നിങ്ങൾക്ക് ആ പാട്ട് തിരിച്ചറിയാൻ കഴിയുന്നുണ്ടോ?
ഏതു പാട്ടിന്റെ കാര്യമാണു പറഞ്ഞുവരുന്നത്? പ്രശസ്തമായ ഏതെങ്കിലും പഴയ പാട്ടിന്റെ കാര്യമാണോ? അതെ, പഴയ പാട്ടു തന്നെ. പക്ഷേ വളരെ വളരെ പഴയതാണെന്നു മാത്രം. ഒരുപക്ഷേ, ഈ ഭൂമിയിൽ അലയടിച്ചിട്ടുള്ളതിലേക്കും ഏറ്റവും പഴയ പാട്ടുകൾ. ഏതാണ് അവ? പക്ഷികളുടെ പാട്ടുകൾ.
പല ആളുകളും പക്ഷികളെ തിരിച്ചറിയുന്നത് അവയുടെ നിറം, ആകൃതി, പറക്കുന്ന രീതി, കൂടുകൂട്ടുന്ന രീതി ഇവയൊക്കെ നോക്കിയാണ്. എന്നാൽ പാട്ടു കേട്ട് പക്ഷികളെ തിരിച്ചറിയാൻ പാകത്തിന് നിങ്ങൾ എപ്പോഴെങ്കിലും അവ ശ്രദ്ധിച്ചിട്ടുണ്ടോ?
ചില പക്ഷികളെ ഇങ്ങനെ തിരിച്ചറിയാൻ വളരെ എളുപ്പമാണ്. അവയുടെ പാട്ടുകൾക്കു വൈവിധ്യം തീരെയില്ല എന്നതു തന്നെ കാരണം. വികൃതിക്കാക്കയുടെ കാര്യമെടുക്കുക. ഏറ്റവും ബുദ്ധിയുള്ള പക്ഷികളുടെ കൂട്ടത്തിലാണു സ്ഥാനമെങ്കിലും പരുക്കൻ ശബ്ദത്തിലുള്ള “കാ, കാ” വിളി കേൾക്കുമ്പോൾ തന്നെ ആരും അവനെ നൊടിയിടയിൽ തിരിച്ചറിയും. റൂക്കുകളുടെ കാര്യവും ഇങ്ങനെ തന്നെ. അവ അടുത്തെങ്ങാനുമുണ്ടെങ്കിൽ പിന്നെ “കാ, കാ” എന്ന കലമ്പൽ കൊണ്ട് അവിടമാകെ മുഖരിതമാകും. ഇനി, മറ്റൊരു പക്ഷിയുണ്ട്, പേര് ഹ്വിപ്പുർവിൽ. രാത്രിയിലെ അതിന്റെ വിഷാദമൂകമായ പാട്ടു നിങ്ങളെ വല്ലാതെ ദേഷ്യം പിടിപ്പിച്ചേക്കാം. സുഖമായി ഒന്ന് ഉറങ്ങാം എന്നു വിചാരിക്കുമ്പോഴാകും ഒരു അവസാനവുമില്ലാത്തതു പോലെ അതു പാട്ടുപാടാൻ തുടങ്ങുക. ആ പാട്ടു കേട്ടാൽ അതു തന്റെ പേര് ആവർത്തിക്കുകയാണ് എന്നു തോന്നും.
എന്നാൽ ഇതിനു നേരെ വിപരീതമാണ് മറ്റു ചില പക്ഷികളുടെ കാര്യം. “ചതുപ്പു വയൽക്കിളികളുടെ ഗാനശേഖരത്തിൽ 100-ലധികം പാട്ടുകൾ ഉണ്ട്. പരിഹാസപ്പക്ഷികൾക്കാണെങ്കിൽ 100-നും 200-നും ഇടയ്ക്കു പാട്ടുകൾ അറിയാം. ഒരു ബ്രൗൺ ത്രാഷറാകട്ടെ 2,000-ത്തിലധികം പാട്ടുകളുടെ ഒരു കലാവിരുന്നു കാഴ്ചവെച്ചു”!—ഓഡബെൻ, മാർച്ച്-ഏപ്രിൽ 1999.
സാധാരണഗതിയിൽ ആൺപക്ഷികളാണ് പാട്ടുപാടുക. ഒരു പ്രത്യേക പ്രദേശത്തിന്റെ അധീശത്വം തനിക്കാണെന്നു വിളിച്ചറിയിക്കുന്നതിനോ പെൺപക്ഷികളെ ആകർഷിക്കുന്നതിനോ ഒക്കെ വേണ്ടി ആകാം ഇത്. ചിലപ്പോൾ ചില പെൺപക്ഷികളും ഈ സംഗീതക്കച്ചേരിയിൽ പങ്കുചേരാറുണ്ട്. വടക്കൻ അഥവാ ബാൾട്ടിമോർ മഞ്ഞക്കിളികൾ, വടക്കെ അമേരിക്കയിലെ കർദിനാൾ പക്ഷികൾ, ഇളം ചെമപ്പു മാറുള്ള ഗ്രോസ്ബീക്കുകൾ എന്നിവയുടെ കാര്യത്തിൽ ഇതു സത്യമാണ്.
നിങ്ങളുടെ പ്രദേശത്തുള്ള പക്ഷികളെ നിങ്ങൾക്ക് അറിയാമോ? അനേകം രാജ്യങ്ങളിലും, പക്ഷികളുടെ റെക്കോർഡു ചെയ്ത പാട്ടുകൾ ലഭ്യമാണ്. പക്ഷികളെ അവയുടെ പാട്ടു കേട്ടു തിരിച്ചറിയാൻ ഇവ സഹായിച്ചേക്കും. ഓരോ മണിക്കൂറിലും വ്യത്യസ്ത പക്ഷികളുടെ പാട്ടുകൾ കേൾപ്പിക്കുന്ന ക്ലോക്കുകൾ പോലും നിങ്ങൾക്കു വാങ്ങാൻ കഴിയും. അങ്ങനെ, ചുരുങ്ങിയത് 12 പക്ഷികളുടെ പാട്ടുകൾ എങ്കിലും നിങ്ങൾക്കു പെട്ടെന്നു പഠിക്കാൻ കഴിയും!
[31-ാം പേജിലെ ചിത്രം]
ചതുപ്പ് വയൽക്കിളി
[31-ാം പേജിലെ ചിത്രം]
ചെമന്ന മാറുള്ള ഗ്രോസ്ബീക്ക്
[31-ാം പേജിലെ ചിത്രം]
കർദിനാൾ പക്ഷി