മയക്കുമരുന്നുകൾ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന വിധം
ഒരു വീടിന്റെ ഉത്തരങ്ങൾ നശിപ്പിക്കുന്ന കുത്തനെ പോലെയാണ് മയക്കുമരുന്നുകൾ. സമൂഹത്തിന്റെ മുഴുഘടനയെയും പതിയെ നശിപ്പിച്ചു കളയാൻ അവയ്ക്കു കഴിയും. മനുഷ്യ സമൂഹത്തിന്റെ പ്രവർത്തനം ശരിയായ വിധത്തിൽ നടക്കുന്നതിന്, കെട്ടുറപ്പുള്ള കുടുംബങ്ങൾ, ആരോഗ്യമുള്ള തൊഴിലാളികൾ, ആശ്രയയോഗ്യമായ ഗവൺമെന്റുകൾ, സത്യസന്ധരായ പൊലീസുകാർ, നിയമം അനുസരിക്കുന്ന പൗരന്മാർ എന്നിവർ ആവശ്യമാണ്. മയക്കുമരുന്നുകൾ ഈ അടിസ്ഥാന ഘടകങ്ങളിൽ ഓരോന്നിനെയും ദുഷിപ്പിക്കുന്നു.
മയക്കുമരുന്നുകൾ പൗരജനങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്നു എന്നതാണ് ഗവൺമെന്റുകൾ അവയുടെ ഉപയോഗം നിരോധിക്കാനുള്ള ഒരു കാരണം. ഡോസു കൂടിപ്പോകുന്നതുകൊണ്ടു മാത്രം ആയിരക്കണക്കിനു മയക്കുമരുന്നാസക്തരാണ് ഓരോ വർഷവും മരണമടയുന്നത്. അതിലുമേറെ ജീവനാണ് എയ്ഡ്സ് മൂലം പൊലിയുന്നത്. ലോകത്തിൽ ഇന്നുള്ള എച്ച്ഐവി ബാധിതരിൽ ഏകദേശം 22 ശതമാനത്തിനും അതു പിടിപെട്ടത് വൈറസ് ബാധിതമായ സൂചികൾ കൊണ്ട് മയക്കുമരുന്നുകൾ സ്വന്തം ശരീരത്തിൽ കുത്തിവെച്ചതിന്റെ ഫലമായാണ്. “നിയമവിരുദ്ധമായ മയക്കുമരുന്നു വ്യാപാരത്തിന്റെ ഫലമായി ആഗോള ഗ്രാമം ലക്ഷക്കണക്കിന് ആളുകളുടെ പൊതുശവപ്പറമ്പ് ആയി മാറാൻ പോകുകയാണ്” എന്ന് സമീപകാലത്തെ ഐക്യരാഷ്ട്ര സംഘടനയുടെ ഒരു കോൺഫറൻസിൽ ഖത്തറിൽ നിന്നുള്ള നാസ്സർ ബിൻ ഹമാദ് എൽ-ഖലീഫ മുന്നറിയിപ്പു നൽകിയത് നല്ല കാരണത്തോടെയാണ്.
എന്നിരുന്നാലും, മയക്കുമരുന്നുകൾ അവ ഉപയോഗിക്കുന്നവരുടെ മാത്രം ആരോഗ്യമല്ല ഞെരിച്ചുടയ്ക്കുന്നത്. ഐക്യനാടുകളിൽ, നവജാതശിശുക്കളിൽ ഏകദേശം 10 ശതമാനവും ഗർഭസ്ഥ അവസ്ഥയിൽത്തന്നെ ഏതെങ്കിലും ഒരു മയക്കുമരുന്നിന്റെ—മിക്കപ്പോഴും കൊക്കെയ്നിന്റെ—പിടിയിലമർന്നവരാണ്. അമ്മയുടെ ഉദരത്തിൽ ആയിരുന്നപ്പോൾ കിട്ടിക്കൊണ്ടിരുന്ന മയക്കുമരുന്നുകൾ മേലാൽ ലഭിക്കാതാകുമ്പോൾ അനുഭവപ്പെടുന്ന വേദനാകരമായ അസ്വാസ്ഥ്യങ്ങൾ മാത്രമല്ല ഈ കുരുന്നുകൾ സഹിക്കേണ്ടത്. ഗർഭാശയത്തിൽ വെച്ച് മയക്കുമരുന്നുകളുമായി സമ്പർക്കത്തിലായിരുന്നതു മൂലം അവർക്ക് മറ്റു പ്രകാരത്തിലുള്ള ശാരീരികവും മാനസികവുമായ വിപത്കരമായ ഫലങ്ങളും അനുഭവിക്കേണ്ടി വന്നേക്കാം.
പണമുണ്ടാക്കാനുള്ള എളുപ്പവഴി—അടക്കാനാകാത്ത പ്രലോഭനം
ഇരുട്ടു വീണുകഴിഞ്ഞാൽ പിന്നെ നിങ്ങളുടെ പ്രദേശം സുരക്ഷിതമല്ല എന്നു നിങ്ങൾക്കു തോന്നാറുണ്ടോ? ഉണ്ടെങ്കിൽ, അത് ഒരുപക്ഷേ മയക്കുമരുന്ന് ഇടപാടുകാർ നിമിത്തമായിരിക്കാൻ സാധ്യതയുണ്ട്. തെരുവുകളിൽ നടമാടുന്ന അക്രമസംഭവങ്ങളും പിടിച്ചുപറികളും മയക്കുമരുന്നുകളുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. മയക്കുമരുന്നടിമകൾ ആ ശീലം തുടരുന്നതിന് ആവശ്യമായ പണം സമ്പാദിക്കാൻ മിക്കപ്പോഴും കുറ്റകൃത്യത്തിന്റെ അല്ലെങ്കിൽ വേശ്യാവൃത്തിയുടെ പാത തേടുമ്പോൾ, മയക്കുമരുന്നു വ്യാപാരസംഘങ്ങൾ വിതരണരംഗത്തു തങ്ങളുടെ മേൽക്കോയ്മ ഉറപ്പിക്കുന്നതിനു പരസ്പരം കൊന്നൊടുക്കുന്നു. തങ്ങൾ അന്വേഷിക്കുന്ന ഭൂരിപക്ഷം കൊലപാതകക്കേസുകളുടെയും പിന്നിലെ ഒരു ഘടകം മയക്കുമരുന്നാണ് എന്ന് അനേകം നഗരങ്ങളിലെയും പൊലീസുകാർ കരുതുന്നത് എന്തുകൊണ്ടെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ.
സ്വാധീനശക്തിയും കയ്യൂക്കും കൊണ്ട്, കോടികൾ മറിയുന്ന മയക്കുമരുന്നു വ്യാപാര രംഗത്തു നിന്നു പ്രയോജനങ്ങൾ നേടാൻ കഴിയുമെന്നു ചില രാജ്യങ്ങളിലെ വിപ്ലവകാരികളും മനസ്സിലാക്കിയിരിക്കുന്നു. തെക്കേ അമേരിക്കയിലെ ഒരു വൻ ഗറില്ലാ സംഘത്തിന് തങ്ങളുടെ വരുമാനത്തിൽ പകുതിയും ലഭിക്കുന്നത് മയക്കുമരുന്നു വ്യാപാരികൾക്കു സംരക്ഷണം നൽകുന്നതിൽ നിന്നാണ്. “ലോകത്തിലെ ഏറ്റവും ഘോരമായ ചില മതപരവും വംശീയവുമായ കലാപങ്ങൾക്കു വേണ്ട പണം ഒഴുകുന്നത് മയക്കുമരുന്നുകളിൽ നിന്നാണ്” എന്ന് ഐക്യരാഷ്ട്ര സംഘടനയുടെ അന്തർദേശീയ മയക്കുമരുന്നു നിയന്ത്രണ പരിപാടി റിപ്പോർട്ടു ചെയ്യുന്നു.
മയക്കുമരുന്ന് അകത്തുചെല്ലുമ്പോഴുള്ള ദുരന്തങ്ങൾ
മയക്കുമരുന്ന് ഉപയോഗിക്കുന്നവർ മറ്റു പല വിധങ്ങളിലും തെരുവുകളെ സുരക്ഷിതമല്ലാതാക്കുന്നു. “മാരിഹ്വാനയോ എൽഎസ്ഡി-യോ കഴിച്ചിട്ടു കാറോടിക്കുന്നത് മദ്യപിച്ചു കാറോടിക്കുന്നതിന്റെ അത്രതന്നെ അപകടകരമായിരുന്നേക്കാം” എന്ന് മയക്കുമരുന്നുകൾ അമേരിക്കയിൽ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ മൈക്കൽ ക്രോനൻവെറ്റർ പറയുന്നു. കൂടാതെ, മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവർക്ക് ജോലിക്കിടയിൽ അത്യാഹിതങ്ങൾ സംഭവിക്കാൻ മൂന്നോ നാലോ ഇരട്ടി സാധ്യത കൂടുതലുമുണ്ട്.
എന്നിരുന്നാലും, മയക്കുമരുന്നുകളുടെ ഏറ്റവും ക്രൂരമായ മുഖം ദൃശ്യമാകുന്നതു സാധ്യതയനുസരിച്ചു ഭവനത്തിനുള്ളിലാണ്. “താറുമാറായ കുടുംബജീവിതവും മയക്കുമരുന്നുകളുടെ ഉപയോഗവും മിക്കപ്പോഴും കൈകോർത്തുപോകുന്നു” എന്ന് വേൾഡ് ഡ്രഗ് റിപ്പോർട്ട് പ്രസ്താവിക്കുന്നു. സദാ മയക്കുമരുന്നുകളുടെ പിന്നാലെ പോകുന്ന മാതാപിതാക്കൾ, തങ്ങളുടെ കുഞ്ഞുങ്ങൾക്ക് കെട്ടുറപ്പുള്ള ഒരു ഗാർഹിക ജീവിതത്തിന്റെ തണൽ നൽകുന്നതിൽ പരാജയപ്പെടുന്നു. എന്തിന്, കുഞ്ഞിന്റെ ജീവിതത്തിലെ ആദ്യ ആഴ്ചകളിൽ അതിപ്രധാനമായിരിക്കുന്ന, മാതാപിതാക്കളുടെയും കുഞ്ഞിന്റെയും ഇടയിൽ വളർന്നുവരേണ്ട അഗാധബന്ധത്തിനു പോലും മയക്കുമരുന്നുകൾ വിലങ്ങുതടിയായേക്കാം. ഇതിനും പുറമേ, മയക്കുമരുന്നിന് അടിമകളായ മാതാപിതാക്കൾ അടിക്കടി കടക്കെണിയിൽ അകപ്പെടാറുണ്ട്. അങ്ങനെ വരുമ്പോൾ അവർ സുഹൃത്തുക്കളിൽ നിന്നോ സ്വന്തം കുടുംബത്തിൽ നിന്നോ മോഷ്ടിച്ചേക്കാം. ഒരുപക്ഷേ അവർക്കു ജോലി പോലും നഷ്ടമായേക്കാം. ഇത്തരമൊരു ഗൃഹാന്തരീക്ഷത്തിൽ വളർന്നുവരുന്ന അനേകം കുട്ടികൾ വീട്ടിൽ നിന്ന് ഓടിപ്പോയി തെരുവുകളിൽ അഭയം കണ്ടെത്തുകയോ സ്വയം മയക്കുമരുന്നുകൾക്ക് അടിമകളാകുക പോലുമോ ചെയ്യുന്നു.
മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തി മറ്റുള്ളവരെ ശാരീരികമായി ആക്രമിക്കാൻ മുതിർന്നേക്കാം. മിക്കവാറും ഇണയോ കുട്ടികളോ ആയിരിക്കാം ഈ ആക്രമണത്തിന് ഇരകളാകുന്നത്. കൊക്കെയ്ൻ, പ്രത്യേകിച്ചും മദ്യത്തോടൊപ്പം കഴിച്ചാൽ ശാന്തപ്രകൃതമുള്ള ഒരു വ്യക്തി പോലും മൃഗതുല്യ സ്വഭാവം പ്രകടിപ്പിച്ചേക്കാം. കാനഡയിൽ കൊക്കെയ്ൻ ഉപയോഗിക്കുന്നവരുടെ ഇടയിൽ നടത്തിയ ഒരു സർവേയിൽ, പങ്കെടുത്ത 17 ശതമാനം ആളുകളും തങ്ങൾ മയക്കുമരുന്ന് ഉപയോഗിച്ചതിനു ശേഷം ആക്രമണസ്വഭാവം കാണിക്കുന്നുണ്ടെന്നു സമ്മതിച്ചു. ന്യൂയോർക്ക് നഗരത്തിൽ കുട്ടികൾക്കെതിരെയുള്ള ദുഷ്പെരുമാറ്റത്തെ കുറിച്ചു പുറത്തുവന്ന ഒരു റിപ്പോർട്ടു വെളിപ്പെടുത്തിയത്, മർദനമേറ്റു മരിച്ച കുട്ടികളിൽ 73 ശതമാനത്തിന്റെയും മാതാപിതാക്കൾ മയക്കുമരുന്നുകൾക്ക് അടിമകളായിരുന്നു എന്നാണ്.
അഴിമതിയും മലിനീകരണവും
മയക്കുമരുന്നുകൾക്കു കുടുംബങ്ങളുടെ അടിത്തറ ഇളക്കാൻ കഴിയുമെങ്കിൽ, അവയ്ക്കു ഗവൺമെന്റുകളെയും തകിടംമറിക്കാൻ കഴിയും. എന്നാൽ ഇക്കാര്യത്തിൽ മയക്കുമരുന്നുകളല്ല, അവയിൽ നിന്നൊഴുകുന്ന പണമാണ് അതു ചെയ്യുന്നതെന്നു മാത്രം. “മയക്കുമരുന്നുകൾ ഗവൺമെന്റ് ഉദ്യോഗസ്ഥരെയും പൊലീസിനെയും പട്ടാളത്തെയും അഴിമതിക്കയങ്ങളിൽ മുക്കിയിരിക്കുന്നു” എന്നു പറയുമ്പോൾ ഒരു തെക്കേ അമേരിക്കൻ രാജ്യത്തിന്റെ സ്ഥാനപതിയുടെ ശബ്ദത്തിൽ ദുഃഖം നിഴലിക്കുന്നു. കഷ്ടിച്ചു ജീവിച്ചു പോകാൻ മാത്രം വരുമാനമുള്ളവർക്ക്, കൈയകലത്തിലുള്ള ഭീമമായ തുകകൾ “വലിയ ഒരു പ്രലോഭനം” തന്നെയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ജഡ്ജിമാർ, മേയർമാർ, പൊലീസുകാർ, എന്തിന്, മയക്കുമരുന്നു വേട്ടയ്ക്കു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ പോലും അഴിമതിക്കുരുക്കിൽ പെട്ടുപോകുന്നത് മിക്ക രാജ്യങ്ങളിലും ഒരു പതിവായി തീർന്നിരിക്കുന്നു. രാഷ്ട്രീയ നേതാക്കന്മാരുടെ തെരഞ്ഞെടുപ്പു ചെലവുകൾക്കു വേണ്ട പണമൊഴുക്കുന്നതു ചിലപ്പോൾ മയക്കുമരുന്നു രാജാക്കന്മാരായിരുന്നേക്കാം. അങ്ങനെയാകുമ്പോൾ, മയക്കുമരുന്നു വ്യാപാരത്തിന് എതിരെ കർശനമായ നടപടികൾ കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മുറവിളികൾ അവർ കേട്ടില്ലെന്നു നടിക്കുന്നു. മയക്കുമരുന്നുകളുടെ കരാളഹസ്തങ്ങളിൽ നിന്നു സമൂഹത്തെ രക്ഷിക്കുന്നതിനു സധീരം പോരാടിയ സത്യസന്ധരായ അനവധി ഉദ്യോഗസ്ഥർ നിഷ്കരുണം കൊലചെയ്യപ്പെട്ടിട്ടുണ്ട്.
നമ്മുടെ മണ്ണ്, വനങ്ങൾ, അവയിലെ വിവിധങ്ങളായ ജീവിവർഗങ്ങൾ തുടങ്ങിയവയ്ക്കു പോലും മയക്കുമരുന്ന് എന്ന ഗോളവ്യാപക വിപത്തിന്റെ കെടുതികളെ നേരിടേണ്ടി വരുന്നു. കൊക്കെയ്നിന്റെയും കറുപ്പിന്റെയും ഉത്പാദനത്തിന്റെ നല്ലൊരു ഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത് രണ്ടു പ്രദേശങ്ങളിലാണ്, പടിഞ്ഞാറൻ ആമസോണിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും മഴക്കാടുകളിൽ. വളരെയെളുപ്പം പാരിസ്ഥിതിക വിനാശം സംഭവിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളാണ് ഇവ. ഇപ്പോൾ തന്നെ ഈ ഭൂവിഭാഗങ്ങൾക്കു സാരമായ ക്ഷതമേറ്റു കഴിഞ്ഞിരിക്കുന്നു. മയക്കുമരുന്നുകൾ ഉത്പാദിപ്പിക്കുന്ന ചെടികൾ നശിപ്പിക്കുന്നതിനു നടത്തുന്ന പ്രശംസാർഹമായ ശ്രമങ്ങൾ പോലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നു. സസ്യനാശിനികളായി ഉപയോഗിക്കുന്ന വിഷവസ്തുക്കളാണ് മിക്കപ്പോഴും കുഴപ്പം സൃഷ്ടിക്കുന്നത്.
ആരാണു പണം മുടക്കുന്നത്?
മയക്കുമരുന്നുകൾ വരുത്തിക്കൂട്ടുന്ന നാശനഷ്ടങ്ങൾക്കു പിഴയൊടുക്കേണ്ടി വരുന്നത് ആരാണ്? നാം ഓരോരുത്തരും. അതേ, ഉത്പാദനക്ഷമതാ നഷ്ടം, ചികിത്സാ ചെലവ്, മോഷ്ടിക്കപ്പെടുന്ന അല്ലെങ്കിൽ നശിപ്പിക്കപ്പെടുന്ന വസ്തുവകകൾ, നിയമങ്ങൾ നടപ്പിലാക്കുന്നതിനു വരുന്ന ചെലവ്, ഇവയ്ക്കൊക്കെയായി നാം ഓരോരുത്തരും പണം മുടക്കുന്നുണ്ട്. യു.എസ്. തൊഴിൽ വകുപ്പിന്റെ കണക്കനുസരിച്ച്, “ജോലിസ്ഥലങ്ങളിലെ മയക്കുമരുന്നുപയോഗം നിമിത്തം വാണിജ്യ വ്യവസായ രംഗങ്ങളിൽ അമേരിക്കയ്ക്ക് സാധ്യതയനുസരിച്ച് പ്രതിവർഷം 7,500 കോടിക്കും 10,000 കോടിക്കും ഇടയ്ക്കു ഡോളർ [3,00,000 കോടിക്കും 4,00,000 കോടിക്കും ഇടയ്ക്കു രൂപ] നഷ്ടമാകുന്നുണ്ട് . . . ജോലിക്കു ഹാജരാകാത്തതുകൊണ്ട് ഉണ്ടാകുന്ന ഉത്പാദനക്ഷമതാ നഷ്ടവും അത്യാഹിതങ്ങൾ, ഉയർന്ന ആരോഗ്യ പരിപാലന ചെലവുകൾ, ജോലിക്കാർക്കു നൽകേണ്ടിവരുന്ന നഷ്ടപരിഹാരത്തുകകൾ തുടങ്ങിയവയും ഒക്കെ ആയിട്ടാണ് ഇത്.”
ആത്യന്തികമായി ഇതെല്ലാം നികുതിദായകരുടെയും ഉപഭോക്താക്കളുടെയും കീശയാണ് ചോർത്തുന്നത്. ആളുകളുടെ മയക്കുമരുന്നുപയോഗം നിമിത്തം ജർമനിയിൽ ഓരോ പൗരനും പ്രതിവർഷം ഏകദേശം 5000 രൂപ നൽകേണ്ടി വരുന്നുണ്ടെന്ന് 1995-ൽ ആ രാജ്യത്തു നടത്തിയ ഒരു പഠനം വെളിപ്പെടുത്തുകയുണ്ടായി. ഐക്യനാടുകളിൽ പക്ഷേ ആ സംഖ്യ അതിലും കൂടുതലാണ്, ഓരോ പൗരനും പ്രതിവർഷം 12,000 രൂപ.
എന്നാൽ, സാമ്പത്തിക നഷ്ടത്തേക്കാളുപരി മയക്കുമരുന്നുകൾ അങ്ങേയറ്റം ഗുരുതരമായ സാമൂഹിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. കുടുംബ ശിഥിലീകരണം, കുട്ടികളോടുള്ള അതിക്രമം, ഉദ്യോഗസ്ഥരെ അഴിമതിക്കാരാക്കൽ, അകാല മരണങ്ങൾ എന്നിവയ്ക്കൊക്കെ വിലയിടാൻ ആർക്കാണ് കഴിയുക? ആ സ്ഥിതിക്ക്, പണത്തിന്റെ കണക്കുകൾ മാറ്റി നിർത്തി ഇവയ്ക്കൊക്കെ മാനുഷിക മൂല്യം കൽപ്പിച്ചാൽ ഇതിന്റെ ബലിയാടുകളെ സംബന്ധിച്ചിടത്തോളം അത് എന്തർഥമാക്കും? മയക്കുമരുന്നുകൾ അവ ഉപയോഗിക്കുന്ന ആളുകളുടെ ജീവിതത്തെ ബാധിക്കുന്ന വിധം പിൻവരുന്ന ലേഖനം ചർച്ച ചെയ്യും.
[7-ാം പേജിലെ ചതുരം/ചിത്രം]
മയക്കുമരുന്നുകളും കുറ്റകൃത്യവും
മയക്കുമരുന്നുകൾ ചുരുങ്ങിയത് നാലു വിധങ്ങളിൽ കുറ്റകൃത്യവുമായി ബന്ധപ്പെട്ടിരിക്കുന്നു:
1. അനധികൃതമായി മയക്കുമരുന്നുകൾ കൈവശം വെക്കുന്നതും അവ വ്യാപാരം നടത്തുന്നതും ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളും ക്രിമിനൽ കുറ്റങ്ങൾ ആയാണ് പരിഗണിക്കുന്നത്. ഐക്യനാടുകളിൽ മാത്രം ഓരോ വർഷവും മയക്കുമരുന്നുകളോടു ബന്ധപ്പെട്ട കേസുകളിൽ ഏകദേശം ഒരു ലക്ഷം ആളുകളാണ് പൊലീസിന്റെ പിടിയിലാകുന്നത്. ചില രാജ്യങ്ങളിൽ പൊലീസിനും കോടതികൾക്കും കൈകാര്യം ചെയ്യാനാകാത്ത വിധത്തിൽ, മയക്കുമരുന്നുകളോടു ബന്ധപ്പെട്ട കേസുകളുടെ ഒരു പ്രളയംതന്നെ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
2. മയക്കുമരുന്നുകൾക്കു പൊള്ളുന്ന വിലയായതിനാൽ, ആസക്തർ തങ്ങളുടെ ശീലം തുടർന്നുകൊണ്ടുപോകാൻ ആവശ്യമായ പണം സമ്പാദിക്കുന്നതിന് അടിക്കടി കുറ്റകൃത്യത്തിലേക്കു തിരിയുന്നു. ഉദാഹരണത്തിന്, കൊക്കെയ്ന് അടിമയായ ഒരു വ്യക്തിക്ക് ഒരാഴ്ച വേണ്ടിവന്നേക്കാവുന്നത് 40,000 രൂപയാണ്! ഒരു സമൂഹത്തിൽ മയക്കുമരുന്നുകൾ ചുവടുറപ്പിക്കുമ്പോൾ അവിടെ കുത്തിക്കവർച്ചകളും പിടിച്ചുപറിയും വേശ്യാവൃത്തിയും പെരുകുന്നതിൽ ഒട്ടും അതിശയം വിചാരിക്കാനില്ല.
3. മയക്കുമരുന്നു വ്യാപാരം—ഭൂമിയിലെ ഏറ്റവും ലാഭകരമായ ബിസിനസ്സുകളിലൊന്ന്—സുഗമമായി നടക്കുന്നതിനു വേണ്ടിയാണു മറ്റു കുറ്റകൃത്യങ്ങൾ നടത്തപ്പെടുന്നത്. “മയക്കുമരുന്നു വ്യാപാരവും സംഘടിത കുറ്റകൃത്യങ്ങളും തമ്മിൽ കെട്ടുപിണഞ്ഞുകിടക്കുന്നു” എന്ന് വേൾഡ് ഡ്രഗ് റിപ്പോർട്ട് പറയുന്നു. മയക്കുമരുന്നുകൾ സുഗമമായി കടത്തിക്കൊണ്ടു പോകുന്നതിനായി മയക്കുമരുന്ന് ഇടപാടുകാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഒന്നുകിൽ പണം കാട്ടി പ്രലോഭിപ്പിക്കുന്നു അല്ലെങ്കിൽ ഭീഷണിപ്പെടുത്തുന്നു. ചിലർക്ക് ഇതിനുവേണ്ട ഗുണ്ടാസംഘങ്ങൾ പോലും ഉണ്ട്. മയക്കുമരുന്നു രാജാക്കന്മാർക്കു ലഭിക്കുന്ന വൻ ആദായവും പ്രശ്നം സൃഷ്ടിക്കുന്നു. കയ്യും കണക്കുമില്ലാതെ വന്നു ചേരുന്ന പണം വെളുപ്പിച്ചില്ലെങ്കിൽ അവർ പിടിക്കപ്പെട്ടേക്കാം. അതുകൊണ്ട്, ആരുടെയും കണ്ണിൽ പെടാതെ ഇതു സാധിച്ചെടുക്കുന്നതിന് അവർ വക്കീലന്മാരെയും ബാങ്കുകളെയും വശത്താക്കുന്നു.
4. മയക്കുമരുന്ന് അകത്തു ചെന്നു കഴിയുമ്പോഴും ആളുകൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു. മയക്കുമരുന്നിന് അടിമകളായവർ കുടുംബാംഗങ്ങളെ കഠിനമായി ദ്രോഹിച്ചേക്കാം. ആഭ്യന്തര യുദ്ധം നടമാടിയ ചില ആഫ്രിക്കൻ രാജ്യങ്ങളിൽ, മയക്കുമരുന്നു കഴിച്ച് ലഹരി പിടിച്ച കൗമാരക്കാരായ ചില പടയാളികൾ ചെയ്തത് മനുഷ്യത്വത്തിന് ഒട്ടും നിരക്കാത്ത കൊടിയ കുറ്റകൃത്യങ്ങളായിരുന്നു.
[6-ാം പേജിലെ ചിത്രം]
അമ്മ മയക്കുമരുന്ന് ഉപയോഗിക്കുന്നത് കുഞ്ഞിനെ ബാധിച്ചേക്കാം
[കടപ്പാട്]
SuperStock