ഞങ്ങളുടെ വായനക്കാരിൽനിന്ന്
മത സ്വാതന്ത്ര്യം പതിറ്റാണ്ടുകളായി ഞാൻ ഉണരുക!യുടെ വായനക്കാരനാണ്. “നിങ്ങളുടെ മത സ്വാതന്ത്ര്യം—ഭീഷണിയിലോ?” എന്ന ലേഖന പരമ്പര ഞാൻ എത്രമാത്രം വിലമതിച്ചു എന്ന് അറിയിക്കാനാണ് ഇപ്പോൾ എഴുതുന്നത്. (ജനുവരി 8, 1999) ഇരുണ്ട യുഗം എന്നു വിളിക്കപ്പെടുന്ന കാലഘട്ടത്തിൽ യൂറോപ്പിൽ മത അസഹിഷ്ണുത നിലനിന്നിരുന്നുവെന്നും അധികാരികളെ സ്വാധീനിച്ച് മത സ്വാതന്ത്ര്യവും മനസ്സാക്ഷി സ്വാതന്ത്ര്യവും പ്രകടിപ്പിക്കുന്നതിൽ നിന്ന് ആളുകളെ തടയാൻ കത്തോലിക്ക സഭയ്ക്കു കഴിഞ്ഞിരുന്നുവെന്നും എനിക്ക് അറിയാമായിരുന്നു. ഇന്നിപ്പോൾ ഫ്രാൻസിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ചു കേട്ടപ്പോൾ, ‘ഉറപ്പു നൽകിയിരിക്കുന്ന മത സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് ഈ രാജ്യം അതിന്റെ സത്പേര് കളങ്കപ്പെടുത്തുന്നത് എന്തിനാണ്?’ എന്ന് ഞാൻ സ്വയം ചോദിച്ചുപോയി. ഇതിന്റെ പരിണത ഫലങ്ങളെ കുറിച്ച്, ദശലക്ഷക്കണക്കിനു വരുന്ന നിങ്ങളുടെ വായനക്കാരെ ദയവായി അറിയിക്കുക. ഫ്രാൻസ് സഹിഷ്ണുത പ്രകടമാക്കിക്കൊണ്ട് മറ്റു രാജ്യങ്ങൾക്കു നല്ലൊരു മാതൃക വെക്കുമെന്നു ഞാൻ വിശ്വസിക്കുന്നു.
സി. സി., പോർട്ടറിക്കോ
ഏഴു പുത്രന്മാരെ വളർത്തൽ ജനുവരി 8, 1999 ഉണരുക!യിലെ ബെർട്ട് ഡിക്ക്മാനും, മാർഗരറ്റ് ഡിക്ക്മാനും പറഞ്ഞ രസകരമായ അനുഭവത്തിനു നന്ദി. മൂന്നു കുട്ടികളുള്ള ഞങ്ങൾക്ക് അവരെ ആത്മീയ പൈതൃകത്തിൽ വളർത്താനുള്ള പ്രോത്സാഹനം പ്രസ്തുത അനുഭവം പ്രദാനം ചെയ്തു. കുട്ടികൾക്കും ലേഖനം ഇഷ്ടമായി. കേക്ക് കിട്ടാതിരുന്ന ഡഗിന്റെ പാഠം അവർ പരസ്പരം ഓർമിപ്പിക്കുന്നത് ഞങ്ങൾ കേൾക്കാറുണ്ട്! പ്രോത്സാഹജനകമായ ആ അനുഭവം പ്രസിദ്ധീകരിച്ചതിന് ഉണരുക!യ്ക്ക് ഒരിക്കൽ കൂടി നന്ദി പറയുന്നു.
എസ്. ജെ., ഇന്ത്യ
പരിശുദ്ധാത്മാവ് “ബൈബിളിന്റെ വീക്ഷണം: ദൈവത്തിന്റെ പരിശുദ്ധാത്മാവ് എന്താണ്?” എന്ന ലേഖനത്തിനു നന്ദി. അതു വളരെ നന്നായിരുന്നു. (ജനുവരി 8, 1999) ഞാൻ യഹോവയുടെ സാക്ഷിയായിട്ട് ഇപ്പോൾ ഏതാനും വർഷം ആയെങ്കിലും യഹോവയാം ദൈവത്തെ കുറിച്ച് എപ്പോഴും കൂടുതൽ കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ശീർഷകത്തിൽ ഉന്നയിച്ച ചോദ്യത്തിന് വളരെ നന്നായി, എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ലേഖനം ഉത്തരം നൽകി. യഹോവയെയും അവന്റെ പ്രവൃത്തികളെയും കുറിച്ച് എത്രയധികം മനസ്സിലാക്കുന്നുവോ അത്രയധികം അവനോടുള്ള എന്റെ സ്നേഹം വർധിക്കുന്നു.
വൈ. ബി., റഷ്യ
സ്വർണം “സ്വർണം—അതിനെ വലയം ചെയ്യുന്ന നിഗൂഢത” എന്ന ലേഖനം വായിച്ചു. (സെപ്റ്റംബർ 22, 1998) 1945-ൽ ജർമനി കീഴടങ്ങിയതിനു ശേഷമാണ് സഖ്യ സേനകൾ ജർമനിയിലെ കൈസെറോഡ ഉപ്പു ഖനികളിൽ ഒരു വൻ സ്വർണ നിക്ഷേപം കണ്ടെത്തിയതെന്നു നിങ്ങൾ പരാമർശിച്ചു. എന്നാൽ യഥാർഥത്തിൽ, യുദ്ധം അവസാനിക്കുന്നതിനു മൂന്ന് ആഴ്ച മുമ്പ് തന്നെ സഖ്യ കക്ഷികൾ ഖനി പിടിച്ചടക്കിയിരുന്നു.
ജെ. എസ്., ജർമനി
ഈ വിശദീകരണത്തിനു നന്ദി. യഥാർഥത്തിൽ, കൈസെറോഡ ഖനികൾ പിടിച്ചടക്കപ്പെട്ടത് 1945 മേയ് 8-നു ജർമനി കീഴടങ്ങിയതിന് ഏതാണ്ട് ഒരു മാസം മുമ്പ് ആയിരുന്നു. അതായത്, 1945 ഏപ്രിൽ 4-ന്.—പത്രാധിപർ
ദൂരെയുള്ള ഒരാളുമായുള്ള കോർട്ടിങ് “യുവജനങ്ങൾ ചോദിക്കുന്നു . . . ദൂരെയുള്ള ഒരാളുമായി എനിക്ക് എങ്ങനെ കോർട്ടിങ്ങിൽ ഏർപ്പെടാൻ കഴിയും?” എന്ന ലേഖനം (ജനുവരി 22, 1999) എത്തിയപ്പോഴേക്കും വൈകിപ്പോയിരുന്നു. ഐക്യനാടുകളിൽ താമസിക്കുന്ന ഞാൻ ലാറ്റിൻ അമേരിക്കയിലെ ഒരു യുവാവുമായി കത്തിലൂടെ ബന്ധപ്പെടാൻ തുടങ്ങി. ഇത്ര ബുദ്ധിമുട്ടുള്ള വേറൊരു കാര്യവും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. സത്യസന്ധരായിരിക്കാൻ എത്രമാത്രം ശ്രമിച്ചാലും കത്തിലൂടെ ഒരു വ്യക്തിയെ ശരിക്കും മനസ്സിലാക്കാൻ ആവില്ല. വളരെ ദൂരത്തായിരിക്കുമ്പോൾ യാഥാർഥ്യ ബോധം നഷ്ടപ്പെട്ട്, സ്വപ്ന ലോകത്തിൽ മുഴുകാനുള്ള പ്രവണതയാണുള്ളത്. ഞങ്ങളുടെ കാര്യത്തിൽ, സംസ്കാരങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. ഒടുവിൽ ഞങ്ങളുടെ ബന്ധം അവസാനിച്ചപ്പോൾ, ഇനി ജീവിച്ചിട്ടു കാര്യമില്ല എന്നെനിക്കു തോന്നി. സ്നേഹവും പിന്തുണയും പ്രദാനം ചെയ്ത എന്റെ കുടുംബത്തിന്റെ സഹായത്തോടെ ഞാൻ ഈ അനുഭവത്തെ തരണം ചെയ്തിരിക്കുന്നു.
എസ്. എച്ച്., ഐക്യനാടുകൾ
യഹോവയുടെ സാക്ഷികളുടെ ഒരു സാർവദേശീയ കൺവെൻഷനിൽ വെച്ച് പരിചയപ്പെട്ട ഒരു പെൺകുട്ടിക്ക് ഞാൻ കത്തുകൾ എഴുതാറുണ്ട്. സംസ്കാരവും ഭാഷയും വ്യത്യസ്തമായിരിക്കുമ്പോൾ ഒരുവന്റെ മനസ്സിലുള്ള കാര്യങ്ങൾ മറ്റേ ആളോട് തുറന്നു പ്രകടിപ്പിക്കുക വളരെ പ്രയാസമാണ്. അതുകൊണ്ട് ഞാൻ അവളുടെ ഭാഷ പഠിക്കാൻ പോകുകയാണ്. ടേപ്പ് റെക്കോർഡർ ഉപയോഗിക്കുന്നതിനുള്ള നിർദേശം ഒന്നാംതരം ആയിരുന്നു. വളരെ നന്ദി.
എ. എസ്., ജർമനി
ഐക്യനാടുകളിലെ ഒരു സാർവദേശീയ കൺവെൻഷനിൽ വെച്ച് ഞാൻ പൗരസ്ത്യ ദേശത്തു നിന്നുള്ള ഒരു സഹോദരിയെ പരിചയപ്പെട്ടു. കത്തുകളിലൂടെ അവളുമായി എങ്ങനെ ബന്ധം തുടരാം എന്നതിനെ കുറിച്ച് എനിക്ക് ഒട്ടുംതന്നെ നിശ്ചയം ഉണ്ടായിരുന്നില്ല. അതിനെ കുറിച്ച് പ്രാർഥിച്ച് ഏതാനും ദിവസത്തിനുള്ളിൽ വിശിഷ്ടമായ ഈ ലേഖനം എനിക്കു കിട്ടി. ഞാൻ അതു പിന്നെയും പിന്നെയും വായിച്ചു. എന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചു.
ജി. ആർ., ഇറ്റലി