സൂക്ഷ്മദർശിനിയിലൂടെ നോക്കുമ്പോൾ
ജീവന്റെ അടിസ്ഥാന ഘടകം എന്നു കോശത്തെ വിളിച്ചിരിക്കുന്നു. സസ്യങ്ങളും ഷഡ്പദങ്ങളും ജന്തുക്കളും മനുഷ്യരും ഉൾപ്പെടെ എല്ലാ ജീവജാലങ്ങളും കോശംകൊണ്ടാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. വർഷങ്ങളോളം ശാസ്ത്രജ്ഞർ കോശത്തിന്റെ ആന്തരിക പ്രവർത്തനങ്ങൾ സൂക്ഷ്മമായി പഠിക്കുകയും തന്മാത്രാ ജീവശാസ്ത്രത്തെയും ജനിതക വിജ്ഞാനത്തെയും കുറിച്ചുള്ള പല രഹസ്യങ്ങളുടെയും ചെപ്പു തുറക്കുകയും ചെയ്തിട്ടുണ്ട്. നമുക്ക് കോശങ്ങളെ ഒന്ന് അടുത്തു പരിശോധിച്ചുകൊണ്ട് കൗതുകമുണർത്തുന്ന, ജീവന്റെ ഈ അതിസൂക്ഷ്മ ഘടകങ്ങളെ കുറിച്ചു ശാസ്ത്രം വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ പരിചിന്തിക്കാം.
അതിസൂക്ഷ്മ തലത്തിലേക്ക് ഒരു എത്തിനോട്ടം
കോശങ്ങൾ വലുപ്പത്തിലും വ്യത്യസ്തങ്ങളാണ്. ചിലത് ദീർഘചതുരാകൃതിയിലുള്ളവയാണ്; മറ്റു ചിലത് സമചതുരാകൃതിയിലുള്ളവയും. വൃത്താകാരത്തിലുള്ളതും, അണ്ഡാകാരത്തിലുള്ളതുമായ കോശങ്ങളുമുണ്ട്. ഇനിയും ചിലതിനാകട്ടെ നിശ്ചിത ആകൃതിയൊന്നുമില്ലതാനും. ഏകകോശ ജീവിയായ അമീബയുടെ കാര്യമെടുക്കാം. നിശ്ചിത ആകൃതിയില്ലാത്ത അതിന്റെ രൂപം ചലിക്കുന്നതിന് അനുസരിച്ചു മാറിക്കൊണ്ടിരിക്കും. രസകരമായി, മിക്കപ്പോഴും ഒരു കോശത്തിന്റെ ആകൃതി അതിന്റെ ധർമത്തെ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, ചില പേശീകോശങ്ങൾ നീണ്ടു നേർത്തതാണ്, പ്രവർത്തനത്തിലായിരിക്കുമ്പോൾ അവ സങ്കോചിക്കുന്നു. ശരീരത്തിലുടനീളം സന്ദേശങ്ങൾ കൈമാറുന്ന നാഡീകോശങ്ങൾക്ക് നീണ്ട ശാഖകൾ ഉണ്ട്.
കോശങ്ങളുടെ വലുപ്പത്തിനും വ്യത്യാസമുണ്ട്. മിക്കവയും നഗ്നനേത്രങ്ങൾക്കു ദൃശ്യമാകാത്തവിധം അത്ര ചെറുതാണ്. ഒരു പൂർണവിരാമ ചിഹ്നത്തിൽത്തന്നെ സാധാരണ വലുപ്പമുള്ള ഏതാണ്ട് 500 കോശങ്ങളെ ഉൾക്കൊള്ളിക്കാൻ കഴിയും! ചില ബാക്ടീരിയാ കോശങ്ങൾക്ക് സാധാരണ വലുപ്പമുള്ള കോശങ്ങളെക്കാൾ ഏതാണ്ട് അമ്പതിലൊന്ന് വലുപ്പമേ ഉള്ളൂ. ഏറ്റവും വലുപ്പം കൂടിയ കോശം ഏതാണ്? ഒട്ടകപ്പക്ഷിയുടെ മുട്ടയുടെ മഞ്ഞക്കരുവിനാണ് ആ ബഹുമതി—ഏതാണ്ട് ഒരു ബേസ്ബോളിന്റെ അല്ലെങ്കിൽ ഒരു ക്രിക്കറ്റ് ബോളിന്റെ വലിപ്പമുള്ള ഒരു ഏകകോശ “ഭീമൻ!”
മിക്ക കോശങ്ങളും നഗ്നനേത്രങ്ങൾക്കു ദൃശ്യമല്ലാത്തതിനാൽ അവയെ കുറിച്ചു പഠിക്കാൻ ശാസ്ത്രജ്ഞർ സൂക്ഷ്മദർശിനിപോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നു.a എങ്കിൽപ്പോലും കോശത്തെ കുറിച്ചുള്ള ചില സങ്കീർണ വിശദാംശങ്ങൾ മുഴുവനായി മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഇതു പരിചിന്തിക്കുക: ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പിന് ഒരു കോശത്തെ ഏതാണ്ട് 2,00,000 മടങ്ങ് വലുതാക്കി കാണിക്കാൻ കഴിയും, അതായത് ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഒരു ഉറുമ്പിനെ 800-ലധികം മീറ്റർ നീളമുള്ളതാക്കി കാട്ടും. ഇത്രയും വലുതാക്കിയാണു കാണിക്കുന്നതെങ്കിൽപ്പോലും കോശത്തിലെ ചില കാര്യങ്ങൾ ദൃശ്യമാകുന്നില്ല!
അങ്ങനെ കോശം അമ്പരപ്പിക്കുംവിധം സങ്കീർണമാണെന്നു ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു. അഞ്ചാമത്തെ അത്ഭുതം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഊർജതന്ത്രജ്ഞനായ പോൾ ഡേവിസ് പറയുന്നു: “ഒരു എഞ്ചിനീയറുടെ മാനുവൽ പ്രകാരം നിർമിക്കപ്പെട്ടതാണോ എന്നു തോന്നിപ്പിക്കുംവിധമുള്ള തീരെ ചെറിയ ഘടനകൾ കോശത്തിലുടനീളം തിങ്ങിനിറഞ്ഞിരിക്കുന്നതായി കാണാം. കൊച്ചു കൊച്ചു ചവണകൾ, കത്രികകൾ, പമ്പുകൾ, മോട്ടോറുകൾ, ലിവറുകൾ, വാൽവുകൾ, പൈപ്പുകൾ, ചങ്ങലകൾ എന്തിന് വാഹനങ്ങൾ പോലും കോശത്തിലുടനീളം കാണാവുന്നതാണ്. എന്നാൽ കോശം ഉപകരണങ്ങൾ നിറച്ച ഒരു സഞ്ചി മാത്രമല്ല. അതിന്റെ വിവിധ ഭാഗങ്ങൾ ഒത്തു ചേർന്ന് ഒരൊറ്റ ഘടനയായി ഒരു ഫാക്ടറിയിലെ വൻ പ്രൊഡക്ഷൻ ലൈൻ പോലെ സുഗമമായി പ്രവർത്തിക്കുന്നു.”
ഡിഎൻഎ—പാരമ്പര്യ തന്മാത്ര
ഒരൊറ്റ കോശത്തിൽ നിന്നാണ് മനുഷ്യരുടെയും ബഹുകോശ സസ്യങ്ങളുടെയും ജന്തുക്കളുടെയുമെല്ലാം ആരംഭം. ഒരു നിശ്ചിത വലുപ്പത്തിലെത്തുമ്പോൾ ആ കോശം വിഭജിച്ച് രണ്ടു കോശങ്ങളാകുന്നു. പിന്നെ ഈ രണ്ടു കോശങ്ങൾ വിഭജിച്ച് നാലാകുന്നു. ഈ വിഭജനം തുടരവെ, വ്യത്യസ്ത ധർമങ്ങൾ നിർവഹിക്കാനുള്ള കോശങ്ങൾ രൂപംകൊള്ളുന്നു—പേശീകോശങ്ങൾ, നാഡീകോശങ്ങൾ, ചർമകോശങ്ങൾ എന്നിങ്ങനെ. ഇതിനിടയിൽ, നിരവധി കോശങ്ങൾ കൂടിച്ചേർന്ന് കലകളുണ്ടാകുന്നു. ഉദാഹരണത്തിന്, പേശീ കോശങ്ങൾ കൂടിച്ചേർന്നാണ് പേശീ കല ഉണ്ടാകുന്നത്. കലകൾ കൂടിച്ചേർന്ന് ഹൃദയം, ശ്വാസകോശങ്ങൾ, നേത്രങ്ങൾ തുടങ്ങിയ വിവിധ അവയവങ്ങൾ ഉണ്ടാകുന്നു.
ഓരോ കോശത്തിന്റെയും നേർത്ത ആവരണത്തിന് അടിയിലായി ജെല്ലിപോലുള്ള ഒരു ദ്രാവകമുണ്ട്, അതാണ് കോശദ്രവ്യം. അതിനുമപ്പുറത്താണു കോശമർമം, ഒരു നേർത്ത സ്തരം അതിനെ കോശദ്രവ്യത്തിൽനിന്നു വേർതിരിക്കുന്നു. കോശത്തിന്റെ ഏതാണ്ട് എല്ലാ പ്രവർത്തനങ്ങളുംതന്നെ നിയന്ത്രിക്കുന്നതു കോശമർമമാണ്. അതുകൊണ്ട് അതിനെ കോശത്തിന്റെ നിയന്ത്രണകേന്ദ്രം എന്നു വിളിക്കുന്നു. കോശമർമത്തിനകത്ത്, ഡി ഓക്സി റൈബോ ന്യൂക്ലിക് അമ്ലത്തിൽ അഥവാ ഡിഎൻഎ-യിൽ കോശത്തിന്റെ ജനിതക വിവരങ്ങൾ എഴുതപ്പെട്ടിരിക്കുന്നു.
കോശത്തിലെ ക്രോമസോമുകൾക്കകത്ത് നന്നായി പിരിഞ്ഞിരിക്കുന്ന അവസ്ഥയിലാണ് ഡിഎൻഎ തന്മാത്രകൾ ഉള്ളത്. ഡിഎൻഎ തന്മാത്രകളുടെ ഖണ്ഡങ്ങളായ ജീനുകളിൽ നിങ്ങളെ നിങ്ങളാക്കുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും അടങ്ങിയിരിക്കുന്നു. “ഡിഎൻഎ-യിലെ ജനിതക വിവരങ്ങളാണ് ഓരോ ജീവിയെയും മറ്റു ജീവികളിൽനിന്നു വ്യത്യസ്തമാക്കുന്നത്” എന്ന് ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ വിവരിക്കുന്നു. “ഈ വിവരങ്ങളാണ് ഒരു പട്ടിയെ മത്സ്യത്തിൽനിന്നും ഒരു വരയൻ കുതിരയെ റോസാപ്പൂവിൽനിന്നും അരളിച്ചെടിയെ കടന്നലിൽനിന്നും വ്യത്യസ്തമാക്കുന്നത്. ലോകത്തിലുള്ള മറ്റ് ഏതൊരു വ്യക്തിയിൽനിന്നും നിങ്ങളെ വ്യത്യസ്തനാക്കുന്നതും ഈ വിവരങ്ങൾതന്നെ.”
നിങ്ങളുടെ ഒരൊറ്റ കോശത്തിലെ ഡിഎൻഎ-യിൽ അടങ്ങിയിരിക്കുന്ന വിവരങ്ങളുടെ അളവുപോലും അത്യന്തം വിസ്മയാവഹമാണ്. ഈ മാസികയുടെ പേജിന്റെ വലുപ്പമുള്ള ഏതാണ്ട് പത്തു ലക്ഷം പേജുകളിൽ ഉൾക്കൊള്ളുന്ന അത്രയും വിവരങ്ങൾ അതിൽ അടങ്ങിയിട്ടുണ്ട്! മാതൃകോശങ്ങളിൽ നിന്ന് പുത്രികാ കോശങ്ങളിലേക്ക് പാരമ്പര്യ വിവരങ്ങൾ കൈമാറുന്നത് ഡിഎൻഎ ആയതുകൊണ്ട് അതിനെ എല്ലാത്തരം ജീവരൂപങ്ങളുടെയും മാസ്റ്റർ പ്ലാൻ എന്നു വിളിച്ചിരിക്കുന്നു. എന്നാൽ ഡിഎൻഎ-യുടെ രൂപഘടന എങ്ങനെയാണ്?
ചുറ്റിപ്പിണഞ്ഞിരിക്കുന്ന രണ്ട് ഇഴകൾ ഡിഎൻഎ-യ്ക്ക് ഉണ്ട്. ചവിട്ടുപടികളുള്ള ഒരു പിരിയൻ കോണിയുടെ അഥവാ ചുറ്റുകോണിയുടെ ആകൃതിയാണ് അതിനുള്ളത്. ബേസുകൾ എന്നു വിളിക്കുന്ന, നാലു സംയുക്തങ്ങൾ ഡിഎൻഎ-യിൽ ഉണ്ട്. ഈ ബേസുകളുടെ ജോഡികളാണ് ഡിഎൻഎ ഇഴകളെ തമ്മിൽ ബന്ധിപ്പിക്കുന്നത്. ഒരു ഇഴയിലെ ബേസ് മറ്റേ ഇഴയിലെ ബേസുമായി ജോഡി ചേരുന്നു. ഈ ബേസ് ജോഡികളാണ് പിരിയൻ കോണിയുടെ രൂപത്തിലുള്ള ഡിഎൻഎ-യുടെ ചവിട്ടുപടികൾ. ഡിഎൻഎ തന്മാത്രയിലെ ബേസുകളുടെ കൃത്യമായ അനുക്രമമാണ് അതു വഹിക്കുന്ന ജനിതക വിവരങ്ങളെ നിർണയിക്കുന്നത്. ലളിതമായി പറഞ്ഞാൽ, നിങ്ങളെ കുറിച്ചുള്ള ഏതാണ്ട് എല്ലാ സംഗതികളും നിർണയിക്കുന്നത് ഈ അനുക്രമമാണ്—നിങ്ങളുടെ തലമുടിയുടെ നിറം മുതൽ മൂക്കിന്റെ ആകൃതി വരെ.
ഡിഎൻഎ-യും ആർഎൻഎ-യും മാംസ്യവും
കോശങ്ങളിൽ ഏറ്റവും അധികമായി കാണപ്പെടുന്ന ബൃഹത് തന്മാത്രകൾ മാംസ്യങ്ങളാണ്. മിക്ക ജീവികളുടെയും കാര്യത്തിൽ ശരീരത്തിന്റെ, ജലാംശം ഒഴികെയുള്ള തൂക്കത്തിന്റെ പകുതിയിൽ അധികത്തിനും നിദാനം ഇവയാണെന്നു കണക്കാക്കപ്പെടുന്നു! അമിനോ അമ്ലങ്ങൾ എന്നു വിളിക്കപ്പെടുന്ന ചെറിയ നിർമാണ ഘടകങ്ങൾ കൊണ്ടാണ് മാംസ്യങ്ങൾ നിർമിക്കപ്പെട്ടിരിക്കുന്നത്. ഇവയിൽ ചിലത് നിങ്ങളുടെ ശരീരം സ്വയം നിർമിക്കുന്നവയാണ്; മറ്റു ചിലത് ആഹാരത്തിലൂടെ ലഭിക്കുന്നവയും.
മാംസ്യങ്ങൾക്ക് ഒട്ടേറെ ധർമങ്ങളുണ്ട്. ഉദാഹരണത്തിന്, അരുണ രക്താണുക്കളിൽ കാണുന്ന മാംസ്യമായ ഹിമോഗ്ലോബിൻ ആണ് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഓക്സിജൻ എത്തിക്കുന്നത്. രോഗങ്ങളെ ചെറുത്തുനിൽക്കാൻ നിങ്ങളുടെ ശരീരത്തെ സഹായിക്കുന്നത് ആന്റിബോഡികൾ എന്നറിയപ്പെടുന്ന മാംസ്യങ്ങൾ ആണ്. ഇൻസുലിൻ പോലുള്ള മറ്റു മാംസ്യങ്ങൾ ഉപാപചയ പ്രവർത്തനത്തിലും വിവിധ കോശ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിലും സഹായിക്കുന്നു. നിങ്ങളുടെ ശരീരത്തിൽ വിവിധ തരത്തിലുള്ള ആയിരക്കണക്കിനു മാംസ്യങ്ങൾ ഉണ്ടായിരിക്കാം. ഒരൊറ്റ കോശത്തിൽത്തന്നെ നൂറുകണക്കിനു മാംസ്യങ്ങൾ കാണപ്പെട്ടേക്കാം!
ഓരോ മാംസ്യവും അതിന്റെ ഡിഎൻഎ ജീൻ നിർണയിക്കുന്ന ഒരു നിർദിഷ്ട ധർമം നിർവഹിക്കുന്നു. എന്നാൽ ഒരു പ്രത്യേക മാംസ്യം നിർമിക്കപ്പെടാൻ തക്കവിധം, ഡിഎൻഎ ജീനിൽ കോഡ് ചെയ്തിരിക്കുന്ന ജനിതക വിവരങ്ങൾ വിവർത്തനം ചെയ്യപ്പെടുന്നത് എങ്ങനെയാണ്? “മാംസ്യങ്ങൾ നിർമിക്കപ്പെടുന്ന വിധം” എന്നതിനു കീഴിൽ നൽകിയിരിക്കുന്ന ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ഡിഎൻഎ-യിൽ അടങ്ങിയിരിക്കുന്ന ജനിതക വിവരങ്ങൾ ആദ്യംതന്നെ കോശമർമത്തിൽനിന്ന് റൈബോസോമുകൾ അഥവാ മാംസ്യ നിർമാണ ഫാക്ടറികൾ സ്ഥിതി ചെയ്യുന്ന കോശദ്രവ്യത്തിലേക്കു മാറ്റപ്പെടണം. റൈബോ ന്യൂക്ലിക് അമ്ലം (ആർഎൻഎ) ആണ് ഈ ധർമം നിർവഹിക്കുന്നത്. കോശദ്രവ്യത്തിലെ റൈബോസോമുകൾ ആർഎൻഎ നിർദേശങ്ങൾ “വായിച്ച്” അമിനോ അമ്ലങ്ങളെ നിശ്ചിത ക്രമത്തിൽ കൂട്ടിച്ചേർത്ത് നിർദിഷ്ട മാംസ്യം നിർമിക്കുന്നു. ഈ വിധത്തിൽ, ഡിഎൻഎ-യും ആർഎൻഎ-യും മാംസ്യ നിർമാണവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു.
അതിന്റെ തുടക്കം എവിടെ?
ജനിതക പഠനവും തന്മാത്രാ ജീവശാസ്ത്രവും ശാസ്ത്രജ്ഞരിൽ പതിറ്റാണ്ടുകളായി കൗതുകമുണർത്തിയിട്ടുണ്ട്. ഇവയുടെയെല്ലാം പിന്നിൽ ഒരു സ്രഷ്ടാവ് ഉണ്ടോയെന്ന കാര്യത്തിൽ ഊർജതന്ത്രജ്ഞനായ പോൾ ഡേവിസിനു സംശയമുണ്ട്. എങ്കിലും അദ്ദേഹം ഇങ്ങനെ സമ്മതിച്ചു പറയുന്നു: “[കോശത്തിനകത്തുള്ള] വസ്തുക്കൾ കൃത്യമായി നിർമിക്കപ്പെടുമാറ് മുഴു വ്യവസ്ഥയിലും ഓരോ തന്മാത്രയ്ക്കും പ്രത്യേക ധർമവും സ്ഥാനവും ഉണ്ട്. നിരവധി പോക്കുവരവുകളും നടക്കുന്നു. തങ്ങളുടെ ജോലി കൃത്യമായി നിർവഹിക്കുന്നതിന് മറ്റു തന്മാത്രകളെ ശരിയായ സ്ഥലത്ത് ശരിയായ സമയത്തു കണ്ടുമുട്ടാൻ തന്മാത്രകൾക്ക് കോശത്തിലുടനീളം സഞ്ചരിക്കേണ്ടതുണ്ട്. അവയോട് എന്തു ചെയ്യണമെന്നു നിർദേശിക്കാനും അവയെ ശരിയായ സ്ഥാനങ്ങളിലേക്കു തിരിച്ചുവിടാനും ഒരു നായകനില്ലെങ്കിലും അവ ഇതെല്ലാം ചെയ്യുന്നു. അവയുടെ പ്രവർത്തനങ്ങൾക്ക് ആരും മേൽനോട്ടം വഹിക്കുന്നില്ല. തന്മാത്രകൾ അവ ചെയ്യേണ്ടതു ചെയ്യുന്നു: ലക്കില്ലാതെ കൂട്ടിയിടിക്കുന്നു, കൂടിച്ചേരുന്നു, ഇടിച്ചു തെറിക്കുന്നു, ഒന്നാകുന്നു . . . എങ്കിലും, ചിന്താപ്രാപ്തിയില്ലാത്ത ഈ പരമാണുക്കൾ കൂട്ടം ചേരുമ്പോൾ അവ തെല്ലും ചുവടു പിഴയ്ക്കാതെ ജീവനൃത്തം ആടുന്നു.”
കോശത്തെ സൃഷ്ടിച്ചത് തീർച്ചയായും ബുദ്ധിവൈഭവമുള്ള ആരോ ആണെന്ന് അതിന്റെ ആന്തരിക പ്രവർത്തനങ്ങളെ കുറിച്ചു പഠിച്ച പലരും പറഞ്ഞിരിക്കുന്നത് നല്ല കാരണത്തോടെയാണ്. എന്തുകൊണ്ടെന്നു നമുക്കു പരിശോധിക്കാം.
[അടിക്കുറിപ്പുകൾ]
a കോശത്തിന്റെ രാസഘടകങ്ങളെയും സവിശേഷതകളെയും കുറിച്ചു പഠിക്കാൻ ശാസ്ത്രജ്ഞർ അപകേന്ദ്രണയന്ത്രവും (centrifuge) ഉപയോഗിക്കാറുണ്ട്, കോശത്തിന്റെ ഘടകങ്ങൾ വേർതിരിക്കുന്ന ഒരു യന്ത്രമാണിത്.
[5-ാം പേജിലെ ചതുരം/രേഖാചിത്രം]
കോശത്തിനുള്ളിലേക്ക് ഒരു എത്തിനോട്ടം
ഓരോ കോശത്തിലും ഒരു കോശമർമം ഉണ്ട്. കോശത്തിന്റെ നിയന്ത്രണ കേന്ദ്രം ഇതാണ്. കോശമർമത്തിൽ, ക്രോമസോമുകൾ അടങ്ങിയിരിക്കുന്നു. ക്രോമസോമുകളാകട്ടെ, പരസ്പരം നന്നായി ചുറ്റിപ്പിണഞ്ഞിരിക്കുന്ന ഡിഎൻഎ തന്മാത്രകളും മാംസ്യവും കൊണ്ടു നിർമിതമാണ്. നമ്മുടെ ജീനുകൾ സ്ഥിതി ചെയ്യുന്നത് ഈ ഡിഎൻഎ തന്മാത്രകളിലാണ്. മാംസ്യ നിർമാണ ഫാക്ടറികളായ റൈബോസോമുകൾ കോശമർമത്തിനു വെളിയിലുള്ള കോശദ്രവ്യത്തിലാണു സ്ഥിതി ചെയ്യുന്നത്.
[രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
കോശം
റൈബോസോമുകൾ
കോശദ്രവ്യം
കോശമർമം
ക്രോമസോമുകൾ
ഡിഎൻഎ—ജീവന്റെ ഗോവണി
[7-ാം പേജിലെ രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ഡിഎൻഎ അതിന്റെ പകർപ്പുണ്ടാക്കുന്ന വിധം
മനസ്സിലാക്കാൻ എളുപ്പത്തിന്, പിരിയൻ കോണിയുടെ ആകൃതിയിലുള്ള ഡിഎൻഎ തന്മാത്രയെ ചുരുൾ നിവർത്തി കാട്ടിയിരിക്കുന്നു
1 പുത്രികാ കോശങ്ങൾ ഉളവാകാൻ തക്കവിധം കോശങ്ങൾ വിഭജിക്കുന്നതിനു മുമ്പ് അവ ഡിഎൻഎ-യുടെ പകർപ്പ് ഉണ്ടാക്കണം. ആദ്യംതന്നെ, ഇരട്ട തന്തുക്കളുള്ള ഡിഎൻഎ-യുടെ ചില ഭാഗങ്ങളിലെ ബന്ധം വേർപെടുത്താൻ മാംസ്യങ്ങൾ സഹായിക്കുന്നു
മാംസ്യങ്ങൾ
2 പിന്നീട്, ബേസ്-ജോഡിചേരലിനുള്ള കണിശമായ നിയമങ്ങൾക്ക് അനുസൃതമായി കോശത്തിലെ സ്വതന്ത്ര (ലഭ്യമായ) ബേസുകൾ മാതൃ ഡിഎൻഎ-യുടെ രണ്ട് ഇഴകളിലുള്ള അവയുടെ അനുയോജ്യമായ ബേസുകളുമായി കൂടിച്ചേരുന്നു
സ്വതന്ത്ര ബേസുകൾ
3 അങ്ങനെ ഒടുവിൽ രണ്ട് സമാന കോഡ്ബുക്കുകൾ ഉണ്ടാകുന്നു. അതുകൊണ്ട്, കോശം വിഭജിക്കുമ്പോൾ ഓരോ പുതിയ കോശത്തിനും ഒരേപോലത്തെ ഡിഎൻഎ കോഡ്ബുക്ക് ലഭിക്കുന്നു
മാംസ്യങ്ങൾ
മാംസ്യങ്ങൾ
ഡിഎൻഎ ബേസ്-ജോഡി ചേരൽ നിയമം:
A എപ്പോഴും T-യുമായി ജോഡി ചേരുന്നു
A T തൈമിൻ
T A അഡിനിൻ
C എപ്പോഴും G-യുമായി ജോഡി ചേരുന്നു
C G ഗ്വാനിൻ
G C സൈറ്റോസിൻ
[8, 9 പേജുകളിലെ രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
മാംസ്യങ്ങൾ നിർമിക്കപ്പെടുന്ന വിധം
മനസ്സിലാക്കാനുള്ള സൗകര്യത്തിന്, 10 അമിനോ അമ്ലങ്ങളാൽ നിർമിതമായ ഒരു മാംസ്യത്തെയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. മിക്ക മാംസ്യങ്ങളിലും 100-ലധികം അമിനോ അമ്ലങ്ങൾ ഉണ്ട്
1 ഒരു പ്രത്യേക മാംസ്യം ഡിഎൻഎ-യുടെ ഒരു ഭാഗത്തെ ഇഴകൾ തമ്മിലുള്ള ബന്ധം വേർപെടുത്തുന്നു
മാംസ്യം
2 സ്വതന്ത്ര ആർഎൻഎ ബേസുകൾ, വേർപെട്ടിരിക്കുന്ന ഡിഎൻഎ ഇഴകളിൽ ഒന്നിലെ മാത്രം ബേസുകളുമായി കൂടിച്ചേരുന്നു, അങ്ങനെ ഒരു സന്ദേശവാഹക ആർഎൻഎ ഇഴ രൂപംകൊള്ളുന്നു
സ്വതന്ത്ര ആർഎൻഎ ബേസുകൾ
3 പുതുതായി രൂപംകൊണ്ട സന്ദേശവാഹക ആർഎൻഎ വേർപെട്ട് റൈബോസോമുകളുടെ അടുക്കലേക്കു നീങ്ങുന്നു
4 ഒരു വാഹക ആർഎൻഎ ഒരു അമിനോ അമ്ലത്തെ തിരഞ്ഞെടുത്ത് റൈബോസോമിന്റെ പക്കലേക്കു കൊണ്ടുവരുന്നു
വാഹക ആർഎൻഎ
റൈബോസോം
5 റൈബോസോം, സന്ദേശവാഹക ആർഎൻഎ-യെ കടന്നുപോകുമ്പോൾ അമിനോ അമ്ലങ്ങളുടെ ഒരു ശൃംഖല രൂപംകൊള്ളുന്നു
അമിനോ അമ്ലങ്ങൾ
6 മാംസ്യ ശൃംഖല രൂപംകൊള്ളവേ, അതിന്റെ ധർമം ശരിയാംവണ്ണം നിർവഹിക്കുന്നതിന് അനുയോജ്യമായ ആകൃതിയിൽ അത് മടങ്ങുന്നു. തുടർന്ന് റൈബോസോം ആ ശൃംഖലയെ വിമുക്തമാക്കുന്നു
വാഹക ആർഎൻഎ-ക്ക് രണ്ടു പ്രധാന അഗ്രങ്ങൾ ഉണ്ട്:
ഒന്ന് സന്ദേശവാഹക ആർഎൻഎ കോഡ് മനസ്സിലാക്കുന്നു
മറ്റേത് അനുയോജ്യമായ അമിനോ അമ്ലം വഹിക്കുന്നു
വാഹക ആർഎൻഎ
ആർഎൻഎ-യിൽ T-ക്കു പകരം U എന്ന ബേസ് ആണ് ഉള്ളത്, അതുകൊണ്ട് A U എന്ന ബേസുമായി ജോഡി ചേരുന്നു
A U യുറാസിൽ
U A അഡിനിൻ