയോഗിച്ചത്‌ എന്തു​കൊണ്ട്‌?

7. മനുഷ്യ എഴുത്തു​കാ​രെ ഉപയോ​ഗി​ച്ച​തിൽ യഹോ​വ​യു​ടെ ജ്ഞാനം പ്രകട​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

7 തന്റെ വചനം രേഖ​പ്പെ​ടു​ത്താൻ മനുഷ്യ​രെ ഉപയോ​ഗി​ച്ച​തിൽ യഹോ​വ​യു​ടെ ജ്ഞാനം പ്രകട​മാണ്‌. ചിന്തി​ക്കുക, അതിനാ​യി യഹോവ ദൂതന്മാ​രെ​യാണ്‌ ഉപയോ​ഗി​ച്ചി​രു​ന്ന​തെ​ങ്കിൽ ബൈബി​ളിന്‌ ഇതേ ആകർഷ​ക​ത്വം ഉണ്ടായി​രി​ക്കു​മാ​യി​രു​ന്നോ? ദൂതന്മാർക്ക്‌ അവരുടെ ഉന്നതമായ കാഴ്‌ച​പ്പാ​ടിൽനി​ന്നു​കൊണ്ട്‌ യഹോ​വയെ വർണി​ക്കാ​നും യഹോ​വ​യോ​ടുള്ള തങ്ങളുടെ ഭക്തി പ്രകടി​പ്പി​ക്കാ​നും ദൈവ​ത്തി​ന്റെ വിശ്വസ്‌ത മനുഷ്യ​ദാ​സരെ കുറിച്ച്‌ വിവരി​ക്കാ​നും കഴിയു​മാ​യി​രു​ന്നു എന്നതു ശരിതന്നെ. എന്നാൽ നമ്മെക്കാൾ അറിവും അനുഭ​വ​ജ്ഞാ​ന​വും ശക്തിയു​മുള്ള പൂർണ​രായ ആത്മവ്യ​ക്തി​ക​ളു​ടെ കാഴ്‌ച​പ്പാ​ടു​മാ​യി താദാ​ത്മ്യം പ്രാപി​ക്കാൻ നമുക്കു യഥാർഥ​ത്തിൽ കഴിയു​മാ​യി​രു​ന്നോ?—എബ്രായർ 2:6, 7.

8. ബൈബിൾ എഴുത്തു​കാർ തങ്ങളുടെ സ്വന്തം മാനസിക പ്രാപ്‌തി​കൾ ഉപയോ​ഗി​ക്കാൻ ഏതു വിധത്തിൽ അനുവ​ദി​ക്ക​പ്പെട്ടു? (അടിക്കു​റി​പ്പും കാണുക.)

8 മനുഷ്യ എഴുത്തു​കാ​രെ ഉപയോ​ഗി​ച്ച​തി​നാൽ യഹോവ നമുക്കു വേണ്ടതു തന്നെ നൽകി​യി​രി​ക്കു​ന്നു—‘ദൈവ​പ്ര​ചോ​ദി​ത​വും’ അതേസ​മയം മാനു​ഷിക സ്‌പർശം നിലനി​റു​ത്തി​ക്കൊ​ണ്ടു​ള്ള​തു​മായ ഒരു രേഖ. (2 തിമൊ​ഥെ​യൊസ്‌ 3:16) യഹോവ ഇത്‌ എങ്ങനെ സാധിച്ചു? അനേകം സന്ദർഭ​ങ്ങ​ളിൽ, “ഇമ്പമുള്ള വാക്കുകൾ” തിര​ഞ്ഞെ​ടു​ക്കാ​നും “സത്യവ​ച​നങ്ങൾ കൃത്യ​മാ​യി രേഖ​പ്പെ​ടു​ത്താ​നും” സ്വന്തം മാനസിക പ്രാപ്‌തി​കൾ ഉപയോ​ഗി​ക്കാൻ എഴുത്തു​കാ​രെ യഹോവ അനുവ​ദി​ച്ച​താ​യി കാണാൻ കഴിയും. (സഭാ​പ്ര​സം​ഗകൻ 12:10, 11) ബൈബി​ളി​ന്റെ ശൈലി​യി​ലെ വൈവി​ധ്യ​ത്തി​നു കാരണം ഇതാണ്‌; എഴുത്തു​കൾ ഓരോ എഴുത്തു​കാ​ര​ന്റെ​യും പശ്ചാത്ത​ല​ത്തെ​യും വ്യക്തി​ത്വ​ത്തെ​യും പ്രതി​ഫ​ലി​പ്പി​ക്കു​ന്നു.a എന്നിരു​ന്നാ​ലും, ഈ പുരു​ഷ​ന്മാർ ‘പരിശു​ദ്ധാ​ത്മാ​വി​നാൽ പ്രചോ​ദി​ത​രാ​യി ദൈവ​ത്തിൽനി​ന്നുള്ള അരുള​പ്പാ​ടു​കൾ പ്രസ്‌താ​വി​ച്ചു.’ (2 പത്രോസ്‌ 1:21) അതു​കൊണ്ട്‌, അവസാനം ഉരുത്തി​രി​ഞ്ഞതു സത്യമാ​യും ‘ദൈവ​വ​ച​ന​മാണ്‌.’—1 തെസ്സ​ലോ​നി​ക്യർ 2:13.

“തിരു​വെ​ഴു​ത്തു​കൾ മുഴുവൻ ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതി​യ​താണ്‌”

9, 10. മനുഷ്യ എഴുത്തു​കാ​രെ ഉപയോ​ഗി​ച്ചത്‌ ബൈബി​ളി​ന്റെ ഊഷ്‌മ​ള​ത​യും ആകർഷ​ക​ത്വ​വും വർധി​പ്പി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

9 എഴുത്തു​കാ​രാ​യി മനുഷ്യ​രെ ഉപയോ​ഗി​ച്ചത്‌ ബൈബി​ളി​നു ശ്രദ്ധേ​യ​മായ ഊഷ്‌മ​ള​ത​യും ആകർഷ​ക​ത്വ​വും നൽകുന്നു. നമ്മു​ടേ​തു​പോ​ലുള്ള വികാ​ര​ങ്ങ​ളുള്ള മനുഷ്യ​രാ​യി​രു​ന്നു അതിന്റെ എഴുത്തു​കാർ. അപൂർണർ ആയിരു​ന്ന​തു​കൊണ്ട്‌ അവർ നമ്മു​ടേ​തി​നു സമാന​മായ പരി​ശോ​ധ​ന​ക​ളെ​യും സമ്മർദ​ങ്ങ​ളെ​യും അഭിമു​ഖീ​ക​രി​ച്ചു. ചില സന്ദർഭ​ങ്ങ​ളിൽ, അവരുടെ സ്വന്തം വികാ​ര​ങ്ങ​ളെ​യും പോരാ​ട്ട​ങ്ങ​ളെ​യും കുറിച്ച്‌ എഴുതാൻ യഹോ​വ​യു​ടെ ആത്മാവ്‌ അവരെ പ്രചോ​ദി​പ്പി​ച്ചു. (2 കൊരി​ന്ത്യർ 12:7-10) അതു​കൊണ്ട്‌ അവർ ബൈബിൾ എഴുതി​യ​പ്പോൾ ‘ഞാൻ,’ ‘ഞങ്ങൾ’ എന്നിങ്ങ​നെ​യുള്ള പ്രഥമ​പു​രു​ഷ​സർവ​നാ​മം ഉപയോ​ഗി​ച്ചു, ദൂതന്മാ​രിൽ ആർക്കും ആശയങ്ങൾ ആ വിധത്തിൽ അവതരി​പ്പി​ക്കാൻ കഴിയു​മാ​യി​രു​ന്നില്ല.

10 ദൃഷ്ടാ​ന്ത​മാ​യി, ഇസ്രാ​യേ​ലി​ലെ ദാവീദ്‌ രാജാ​വി​ന്റെ കാര്യ​മെ​ടു​ക്കുക. ചില ഗുരു​ത​ര​മായ പാപങ്ങൾ ചെയ്‌ത​ശേഷം, ദാവീദ്‌ ഒരു സങ്കീർത്തനം രചിച്ചു. അതിൽ അദ്ദേഹം ക്ഷമയ്‌ക്കാ​യി യാചി​ച്ചു​കൊണ്ട്‌ ദൈവ​മു​മ്പാ​കെ തന്റെ ഹൃദയം പകർന്നു. ദാവീദ്‌ എഴുതി: “പാപത്തിൽനിന്ന്‌ എന്നെ ശുദ്ധീ​ക​രി​ക്കേ​ണമേ. എന്റെ ലംഘനങ്ങൾ എനിക്കു നന്നായി അറിയാം; എന്റെ പാപം എപ്പോ​ഴും എന്റെ മുന്നി​ലുണ്ട്‌. ഞാൻ കുറ്റമു​ള്ള​വ​നാ​യ​ല്ലോ ജനിച്ചത്‌; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു. തിരു​സ​ന്നി​ധി​യിൽനിന്ന്‌ എന്നെ ഓടി​ച്ചു​ക​ള​യ​രു​തേ. അങ്ങയുടെ പരിശു​ദ്ധാ​ത്മാ​വി​നെ എന്നിൽനിന്ന്‌ എടുത്തു​ക​ള​യ​രു​തേ. തകർന്ന മനസ്സാ​ണ​ല്ലോ അങ്ങയ്‌ക്കു സ്വീകാ​ര്യ​മായ ബലി; ദൈവമേ, തകർന്ന്‌ നുറു​ങ്ങിയ ഹൃദയത്തെ അങ്ങ്‌ ഉപേക്ഷി​ക്കി​ല്ല​ല്ലോ.” (സങ്കീർത്തനം 51:2, 3, 5, 11, 17) എഴുത്തു​കാ​രന്റെ മനോ​വേദന നിങ്ങൾക്ക്‌ അനുഭ​വി​ച്ച​റി​യാൻ കഴിയു​ന്നി​ല്ലേ? ഇത്ര ഹൃദയ​സ്‌പർശി​യായ വികാ​രങ്ങൾ പ്രകടി​പ്പി​ക്കാൻ ഒരു അപൂർണ മനുഷ്യ​ന​ല്ലാ​തെ ആർക്കാണു കഴിയുക?

ആളുകളെ സംബന്ധിച്ച വിവര​ണങ്ങൾ രേഖ​പ്പെ​ടു​ത്തി​യത്‌ എന്തു​കൊണ്ട്‌?

11. ‘നമ്മളെ പഠിപ്പി​ക്കാൻവേണ്ടി’ ബൈബി​ളിൽ ഏതുതരം യഥാർഥ ചിത്രീ​ക​ര​ണങ്ങൾ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു?

11 ബൈബി​ളി​ന്റെ ഹൃദ്യ​ത​യ്‌ക്കു സംഭാവന ചെയ്യുന്ന മറ്റു ചിലതുണ്ട്‌. വലി​യൊ​രു അളവോ​ളം അത്‌ ആളുകളെ—യഥാർഥ ആളുകളെ—സംബന്ധിച്ച ഒരു പുസ്‌ത​ക​മാണ്‌. അവരിൽ ദൈവത്തെ സേവി​ച്ച​വ​രും സേവി​ക്കാ​തി​രു​ന്ന​വ​രും ഉൾപ്പെ​ടു​ന്നു. അവരുടെ അനുഭ​വ​ങ്ങ​ളെ​യും ക്ലേശങ്ങ​ളെ​യും സന്തോ​ഷ​ങ്ങ​ളെ​യും കുറിച്ച്‌ നാം വായി​ക്കു​ന്നു. ജീവി​ത​ത്തിൽ അവർ നടത്തിയ തിര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ പരിണ​ത​ഫലം നാം കാണുന്നു. അങ്ങനെ​യുള്ള വിവര​ണങ്ങൾ ‘നമ്മളെ പഠിപ്പി​ക്കാൻവേ​ണ്ടി​യാണ്‌’ എഴുത​പ്പെ​ട്ടി​രി​ക്കു​ന്നത്‌. (റോമർ 15:4) ഈ യഥാർഥ ജീവിത ചിത്രീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ നമ്മുടെ ഹൃദയത്തെ സ്‌പർശി​ക്കുന്ന വിധത്തിൽ യഹോവ നമ്മെ പഠിപ്പി​ക്കു​ന്നു. ചില ദൃഷ്ടാ​ന്തങ്ങൾ പരിചി​ന്തി​ക്കുക.

12. അവിശ്വസ്‌ത മനുഷ്യ​രെ​ക്കു​റി​ച്ചുള്ള ബൈബിൾ വിവര​ണങ്ങൾ ഏതു വിധത്തിൽ നമ്മെ സഹായി​ക്കു​ന്നു?

12 അവിശ്വ​സ്‌ത​രായ, ദുഷ്ടർപോ​ലു​മാ​യി​രുന്ന മനുഷ്യ​രെ​ക്കു​റി​ച്ചും അവർക്കു നേരി​ടേ​ണ്ടി​വന്ന ഭവിഷ്യ​ത്തു​ക​ളെ​ക്കു​റി​ച്ചും ബൈബിൾ പറയുന്നു. അനഭി​ല​ഷ​ണീയ ഗുണങ്ങൾ അത്തരം വ്യക്തി​ക​ളു​ടെ പ്രവർത്ത​ന​ങ്ങ​ളിൽ പ്രതി​ഫ​ലി​ച്ചത്‌ എങ്ങനെ​യെന്നു ബൈബി​ളി​ലെ വിവര​ണങ്ങൾ കാണി​ക്കു​ന്നു. അതു​കൊ​ണ്ടു​തന്നെ അവ നമുക്ക്‌ എളുപ്പം ഗ്രഹി​ക്കാ​നും സാധി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, അവിശ്വ​സ്‌തത എന്നു കേൾക്കു​മ്പോൾ നമ്മുടെ മനസ്സി​ലേക്ക്‌ ഓടി​യെ​ത്തു​ന്നത്‌ യേശു​വി​നെ ഒറ്റി​ക്കൊ​ടുത്ത യൂദാ​സി​ന്റെ ദൃഷ്ടാ​ന്ത​മാണ്‌. അനഭി​ല​ഷ​ണീ​യ​മായ ഈ ഗുണത്തി​നെ​തി​രെ മുന്നറി​യി​പ്പു നൽകാൻ ഈ ദൃഷ്ടാ​ന്ത​ത്തെ​ക്കാൾ ശക്തമായ ഏതു കല്പനയാണ്‌ ഉപയോ​ഗി​ക്കാൻ കഴിയുക? (മത്തായി 26:14-16, 46-50; 27:3-10) ഇതു​പോ​ലുള്ള വിവര​ണങ്ങൾ കൂടുതൽ ഫലപ്ര​ദ​മാ​യി നമ്മുടെ ഹൃദയത്തെ സ്വാധീ​നി​ക്കു​ക​യും വെറു​ക്കത്തക്ക സ്വഭാ​വ​ങ്ങളെ തിരി​ച്ച​റിഞ്ഞ്‌ ഉപേക്ഷി​ക്കാൻ നമ്മെ സഹായി​ക്കു​ക​യും ചെയ്യുന്നു.

13. അഭില​ഷ​ണീയ ഗുണങ്ങൾ മനസ്സി​ലാ​ക്കാൻ ബൈബിൾ ഏതു വിധത്തിൽ നമ്മെ സഹായി​ക്കു​ന്നു?

13 ദൈവ​ത്തി​ന്റെ അനേകം വിശ്വസ്‌ത ദാസന്മാ​രെ​ക്കു​റി​ച്ചുള്ള വിവര​ണ​ങ്ങ​ളും ബൈബി​ളി​ലുണ്ട്‌. അവരുടെ ഭക്തി​യെ​യും വിശ്വ​സ്‌ത​ത​യെ​യും കുറിച്ച്‌ നാം വായി​ക്കു​ന്നു. ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലു​ന്ന​തി​നു നാം നട്ടുവ​ളർത്തേണ്ട ഗുണങ്ങ​ളു​ടെ ജീവസ്സുറ്റ ദൃഷ്ടാ​ന്തങ്ങൾ നാം കാണുന്നു. ഉദാഹ​ര​ണ​ത്തിന്‌, വിശ്വാ​സ​ത്തി​ന്റെ കാര്യം എടുക്കുക. ബൈബിൾ വിശ്വാ​സത്തെ നിർവ​ചി​ക്കു​ക​യും ദൈവത്തെ പ്രസാ​ദി​പ്പി​ക്കു​ന്ന​തിന്‌ അത്‌ എത്ര അത്യന്താ​പേ​ക്ഷി​ത​മാ​ണെന്നു പറയു​ക​യും ചെയ്യുന്നു. (എബ്രായർ 11:1, 6) എന്നാൽ ബൈബി​ളിൽ വിശ്വാ​സ​പ്ര​ക​ട​ന​ത്തി​ന്റെ ഉജ്ജ്വല ദൃഷ്ടാ​ന്ത​ങ്ങ​ളും അടങ്ങി​യി​രി​ക്കു​ന്നു. യിസ്‌ഹാ​ക്കി​നെ ബലി അർപ്പി​ക്കാൻ ശ്രമി​ച്ച​പ്പോൾ അബ്രാ​ഹാം പ്രകട​മാ​ക്കിയ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. (ഉൽപത്തി അധ്യായം 22; എബ്രായർ 11:17-19) അങ്ങനെ​യുള്ള വിവര​ണ​ങ്ങ​ളി​ലൂ​ടെ “വിശ്വാ​സം” എന്ന വാക്കിനു വർധിച്ച അർഥം കൈവ​രു​ന്നു, അതു ഗ്രഹി​ക്കാൻ എളുപ്പ​മാ​യി​ത്തീ​രു​ക​യും ചെയ്യുന്നു. അഭികാ​മ്യ ഗുണങ്ങൾ നട്ടുവ​ളർത്താൻ യഹോവ നമ്മെ ഉദ്‌ബോ​ധി​പ്പി​ക്കുക മാത്രമല്ല തങ്ങളുടെ ജീവി​ത​ത്തിൽ അവ പ്രതി​ഫ​ലി​പ്പിച്ച വ്യക്തി​ക​ളു​ടെ ദൃഷ്ടാ​ന്തങ്ങൾ നൽകു​ക​യും ചെയ്യുന്നു എന്നത്‌ എത്ര ജ്ഞാനപൂർവ​ക​മാണ്‌!

14, 15. ആലയത്തിൽ വന്ന ഒരു സ്‌ത്രീ​യെ സംബന്ധിച്ച്‌ ബൈബിൾ എന്തു പറയുന്നു, ഈ വിവര​ണ​ത്തിൽനിന്ന്‌ യഹോ​വ​യെ​ക്കു​റിച്ച്‌ നാം എന്തു പഠിക്കു​ന്നു?

14 ബൈബി​ളിൽ കാണ​പ്പെ​ടുന്ന യഥാർഥ ജീവിത വിവര​ണങ്ങൾ മിക്ക​പ്പോ​ഴും യഹോ​വ​യു​ടെ വ്യക്തി​ത്വ​ത്തെ സംബന്ധിച്ച്‌ നമ്മെ ചിലതു പഠിപ്പി​ക്കു​ന്നു. ആലയത്തിൽ യേശു നിരീ​ക്ഷിച്ച സ്‌ത്രീ​യെ​ക്കു​റി​ച്ചുള്ള വിവരണം പരിചി​ന്തി​ക്കുക. ആലയത്തി​ലെ സംഭാ​വ​ന​പ്പെ​ട്ടി​കൾക്ക്‌ അരികെ ഇരുന്ന​പ്പോൾ ആളുകൾ സംഭാവന ഇടുന്നത്‌ യേശു നിരീ​ക്ഷി​ച്ചു. അനേകം ധനികർ വന്ന്‌ തങ്ങളുടെ ‘സമൃദ്ധി​യിൽനിന്ന്‌’ കൊടു​ത്തു. എന്നാൽ യേശു​വി​ന്റെ കണ്ണുകൾ ഒരു എളിയ വിധവ​യിൽ ഉടക്കി​നി​ന്നു. “തീരെ മൂല്യം കുറഞ്ഞ രണ്ടു ചെറു​തു​ട്ടു​കൾ” ആണ്‌ ആ സ്‌ത്രീ സംഭാ​വ​ന​യാ​യി ഇട്ടത്‌.b ആ സ്‌ത്രീക്ക്‌ ഉണ്ടായി​രുന്ന അവസാ​നത്തെ ചില്ലി​ക്കാ​ശാ​യി​രു​ന്നു അത്‌. യഹോ​വ​യു​ടെ വീക്ഷണ​ഗ​തി​യെ പൂർണ​മാ​യി പ്രതി​ഫ​ലി​പ്പി​ച്ചു​കൊണ്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “ദരി​ദ്ര​യായ ഈ വിധവ മറ്റെല്ലാ​വ​രെ​ക്കാ​ളും കൂടുതൽ ഇട്ടിരി​ക്കു​ന്നു.” ആ വാക്കു​ക​ള​നു​സ​രിച്ച്‌, മറ്റുള്ളവർ കൊടുത്ത വഴിപാ​ടു​കൾ എല്ലാം ചേർത്താൽ ഉള്ളതി​നെ​ക്കാൾ അധികം ആ വിധവ ഇട്ടു.—മർക്കോസ്‌ 12:41-44; ലൂക്കോസ്‌ 21:1-4; യോഹ​ന്നാൻ 8:28.

15 അന്ന്‌ ആലയത്തിൽ വന്ന എല്ലാവ​രി​ലും​നിന്ന്‌ ഈ വിധവയെ വേർതി​രിച്ച്‌ ബൈബി​ളിൽ പരാമർശി​ച്ചി​രി​ക്കു​ന്നതു ശ്രദ്ധേ​യ​മല്ലേ? ഈ ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ, താൻ വിലമ​തി​പ്പു പ്രകട​മാ​ക്കുന്ന ഒരു ദൈവ​മാ​ണെന്നു യഹോവ നമ്മെ പഠിപ്പി​ക്കു​ന്നു. പൂർണ​മ​ന​സ്സോ​ടെ നാം നൽകു​ന്ന​തെ​ന്തും സ്വീക​രി​ക്കാൻ യഹോവ സന്തോ​ഷ​മു​ള്ള​വ​നാണ്‌, മറ്റുള്ള​വർക്കു കൊടു​ക്കാൻ കഴിയു​ന്ന​തി​നോട്‌ യഹോവ അതിനെ ഒരിക്ക​ലും താരത​മ്യം ചെയ്യു​ന്നില്ല. ഹൃദ​യോ​ഷ്‌മ​ള​മായ ഈ സത്യം നമ്മെ പഠിപ്പി​ക്കാൻ ഇതിലും മെച്ചമായ ഒരു മാർഗം വേറെ ഇല്ലായി​രു​ന്നു.

ബൈബി​ളിൽ ഉൾപ്പെ​ടു​ത്താ​ത്തത്‌

16, 17. യഹോവ തന്റെ വചനത്തിൽനിന്ന്‌ വിട്ടു​ക​ള​യാൻ തീരു​മാ​നിച്ച കാര്യ​ങ്ങ​ളിൽപ്പോ​ലും യഹോ​വ​യു​ടെ ജ്ഞാനം കാണു​ന്നത്‌ എങ്ങനെ?

16 പ്രിയ​പ്പെട്ട ഒരാൾക്ക്‌ നിങ്ങൾ ഒരു കത്ത്‌ എഴുതു​മ്പോൾ അതിൽ ഉൾപ്പെ​ടു​ത്താൻ കഴിയുന്ന കാര്യ​ങ്ങൾക്കു പരിധി​യുണ്ട്‌. അതിനാൽ എന്ത്‌ എഴുത​ണ​മെന്നു തിര​ഞ്ഞെ​ടു​ക്കാൻ നിങ്ങൾ വിവേചന ഉപയോ​ഗി​ക്കു​ന്നു. അതു​പോ​ലെ, ചില വ്യക്തി​ക​ളെ​യും സംഭവ​ങ്ങ​ളെ​യും തിര​ഞ്ഞെ​ടുത്ത്‌ യഹോവ തന്റെ വചനത്തിൽ പരാമർശി​ച്ചി​രി​ക്കു​ന്നു. എന്നാൽ ഈ വിവര​ണ​ങ്ങ​ളിൽ ബൈബിൾ എല്ലായ്‌പോ​ഴും എല്ലാ വിശദാം​ശ​ങ്ങ​ളും നൽകു​ന്നില്ല. (യോഹ​ന്നാൻ 21:25) ദൃഷ്ടാ​ന്ത​ത്തിന്‌, ദൈവ​ത്തി​ന്റെ ന്യായ​വി​ധി​യെ​ക്കു​റിച്ച്‌ ബൈബിൾ പ്രദാനം ചെയ്യുന്ന വിവരങ്ങൾ നമ്മുടെ എല്ലാ ചോദ്യ​ങ്ങൾക്കും ഉത്തരം നൽകു​ന്നി​ല്ലാ​യി​രി​ക്കാം. തന്റെ വചനത്തിൽ വിട്ടു​ക​ള​യാൻ യഹോവ തീരു​മാ​നിച്ച കാര്യങ്ങൾ പോലും യഹോ​വ​യു​ടെ ജ്ഞാനത്തെ വെളി​പ്പെ​ടു​ത്തു​ന്നു. എങ്ങനെ?

17 ബൈബിൾ എഴുത​പ്പെട്ട രീതി നമ്മുടെ ഹൃദയാ​വസ്ഥ പരി​ശോ​ധി​ക്കാൻ ഉതകുന്നു. എബ്രായർ 4:12 ഇങ്ങനെ പറയുന്നു: “ദൈവ​ത്തി​ന്റെ വാക്കുകൾ (അഥവാ, സന്ദേശം) ജീവനു​ള്ള​തും ശക്തി ചെലു​ത്തു​ന്ന​തും ഇരുവാ​യ്‌ത്ത​ല​യുള്ള ഏതു വാളി​നെ​ക്കാ​ളും മൂർച്ച​യു​ള്ള​തും ആണ്‌. ദേഹി​യെ​യും ആത്മാവി​നെ​യും വേർതി​രി​ക്കും​വി​ധം അത്‌ ഉള്ളി​ലേക്കു തുളച്ചു​ക​യ​റു​ന്നു. . . . അതിനു ഹൃദയ​ത്തി​ലെ ചിന്തക​ളെ​യും ഉദ്ദേശ്യ​ങ്ങ​ളെ​യും തിരി​ച്ച​റി​യാ​നുള്ള കഴിവു​മുണ്ട്‌.” (എബ്രായർ 4:12) ബൈബി​ളി​ലെ സന്ദേശം നമ്മുടെ യഥാർഥ ചിന്ത​യെ​യും ആന്തരങ്ങ​ളെ​യും വെളി​പ്പെ​ടു​ത്തി​ക്കൊണ്ട്‌ ആഴത്തി​ലേക്ക്‌ ഇറങ്ങി​ച്ചെ​ല്ലു​ന്നു. വിമർശന മനോ​ഭാ​വ​ത്തോ​ടെ അതു വായി​ക്കു​ന്നവർ തങ്ങളെ തൃപ്‌തി​പ്പെ​ടു​ത്താൻ മതിയായ വിവരങ്ങൾ ചില വിവര​ണ​ങ്ങ​ളിൽ ഇല്ലെന്നു കാണു​മ്പോൾ മിക്ക​പ്പോ​ഴും ഇടറി​പ്പോ​കു​ന്നു. അങ്ങനെ​യു​ള്ളവർ യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തെ​യും ജ്ഞാന​ത്തെ​യും നീതി​യെ​യും ചോദ്യം ചെയ്യു​ക​പോ​ലും ചെയ്‌തേ​ക്കാം.

18, 19. (എ) ഒരു പ്രത്യേക ബൈബിൾ വിവരണം നമുക്കു പെട്ടെന്ന്‌ ഉത്തരങ്ങൾ കണ്ടെത്താൻ കഴിയാത്ത ചോദ്യ​ങ്ങൾ ഉയർത്തി​യാൽപ്പോ​ലും നാം അസ്വസ്ഥ​രാ​കേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? (ബി) ദൈവ​വ​ചനം ഗ്രഹി​ക്കാൻ എന്താണ്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌, ഇത്‌ യഹോ​വ​യു​ടെ വലിയ ജ്ഞാനത്തി​ന്റെ തെളി​വാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

18 നേരെ മറിച്ച്‌, ആത്മാർഥ​ഹൃ​ദ​യ​ത്തോ​ടെ ശ്രദ്ധാ​പൂർവം ബൈബിൾ പഠിക്കു​മ്പോൾ മുഴു ബൈബി​ളും യഹോ​വയെ ചിത്രീ​ക​രി​ക്കു​ന്നത്‌ എങ്ങനെ​യെന്നു നാം കാണാ​നി​ട​യാ​കു​ന്നു. അതു​കൊണ്ട്‌, ചില വിവര​ണങ്ങൾ നമുക്കു പെട്ടെന്ന്‌ ഉത്തരം കണ്ടെത്താൻ കഴിയാത്ത ചില ചോദ്യ​ങ്ങൾ ഉയർത്തു​ന്നെ​ങ്കിൽ നാം അസ്വസ്ഥ​രാ​കു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌: നാം ഒരു ജിഗ്‌സോ പസിലി​ലെ (ഒരു ചിത്ര​ത്തി​ന്റെ വിവിധ ഭാഗങ്ങൾ ചേർത്തു​വെച്ച്‌ അതിന്‌ പൂർണ രൂപം നൽകുന്ന കളി) ചിത്ര​ത്തി​ന്റെ വിവിധ ഭാഗങ്ങൾ ചേർത്തു​വെ​ക്കാൻ ശ്രമി​ക്കു​ക​യാ​ണെന്നു കരുതുക. ഒരുപക്ഷേ ആദ്യം ചിത്ര​ത്തി​ന്റെ ഒരു പ്രത്യേക ഭാഗം കണ്ടെത്താൻ നമുക്കു കഴിയാ​തി​രു​ന്നേ​ക്കാം, അല്ലെങ്കിൽ ചില ഭാഗങ്ങൾ എങ്ങനെ യോജി​ക്കു​ന്നു​വെന്നു മനസ്സി​ലാ​ക്കാൻ കഴിയാ​തെ വന്നേക്കാം. എന്നിരു​ന്നാ​ലും, പൂർണ​ചി​ത്രം എങ്ങനെ​യാ​യി​രി​ക്കു​മെന്നു ഗ്രഹി​ക്കാൻ മതിയായ ഭാഗങ്ങൾ നമ്മൾ കൂട്ടി​ച്ചേർത്തി​രി​ക്കാം. സമാന​മാ​യി, നാം ബൈബിൾ പഠിക്കു​മ്പോൾ യഹോവ ഏതുതരം ദൈവ​മാ​ണെന്നു നാം അൽപ്പാൽപ്പ​മാ​യി പഠിക്കു​ന്നു, അങ്ങനെ ഒരു നിശ്ചിത ചിത്രം ഉരുത്തി​രി​യു​ന്നു. ഒരു വിവരണം ആദ്യം നമുക്കു ഗ്രഹി​ക്കാൻ കഴിയു​ന്നി​ല്ലാ​യി​രി​ക്കാം, അല്ലെങ്കിൽ അതു ദൈവ​ത്തി​ന്റെ വ്യക്തി​ത്വ​ത്തോട്‌ എങ്ങനെ യോജി​ക്കു​ന്നു എന്നു കാണാൻ കഴിയു​ന്നി​ല്ലാ​യി​രി​ക്കാം. എങ്കിലും, യഹോവ തീർച്ച​യാ​യും സ്‌നേ​ഹ​വാ​നും മുഖപ​ക്ഷ​മി​ല്ലാ​ത്ത​വ​നും നീതി​മാ​നു​മായ ദൈവ​മാ​ണെന്നു കാണാൻ നമ്മെ പ്രാപ്‌ത​രാ​ക്കുന്ന വേണ്ടതി​ല​ധി​കം വിവരങ്ങൾ നമ്മുടെ ബൈബിൾപ​ഠനം നമുക്കു പ്രദാനം ചെയ്‌തി​ട്ടുണ്ട്‌.

19 അതു​കൊണ്ട്‌, ദൈവ​വ​ചനം മനസ്സി​ലാ​ക്കു​ന്ന​തി​നു നാം ആത്മാർഥ​ഹൃ​ദ​യ​ത്തോ​ടും തുറന്ന മനസ്സോ​ടും​കൂ​ടെ അതു വായി​ക്കു​ക​യും പഠിക്കു​ക​യും ചെയ്യേ​ണ്ട​താ​യി​വ​രു​ന്നു. ഇതു യഹോ​വ​യു​ടെ വലിയ ജ്ഞാനത്തി​ന്റെ തെളി​വല്ലേ? ‘ജ്ഞാനി​കൾക്കും ബുദ്ധി​ശാ​ലി​കൾക്കും’ മാത്രം ഗ്രഹി​ക്കാൻ കഴിയുന്ന പുസ്‌ത​കങ്ങൾ എഴുതാൻ ബുദ്ധി​ശാ​ലി​ക​ളായ മനുഷ്യർക്കു സാധി​ക്കും. എന്നാൽ ശരിയായ ഹൃദയ​നില ഉള്ളവർക്കു മാത്രം ഗ്രഹി​ക്കാൻ കഴിയുന്ന ഒരു പുസ്‌തകം രചിക്കാൻ ദൈവ​ത്തി​ന്റെ ജ്ഞാനത്തി​നു മാത്രമേ കഴിയൂ.—മത്തായി 11:25.

“പ്രാ​യോ​ഗി​ക​ജ്ഞാ​നം” അടങ്ങിയ ഒരു പുസ്‌ത​കം

20. ഏറ്റവും നല്ല ജീവി​ത​രീ​തി ഏതാ​ണെന്ന്‌ നമുക്കു പറഞ്ഞു​ത​രാൻ സാധി​ക്കുന്ന ഏക വ്യക്തി യഹോവ ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, നമുക്കു സഹായ​ക​മായ എന്ത്‌ ബൈബി​ളിൽ അടങ്ങി​യി​രി​ക്കു​ന്നു?

20 യഹോവ തന്റെ വചനത്തി​ലൂ​ടെ ഏറ്റവും നല്ല ജീവി​ത​രീ​തി ഏതാ​ണെന്നു വ്യക്തമാ​ക്കു​ന്നു. നമ്മുടെ സ്രഷ്ടാവ്‌ എന്ന നിലയിൽ, യഹോ​വ​യ്‌ക്കു നമ്മെക്കാൾ മെച്ചമാ​യി നമ്മുടെ ആവശ്യങ്ങൾ അറിയാം. സ്‌നേ​ഹി​ക്ക​പ്പെ​ടാ​നും സന്തുഷ്ട​രാ​യി​രി​ക്കാ​നും ബന്ധങ്ങൾ സ്ഥാപി​ക്കാ​നു​മൊ​ക്കെ​യുള്ള അടിസ്ഥാന ആഗ്രഹങ്ങൾ എല്ലാ കാലത്തും മനുഷ്യർക്ക്‌ ഉണ്ടായി​രു​ന്നി​ട്ടുണ്ട്‌. അർഥവ​ത്തായ ജീവിതം നയിക്കു​ന്ന​തിൽ നമ്മെ സഹായി​ക്കുന്ന ‘പ്രാ​യോ​ഗി​ക​ജ്ഞാ​ന​ത്തി​ന്റെ’ സമൃദ്ധി ബൈബി​ളിൽ അടങ്ങി​യി​രി​ക്കു​ന്നു. (സുഭാ​ഷി​തങ്ങൾ 2:7, അടിക്കു​റിപ്പ്‌) ഈ പഠനസ​ഹാ​യി​യു​ടെ ഓരോ ഭാഗത്തും നമുക്ക്‌ എങ്ങനെ ബൈബി​ളി​ലെ ജ്ഞാനോ​പ​ദേശം പിൻപ​റ്റാൻ കഴിയും എന്നു കാണി​ക്കുന്ന ഒരു അധ്യാ​യ​മുണ്ട്‌. ഇപ്പോൾ നമുക്ക്‌ ഒരു ദൃഷ്ടാന്തം മാത്രം പരിചി​ന്തി​ക്കാം.

21-23. കോപ​വും നീരസ​വും വെച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ ഒഴിവാ​ക്കാൻ ഏതു ജ്ഞാനോ​പ​ദേശം നമ്മെ സഹായി​ക്കു​ന്നു?

21 മനസ്സിൽ പകയും നീരസ​വും സൂക്ഷി​ക്കു​ന്നവർ ഒടുവിൽ തങ്ങൾക്കു​തന്നെ ദ്രോഹം വരുത്തി​വെ​ക്കു​ന്ന​താ​യി നിങ്ങൾ നിരീ​ക്ഷി​ച്ചി​ട്ടു​ണ്ടോ? നീരസം ഒരു കനത്ത ചുമടാണ്‌. നാം അതിനെ ഊട്ടി​വ​ളർത്തു​മ്പോൾ അത്‌ നമ്മുടെ ചിന്തകളെ ഭരിക്കു​ക​യും നമ്മുടെ സമാധാ​നം കവർന്നെ​ടു​ക്കു​ക​യും നമ്മുടെ സന്തോഷം കെടു​ത്തി​ക്ക​ള​യു​ക​യും ചെയ്യുന്നു. കോപം വെച്ചു​പു​ലർത്തു​ന്നതു ഹൃ​ദ്രോ​ഗ​വും സ്ഥായി​യായ മറ്റു പല രോഗ​ങ്ങ​ളും ഉണ്ടാകാ​നുള്ള സാധ്യത വർധി​പ്പി​ക്കു​ന്നു. ശാസ്‌ത്രം അതു കണ്ടെത്തു​ന്ന​തി​നു ദീർഘ​നാൾ മുമ്പേ ബൈബിൾ ജ്ഞാനപൂർവം ഇങ്ങനെ പറഞ്ഞു: “കോപം കളഞ്ഞ്‌ ദേഷ്യം ഉപേക്ഷി​ക്കൂ!” (സങ്കീർത്തനം 37:8) നമുക്ക്‌ എങ്ങനെ അതിനു കഴിയും?

22 ദൈവ​വ​ചനം ഈ ജ്ഞാനോ​പ​ദേശം നൽകുന്നു: “മനുഷ്യ​ന്റെ ഉൾക്കാഴ്‌ച അവന്റെ കോപം തണുപ്പി​ക്കു​ന്നു; ദ്രോ​ഹങ്ങൾ കണ്ടി​ല്ലെന്നു വെക്കു​ന്നത്‌ അവനു സൗന്ദര്യം.” (സുഭാ​ഷി​തങ്ങൾ 19:11) ഉപരി​ത​ല​ത്തി​ന​ടി​യി​ലേക്കു നോക്കാ​നുള്ള പ്രാപ്‌തി​യാണ്‌ ഉൾക്കാഴ്‌ച, അതായത്‌, ബാഹ്യ​മായ കാഴ്‌ച​യ്‌ക്ക്‌ അതീത​മാ​യി കാണാ​നുള്ള പ്രാപ്‌തി. ഉൾക്കാഴ്‌ച തിരി​ച്ച​റി​വി​നെ ഊട്ടി​വ​ളർത്തു​ന്നു, ഒരു വ്യക്തി ഒരു പ്രത്യേക വിധത്തിൽ സംസാ​രി​ക്കു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്‌തത്‌ എന്തു​കൊ​ണ്ടെന്നു വിവേ​ചി​ച്ച​റി​യാൻ അതു നമ്മെ സഹായി​ക്കു​ന്നു. അയാളു​ടെ ശരിയായ ആന്തരങ്ങ​ളും വിചാ​ര​ങ്ങ​ളും സാഹച​ര്യ​ങ്ങ​ളും മനസ്സി​ലാ​ക്കാ​നുള്ള ശ്രമം അയാ​ളെ​ക്കു​റി​ച്ചുള്ള നിഷേ​ധാ​ത്മക ചിന്തക​ളും വിചാ​ര​ങ്ങ​ളും ദൂരീ​ക​രി​ക്കാൻ നമ്മെ സഹായി​ച്ചേ​ക്കാം.

23 ബൈബിൾ കൂടു​ത​ലാ​യി ഈ ഉപദേശം നൽകുന്നു: “സഹിക്കു​ക​യും അന്യോ​ന്യം ഉദാര​മാ​യി ക്ഷമിക്കു​ക​യും ചെയ്യുക.” (കൊ​ലോ​സ്യർ 3:13) ‘സഹിക്കുക’ എന്ന പദപ്ര​യോ​ഗം മറ്റുള്ള​വ​രോ​ടു ക്ഷമ പ്രകട​മാ​ക്കു​ക​യും പ്രകോ​പ​ന​പ​ര​മെന്നു നാം കണ്ടേക്കാ​വുന്ന സ്വഭാ​വ​ങ്ങളെ പൊറു​ക്കു​ക​യും ചെയ്യു​ന്ന​തി​നെ സൂചി​പ്പി​ക്കു​ന്നു. അത്തരം ദീർഘക്ഷമ കൊച്ചു​കൊച്ച്‌ നീരസങ്ങൾ ഊട്ടി​വ​ളർത്തു​ന്നത്‌ ഒഴിവാ​ക്കാൻ നമ്മെ സഹായി​ക്കും. ‘ക്ഷമിക്കുക’ എന്നതു നീരസം വിട്ടു​ക​ള​യുക എന്ന ആശയം നൽകുന്നു. ഈടുറ്റ അടിസ്ഥാ​നം ഉള്ളപ്പോൾ നാം മറ്റുള്ള​വ​രോ​ടു ക്ഷമിക്കാൻ നമ്മുടെ ജ്ഞാനി​യായ ദൈവം പ്രതീ​ക്ഷി​ക്കു​ന്നു. ഇത്‌ മറ്റുള്ള​വ​രു​ടെ പ്രയോ​ജ​ന​ത്തി​നു​വേണ്ടി മാത്രമല്ല, നമ്മുടെ സ്വന്തം മനസ്സി​ന്റെ​യും ഹൃദയ​ത്തി​ന്റെ​യും സമാധാ​ന​ത്തി​നും കൂടെ​യാണ്‌. (ലൂക്കോസ്‌ 17:3, 4) ദൈവ​വ​ച​ന​ത്തിൽ എത്ര വലിയ ജ്ഞാനമാ​ണു നാം കാണു​ന്നത്‌!

24. നാം നമ്മുടെ ജീവിതം ദിവ്യ​ജ്ഞാ​ന​ത്തി​നു ചേർച്ച​യിൽ കൊണ്ടു​വ​രു​മ്പോൾ എന്തു ഫലമു​ണ്ടാ​കു​ന്നു?

24 നമ്മോ​ടുള്ള അതിരറ്റ സ്‌നേ​ഹ​ത്താൽ പ്രേരി​ത​നാ​യി യഹോവ തന്റെ ഉദ്ദേശ്യ​ങ്ങൾ നമുക്കു വെളി​പ്പെ​ടു​ത്തി​ത്ത​രാൻ ആഗ്രഹി​ച്ചു. അതിനാ​യി സാധ്യ​മായ ഏറ്റവും നല്ല മാർഗം യഹോവ തിര​ഞ്ഞെ​ടു​ത്തു—പരിശു​ദ്ധാ​ത്മാ​വി​ന്റെ മാർഗ​നിർദേ​ശ​ത്തിൻ കീഴിൽ മനുഷ്യ എഴുത്തു​കാ​രാൽ എഴുത​പ്പെട്ട ഒരു “കത്ത്‌” തന്നെ. തത്‌ഫ​ല​മാ​യി അതിന്റെ താളു​ക​ളിൽ യഹോ​വ​യു​ടെ സ്വന്തം ജ്ഞാനം കാണ​പ്പെ​ടു​ന്നു. ഈ ജ്ഞാനം വളരെ “ആശ്രയ​യോ​ഗ്യം” ആണ്‌. (സങ്കീർത്തനം 93:5) നമ്മുടെ ജീവിതം അതിനു ചേർച്ച​യിൽ കൊണ്ടു​വ​രു​മ്പോ​ഴും മറ്റുള്ള​വ​രു​മാ​യി അതു പങ്കു​വെ​ക്കു​മ്പോ​ഴും നാം സ്വാഭാ​വി​ക​മാ​യി നമ്മുടെ സർവജ്ഞാ​നി​യായ ദൈവ​ത്തോട്‌ അടുത്തു ചെല്ലുന്നു. അടുത്ത അധ്യാ​യ​ത്തിൽ യഹോ​വ​യു​ടെ ദീർഘ​വീ​ക്ഷ​ണ​ത്തോ​ടു​കൂ​ടിയ ജ്ഞാനത്തി​ന്റെ മറ്റൊരു മുന്തിയ ദൃഷ്ടാന്തം—ഭാവി മുൻകൂ​ട്ടി​പ്പ​റ​യാ​നും തന്റെ ഉദ്ദേശ്യം നിവർത്തി​ക്കാ​നു​മുള്ള പ്രാപ്‌തി​യെ​ക്കു​റിച്ച്‌—നാം ചർച്ച ചെയ്യു​ന്ന​താ​യി​രി​ക്കും.

a ദൃഷ്ടാന്തത്തിന്‌, ഒരു ഇടയനാ​യി​രുന്ന ദാവീദ്‌, ഇടയജീ​വി​ത​ത്തിൽ നിന്ന്‌ അടർത്തി​യെ​ടുത്ത ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. (സങ്കീർത്തനം 23) നികു​തി​പി​രി​വു​കാ​ര​നാ​യി​രുന്ന മത്തായി നിരവധി പ്രാവ​ശ്യം സംഖ്യ​ക​ളെ​യും നാണയ​ത്തി​ന്റെ മൂല്യ​ത്തെ​യും കുറിച്ചു പരാമർശി​ക്കു​ന്നു. (മത്തായി 17:27; 26:15; 27:3) വൈദ്യ​നാ​യി​രുന്ന ലൂക്കോസ്‌ തന്റെ വൈദ്യ​ശാ​സ്‌ത്ര പശ്ചാത്തലം പ്രതി​ഫ​ലി​പ്പി​ക്കുന്ന വാക്കുകൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു.—ലൂക്കോസ്‌ 4:38; 14:2; 16:20.

b ഈ നാണയ​ങ്ങ​ളിൽ ഓരോ​ന്നും ഒരു ലെപ്‌ടോൺ, അക്കാലത്തു പ്രചാ​ര​ത്തി​ലി​രുന്ന ഏറ്റവും ചെറിയ ജൂത നാണയം, ആയിരു​ന്നു. രണ്ടു ലെപ്‌ടോൺ ഒരു ദിവസത്തെ കൂലി​യു​ടെ 1/64 ആയിരു​ന്നു. ഈ രണ്ടു നാണയങ്ങൾ ദരിദ്രർ ഭക്ഷണത്തിന്‌ ഉപയോ​ഗി​ച്ചി​രുന്ന ഏറ്റവും വിലകു​റഞ്ഞ പക്ഷിയായ ഒരു കുരു​കി​ലി​നെ​പ്പോ​ലും വാങ്ങാൻ തികയി​ല്ലാ​യി​രു​ന്നു.

ധ്യാനിക്കുന്നതിനുള്ള ചോദ്യ​ങ്ങൾ

  • സുഭാഷിതങ്ങൾ 2:1-6 ദൈവ​വ​ച​ന​ത്തിൽ കാണുന്ന ജ്ഞാനം നേടു​ന്ന​തിന്‌ ഏതു ശ്രമം ആവശ്യ​മാണ്‌?

  • സുഭാഷിതങ്ങൾ 2:10-22 ബൈബി​ളി​ലെ ജ്ഞാനോ​പ​ദേ​ശ​പ്ര​കാ​രം ജീവി​ക്കു​ന്ന​തിൽനിന്ന്‌ ഏതു വിധങ്ങ​ളിൽ നമുക്കു പ്രയോ​ജനം ലഭിക്കും?

  • റോമർ 7:15-25 ദൈവ​വ​ചനം രേഖ​പ്പെ​ടു​ത്താൻ മനുഷ്യ​രെ ഉപയോ​ഗി​ച്ച​തി​ലെ ജ്ഞാനം ഈ ഭാഗം വിശദ​മാ​ക്കു​ന്നത്‌ എങ്ങനെ?

  • 1 കൊരി​ന്ത്യർ 10:6-12 ഇസ്രാ​യേൽ ഉൾപ്പെ​ടുന്ന ബൈബി​ളി​ലെ മുന്നറി​യി​പ്പിൻ ദൃഷ്ടാ​ന്ത​ങ്ങ​ളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാൻ കഴിയും?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക