വിമാനനിർമാണ രംഗത്തെ ആദ്യകാല മുന്നണി പ്രവർത്തകർ
“ഒരു പൈലറ്റ് ആയ ഞാൻ വ്യോമയാത്രയെ കുറിച്ചുള്ള 1999 മാർച്ച് 8 ലക്കം ‘ഉണരുക!’യുടെ വായന ശരിക്കും ആസ്വദിച്ചു. പക്ഷേ, എനിക്ക് ഒരു കാര്യം അറിയണമായിരുന്നു. ആൽബെർട്ടൂ സാന്റൊസ്-ഡൂമോണ്ടിനെ കുറിച്ച് ആ ലേഖന പരമ്പരയിൽ ഒന്നു പരാമർശിക്കുക പോലും ചെയ്യാതിരുന്നത് എന്തുകൊണ്ടാണ്? അദ്ദേഹം വിമാനനിർമാണ രംഗത്തെ ഏറ്റവും ആദ്യത്തെ മുന്നണി പ്രവർത്തകരിൽ പെടുന്നയാളാണ്.”—സി. ബി., ഐക്യനാടുകൾ.
“വ്യോമയാത്ര—എങ്ങനെ ആരംഭിച്ചു? എത്രത്തോളം സുരക്ഷിതം?” എന്ന ശീർഷകത്തിലുള്ള 1999 മാർച്ച് 8 ലക്കം ഉണരുക!യുടെ കവർ ലേഖനപരമ്പര, വിമാനനിർമാണത്തിന്റെ ചരിത്രത്തെ കുറിച്ച് ഒരു സംക്ഷിപ്ത വിവരണം നൽകുകയുണ്ടായി. അമേരിക്കക്കാരായ വിൽബർ റൈറ്റിന്റെയും ഒർവിൽ റൈറ്റിന്റെയും നേട്ടങ്ങളെ കുറിച്ച് ലേഖനങ്ങൾ വളരെയധികം കാര്യങ്ങൾ വിവരിച്ചിരുന്നെങ്കിലും, ഇരുപതാം നൂറ്റാണ്ടിന്റെ ഉദയത്തിങ്കൽ വായുവിനെക്കാൾ ഭാരമേറിയ പറക്കൽ യന്ത്രങ്ങൾ പരീക്ഷിച്ചു നോക്കിയ ആളുകൾ അവർ മാത്രമായിരുന്നില്ല. വിമാനനിർമാണ രംഗത്തെ മറ്റു ചില മുന്നണി പ്രവർത്തകരെ പരിചയപ്പെടുക.
• ആൽബെർട്ടൂ സാന്റൊസ്-ഡൂമോണ്ട ജനിച്ചത് ബ്രസീലിലെ മിനാസ് ജെറായിസിലാണ്, 1873 ജൂലൈ 20-ാം തീയതി. അദ്ദേഹം കൗമാരപ്രായത്തിലായിരിക്കെ, കുടുംബം പാരീസിലേക്കു താമസം മാറ്റി. അവിടെ അദ്ദേഹം ഊർജതന്ത്രം, രസതന്ത്രം, ബലതന്ത്രം (mechanics), വിദ്യുച്ഛക്തിശാസ്ത്രം എന്നിവ പഠിച്ചു. പറക്കുക എന്നത് അദ്ദേഹത്തിന്റെ ജീവിതാഭിലാഷമായിരുന്നു. അങ്ങനെ, നോദന-ഗതിനിയന്ത്രണ സംവിധാനങ്ങളുള്ളതും (propulsion and steering systems) വായുവിനെക്കാൾ ഭാരം കുറഞ്ഞതുമായ 11 പറക്കും യന്ത്രങ്ങൾ അദ്ദേഹം 1898-നും 1905-നും ഇടയ്ക്ക് നിർമിക്കുകയും അവ പറപ്പിക്കുകയും ചെയ്തു.
വായുവിനെക്കാൾ ഭാരമേറിയ പറക്കും യന്ത്രങ്ങളിലൊന്നിൽ പറക്കുക എന്ന അദ്ദേഹത്തിന്റെ സ്വപ്നം അവസാനം സാക്ഷാത്കരിക്കപ്പെട്ടത് 1906 ഒക്ടോബറിലാണ്. ആദ്യ കാലങ്ങളിലെ ചില വിമാനങ്ങൾക്കു കാറ്റാപുൾട്ടിന്റെ (ഒരു വിക്ഷേപണ സജ്ജീകരണം) സഹായത്തോടെ മാത്രമേ പറന്നുയരാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ അതിൽ നിന്നു വ്യത്യസ്തമായി, സാന്റൊസ്-ഡൂമോണ്ടിന്റെ 14-ബിസ് എന്ന വിമാനം പറന്നുയർന്നത് സ്വന്തമായ നോദന മാർഗങ്ങൾ ഉപയോഗിച്ചാണ്. 14-ബിസൽ സാന്റൊസ്-ഡൂമോണ്ട് നടത്തിയ 60 മീറ്റർ ദൂരത്തിലുള്ള പറക്കലാണ് യൂറോപ്പിൽ യന്ത്രശക്തിയാൽ പ്രവർത്തിക്കുന്നതും വായുവിനെക്കാൾ ഭാരമേറിയതുമായ പറക്കൽ യന്ത്രത്തിൽ നടത്തിയ വിജയകരമായ ആദ്യത്തെ പറക്കലായി പരിഗണിക്കപ്പെടുന്നത്.
പിന്നീടുള്ള വർഷങ്ങളിൽ, വിമാനങ്ങൾ നശീകരണായുധമായി മാറുന്നതു കണ്ട അദ്ദേഹം ദുഃഖിതനായിത്തീർന്നു. വിമാനങ്ങൾ യുദ്ധത്തിൽ ഉപയോഗപ്പെടുത്തുന്നതു കണ്ടതിലുള്ള നിരാശയാണ് 1932-ലെ അദ്ദേഹത്തിന്റെ ആത്മഹത്യയിലേക്കു നയിച്ചതെന്നു പറയപ്പെടുന്നു. സംഗതി എന്തുതന്നെ ആയിരുന്നാലും, വ്യോമശാസ്ത്രത്തിന്റെ ചരിത്രത്തിൽ സാന്റൊസ്-ഡൂമോണ്ട് മായാത്ത മുദ്ര പതിപ്പിക്കുക തന്നെ ചെയ്തു.
• ഗുസ്റ്റാവ് വൈറ്റ്ഹെഡ ജർമനിയിലെ ലോയ്റ്റെർഷൗസനിലാണ് ജനിച്ചത്, 1874 ജനുവരി 1-ന്. വിമാനനിർമാണത്തിൽ ഉണ്ടായിരുന്ന അതിയായ താത്പര്യം നിമിത്തം സഹപാഠികൾ അദ്ദേഹത്തെ കളിയായി വിളിച്ചിരുന്നത് പറക്കുന്നവൻ എന്നായിരുന്നു. 13-ാം വയസ്സിൽ ഗുസ്റ്റാവിന് അനാഥത്വത്തിന്റെ കയ്പ്പുനീർ രുചിക്കേണ്ടി വന്നു. പിന്നീടുള്ള വർഷങ്ങളിൽ അദ്ദേഹത്തിന് പലയിടങ്ങളിലായി താമസിക്കേണ്ടി വന്നെങ്കിലും പറക്കലിനോടുണ്ടായിരുന്ന അഭിനിവേശത്തിനു തെല്ലും മങ്ങലേറ്റില്ല. കുറച്ചുകാലത്തേക്ക്, യുവാവായ ഗുസ്റ്റാവ് പ്രശസ്ത ജർമൻ വിമാനനിർമാണ വിദഗ്ധനായ ഓട്ടോ ലിലിയെൻതാലിന്റെ ഒപ്പം പഠനം നടത്തുകയുണ്ടായി. പിന്നീട്, 1894-ൽ അദ്ദേഹം ഐക്യനാടുകളിൽ സ്ഥിരതാമസമാക്കി.
1999 മാർച്ച് 8 ലക്കം ഉണരുക!യിൽ പറഞ്ഞിരുന്നതു പോലെ, ചില ആളുകൾ അവകാശപ്പെടുന്നത് ലോകത്തിൽ ആദ്യമായി വായുവിനെക്കാൾ ഭാരം കൂടിയ പറക്കൽ യന്ത്രം നിയന്ത്രിതമായ രീതിയിൽ ഏറെ നേരം പറപ്പിച്ചത് വൈറ്റ്ഹെഡാണ് എന്നാണ്, 1901-ൽ. എന്നിരുന്നാലും ഈ അവകാശവാദത്തെ പിന്താങ്ങുന്ന ചിത്രങ്ങൾ ഒന്നുമില്ല. അതിശയകരമെന്നു പറയട്ടെ, വിമാനനിർമാണ രംഗത്തെ ഈ ആദ്യകാല മുന്നേറ്റങ്ങളുടെ പ്രാധാന്യം പെട്ടെന്നൊന്നും തിരിച്ചറിയാൻ മാധ്യമങ്ങൾക്കു കഴിഞ്ഞില്ല, റൈറ്റ് സഹോദരന്മാരുടെ പറക്കലിനു ശേഷം പോലും. “ഈ ‘പുതിയ സാങ്കേതിക വിദ്യയിൽ’ പൊതുജനങ്ങൾക്കു താത്പര്യം ഏറിവരുന്നതിന് 1910 ആകേണ്ടി വന്നു. മനുഷ്യനു പറക്കാൻ കഴിയും എന്ന കാര്യം ആളുകൾ അംഗീകരിക്കാൻ തുടങ്ങിയതും അപ്പോഴാണ്” എന്ന് എയർ എൻതൂസിയാസ്റ്റ എന്ന ജേർണൽ പറയുന്നു.
• സാമൂവേൽ പിർപോണ്ട് ലാങ്ലി ഒരു ജ്യോതിശ്ശാസ്ത്രജ്ഞനും ഊർജതന്ത്രജ്ഞനും ആയിരുന്നു. വാഷിങ്ടൺ ഡി.സി.-യിൽ ഉള്ള സ്മിത്സോണിയൻ സ്ഥാപനത്തിന്റെ ഒരു സെക്രട്ടറിയായിരുന്നു അദ്ദേഹം. 1896-ൽ, നീരാവിയുടെ ശക്തികൊണ്ടു പ്രവർത്തിക്കുന്ന ഒരു വിമാനം അദ്ദേഹം നിർമിക്കുകയുണ്ടായി. വൈമാനികർ ആരുമില്ലാതെ ആ വിമാനം 1.2 കിലോമീറ്റർ പറന്നു. അപ്പോഴേക്കും അതിലെ ഇന്ധനം തീർന്നുപോയി.
നീരാവി എഞ്ചിനുകൾ ഭാരമേറിയവയാണ്. അവ വ്യോമഗതാഗതത്തിനു തികച്ചും അപ്രായോഗികമായിരുന്നു താനും. അതുകൊണ്ട്, ലാങ്ലിയുടെ സഹായിയായിരുന്ന ചാൾസ് എം. മാൻലി, 57 കിലോ ഭാരം വരുന്ന 53 കുതിരശക്തിയുള്ള കുറേക്കൂടെ അനുയോജ്യമായ ഒരു എഞ്ചിൻ നിർമിച്ചു. ഫലമോ, വളരെയേറെ പ്രവർത്തനക്ഷമമായ ഒരു വിമാനവും. അതിനെ ലാങ്ലി ഏയ്റോഡ്രോം എന്നു വിളിച്ചു. 1903 ഒക്ടോബർ 7-ാം തീയതി മാൻലി നിയന്ത്രണസംവിധാനങ്ങൾ പ്രവർത്തിപ്പിച്ചപ്പോൾ, ലാങ്ലിയുടെ വിമാനം കാറ്റാപുൾട്ടിന്റെ സഹായത്തോടെ ഒരു ബാർജ് ബോട്ടിൽ നിന്നും വിക്ഷേപിക്കപ്പെട്ടു. എന്നാൽ അതു പൊട്ടോമാക് നദിയിലേക്കു കൂപ്പുകുത്തുകയാണുണ്ടായത്. രണ്ടു മാസങ്ങൾക്കു ശേഷം നടത്തിയ ശ്രമവും പരാജയത്തിൽ തന്നെ കലാശിച്ചു. ഹതാശനായ ലാങ്ലി അതോടെ തന്റെ പദ്ധതിയും ഉപേക്ഷിച്ചു.
പരാജയങ്ങൾ സംഭവിച്ചെങ്കിലും വിമാനനിർമാണ രംഗത്ത് സുപ്രധാന മുന്നേറ്റങ്ങൾ നടത്താൻ ലാങ്ലിക്കു കഴിഞ്ഞു. അദ്ദേഹം മരിച്ച് എട്ടു വർഷത്തിനു ശേഷം 1914-ൽ, ഏയ്റോഡ്രോമിനു കുറെ മാറ്റങ്ങൾ വരുത്തി, ഗ്ലെൻ എച്ച്. കർട്ടിസ് അത് ന്യൂയോർക്കിലെ ഹാമണ്ട്സ്പോർട്ടിൽ വിജയകരമായി പറത്തി.
ഇവർ, 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും അതിനു തൊട്ടുമുമ്പും ഉണ്ടായിരുന്ന, വ്യോമശാസ്ത്രരംഗത്തെ മുന്നണിപ്രവർത്തകരിൽ ഏതാനും പേർ മാത്രം. ഇന്ന്, പല വലിപ്പത്തിലുള്ള ലക്ഷക്കണക്കിനു വിമാനങ്ങളാണ് ആകാശത്തിലൂടെ ഒഴുകിനീങ്ങുന്നത്. അസ്തിത്വത്തിന്—പിന്നെ, ചില വിജയങ്ങൾക്കും—അവയെല്ലാം വിമാനനിർമാണ രംഗത്തെ ആദ്യകാല മുന്നണി പ്രവർത്തകരോടു കടപ്പെട്ടിരിക്കുന്നു.
[19-ാം പേജിലെ ചിത്രങ്ങൾ]
ആൽബെർട്ടൂ സാന്റൊസ്- ഡൂമോണ്ടും “14-ബിസ്” എന്ന അദ്ദേഹത്തിന്റെ വിമാനവും
[കടപ്പാട്]
Culver Pictures
North Wind Picture Archives
[20-ാം പേജിലെ ചിത്രങ്ങൾ]
ഗുസ്റ്റാവ് വൈറ്റ്ഹെഡും അദ്ദേഹം പറപ്പിച്ച വായുവിനെക്കാൾ ഭാരമേറിയ പറക്കൽ യന്ത്രത്തിന്റെ മാതൃകയും
[കടപ്പാട്]
Flughistorische Forschungsgemeinschaft Gustav Weisskopf
[20-ാം പേജിലെ ചിത്രങ്ങൾ]
സാമുവേൽ പി. ലാങ്ലിയും അദ്ദേഹത്തിന്റെ “ഏയ്റോഡ്രോമും”
[കടപ്പാട്]
Dictionary of American Portraits/Dover
U.S. National Archives photo