ലോകത്തെ വീക്ഷിക്കൽ
അണുബാധയേറ്റ ഹീമോഫീലിയ രോഗികൾക്കു നഷ്ടപരിഹാരം
“അനാസ്ഥയുടെയും മേൽനോട്ടക്കുറവിന്റെയും” “[അണുബാധിത] രക്തോത്പന്നങ്ങൾ നീക്കം ചെയ്യുന്നതിലെ താമസത്തിന്റെയും” പേരിൽ റോമൻ സിവിൽ കോടതി ഇറ്റാലിയൻ ആരോഗ്യ മന്ത്രാലയത്തിനെതിരെ വിധി പുറപ്പെടുവിച്ചു. അണുബാധിത രക്തോത്പന്നങ്ങൾ വഴിയായി ഹെപ്പറ്റൈറ്റിസ് അഥവാ കരൾവീക്കം ഉണ്ടാകുകയോ എയ്ഡ്സ് വൈറസ് ബാധിക്കുകയോ ചെയ്ത 385 ഹീമോഫീലിയ രോഗികൾക്ക്—അവരിൽ മൂന്നിലൊന്നു പേർ ഇതിനോടകം മരണമടഞ്ഞു—നഷ്ടപരിഹാരം നൽകാൻ കോടതി പ്രസ്തുത മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള ഇറ്റാലിയൻ ഫോറൻസിക് യൂണിയന്റെ പ്രസിഡന്റായ അറ്റോർണി മാര്യോ ലാന പറയുന്നതനുസരിച്ച്, “ഇറ്റാലിയൻ ഗവൺമെന്റിന്റെ കുറ്റകരവും ബുദ്ധിശൂന്യവുമായ പെരുമാറ്റത്തിന്റെ നേരിട്ടുള്ള ഫലമാണു ഹീമോഫീലിയ രോഗികൾ അനുഭവിച്ച യാതന എന്ന വസ്തുതയ്ക്ക് ഈ കോടതി വിധി അടിവരയിടുന്നു.” ഇറ്റലിയിൽ ഏകദേശം 2,000 ഹീമോഫീലിയ രോഗികൾക്ക് എയ്ഡ്സ് വൈറസും 5,000-ത്തോളം പേർക്ക് ഹെപ്പറ്റൈറ്റിസ് സി-യും പിടിപെട്ടിരിക്കുന്നു. അണുബാധിത രക്തോത്പന്നങ്ങൾ കുത്തിവെച്ചതിന്റെ ഫലമായി 1,246 ഇറ്റലിക്കാർ മരണമടഞ്ഞിരിക്കുന്നു.
മാരകമായ കോളറബാധ
ഫെബ്രുവരിയിൽ പൊട്ടിപ്പുറപ്പെട്ട മാരകമായ കോളറബാധ നിമിത്തം “പാകം ചെയ്യാത്ത എല്ലാത്തരം ആഹാര പദാർഥങ്ങളുടെയും തെരുവു വ്യാപാരം” നിരോധിക്കാൻ സാംബിയയിലെ ലൂസാക്ക നഗര കൗൺസിൽ നിർബന്ധിതമായി എന്ന് ടൈംസ് ഓഫ് സാംബിയ റിപ്പോർട്ടു ചെയ്യുന്നു. അതിനുപുറമേ, “തലസ്ഥാനത്തെ കോളറ മരണനിരക്ക് 42 ആയി കുതിച്ചുയർന്നപ്പോൾ” ഹോട്ടലുകളും റെസ്റ്ററന്റുകളും “24 മണിക്കൂറും നിരീക്ഷണത്തിൽ” വെക്കപ്പെട്ടു എന്ന് ആ റിപ്പോർട്ട് പറയുന്നു. ഈ രോഗം “രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും വർധിച്ചതിൽ” ആരോഗ്യരംഗത്തെ അധികൃതർ ഉത്കണ്ഠ പ്രകടിപ്പിച്ചു. പ്രശ്നത്തോടു പോരാടുന്നതിന് ആരോഗ്യ-വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഒരു കോളറ ദൗത്യ സംഘം രൂപീകരിച്ചു. ചപ്പുചവറുകൾ നീക്കം ചെയ്യാനായി അവർ കൂടുതൽ ആളുകളെ കൂലിക്കെടുക്കുകയും മലിനമായ ഭൂഗർഭ ജലം കലരാൻ സാധ്യതയുള്ള ആഴംകുറഞ്ഞ കിണറുകളിലെ വെള്ളത്തിൽ ക്ലോറിൻ ചേർക്കുകയും ചെയ്യുന്നു. “കോളറബാധ നിയന്ത്രണ വിധേയമാക്കുകയാണു ഞങ്ങളുടെ ലക്ഷ്യം,” ലൂസാക്കാ നഗര കൗൺസിലിന്റെ വക്താവായ ഡാനിയേൽ എംസോക പ്രസ്താവിച്ചു.
അവഗണിക്കപ്പെടുന്ന ഹൃദയം
“ആരോഗ്യം മെച്ചപ്പെടുത്താനുള്ള പടികൾ സ്വീകരിക്കുന്നതിനു പകരം, കാനഡയിലെ സ്ത്രീകൾ ഹൃദയത്തെ പാടേ അവഗണിക്കുകയാണ്” എന്ന് നാഷനൽ പോസ്റ്റ് വർത്തമാനപത്രം പറയുന്നു. കാനഡയിലെ ‘ഹൃദയ-മസ്തിഷ്കാഘാത ഗവേഷണ സ്ഥാപനം’ 45-നും 74-നും ഇടയ്ക്കു പ്രായമുള്ള 400 സ്ത്രീകളുടെയിടയിൽ സമീപകാലത്തു നടത്തിയ ഒരു സർവേയിൽ കണ്ടെത്തിയ പ്രകാരം, “30% പേർ മാത്രമേ ശരിയായ തൂക്കം നിലനിർത്തുന്നുള്ളൂ. 36% ശാരീരികമായി ഊർജസ്വലർ ആണ്. നൂറുകൂട്ടം ഉത്തരവാദിത്വങ്ങൾ നിമിത്തം 74% പേർ തങ്ങൾ സമ്മർദത്തിൻ കീഴിലാണെന്ന് റിപ്പോർട്ടു ചെയ്തു.” സ്ഥാപനത്തിന്റെ വക്താവായ എലിസാ ഫ്രീമാൻ ഇങ്ങനെ നിഗമനം ചെയ്തു: “സ്ത്രീകൾ സ്വയം പരിചരിക്കുന്നതിനെക്കാൾ അധികമായി തങ്ങളുടെ ഭർത്താക്കന്മാരെയാണു പരിചരിക്കുന്നത്.” ആ റിപ്പോർട്ട് അനുസരിച്ച്, “ഹൃദ്രോഗവും മസ്തിഷ്കാഘാതവുമാണു 40 ശതമാനം സ്ത്രീകളുടെയും മരണത്തിനു കാരണം—പ്രതിവർഷം 41,000-ത്തിലധികം പേരാണു മരണമടയുന്നത്.”
പുരുഷന്മാരുടെ പ്രത്യുത്പാദന ശേഷി കുറയുന്നു
“1930-കളുടെ അവസാനം മുതൽ ഐക്യനാടുകളിലും യൂറോപ്പിലും ഉള്ള പുരുഷന്മാരിൽ ബീജാണുക്കളുടെ ശരാശരി എണ്ണം കുത്തനെ കുറഞ്ഞിരിക്കുന്നു—50 ശതമാനത്തിൽ അധികം,” വേൾഡ് വാച്ച് മാസിക റിപ്പോർട്ടു ചെയ്യുന്നു. “പുരുഷന്മാരുടെ പ്രത്യുത്പാദനശേഷി സാധ്യതയനുസരിച്ച് കുറഞ്ഞുവരുകയാണെന്നും പരിസ്ഥിതി മലിനീകാരികളായിരിക്കാം അതിനു കാരണമെന്നും ഉള്ള ഉത്കണ്ഠയ്ക്ക് ആ കണ്ടുപിടിത്തം ആക്കംകൂട്ടുന്നു.” 14,000-ത്തിലധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള, 1938 മുതൽ പ്രസിദ്ധീകരിച്ചിരിക്കുന്ന 61 പഠനങ്ങളെ ആസ്പദമാക്കിയുള്ളതാണ് ഈ നിഗമനം. ചില പാരിസ്ഥിതിക രാസവസ്തുക്കൾ ശരീരത്തിലെ അന്തഃസ്രാവി വ്യവസ്ഥയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും വളർച്ചയെയും വികാസത്തെയും പ്രത്യുത്പാദനത്തെയും നിയന്ത്രിക്കുന്നതിനുള്ള അതിന്റെ പ്രാപ്തി ക്ഷയിപ്പിക്കുകയും ചെയ്യുന്നുവെന്നു കരുതപ്പെടുന്നു. ഏകദേശം 60 രാസവസ്തുക്കൾ അത്തരം പ്രശ്നങ്ങൾക്കു കാരണമായിരിക്കുന്നതായി അറിയപ്പെടുന്നു. എന്നുവരികിലും, “ഇന്ന് ഉപയോഗത്തിലുള്ളതായി കണക്കാക്കപ്പെടുന്ന 80,000 കൃത്രിമ രാസവസ്തുക്കളിൽ തീരെ ചെറിയ ഒരംശം മാത്രമേ അന്തഃസ്രാവി പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ടോ എന്ന പരിശോധനയ്ക്കു വിധേയമായിട്ടുള്ളൂ” എന്ന് വേൾഡ് വാച്ച് പറയുന്നു.
ഒരു “അദൃശ്യ രോഗം”
“വികസ്വരരാജ്യങ്ങളിൽ 1.5 കോടി മുതൽ 1.8 കോടി വരെ കുട്ടികളുടെ രക്തത്തിൽ ഉയർന്ന അളവിൽ ഈയം കലർന്നിരിക്കുന്നതായി കണക്കാക്കപ്പെടുന്നു” എന്ന് ‘പാരിസ്ഥിതിക വാർത്താ ഏജൻസി’ റിപ്പോർട്ടു ചെയ്യുന്നു. ഉദാഹരണത്തിന്, ഇന്ത്യയിലെ കുട്ടികളുടെ ബുദ്ധിപരമായ പ്രാപ്തിയെ അവരുടെ ശരീരത്തിനുള്ളിൽ കടന്നിരിക്കുന്ന ഈയം വളരെയേറെ ബാധിച്ചിരിക്കുന്നതായി തെളിഞ്ഞിരിക്കുന്നു. ഡോ. എബ്രഹാം ജോർജ് പറയുന്നതനുസരിച്ച്, കുട്ടികൾ “ദീർഘനേരം ഈയവുമായി സമ്പർക്കത്തിൽ വരുന്നതു തലച്ചോറിനു ക്ഷതം വരുത്തുന്നതിനാൽ അവർക്കു ബുദ്ധിപരമായ പ്രാപ്തി . . . കുറയുന്നു,” ദി ഇൻഡ്യൻ എക്സ്പ്രസ് റിപ്പോർട്ടു ചെയ്യുന്നു. ഇന്ത്യൻ നഗരങ്ങളിലെ വാഹനങ്ങൾ ഇപ്പോഴും ഈയം അടങ്ങിയിട്ടുള്ള പെട്രോൾ ഉപയോഗിക്കുന്നതാണ് ഈയ വിഷബാധയ്ക്കു പ്രധാന കാരണം. ഈയ വിഷബാധ ദാരിദ്ര്യം, പട്ടിണി എന്നിവയോടുള്ള താരതമ്യത്തിൽ അത്ര പെട്ടെന്ന് ശ്രദ്ധ പിടിച്ചെടുക്കാത്തതിനാൽ ഡോ. ജോർജ് അതിനെ “അദൃശ്യ രോഗം” എന്നു വിളിക്കുന്നു.
ഇൻഫ്ളുവൻസാ, നരവേട്ട തുടരുന്നു
ഇൻഫ്ളുവൻസാ എന്ന മാരക രോഗത്തോട് എങ്ങനെ പോരാടാം എന്നു ചർച്ച ചെയ്യുന്നതിനായി അതേക്കുറിച്ചു പഠനം നടത്തുന്ന 300-ലധികം പ്രമുഖ വിദഗ്ധർ ഈയിടെ സ്വിറ്റ്സർലൻഡിലെ ജനീവയിലുള്ള ലോകാരോഗ്യ സംഘടനയുടെ (ഡബ്ലിയുഎച്ച്ഒ) ആസ്ഥാനത്തു കൂടിവന്നു. കഴിഞ്ഞ 50 വർഷംകൊണ്ട് കാര്യമായ പുരോഗതികൾ കൈവരിച്ചിട്ടും, പ്രതിവർഷം ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിക്കൊണ്ട് ഇൻഫ്ളുവൻസാ നരവേട്ട തുടരുന്നതായി ‘ഐക്യരാഷ്ട്ര പബ്ലിക് ഇൻഫർമേഷൻ വിഭാഗം’ റിപ്പോർട്ടു ചെയ്യുന്നു. മെച്ചപ്പെട്ട വിധത്തിൽ ഇൻഫ്ളുവൻസായെ പ്രതിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിനുള്ള ഒരു പദ്ധതി ഡബ്ലിയുഎച്ച്ഒ ജനശ്രദ്ധയിൽ കൊണ്ടുവരും. “സമസ്തവ്യാപക വ്യാധിയായി പരിണമിക്കുന്ന ഇൻഫ്ളുവൻസാ” എന്ന് ഡബ്ലിയുഎച്ച്ഒ വിളിക്കുന്ന ഒന്നിനെ നേരിടാൻ ജനങ്ങളെ ഒരുക്കുന്നതിനായി രൂപകൽപ്പന ചെയ്തതാണ് അത്. ഡബ്ലിയുഎച്ച്ഒ-യുടെ ഡയറക്ടർ ജനറൽ, ഡോ. ഗ്രോ ഹാർലെം ബ്രന്റ്ലാൻ പറയുന്നതനുസരിച്ച്, “ഈ ഇൻഫ്ളുവൻസാ പെട്ടെന്നു സമസ്തവ്യാപകമാകും. അതുകൊണ്ട് അതു തുടങ്ങിക്കഴിഞ്ഞാൽ പ്രതികരിക്കാൻ സമയം തീരെ കുറവായിരിക്കും.”
ശിശുദ്രോഹം സംബന്ധിച്ച അവബോധം വളരുന്നുവോ?
കരാക്കസിലെ വർത്തമാനപത്രമായ എൽ യൂണിവേഴ്സാൽ പറയുന്നതനുസരിച്ച്, വെനെസ്വേലയിൽ ലൈംഗികമായി ദ്രോഹിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം 1980-ൽ 10-ൽ 1 ആയിരുന്നെങ്കിൽ ഇന്നത് 10-ൽ 3 ആയി വർധിച്ചിരിക്കുന്നു. 1980-ൽ ദുഷ്പെരുമാറ്റത്തിനു വിധേയരായിരുന്ന കുട്ടികളുടെ ശരാശരി വയസ്സ് 12-നും 14-നും ഇടയ്ക്കായിരുന്നു. എന്നാൽ, ഇന്നു ഭൂരിഭാഗവും മൂന്നു വയസ്സിനു താഴെ ഉള്ളവരാണ്. ഘോരമായ അത്തരം കുറ്റകൃത്യത്തിനു പിന്നിൽ മുഖ്യമായും ആരാണ്? മിഠായി കാട്ടി കുട്ടികളെ വശത്താക്കാൻ ശ്രമിച്ചുകൊണ്ടു സ്കൂളിന്റെ പരിസരത്തും മറ്റും കൗശലപൂർവം ചുറ്റിക്കറങ്ങുന്ന അപരിചിതർ ആണ് അത് എന്നതിൽ തെല്ലും കഴമ്പില്ല. 70 ശതമാനം ശിശുദ്രോഹികളും ബന്ധുക്കളോ കുടുംബ സുഹൃത്തുക്കളോ ആണെന്ന് എൽ യൂണിവേഴ്സാൽ വ്യക്തമാക്കുന്നു. അതിൽ പകുതിയിലധികവും രണ്ടാനച്ഛന്മാരോ രണ്ടാനമ്മമാരോ ആണ്. ശേഷിച്ചവർ സാധാരണഗതിയിൽ ജ്യേഷ്ഠനോ കസിനോ അധ്യാപകനോ പോലെ കുട്ടികളുടെമേൽ അധികാരമുള്ള ആരെങ്കിലുമാണ്.
മൊണാർക്ക് ചിത്രശലഭം ഭീഷണിയിൽ
ഓരോ ശരത്കാലത്തും ലക്ഷക്കണക്കിനു മൊണാർക്ക് ചിത്രശലഭങ്ങൾ കാനഡയിൽ നിന്നു കാലിഫോർണിയയിലെയും മധ്യ മെക്സിക്കോയിലുള്ള സിയെരാ മാഡ്രെ പർവതനിരകളിലെയും തങ്ങളുടെ ശീതകാല വാസസ്ഥാനങ്ങളിലേക്ക് 3,200-ലധികം കിലോമീറ്റർ താണ്ടി ദേശാടനം നടത്തുന്നു. എന്നാൽ, ഈയിടെ മൊണാർക്കുകളുടെ മെക്സിക്കോയിലുള്ള താവളങ്ങൾ ഭീഷണിയിൽ ആയിരിക്കുന്നു. മണ്ണൊലിപ്പു സംഭവിക്കുകയും അവിടെയുള്ള ഓയാമെൽ ഫിർ മരങ്ങൾ (അബിറ്റേസിയേ കുലത്തിൽപ്പെട്ട ഒരു മരം) നിയമവിരുദ്ധമായി വെട്ടിയെടുക്കുകയും ചെയ്യുന്നതാണ് അതിനു കാരണം. തന്മൂലം, “കഴിഞ്ഞ രണ്ടു വർഷത്തിലധികമായി, ഇവിടെ ശീതകാലം ചെലവഴിക്കുന്ന മൊണാർക്കുകളുടെ എണ്ണത്തിൽ 70 ശതമാനം കുറവുണ്ടായിരിക്കുന്നു” എന്ന് മെക്സിക്കോ നഗരത്തിലെ ദ ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. വിനോദസഞ്ചാര വ്യവസായം സ്ഥലത്തെ ചിലർക്കു വരുമാനമേകുമ്പോൾ, മറ്റു ചിലർ ഉപജീവനത്തിനായി ഈ സംരക്ഷിത മരങ്ങൾ രാത്രിയിൽ വെട്ടിയെടുത്തു ട്രക്കുകളിലാക്കി കടത്തിക്കൊണ്ടുപോകുന്നു. “ഈ വിധത്തിലുള്ള നാശം തുടരുന്നപക്ഷം, വടക്കേ അമേരിക്കയിലെ വേനൽക്കാല മൊണാർക്കുകൾക്ക് അപ്പാടെ വംശനാശം സംഭവിച്ചേക്കാം” എന്ന് ദ ന്യൂസ് പറയുന്നു.
മോട്ടോർവാഹന ഭ്രമം
‘അമേരിക്കൻ മോട്ടോർവാഹന നിർമാതാക്കളുടെ സമിതി’ പറയുന്നതനുസരിച്ച്, ഐക്യനാടുകൾ ഉത്പാദിപ്പിച്ച മോട്ടോർവാഹനങ്ങളുടെ എണ്ണം ഈയിടെ 10 കോടിയിൽ എത്തി. “ആദ്യത്തെ 10 ലക്ഷം മോട്ടോർവാഹനങ്ങൾ നിർമിക്കാൻ 25 വർഷമെടുത്തു” എന്ന് അവമർദിത വായു (ഇംഗ്ലീഷ്) എന്ന മാസിക റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ, “ഇപ്പോൾ ഓരോ പ്രവൃത്തി ദിവസവും മിനിട്ടിൽ 30 കാറുകളും പത്തു ട്രക്കുകളും ബസ്സുകളും എന്ന നിരക്കിലാണ് ഉത്പാദനം.” വാഹനഭാഗങ്ങൾ നിർമിക്കുന്ന ഫാക്ടറികളിലും അവ കൂട്ടിയിണക്കുന്ന പ്ലാന്റുകളിലും ജോലി ചെയ്യുന്നവരുടെയും വാഹനങ്ങൾ വിൽക്കുന്നതിലും അതു സർവീസ് ചെയ്യുന്നതിലും ഏർപ്പെട്ടിരിക്കുന്നവരുടെയും ഡ്രൈവർമാരുടെയും കണക്കെടുത്താൽ ഐക്യനാടുകളിൽ ശമ്പളം പറ്റുന്ന ഏതാണ്ട് 7-ൽ ഒരാൾ വീതം മോട്ടോർവാഹന വ്യവസായ മേഖലയിൽ നിന്നുള്ളവരാണ്. ഇപ്പോൾ 4 കോടിയോളം വാഹനങ്ങൾ ഐക്യനാടുകളിൽ ഉപയോഗത്തിലുള്ളതായി കണക്കാക്കപ്പെടുന്നു.
വിദ്യാഭ്യാസ പ്രതിസന്ധി
“വികസ്വര രാജ്യങ്ങൾ വിദ്യാഭ്യാസ പ്രതിസന്ധി നേരിടുകയാണ്. കാരണം, 12.5 കോടി കുട്ടികൾ—കൂടുതലും പെൺകുട്ടികൾ—സ്കൂളിൽ പോകാത്തതിനു പുറമെ, 15 കോടി കുട്ടികൾ എഴുത്തും വായനയും പഠിക്കുന്നതിനു മുമ്പുതന്നെ സ്കൂൾ വിട്ടുപോരുന്നു” എന്ന് ഇംഗ്ലണ്ട്സ് ന്യൂസ് അൺലിമിറ്റഡ് റിപ്പോർട്ടു ചെയ്യുന്നു. ഇപ്പോൾ, വികസ്വര രാജ്യങ്ങളിലെ മുതിർന്ന വ്യക്തികളിൽ 4-ൽ ഒരാൾ വീതം, അഥവാ 87.2 കോടി ആളുകൾ, നിരക്ഷരരാണ്. നിരക്ഷരത കൂടുതലുള്ള രാജ്യങ്ങൾ സമ്പന്ന രാഷ്ട്രങ്ങളിൽ നിന്നു പണം വായ്പ വാങ്ങുമ്പോൾ വിദ്യാഭ്യാസ പ്രതിസന്ധി രൂക്ഷമാകുകയാണു ചെയ്യുന്നത്. എന്തുകൊണ്ട്? വിദ്യാഭ്യാസത്തിന് അനിവാര്യമായ പണം മിക്കപ്പോഴും കടങ്ങൾ വീട്ടാനാണ് ഉപയോഗിക്കുന്നത്. അങ്ങനെ, നിരക്ഷരതയുടെ ചക്രം തിരിഞ്ഞുകൊണ്ടേയിരിക്കുന്നു, ദാരിദ്ര്യത്തിന് ഒരിക്കലും അന്തം കാണാൻ കഴിയുന്നുമില്ല.