മയക്കുമരുന്നുകൾക്ക് എതിരെയുള്ള യുദ്ധം വിജയിക്കാനാകുമോ?
മയക്കുമരുന്നുകൾക്ക് എതിരെയുള്ള യുദ്ധത്തിൽ വിജയിക്കുക എന്ന ലക്ഷ്യം തികച്ചും പ്രശംസനീയം തന്നെയാണ്. എന്നാൽ അതു വിചാരിക്കുന്നതു പോലെ അത്ര എളുപ്പമല്ല. മയക്കുമരുന്നാകുന്ന തീവണ്ടിയെ മുന്നോട്ടു വലിക്കുന്നതു രണ്ടു ശക്തമായ എഞ്ചിനുകളാണ്, പ്രദാനവും ചോദനവും (supply and demand). ഇപ്പോൾ ഏകദേശം ഒരു നൂറ്റാണ്ടായി, മയക്കുമരുന്നുകളുടെ പ്രദാനത്തിനു തടയിടുന്നതിലാണ് ഗവൺമെന്റുകളുടെയും പൊലീസിന്റെയും ശ്രദ്ധ. അവരുടെ കണക്കുകൂട്ടൽ തികച്ചും ലളിതമാണ്: മയക്കുമരുന്ന് ഇല്ലെങ്കിൽ മയക്കുമരുന്ന് അടിമകളും ഇല്ല.
പ്രദാനത്തിന്മേലുള്ള ആക്രമണം
ഈ ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന, മയക്കുമരുന്നുവേട്ടയ്ക്കു വേണ്ടി നിയോഗിച്ചിട്ടുള്ള പൊലീസ് സ്ക്വാഡുകൾ ഇതിനോടകം തന്നെ ധാരാളം മയക്കുമരുന്നുകൾ പിടിച്ചെടുത്തിട്ടുണ്ട്. മാത്രമല്ല, അന്താരാഷ്ട്ര തലത്തിലുള്ള സഹകരണത്തിലൂടെ മയക്കുമരുന്നു വ്യാപാര രംഗത്തെ വൻതോക്കുകളെ പിടികൂടുന്നതിനും സാധിച്ചിട്ടുണ്ട്. എന്നാൽ ഈ നടപടികളുടെ ഫലമായി ചില മയക്കുമരുന്നു വ്യാപാരികൾ താവളം മാറ്റുകയോ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുകയോ വ്യാപാരത്തിനു പുതിയ മാർഗങ്ങൾ കണ്ടുപിടിക്കുകയോ ചെയ്തേക്കാമെങ്കിലും അത് അവരുടെ പ്രവർത്തനം അവസാനിപ്പിക്കുന്നില്ല എന്നതാണു കയ്പ്പേറിയ യാഥാർഥ്യം. “മയക്കുമരുന്ന് ഇടപാടുകാരുടെ പക്കൽ കണക്കില്ലാതെ പണം ഉണ്ടായിരിക്കുകയും അതേ സമയം ഞങ്ങൾക്കു ദേശീയ ബജറ്റിൽ [മയക്കുമരുന്നുവേട്ടയ്ക്കു വേണ്ടി] പണം മാറ്റിവെക്കാൻ ഒരു യുദ്ധംതന്നെ നടത്തേണ്ടി വരികയും ചെയ്യുന്ന അവസ്ഥ നിലനിൽക്കുന്നിടത്തോളം കാലം ഞങ്ങൾക്ക് ഒരിക്കലും അവരുടെ നേർക്കുനേരെ നിൽക്കാൻ കഴിയില്ല,” എന്ന് ഈ രംഗത്തെ ഒരു വിദഗ്ധൻ സമ്മതിക്കുന്നു.
ആഫ്രിക്കയ്ക്കും ഐബീരിയൻ ഉപദ്വീപിനും ഇടയിൽ നടക്കുന്ന മയക്കുമരുന്നു വ്യാപാരം നിയന്ത്രിക്കുന്നതിലെ ബുദ്ധിമുട്ടിനെ കുറിച്ച് ജിബ്രാൾട്ടർ പൊലീസ് സേനയിലെ ഒരു കുറ്റകൃത്യ നിവാരണ ഉദ്യോഗസ്ഥനായ ജോ ഡെ ലാ റോസാ ഉണരുക!യോടു പറയുകയുണ്ടായി. “1997-ൽ ഞങ്ങൾ ഏകദേശം 400 കിലോ കഞ്ചാവുകറയാണു കണ്ടെടുത്തത്,” അദ്ദേഹം പറഞ്ഞു. “ഇതിൽ ഭൂരിഭാഗവും മയക്കുമരുന്നു വ്യാപാരികളുടെ പക്കൽ നിന്നു പിടിച്ചെടുത്തതല്ലെന്നും ഒന്നുകിൽ കടലിൽ ഒഴുകി നടക്കുന്ന അല്ലെങ്കിൽ കടൽത്തീരത്തു വന്നടിഞ്ഞു കിടക്കുന്ന നിലയിലാണ് അവ കണ്ടെത്തിയതെന്നും പറഞ്ഞാൽ, ഓരോ വർഷവും ജിബ്രാൾട്ടർ കടലിടുക്കിലൂടെ കടന്നുപോകുന്ന മയക്കുമരുന്നിന്റെ ഭീമമായ അളവിനെ കുറിച്ച് നിങ്ങൾക്ക് ഒരു ഏകദേശ ധാരണ കിട്ടും. ഞങ്ങൾ പിടിച്ചെടുക്കുന്നതു ഹിമാനിയുടെ അഗ്രം മാത്രമാണ്. ആഫ്രിക്കയിൽ നിന്നു സ്പെയിനിലേക്കു മയക്കുമരുന്നുകൾ പതിവായി കടത്തുന്നവർക്ക് ഉള്ള സ്പീഡ്ബോട്ടുകൾ കസ്റ്റംസ് അധികൃതർക്കുള്ളതിനെ ബഹുദൂരം പിന്നിലാക്കാൻ പോന്നവയാണ്. മാത്രമല്ല, തങ്ങളെ ആരെങ്കിലും പിടികൂടാൻ പോകുകയാണെന്ന് മണത്തറിഞ്ഞാൽ പിന്നെ അവർ കൈവശമുള്ള മയക്കുമരുന്നുകൾ വെള്ളത്തിലേക്കു വലിച്ചെറിയുകയാണു ചെയ്യുക. അങ്ങനെയാകുമ്പോൾ, അവരുടെ മേൽ കുറ്റം ചുമത്തുന്നതിനു വേണ്ട തെളിവുകൾ ഞങ്ങൾക്കില്ലാതെ പോകും.”
ലോകത്തിലെ മറ്റു രാജ്യങ്ങളിലും പൊലീസിന് സമാനമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നു. കാഴ്ചക്ക് വെറും സാധാരണക്കാരെ പോലെ തോന്നുന്ന യാത്രക്കാർ, ഭാരം കുറഞ്ഞ വിമാനങ്ങൾ, കണ്ടെയ്നർ കപ്പലുകൾ എന്തിന്, അന്തർവാഹിനികൾ പോലും മയക്കുമരുന്നുകൾ അതിർത്തി കടത്തുന്നതിൽ പങ്കു വഹിക്കുന്നു. “മയക്കുമരുന്നു വ്യാപാരത്തിൽനിന്നു കിട്ടുന്ന ആദായം ഗണ്യമായി കുറയ്ക്കണമെങ്കിൽ ചുരുങ്ങിയപക്ഷം അന്തർദേശീയമായി കടത്തുന്ന മയക്കുമരുന്നുകളുടെ 75 ശതമാനമെങ്കിലും പിടികൂടാൻ കഴിയണം” എന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ ഒരു റിപ്പോർട്ടു പറയുന്നത്. എന്നാൽ കൊക്കെയ്നിന്റെ കാര്യമെടുക്കുകയാണെങ്കിൽ, 30 ശതമാനത്തിൽ അൽപ്പം കൂടുതൽ മാത്രമേ ഇപ്പോൾ പിടിക്കപ്പെടുന്നുള്ളൂ. മറ്റു മയക്കുമരുന്നുകളുടെ കാര്യത്തിലാണെങ്കിൽ അത് ഇതിലും കുറവാണ്.
അങ്ങനെയെങ്കിൽ ഗവൺമെന്റുകൾക്ക് എന്തുകൊണ്ട് ഈ പ്രശ്നത്തെ വേരോടെ പിഴുതെറിഞ്ഞു കൂടാ? കഞ്ചാവു ചെടികളും കറുപ്പ് നൽകുന്ന പോപ്പിച്ചെടികളും കോക്കച്ചെടികളും ഒക്കെ അവർക്കു മുഴുവനായി നശിപ്പിച്ചു കൂടെ? ഈ അടുത്ത കാലത്ത് ഐക്യരാഷ്ട്രങ്ങൾ അത്തരമൊരു നിർദേശം മുന്നോട്ടുവെച്ചതാണ്. എന്നാൽ അത് അത്ര എളുപ്പം സാധിക്കുന്ന ഒന്നല്ല. കഞ്ചാവു ചെടികൾ മിക്കവാറും എല്ലാ തോട്ടങ്ങളിലുംതന്നെ വളർത്താൻ കഴിയും. കോക്കച്ചെടികളുടെ കൃഷി പ്രധാനമായും നടക്കുന്ന ആൻഡിസ് മലനിരകളിലെ ഒരു സ്ഥലമാണെങ്കിൽ “ഗവൺമെന്റിന്റെ നിയന്ത്രണപരിധിക്കു പുറത്താണ്.” കറുപ്പും ഹെറോയിനും മുഖ്യമായി ഉത്പാദിപ്പിക്കുന്ന അഫ്ഗാനിസ്ഥാന്റെയും ബർമയുടെയും ഉൾപ്രദേശങ്ങളിലും സമാനമായ സാഹചര്യങ്ങളാണുള്ളത്.
മയക്കുമരുന്നു വ്യാപാരികൾക്ക് വളരെയെളുപ്പം ഡിസൈനർ മയക്കുമരുന്നുകളിലേക്കു കളം മാറ്റിച്ചവിട്ടാൻ കഴിയും എന്നതു കാര്യങ്ങളെ ഒന്നുകൂടി വഷളാക്കുന്നു. ഡിസൈനർ മയക്കുമരുന്നുകൾക്കാണെങ്കിൽ ആവശ്യക്കാർ ഏറിവരികയാണ്. രഹസ്യ ലബോറട്ടറികളിലായി ഈ കൃത്രിമ മയക്കുമരുന്നുകൾ, ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ഉത്പാദിപ്പിക്കാൻ കഴിയും.
മയക്കുമരുന്നു വ്യാപാരത്തിന് എതിരെ പൊലീസ് കുറേക്കൂടെ ഫലകരമായ നടപടികൾ കൈക്കൊള്ളുകയാണെങ്കിൽ, ജയിൽശിക്ഷ കുറേക്കൂടി കടുത്തതാക്കുകയാണെങ്കിൽ, അതു കുറയ്ക്കാൻ സാധിക്കുമോ? അതു നടപ്പിലാക്കാൻ പറ്റാത്ത വിധം പൊലീസുകാരുടെ എണ്ണം തീരെ കുറവും മയക്കുമരുന്നു വ്യാപാരികളുടെയും ആസക്തരുടെയും എണ്ണം വളരെ കൂടുതലും ആണ്. ഉദാഹരണത്തിന്, ഐക്യനാടുകളിൽ ജയിലിൽ കിടക്കുന്നവരുടെ എണ്ണം ഏകദേശം 20 ലക്ഷമാണ്. അതിൽ അനേകരുടെയും പേരിലുള്ളതു മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ്. എന്നാൽ ജയിൽ ശിക്ഷയെ പേടിച്ച് ആളുകൾ മയക്കുമരുന്ന് ഉപയോഗിക്കുന്നത് നിർത്തുന്നില്ല. മയക്കുമരുന്നു വിൽപ്പന തഴച്ചുവളരുന്ന അനേകം വികസ്വര രാജ്യങ്ങളിൽ സംഖ്യാബലം കുറവായ, തുച്ഛ ശമ്പളം ലഭിക്കുന്ന പൊലീസ് തികച്ചും നിസ്സഹായരാണ്.
മയക്കുമരുന്നുകളുടെ ചോദനം കുറയ്ക്കാൻ കഴിയുമോ?
മയക്കുമരുന്നുകളുടെ പ്രദാനത്തിനു തടയിടാനുള്ള ശ്രമങ്ങൾ വിഫലമായ സ്ഥിതിക്ക്, അവയുടെ ചോദനം നിയന്ത്രിക്കുന്നതിനെ കുറിച്ചെന്ത്? “മയക്കുമരുന്നുകൾക്കെതിരായ യുദ്ധം സത്യത്തിൽ ഹൃദയങ്ങളെയും മനസ്സുകളെയും നേടാൻ വേണ്ടിയുള്ള യുദ്ധമാണ്. കേവലം പൊലീസും കോടതിയും ജയിലും മാത്രം കൈകാര്യം ചെയ്യേണ്ട വിഷയമല്ല ഇത്” എന്നു ടൈം മാഗസിൻ പ്രസ്താവിക്കുന്നു.
നേരത്തെ പരാമർശിച്ച, ജോ ഡെ ലാ റോസായ്ക്കും സമാനമായ ചിന്താഗതിയാണ് ഉള്ളത്. മയക്കുമരുന്ന് എന്ന പ്രശ്നത്തെ വിദ്യാഭ്യാസം കൊണ്ടുമാത്രമേ നേരിടാൻ സാധിക്കൂ എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. “മയക്കുമരുന്നാസക്തി സമൂഹംതന്നെ സൃഷ്ടിച്ച ഒരു സാമൂഹികപ്രശ്നമാണ്. അതുകൊണ്ട് നാം സമൂഹത്തിന് അല്ലെങ്കിൽ ചുരുങ്ങിയപക്ഷം, ആളുകളുടെ ചിന്താഗതിക്കെങ്കിലും മാറ്റം വരുത്തേണ്ടിയിരിക്കുന്നു” എന്ന് അദ്ദേഹം പറയുന്നു. “സ്കൂളുകൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവരെയെല്ലാം അപകടത്തെ കുറിച്ച് ഉദ്ബുദ്ധരാക്കാൻ, അതായത് മയക്കുമരുന്നുകൾ യഥേഷ്ടം ലഭ്യമാണെന്നും അവരുടെ കുട്ടികൾ അതിന് അടിമകളായിത്തീരാൻ സാധ്യതയുണ്ടെന്നും അവരെ ബോധ്യപ്പെടുത്താൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.”
യഹോവയുടെ സാക്ഷികൾ ചെയ്തിരിക്കുന്നത്
അനേക വർഷങ്ങളായി, മയക്കുമരുന്നുകൾ ഒഴിവാക്കാൻ തക്കവണ്ണം ആളുകളെ ബോധവത്കരിക്കുന്നതിൽ യഹോവയുടെ സാക്ഷികൾ സജീവമായ ഒരു പങ്കു വഹിച്ചിട്ടുണ്ട്. മയക്കുമരുന്നുകളുടെ അപകടങ്ങളെ കുറിച്ചു തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാൻ മാതാപിതാക്കൾക്ക് ആവശ്യമായ വിവരങ്ങൾ അവർ പ്രദാനം ചെയ്തിട്ടുണ്ട്.a അതിനുപുറമെ, അവരുടെ ക്രിസ്തീയ ശുശ്രൂഷയാൽ മയക്കുമരുന്നു വ്യാപാരികളെയും അവ ഉപയോഗിക്കുന്നവരെയും പുനരധിവസിപ്പിക്കാൻ അവർക്കു സാധിച്ചിട്ടുണ്ട്.
മുൻലേഖനത്തിൽ പരാമർശിച്ച ആന്നായുടെ കാര്യമെടുക്കുക. മയക്കുമരുന്ന് അടിമകളെ പുനരധിവസിപ്പിക്കുന്നതിൽ യഹോവയുടെ സാക്ഷികൾക്കു നേടാനായ വിജയത്തെ കുറിച്ചറിഞ്ഞ അവളുടെ സഹോദരിയാണ് അവൾ അവരുമായി ബന്ധപ്പെടാൻ സാഹചര്യമൊരുക്കിയത്. ആന്നായ്ക്ക് ബൈബിളിനോട് പ്രത്യേകിച്ചു താത്പര്യമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, മടിച്ചുമടിച്ചാണെങ്കിലും യഹോവയുടെ സാക്ഷികളുടെ ഒരു സമ്മേളനത്തിന് അവൾ പോയി. അവിടെ അവൾ ഒരു മനുഷ്യനെ കണ്ടു. മയക്കുമരുന്നു വ്യാപാരി എന്ന നിലയിൽ കുപ്രസിദ്ധനായിരുന്ന അദ്ദേഹം ആകെ മാറിപ്പോയിരുന്നു, വേഷത്തിലും ഭാവത്തിലും ജീവിത രീതിയിലുമെല്ലാം. “അദ്ദേഹത്തിന് ഇത്രയ്ക്കു മാറ്റം വരുത്താൻ കഴിയുമെങ്കിൽ എനിക്കും കഴിയും എന്നെനിക്കു തോന്നി,” ആന്നാ പറയുന്നു. “അദ്ദേഹത്തിന് ഉണ്ടായ മാറ്റം ഞാനും ബൈബിൾ പഠിക്കേണ്ടതുണ്ടെന്ന് എന്നെ ബോധ്യപ്പെടുത്തി.
“ആദ്യ ബൈബിളധ്യയനം മുതൽ തന്നെ, ഞാൻ വീട്ടിൽ താമസിക്കാൻ തീരുമാനിച്ചു. കാരണം, വീട്ടിൽ നിന്ന് അകന്നുനിന്നാൽ, ഞാൻ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരെ കണ്ടുമുട്ടുമെന്നും അങ്ങനെ വീണ്ടും പഴയപടിയാകുമെന്നും എനിക്ക് അറിയാമായിരുന്നു. മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതു തെറ്റാണ്, ദൈവം ഈ ശീലം അംഗീകരിക്കുന്നില്ല എന്ന് എനിക്ക് അപ്പോൾത്തന്നെ അറിയാമായിരുന്നു. മയക്കുമരുന്നുകൾക്ക് ആളുകളുടെമേൽ എത്രമാത്രം സ്വാധീനം ചെലുത്താൻ കഴിയുമെന്നും അതിനു കുടുംബങ്ങളെ എത്രമാത്രം ദ്രോഹിക്കാൻ കഴിയുമെന്നും എനിക്ക് എന്റെ സ്വന്ത അനുഭവത്തിൽ നിന്നുതന്നെ കാണാൻ കഴിഞ്ഞു. പക്ഷേ, മയക്കുമരുന്നുകൾ തീർത്ത അടിമത്തത്തിന്റെ ചങ്ങല പൊട്ടിച്ചെറിയുന്നതിന് എനിക്ക് ആത്മീയ ബലം ആവശ്യമായിരുന്നു. അവയുടെ കെട്ടു വിട്ടുകിട്ടുന്നതിന് ഒരു പോരാട്ടംതന്നെ വേണ്ടിവന്നു. മയക്കുമരുന്നുകൾക്ക് എന്റെ മേലുള്ള സ്വാധീനം കുറയുന്നതു വരെ കുറച്ചുനാളത്തേക്ക് മറ്റൊന്നും ചെയ്യാതെ ഞാൻ മുഴുവൻ സമയവും കിടന്നുറങ്ങി. എന്നാൽ അതു ശ്രമത്തിനു തക്ക മൂല്യമുള്ളതായിരുന്നു.”
യഥാർഥ അർഥവും പ്രത്യാശയും
മുൻ ലേഖനത്തിൽ പരാമർശിച്ച ആന്നായുടെ ഭർത്താവ് പേത്രൂവും മയക്കുമരുന്നുകളുടെ പിടിയിൽ നിന്നു സമാനമായി രക്ഷപ്പെട്ടു. “ഒരിക്കൽ ഞാൻ എന്റെ ജ്യേഷ്ഠന്റെ വീട്ടിലിരുന്നു ഹഷീഷ് വലിക്കുകയായിരുന്നു. അപ്പോഴാണ്, ഒരു പുസ്തകം എന്റെ കണ്ണിൽ പെട്ടത്. അതിന്റെ തലക്കെട്ട് എന്റെ ശ്രദ്ധ ആകർഷിച്ചു,” പേത്രൂ അനുസ്മരിക്കുന്നു. “നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകമായിരുന്നു അത്. ഞാൻ അതു വീട്ടിൽ കൊണ്ടുപോയി വായിച്ചു. അതിൽ പരാമർശിച്ചിരുന്ന വാക്യങ്ങളെല്ലാം എടുത്തുനോക്കി. സത്യം കണ്ടെത്തിയിരിക്കുന്നു എന്ന കാര്യം എനിക്ക് ഉറപ്പായി.
“ബൈബിൾ വായിക്കുന്നതും ഞാൻ മനസ്സിലാക്കിക്കൊണ്ടിരുന്ന കാര്യങ്ങൾ മറ്റുള്ളവരോടു പറയുന്നതും എനിക്കു വളരെയേറെ ആശ്വാസം കൈവരുത്തി. മാത്രമല്ല, മയക്കുമരുന്നുകളോടുള്ള എന്റെ ആസക്തി കുറഞ്ഞുവരുന്നതിനും അത് ഇടയാക്കി. ഒരു പെട്രോൾ പമ്പ് കൊള്ളയടിക്കാൻ ഞാൻ നേരത്തേ പരിപാടിയിട്ടിരുന്നു. എന്നാൽ അതു ചെയ്യുന്നില്ല എന്നു ഞാൻ തീരുമാനിച്ചു. എന്റെ ഒരു സുഹൃത്ത് യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കുന്നുണ്ടായിരുന്നു. താമസിയാതെ, ഞാനും അതു തന്നെ ചെയ്യാൻ തുടങ്ങി. ഒമ്പതു മാസത്തിനുള്ളിൽ ഞാൻ എന്റെ ജീവിതരീതിക്കു മാറ്റം വരുത്തി, സ്നാപനമേറ്റു. ഈ കാലയളവിൽ, എന്റെ പഴയ സുഹൃത്തുക്കളിൽ പലരും എനിക്കു മയക്കുമരുന്നുകൾ വെച്ചുനീട്ടുകയുണ്ടായി. പക്ഷേ, അപ്പോഴെല്ലാം ഉടനടി ബൈബിളിനെ കുറിച്ചു ഞാൻ സംസാരിക്കുമായിരുന്നു. ചിലർ അതിനോട് അനുകൂലമായി പ്രതികരിച്ചു. ഒരാൾ മയക്കുമരുന്നുകളോടുള്ള ആസക്തിയിൽ നിന്നു മുക്തനാകുക പോലും ചെയ്തു.
“മയക്കുമരുന്നുകളുടെ പിടിയിൽനിന്നു മോചിതനാകുവാൻ ഒരുവന് പ്രത്യാശ ആവശ്യമാണ്. ആ പ്രത്യാശ എനിക്കു നൽകിയത് ബൈബിളാണ്. കൂടാതെ അത് എന്റെ ജീവിതത്തിന് അർഥം പകർന്നുനൽകുകയും മയക്കുമരുന്നുകളെയും അക്രമത്തെയും കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം വ്യക്തമാക്കി തരുകയും ചെയ്തു. സർവശക്തനെ കുറിച്ചു പഠിക്കവെ എനിക്കു കൂടുതൽ ആശ്വാസം ലഭിക്കുന്നുണ്ടെന്നു ഞാൻ മനസ്സിലാക്കി—അതിനാണെങ്കിൽ ദോഷകരമായ പാർശ്വഫലങ്ങളും ഇല്ലായിരുന്നു. പിന്നീട്, യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ വെച്ച് ധാർമിക ശുദ്ധിയുള്ള ആളുകളുമായി സഹവസിക്കാൻ കഴിഞ്ഞത് ഈ ഗതിയിൽ തുടരാൻ എന്നെ സഹായിച്ചു.”
മയക്കുമരുന്നു വ്യാപാരി ഇഷ്ടികപ്പണിക്കാരനാകുന്നു
മുൻ ലേഖനത്തിൽ പരാമർശിച്ച ഹോസേ ഇപ്പോൾ വീണ്ടും ഇഷ്ടികപ്പണിക്കാരനായിരിക്കുന്നു. വൻ ലാഭം കിട്ടിയിരുന്ന ബിസിനസ്സ് ഉപേക്ഷിക്കുക അദ്ദേഹത്തിന് അത്ര എളുപ്പമായിരുന്നില്ല. അദ്ദേഹം ഇങ്ങനെ സമ്മതിക്കുന്നു: “മയക്കുമരുന്നുകൾ നിങ്ങൾക്കു കൈനിറയെ പണം തരും. പക്ഷേ, അതു പണം സമ്പാദിക്കാനുള്ള ഒരു നല്ല മാർഗമല്ല. കൈത്തോക്കുകളും പകിട്ടേറിയ കാറുകളും കൊണ്ടുനടക്കുന്ന പയ്യന്മാരെ ഞാൻ കാണുന്നു. കുടുംബങ്ങൾ തകർന്നടിയുന്നു, തെരുവുകളിൽ അക്രമം നടമാടുന്നു, മയക്കുമരുന്ന് അടിമകൾ അതു വാങ്ങുന്നതിനു വേണ്ട പണത്തിനായി കാറുകളിൽ നിന്നോ കടകളിൽ നിന്നോ മോഷ്ടിക്കുകയോ ആളുകളെ കൊള്ളയടിക്കുകയോ ചെയ്യുന്നു. മിക്കവരുടെയും തുടക്കം ഹഷീഷിൽ നിന്നാണ്. അതിനു ശേഷം, അവർ എക്സ്റ്റസിയോ മറ്റേതെങ്കിലും ഗുളികകളോ കഴിക്കാൻ തുടങ്ങുന്നു. പിന്നീട് കൊക്കെയ്നോ എന്തിന് ഹെറോയിൻ പോലുമോ പരീക്ഷിച്ചു നോക്കുന്നു. ഞാൻ കാരണം അനേകമാളുകൾക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ട് എന്നു ഞാൻ മനസ്സിലാക്കുന്നു.
“യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ, മയക്കുമരുന്നുകളുടെ ലോകവുമായി എനിക്കുണ്ടായിരുന്ന ബന്ധം തെറ്റായിരുന്നുവെന്ന് എനിക്കു കൂടുതൽ നന്നായി ബോധ്യപ്പെട്ടു. ഒരു ശുദ്ധമായ മനഃസാക്ഷി സ്വന്തമാക്കാൻ ഞാൻ ആഗ്രഹിച്ചു. എന്നോടൊപ്പം ബൈബിൾ പഠിക്കുന്നുണ്ടായിരുന്ന ഭാര്യയുടെയും ആഗ്രഹം അതു തന്നെയായിരുന്നു. മയക്കുമരുന്നു വ്യാപാരം നിറുത്തുന്നത് തീർച്ചയായും പ്രയാസകരമായിരുന്നു. എന്റെ ഇടപാടുകാരോടും എന്റെ കീഴിൽ വ്യാപാരം നടത്തിയിരുന്നവരോടും ഞാൻ ബൈബിൾ പഠിക്കുന്നുണ്ടെന്നും മയക്കുമരുന്നു വ്യാപാരം നിറുത്തിയെന്നും പറഞ്ഞു. ആദ്യമൊക്കെ അവർക്കത് വിശ്വസിക്കാനായില്ല. ചിലർക്ക് ഇപ്പോഴും വിശ്വാസം വന്നിട്ടില്ല. ഞാൻ പക്ഷേ അതെല്ലാം നിറുത്തിയിട്ട് ഇപ്പോൾ ഏകദേശം രണ്ടു വർഷമാകുന്നു. എന്റെ തീരുമാനത്തെ കുറിച്ച് ഒരു നിമിഷം പോലും എനിക്കു പശ്ചാത്തപിക്കേണ്ടി വന്നിട്ടില്ല.
“കഴിഞ്ഞ ഒരു വർഷമായി ഞാൻ വീണ്ടും ഒരു ഇഷ്ടികപ്പണിക്കാരനായി ജോലി ചെയ്യുകയാണ്. അതാണല്ലോ എന്റെ തൊഴിൽ. മയക്കുമരുന്ന് ഇടപാടുകൾ ഉണ്ടായിരുന്ന കാലത്ത് ഒരൊറ്റ ദിവസം കൊണ്ടു സമ്പാദിച്ചതിന്റെ നാലിലൊന്നു മാത്രമേ, ഇപ്പോൾ ഒരു മാസം കൊണ്ട് എനിക്കു സമ്പാദിക്കാൻ ആകുന്നുള്ളൂ. എന്നാലും, ഈ ജീവിത രീതിയാണു നല്ലത്. ഞാനിപ്പോൾ ഏറെ സന്തുഷ്ടനാണ്.”
പ്രായോഗികമായ ഒരു ആഗോള പരിഹാരം
ധീരരായ ഏതാനും ചില മയക്കുമരുന്നു വ്യാപാരികൾ ഈ തൊഴിൽ ഉപേക്ഷിച്ചിട്ടുണ്ട്. മാത്രമല്ല, പല തരത്തിലുള്ള പുനരധിവാസ പ്രവർത്തനങ്ങൾ ആയിരക്കണക്കിനു മയക്കുമരുന്നടിമകളെ അതിനോടുള്ള ആസക്തി ഇല്ലാതാക്കാൻ സഹായിച്ചിട്ടുണ്ട്. എന്നിരുന്നാലും “ദീർഘകാലമായി മയക്കുമരുന്നുകൾക്ക് അടിമയായിരിക്കുന്ന ഒരാൾ ആ ശീലം പാടേ ഉപേക്ഷിക്കുന്നതും വീണ്ടും അതിലേക്കു വഴുതിവീഴാതിരിക്കുന്നതും അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്” എന്നാണ് വേൾഡ് ഡ്രഗ് റിപ്പോർട്ട് പറയുന്നത്. സങ്കടകരമെന്നു പറയട്ടെ, മയക്കുമരുന്നുകളോടുള്ള ആസക്തിയിൽ നിന്ന് ഒരാളെ വിമുക്തനാക്കുമ്പോൾ, പുതുതായി അനേകർ അതിന്റെ അടിമത്തത്തിലേക്കു വഴുതിവീഴുന്നു. മയക്കുമരുന്നുകളുടെ പ്രദാനവും ചോദനവും വർധിച്ചുകൊണ്ടേയിരിക്കുകയാണ്.
മയക്കുമരുന്നുകൾ ഉയർത്തുന്ന പ്രശ്നം ഇപ്പോൾത്തന്നെ ആഗോളവ്യാപകമായി കഴിഞ്ഞിരിക്കുന്നതിനാൽ അതിനെതിരായ യുദ്ധം ജയിക്കണമെങ്കിൽ ഒരു ആഗോള പരിഹാരം ആവശ്യമാണ്. ഇതിനോടുള്ള ബന്ധത്തിൽ, ഐക്യരാഷ്ട്ര മയക്കുമരുന്നു വിരുദ്ധ സമിതി ഇപ്രകാരം അഭിപ്രായപ്പെടുന്നു: “മയക്കുമരുന്നുകളുടെ ഉപയോഗം, വ്യാപാരം, അവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തുടങ്ങിയവയെല്ലാം മിക്ക രാജ്യക്കാരും തങ്ങളുടെ സുരക്ഷിതത്വത്തിനു ഭീഷണി ഉയർത്തുന്ന പ്രധാന ഘടകങ്ങളായി തിരിച്ചറിഞ്ഞപ്പോൾ തന്നെ, മയക്കുമരുന്നുകൾ ഒരു ആഗോള പ്രശ്നമാണെന്ന്, ദേശീയ തലത്തിലെ ശ്രമങ്ങൾ കൊണ്ടു മാത്രം പരിഹരിക്കാൻ കഴിയാത്ത ഒന്നാണെന്ന് അവർക്ക് അറിയില്ലായിരുന്നു.”
എന്നാൽ ആഗോളവ്യാപകമായ ഈ വിപത്ത് ഇല്ലായ്മ ചെയ്യാൻ ലോക ഗവൺമെന്റുകൾ കൈകോർക്കുമോ? ഇതുവരെയുള്ള ഫലങ്ങൾ പ്രതീക്ഷയ്ക്കു വക നൽകുന്നില്ല. എന്നിരുന്നാലും, ബൈബിൾ, ഒരു യഥാർഥ പരിഹാരമെന്ന നിലയ്ക്ക് രാഷ്ട്രങ്ങളുടെ വേലിക്കെട്ടുകൾ ബാധകമാകാത്ത ഒരു ആഗോള സ്വർഗീയ ഗവൺമെന്റിലേക്ക് വിരൽ ചൂണ്ടുന്നു. യേശുക്രിസ്തുവിന്റെ കീഴിലുള്ള ദൈവരാജ്യം “എന്നെന്നേക്കും” നിലനിൽക്കും എന്ന് അതു നമുക്ക് ഉറപ്പു നൽകുന്നു. (വെളിപ്പാടു 11:15) ദൈവരാജ്യത്തിൻ കീഴിലെ ദിവ്യവിദ്യാഭ്യാസം മയക്കുമരുന്നുകളുടെ ചോദനം ഇല്ലാതാകുമെന്ന് ഉറപ്പാക്കും. (യെശയ്യാവു 54:13) മയക്കുമരുന്നുകൾ ഉപയോഗിക്കാൻ ഇന്ന് ആളുകളെ പ്രേരിപ്പിക്കുന്ന സാമൂഹികവും വൈകാരികവുമായ എല്ലാ വിധ പ്രശ്നങ്ങളും ഒരു പഴങ്കഥയായി മാറും.—സങ്കീർത്തനങ്ങൾ 55:22; 72:12; മീഖാ 4:4.
നിങ്ങൾക്കു സഹായം ആവശ്യമുണ്ടോ?
ക്രിസ്തുവിന്റെ കരങ്ങളിലെ ദൈവരാജ്യത്തിൽ പ്രത്യാശ വെക്കുന്നത് ഇപ്പോൾ പോലും ആളുകളെ മയക്കുമരുന്നുകൾ വേണ്ടെന്നു വെക്കാൻ പ്രേരിപ്പിക്കുന്നു. കൂടുതൽ അറിയാൻ താത്പര്യമുണ്ടെങ്കിൽ, ദയവായി നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുക.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിന്റെ ‘മയക്കുമരുന്നുകൾ ഉപയോഗിക്കരുതാത്തത് എന്തുകൊണ്ട്?’ എന്ന ശീർഷകത്തിലുള്ള 34-ാമത്തെ അധ്യായം കാണുക.
[11-ാം പേജിലെ ചിത്രം]
ഒരു മയക്കുമരുന്ന് അറസ്റ്റ് നടക്കുന്നു
[കടപ്പാട്]
K. Sklute/SuperStock
[12-ാം പേജിലെ ചിത്രം]
പേത്രൂവും ഭാര്യ ആന്നായും കുട്ടികളോടൊപ്പം ബൈബിൾ പഠിക്കുന്നു
[13-ാം പേജിലെ ചിത്രം]
പേത്രൂ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പിക്കുന്ന ജോലിയിൽ