അധ്യായം 19
“പാവനരഹസ്യത്തിലെ ദൈവജ്ഞാനം”
1, 2. ഏതു ‘പാവനരഹസ്യത്തിൽ’ നമുക്കു താത്പര്യം ഉണ്ടായിരിക്കണം, എന്തുകൊണ്ട്?
രഹസ്യങ്ങൾ! അവ നമ്മിൽ കൗതുകമുണർത്തുകയും നമ്മെ ആകർഷിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ അവയെ രഹസ്യമായി സൂക്ഷിക്കുക മനുഷ്യർക്കു മിക്കപ്പോഴും പ്രയാസമാണ്. എന്നിരുന്നാലും, “കാര്യം രഹസ്യമായി സൂക്ഷിക്കുന്നതു ദൈവത്തിനു മഹത്ത്വം” എന്നു ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 25:2) അതെ, പരമാധീശ ഭരണാധികാരിയും സ്രഷ്ടാവുമായ യഹോവ ചില കാര്യങ്ങൾ, അവ വെളിപ്പെടുത്താനുള്ള തക്കസമയംവരെ, മനുഷ്യവർഗത്തിനു രഹസ്യമാക്കി വെക്കുന്നു. അത് ഉചിതമാണ്.
2 എന്നിരുന്നാലും, യഹോവ തന്റെ വചനത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന, ആകർഷകവും അമ്പരിപ്പിക്കുന്നതുമായ ഒരു രഹസ്യമുണ്ട്. അത് “ദൈവേഷ്ടത്തെക്കുറിച്ചുള്ള പാവനരഹസ്യം” എന്നു വിളിക്കപ്പെടുന്നു. (എഫെസ്യർ 1:9) അതിനെക്കുറിച്ചുള്ള പഠനം നമ്മുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്തുക മാത്രമല്ല, നമ്മെ രക്ഷയിലേക്കു നയിക്കുകയും ചെയ്യുന്നു. കൂടാതെ, യഹോവയുടെ അളവറ്റ ജ്ഞാനത്തിലേക്ക് ഒന്നെത്തിനോക്കാനുള്ള അവസരവും അതു പ്രദാനം ചെയ്യുന്നു.
ക്രമാനുഗതമായി വെളിപ്പെടുത്തുന്നു
3, 4. ഉൽപത്തി 3:15-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനം പ്രത്യാശ നൽകുന്നത് എങ്ങനെ, ഏതു മർമം അഥവാ “പാവനരഹസ്യം” അതിൽ ഉൾപ്പെട്ടിരിക്കുന്നു?
3 ആദാമും ഹവ്വയും പാപം ചെയ്തപ്പോൾ, പൂർണതയുള്ള മനുഷ്യർ പാർക്കുന്ന ഒരു ഭൗമിക പറുദീസ സ്ഥാപിക്കാനുള്ള യഹോവയുടെ ഉദ്ദേശ്യം പാളിപ്പോയതായി കാണപ്പെട്ടിരിക്കാം. എന്നാൽ യഹോവ സത്വരം പ്രശ്നം കൈകാര്യം ചെയ്തു. യഹോവ പറഞ്ഞു: “ഞാൻ നിനക്കും (സർപ്പത്തിനും) സ്ത്രീക്കും തമ്മിലും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിലും ശത്രുത ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ ഉപ്പൂറ്റി ചതയ്ക്കും.”—ഉൽപത്തി 3:15.
4 ഇവ അമ്പരപ്പിക്കുന്ന, നിഗൂഢ വചനങ്ങളായിരുന്നു. ഈ സ്ത്രീ ആരായിരുന്നു? സർപ്പം ആരായിരുന്നു? സർപ്പത്തിന്റെ തല തകർക്കുന്ന “സന്തതി” ആരായിരുന്നു? ആദാമിനും ഹവ്വയ്ക്കും ഒരു ഊഹം നടത്താനേ കഴിയുമായിരുന്നുള്ളൂ. എന്നിരുന്നാലും, ആ അവിശ്വസ്ത ജോടിയുടെ ഓരോ വിശ്വസ്ത സന്തതിക്കും ദൈവത്തിന്റെ ആ വചനങ്ങൾ പ്രത്യാശ നൽകി. നീതി വിജയിക്കുകയും യഹോവയുടെ ഉദ്ദേശ്യം സഫലമാകുകയും ചെയ്യുമായിരുന്നു. എന്നാൽ എങ്ങനെ? അത് ഒരു മർമമായിരുന്നു! ബൈബിൾ അതിനെ “പാവനരഹസ്യത്തിലെ ദൈവജ്ഞാനം, മറഞ്ഞിരിക്കുന്ന ജ്ഞാനം” എന്നു വിളിക്കുന്നു.—1 കൊരിന്ത്യർ 2:7.
5. യഹോവ തന്റെ രഹസ്യം പടിപടിയായി വെളിപ്പെടുത്തിയതിന്റെ കാരണം ദൃഷ്ടാന്തം സഹിതം വിശദമാക്കുക.
5 ‘രഹസ്യങ്ങൾ വെളിപ്പെടുത്തുന്നവൻ’ എന്ന നിലയിൽ യഹോവ ഒടുവിൽ ഈ രഹസ്യത്തിന്റെ നിവൃത്തി സംബന്ധിച്ച പ്രസക്ത വിശദാംശങ്ങൾ വെളിപ്പെടുത്തുമായിരുന്നു. (ദാനിയേൽ 2:28) എന്നാൽ ക്രമേണ, പടിപടിയായിട്ടായിരിക്കും യഹോവ അതു ചെയ്യുക. ദൃഷ്ടാന്തത്തിന്, ഒരു കൊച്ചുകുട്ടി തന്റെ പിതാവിനോട് “പപ്പാ, ഞാൻ എങ്ങനെയാണ് ഉണ്ടായത്?” എന്നു ചോദിക്കുന്നുവെന്നു കരുതുക. സ്നേഹമുള്ള ഒരു പിതാവ് ഏതു വിധത്തിലായിരിക്കും മറുപടി നൽകുക? ആ കുട്ടിക്ക് ഗ്രഹിക്കാവുന്നിടത്തോളം വിവരങ്ങളേ ജ്ഞാനിയായ ഒരു പിതാവു നൽകുകയുള്ളൂ. അവനു പ്രായമേറി വരുമ്പോൾ പിതാവ് അവനോടു കൂടുതൽ കാര്യങ്ങൾ പറയും. സമാനമായ വിധത്തിൽ, തന്റെ ഹിതത്തെയും ഉദ്ദേശ്യത്തെയും സംബന്ധിച്ച വെളിപ്പെടുത്തലുകൾ സ്വീകരിക്കാൻ തന്റെ ജനം എപ്പോൾ സജ്ജരാകും എന്ന് യഹോവയ്ക്ക് അറിയാം.—സുഭാഷിതങ്ങൾ 4:18; ദാനിയേൽ 12:4.
6. (എ) ഒരു ഉടമ്പടി അല്ലെങ്കിൽ കരാർ ഏത് ഉദ്ദേശ്യത്തിന് ഉതകുന്നു? (ബി) യഹോവ മനുഷ്യരുമായി ഉടമ്പടികളിൽ ഏർപ്പെടുന്നതു ശ്രദ്ധേയമായിരിക്കുന്നത് എന്തുകൊണ്ട്?
6 യഹോവ അത്തരം വെളിപ്പെടുത്തലുകൾ നടത്തിയത് എങ്ങനെയാണ്? വളരെയധികം കാര്യങ്ങൾ വെളിപ്പെടുത്തുന്നതിന് യഹോവ ഉടമ്പടികളുടെ അഥവാ കരാറുകളുടെ ഒരു പരമ്പരതന്നെ ഉപയോഗിച്ചു. നിങ്ങൾ എപ്പോഴെങ്കിലും ഒരു കരാറിൽ ഒപ്പിട്ടിരിക്കാൻ സാധ്യതയുണ്ട്—ഒരുപക്ഷേ ഒരു വീടു വാങ്ങുന്നതിനോടോ പണം കടം വാങ്ങുന്നതിനോടോ കടം കൊടുക്കുന്നതിനോടോ ഉള്ള ബന്ധത്തിൽ. അത്തരമൊരു കരാർ, സമ്മതിച്ച വ്യവസ്ഥകൾ പാലിക്കപ്പെടും എന്നതിന് നിയമപരമായ ഒരു ഉറപ്പു നൽകുന്നു. എന്നാൽ യഹോവയ്ക്ക് മനുഷ്യരുമായി ഔപചാരിക ഉടമ്പടികൾ അഥവാ കരാറുകൾ ചെയ്യേണ്ടതിന്റെ ആവശ്യമെന്ത്? തീർച്ചയായും, യഹോവയുടെ വചനം യഹോവയുടെ വാഗ്ദാനങ്ങളുടെ മതിയായ ഉറപ്പാണ്. എന്നിരുന്നാലും, പല സന്ദർഭങ്ങളിലും ദൈവം ദയാപൂർവം നിയമപരമായ കരാറുകൾകൊണ്ട് തന്റെ വചനത്തിനു പിൻബലം കൊടുത്തിരിക്കുന്നു. ഉരുക്കുപോലെ ഉറപ്പേറിയ ഈ ഉടമ്പടികൾ യഹോവയുടെ വാഗ്ദാനങ്ങളിൽ വിശ്വസിക്കുന്നതിന് അപൂർണ മനുഷ്യരായ നമുക്കു കുറെക്കൂടെ ഈടുറ്റ അടിസ്ഥാനം നൽകുന്നു.—എബ്രായർ 6:16-18.
അബ്രാഹാമുമായുള്ള ഉടമ്പടി
7, 8. (എ) യഹോവ അബ്രാഹാമുമായി ഏത് ഉടമ്പടി ചെയ്തു, അത് പാവനരഹസ്യത്തിന്മേൽ എന്തു വെളിച്ചം വീശി? (ബി) വാഗ്ദത്ത സന്തതിയിലേക്കുള്ള വംശാവലി യഹോവ പടിപടിയായി ഒരുക്കിയത് എങ്ങനെ?
7 പറുദീസയിൽനിന്ന് മനുഷ്യൻ പുറത്താക്കപ്പെട്ട് രണ്ടായിരത്തിൽപ്പരം വർഷത്തിനു ശേഷം യഹോവ തന്റെ വിശ്വസ്ത ദാസനായ അബ്രാഹാമിനോട് ഇങ്ങനെ പറഞ്ഞു: ‘ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെ വർധിപ്പിക്കും; നീ എന്റെ വാക്കു കേട്ടനുസരിച്ചതുകൊണ്ട് നിന്റെ സന്തതിയിലൂടെ ഭൂമിയിലെ സകല ജനതകളും അനുഗ്രഹം നേടും.’ (ഉൽപത്തി 22:17, 18) ഇത് ഒരു വാഗ്ദാനത്തിലും കവിഞ്ഞതായിരുന്നു; യഹോവ നിയമപരമായ ഒരു ഉടമ്പടിയെന്ന നിലയിൽ അതിനെ രൂപപ്പെടുത്തുകയും തന്റെ അലംഘനീയമായ ആണയാൽ അതിനു പിൻബലം കൊടുക്കുകയും ചെയ്തു. (ഉൽപത്തി 17:1, 2; എബ്രായർ 6:13-15) പരമാധികാരിയാം കർത്താവ് മനുഷ്യവർഗത്തെ അനുഗ്രഹിക്കാൻ ഒരു കരാർ ചെയ്തു എന്നത് എത്ര ശ്രദ്ധേയമാണ്!
‘നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെ വർധിപ്പിക്കും’
8 വാഗ്ദത്ത സന്തതി ഒരു മനുഷ്യനായി വരുമെന്ന് അബ്രാഹാമ്യ ഉടമ്പടി വെളിപ്പെടുത്തി, കാരണം അവൻ അബ്രാഹാമിന്റെ ഒരു സന്തതി ആയിരിക്കുമായിരുന്നു. എന്നാൽ അവൻ ആരായിരിക്കും? അബ്രാഹാമിന്റെ പുത്രനായ യിസ്ഹാക്ക് സന്തതിയുടെ ഒരു പൂർവികനായിരിക്കുമെന്ന് യഹോവ കാലക്രമത്തിൽ വെളിപ്പെടുത്തി. യിസ്ഹാക്കിന്റെ രണ്ടു പുത്രന്മാരിൽ യാക്കോബ് തിരഞ്ഞെടുക്കപ്പെട്ടു. (ഉൽപത്തി 21:12; 28:13, 14) പിന്നീട്, യാക്കോബ് തന്റെ 12 പുത്രന്മാരിൽ ഒരുവനെ സംബന്ധിച്ച് ഈ പ്രാവചനിക വാക്കുകൾ ഉച്ചരിച്ചു: “ശീലോ (“ഇത് ആർക്ക് അവകാശപ്പെട്ടതോ അവൻ,” അടിക്കുറിപ്പ്) വരുന്നതുവരെ ചെങ്കോൽ യഹൂദയിൽനിന്നും അധികാരദണ്ഡ് അവന്റെ പാദങ്ങൾക്കിടയിൽനിന്നും നീങ്ങിപ്പോകില്ല. ജനങ്ങളുടെ അനുസരണം അവനോടാകും.” (ഉൽപത്തി 49:10) അങ്ങനെ, സന്തതി യഹൂദയിൽനിന്ന് ഉത്ഭവിക്കുന്ന ഒരു രാജാവ് ആയിരിക്കുമെന്ന് വെളിപ്പെടുത്തപ്പെട്ടു!
ഇസ്രായേലുമായുള്ള ഉടമ്പടി
9, 10. (എ) യഹോവ ഇസ്രായേൽ ജനതയുമായി ഏത് ഉടമ്പടി ചെയ്തു, ആ ഉടമ്പടി ഏതു സംരക്ഷണം നൽകി? (ബി) മനുഷ്യവർഗത്തിന് ഒരു മോചനവില ആവശ്യമാണെന്ന് മോശയുടെ നിയമം പ്രകടമാക്കിയത് എങ്ങനെ?
9 ബി.സി. 1513-ൽ യഹോവ പാവനരഹസ്യത്തെ സംബന്ധിച്ച കൂടുതലായ വെളിപ്പെടുത്തലുകൾക്കു വഴിയൊരുക്കിയ ഒരു ക്രമീകരണം ചെയ്തു. അബ്രാഹാമിന്റെ സന്തതികളായ, ഇസ്രായേൽ ജനതയുമായി യഹോവ ഒരു ഉടമ്പടി ചെയ്തു. ഈ മോശൈക ഉടമ്പടി ഇപ്പോൾ പ്രാബല്യത്തിലില്ലെങ്കിലും അത് വാഗ്ദത്ത സന്തതിയെ ഉളവാക്കാനുള്ള യഹോവയുടെ ഉദ്ദേശ്യത്തിന്റെ ഒരു അവിഭാജ്യ ഘടകമായിരുന്നു. എങ്ങനെ? മൂന്നു വിധങ്ങൾ പരിചിന്തിക്കുക. ഒന്നാമതായി, മോശയുടെ നിയമം ഒരു സംരക്ഷക ചുവർപോലെയായിരുന്നു. (എഫെസ്യർ 2:14) അതിലെ നീതിനിഷ്ഠമായ നിയമങ്ങൾ ജൂതന്മാർക്കും ജനതകളിൽപ്പെട്ടവർക്കും ഇടയ്ക്ക് ഒരു മതിൽക്കെട്ടുപോലെ വർത്തിച്ചു. അങ്ങനെ മോശയുടെ നിയമം വാഗ്ദത്ത സന്തതിയുടെ വംശാവലിയെ സംരക്ഷിക്കാൻ സഹായകമായി. ഏറെയും അത്തരം സംരക്ഷണത്തിന്റെ ഫലമായി, യഹൂദാഗോത്രത്തിൽ മിശിഹ ജനിക്കുന്നതിനുള്ള ദൈവത്തിന്റെ തക്കസമയം വന്നെത്തുന്നതുവരെ ഇസ്രായേൽ ജനത സ്ഥിതിചെയ്തു.
10 രണ്ടാമതായി, മനുഷ്യവർഗത്തിന് ഒരു മോചനവില ആവശ്യമാണെന്നു മോശയുടെ നിയമം വളരെ വ്യക്തമായി പ്രകടമാക്കി. തികവുറ്റ ആ നിയമം, അതിനോടു പൂർണമായി പറ്റിനിൽക്കാൻ പാപികളായ മനുഷ്യവർഗം അപ്രാപ്തരാണെന്നു വ്യക്തമാക്കി. അങ്ങനെ അത് “വാഗ്ദാനം കിട്ടിയ സന്തതി വരുന്നതുവരെ ലംഘനങ്ങൾ വെളിപ്പെടാൻ” ഉപകരിച്ചു. (ഗലാത്യർ 3:19) മോശയുടെ നിയമം മൃഗബലികൾ മുഖേന പാപങ്ങൾക്കു താത്കാലിക പരിഹാരം നൽകി. എന്നാൽ പൗലോസ് എഴുതിയതുപോലെ, “കാളകളുടെയും കോലാടുകളുടെയും രക്തത്തിനു പാപങ്ങളെ ഇല്ലാതാക്കാനാകില്ല” എന്നതിനാൽ ആ യാഗങ്ങൾ, മോചനവിലയായി ക്രിസ്തു അർപ്പിച്ച യാഗത്തെ മുൻനിഴലാക്കുക മാത്രമേ ചെയ്തുള്ളൂ. (എബ്രായർ 10:1-4) അങ്ങനെ വിശ്വസ്തരായ ജൂതന്മാരെ സംബന്ധിച്ചിടത്തോളം ആ ഉടമ്പടി ‘ക്രിസ്തുവിലേക്കു നയിക്കുന്ന രക്ഷാകർത്താവ്’ ആയിത്തീർന്നു.—ഗലാത്യർ 3:24.
11. നിയമയുടമ്പടി ഇസ്രായേലിന് ഏതു മഹത്തായ പ്രത്യാശ നൽകി, എന്നാൽ ഒരു ജനതയെന്ന നിലയിൽ അവർ അതു നഷ്ടമാക്കിയത് എങ്ങനെ?
11 മൂന്നാമതായി, ആ ഉടമ്പടി ഇസ്രായേൽ ജനതയ്ക്ക് മഹത്തായ ഒരു പ്രത്യാശ നൽകി. ഉടമ്പടിയോടു വിശ്വസ്തരായിരുന്നാൽ അവർ “രാജ-പുരോഹിതന്മാരും വിശുദ്ധജനതയും” ആയിത്തീരുമെന്നു യഹോവ അവരോടു പറഞ്ഞു. (പുറപ്പാട് 19:5, 6) കാലാന്തരത്തിൽ ജഡിക ഇസ്രായേല്യരിൽനിന്ന് സ്വർഗീയ പുരോഹിത രാജത്വത്തിലെ ആദ്യ അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. എന്നിരുന്നാലും, ഇസ്രായേൽ ഒരു ജനതയെന്ന നിലയിൽ നിയമയുടമ്പടിയോടു മത്സരിക്കുകയും മിശിഹൈക സന്തതിയെ തള്ളിക്കളയുകയും ആ പ്രത്യാശ നഷ്ടപ്പെടുത്തുകയും ചെയ്തു. അപ്പോൾ പുരോഹിത രാജത്വത്തിലെ അംഗസംഖ്യ തികയ്ക്കുന്നത് ആരായിരിക്കും? ആ അനുഗൃഹീത ജനത വാഗ്ദത്ത സന്തതിയോടു ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ? പാവനരഹസ്യത്തിന്റെ ആ വശങ്ങൾ ദൈവത്തിന്റെ തക്കസമയത്ത് വെളിപ്പെടുമായിരുന്നു.
ദാവീദിക രാജ്യ ഉടമ്പടി
12. യഹോവ ദാവീദുമായി എന്ത് ഉടമ്പടി ചെയ്തു, അത് ദൈവത്തിന്റെ പാവനരഹസ്യത്തിലേക്ക് എന്ത് വെളിച്ചം വീശി?
12 ബി.സി. 11-ാം നൂറ്റാണ്ടിൽ മറ്റൊരു ഉടമ്പടി ചെയ്തപ്പോൾ, യഹോവ പാവനരഹസ്യത്തിന്മേൽ കൂടുതലായ വെളിച്ചം വീശി. വിശ്വസ്തനായ ദാവീദ് രാജാവിനോട് യഹോവ ഇങ്ങനെ വാഗ്ദാനം ചെയ്തു: ‘നിന്റെ കാലം കഴിഞ്ഞ് ഞാൻ നിന്റെ സന്തതിയെ എഴുന്നേൽപ്പിക്കും. അവന്റെ രാജ്യാധികാരം ഞാൻ സുസ്ഥിരമാക്കും. അവന്റെ രാജ്യാധികാരത്തിന്റെ സിംഹാസനം ഞാൻ ഒരിക്കലും ഇളകിപ്പോകാത്ത വിധം സുസ്ഥിരമായി സ്ഥാപിക്കും.’ (2 ശമുവേൽ 7:12, 13; സങ്കീർത്തനം 89:3) അങ്ങനെ, വാഗ്ദത്ത സന്തതിയുടെ വംശാവലി ദാവീദിന്റെ ഗൃഹത്തിലായി ഒതുങ്ങി. എന്നാൽ ഒരു സാധാരണ മനുഷ്യന് എന്നേക്കും ഭരിക്കാൻ കഴിയുമോ? (സങ്കീർത്തനം 89:20, 29, 34-36) അങ്ങനെയുള്ള ഒരു മാനുഷ രാജാവിന് മനുഷ്യവർഗത്തെ പാപത്തിൽനിന്നും മരണത്തിൽനിന്നും വിടുവിക്കാൻ കഴിയുമോ?
13, 14. (എ) സങ്കീർത്തനം 110 അനുസരിച്ച് യഹോവ തന്റെ അഭിഷിക്ത രാജാവിനോട് എന്തു വാഗ്ദാനം ചെയ്യുന്നു? (ബി) വരാനിരിക്കുന്ന സന്തതിയെക്കുറിച്ച് കൂടുതലായ ഏതു വെളിപ്പെടുത്തലുകൾ യഹോവയുടെ പ്രവാചകന്മാരിലൂടെ നൽകപ്പെട്ടു?
13 ദൈവപ്രചോദിതനായി ദാവീദ് എഴുതി: “യഹോവ എന്റെ കർത്താവിനോടു പറഞ്ഞു: ‘ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ എന്റെ വലതുവശത്ത് ഇരിക്കുക.’ ‘നീ എന്നെന്നും മൽക്കീസേദെക്കിനെപ്പോലുള്ള പുരോഹിതൻ!’ എന്ന് യഹോവ ആണയിട്ടിരിക്കുന്നു; ദൈവം മനസ്സു മാറ്റില്ല.” (സങ്കീർത്തനം 110:1, 4) ദാവീദിന്റെ വാക്കുകൾ വാഗ്ദത്ത സന്തതിയുടെ അഥവാ മിശിഹയുടെ കാര്യത്തിൽ നിവൃത്തിയേറി. (പ്രവൃത്തികൾ 2:34ബി-36) ഈ രാജാവ് യരുശലേമിൽനിന്നല്ല, പിന്നെയോ സ്വർഗത്തിൽ യഹോവയുടെ “വലതുവശത്ത്” നിന്നു ഭരിക്കും. അത് അവന് ഇസ്രായേൽ ദേശത്ത് മാത്രമല്ല, മുഴുഭൂമിമേലും അധികാരം കൊടുക്കും. (സങ്കീർത്തനം 2:6-8) ഇവിടെ കൂടുതലായി ചിലതു വെളിപ്പെട്ടു. മിശിഹ “മൽക്കീസേദെക്കിനെപ്പോലുള്ള പുരോഹിതൻ” ആയിരിക്കുമെന്ന് യഹോവ ആണയിട്ടിരിക്കുന്നതു ശ്രദ്ധിക്കുക. അബ്രാഹാമിന്റെ നാളിൽ ഒരു രാജ-പുരോഹിതൻ ആയി സേവിച്ച മൽക്കീസേദെക്കിനെപ്പോലെ വരാനിരിക്കുന്ന സന്തതിക്ക് രാജാവും പുരോഹിതനും ആയിരിക്കാനുള്ള നിയമനം ലഭിക്കുന്നത് ദൈവത്തിൽനിന്ന് നേരിട്ടായിരിക്കും!—ഉൽപത്തി 14:17-20.
14 വർഷങ്ങളിലുടനീളം തന്റെ പാവനരഹസ്യത്തെക്കുറിച്ച് കൂടുതലായ വെളിപ്പെടുത്തലുകൾ നടത്താൻ യഹോവ തന്റെ പ്രവാചകന്മാരെ ഉപയോഗിച്ചു. ദൃഷ്ടാന്തത്തിന്, സന്തതി ബലിമരണം വരിക്കുമെന്ന് യശയ്യ വെളിപ്പെടുത്തി. (യശയ്യ 53:3-12) മിശിഹയുടെ ജനനസ്ഥലം മീഖ മുൻകൂട്ടിപ്പറഞ്ഞു. (മീഖ 5:2) സന്തതിയുടെ പ്രത്യക്ഷതയുടെയും മരണത്തിന്റെയും കൃത്യസമയംപോലും ദാനിയേൽ പ്രവചിച്ചു.—ദാനിയേൽ 9:24-27.
പാവനരഹസ്യം വെളിപ്പെടുന്നു!
15, 16. (എ) യഹോവയുടെ പുത്രൻ ഒരു ‘സ്ത്രീയിൽനിന്ന് ജനിച്ചത്’ എങ്ങനെ? (ബി) യേശു മാനുഷ മാതാപിതാക്കളിൽനിന്ന് എന്ത് അവകാശപ്പെടുത്തി, യേശു വാഗ്ദത്ത സന്തതിയായി വന്നെത്തിയത് എപ്പോൾ?
15 സന്തതി യഥാർഥത്തിൽ പ്രത്യക്ഷപ്പെടുന്നതുവരെ ഈ പ്രവചനങ്ങൾ എങ്ങനെ നിവൃത്തിയേറും എന്നത് ഒരു മർമമായി തുടർന്നു. ഗലാത്യർ 4:4 പറയുന്നു: ‘കാലം തികഞ്ഞപ്പോൾ ദൈവം സ്വന്തം പുത്രനെ അയച്ചു. ആ പുത്രൻ സ്ത്രീയിൽനിന്ന് ജനിച്ചു.’ ബി.സി. 2-ാം ആണ്ടിൽ മറിയ എന്നു പേരുള്ള ഒരു ജൂതകന്യകയോട് ഒരു ദൂതൻ പറഞ്ഞു: “നീ ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിക്കും. നീ അവന് യേശു എന്നു പേരിടണം. അവൻ മഹാനാകും. അത്യുന്നതന്റെ മകൻ എന്നു വിളിക്കപ്പെടും. ദൈവമായ യഹോവ അവന്, പിതാവായ ദാവീദിന്റെ സിംഹാസനം കൊടുക്കും. . . . പരിശുദ്ധാത്മാവ് നിന്റെ മേൽ വരും. അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും. അക്കാരണത്താൽ, ജനിക്കാനിരിക്കുന്നവൻ വിശുദ്ധനെന്ന്, ദൈവത്തിന്റെ മകനെന്ന്, വിളിക്കപ്പെടും.”—ലൂക്കോസ് 1:31, 32, 35.
16 പിന്നീട്, യഹോവ തന്റെ പുത്രന്റെ ജീവനെ സ്വർഗത്തിൽനിന്ന് മറിയയുടെ ഗർഭപാത്രത്തിലേക്കു മാറ്റി. തന്നിമിത്തം യേശു ഒരു സ്ത്രീയിൽനിന്ന് ജനിച്ചു. മറിയ ഒരു അപൂർണ സ്ത്രീ ആയിരുന്നു. എന്നിട്ടും യേശു അവളിൽനിന്ന് അപൂർണത അവകാശപ്പെടുത്തിയില്ല, എന്തുകൊണ്ടെന്നാൽ യേശു “ദൈവപുത്രൻ” ആയിരുന്നു. എന്നാൽ അതോടൊപ്പം, ദാവീദിന്റെ പിൻഗാമികൾ എന്ന നിലയിൽ യേശുവിന്റെ മാനുഷ മാതാപിതാക്കൾ ദാവീദിന്റെ ഒരു പിന്തുടർച്ചക്കാരന്റെ സ്വാഭാവികവും നിയമപരവുമായ അവകാശങ്ങൾ യേശുവിനു കൈമാറി. (പ്രവൃത്തികൾ 13:22, 23) എ.ഡി. 29-ൽ യേശുവിന്റെ സ്നാനസമയത്ത് യഹോവ യേശുവിനെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യുകയും “ഇവൻ എന്റെ പ്രിയപുത്രൻ” എന്നു പറയുകയും ചെയ്തു. (മത്തായി 3:16, 17) അങ്ങനെ സന്തതി പ്രത്യക്ഷനായി! (ഗലാത്യർ 3:16) പാവനരഹസ്യത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താനുള്ള സമയമായിരുന്നു അത്.—2 തിമൊഥെയൊസ് 1:10.
17. ഉൽപത്തി 3:15-ന്റെ അർഥത്തിന്മേൽ വെളിച്ചം ചൊരിയപ്പെട്ടത് എങ്ങനെ?
17 യേശു തന്റെ ശുശ്രൂഷക്കാലത്ത് ഉൽപത്തി 3:15-ലെ സർപ്പത്തെ സാത്താനായും സർപ്പത്തിന്റെ സന്തതിയെ സാത്താന്റെ അനുഗാമികളായും തിരിച്ചറിയിച്ചു. (മത്തായി 23:33; യോഹന്നാൻ 8:44) പിന്നീട്, ഇവരെല്ലാം എന്നേക്കുമായി എങ്ങനെ തകർക്കപ്പെടും എന്നു വെളിപ്പെടുത്തപ്പെട്ടു. (വെളിപാട് 20:1-3, 10, 15) സ്ത്രീ, ‘മീതെയുള്ള യരുശലേം’ അല്ലെങ്കിൽ ദൈവത്തിന്റെ ഭാര്യ, അതായത് ആത്മസൃഷ്ടികൾ അടങ്ങിയ യഹോവയുടെ സംഘടനയുടെ സ്വർഗീയഭാഗം, ആണെന്നു തിരിച്ചറിയിക്കപ്പെട്ടു.a—ഗലാത്യർ 4:26; വെളിപാട് 12:1-6.
പുതിയ ഉടമ്പടി
18. ‘പുതിയ ഉടമ്പടിയുടെ’ ഉദ്ദേശ്യം എന്ത്?
18 ഒരുപക്ഷേ ഏറ്റവും ശ്രദ്ധേയമായ വെളിപ്പെടുത്തൽ ഉണ്ടായത് യേശുവിന്റെ മരണത്തിന്റെ തലേ രാത്രിയിൽ ആയിരുന്നു, തന്റെ വിശ്വസ്ത ശിഷ്യന്മാരോട് ‘പുതിയ ഉടമ്പടിയെ’ കുറിച്ച് യേശു പറഞ്ഞ സമയത്ത്. (ലൂക്കോസ് 22:20) അതിന്റെ മുൻനിഴലായ നിയമയുടമ്പടിയെപ്പോലെ ഈ പുതിയ ഉടമ്പടി ഒരു ‘രാജകീയ പുരോഹിതസംഘത്തെ’ ഉളവാക്കണമായിരുന്നു. (പുറപ്പാട് 19:6; 1 പത്രോസ് 2:9) എന്നിരുന്നാലും, ഈ ഉടമ്പടി ഒരു ജഡിക ജനതയെ അല്ല, പിന്നെയോ ഒരു ആത്മീയ ജനതയെ, ‘ദൈവത്തിന്റെ ഇസ്രായേലിനെ’ സ്ഥാപിക്കുമായിരുന്നു. അത് പൂർണമായും ക്രിസ്തുവിന്റെ വിശ്വസ്ത അഭിഷിക്ത അനുഗാമികൾ ചേർന്നു രൂപംകൊള്ളുന്നത് ആയിരിക്കുമായിരുന്നു. (ഗലാത്യർ 6:16) പുതിയ ഉടമ്പടിയിലെ ഈ കക്ഷികൾ മനുഷ്യവർഗത്തെ അനുഗ്രഹിക്കുന്നതിൽ യേശുവിനോടു കൂടെ പ്രവർത്തിക്കും!
19. (എ) ഒരു ‘രാജകീയ പുരോഹിതസംഘത്തെ’ ഉളവാക്കുന്നതിൽ പുതിയ ഉടമ്പടി വിജയിക്കുന്നത് എന്തുകൊണ്ട്? (ബി) അഭിഷിക്ത ക്രിസ്ത്യാനികൾ ഒരു “പുതിയ സൃഷ്ടി” എന്നു വിളിക്കപ്പെടുന്നത് എന്തുകൊണ്ട്, എത്രപേർ ക്രിസ്തുവിനോടുകൂടെ സ്വർഗത്തിൽ സേവിക്കും?
19 എന്നാൽ മനുഷ്യവർഗത്തെ അനുഗ്രഹിക്കാൻ ഒരു ‘രാജകീയ പുരോഹിതസംഘത്തെ’ ഉളവാക്കുന്നതിൽ പുതിയ ഉടമ്പടി വിജയിക്കുന്നത് എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ക്രിസ്തുവിന്റെ ശിഷ്യരെ പാപികളായി കുറ്റംവിധിക്കുന്നതിനു പകരം അത് ക്രിസ്തുവിന്റെ ബലി മുഖാന്തരം അവരുടെ പാപങ്ങളുടെ മോചനം സാധ്യമാക്കുന്നു. (യിരെമ്യ 31:31-34) യഹോവയുടെ മുമ്പാകെ അവർക്കു ശുദ്ധമായ ഒരു നില ലഭിക്കുമ്പോൾ യഹോവ അവരെ തന്റെ സ്വർഗീയ കുടുംബത്തിലേക്കു ദത്തെടുക്കുകയും പരിശുദ്ധാത്മാവുകൊണ്ട് അഭിഷേകം ചെയ്യുകയും ചെയ്യുന്നു. (റോമർ 8:15-17; 2 കൊരിന്ത്യർ 1:21) അങ്ങനെ അവർ ‘സ്വർഗത്തിൽ കരുതിവെച്ചിരിക്കുന്ന’ ‘ജീവനുള്ള ഒരു പ്രത്യാശയിലേക്കു പുതുജനനം’ പ്രാപിക്കുന്നു. (1 പത്രോസ് 1:3-5) അത്തരം ഒരു ഉയർന്ന പദവി മനുഷ്യരെ സംബന്ധിച്ചിടത്തോളം തികച്ചും പുതിയതാകയാൽ ആത്മജനനം പ്രാപിച്ച അഭിഷിക്ത ക്രിസ്ത്യാനികൾ ഒരു “പുതിയ സൃഷ്ടി” എന്നു വിളിക്കപ്പെടുന്നു. (2 കൊരിന്ത്യർ 5:17) കാലാന്തരത്തിൽ, വീണ്ടെടുക്കപ്പെടുന്ന മനുഷ്യവർഗത്തെ സ്വർഗത്തിൽനിന്ന് ഭരിക്കുന്നതിൽ 1,44,000 പേർ പങ്കുപറ്റുമെന്നു ബൈബിൾ വെളിപ്പെടുത്തുന്നു.—വെളിപാട് 5:9, 10; 14:1-4.
20. (എ) എ.ഡി. 36-ൽ പാവനരഹസ്യം സംബന്ധിച്ച് എന്തു വെളിപ്പെടുത്തൽ ഉണ്ടായി? (ബി) അബ്രാഹാമിനോടു വാഗ്ദാനം ചെയ്ത അനുഗ്രഹങ്ങൾ ആർ ആസ്വദിക്കും?
20 യേശുവിനോടൊപ്പം ഈ അഭിഷിക്തർ “അബ്രാഹാമിന്റെ സന്തതി” ആയിത്തീരുന്നു.b (ഗലാത്യർ 3:29) ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടവർ ജഡിക ജൂതന്മാർ ആയിരുന്നു. എ.ഡി. 36-ൽ പാവനരഹസ്യത്തിന്റെ മറ്റൊരു വശം വെളിപ്പെടുത്തപ്പെട്ടു: ജനതകളിൽപ്പെട്ടവർ അല്ലെങ്കിൽ ജൂതരല്ലാത്തവർകൂടെ സ്വർഗീയ പ്രത്യാശയിൽ പങ്കുപറ്റും. (റോമർ 9:6-8; 11:25, 26; എഫെസ്യർ 3:5, 6) അഭിഷിക്ത ക്രിസ്ത്യാനികൾ മാത്രമേ അബ്രാഹാമിനോടു വാഗ്ദാനം ചെയ്ത അനുഗ്രഹങ്ങൾ ആസ്വദിക്കുകയുള്ളോ? അല്ല, കാരണം യേശുവിന്റെ ബലി മുഴു ലോകത്തിനും പ്രയോജനം ചെയ്യുന്നു. (1 യോഹന്നാൻ 2:2) കാലക്രമത്തിൽ, എണ്ണമില്ലാത്ത ഒരു “മഹാപുരുഷാരം” സാത്താന്റെ വ്യവസ്ഥിതിയെ അതിജീവിക്കും എന്നു യഹോവ വെളിപ്പെടുത്തി. (വെളിപാട് 7:9, 14) പറുദീസയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയോടെ അനേകർ പുനരുത്ഥാനം പ്രാപിക്കും.—ലൂക്കോസ് 23:43; യോഹന്നാൻ 5:28, 29; വെളിപാട് 20:11-15; 21:3-5.
ദൈവത്തിന്റെ ജ്ഞാനവും പാവനരഹസ്യവും
21, 22. യഹോവയുടെ പാവനരഹസ്യം യഹോവയുടെ ജ്ഞാനം പ്രകടമാക്കുന്നത് ഏതു വിധങ്ങളിൽ?
21 പാവനരഹസ്യം ‘ദൈവത്തിന്റെ ബഹുമുഖജ്ഞാനത്തിന്റെ’ ഒരു മുന്തിയ പ്രകടനമാണ്. (എഫെസ്യർ 3:8-10) ഈ രഹസ്യം രൂപപ്പെടുത്തുന്നതിലും അതുപോലെ ക്രമേണ അതു വെളിപ്പെടുത്തുന്നതിലും യഹോവ എത്ര വലിയ ജ്ഞാനമാണു പ്രകടമാക്കിയത്! ജ്ഞാനപൂർവം യഹോവ മനുഷ്യരുടെ പരിമിതികൾ കണക്കിലെടുത്തു, തങ്ങളുടെ യഥാർഥ ഹൃദയാവസ്ഥ വെളിപ്പെടുത്താൻ യഹോവ അവരെ അനുവദിച്ചു.—സങ്കീർത്തനം 103:14.
22 യേശുവിനെ രാജാവായി തിരഞ്ഞെടുത്തതിലും യഹോവ കിടയറ്റ ജ്ഞാനം പ്രകടമാക്കി. യഹോവയുടെ പുത്രൻ അഖിലാണ്ഡത്തിലെ മറ്റ് ഏതൊരു സൃഷ്ടിയെക്കാളും വിശ്വാസയോഗ്യനാണ്. ജഡരക്തങ്ങളോടു കൂടിയ ഒരു മനുഷ്യനായി ജീവിച്ചതിനാൽ യേശുവിന് അനേകം യാതനകൾ അനുഭവിക്കേണ്ടിവന്നു. മനുഷ്യരുടെ പ്രശ്നങ്ങൾ യേശുവിനു പൂർണമായി ഗ്രഹിക്കാനാകും. (എബ്രായർ 5:7-9) യേശുവിന്റെ സഹഭരണാധികാരികളെ സംബന്ധിച്ചെന്ത്? നൂറ്റാണ്ടുകളിൽ ഉടനീളം എല്ലാ വർഗങ്ങളിലും ഭാഷകളിലും പശ്ചാത്തലങ്ങളിലും നിന്നുള്ള സ്ത്രീപുരുഷന്മാർ അഭിഷിക്തരുടെ നിരയിലേക്കു വന്നിരിക്കുന്നു. അവർ അനുഭവിക്കുകയും തരണം ചെയ്യുകയും ചെയ്യാത്ത പ്രശ്നങ്ങൾ ഇല്ലെന്നുതന്നെ പറയാം. (എഫെസ്യർ 4:22-24) കരുണാസമ്പന്നരായ ഈ രാജ-പുരോഹിതന്മാരുടെ ഭരണത്തിൻകീഴിൽ ജീവിക്കുന്നത് എത്ര ഉല്ലാസകരമായിരിക്കും!
23. യഹോവയുടെ പാവനരഹസ്യത്തോടുള്ള ബന്ധത്തിൽ ക്രിസ്ത്യാനികൾക്ക് എന്തു പദവിയുണ്ട്?
23 അപ്പോസ്തലനായ പൗലോസ് എഴുതി: “ഈ പാവനരഹസ്യം, കഴിഞ്ഞുപോയ വ്യവസ്ഥിതികൾക്കും തലമുറകൾക്കും മറഞ്ഞിരുന്നെങ്കിലും ഇപ്പോൾ അതു ദൈവത്തിന്റെ വിശുദ്ധർക്കു വെളിപ്പെടുത്തിക്കിട്ടിയിരിക്കുന്നു.” (കൊലോസ്യർ 1:26) അതെ, യഹോവയുടെ അഭിഷിക്തർ ഈ പാവനരഹസ്യത്തെക്കുറിച്ച് വളരെയധികം മനസ്സിലാക്കിയിരിക്കുന്നു, അങ്ങനെയുള്ള പരിജ്ഞാനം അവർ ദശലക്ഷങ്ങളുമായി പങ്കുവെക്കുകയും ചെയ്തിരിക്കുന്നു. നമുക്കെല്ലാം എത്ര വലിയ പദവിയാണുള്ളത്! യഹോവ ‘തന്റെ ഇഷ്ടത്തെക്കുറിച്ചുള്ള പാവനരഹസ്യം നമുക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു.’ (എഫെസ്യർ 1:9) മഹത്തായ ഈ രഹസ്യം മറ്റുള്ളവരുമായി പങ്കുവെച്ചുകൊണ്ട് ദൈവമായ യഹോവയുടെ അളവറ്റ ജ്ഞാനത്തിലേക്ക് ഉറ്റുനോക്കാൻ നമുക്ക് അവരെ സഹായിക്കാം!
a ‘ദൈവഭക്തിയുടെ പാവനരഹസ്യവും’ യേശുവിൽ വെളിപ്പെടുത്തപ്പെട്ടു. (1 തിമൊഥെയൊസ് 3:16) യഹോവയോടു പൂർണ നിർമലത പാലിക്കാൻ കഴിയുമോ എന്നതു വർഷങ്ങളോളം ഒരു രഹസ്യം അഥവാ മർമം ആയിരുന്നു. എന്നാൽ യേശു ആ രഹസ്യത്തിന്റെ മറനീക്കി. സാത്താൻ കൊണ്ടുവന്ന സകല പരിശോധനകളിലും യേശു നിർമലത പാലിച്ചു.—മത്തായി 4:1-11; 27:26-50.
b ഇതേ കൂട്ടത്തോട് യേശു “രാജ്യത്തിനായുള്ള ഒരു ഉടമ്പടി” ചെയ്തു. (ലൂക്കോസ് 22:29, 30) ഫലത്തിൽ, അബ്രാഹാമിന്റെ സന്തതിയുടെ ഉപഭാഗമെന്ന നിലയിൽ തന്നോടുകൂടെ സ്വർഗത്തിൽ ഭരിക്കാൻ ഈ ‘ചെറിയ ആട്ടിൻകൂട്ടവുമായി’ യേശു കരാർ ചെയ്തു.—ലൂക്കോസ് 12:32.