അപൂർവസുന്ദരമായ ഒരു ഉദ്യാനം സന്ദർശിക്കൽ
എന്റെ അമ്മ റോസാപുഷ്പങ്ങളെ സ്നേഹിച്ചിരുന്നു. അവ നട്ടുവളർത്തുകയും ചെയ്തിരുന്നു. കുട്ടിക്കാലത്ത്, ഞാൻ അമ്മയോടൊപ്പം പൂന്തോട്ടത്തിൽ മണിക്കൂറുകൾ ചെലവഴിച്ചിട്ടുണ്ട്, കള പറിച്ചും ചെടികൾ കോതി വെടിപ്പാക്കിയും അവയെ പരിപാലിച്ചുമൊക്കെ. പൂന്തോട്ടമുണ്ടാക്കൽ രസകരമാണെന്ന് അമ്മ എന്നെ പഠിപ്പിച്ചു. അതിനോടുള്ള താത്പര്യവും അമ്മ എന്റെ ഉള്ളിൽ നട്ടു. ഇന്നും അത് എന്റെ ഉള്ളിൽ വാടാതെ നിൽക്കുന്നു.
പഠനത്തിനായി ബെർക്കിലിയിലുള്ള കാലിഫോർണിയ സർവകലാശാലയുടെ കോളെജിലേക്കു പോകേണ്ടി വന്നതോടെ പൂന്തോട്ടത്തിലെ എന്റെ ദിനങ്ങൾക്കും തത്കാലം വിരാമമായി. എഞ്ചിനീയറിങ്ങിനു പഠിക്കുന്ന സമയത്ത്, ആ കോളെജ് കാമ്പസിലുണ്ടായിരുന്ന മനോഹരമായ പൂന്തോട്ടങ്ങൾ ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. വിയറ്റ്നാമിൽ യുദ്ധം കൊടുമ്പിരികൊള്ളുന്ന കാലമായിരുന്നു അത്. ആ സമയത്ത് എന്റെ ജീവിതം ഒരു വഴിത്തിരിവിന്റെ വക്കിലായിരുന്നു.
അവികസിത രാജ്യങ്ങളിൽ സ്വമേധയാ ജോലിചെയ്യാൻ താത്പര്യമുണ്ടെന്നു കാണിച്ചുകൊണ്ട് പേരു നൽകാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ, പരിശീലനത്തിനു വേണ്ടി എന്നെ വാഷിങ്ടൺ സർവകലാശാലയിലേക്ക് അയച്ചു. അവിടത്തെ കാമ്പസ് ഒരു പറുദീസയാണെന്ന് എനിക്കു തോന്നി. എവിടെ നോക്കിയാലും തടാകങ്ങളും പൂന്തോട്ടങ്ങളും പുൽത്തകിടികളും ഹിമത്തൊപ്പിയണിഞ്ഞ പർവതങ്ങളും മാത്രം. 1964-ൽ, ഞാൻ ബൊളീവിയയിലെ ലാ പാസിലേക്കു പോയി. അവിടെ, യൂണിവേഴ്സിറ്റി ഓഫ് സാൻ ആൻഡ്രേസിൽ അധ്യാപകനായി എനിക്കു ജോലി കിട്ടിയിരുന്നു. സമുദ്രനിരപ്പിലുള്ള ഒരു പ്രദേശത്തു നിന്ന് 3,500 മീറ്റർ ഉയരത്തിലുള്ള ഒരു സ്ഥലത്തേക്കാണ്—അവിടെ, വളരെ കുറച്ചു ചെടികൾ മാത്രമേ വളർന്നിരുന്നുള്ളൂ താനും—ഞാൻ പോയത്. ശരിക്കും ഒരു മാറ്റം തന്നെയായിരുന്നു അത്! പൂന്തോട്ടമുണ്ടാക്കൽ ഒരു ഓർമ മാത്രമായി മനസ്സിന്റെ ഏതോ കോണിലൊളിച്ചു.
ബൊളീവിയയിൽ എത്തി രണ്ടു വർഷത്തിനു ശേഷം, ഹവായിയിലെ വാഹിയവാ ഇന്റർമീഡിയറ്റ് സ്കൂളിൽ എനിക്ക് അധ്യാപകനായി ജോലി കിട്ടി. കടൽത്തീരത്ത് സൺസെറ്റ് പോയിന്റിലുള്ള ഒരു ചെറിയ വീട്ടിലാണ് ഞാൻ താമസിച്ചിരുന്നത്. അവിടെയായിരിക്കവെ പനകളും മറ്റ് ഉഷ്ണമേഖലാ ചെടികളുമായി ഞാൻ പ്രണയത്തിലായി. എത്തിപ്പെട്ടത് ഒരു പറുദീസയിലോ എന്നു തോന്നിപ്പോയ നാളുകൾ. എന്നെങ്കിലുമൊരിക്കൽ, മുഖ്യമായും പനകൾ കൊണ്ടു നിറഞ്ഞ ഒരു തോട്ടം നിർമിക്കണം എന്ന ആശയം മനസ്സിലുദിച്ചത് ആയിടയ്ക്കാണ്.
സാന്റിയാഗോയിലേക്കു തിരികെപ്പോയ ഞാൻ, പിന്നീടുള്ള 18 മാസങ്ങൾ യാത്രതന്നെയായിരുന്നു. സൗജന്യ യാത്രകൾ തരപ്പെടുത്തി ഞാൻ കാലിഫോർണിയയിൽ നിന്ന് അർജന്റീനയിലെ ടിയെറ ഡെൽ ഫ്യൂയേഗോയിലേക്കു സഞ്ചരിച്ചു. ഈ സമയത്താണ് ഞാൻ ബൈബിൾ വായിക്കാൻ തുടങ്ങിയത്. യാത്രയ്ക്കിടയിൽ, കൊച്ചുകൊച്ചു കാടുകളിലും തോട്ടങ്ങളിലും പാർക്കുകളിലുമെല്ലാം ഞാൻ മണിക്കൂറുകൾതന്നെ ചെലവഴിക്കുമായിരുന്നു. അപ്പോഴെല്ലാം, ബൈബിളിൽ നിന്നു വായിച്ചതിനെക്കുറിച്ചു ധ്യാനിക്കുക എന്റെ പതിവായിരുന്നു. അവസാനം, 1972-ൽ സാന്റിയാഗോയിലേക്കു മടങ്ങിയ ഞാൻ, കാലിഫോർണിയയിലെ കൊറൊനാഡോയിൽ ഒരു കണക്ക് അധ്യാപകനെന്ന നിലയിലുള്ള സുദീർഘവും സംതൃപ്തിദായകവുമായ ജീവിതവൃത്തിക്കു തുടക്കം കുറിച്ചു. വീടിന്റെ പിൻമുറ്റത്ത് ഉഷ്ണമേഖലാ ചെടികൾ കൊണ്ടൊരു പൂന്തോട്ടം ഉണ്ടാക്കുക എന്ന മോഹം ഉള്ളിന്റെയുള്ളിൽ വീണ്ടും തളിരിടാൻ തുടങ്ങി.
എന്റെ ആദ്യത്തെ പൂന്തോട്ടം
പസിഫിക് സമുദ്രത്തിന് അടുത്തുള്ള കാലിഫോർണിയയിലെ ഓഷ്യൻ ബീച്ചിൽ, 1973 മേയിൽ ഞാനൊരു ചെറിയ വീടു വാങ്ങി. അവിടെ, കുന്നിൻമുകളിലെ വിശാലമായ അങ്കണത്തോടു കൂടിയ ആ കൊച്ചുവീട്ടിൽ പൂന്തോട്ടം നിർമിക്കുന്നതിനുള്ള അഭിനിവേശവുമായി ഞാൻ കഴിഞ്ഞു. എന്റെ സങ്കൽപ്പങ്ങളിലെ അനുപമസുന്ദരമായ പൂന്തോട്ടത്തിനു വേണ്ട എല്ലാം എനിക്ക് അവിടെ ഉണ്ടായിരുന്നു.
പ്രത്യേകിച്ചൊരു പ്ലാനും പദ്ധതിയും ഇല്ലാതെയായിരുന്നു ഞാൻ പൂന്തോട്ടമുണ്ടാക്കി തുടങ്ങിയത്, ‘പൊട്ടക്കണ്ണന്റെ മാവേലേറു’ പോലെയായിരുന്നു അത്. ഏതെങ്കിലും ഒരു ചെടി ഇഷ്ടമായാൽ ഞാൻ അതു വാങ്ങി നടുമായിരുന്നു. കണ്ണിൽക്കണ്ടതെല്ലാം, എനിക്ക് ഇഷ്ടപ്പെട്ടതെല്ലാം ഞാൻ വാങ്ങി നട്ടു. എന്റെ കൺമുന്നിൽ അവ വളർന്നുവലുതായി. ഫലവൃക്ഷങ്ങൾ, പൈൻ മരങ്ങൾ, ഇലപൊഴിയും വൃക്ഷങ്ങൾ, നിത്യഹരിത സസ്യങ്ങൾ, ചെറുവൃക്ഷങ്ങൾ, കുറ്റിച്ചെടികൾ, പൂച്ചെടികൾ എന്നുവേണ്ട എല്ലാം.
ഞാൻ നട്ട ചെടികളിൽ പലതും കുട്ടിക്കാലത്തു തന്നെ എന്റെ മനസ്സിൽ സ്ഥാനം പിടിച്ചവ ആയിരുന്നു. ചെടികളുടെ പരിപാലനം രസകരമായിരുന്നു. ഉള്ളു നിറയെ ശാന്തിയും സംതൃപ്തിയും പകർന്നുതരുന്ന അത്, ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യവും വർധിപ്പിക്കുന്നു. ഞാൻ ഈ സൃഷ്ടികളുടെ അഴക്, രൂപകൽപ്പന, സങ്കീർണത, ഉദ്ദേശ്യം എന്നിവയെ കുറിച്ചു ധ്യാനിക്കുമായിരുന്നു.
ചെടികളിൽ എനിക്കു തൃപ്തി തോന്നാത്തതും എന്റെ പദ്ധതിക്കു യോജിക്കാത്തതുമായ കുറെയെണ്ണമുണ്ടായിരുന്നു. അവയെല്ലാം ഞാൻ വെട്ടിക്കളഞ്ഞു. എന്റെ പൂന്തോട്ടത്തിന് ഒരു സവിശേഷഭാവം തേടുകയായിരുന്നു ഞാൻ. കാടുപിടിച്ചു വളരുന്ന, വല്ലാതെ പടർന്നുകയറുന്ന ചെടികളെല്ലാം ഞാൻ ഒഴിവാക്കി. അവയ്ക്കു വളരെയധികം ശ്രദ്ധ ആവശ്യമായിരുന്നു, പോരാത്തതിന് പണിയും കൂടുതൽ! തന്നെയുമല്ല, എനിക്ക് അപൂർവ സസ്യങ്ങൾ വേണമെന്നുണ്ടായിരുന്നു—എല്ലായിടത്തുമുള്ളതോ പൂന്തോട്ടങ്ങളിൽ സാധാരണ കാണുന്നതോ ആയ ഇനങ്ങളല്ല. അതിന് ഒരു സവിശേഷത വേണമായിരുന്നു. അങ്ങനെയിരിക്കെ അതു സംഭവിച്ചു!
എന്റെ പനകളിൽ ആദ്യത്തേത്
1974-ൽ അടുത്തുള്ള ഒരു നേഴ്സറി സന്ദർശിച്ചപ്പോൾ നാളുകളായി ഞാൻ തിരഞ്ഞുകൊണ്ടിരുന്നതു കണ്ടെത്തി. മകുടഭാഗത്ത്, തൂവലിന്റെ ആകൃതിയിലുള്ള നീല കലർന്ന പച്ചനിറത്തിലുള്ള പനയോലകൾ കമാനാകൃതിയിൽ നിൽക്കുന്ന ഭംഗിയുള്ള ഒരു പന. ലോകത്തിലെ ഏറ്റവും മനോഹരമായ പന എന്ന് അനേകർ കരുതുന്ന ബൂട്ടിയ കാപ്പിറ്റേറ്റ ആയിരുന്നു അത്. നല്ല മധുരമുള്ള മാംസളമായ കായ്കൾ ഉണ്ടാകുന്ന ആ പനയെ ചിലപ്പോൾ ജെല്ലി പന എന്നും പറയാറുണ്ട്. തെക്കേ അമേരിക്കയാണ് അതിന്റെ ജന്മദേശം. 5 മീറ്റർ ഉയരം വെക്കുന്ന അവയെ പരിപാലിക്കാനും എളുപ്പമാണ്. അവസാനം, എന്റെ പൂന്തോട്ടം എന്തിനെ കേന്ദ്രീകരിച്ചാണ് ഉണ്ടാക്കേണ്ടത് എന്നതു സംബന്ധിച്ച് എനിക്ക് ഒരു രൂപം കിട്ടി—ലോകത്തിന്റെ എല്ലാ ഭാഗത്തും നിന്നുള്ള അപൂർവങ്ങളായ ഉഷ്ണമേഖലാ പനകളെ കേന്ദ്രീകരിച്ച്! അതേ, “സസ്യലോകത്തിലെ രാജകുമാരന്മാരെ”യാണു ഞാൻ തിരഞ്ഞെടുത്തത്.
താമസിയാതെ തന്നെ, പല നേഴ്സറികളിൽ നിന്നായി ഞാൻ അപൂർവങ്ങളോ പുതുമയുള്ളതോ ആയ പനകൾ വാങ്ങാൻ തുടങ്ങി. ഒരു നേഴ്സറിയിൽ ചെന്നപ്പോഴുണ്ട് ഒരു കോണിൽ നല്ല ഭംഗിയുള്ള ഒരു മെക്സിക്കൻ നീല വിശറി പന നിൽക്കുന്നു, എന്നെത്തന്നെ നോക്കിനിൽക്കുന്ന മട്ടിൽ. തായ്ത്തടിയുടെ തുഞ്ചത്തു നിന്ന് ഉണ്ടാകുന്ന നീല കലർന്ന പച്ചനിറത്തിലുള്ള, വടിപോലെ നിൽക്കുന്ന അതിന്റെ ഇലയ്ക്ക് വിശറിയുടെ ആകൃതിയാണ് (ഹസ്താകാരം). പൂവിലെ വിത്തുകൾ ഇളം മഞ്ഞ നിറത്തിലുള്ള സുന്ദരമായ കമാനങ്ങൾ പോലെ പുറത്തേക്കു തള്ളിനിൽക്കുന്നു. വളർച്ചയെത്തിയ ഒരു പനയ്ക്ക് 12 മീറ്ററോളം ഉയരമുണ്ടാകും.
പനകൾ എനിക്ക് ഒരു ഹരമായി മാറിക്കഴിഞ്ഞിരുന്നു. ഈ അപൂർവ സസ്യങ്ങൾ എനിക്ക് എവിടെനിന്നാണു കൂടുതൽ കിട്ടുക? അവ തേടി ഞാൻ സാന്റിയാഗോ പ്രദേശത്ത് കുറെ അലഞ്ഞെങ്കിലും കാര്യമായ ഫലമുണ്ടായില്ല. അങ്ങനെയിരിക്കെയാണ്, വിവരങ്ങളുടെ ഒരു രത്നഖനി ഞാൻ കണ്ടെത്തിയത്—ഇന്റർനാഷണൽ പാം സൊസൈറ്റിയുടെ ദക്ഷിണ കാലിഫോർണിയ ശാഖ. 81 രാജ്യങ്ങളിലായി ആയിരക്കണക്കിന് ആളുകൾ ഈ സൊസൈറ്റിയിൽ അംഗങ്ങളായുണ്ട്. മനുഷ്യന് ഇന്നു പരിചയമുള്ള ഓരോ പനയെയും സംബന്ധിച്ച് സൊസൈറ്റിയുടെ പക്കൽ ധാരാളം വിവരങ്ങളുണ്ട്. അതായത് 200-ൽ അധികം ജീനസുകളെയും 3,000-ഓളം സ്പീഷീസുകളെയും കുറിച്ചുള്ള വിവരങ്ങൾ. ദക്ഷിണ കാലിഫോർണിയ ശാഖ, അതിന്റെ അംഗങ്ങൾക്കു വേണ്ടി പ്രസിദ്ധീകരിക്കുന്ന ദ പാം ജേർണൽ, ഏറ്റവും പുതിയ വിവരങ്ങളുടെ വിലമതിക്കാനാകാത്ത ഒരു ഖനിയാണ്.
ഈ സൊസൈറ്റിയുമായി സമ്പർക്കത്തിൽ വന്നതുകൊണ്ട് എന്റെ ചെറിയ തോട്ടത്തിൽ 150-ലധികം സ്പീഷീസുകളിലുള്ള പനകൾ നട്ടുവളർത്തുന്നതിന് എനിക്കു സാധിച്ചിട്ടുണ്ട്. ചെറിയതെന്നു ഞാൻ പറഞ്ഞത് അതിന് ഏകദേശം 650 ചതുരശ്ര മീറ്റർ വിസ്തീർണം മാത്രമേ ഉള്ളൂ എന്നതിനാലാണ്. മനുഷ്യൻ ഇന്നോളം കണ്ടെത്തിയിട്ടുള്ള പനകളുടെ തീരെ ചെറിയ ഒരു അംശം മാത്രമേ എന്റെ തോട്ടത്തിലുള്ളൂ. എനിക്ക് ഏറ്റവും പ്രിയപ്പെട്ട പനകൾ ഏതെല്ലാമാണെന്നോ?
എന്റെ തോട്ടത്തിലെ ചില സുന്ദരന്മാർ
സത്യത്തിൽ, ഞാൻ നട്ടുവളർത്തിയ എല്ലാ പനകളും എനിക്ക് ഇഷ്ടമാണ്. എന്നാലും, ചില പനകൾക്കു മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതലായ സവിശേഷതകളുണ്ട്. ചില പനകളോട് എനിക്കുള്ള പ്രത്യേക പ്രിയത്തിന്റെ കാരണം ഒരുപക്ഷേ അവയുടെ അപൂർവ ഭാവമായിരിക്കാം, അല്ലെങ്കിൽ മുള്ളുകൾ തീർത്ത ആവരണമായിരിക്കാം, അതുമല്ലെങ്കിൽ നിറം, വലിപ്പം, എന്തിന്, ദക്ഷിണ കാലിഫോർണിയയിലെ മെഡിറ്ററേനിയൻ സമാന കാലാവസ്ഥയിൽ അവയെ വളർത്തുന്നതിലെ വെല്ലുവിളി പോലും ആയിരിക്കാം.
എനിക്ക് അത്യന്തം പ്രിയപ്പെട്ട പനകളിൽ ഒന്ന് ആഫ്രിക്കയുടെ കിഴക്കേ തീരത്തിനടുത്തുള്ള മഡഗാസ്കറിൽ നിന്നുള്ളതാണ്. ബിസ്മാർക്കിയ നൊബിലിസ് ആണത്. ഞാൻ അതിനെ ഇഷ്ടപ്പെടാനുള്ള കാരണം? ആ പന അപൂർവമായി മാത്രം കാണപ്പെടുന്ന ഒന്നാണെന്നു മാത്രമല്ല അതിന് അസാധാരണമായൊരു പർപ്പിൾ-നീല വർണവുമാണുള്ളത്. കൂടാതെ, അതിന്റെ ഓലകളുടെ വിന്യാസത്തിലും പ്രത്യേകതയുണ്ട്. ഓരോ ഓലയ്ക്കും ഏകദേശം 9 കിലോ ഭാരം വരും. ലോകത്തിലെ വലിപ്പം കൂടിയ പനകളിൽ ഒന്നാണിത്.
ഉത്തരേന്ത്യ, മ്യാൻമാർ, ശ്രീലങ്ക എന്നിവിടങ്ങളിലെ പർവത പ്രദേശങ്ങളിൽ വളരുന്ന ഫിഷ്ടെയ്ൽ പനയാണ് എനിക്കു പ്രിയപ്പെട്ട മറ്റൊരു ഇനം. സാന്റിയാഗോയിലെ ശൈത്യകാലം താരതമ്യേന തണുപ്പു കൂടിയതാണെങ്കിലും ഇതു നന്നായി വളരുന്നുണ്ട്. സത്യം പറഞ്ഞാൽ, ഈ പ്രദേശത്തു പനകൾ വളർത്തുന്നതിലെ വെല്ലുവിളി ഞാൻ ഇഷ്ടപ്പെടുന്നു. ഇതാണ് എന്റെ തോട്ടത്തിലെ, ബൊർണിയോയിൽ നിന്നുള്ള പനയും ഞാൻ ഇഷ്ടപ്പെടാനുള്ള കാരണം. അതിന്റെ ശാസ്ത്രനാമം അരെങ്കാ അൺഡുലാറ്റിഫോളിയ എന്നാണ്. അതിന്റെ പരന്ന ഇലകളുടെ വിളുമ്പുകൾ ഒരു പ്രത്യേക രീതിയിൽ കയറിയും ഇറങ്ങിയുമാണിരിക്കുന്നത്.
ബ്യൂറെറ്റിയോകെന്റിയ ഹാപാലയാണ് എന്റെ തോട്ടത്തിൽ ഈ അടുത്തകാലത്ത് വന്നുചേർന്ന പനകളിലൊന്ന്. ദക്ഷിണ പസിഫിക്കിലെ ഫ്രഞ്ച് അധീന പ്രദേശമായ ന്യൂ കാലിഡോണിയയാണ് അതിന്റെ സ്വദേശം. ഇതുവരെ അതു കുഴപ്പമൊന്നുമില്ലാതെ നന്നായി വളരുന്നുണ്ട്. ഹവായിയിൽ നിന്നുള്ള പ്രിച്ചാർഡിയ ഹിൽഡെബ്രാൻഡൈ അഥവാ ലോലു പനയും എനിക്കു പ്രത്യേക ഇഷ്ടമുള്ളവയിൽ പെടുന്നു. വിശറി പോലിരിക്കുന്ന അതിന്റെ ഇലകൾക്കു മഞ്ഞ കലർന്ന പച്ച നിറമാണ്. വെയിൽ ഇഷ്ടപ്പെടുന്ന അത് തീർച്ചയായും അപൂർവസുന്ദരമായ ഒരു പന തന്നെ.
കണ്ടാൽ പേടി തോന്നുന്ന ഒരു പനയുണ്ട്, മുള്ളു നാരൻ പന അഥവാ ട്രൈത്രൈനാക്സ് അകാന്താകോമാ. അതിന്റെ തായ്ത്തടിയിൽ സൂചി പോലുള്ള മുള്ളുകൾ ഉണ്ട്. “വലിയ ലോഹ്യത്തിനൊന്നും വരേണ്ട” എന്നാണ് അവ പറയുന്നത് എന്നു തോന്നിപ്പോകും.
ഈ അടുത്തകാലത്തായി ഞാൻ സൈക്കാഡുകളും നട്ടുവളർത്താൻ തുടങ്ങിയിരിക്കുന്നു. പന വർഗത്തിൽ പെട്ടവയല്ലെങ്കിലും കാഴ്ചയ്ക്ക് അവ പനപോലെ തന്നെ ആണിരിക്കുന്നത്. എന്നാൽ, പനയെ അപേക്ഷിച്ച് അവയ്ക്കു പൊക്കം വളരെ കുറവാണ്. അവയിൽ എനിക്കു പ്രിയപ്പെട്ട ഒന്നാണ് എൻസെഫാലാർട്ടോസ് ഗ്രാറ്റസ്. അതിന്റെ ഓല കണ്ടാൽ വായുവിലേക്ക് കുതിച്ചുയരാൻ വെമ്പിനിൽക്കുകയാണെന്നു തോന്നും. ഈ പ്രത്യേകത ആരുടെയും ശ്രദ്ധ ആകർഷിക്കും. വിത്തുറകൾ അഥവാ രേണുശങ്കുക്കൾ (cones) മരത്തിന്റെ വശങ്ങളിലാണു കാണപ്പെടുന്നത്. അസാധാരണ വലിപ്പമുള്ള അവ കാഴ്ചയ്ക്ക് കൈതച്ചക്ക പോലെ അല്ലെങ്കിൽ പൈൻമരത്തിന്റെ കായ് പോലെയാണ്.
എന്റെ പനകൾ ആളുകൾക്ക് ഇഷ്ടമാകുന്നുണ്ടോ? തീർച്ചയായും! ആളുകൾ എന്റെ ചെടികൾ കൗതുകത്തോടെ നോക്കി നിൽക്കുന്നതു ഞാൻ പലപ്പോഴും കാണാറുണ്ട്. എന്റെ വീടിനു മുന്നിലുള്ള നടപ്പാതയിൽ നിന്നാൽ മലഞ്ചെരുവിന്റെ ചെരുവിനൊപ്പിച്ചു നട്ടുവളർത്തിയിരിക്കുന്ന വിദേശസസ്യങ്ങൾ നിറഞ്ഞ ഒരു ഉഷ്ണമേഖലാ തോട്ടം അവർക്കു കണ്ടാസ്വദിക്കാൻ കഴിയും. 1997 മാർച്ചിൽ, ഇന്റർനാഷണൽ പാം സൊസൈറ്റിയുടെ ദക്ഷിണ കാലിഫോർണിയ ശാഖ, സന്ദർശകർക്കായി തുറന്നുകൊടുത്ത മൂന്നു തോട്ടങ്ങളിൽ ഒന്ന് എന്റേതായിരുന്നു. “വിവിധ തരത്തിലുള്ള അനേകം അലങ്കാര പനകളെ കുറിച്ച് പഠിക്കുന്നതിനുള്ള വിശിഷ്ട ഗവേഷണ സ്ഥല”മെന്നാണ് അതിനെ വിശേഷിപ്പിച്ചത്. എനിക്കും മറ്റുള്ളവർക്കും ഏതെല്ലാം വിധങ്ങളിലാണ് ഈ തോട്ടം ഒരു അനുഗ്രഹമായി തീർന്നിരിക്കുന്നത്?
എന്റെ തോട്ടം സാക്ഷ്യം നൽകുന്നു
യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചതിന്റെ ഫലമായി ഞാൻ 1991-ൽ സ്നാപനമേറ്റു. ഇപ്പോൾ അധ്യാപകവൃത്തിയിൽ നിന്നു വിരമിച്ചുവെങ്കിലും ഒരു ക്രിസ്തീയ മൂപ്പനും പയനിയർ ശുശ്രൂഷകനും എന്ന നിലയിൽ തിരക്കേറിയ ഒരു ജീവിതമാണു ഞാൻ നയിക്കുന്നത്. എന്റെ ചെടികളുടെയും മരങ്ങളുടെയും അതിശയകരമായ രൂപകൽപ്പനയെ വർണിച്ചുകൊണ്ട് സ്രഷ്ടാവിനെ കുറിച്ച് ഒരു സാക്ഷ്യം നൽകാൻ എന്റെ തോട്ടം ഉപയോഗിക്കുന്നത് ഞാൻ ആസ്വദിക്കുന്നു. പനകളെ കുറിച്ച് ബൈബിളിൽ പരാമർശിച്ചിട്ടുള്ള കാര്യം പറഞ്ഞുകൊണ്ടും ചിലപ്പോൾ ഞാൻ സ്രഷ്ടാവിലേക്ക് ആളുകളുടെ ശ്രദ്ധ ക്ഷണിക്കുന്നു. (ന്യായാധിപന്മാർ 4:5; സങ്കീർത്തനം 92:12) ദൈവത്തോട് അടുക്കാനും അനുസരണമുള്ള മനുഷ്യവർഗം ഒരു പറുദീസയിൽ ജീവിതം ആസ്വദിക്കണം എന്ന അവന്റെ അതിശയകരമായ ഉദ്ദേശ്യത്തെ കുറിച്ചു മനസ്സിലാക്കാനും ഈ തോട്ടം എന്നെ തീർച്ചയായും സഹായിച്ചിരിക്കുന്നു. ആദിമ ഏദെൻ പറുദീസ അനുപമ സുന്ദരമായ ഒരു തോട്ടമായിരുന്നല്ലോ.—ഉല്പത്തി 2:8.
ഇപ്പോൾ ഭൂമിക്കു നാശം വരുത്തുന്നവരെ യഹോവ നശിപ്പിക്കുമ്പോൾ ആ പറുദീസാവസ്ഥ പുനഃസ്ഥാപിക്കപ്പെടും എന്നു ബൈബിൾ പ്രവചനങ്ങൾ ചൂണ്ടിക്കാട്ടുന്നു. (വെളിപ്പാടു 11:18; 16:14, 16) അന്ന് ഭൂമിയെ ഒരു മനോഹരമായ പറുദീസയാക്കുന്നതിൽ നമുക്കേവർക്കും പങ്കെടുക്കാൻ കഴിയും. എന്നാൽ ഇപ്പോൾ, എന്റെ ചെറിയ തോട്ടം സ്രഷ്ടാവിനു മഹത്ത്വം കരേറ്റുന്നതിൽ തുടരുന്നു.—സംഭാവന ചെയ്യപ്പെട്ടത്.
[16-ാം പേജിലെ ചിത്രം]
മെക്സിക്കൻ നീല വിശറി പന
[16-ാം പേജിലെ ചിത്രം]
ഫിഷ്ടെയ്ൽ പന
[16, 17 പേജുകളിലെ ചിത്രങ്ങൾ]
ഇടത്തു നിന്നു വലത്തേക്ക്: ചെങ്കൈത, അമേരിക്കപ്പന, സഞ്ചാരികളുടെ പന (വലിപ്പം ആനുപാതികമല്ല)
[17-ാം പേജിലെ ചിത്രം]
എൻസെഫലാർട്ടോസ് ഫെറോക്സ്
[17-ാം പേജിലെ ചിത്രം]
ഷേവിങ് ബ്രഷ് പന പൂത്തു നിൽക്കുന്നു
[18-ാം പേജിലെ ചിത്രം]
തോട്ടപ്പണിക്കുള്ള എന്റെ ഉപകരണങ്ങൾ