ഞങ്ങളുടെ വായനക്കാരിൽനിന്ന്
ശേമ്യവിരുദ്ധരല്ല നിങ്ങൾ പറഞ്ഞുപോയ ചില കാര്യങ്ങളെ കുറിച്ചുള്ള ഖേദം മറച്ചുവെക്കാത്തതിനു നന്ദി. നിങ്ങളുടെ പ്രസ്താവനയെ പ്രതി ഒരു ക്ഷമായാചനം കേൾക്കാൻ എനിക്കു താത്പര്യമുണ്ട് എങ്കിലും, നിങ്ങളുടെ വിശദീകരണം—അതിന്റെ-സന്ദർഭം-ഇതായിരുന്നു എന്ന രീതിയിലുള്ളത്—എനിക്കു ബോധിച്ചു. ഉണരുക! കാര്യങ്ങൾ സമഗ്രമായും സത്യസന്ധമായും അവതരിപ്പിക്കുന്നതിനെ അതിന്റെ വായനക്കാർ വിലമതിക്കുന്നു എന്നു മനസ്സിൽ പിടിച്ചു കൊണ്ടു ദയവായി നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ഈ നല്ല വേല തുടരുക.
ഡബ്ലിയു. എച്ച്., ഐക്യനാടുകൾ
1933-ൽ ജർമനിയിലെ ബെർലിനിൽ വെച്ചു നടത്തിയ ഒരു കൺവെൻഷനിൽ അംഗീകരിച്ച “വസ്തുതാ പ്രഖ്യാപനം” എന്ന പ്രമേയത്തിലെ പ്രസ്താവനകളെയാണ് വായനക്കാരൻ പരാമർശിക്കുന്നത്. (1998 ജൂലൈ 8 ലക്കം “ഉണരുക!”യിലെ “യഹോവയുടെ സാക്ഷികൾ—നാസി ഭീഷണിയിൻ മധ്യേ നിർഭയരായി” എന്ന ലേഖനം കാണുക.) ആ ലേഖനം വ്യക്തമാക്കിയതു പോലെ, യഹൂദന്മാരോടു വിദ്വേഷം ഉള്ളതായി സൂചിപ്പിക്കുകയോ അവരോടു പരക്കെ ഉണ്ടായിരുന്ന വിദ്വേഷം കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്ന തരത്തിലുള്ള യാതൊന്നും തന്നെ 1933-ലെ ആ പ്രമേയത്തിൽ ഉണ്ടായിരുന്നില്ല. അതിലെ ചില പ്രസ്താവനകൾ ഇന്ന് അത്തരം ഒരു ധാരണയ്ക്ക് ഇടയാക്കുന്നു എങ്കിൽ ഞങ്ങൾക്ക് അതിൽ ഖേദമുണ്ട്. 1930-കളിൽ ജീവിച്ചിരുന്ന ആരെങ്കിലും “വസ്തുതാ പ്രഖ്യാപനം” എന്ന പ്രമേയം കേട്ട് യഹോവയുടെ സാക്ഷികൾ ശേമ്യവിരുദ്ധരാണ് എന്നു വ്യാഖ്യാനിച്ചെങ്കിൽ, വ്യക്തികൾ എന്ന നിലയിൽ യഹോവയുടെ സാക്ഷികൾ യഹൂദന്മാർക്കു വേണ്ടി ചെയ്യുന്ന ധീരവും അനുകമ്പ നിറഞ്ഞതുമായ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക വഴി അവരുടെ തെറ്റിദ്ധാരണ എളുപ്പം തിരുത്താൻ കഴിയുമായിരുന്നു. അതുമാത്രമല്ല, വാച്ച് ടവർ സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങൾ, യൂറോപ്പിൽ യഹൂദന്മാർക്കു നേരിടേണ്ടി വന്ന ദുഷ്പെരുമാറ്റത്തിന് എതിരെ ശബ്ദമുയർത്തുകയും അതു വെളിച്ചത്തു കൊണ്ടുവരികയും ചെയ്ത ആദ്യ പ്രസിദ്ധീകരണങ്ങളിൽ പെടുന്നു.—പത്രാധിപർ
ഏഴു പുത്രന്മാരെ വളർത്തൽ “ഏഴു പുത്രന്മാരെ വളർത്തിക്കൊണ്ടു വന്നതിന്റെ വെല്ലുവിളികളും അനുഗ്രഹങ്ങളും” (ജനുവരി 8, 1999) എന്ന ലേഖനത്തിനു നന്ദി പറയാതിരിക്കാൻ എനിക്കാകുന്നില്ല. കൗമാരപ്രായക്കാരെ വളർത്തിക്കൊണ്ടു വരുന്നത് ശരിക്കും ഒരു വെല്ലുവിളി തന്നെയാണ് എന്ന് അനുഭവത്തിൽ നിന്ന് എനിക്കറിയാം. വിധവയായ എന്നെ സംബന്ധിച്ചിടത്തോളം ഇതു വിശേഷിച്ചും സത്യമാണ്. എന്റെ കുട്ടികളുടെ ജീവിതത്തിലെ ഈ ഘട്ടത്തെ എനിക്കു വിജയകരമായി നേരിടാനാകും എന്നു ബോധ്യമായത് ഈ ലേഖനം വായിച്ചപ്പോഴാണ്.
എ. ആർ., ഐക്യനാടുകൾ
ഞങ്ങളുടെ വീട്ടിലും ഏഴു മക്കളാണ്. ഈയടുത്തു വരെ ഞങ്ങൾ എല്ലാവരും ഒത്തൊരുമിച്ചു യഹോവയെ സേവിച്ചു കൊണ്ടിരുന്നു. എന്നാൽ ഏകദേശം ആറു മാസങ്ങൾക്കു മുമ്പ്, എന്റെ അനുജത്തിമാരിൽ ഒരാളെ സഭയിൽ നിന്നു പുറത്താക്കി. ആ ലേഖനം ആദ്യം കണ്ടപ്പോൾ, ഒരു കുടുംബമെന്ന നിലയിൽ വിജയം വരിച്ചവരുടെ അനുഭവം ആയിരുന്നതിനാൽ എനിക്ക് അതു വായിക്കണം എന്നു തന്നെയില്ലായിരുന്നു. അവരോട് അസൂയ തോന്നാതെ ആ ലേഖനത്തിൽ നിന്നു പ്രയോജനം അനുഭവിക്കാൻ സഹായിക്കണേ എന്നു ഞാൻ പ്രാർഥിച്ചു. ഞങ്ങളുടേതിനോടു സമാനമായ അനുഭവങ്ങൾ ഉള്ള ഒരു കുടുംബം ഉണ്ട് എന്നും ഞങ്ങളുടെ സാഹചര്യത്തെ പ്രതി യഹോവ കരുതൽ ഉള്ളവനാണ് എന്നും അറിഞ്ഞത് എന്നെ എത്രയധികം പ്രോത്സാഹിപ്പിച്ചുവെന്നോ. തങ്ങളുടെ അനുഭവം പങ്കുവെച്ചതിന് ഡിക്ക്മാൻ കുടുംബത്തിനു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ മാതാപിതാക്കൾക്കും ഇളയ സഹോദരങ്ങൾക്കും ഈ ലേഖനം വളരെയേറെ പ്രോത്സാഹനവും സാന്ത്വനവും പകർന്നുകൊടുത്തിട്ടുണ്ടാകും എന്ന് എനിക്ക് ഉറപ്പുണ്ട്.
ഡബ്ലിയു. വൈ., ജപ്പാൻ
മുഖ അടയാളങ്ങൾ “മുഖ അടയാളങ്ങൾ—നൈജീരിയയിലെ അപ്രത്യക്ഷമാകുന്ന ‘തിരിച്ചറിയിക്കൽ കാർഡ്’” (ജനുവരി 8, 1999) എന്ന ലേഖനത്തിന് അകമഴിഞ്ഞ നന്ദി. മുഖത്തു പാടുകൾ ഉള്ള ആഫ്രിക്കൻ സുഹൃത്തുക്കൾ എനിക്കും ഭർത്താവിനും ഉണ്ട്. അവരുടെ മുഖത്തെ ആ പാടുകൾ എന്താണെന്നു ഞങ്ങൾ എപ്പോഴും അതിശയിച്ചിട്ടുണ്ട്. നിങ്ങളുടെ ലേഖനം വായിച്ചപ്പോഴാണ് അതിനുള്ള ഉത്തരം കിട്ടിയത്.
എം. വി., ഇറ്റലി
സിംഹങ്ങൾ “സിംഹം—ആഫ്രിക്കയിലെ സടയുള്ള മാർജാര രാജൻ” (ജനുവരി 22, 1999) എന്ന ലേഖനത്തിനു നന്ദി. വർഷങ്ങളായി സിംഹങ്ങളെ എനിക്കിഷ്ടമാണ്. അതുകൊണ്ട്, എന്നെ സംബന്ധിച്ചിടത്തോളം ഈ ലേഖനം വളരെ പ്രധാനപ്പെട്ടതായിരുന്നു. ധൈര്യവും സൗന്ദര്യവും ഒത്തിണങ്ങിയ മൃഗങ്ങൾ ആയതുകൊണ്ടാണ് എനിക്ക് അവയെ ഇത്ര ഇഷ്ടം. ഒരു നാൾ, “സടയുള്ള യുവസിംഹത്തോട്” കൂടെയായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.—യെശയ്യാവു 11:6-9.
ഇ. എ. എസ്., ബ്രസീൽ
മലിനീകരണത്തിന് എതിരെ സസ്യങ്ങൾ “മലിനീകരണത്തിന് എതിരെ സസ്യങ്ങൾ” (ജനുവരി 22, 1999) എന്ന ചെറുലേഖനം ശരിക്കും മികവുറ്റതായിരുന്നു. സ്നേഹവാനും കരുതലുള്ളവനുമായ ഒരു ബുദ്ധിശക്തിയുള്ള സ്രഷ്ടാവ് ഉണ്ട് എന്ന കാര്യത്തിൽ ആ ലേഖനം സംശയത്തിനു തെല്ലും ഇടം ശേഷിപ്പിച്ചില്ല. മനുഷ്യന്റെ നശീകരണ ശ്രമങ്ങൾക്കു മുമ്പിൽ തോറ്റുകൊടുക്കാതെ സ്വയം കേടുപോക്കാനുള്ള പ്രാപ്തിയോടുകൂടെ യഹോവ ഭൂമിയെ നിർമിച്ചതിനെ കുറിച്ച് ലേഖനം വിശദീകരിക്കുകയുണ്ടായി. ലൂക്കൊസ് 23:43-ൽ യേശു വാഗ്ദാനം ചെയ്ത പറുദീസയിൽ ജീവിക്കുന്നതിനുള്ള എന്റെ പ്രത്യാശയെയും അതു ബലപ്പെടുത്തി.
ആർ. ജെ., ഐക്യനാടുകൾ