ജീവന്റെ നിഗൂഢതയ്ക്കു പിന്നിൽ എന്താണ്?
ഡിഎൻഎ തന്മാത്ര അത്ഭുതകരമായ അനേകം കാര്യങ്ങൾ ചെയ്യുന്നു. ജനിതക വിവരങ്ങൾകൊണ്ട് കോശത്തിൽ ഏതു രണ്ടു ധർമങ്ങൾ നിർവഹിക്കപ്പെടേണ്ടതുണ്ടോ അവ രണ്ടും ഡിഎൻഎ നിർവഹിക്കുന്നു. ആദ്യമായി, ഒരു കോശത്തിൽനിന്നു മറ്റൊരു കോശത്തിലേക്കു വിവരങ്ങൾ കൈമാറാൻ സാധിക്കത്തക്കവിധം ഡിഎൻഎ-യുടെ കൃത്യമായ ഒരു പകർപ്പ് ഉണ്ടാക്കപ്പെടുന്നു. രണ്ടാമതായി, ഏതു മാംസ്യങ്ങൾ നിർമിക്കണം എന്ന് ഡിഎൻഎ അനുക്രമം കോശത്തോടു നിർദേശിക്കുന്നു, അങ്ങനെ കോശം ഏതു തരത്തിലുള്ളതായി തീരുമെന്നും അത് എന്തു ധർമം നിർവഹിക്കുമെന്നും നിർണയിക്കപ്പെടുന്നു. എന്നിരുന്നാലും, ഈ പ്രക്രിയകളെല്ലാം ഡിഎൻഎ നിർവഹിക്കുന്നതു തനിയെയല്ല. സവിശേഷ ധർമങ്ങളുള്ള പല മാംസ്യങ്ങളും അതിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഡിഎൻഎ-യ്ക്കു സ്വന്തമായി ജീവനെ ഉളവാക്കാൻ കഴിയില്ല. ജീവനുള്ള ഒരു കോശത്തിന് ആവശ്യമായ എല്ലാ മാംസ്യങ്ങളും—പുത്രികാ കോശങ്ങൾക്കു വേണ്ടി ഡിഎൻഎ-യുടെ പകർപ്പുണ്ടാക്കുന്നവയും പുതിയ മാംസ്യങ്ങൾ ഉണ്ടാക്കാൻ ഡിഎൻഎ-യെ സഹായിക്കുന്നവയും ഉൾപ്പെടെ—നിർമിക്കാൻ വേണ്ട നിർദേശങ്ങളെല്ലാം അതിൽ അടങ്ങിയിട്ടുണ്ട്. എങ്കിലും, ഡിഎൻഎ ജീനുകളിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ ‘വായിക്കാനും’ ഉപയോഗിക്കാനും ആവശ്യമായ ആർഎൻഎ-യും റൈബോസോം ഉൾപ്പെടെയുള്ള പ്രത്യേക മാംസ്യങ്ങളും ഇല്ലെങ്കിൽ അമ്പരപ്പിക്കുന്ന അളവിലുള്ള ആ വിവരങ്ങൾ കൊണ്ടു യാതൊരു പ്രയോജനവുമില്ല.
മാംസ്യങ്ങൾക്കും സ്വന്തമായി ജീവനെ ഉളവാക്കാൻ കഴിയുകയില്ല. ഒറ്റപ്പെട്ട ഒരു മാംസ്യത്തിന്, അതേ തരത്തിൽ പെടുന്ന മാംസ്യങ്ങൾ ഉണ്ടാക്കാൻ ആവശ്യമായ കോഡ് ഉള്ള ജീൻ ഉളവാക്കാൻ സാധിക്കില്ല.
അതുകൊണ്ട് ജീവന്റെ നിഗൂഢതയുടെ മറനീക്കുകവഴി എന്താണു മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്? ഡിഎൻഎ-യും ആർഎൻഎ-യും മാംസ്യവും തമ്മിൽ അത്യന്തം സങ്കീർണമായ വിധത്തിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനുള്ള സുവ്യക്തമായ തെളിവുകൾ ആധുനിക ജനിതക വിജ്ഞാനവും തന്മാത്രാ ജീവശാസ്ത്രവും പ്രദാനം ചെയ്തിരിക്കുന്നു. ഈ ഘടകങ്ങളെല്ലാം ഒരേ സമയത്ത് ഉണ്ടായിരുന്നാലേ ജീവൻ ഉളവാകൂ എന്ന് ഈ കണ്ടെത്തലുകളെല്ലാം സൂചിപ്പിക്കുന്നു. അതുകൊണ്ട് ഒരിക്കലും യാദൃച്ഛികമായി തനിയെ ഉളവായ ഒന്നല്ല ജീവൻ.
അത്യന്തം ബുദ്ധിശാലിയായ ഒരു സ്രഷ്ടാവ് ഡിഎൻഎ-യിൽ നിർദേശങ്ങൾ കോഡ് ചെയ്തു വെച്ചു എന്നും ഒപ്പം പൂർണമായി വികാസം പ്രാപിച്ച നിലയിൽ മാംസ്യങ്ങളെയും ഉണ്ടാക്കി എന്നുമാണ് അതിനുള്ള ന്യായയുക്തമായ ഏക വിശദീകരണം. അവ തമ്മിലുള്ള പ്രവർത്തനം അതീവ കൃത്യതയോടെ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, ഒരിക്കൽ തുടങ്ങിക്കഴിഞ്ഞാൽ മാംസ്യങ്ങൾ കൂടുതൽ ജീനുകൾ ഉണ്ടാക്കാനായി ഡിഎൻഎ-യുടെ പകർപ്പുകൾ നിർമിച്ചുകൊണ്ടിരിക്കുമെന്നും അതേസമയം കൂടുതൽ മാംസ്യങ്ങൾ നിർമിക്കപ്പെടാനായി മറ്റു മാംസ്യങ്ങൾ ജീനുകളിൽ കോഡു ചെയ്തിരിക്കുന്ന നിർദേശങ്ങൾ വിവർത്തനം ചെയ്തുകൊണ്ടിരിക്കുമെന്നും ഈ പ്രക്രിയ ഉറപ്പുവരുത്തുമായിരുന്നു.
വിസ്മയാവഹമായ ജീവനചക്രം പ്രവർത്തനപഥത്തിലാക്കിയത് മഹാ രൂപകൽപ്പിതാവായ യഹോവയാം ദൈവമാണെന്നു വ്യക്തം.
അത്ഭുതകരമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു
ബൈബിൾ ഒരു ശാസ്ത്ര ഗ്രന്ഥമല്ലെങ്കിലും അത് ജീവന്റെ കോഡ് രൂപകൽപ്പന ചെയ്ത സ്രഷ്ടാവിന്റെ പങ്കിനെ കുറിച്ചു ചില വിവരങ്ങൾ നൽകുന്നു. ഏതാണ്ട് മൂവായിരം വർഷം മുമ്പ്, ജനിതക ഗവേഷണത്തിലെ ഇന്നത്തെ പുരോഗതിയെ കുറിച്ച് യാതൊന്നും അറിഞ്ഞുകൂടായിരുന്ന ഇസ്രായേൽ രാജാവായ ദാവീദ് കാവ്യഭാഷയിൽ തന്റെ സ്രഷ്ടാവിനോട് ഇങ്ങനെ പറഞ്ഞു: “നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു, എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു. ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു. ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ നിർമ്മിക്കപ്പെടുകയും ചെയ്തപ്പോൾ എന്റെ അസ്ഥികൂടം നിനക്കു മറവായിരുന്നില്ല.”—സങ്കീർത്തനം 139:13-15.
അതുകൊണ്ട് ഒരിക്കൽക്കൂടെ കണ്ണാടിയിൽ നിങ്ങളെത്തന്നെ സൂക്ഷിച്ചു നോക്കുക. നിങ്ങളുടെ ശരീരത്തിന്റെ ആകൃതിയും ത്വക്കിന്റെയും കണ്ണിന്റെയും നിറവും തലമുടിയുടെ ഘടനയും ശ്രദ്ധിക്കുക. പോയ തലമുറകളിൽനിന്ന് ഈ സവിശേഷതകൾ നിങ്ങളിലേക്കു കൈമാറപ്പെട്ട വിധവും അവ നിങ്ങളുടെ സന്താനങ്ങളിലേക്കു കൈമാറപ്പെടുന്ന വിധവും ചിന്തിക്കുക. ഇനി ഒരു നിമിഷം ഈ വിസ്മയാവഹമായ പ്രവർത്തനം ക്രമീകരിച്ച വ്യക്തിയെ കുറിച്ചു ചിന്തിക്കുക. തീർച്ചയായും അപ്പൊസ്തലനായ യോഹന്നാന്റെ ഈ വാക്കുകൾ ആവർത്തിക്കാൻ നിങ്ങൾ പ്രേരിതരായേക്കാം: “കർത്താവേ, [“യഹോവേ,” NW] നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ.”—വെളിപ്പാടു 4:11.
[10-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
വെറുമൊരു യാദൃച്ഛിക സംഭവമോ?
കേവലം യാദൃച്ഛികമായി ഉണ്ടായ ഒന്നല്ല ജനിതക രേഖ എന്ന് രണ്ടു ബ്രിട്ടീഷ് ശാസ്ത്രജ്ഞർ അടുത്തിടെ നടത്തിയ കണ്ടെത്തലുകൾ സ്ഥിരീകരിച്ചു. ജീവന്റെ ചരിത്രത്തിന്റെ ആരംഭത്തിൽ, “തിരഞ്ഞെടുക്കാവുന്ന കോടാനുകോടി [ജനിതക രേഖകൾ] ഉണ്ടായിരുന്നെങ്കിലും ഏറ്റവും ഉത്തമമായ ഒന്നാണ് തിരഞ്ഞെടുക്കപ്പെട്ടത് എന്ന് വിശകലനം തെളിയിക്കുന്ന”തായി ന്യൂ സയന്റിസ്റ്റ് മാസിക അഭിപ്രായപ്പെടുന്നു. അതായത്, ഏകദേശം 1020 (ഒന്നിനു ശേഷം 20 പൂജ്യങ്ങളുള്ള സംഖ്യ) ജനിതക രേഖകൾ ഉള്ളതിൽ ഒരെണ്ണം മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഈ ഒരെണ്ണംതന്നെ തിരഞ്ഞെടുക്കപ്പെടാനുള്ള കാരണം? മാംസ്യ നിർമാണ പ്രക്രിയയുടെ സമയത്ത് ഉണ്ടാകുന്നതോ ജനിതക ഉത്പരിവർത്തനം മൂലം ഉണ്ടാകുന്നതോ ആയ പിഴവുകളെ പരമാവധി കുറയ്ക്കുന്നത് ഇതാണ്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, പാരമ്പര്യ നിയമങ്ങൾ കണിശമായി പിൻപറ്റുന്നുവെന്ന് ഈ പ്രത്യേക ജനിതക രേഖ ഉറപ്പുവരുത്തുന്നു. “അതീവ കൃത്യതയോടെയുള്ള നിർധാരണ പ്രക്രിയ”യാണ് ഈ ജനിതക രേഖയ്ക്കു നിദാനം എന്ന് ചിലർ പറയുന്നുണ്ടെങ്കിലും “ഇത്രയും കാര്യക്ഷമമായ ഒരു ജനിതക രേഖ യാദൃച്ഛികമായി ഉണ്ടാകാൻ ഒട്ടും വഴിയില്ല” എന്ന നിഗമനത്തിലാണ് മേൽപ്പറഞ്ഞ രണ്ടു ഗവേഷകരും എത്തിച്ചേർന്നത്.