വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • cl അധ്യാ. 17 പേ. 169-178
  • ‘ഹോ, ദൈവ​ത്തി​ന്റെ ജ്ഞാനം എത്ര അപാരം!’

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ‘ഹോ, ദൈവ​ത്തി​ന്റെ ജ്ഞാനം എത്ര അപാരം!’
  • യഹോവയോട്‌ അടുത്തുചെല്ലുവിൻ
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ദിവ്യ​ജ്ഞാ​നം എന്താണ്‌?
  • ദിവ്യ​ജ്ഞാ​ന​ത്തി​ന്റെ തെളി​വു​കൾ
  • ദിവ്യ​ജ്ഞാ​നം—ഭൗമേതര മണ്ഡലത്തി​ലും
  • യഹോവ “ഒരേ ഒരു ജ്ഞാനി”
  • ‘ജ്ഞാനം പ്രാപിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ’
    2001 വീക്ഷാഗോപുരം
  • യഥാർഥജ്ഞാനം വിളിച്ചുപറയുന്നു
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2022
  • ‘ഉയരത്തിൽനി​ന്നുള്ള ജ്ഞാനം’ നിങ്ങളു​ടെ ജീവി​ത​ത്തിൽ പ്രതി​ഫ​ലി​ക്കു​ന്നു​വോ?
    യഹോവയോട്‌ അടുത്തുചെല്ലുവിൻ
  • ‘ജ്ഞാനത്തി​ന്റെ നിധികൾ’
    ‘വന്ന്‌ എന്നെ അനുഗമിക്കുക’
കൂടുതൽ കാണുക
യഹോവയോട്‌ അടുത്തുചെല്ലുവിൻ
cl അധ്യാ. 17 പേ. 169-178
ഒരു കൂട്ടം വാത്തകൾ പറക്കുന്നു.

അധ്യായം 17

‘ഹോ, ദൈവ​ത്തി​ന്റെ ജ്ഞാനം എത്ര അപാരം!’

1, 2. ഏഴാം ദിവസത്തെ സംബന്ധിച്ച യഹോ​വ​യു​ടെ ഉദ്ദേശ്യം എന്തായി​രു​ന്നു, ആ ദിവസ​ത്തി​ന്റെ തുടക്ക​ത്തിൽ ദിവ്യ​ജ്ഞാ​നം പരി​ശോ​ധി​ക്ക​പ്പെ​ട്ടത്‌ എങ്ങനെ?

എത്ര ദുഃഖ​കരം! ആറാം സൃഷ്ടി​ദി​വ​സ​ത്തി​നു മകുടം ചാർത്തിയ മനുഷ്യ​വർഗം തങ്ങളുടെ ഉത്‌കൃഷ്ട സ്ഥാനത്തു​നിന്ന്‌ നിപതി​ച്ചു. മനുഷ്യ​വർഗം ഉൾപ്പെടെ “താൻ ഉണ്ടാക്കി​യ​തെ​ല്ലാം” യഹോവ ‘വളരെ നല്ലത്‌’ എന്ന്‌ പരാമർശി​ച്ചി​രു​ന്നു. (ഉൽപത്തി 1:31) എന്നാൽ ഏഴാം ദിവസ​ത്തി​ന്റെ തുടക്ക​ത്തിൽ ആദാമും ഹവ്വയും ദൈവത്തെ ധിക്കരി​ക്കു​ന്ന​തിൽ സാത്താ​നോ​ടൊ​പ്പം ചേരാൻ തീരു​മാ​നി​ച്ചു. അവർ പാപത്തി​ന്റെ​യും അപൂർണ​ത​യു​ടെ​യും മരണത്തി​ന്റെ​യും പിടി​യി​ല​മർന്നു.

2 ഏഴാം ദിവസ​ത്തെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യം ആശയറ്റ​വി​ധം പാളി​പ്പോ​യ​താ​യി കാണ​പ്പെ​ട്ടി​രി​ക്കാം. അതിനു മുമ്പത്തെ ആറു ദിവസ​ത്തെ​പ്പോ​ലെ, ആ ദിവസ​ത്തി​നും ആയിര​ക്ക​ണ​ക്കി​നു വർഷത്തെ ദൈർഘ്യം ഉണ്ടായി​രി​ക്കു​മാ​യി​രു​ന്നു. യഹോവ അതിനെ വിശു​ദ്ധ​മാ​യി പ്രഖ്യാ​പി​ച്ചി​രു​ന്നു, ആ ദിവസ​ത്തി​ന്റെ ഒടുവിൽ മുഴു​ഭൂ​മി​യും പൂർണ​ത​യുള്ള മാനവ​കു​ടും​ബ​ത്തെ​ക്കൊ​ണ്ടു നിറഞ്ഞ ഒരു പറുദീസ ആയിത്തീ​രു​മാ​യി​രു​ന്നു. (ഉൽപത്തി 1:28; 2:3) എന്നാൽ വിപത്‌ക​ര​മായ ആ ധിക്കാ​രത്തെ തുടർന്ന്‌ അങ്ങനെ​യൊ​രു സംഗതി എങ്ങനെ നിവൃ​ത്തി​യേ​റും? ദൈവം എന്തു ചെയ്യും? യഹോ​വ​യു​ടെ ജ്ഞാനത്തി​ന്റെ ശ്രദ്ധേ​യ​മായ ഒരു പരി​ശോ​ധ​ന​യാ​യി​രു​ന്നു ഇത്‌—ഒരുപക്ഷേ ഏറ്റവും വലിയ പരി​ശോ​ധന.

3, 4. (എ) ഏദെനി​ലെ ധിക്കാ​ര​ത്തോ​ടുള്ള യഹോ​വ​യു​ടെ പ്രതി​ക​രണം യഹോ​വ​യു​ടെ ജ്ഞാനത്തി​ന്റെ ഭയാദ​ര​ജ​ന​ക​മായ ഒരു തെളി​വാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) യഹോ​വ​യു​ടെ ജ്ഞാന​ത്തെ​ക്കു​റിച്ച്‌ പഠിക്കവേ ഏതു സത്യം മനസ്സിൽ പിടി​ക്കാൻ താഴ്‌മ നമ്മെ പ്രേരി​പ്പി​ക്കണം?

3 യഹോവ സത്വരം പ്രതി​ക​രി​ച്ചു. യഹോവ ഏദെനിൽ ധിക്കാ​രി​കൾക്കു ശിക്ഷ വിധിച്ചു. അതേസ​മയം ദൈവം അത്ഭുത​ക​ര​മായ ഒന്നിന്റെ ഒരു പൂർവ​ദർശനം നൽകി: അവർ തുടക്ക​മി​ട്ടി​രുന്ന പ്രശ്‌ന​ങ്ങൾക്കു പരിഹാ​രം വരുത്താ​നുള്ള ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തി​ന്റെ​തന്നെ. (ഉൽപത്തി 3:15) യഹോ​വ​യു​ടെ ദീർഘ​വീ​ക്ഷ​ണ​ത്തോ​ടു​കൂ​ടിയ ഉദ്ദേശ്യം ഏദെൻ മുതൽ മാനുഷ ചരി​ത്ര​ത്തി​ന്റെ ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളി​ലൂ​ടെ വിദൂ​ര​ഭാ​വി​യി​ലേക്കു വ്യാപി​ക്കു​ന്നു. അത്‌ അങ്ങേയറ്റം ലളിത​മാണ്‌, മഹത്തര​മാണ്‌; ബൈബിൾ വായി​ക്കുന്ന ഒരു വ്യക്തിക്ക്‌ അതെക്കു​റിച്ച്‌ പഠിക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ തന്റെ ആയുഷ്‌കാ​ലം​തന്നെ പ്രതി​ഫ​ല​ദാ​യ​ക​മാ​യി ചെലവ​ഴി​ക്കാൻ കഴിയ​ത്ത​ക്ക​വി​ധം അത്‌ അതിഗ​ഹ​ന​വു​മാണ്‌. യഹോ​വ​യു​ടെ ഉദ്ദേശ്യം വിജയി​ക്കും എന്നതു തീർച്ച​യാണ്‌. അതു സകല ദുഷ്ടത​യ്‌ക്കും പാപത്തി​നും മരണത്തി​നും അറുതി​വ​രു​ത്തും. അതു വിശ്വസ്‌ത മനുഷ്യ​വർഗത്തെ പൂർണ​ത​യി​ലേക്കു കൊണ്ടു​വ​രും. ഇതെല്ലാം ഏഴാം ദിവസം അവസാ​നി​ക്കു​ന്ന​തി​നു മുമ്പു സംഭവി​ക്കും; എന്തൊക്കെ ഉണ്ടായാ​ലും, യഹോവ കൃത്യ​സ​മ​യ​ത്തു​തന്നെ ഭൂമി​യെ​യും മനുഷ്യ​വർഗ​ത്തെ​യും സംബന്ധിച്ച തന്റെ ഉദ്ദേശ്യം നിറ​വേ​റ്റി​യി​രി​ക്കും!

4 അത്തരം ജ്ഞാനം ഭയാദ​ര​വു​ണർത്തു​ന്നു, ഇല്ലേ? ‘ഹോ, ദൈവ​ത്തി​ന്റെ ജ്ഞാനം എത്ര അപാരം’ എന്ന്‌ എഴുതാൻ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പ്രേരി​ത​നാ​യി. (റോമർ 11:33) ഈ ദിവ്യ​ഗു​ണ​ത്തി​ന്റെ വിവിധ വശങ്ങ​ളെ​ക്കു​റിച്ച്‌ പഠിക്കവേ ഒരു സുപ്ര​ധാന സത്യം മനസ്സിൽ പിടി​ക്കാൻ താഴ്‌മ നമ്മെ പ്രേരി​പ്പി​ക്കണം—അതായത്‌ യഹോ​വ​യു​ടെ മഹത്തായ ജ്ഞാനത്തി​ന്റെ ഒരംശം മാത്രം ഗ്രഹി​ക്കാ​നേ നമുക്കു കഴിയൂ. (ഇയ്യോബ്‌ 26:14) ആദ്യം നമുക്ക്‌ ഭയാദ​ര​ജ​ന​ക​മായ ഈ ഗുണത്തി​ന്റെ നിർവ​ചനം നോക്കാം.

ദിവ്യ​ജ്ഞാ​നം എന്താണ്‌?

5, 6. അറിവും ജ്ഞാനവും തമ്മിലുള്ള ബന്ധമെന്ത്‌, യഹോ​വ​യു​ടെ അറിവ്‌ എത്ര വിപു​ല​മാണ്‌?

5 ജ്ഞാനവും അറിവും ഒന്നുത​ന്നെയല്ല. കമ്പ്യൂ​ട്ട​റു​കൾക്ക്‌ വമ്പിച്ച അളവിൽ അറിവ്‌ ശേഖരി​ച്ചു​വെ​ക്കാൻ കഴിയും, എന്നാൽ ആരെങ്കി​ലും അത്തരം യന്ത്രങ്ങളെ ജ്ഞാനമു​ള്ള​വ​യെന്നു വിളി​ക്കു​മെന്നു സങ്കൽപ്പി​ക്കാ​നാ​വില്ല. എന്നിരു​ന്നാ​ലും അറിവും ജ്ഞാനവും ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. (സുഭാ​ഷി​തങ്ങൾ 10:14) ഉദാഹ​ര​ണ​ത്തിന്‌, ഗുരു​ത​ര​മായ ഒരു ആരോ​ഗ്യ​പ്ര​ശ്‌ന​ത്തി​നുള്ള ചികിത്സ സംബന്ധിച്ച്‌ നിങ്ങൾക്കു ജ്ഞാനപൂർവ​ക​മായ ബുദ്ധി​യു​പ​ദേശം ആവശ്യ​മാ​ണെ​ങ്കിൽ വൈദ്യ​ശാ​സ്‌ത്ര​ത്തെ​ക്കു​റിച്ച്‌ യാതൊ​ന്നും അറിയി​ല്ലാത്ത ഒരാളു​മാ​യി നിങ്ങൾ ആലോചന കഴിക്കു​മോ? തീർച്ച​യാ​യു​മില്ല! അതു​കൊണ്ട്‌ യഥാർഥ ജ്ഞാനത്തിന്‌ സൂക്ഷ്‌മ​മായ അറിവ്‌ അത്യന്താ​പേ​ക്ഷി​ത​മാണ്‌.

6 യഹോ​വ​യ്‌ക്ക്‌ അതിരറ്റ അറിവി​ന്റെ ശേഖര​മുണ്ട്‌. ‘നിത്യ​ത​യു​ടെ രാജാവ്‌’ എന്ന നിലയിൽ യഹോവ മാത്ര​മാണ്‌ എന്നേക്കും ജീവി​ച്ചി​രു​ന്നി​ട്ടു​ള്ളത്‌. (1 തിമൊ​ഥെ​യൊസ്‌ 1:17) ആ അസംഖ്യം യുഗങ്ങ​ളി​ലെ​ല്ലാം യഹോ​വ​യ്‌ക്ക്‌ സകല​ത്തെ​ക്കു​റി​ച്ചും അറിവു​ണ്ടാ​യി​രു​ന്നു. ബൈബിൾ ഇങ്ങനെ പറയുന്നു: “ദൈവ​ത്തി​ന്റെ കണ്ണിനു മറഞ്ഞി​രി​ക്കുന്ന ഒരു സൃഷ്ടി​യു​മില്ല; എല്ലാം ദൈവ​ത്തി​ന്റെ കൺമു​ന്നിൽ നഗ്നമാ​യി​ക്കി​ട​ക്കു​ന്നു; ദൈവ​ത്തിന്‌ എല്ലാം വ്യക്തമാ​യി കാണാം. ആ ദൈവ​ത്തോ​ടാ​ണു നമ്മൾ കണക്കു ബോധി​പ്പി​ക്കേ​ണ്ടത്‌.” (എബ്രായർ 4:13; സുഭാ​ഷി​തങ്ങൾ 15:3) സ്രഷ്ടാവ്‌ എന്ന നിലയിൽ തന്റെ സകല സൃഷ്ടി​ക​ളെ​ക്കു​റി​ച്ചും യഹോ​വ​യ്‌ക്കു പൂർണ ഗ്രാഹ്യ​മുണ്ട്‌. ആരംഭം മുതലുള്ള സകല മാനുഷ പ്രവർത്ത​ന​ത്തെ​യും യഹോവ നിരീ​ക്ഷി​ച്ചി​രി​ക്കു​ന്നു. യഹോവ ഓരോ മനുഷ്യ ഹൃദയ​ത്തെ​യും പരി​ശോ​ധി​ക്കു​ന്നു, ഒന്നും യഹോ​വ​യു​ടെ ദൃഷ്ടി​യിൽനിന്ന്‌ മറഞ്ഞി​രി​ക്കു​ന്നില്ല. (1 ദിനവൃ​ത്താ​ന്തം 28:9) സ്വതന്ത്ര ഇച്ഛാശ​ക്തി​യോ​ടെ സൃഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന നാം ജീവി​ത​ത്തിൽ ജ്ഞാനപൂർവ​ക​മായ തീരു​മാ​നങ്ങൾ എടുക്കു​ന്നതു കാണു​മ്പോൾ യഹോവ സന്തോ​ഷി​ക്കു​ന്നു. ‘പ്രാർത്ഥന കേൾക്കു​ന്നവൻ’ എന്ന നിലയിൽ യഹോവ ഒരേ സമയത്ത്‌ അസംഖ്യം മൊഴി​കൾ ശ്രദ്ധി​ക്കു​ന്നു! (സങ്കീർത്തനം 65:2) യഹോ​വ​യു​ടെ ഓർമ​ശക്തി പൂർണ​മാണ്‌ എന്നത്‌ എടുത്തു​പ​റ​യേ​ണ്ട​തില്ല.

7, 8. യഹോവ ഗ്രാഹ്യ​വും വിവേ​ച​നാ​ശ​ക്തി​യും ജ്ഞാനവും പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ?

7 യഹോ​വ​യ്‌ക്ക്‌ അറിവ്‌ മാത്രമല്ല ഉള്ളത്‌. യഹോവ വസ്‌തു​തകൾ എങ്ങനെ പരസ്‌പരം ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു​വെന്നു കാണു​ക​യും വിശദാം​ശ​ങ്ങൾക്കു ശ്രദ്ധനൽകി​ക്കൊണ്ട്‌ സംഗതി​യു​ടെ ആകമാ​ന​ചി​ത്രം തിരി​ച്ച​റി​യു​ക​യും ചെയ്യുന്നു. യഹോവ നന്മയും തിന്മയും, പ്രധാ​ന​വും അപ്രധാ​ന​വും തമ്മിൽ വേർതി​രി​ച്ച​റി​ഞ്ഞു​കൊണ്ട്‌ വിലയി​രു​ത്തു​ക​യും വിധി​ക്കു​ക​യും ചെയ്യുന്നു. യഹോവ ബാഹ്യ​മായ കാര്യങ്ങൾ മാത്രം നോക്കാ​തെ ഹൃദയത്തെ സൂക്ഷ്‌മ​മാ​യി പരി​ശോ​ധി​ക്കു​ന്നു. (1 ശമുവേൽ 16:7) അങ്ങനെ, യഹോവ അറിവി​നെ​ക്കാൾ മികച്ച ഗുണങ്ങ​ളായ ഗ്രാഹ്യ​വും വിവേ​ച​നാ​ശ​ക്തി​യും പ്രകട​മാ​ക്കു​ന്നു. എന്നാൽ ജ്ഞാനം അതിലു​മൊ​ക്കെ ശ്രേഷ്‌ഠ​മാണ്‌.

8 അറിവി​നെ​യും വിവേ​ച​ന​യെ​യും ഗ്രാഹ്യ​ത്തെ​യും സമന്വ​യി​പ്പിച്ച്‌ പ്രവൃ​ത്തി​പ​ഥ​ത്തിൽ കൊണ്ടു​വ​രുന്ന ഗുണമാണ്‌ ജ്ഞാനം. യഥാർഥ​ത്തിൽ, “ജ്ഞാനം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മൂല ബൈബിൾപ​ദ​ങ്ങ​ളിൽ ചിലതിന്‌ “ഫലപ്ര​ദ​മായ പ്രവർത്തനം” എന്നോ “പ്രാ​യോ​ഗി​ക​ജ്ഞാ​നം” എന്നോ ഉള്ള അർഥമുണ്ട്‌. അതു​കൊണ്ട്‌ യഹോ​വ​യു​ടെ ജ്ഞാനം കേവലം സിദ്ധാ​ന്ത​പ​രമല്ല. അതു പ്രാ​യോ​ഗി​ക​മാണ്‌, വിജയ​പ്ര​ദ​മാണ്‌. തന്റെ വിപു​ല​മായ അറിവും അഗാധ​മായ ഗ്രാഹ്യ​വും ഉപയോ​ഗിച്ച്‌ യഹോവ എല്ലായ്‌പോ​ഴും സാധ്യ​മാ​കു​ന്ന​തി​ലേ​ക്കും ഏറ്റവും നല്ല തീരു​മാ​നങ്ങൾ എടുക്കു​ക​യും ഏറ്റവും നല്ല പ്രവർത്ത​ന​ഗ​തി​യാൽ അവ നടപ്പി​ലാ​ക്കു​ക​യും ചെയ്യുന്നു. അതാണ്‌ യഥാർഥ ജ്ഞാനം! “ജ്ഞാനം അതിന്റെ പ്രവൃ​ത്തി​ക​ളാൽ നീതി​യു​ള്ള​തെന്നു തെളി​യും” എന്ന യേശു​വി​ന്റെ പ്രസ്‌താ​വ​ന​യു​ടെ സത്യതയെ യഹോവ തെളി​യി​ക്കു​ന്നു. (മത്തായി 11:19) അഖിലാ​ണ്ഡ​ത്തി​ലെ​ങ്ങു​മുള്ള യഹോ​വ​യു​ടെ കരവേ​ലകൾ യഹോ​വ​യു​ടെ ജ്ഞാനത്തി​നു ശക്തമായ സാക്ഷ്യം നൽകുന്നു.

ദിവ്യ​ജ്ഞാ​ന​ത്തി​ന്റെ തെളി​വു​കൾ

9, 10. (എ) യഹോവ ഏതുതരം ജ്ഞാനം പ്രകട​മാ​ക്കു​ന്നു, യഹോവ അത്‌ എങ്ങനെ പ്രദർശി​പ്പി​ച്ചി​രി​ക്കു​ന്നു? (ബി) കോശം യഹോ​വ​യു​ടെ ജ്ഞാനത്തി​നു തെളിവ്‌ നൽകു​ന്നത്‌ എങ്ങനെ?

9 അതിമ​നോ​ഹ​ര​മായ കരകൗശല വസ്‌തു​ക്കൾ ഉണ്ടാക്കുന്ന ഒരു വ്യക്തി​യു​ടെ ചാതു​ര്യം നിങ്ങളെ അത്ഭുത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ? അതു മതിപ്പു​ള​വാ​ക്കു​ന്ന​തരം ജ്ഞാനമാണ്‌. (പുറപ്പാട്‌ 31:1-3) അത്തരം ജ്ഞാനത്തി​ന്റെ ആത്യന്തിക ഉറവ്‌ യഹോ​വ​ത​ന്നെ​യാണ്‌. ദാവീദ്‌ രാജാവ്‌ യഹോ​വ​യെ​ക്കു​റിച്ച്‌ ഇങ്ങനെ പറഞ്ഞു: “ഭയാദ​രവ്‌ തോന്നും​വി​ധം അതിശ​യ​ക​ര​മാ​യി എന്നെ ഉണ്ടാക്കി​യ​തി​നാൽ ഞാൻ അങ്ങയെ സ്‌തു​തി​ക്കു​ന്നു. അങ്ങയുടെ പ്രവൃ​ത്തി​കൾ അത്ഭുതാ​വഹം; ഇക്കാര്യം എനിക്കു നന്നായി അറിയാം.” (സങ്കീർത്തനം 139:14) തീർച്ച​യാ​യും, മനുഷ്യ​ശ​രീ​ര​ത്തെ​ക്കു​റിച്ച്‌ നാം എത്രയ​ധി​കം പഠിക്കു​ന്നു​വോ യഹോ​വ​യു​ടെ ജ്ഞാന​ത്തെ​ക്കു​റിച്ച്‌ നമുക്ക്‌ അത്രയ​ധി​കം ഭയാദ​രവ്‌ തോന്നു​ന്നു.

10 ദൃഷ്ടാ​ന്ത​ത്തിന്‌, നിങ്ങൾ ഒരൊറ്റ കോശ​മാ​യി​ട്ടാ​ണു തുടക്ക​മി​ട്ടത്‌—നിങ്ങളു​ടെ മാതാ​വിൽനി​ന്നു​ളള ഒരു അണ്ഡകോ​ശം പിതാ​വിൽനി​ന്നുള്ള ബീജ​കോ​ശ​വു​മാ​യി ചേർന്നു. പെട്ടെ​ന്നു​തന്നെ ആ കോശം വിഭജി​ക്കാൻ തുടങ്ങി. അവസാന ഉത്‌പ​ന്ന​മായ നിങ്ങൾ ഏതാണ്ട്‌ 100 ലക്ഷം കോടി കോശങ്ങൾ ചേർന്ന്‌ ഉണ്ടായി​രി​ക്കു​ന്ന​താണ്‌. അവ ചെറു​താണ്‌. ശരാശരി വലുപ്പ​മുള്ള 10,000 കോശങ്ങൾ ഒരു സൂചി​മു​ന​യിൽ ഒതുങ്ങും. എന്നിരു​ന്നാ​ലും ഓരോ​ന്നും അതിസ​ങ്കീർണ​മായ സൃഷ്ടി​യാണ്‌. കോശം ഏതു മനുഷ്യ​നിർമിത യന്ത്ര​ത്തെ​ക്കാ​ളും ഫാക്ടറി​യെ​ക്കാ​ളും സങ്കീർണ​മാണ്‌. ഒരു കോശം കോട്ട​കെട്ടി സംരക്ഷി​ച്ചി​രി​ക്കുന്ന ഒരു നഗരം പോ​ലെ​യാ​ണെന്ന്‌ ശാസ്‌ത്ര​ജ്ഞ​ന്മാർ പറയുന്നു—നിയ​ന്ത്രിത പ്രവേശന, നിർഗമന, കവാട​ങ്ങ​ളും ഗതാഗത സംവി​ധാ​ന​വും വാർത്താ​വി​നി​മയ ശൃംഖ​ല​യും വൈദ്യു​തി ഉത്‌പാ​ദന നിലയ​ങ്ങ​ളും നിർമാ​ണ​ശാ​ല​ക​ളും മാലി​ന്യ​നിർമാർജന, പുനഃ​ചം​ക്രമണ സൗകര്യ​ങ്ങ​ളും പ്രതി​രോധ സംവി​ധാ​ന​ങ്ങ​ളും മർമത്തിൽ ഒരുതരം കേന്ദ്ര​ഭ​ര​ണ​കൂ​ടം​പോ​ലു​മുള്ള ഒന്ന്‌. കൂടാതെ ഏതാനും മണിക്കൂ​റു​കൾക്കു​ള്ളിൽ ഒരു കോശ​ത്തിന്‌ അതിന്റെ ഒരു പൂർണ പകർപ്പു നിർമി​ക്കാൻ കഴിയും.

11, 12. (എ) വികാസം പ്രാപി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ഒരു ഭ്രൂണ​ത്തിൽ കോശ​വി​ഭേ​ദനം നടക്കാൻ ഇടയാ​ക്കു​ന്നത്‌ എന്ത്‌, ഇത്‌ സങ്കീർത്തനം 139:16-നോട്‌ ചേർച്ച​യി​ലാ​യി​രി​ക്കു​ന്നത്‌ എങ്ങനെ? (ബി) നമ്മളെ ‘അതിശ​യ​ക​ര​മാ​യി ഉണ്ടാക്കി​യി​രി​ക്കു​ന്നു’ എന്ന്‌ മനുഷ്യ മസ്‌തി​ഷ്‌കം ഏതു വിധങ്ങ​ളിൽ പ്രകട​മാ​ക്കു​ന്നു?

11 തീർച്ച​യാ​യും എല്ലാ കോശ​ങ്ങ​ളും ഒരു​പോ​ലെയല്ല. ഒരു ഭ്രൂണ​ത്തി​ന്റെ കോശങ്ങൾ വിഭജി​ക്കു​മ്പോൾ അവ വ്യത്യസ്‌ത ധർമങ്ങൾ നിർവ​ഹി​ക്കേണ്ട വ്യത്യ​സ്‌ത​തരം കോശങ്ങൾ ആയിത്തീ​രു​ന്നു. ചിലതു നാഡീ​കോ​ശങ്ങൾ ആയിരി​ക്കും; മറ്റു ചിലത്‌ അസ്ഥി, മാംസ​പേശി, രക്തം, അല്ലെങ്കിൽ നേത്രം എന്നിവ​യു​ടെ കോശങ്ങൾ ആയിരി​ക്കും. അങ്ങനെ​യുള്ള വിഭേ​ദ​ന​മെ​ല്ലാം കോശ​ത്തി​ലെ ജനിതക ബ്ലൂപ്രി​ന്റു​ക​ളു​ടെ “ലൈ​ബ്രറി”യിൽ—ഡിഎൻഎ-യിൽ—പ്രോ​ഗ്രാം ചെയ്‌തി​ട്ടുണ്ട്‌. രസാവ​ഹ​മാ​യി, ദൈവ​പ്ര​ചോ​ദി​ത​നാ​യി ദാവീദ്‌ യഹോ​വ​യോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ വെറു​മൊ​രു ഭ്രൂണ​മാ​യി​രു​ന്ന​പ്പോൾ അങ്ങയുടെ കണ്ണുകൾ എന്നെ കണ്ടു; അതിന്റെ ഭാഗങ്ങ​ളെ​ല്ലാം . . . അങ്ങയുടെ പുസ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രു​ന്നു.”—സങ്കീർത്തനം 139:16.

12 ചില ശരീര​ഭാ​ഗങ്ങൾ അത്യന്തം സങ്കീർണ​മാണ്‌. ദൃഷ്ടാ​ന്ത​ത്തിന്‌, മനുഷ്യ മസ്‌തി​ഷ്‌ക​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. അഖിലാ​ണ്ഡ​ത്തിൽ ഇതുവരെ കണ്ടുപി​ടി​ച്ചി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും സങ്കീർണ​മായ വസ്‌തു എന്നു ചിലർ അതിനെ വിളി​ച്ചി​രി​ക്കു​ന്നു. അതിൽ ഏതാണ്ട്‌ 10,000 കോടി നാഡീ​കോ​ശങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു—അതായത്‌, ഒരുപക്ഷേ നമ്മുടെ താരാ​പം​ക്തി​യി​ലെ നക്ഷത്ര​ങ്ങ​ളു​ടെ എണ്ണത്തോ​ളം. ആ കോശ​ങ്ങ​ളിൽ ഓരോ​ന്നും മറ്റു കോശ​ങ്ങ​ളു​മാ​യി ആയിര​ക്ക​ണ​ക്കി​നു കണക്ഷനു​ക​ളാൽ ബന്ധിക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഒരു മനുഷ്യ മസ്‌തി​ഷ്‌ക​ത്തി​നു ലോക​ത്തി​ലെ മുഴു ഗ്രന്ഥശാ​ല​ക​ളി​ലെ​യും വിവരങ്ങൾ ഉൾക്കൊ​ള്ളാൻ കഴിയു​മെ​ന്നും അതിന്റെ സംഭര​ണ​ശേഷി വാസ്‌ത​വ​ത്തിൽ അളവറ്റ​താ​യി​രി​ക്കാ​മെ​ന്നും ശാസ്‌ത്ര​ജ്ഞ​ന്മാർ പറയുന്നു. ‘അതിശ​യ​ക​ര​മാ​യി സൃഷ്ടി​ക്ക​പ്പെട്ട’ ഈ അവയവ​ത്തെ​ക്കു​റിച്ച്‌ പതിറ്റാ​ണ്ടു​ക​ളോ​ളം പഠനം നടത്തി​യാ​ലും അതിന്റെ പ്രവർത്തനം പൂർണ​മാ​യി പഠിക്കാൻ തങ്ങൾക്കു കഴിയി​ല്ലെന്നു ശാസ്‌ത്ര​ജ്ഞ​ന്മാർ സമ്മതി​ക്കു​ന്നു.

13, 14. (എ) ഉറുമ്പു​ക​ളും മറ്റു ജീവി​ക​ളും ‘സഹജജ്ഞാ​ന​മു​ള്ളവ’ ആണെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു, അത്‌ അവയുടെ സ്രഷ്ടാ​വി​നെ​ക്കു​റിച്ച്‌ നമ്മെ എന്തു പഠിപ്പി​ക്കു​ന്നു? (ബി) ചിലന്തി​വല പോ​ലെ​യുള്ള സൃഷ്ടികൾ “ജ്ഞാന​ത്തോ​ടെ” ഉണ്ടാക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എന്നു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

13 എന്നിരു​ന്നാ​ലും, മനുഷ്യർ യഹോ​വ​യു​ടെ സൃഷ്ടി​പ​ര​മായ ജ്ഞാനത്തി​നുള്ള ഒരു ദൃഷ്ടാന്തം മാത്ര​മാണ്‌. സങ്കീർത്തനം 104:24 പറയുന്നു: “യഹോവേ, അങ്ങയുടെ സൃഷ്ടികൾ എത്രയ​ധി​കം! അങ്ങ്‌ അവയെ​യെ​ല്ലാം ജ്ഞാന​ത്തോ​ടെ ഉണ്ടാക്കി. അങ്ങയുടെ സൃഷ്ടി​ക​ളാൽ ഭൂമി നിറഞ്ഞി​രി​ക്കു​ന്നു.” നമുക്കു ചുറ്റു​മുള്ള സകല സൃഷ്ടി​യി​ലും യഹോ​വ​യു​ടെ ജ്ഞാനം പ്രകട​മാണ്‌. ദൃഷ്ടാ​ന്ത​ത്തിന്‌, ഉറുമ്പ്‌ “സഹജജ്ഞാ​ന​മുള്ള” ജീവി​യാണ്‌. (സുഭാ​ഷി​തങ്ങൾ 30:24) ഉറുമ്പിൻ കോള​നി​കൾ വളരെ മികച്ച രീതി​യിൽ സംഘടി​ത​മാണ്‌. ചില ഉറുമ്പു കോള​നി​കൾ ആഫിഡു​കൾ എന്നു വിളി​ക്ക​പ്പെ​ടുന്ന പ്രാണി​കളെ വളർത്തു​മൃ​ഗ​ങ്ങളെ പോലെ പോറ്റി​വ​ളർത്തി അവയിൽനിന്ന്‌ പോഷണം സ്വീക​രി​ക്കു​ന്നു. മറ്റ്‌ ഉറുമ്പു​കൾ കർഷകരെ പോലെ കുമിൾ നട്ടുവ​ളർത്തി “വിളവ്‌” എടുക്കു​ന്നു. ശ്രദ്ധേ​യ​മായ കാര്യങ്ങൾ സഹജമാ​യി​ത്തന്നെ ചെയ്യാൻ പ്രോ​ഗ്രാം ചെയ്യ​പ്പെ​ട്ടി​ട്ടുള്ള മറ്റനേകം ജീവി​ക​ളു​മുണ്ട്‌. മനുഷ്യ​ന്റെ അതിനൂ​തന വിമാ​ന​ങ്ങൾക്കു നടത്താൻ കഴിയാത്ത വ്യോ​മാ​ഭ്യാ​സങ്ങൾ കാഴ്‌ച​വെ​ക്കാൻ ഈച്ചകൾക്കു കഴിയും. ദേശാ​ട​ന​പ്പ​ക്ഷി​ക​ളു​ടെ കാര്യ​മോ? നക്ഷത്ര​ങ്ങ​ളു​ടെ​യോ ഭൂമി​യു​ടെ കാന്തിക മണ്ഡലത്തി​ന്റെ​യോ ഒരു ആന്തരിക ഭൂപട​ത്തി​ന്റെ​ത​ന്നെ​യോ സഹായ​ത്താ​ലാണ്‌ അവ സഞ്ചരി​ക്കു​ന്നത്‌. ഈ ജീവി​ക​ളിൽ പ്രോ​ഗ്രാം ചെയ്യ​പ്പെ​ട്ടി​രി​ക്കുന്ന സങ്കീർണ പ്രവർത്ത​നങ്ങൾ പഠിക്കാ​നാ​യി ജീവശാ​സ്‌ത്രജ്ഞർ വർഷങ്ങൾ ചെലവ​ഴി​ക്കു​ന്നു. അങ്ങനെ​യെ​ങ്കിൽ അതു പ്രോ​ഗ്രാം ചെയ്‌തി​രി​ക്കുന്ന വ്യക്തി എത്ര ജ്ഞാനി​യാ​യി​രി​ക്കണം!

14 യഹോ​വ​യു​ടെ സൃഷ്ടി​പ​ര​മായ ജ്ഞാനത്തിൽനിന്ന്‌ ശാസ്‌ത്രജ്ഞർ വളരെ​യ​ധി​കം പഠിച്ചി​ട്ടുണ്ട്‌. പ്രകൃ​തി​യിൽ കാണുന്ന രൂപകൽപ്പ​ന​കളെ അനുക​രി​ക്കാൻ ശ്രമി​ക്കുന്ന ഒരു എഞ്ചിനീ​യ​റിങ്‌ ശാഖ പോലു​മുണ്ട്‌, ബയോ​മി​മെ​റ്റി​ക്‌സ്‌ എന്നാണ്‌ അത്‌ അറിയ​പ്പെ​ടു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, ഒരു ചിലന്തി​വ​ല​യു​ടെ ഭംഗി​യിൽ അത്ഭുതം​കൂ​റി നിങ്ങൾ നോക്കി​നി​ന്നി​ട്ടു​ണ്ടാ​യി​രി​ക്കാം. എന്നാൽ ഒരു എഞ്ചിനീ​യർ അതിനെ രൂപകല്പനയിലെ വിസ്‌മ​യ​മാ​യി​ട്ടാ​യി​രി​ക്കും കാണു​ന്നത്‌. ദുർബ​ല​മെന്നു തോന്നുന്ന അതിലെ ചില ഇഴകൾ ആനുപാ​തി​ക​മാ​യി നോക്കി​യാൽ ഉരുക്കി​നെ​ക്കാൾ ബലിഷ്‌ഠ​മാണ്‌, വെടി​യു​ണ്ട​യേൽക്കാത്ത വസ്‌ത്ര​ത്തി​ന്റെ ഇഴക​ളെ​ക്കാൾ ശക്തം. അവ എത്ര ശക്തമാണ്‌? മത്സ്യബ​ന്ധ​ന​ബോ​ട്ടിൽ ഉപയോ​ഗി​ക്കുന്ന വലയുടെ അത്രയും വലിപ്പ​പ്പെ​ടു​ത്തിയ ഒരു ചിലന്തി​വ​ലയെ കുറിച്ചു സങ്കൽപ്പി​ക്കുക. അത്തര​മൊ​രു വലയ്‌ക്ക്‌ പറന്നു​കൊ​ണ്ടി​രി​ക്കുന്ന ഒരു യാത്രാ​വി​മാ​നത്തെ പിടി​ച്ചു​നി​റു​ത്താൻ കഴിയും! അതെ, യഹോവ എല്ലാ വസ്‌തു​ക്ക​ളെ​യും “ജ്ഞാന​ത്തോ​ടെ” നിർമി​ച്ചി​രി​ക്കു​ന്നു.

ചിത്രങ്ങൾ: സൃഷ്ടിക്രിയകളിൽ കാണുന്ന യഹോവയുടെ ജ്ഞാനം. 1. ഒരു ചിലന്തിവല. 2. ഇലകളുടെ ശകലങ്ങളുമായി ഒരു നിരയിൽ പോകുന്ന ഉറുമ്പുകൾ. 3. ഒരു കൂട്ടം വാത്തകൾ പറക്കുന്നു.

ഭൂമിയിലെ ജീവി​കളെ ‘സഹജജ്ഞാ​ന​മു​ള്ളവ’ ആയിരി​ക്കാൻ പ്രോ​ഗ്രാം ചെയ്‌തത്‌ ആർ??

ദിവ്യ​ജ്ഞാ​നം—ഭൗമേതര മണ്ഡലത്തി​ലും

15, 16. (എ) നക്ഷത്ര​നി​ബി​ഡ​മായ ആകാശം യഹോ​വ​യു​ടെ ജ്ഞാനത്തിന്‌ എന്തു തെളിവ്‌ നൽകുന്നു? (ബി) അസംഖ്യം ദൂതന്മാ​രു​ടെ അത്യുന്നത മേധാവി എന്ന നിലയി​ലുള്ള സ്ഥാനം യഹോ​വ​യെന്ന ഭരണാ​ധി​കാ​രി​യു​ടെ ജ്ഞാനത്തെ സാക്ഷ്യ​പ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ?

15 അഖിലാ​ണ്ഡ​ത്തിൽ ഉടനീ​ള​മുള്ള യഹോ​വ​യു​ടെ കരവേ​ല​ക​ളിൽ യഹോ​വ​യു​ടെ ജ്ഞാനം പ്രകട​മാണ്‌. അഞ്ചാം അധ്യാ​യ​ത്തിൽ നമ്മൾ ചർച്ച​ചെയ്‌ത നക്ഷത്ര​നി​ബി​ഡ​മായ ആകാശം അടുക്കും ചിട്ടയു​മി​ല്ലാ​തെ ബാഹ്യാ​കാ​ശ​ത്തിൽ ചിതറി​ക്കി​ട​ക്കു​കയല്ല. “ആകാശത്തെ നിയ​ന്ത്രി​ക്കുന്ന നിയമങ്ങൾ” സംബന്ധിച്ച യഹോ​വ​യു​ടെ ജ്ഞാനത്താൽ ആകാശം മനോ​ഹ​ര​വും നിശ്ചി​ത​ഘ​ട​ന​യോ​ടു​കൂ​ടി​യ​തു​മായ ഗാലക്‌സി​ക​ളാ​യും ഗാലക്‌സി​കൾ ഗാലക്‌സി​സ​മൂ​ഹ​ങ്ങ​ളാ​യും ഗാലക്‌സി​സ​മൂ​ഹങ്ങൾ ഗാലക്‌സി​സ​മൂ​ഹ​സ​ഞ്ച​യ​ങ്ങ​ളാ​യും ക്രമീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (ഇയ്യോബ്‌ 38:33) യഹോവ ആകാശ​ഗോ​ള​ങ്ങളെ ‘സൈന്യം’ എന്നു പരാമർശി​ക്കു​ന്ന​തിൽ അതിശ​യി​ക്കാ​നില്ല! (യശയ്യ 40:26) എന്നാൽ അതി​നെ​ക്കാൾ വ്യക്തമാ​യി യഹോ​വ​യു​ടെ ജ്ഞാനം വിളി​ച്ചോ​തുന്ന മറ്റൊരു സൈന്യ​മുണ്ട്‌.

16 നാം 4-ാം അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ, കോടി​ക്ക​ണ​ക്കിന്‌ ആത്മവ്യ​ക്തി​ക​ളു​ടെ ഒരു മഹാ​സൈ​ന്യ​ത്തി​ന്റെ അത്യുന്നത മേധാവി എന്ന തന്റെ സ്ഥാനം നിമിത്തം ദൈവം “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ” എന്ന സ്ഥാന​പ്പേര്‌ വഹിക്കു​ന്നു. ഇതു യഹോ​വ​യു​ടെ ശക്തിയു​ടെ തെളി​വാണ്‌. എന്നാൽ യഹോ​വ​യു​ടെ ജ്ഞാനം ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? ഇതു പരിചി​ന്തി​ക്കുക: യഹോ​വ​യും യേശു​വും ഒരിക്ക​ലും അലസരാ​യി​രി​ക്കു​ന്നില്ല. (യോഹ​ന്നാൻ 5:17) അപ്പോൾ, അത്യു​ന്ന​തന്റെ ദൂതശു​ശ്രൂ​ഷ​ക​രും എപ്പോ​ഴും തിരക്കു​ള്ള​വ​രാ​ണെന്ന്‌ ന്യായ​മാ​യും അനുമാ​നി​ക്കാൻ കഴിയും. ദൂതന്മാർ മനുഷ്യ​രായ നമ്മെക്കാൾ ശ്രേഷ്‌ഠ​രാണ്‌, നമ്മെക്കാൾ ബുദ്ധി​യും ശക്തിയു​മു​ള്ള​വ​രാണ്‌. (എബ്രായർ 1:7; 2:7) എന്നിരു​ന്നാ​ലും, ശതകോ​ടി​ക്ക​ണ​ക്കി​നു വർഷങ്ങ​ളാ​യി യഹോവ ആ ദൂതന്മാ​രെ​യെ​ല്ലാം സംതൃ​പ്‌തി​ദാ​യ​ക​മായ വേല ചെയ്യു​ന്ന​തിൽ—‘ദൈവ​ത്തി​ന്റെ വാക്കു കേട്ടനു​സ​രി​ക്കു​ന്ന​തി​ലും’ ‘ദൈ​വേഷ്ടം ചെയ്യു​ന്ന​തി​ലും’—സന്തോ​ഷ​പൂർവം തിര​ക്കോ​ടെ മുഴു​കി​യി​രി​ക്കാൻ ഇടയാ​ക്കി​യി​രി​ക്കു​ന്നു. (സങ്കീർത്തനം 103:20, 21) ഈ ഭരണാ​ധി​പന്റെ ജ്ഞാനം എത്ര ഭയാദ​ര​ജ​ന​ക​മാണ്‌!

യഹോവ “ഒരേ ഒരു ജ്ഞാനി”

17, 18. യഹോവ “ഒരേ ഒരു ജ്ഞാനി” ആണെന്നു ബൈബിൾ പറയു​ന്നത്‌ എന്തു​കൊണ്ട്‌, യഹോ​വ​യു​ടെ ജ്ഞാനം നമ്മെ അത്ഭുത​സ്‌ത​ബ്ധ​രാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

17 അങ്ങനെ​യുള്ള തെളി​വു​ക​ളു​ടെ വീക്ഷണ​ത്തിൽ, ബൈബിൾ യഹോ​വ​യു​ടെ ജ്ഞാനത്തിന്‌ അതി​ശ്രേ​ഷ്‌ഠത കല്പിക്കുന്നതിൽ അതിശ​യി​ക്കാ​നു​ണ്ടോ? ദൃഷ്ടാ​ന്ത​ത്തിന്‌, യഹോവ “ഒരേ ഒരു ജ്ഞാനി” ആണെന്നു ബൈബിൾ പറയുന്നു. (റോമർ 16:26) കാരണം പൂർണ​മായ അർഥത്തിൽ ജ്ഞാനമു​ള്ളത്‌ യഹോ​വ​യ്‌ക്കു മാത്ര​മാണ്‌. യഥാർഥ ജ്ഞാനത്തി​ന്റെ​യെ​ല്ലാം ഉറവ്‌ യഹോ​വ​യാണ്‌. (സുഭാ​ഷി​തങ്ങൾ 2:6) യേശു യഹോ​വ​യു​ടെ സൃഷ്ടി​ക​ളിൽ ഏറ്റവും ജ്ഞാനി​യാ​യി​രു​ന്നി​ട്ടും സ്വന്തം ജ്ഞാനത്തിൽ ആശ്രയി​ക്കാ​തെ തന്റെ പിതാവ്‌ കല്പിച്ച വിധത്തിൽ സംസാ​രി​ച്ചത്‌ അതു​കൊ​ണ്ടാണ്‌.—യോഹ​ന്നാൻ 12:48-50.

18 അപ്പോ​സ്‌ത​ല​നായ പൗലോസ്‌ യഹോ​വ​യു​ടെ ജ്ഞാനത്തി​ന്റെ അതുല്യ​തയെ വെളി​പ്പെ​ടു​ത്തി​യത്‌ എങ്ങനെ​യെന്നു കാണുക: “ഹോ, ദൈവ​ത്തി​ന്റെ ധനവും ജ്ഞാനവും അറിവും എത്ര അപാരം! ദൈവ​ത്തി​ന്റെ വിധികൾ പരി​ശോ​ധി​ച്ച​റി​യുക തികച്ചും അസാധ്യം! ദൈവ​ത്തി​ന്റെ വഴികൾ ഒരിക്ക​ലും അന്വേ​ഷിച്ച്‌ കണ്ടുപി​ടി​ക്കാൻ പറ്റാത്തവ!” (റോമർ 11:33) വാക്യ​ത്തി​ന്റെ തുടക്ക​ത്തി​ലെ ഹോ, എന്ന ഉദ്‌ഘോ​ഷം ശക്തമായ വികാ​രത്തെ—ആഴമായ ഭയാദ​ര​വി​നെ—സൂചി​പ്പി​ക്കു​ന്നു. “അപാരം” എന്നതിന്‌ പൗലോസ്‌ തിര​ഞ്ഞെ​ടുത്ത ഗ്രീക്കു​പദം “അഗാധം” എന്നതിന്റെ മൂലപ​ദ​വു​മാ​യി അടുത്ത്‌ ബന്ധമു​ള്ള​താണ്‌. അതു​കൊണ്ട്‌ പൗലോ​സി​ന്റെ വാക്കുകൾ ഉജ്ജ്വല​മായ ഒരു മനോ​ചി​ത്രം ഉളവാ​ക്കു​ന്നു. യഹോ​വ​യു​ടെ ജ്ഞാന​ത്തെ​ക്കു​റിച്ച്‌ വിചി​ന്തനം ചെയ്യു​ന്നത്‌, അതിരി​ല്ലാത്ത, അടിത്ത​ട്ടി​ല്ലാത്ത ഒരു ഗർത്തത്തി​ലേക്ക്‌, നമുക്ക്‌ ഒരിക്ക​ലും ഗ്രഹി​ക്കാൻ കഴിയാ​ത്തത്ര ആഴവും പരപ്പു​മുള്ള ഒരു മേഖല​യി​ലേക്ക്‌, എത്തി​നോ​ക്കു​ന്നതു പോ​ലെ​യാണ്‌. അതിനെ കൃത്യ​മാ​യി വിവരി​ക്കാ​നോ വർണി​ക്കാ​നോ കഴിയി​ല്ലെന്നു മാത്രമല്ല, അതിന്റെ വിപുലത മനസ്സി​ലാ​ക്കാൻ പോലും നമുക്ക്‌ ഒരിക്ക​ലും സാധി​ക്കു​ക​യില്ല. (സങ്കീർത്തനം 92:5) ഈ ആശയം നമ്മിൽ താഴ്‌മ ഉളവാ​ക്കു​ന്നി​ല്ലേ?

19, 20. (എ) കഴുകൻ ദിവ്യ​ജ്ഞാ​ന​ത്തി​ന്റെ ഉചിത​മായ പ്രതീ​ക​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ഭാവി​യി​ലേക്കു നോക്കാ​നുള്ള തന്റെ പ്രാപ്‌തി യഹോവ പ്രകട​മാ​ക്കി​യി​രി​ക്കു​ന്നത്‌ എങ്ങനെ?

19 മറ്റൊ​രർഥ​ത്തി​ലും യഹോവ “ഒരേ ഒരു ജ്ഞാനി” ആണ്‌: യഹോ​വ​യ്‌ക്കു മാത്രമേ ഭാവി​യി​ലേക്ക്‌ ചൂഴ്‌ന്നു​നോ​ക്കാൻ കഴിയു​ക​യു​ള്ളൂ. ദിവ്യ​ജ്ഞാ​നത്തെ പ്രതീ​ക​പ്പെ​ടു​ത്താൻ യഹോവ ദീർഘ​ദൃ​ഷ്ടി​യുള്ള കഴുകനെ ഉപയോ​ഗി​ക്കു​ന്നു എന്ന്‌ ഓർക്കുക. ഒരു കഴുകന്‌ വെറും 5 കിലോ തൂക്കം മാത്ര​മാ​യി​രി​ക്കാം ഉള്ളത്‌, എന്നാൽ അതിന്റെ കണ്ണുകൾ പൂർണ വളർച്ച​യെ​ത്തിയ ഒരു മനുഷ്യ​ന്റേ​തി​നെ​ക്കാൾ വലുതാണ്‌. കഴുകന്റെ കാഴ്‌ച​ശക്തി അപാര​മാണ്‌, കിലോ​മീ​റ്റ​റു​കൾ ഉയരത്തിൽനി​ന്നു​പോ​ലും തീരെ ചെറിയ ഇരയെ കണ്ടെത്താൻ അതിനു കഴിയു​ന്നു! “അതിന്റെ കണ്ണുകൾ ദൂരേക്കു നോക്കു​ന്നു” എന്ന്‌ യഹോ​വ​തന്നെ ഒരിക്കൽ കഴുക​നെ​ക്കു​റിച്ച്‌ പറഞ്ഞു. (ഇയ്യോബ്‌ 39:29) സമാന​മായ ഒരു അർഥത്തിൽ, യഹോ​വ​യ്‌ക്ക്‌ “ദൂരേക്ക്‌”—ഭാവി​യി​ലേക്കു—നോക്കാൻ കഴിയും!

20 ഇതിന്റെ സത്യത​യ്‌ക്ക്‌ അടിവ​ര​യി​ടുന്ന അനേകം തെളി​വു​കൾ ബൈബി​ളിൽ ഉണ്ട്‌. നൂറു​ക​ണ​ക്കി​നു പ്രവച​നങ്ങൾ അഥവാ മുന്നമേ എഴുതി​യി​രി​ക്കുന്ന ചരിത്രം ഇതിൽ പെടുന്നു. യുദ്ധങ്ങ​ളു​ടെ പരിണ​ത​ഫ​ല​ങ്ങ​ളും ലോക​ശ​ക്തി​ക​ളു​ടെ ഉയർച്ച​യും വീഴ്‌ച​യും മാത്രമല്ല, സൈനിക മേധാ​വി​ക​ളു​ടെ പ്രത്യേക യുദ്ധത​ന്ത്ര​ങ്ങൾപോ​ലും ബൈബി​ളിൽ മുൻകൂ​ട്ടി​പ്പ​റ​യ​പ്പെട്ടു—ചില​പ്പോൾ നൂറു​ക​ണ​ക്കി​നു വർഷം മുമ്പു​തന്നെ.—യശയ്യ 44:25–45:4; ദാനി​യേൽ 8:2-8, 20-22.

21, 22. (എ) നിങ്ങൾ ജീവി​ത​ത്തിൽ നടത്തുന്ന തിര​ഞ്ഞെ​ടു​പ്പു​ക​ളെ​ല്ലാം യഹോവ മുൻകൂ​ട്ടി കണ്ടിരി​ക്കു​ന്നു എന്നു നിഗമനം ചെയ്യാൻ അടിസ്ഥാ​നം ഇല്ലാത്തത്‌ എന്തു​കൊണ്ട്‌? ദൃഷ്ടാ​ന്ത​ത്താൽ വിശദ​മാ​ക്കുക. (ബി) യഹോ​വ​യു​ടെ ജ്ഞാനം നിർവി​കാ​ര​മോ സ്‌നേ​ഹ​ര​ഹി​ത​മോ അല്ലെന്നു നമുക്ക്‌ എങ്ങനെ അറിയാം?

21 എന്നിരു​ന്നാ​ലും നിങ്ങൾ ജീവി​ത​ത്തിൽ നടത്താ​നി​രി​ക്കുന്ന തിര​ഞ്ഞെ​ടു​പ്പു​കളെ ദൈവം മുൻകൂ​ട്ടി കണ്ടിരി​ക്കു​ന്നു എന്ന്‌ ഇതിന്‌ അർഥമു​ണ്ടോ? മുൻനിർണയം എന്ന ആശയത്തിൽ വിശ്വ​സി​ക്കുന്ന ചിലർ ഉത്തരം ഉവ്വ്‌ എന്നാ​ണെന്നു ശഠിക്കു​ന്നു. എന്നിരു​ന്നാ​ലും അത്തര​മൊ​രു ആശയം യഥാർഥ​ത്തിൽ യഹോ​വ​യു​ടെ ജ്ഞാനത്തെ അവമതി​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌, കാരണം ഭാവി​യി​ലേക്കു നോക്കാ​നുള്ള തന്റെ പ്രാപ്‌തി​യെ യഹോ​വ​യ്‌ക്കു നിയ​ന്ത്രി​ക്കാ​നാ​വി​ല്ലെന്ന്‌ അത്‌ അർഥമാ​ക്കു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, നിങ്ങൾക്കു ശ്രുതി​മ​ധു​ര​മാ​യി പാടാ​നുള്ള കഴിവ്‌ ഉണ്ടെന്നി​രി​ക്കട്ടെ, അപ്പോൾ ഗത്യന്ത​ര​മി​ല്ലാ​തെ നിങ്ങൾ എപ്പോ​ഴും പാടി​ക്കൊ​ണ്ടി​രി​ക്ക​ണ​മോ? ആ ആശയം മൗഢ്യ​മാണ്‌! അതു​പോ​ലെ യഹോ​വ​യ്‌ക്ക്‌ ഭാവി മുൻകൂ​ട്ടി അറിയാ​നുള്ള പ്രാപ്‌തി​യുണ്ട്‌, എന്നാൽ എല്ലായ്‌പോ​ഴും യഹോവ അത്‌ ഉപയോ​ഗി​ക്കു​ന്നില്ല. അങ്ങനെ ചെയ്യു​ന്നത്‌ യഹോവ നമുക്ക്‌ എന്നേക്കു​മാ​യി നൽകി​യി​രി​ക്കുന്ന വില​യേ​റിയ ദാനമായ നമ്മുടെ ഇച്ഛാസ്വാ​ത​ന്ത്ര്യ​ത്തി​ന്മേ​ലുള്ള ഒരു കടന്നു​ക​യ​റ്റ​മാ​യി​രി​ക്കാം.—ആവർത്തനം 30:19, 20.

22 മുൻനിർണയം എന്ന ആശയം​തന്നെ യഹോ​വ​യു​ടെ ജ്ഞാനം നിർവി​കാ​ര​വും സ്‌നേ​ഹ​ര​ഹി​ത​വും സമാനു​ഭാ​വ​മോ സഹാനു​ഭൂ​തി​യോ ഇല്ലാത്ത​തും ആണെന്നു സൂചി​പ്പി​ക്കു​ന്നു എന്നതാണ്‌ അതിലും കഷ്ടം. എന്നാൽ ഇതു തീർച്ച​യാ​യും സത്യമല്ല. യഹോവ ‘ഹൃദയ​ത്തിൽ ജ്ഞാനി​യാ​ണെന്ന്‌’ ബൈബിൾ പഠിപ്പി​ക്കു​ന്നു. (ഇയ്യോബ്‌ 9:4, ഓശാന) യഹോ​വ​യ്‌ക്ക്‌ അക്ഷരാർഥ​ത്തിൽ ഒരു ഹൃദയം ഉണ്ടെന്നല്ല, എന്നാൽ ആ പദം ആന്തരിക വ്യക്തി​ത്വ​ത്തോ​ടുള്ള ബന്ധത്തിൽ ബൈബിൾ മിക്ക​പ്പോ​ഴും ഉപയോ​ഗി​ക്കു​ന്നു, അതിൽ സ്‌നേഹം പോലുള്ള പ്രേര​ക​ഘ​ട​ക​ങ്ങ​ളും വികാ​ര​ങ്ങ​ളും ഉൾപ്പെ​ടു​ന്നു. അതു​കൊണ്ട്‌ യഹോ​വ​യു​ടെ ജ്ഞാനം, യഹോ​വ​യു​ടെ മറ്റു ഗുണങ്ങ​ളെ​പ്പോ​ലെ, സ്‌നേ​ഹ​ത്താൽ ഭരിക്ക​പ്പെ​ടു​ന്നു.—1 യോഹ​ന്നാൻ 4:8.

23. യഹോ​വ​യു​ടെ ജ്ഞാനത്തി​ന്റെ ശ്രേഷ്‌ഠത എന്തു ചെയ്യാൻ നമ്മെ പ്രേരി​പ്പി​ക്കണം?

23 സ്വാഭാ​വി​ക​മാ​യും യഹോ​വ​യു​ടെ ജ്ഞാനം പൂർണ​മാ​യി വിശ്വാ​സ​യോ​ഗ്യ​മാണ്‌. അതു നമ്മുടെ സ്വന്തം ജ്ഞാന​ത്തെ​ക്കാൾ വളരെ ഉയർന്ന​താ​ക​യാൽ ദൈവ​വ​ചനം നമ്മെ സ്‌നേ​ഹ​പൂർവം ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു: “പൂർണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യിൽ ആശ്രയി​ക്കുക; സ്വന്തം വിവേ​ക​ത്തിൽ ആശ്രയം വെക്കരുത്‌. എന്തു ചെയ്യു​മ്പോ​ഴും ദൈവത്തെ ഓർത്തു​കൊ​ള്ളുക; അപ്പോൾ ദൈവം നിന്റെ വഴികൾ നേരെ​യാ​ക്കും.” (സുഭാ​ഷി​തങ്ങൾ 3:5, 6) സർവജ്ഞാ​നി​യായ ദൈവ​ത്തോട്‌ ഏറെ അടു​ക്കേ​ണ്ട​തിന്‌ നമുക്ക്‌ ഇപ്പോൾ യഹോ​വ​യു​ടെ ജ്ഞാനത്തി​ലേക്ക്‌ ഒന്ന്‌ എത്തി​നോ​ക്കാം.

ധ്യാനിക്കുന്നതിനുള്ള ചോദ്യ​ങ്ങൾ

  • ഇയ്യോബ്‌ 28:11-28 ദിവ്യ​ജ്ഞാ​നം എത്ര വില​യേ​റി​യ​താണ്‌, ഈ വിഷയം സംബന്ധിച്ച്‌ ധ്യാനി​ക്കു​ന്ന​തിൽനിന്ന്‌ എന്തു നല്ല ഫലം ലഭി​ച്ചേ​ക്കാം?

  • സങ്കീർത്തനം 104:1-25 യഹോ​വ​യു​ടെ ജ്ഞാനം സൃഷ്ടി​യിൽ പ്രകട​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ, അതു നിങ്ങളിൽ ഏതു വികാ​രങ്ങൾ ഉളവാ​ക്കു​ന്നു?

  • സുഭാഷിതങ്ങൾ 3:19-26 നാം യഹോ​വ​യു​ടെ ജ്ഞാന​ത്തെ​ക്കു​റിച്ച്‌ വിചി​ന്തനം ചെയ്യു​ക​യും അതു പിൻപ​റ്റു​ക​യും ചെയ്യു​ന്നെ​ങ്കിൽ, നമ്മുടെ അനുദിന ജീവി​ത​ത്തിൽ എന്തു ഫലം ഉണ്ടാ​യേ​ക്കാം?

  • ദാനിയേൽ 2:19-28 യഹോ​വയെ രഹസ്യങ്ങൾ വെളി​പ്പെ​ടു​ത്തു​ന്നവൻ എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? യഹോ​വ​യു​ടെ വചനത്തിൽ കാണുന്ന പ്രാവ​ച​നിക ജ്ഞാന​ത്തോ​ടു നാം പ്രതി​ക​രി​ക്കേ​ണ്ടത്‌ എങ്ങനെ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക