ജീനുകളും ഡിഎൻഎ-യും നിങ്ങളും
കണ്ണാടിയിൽ നിങ്ങളെതന്നെ ഒന്നു സൂക്ഷിച്ചു നോക്കൂ. നിങ്ങളുടെ ശരീരത്തിന്റെ ആകൃതി, ത്വക്കിന്റെയും കണ്ണിന്റെയും നിറം, തലമുടിയുടെ ഘടന ഇവയൊക്കെ. നിങ്ങൾക്കുള്ള കഴിവുകളെ കുറിച്ചും ചിന്തിക്കുക. നിങ്ങൾ കാഴ്ചയ്ക്ക് ഇങ്ങനെയായിരിക്കുന്നത് എന്തുകൊണ്ടാണ്? ചില പ്രത്യേക സ്വഭാവങ്ങളും കഴിവുകളും നിങ്ങൾക്ക് ഉള്ളത് എന്തുകൊണ്ട്? ഇന്ന് വംശപാരമ്പര്യത്തെ കുറിച്ചുള്ള പഠനമായ ജനിതക വിജ്ഞാനത്തിന്റെയും പരിസ്ഥിതിയുടെ സ്വാധീനഫലങ്ങളെ കുറിച്ചുള്ള അറിവിന്റെയും സഹായത്താൽ ഈ നിഗൂഢരഹസ്യം മനസ്സിലാക്കാൻ കഴിഞ്ഞിരിക്കുന്നു.
‘ജനിതക വിജ്ഞാനമോ?’ നിങ്ങൾ നെറ്റി ചുളിച്ചേക്കാം. ‘മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു ശാസ്ത്ര വിഷയം ആണ് അത്!’ എന്നാൽ, അങ്ങനെ നിഗമനം ചെയ്യുന്നതിനു മുമ്പ് ഒരു നിമിഷം ആലോചിക്കുക. അച്ഛന്റെ പൂച്ചക്കണ്ണും അമ്മയുടെ കറുത്തു ചുരുണ്ട മുടിയും കവിളത്തെ മറുകുമാണല്ലോ കിട്ടിയിരിക്കുന്നത് എന്നു നിങ്ങൾ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കിൽ, നിങ്ങൾക്കു ജനിതക വിജ്ഞാനത്തിന്റെ അടിസ്ഥാന തത്ത്വം—അതായത്, ശാരീരിക സവിശേഷതകൾ മാതാപിതാക്കളിൽനിന്നു മക്കളിലേക്കു കൈമാറപ്പെടുന്നു എന്ന വസ്തുത—അറിയാം. അതിലുപരി, ആ വസ്തുത മനുഷ്യൻ ഇവിടെ എങ്ങനെ വന്നു—പരിണാമത്താലോ സൃഷ്ടിയാലോ—എന്നു മനസ്സിലാക്കുന്നതിനുള്ള ചവിട്ടുപടി കൂടി ആയിരുന്നേക്കാം. ആദ്യമായി, ഓരോ വ്യക്തിയും പല തലമുറകളുടെ പാരമ്പര്യ സവിശേഷതകൾ വഹിക്കുന്നത് എങ്ങനെയെന്നു നോക്കാം.
ജീവനുള്ള കൊച്ചു ഘടകങ്ങളായ കോശങ്ങളാൽ ആണ് നിങ്ങളുടെ ശരീരം നിർമിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യശരീരത്തിൽ ഏകദേശം 100 ലക്ഷം കോടി കോശങ്ങൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. ഓരോ കോശത്തിലെയും മർമത്തിനുള്ളിൽ (nucleus) ആയിരക്കണക്കിനു ജീനുകൾ ഉണ്ട്. കോശത്തെ നിയന്ത്രിക്കുന്ന പാരമ്പര്യ ഘടകങ്ങളാണ് അവ. അതുകൊണ്ടുതന്നെ നിങ്ങളുടെ സവിശേഷതകൾ നിർണയിക്കുന്നതും അവയാണ്. ചില ജീനുകൾ നിങ്ങളുടെ രക്തഗ്രൂപ്പ് നിർണയിക്കുമ്പോൾ ചിലത് നിങ്ങളുടെ മുടിയുടെ ഘടന നിർണയിക്കുന്നു, മറ്റു ചിലതാകട്ടെ നിങ്ങളുടെ കൃഷ്ണമണിയുടെ നിറവും. അതുകൊണ്ട് ഓരോ കോശവും ശരീരത്തിന്റെ നിർമാണ, കേടുപോക്കൽ പ്രക്രിയകൾക്കും സകല ജീവത് പ്രവർത്തനങ്ങൾക്കും ആവശ്യമായ എല്ലാ നിർദേശങ്ങളും അടങ്ങിയ ഒരു കൊച്ചു ബ്ലൂപ്രിന്റ് അഥവാ ജീനുകൾകൊണ്ടുള്ള കോഡ്ബുക്ക് വഹിക്കുന്നു. (5-ാം പേജിലെ ചിത്രം കാണുക.) ഇവയെല്ലാം യാദൃച്ഛിക സംഭവത്താൽ ഉളവായതാണോ?
നിഗൂഢത ചുരുളഴിഞ്ഞ വിധം
പൊ.യു.മു. നാലാം നൂറ്റാണ്ടിൽ അരിസ്റ്റോട്ടിൽ, പാരമ്പര്യസവിശേഷതകൾ രക്തത്തിലൂടെ കൈമാറപ്പെടുന്നുവെന്ന സിദ്ധാന്തം ആവിഷ്കരിച്ചു. അത് ആയിരത്തിലേറെ വർഷക്കാലം ജനസമ്മിതി നേടിയിരുന്നു. ആ സിദ്ധാന്തം അന്നത്തെ ചിന്താഗതിയെ അത്രമാത്രം സ്വാധീനിച്ചതുകൊണ്ട് ഭാഷയിൽ പോലും അതു സ്ഥാനം പിടിച്ചിരിക്കുന്നു. രക്തബന്ധം, രക്തത്തിൽ പിറന്ന എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ ഉപയോഗത്തിലുള്ളത് അതുകൊണ്ടാണ്.
17-ാം നൂറ്റാണ്ടിൽ അണ്ഡകോശങ്ങളും ബീജകോശങ്ങളും കണ്ടുപിടിക്കപ്പെട്ടെങ്കിലും അവയുടെ യഥാർഥ ധർമം സംബന്ധിച്ച് ചില തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു. പൂർണ രൂപം പ്രാപിച്ച കൊച്ചു ജീവികൾ അണ്ഡത്തിലോ ബീജത്തിലോ ഉണ്ടായിരുന്നതായി ചിലർ കരുതി. എന്നാൽ 18-ാം നൂറ്റാണ്ടോടെ ഗവേഷകർക്ക് യാഥാർഥ്യം, അതായത് ഒരു അണ്ഡവും ബീജവും സംയോജിച്ച് ഭ്രൂണം രൂപംകൊള്ളുന്നു എന്നത്, മനസ്സിലായി. എങ്കിലും പാരമ്പര്യം സംബന്ധിച്ച കൃത്യമായ വിശദീകരണം ഇനിയും ലഭിക്കേണ്ടിയിരുന്നു.
1866-ൽ ഓസ്ട്രിയൻ വൈദികനായ ഗ്രിഗർ മെൻഡലാണ് പാരമ്പര്യത്തെ കുറിച്ചുള്ള ശരിയായ സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത്. തോട്ടപ്പയറിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ, ലൈംഗിക കോശങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ചില ഘടകങ്ങൾ അദ്ദേഹം കണ്ടെത്തി. “വ്യതിരിക്ത പാരമ്പര്യ ഘടകങ്ങൾ” എന്നാണ് അദ്ദേഹം അവയെ വിശേഷിപ്പിച്ചത്. സ്വഭാവ വിശേഷതകൾ കൈമാറപ്പെടുന്നതിനു കാരണമായിരിക്കുന്നത് ഇവയാണ് എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ഈ “വ്യതിരിക്ത പാരമ്പര്യ ഘടകങ്ങ”ളെയാണ് നാം ഇപ്പോൾ ജീനുകൾ എന്നു വിളിക്കുന്നത്.
ഏകദേശം 1910-ൽ, ജീനുകൾ സ്ഥിതി ചെയ്യുന്നത് ക്രോമസോമുകൾ എന്നു വിളിക്കപ്പെടുന്ന കോശഘടനകളിൽ ആണെന്നു കണ്ടെത്തി. ക്രോമസോമുകളിൽ മുഖ്യമായും അടങ്ങിയിരിക്കുന്നത് മാംസ്യവും ഡിഎൻഎ-യും (ഡി ഓക്സി റൈബോ ന്യൂക്ലിക് അമ്ലം) ആണ്. മറ്റു കോശ പ്രവർത്തനങ്ങളിൽ മാംസ്യങ്ങൾ വഹിക്കുന്ന സുപ്രധാന പങ്കിനെ കുറിച്ച് ശാസ്ത്രജ്ഞന്മാർക്ക് അതിനോടകം തന്നെ അറിവുണ്ടായിരുന്നതിനാൽ ക്രോമസോമിലെ മാംസ്യങ്ങൾ ജനിതക വിവരങ്ങൾ വഹിക്കുന്നതായി വർഷങ്ങളോളം അവർ വിശ്വസിച്ചുപോന്നു. അങ്ങനെയിരിക്കെ 1944-ൽ, ജീനുകൾ ഡിഎൻഎ-യുടെ ഭാഗമാണ്—അല്ലാതെ മാംസ്യത്തിന്റെയല്ല—എന്നതിനുള്ള ആദ്യത്തെ തെളിവ് ഗവേഷകർ സമർപ്പിച്ചു.
1953-ൽ ജെയിംസ് വാട്സണും ഫ്രാൻസിസ് ക്രിക്കും പിരിയൻ കോണിയുടെ ആകൃതിയിലുള്ള ഡിഎൻഎ-യുടെ രാസ ഘടന കണ്ടെത്തി. ജീവനെ സംബന്ധിച്ച നിഗൂഢതയുടെ കുരുക്കഴിക്കുന്നതിനുള്ള മനുഷ്യന്റെ ശ്രമത്തിലെ ഒരു വലിയ മുന്നേറ്റമായിരുന്നു ഇത്.