സൂർസ്റ്റ്രോമിങ്—ദുർഗന്ധം വമിക്കുന്ന ഒരു വിശിഷ്ടഭോജ്യം
സ്വീഡനിലെ ഉണരുക! ലേഖകൻ
പതിനാറാം നൂറ്റാണ്ട്. സ്വീഡനും ജർമനിയിലെ ലൂബെക്ക് നഗരവും തമ്മിൽ ഉഗ്രയുദ്ധം നടക്കുന്ന സമയം. കടലിന്റെ നിയന്ത്രണം അപ്പാടെ ലൂബെക്കുകാരുടെ കയ്യിൽ ആയിരുന്നതിനാൽ ഇറക്കുമതി ചരക്കുകൾ ലഭിക്കുന്നതു ബുദ്ധിമുട്ടായി തീർന്നു. ഉപ്പിനും കടുത്ത ദൗർലഭ്യം അനുഭവപ്പെട്ടു. ഉത്തര സ്വീഡനിലെ ഒരു പ്രധാനഭക്ഷണമായിരുന്നു മത്തി. എന്നാൽ അതു കേടുകൂടാതെ സൂക്ഷിക്കുന്നതിനു വേണ്ട ഉപ്പ് ഓരോ ദിവസം കഴിയുന്തോറും കിട്ടാൻ പ്രയാസമായി തീർന്നു. അതുകൊണ്ട്, മത്തി ഉപ്പിലിട്ടപ്പോൾ ചെലവു ചുരുക്കാൻ വേണ്ടി ആരോ ഒരാൾ അതിൽ വളരെ കുറച്ച് ഉപ്പേ ഇട്ടുള്ളൂ. അതു കാരണം, അതിന് ഉദ്ദേശിച്ച ഫലം ലഭിച്ചില്ല, മത്സ്യത്തിൽ നിന്നു ദുർഗന്ധം വമിക്കാനും തുടങ്ങി. മീൻ “ചീഞ്ഞു” പോയി എന്നു തന്നെ അവർ കരുതി.
സാധാരണഗതിയിൽ ആയിരുന്നെങ്കിൽ അതു ദൂരെ കളഞ്ഞേനെ. പക്ഷേ, കടുത്ത ക്ഷാമം മൂലം അതു കഴിക്കുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു. എന്നാൽ, അതു കഴിച്ചു നോക്കിയവരെല്ലാം അതിശയിച്ചു പോയി. അതിനു ചീഞ്ഞതിന്റെ രുചി അൽപ്പം പോലും ഉണ്ടായിരുന്നില്ല. ചിലർക്കാണെങ്കിൽ അതിന്റെ ചെറിയ പുളികലർന്ന സ്വാദ് നന്നേ ഇഷ്ടപ്പെടുകയും ചെയ്തു. മീൻ ചീഞ്ഞുപോയിരുന്നില്ല, എന്നാൽ അതു പുളിച്ചു പോയിരുന്നു. ഈ പുതിയ വിഭവത്തെ കുറിച്ചുള്ള ശ്രുതി എങ്ങും പരന്നു. സമാധാനകാലങ്ങളിൽ പോലും ഉപ്പിന് തീപിടിച്ച വില ആയതുകൊണ്ട് മത്തി കേടുവരാതെ സൂക്ഷിക്കുന്നതിന് അതു പുളിപ്പിക്കുക എന്നത് ഉത്തര സ്വീഡനിലെ ദരിദ്രരായ ആളുകളുടെ ഒരു പതിവായി തീർന്നു. അവിടെയാണെങ്കിൽ മിക്കപ്പോഴും പഴകിയ ആഹാരമാണ് ആളുകൾക്കു ലഭിച്ചിരുന്നത്.
ഒരു ദേശീയ വിഭവം നിലവിൽ വന്നത് ഇങ്ങനെയാണെന്നാണ് ഐതിഹ്യം. അന്നുമുതൽ, പാരമ്പര്യമായി തങ്ങൾക്കു കൈമാറിക്കിട്ടിയ ഈ പ്രത്യേക പാചകവിദ്യ സ്വീഡൻകാർ ഒരു നിധി പോലെ കാത്തുസൂക്ഷിച്ചിരിക്കുന്നു. എന്നാൽ എല്ലാവരും ഈ ഐതിഹ്യത്തിൽ വിശ്വസിക്കുന്നില്ല. 16-ാം നൂറ്റാണ്ടിനും വളരെ മുമ്പു തന്നെ സ്വീഡനിലും ഉത്തരാർധഗോളത്തിലെ മറ്റു സ്ഥലങ്ങളിലും മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിന് അവ പുളിപ്പിച്ചു വെക്കുമായിരുന്നു എന്നു ചില പണ്ഡിതന്മാർ അവകാശപ്പെടുന്നു.
അതിനെ തിരിച്ചറിയിക്കുന്ന ഗന്ധം
സൂർസ്റ്റ്രോമിങ്ങിന്റെ ഉത്ഭവം എങ്ങനെ ആയിരുന്നാലും ശരി, മൂക്കുതെറിപ്പിക്കുന്ന മണമാണ് എല്ലായ്പോഴും അതിന്റെ തിരിച്ചറിയിക്കൽ അടയാളം. 19-ാം നൂറ്റാണ്ടിന്റെ അവസാനം എഴുതപ്പെട്ട ഒരു പാചകപുസ്തകത്തിന്റെ രചയിതാവു പരിഹാസരൂപേണ ഇപ്രകാരം പറയുകയുണ്ടായി: “അവർ [സൂർസ്റ്റ്രോമിങ് പ്രേമികൾ] അതിനെ അതിവിശിഷ്ടമായ ഒരു ഭക്ഷണസാധനമായിട്ടാണു കണക്കാക്കുന്നത്. എന്നാൽ ഒന്നുകിൽ ആതിഥേയൻ ഒറ്റയ്ക്കിരുന്നു കഴിക്കുകയോ അല്ലെങ്കിൽ അദ്ദേഹം ഒരുപക്ഷേ മൂക്കില്ലാത്ത അതിഥികളെ ക്ഷണിക്കുകയോ ചെയ്യുന്ന വിരുന്നുകളിൽ മാത്രമേ ഇത് വിളമ്പാൻ പോകുന്നുള്ളൂ.” എന്നാൽ അദ്ദേഹത്തിനു തെറ്റുപറ്റി എന്നു കാലം തെളിയിച്ചിരിക്കുന്നു. മനംമടുപ്പിക്കുന്ന മണം ഉണ്ടായിരുന്നിട്ടു കൂടി അത് ഇന്ന് വിരുന്നുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നു, മാത്രമോ ഒരു വിശിഷ്ടഭോജ്യമായാണ് ആളുകൾ അതിനെ കരുതുന്നതും. വളരെ അപൂർവമായേ ഇപ്പോൾ അത് അത്താഴത്തിനോ ഉച്ചഭക്ഷണത്തിനോ ആളുകൾ പതിവായി കഴിക്കാറുള്ളൂ. സൂർസ്റ്റ്രോമിങ് നൽകി സുഹൃത്തുക്കളെയും മറ്റും സത്കരിക്കാറുണ്ട്. സ്വീഡന്റെ വടക്കുകിഴക്കു തീരത്ത് ഉള്ള ഹൈകോസ്റ്റ് തന്നെയാണ് ഇപ്പോഴും സൂർസ്റ്റ്രോമിങ്ങിന്റെ കേന്ദ്രം എങ്കിലും ആ രാജ്യത്ത് ഉടനീളം അതു ജനങ്ങൾക്കു പ്രിയപ്പെട്ടതായി തീർന്നിരിക്കുന്നു.
ഈ പ്രത്യേക വിഭവം ഇപ്പോഴും നിങ്ങൾക്കു സ്വീഡനിൽ മാത്രമേ ലഭിക്കൂ. സ്വീഡനു വെളിയിൽ ഇതിനെ കുറിച്ച് കേൾക്കുകയോ ഇതു രുചിച്ചു നോക്കുകയോ ചെയ്തിട്ടുള്ളവർ അപൂർവം മാത്രമാണ്. അതുകൊണ്ട് ഈ “വിശിഷ്ടഭോജ്യത്തിനായി” ക്ഷണിക്കപ്പെടുന്ന, ഇതിനെ കുറിച്ചു മുന്നറിയിപ്പു ലഭിക്കാത്ത വിദേശികൾ ഏറ്റവും കുറഞ്ഞത് രണ്ടു തവണ എങ്കിലും ഞെട്ടും. സൂർസ്റ്റ്രോമിങ് ഇട്ടുവെച്ചിരിക്കുന്ന ടിൻ തുറക്കുമ്പോഴാണ് അവർ ആദ്യം ഞെട്ടുന്നത്, അത്രയ്ക്കു ദുർഗന്ധമായിരിക്കും അവിടെയെങ്ങും പരക്കുക. ആഹാരം ചീത്തയായിപ്പോയി എന്നും അതുകൊണ്ട് അതു കളഞ്ഞിട്ടു തീർച്ചയായും മറ്റെന്തെങ്കിലും വിളമ്പും എന്നും അവർ ന്യായമായും പ്രതീക്ഷിക്കും. എന്നാൽ ഇപ്പോഴാണ് അവർ രണ്ടാമതു ഞെട്ടുന്നത്. ആതിഥേയനും മറ്റ് അതിഥികളും ദുർഗന്ധം വമിക്കുന്ന മീൻ കഴിക്കാൻ തുടങ്ങുന്നു, അതും അത്യന്തം ആഹ്ലാദത്തോടെ! ധീരരായ ചില വിദേശികൾ സൂർസ്റ്റ്രോമിങ് ആസ്വദിക്കാൻ പഠിച്ചിരിക്കുന്നു, പക്ഷേ, മറ്റുള്ളവർക്ക് ഇനിയും അതിനു കഴിഞ്ഞിട്ടില്ല. പ്രസിദ്ധ പാചകവിദഗ്ധനായ കിത്ത് ഫ്ളോയിഡ്, സൂർസ്റ്റ്രോമിങ്ങിനോടുള്ള ബന്ധത്തിലെ തന്റെ ആദ്യ അനുഭവത്തെ—സാധ്യതയനുസരിച്ച് അവസാനത്തെയും—കുറിച്ച് അഭിപ്രായപ്പെട്ടത് “പറഞ്ഞറിയിക്കാൻ പറ്റാത്തയത്ര അറപ്പുളവാക്കുന്ന ഒന്ന്” എന്നാണ്. ഫ്ളോയിഡ് ആണെങ്കിൽ, ആഫ്രിക്കയിൽ വെച്ച് പുഴുക്കളെ, ചൈനയിൽ വെച്ച് കടൽവെള്ളരികൾ എന്ന ഒരുതരം കടൽജീവികളെ, അതുപോലെ വിയറ്റ്നാമിൽ വെച്ച് മൂർഖൻ പാമ്പുകളെ ഒക്കെ തിന്നിട്ടുള്ളതാണ്. പക്ഷേ, സൂർസ്റ്റ്രോമിങ്ങിന്റെ മുമ്പിൽ അദ്ദേഹത്തിനും അടിപതറി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഇതുവരെ കഴിച്ചിട്ടുള്ളതിലേക്കും ഏറ്റവും അറപ്പുളവാക്കിയ ആഹാരം ഏതാണ് എന്നു മിക്കപ്പോഴും ആളുകൾ എന്നോടു ചോദിക്കാറുണ്ട്. അതിന് എന്തു മറുപടിയാണു കൊടുക്കേണ്ടത് എന്ന് ഇപ്പോൾ എനിക്കറിയാം.” ഈ ആഹാരം അമേരിക്കക്കാർക്കു പരിചയപ്പെടുത്താനുള്ള ഒരു ശ്രമം 1930-കളിൽ നടത്തിയെങ്കിലും അതു പാളിപ്പോയി. ന്യൂയോർക്കിലെ കസ്റ്റംസ് അധികൃതർ സൂർസ്റ്റ്രോമിങ്ങിന്റെ ഒരൊറ്റ ടിൻ തുറന്നതേയുള്ളു, തങ്ങൾ വിഷവാതകം കൊണ്ടുള്ള ആക്രമണത്തിനു വിധേയരായി എന്നു തന്നെ അവർ കരുതി. ആ സാധനം “ഭക്ഷ്യയോഗ്യമല്ലെന്നു” അവർ വിധിച്ചു.
സൂർസ്റ്റ്രോമിങ്ങിനെ കുറിച്ച് സ്വീഡൻകാർക്കു തന്നെ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്. ഈ ആഹാരം കഴിച്ചു നോക്കിയ ഒരാൾക്കു പോലും നിഷ്പക്ഷമായ ഒരു നില സ്വീകരിക്കാൻ കഴിയില്ല. ഒന്നുകിൽ നിങ്ങൾക്ക് അത് പ്രിയമാകും അല്ലെങ്കിൽ നിങ്ങൾ അതിനെ അങ്ങേയറ്റം വെറുക്കും. 17-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, ക്രിസ്റ്റീന രാജ്ഞിയുടെ കൊട്ടാരത്തിലെ ഡോക്ടറായ ആൻഡേഴ്സ് സ്പാർമാൻ സൂർസ്റ്റ്രോമിങ്ങിനെ കുറിച്ച്, അതിന് പച്ച വിസർജ്യത്തിന്റെ മണമാണ് എന്ന് എഴുതുകയുണ്ടായി. എന്നാൽ ഇതിനു നേരെ വിപരീതമായി, 18-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധ സ്വീഡിഷ് സസ്യശാസ്ത്രജ്ഞനായ കാരോലുസ് ലിനേയുസ് അതിനെ വാനോളം പുകഴ്ത്തുകയാണു ചെയ്തത്. അതു തയ്യാറാക്കുന്നതിനു സഹായകമായ ചില പാചകവിധികൾ അദ്ദേഹം എഴുതി വെക്കുക പോലും ചെയ്തു. വിദേശത്തു താമസിക്കുന്ന സ്വീഡൻകാർ തങ്ങൾക്ക് ഏറ്റവും കൊതിയുള്ള ആഹാരങ്ങളിൽ ഒന്ന് സൂർസ്റ്റ്രോമിങ് ആണ് എന്നു മിക്കപ്പോഴും പറയാറുണ്ട്.
സൂർസ്റ്റ്രോമിങ്ങിന്റെ ദുർഗന്ധം ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങൾ വിജയിച്ചുവെങ്കിലും വാണിജ്യപരമായി അത് അമ്പേ പരാജയമായിരുന്നു എന്നു ലാങ്ങ്സ് ഹോഗാ കൂസ്റ്റെൻ (ഹൈ കോസ്റ്റിലൂടെ) എന്ന പുസ്തകം പറയുന്നു. മണം ഇല്ലാത്ത സൂർസ്റ്റ്രോമിങ് യഥാർഥ സൂർസ്റ്റ്രോമിങ്ങിന്റെ വെറും നിഴൽ മാത്രമാണ് എന്നു വിദഗ്ധർ വിധിയെഴുതി.
അത് എങ്ങനെയാണു തയ്യാറാക്കുന്നത്?
സൂർസ്റ്റ്രോമിങ് പലവിധത്തിൽ കഴിക്കാൻ കഴിയും. അതു വളരെയേറെ ഇഷ്ടപ്പെടുന്നവർ, മറ്റൊന്നും ചേർക്കാതെ അത് ഇട്ടു വെച്ചിരിക്കുന്ന ടിന്നിൽ നിന്ന് എടുത്ത പടി തന്നെ കഴിക്കും. അതു ലിംഗൊൺബെറികളുടെയും പാലിന്റെയും കൂടെ പോലും ആളുകൾ കഴിക്കാറുണ്ട്! എന്നാൽ സാധാരണഗതിയിൽ വെണ്ണ, നന്നായി അരിഞ്ഞെടുത്ത ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയോടൊപ്പം ബ്രെഡിൽ വെച്ചാണ് അതു കഴിക്കുക, തണുപ്പിച്ച ബിയറും ഷ്നാപ്പ്സും കൂടിയുണ്ടെങ്കിൽ കുശാലായി. ഈ രീതി പരീക്ഷിച്ചു നോക്കിയതിന്റെ ഫലമായി, അതു കൈകൊണ്ടു തൊട്ടുനോക്കാൻ കൂടി കൂട്ടാക്കാതിരുന്നവരിൽ ചിലർ ഇപ്പോൾ അത് ആസ്വദിക്കാൻ തുടങ്ങിയിരിക്കുന്നു.
ഏപ്രിലിൽ, പെൺമത്സ്യങ്ങൾ മുട്ടയിട്ടു തുടങ്ങുന്നതിനു മുമ്പാണ് അവയെ പിടികൂടുന്നത്. തലയും കുടൽമാലയും നീക്കം ചെയ്യുമെങ്കിലും സ്വാദിനു വേണ്ടി മുട്ട അങ്ങനെ തന്നെ നിലനിർത്തുന്നു. അവയുടെ ഉണ്ഡുകപുച്ഛത്തിൽ (appendix) മൃദുവാക്കൽ പ്രക്രിയയ്ക്ക് അനിവാര്യമായ എൻസൈമുകൾ ഉണ്ട്. അതിനാൽ ഈ ഭാഗവും നിലനിർത്തുന്നു. മത്സ്യങ്ങളെ ഏതാനും ദിവസത്തേക്ക് വീര്യം കൂടിയ ഉപ്പ് ലായനി നിറച്ച വീപ്പകളിൽ ഇട്ടുവെക്കുന്നു. അവയുടെ ശരീരത്തിലെ രക്തവും കൊഴുപ്പും നീക്കം ചെയ്യാൻ ആണിത്. അതിനു ശേഷം, അവയെ മൃദുവാക്കുന്നതിനും പുളിപ്പിക്കുന്നതിനും വേണ്ടി ഏതാണ്ട് രണ്ടു മാസം വീര്യം കുറഞ്ഞ ഉപ്പു ലായനിയിൽ ഇടുന്നു. ജൂലൈ ആകുമ്പോൾ അവയെ ടിന്നിലടച്ചു തണുപ്പിക്കാൻ വെക്കുന്നു. ഉത്പന്നത്തിന്റെ ഗുണമേന്മ ഉപ്പു ലായനിയുടെ ഗാഢതയെയും മത്സ്യങ്ങൾ ഇട്ടുവെച്ചിരുന്ന വീപ്പകളിലെ ഊഷ്മാവിനെയും ആശ്രയിച്ചാണ് ഇരിക്കുന്നത്. സൂർസ്റ്റ്രോമിങ് ഉണ്ടാക്കുന്നതിന് ഓരോരുത്തർക്കും തങ്ങളുടേതായ രീതിയുണ്ട്, അതു മറ്റാർക്കും പറഞ്ഞുകൊടുക്കില്ല.
ടിന്നിനുള്ളിലും പുളിക്കൽ പ്രക്രിയ തുടർന്നുകൊണ്ടേയിരിക്കും. അതുകൊണ്ട്, മുൻകരുതലുകൾ സ്വീകരിക്കാതെ ഒരു ടിൻ തുറക്കാൻ ശ്രമിച്ചാൽ മിക്കവാറും അസുഖകരമായ പരിണതഫലങ്ങളാവും ഉണ്ടാകുന്നത്. ടിന്നിനകത്തു രൂപം കൊണ്ട സമ്മർദം, അതിനുള്ളിലെ ചാറ് ശക്തിയോടെ എല്ലായിടത്തേക്കും തെറിക്കാൻ ഇടയാക്കിയേക്കാം. ഇങ്ങനെ സംഭവിക്കാതിരിക്കേണ്ടതിന്, ഒന്നുകിൽ അതു വെളിയിൽ വെച്ചോ അല്ലെങ്കിൽ വെള്ളത്തിന് അടിയിൽ വെച്ചോ തുറക്കേണ്ടതുണ്ട്!
സൂർസ്റ്റ്രോമിങ് ആദ്യമായി വിൽപ്പനയ്ക്ക് എത്തിക്കേണ്ടത് ആഗസ്റ്റ് മാസത്തിലെ മൂന്നാമത്തെ വ്യാഴാഴ്ചയാണ് എന്നതു സംബന്ധിച്ചു ദീർഘകാലമായി ഒരു രാജകീയ വിജ്ഞാപനം നിലവിലുണ്ടായിരുന്നു. എന്നിരുന്നാലും, 1998 ശരത്കാലത്ത് ആ വിജ്ഞാപനം റദ്ദാക്കി. ഇപ്പോൾ സൂർസ്റ്റ്രോമിങ് വർഷത്തിലെ ഏതു സമയത്തും വിൽപ്പനയ്ക്ക് എത്തിക്കാം. എന്നാൽ, ഹൈകോസ്റ്റ് നിവാസികൾക്കും മറ്റു സൂർസ്റ്റ്രോമിങ് പ്രേമികൾക്കും ആഗ്സ്റ്റ് മാസത്തിലെ മൂന്നാമത്തെ വ്യാഴാഴ്ച ഒരു വലിയ ഉത്സവദിനമായി തന്നെ തുടരും.
[26-ാം പേജിലെ ചിത്രം]
സ്വീഡനിലെ പരന്ന അപ്പം, ഉരുളക്കിഴങ്ങ്, ഉള്ളി, പാൽക്കട്ടി എന്നിവയോടൊപ്പം “സൂർസ്റ്റ്രോമിങ്” വിളമ്പിയാൽ, അതിനോട് ഒട്ടും ഇഷ്ടമില്ലാത്തവർ പോലും അതൊന്നു രുചിച്ചുനോക്കാൻ തയ്യാറായേക്കാം
[26-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Fish on pages 25-6: Animals/Jim Harter/Dover Publications, Inc.