പാഷൻ പുഷ്പത്തിന് അതിന്റെ പേരു ലഭിച്ചത് എങ്ങനെ?
പാഷൻ എന്ന ഇംഗ്ലീഷ് പദം യേശുക്രിസ്തുവിന്റെ പീഡാനുഭവത്തെയും മരണത്തെയും പരാമർശിക്കുന്നു. എന്നാൽ ഈ പുഷ്പത്തിന് പ്രസ്തുത സംഭവങ്ങളുമായി എന്താണു ബന്ധം?
16-ാം നൂറ്റാണ്ടിൽ റോമൻ കത്തോലിക്കാ പുരോഹിതന്മാരാണ് ഈ ചെടിക്ക് ആ പേരു നൽകിയത് എന്നാണു പറയപ്പെടുന്നത്. ഈ പുഷ്പത്തിന്റെ ചില ഭാഗങ്ങൾ അവരെ യേശുക്രിസ്തുവിന്റെ പീഡാനുഭവത്തെയും മരണത്തെയും അനുസ്മരിപ്പിച്ചുവത്രെ. ഈ ചിത്രം അടുത്തു പരിശോധിച്ചാൽ അവർ നൽകിയ വിശദീകരണം നിങ്ങൾക്കു മനസ്സിലാകും. ഈ പൂവിന്റെ അഞ്ച് ദളങ്ങളും അഞ്ച് ബാഹ്യദളങ്ങളും പീഡാനുഭവ സമയത്ത് ക്രിസ്തുവിനോടൊപ്പം ഉണ്ടായിരുന്ന പത്ത് വിശ്വസ്ത അപ്പൊസ്തലന്മാരെ പ്രതിനിധീകരിക്കുന്നതായി അവർ പറഞ്ഞു. (ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദായെയും അവനെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞ പത്രൊസിനെയും അവർ സൗകര്യാർഥം ഒഴിവാക്കി.) ദളങ്ങൾക്കു മീതെയുള്ള രോമങ്ങൾ പോലെയുള്ള കതിരുകളിൽ ക്രിസ്തുവിന്റെ മുൾക്കിരീടം പോലും അവർ ദർശിച്ചു. അഞ്ച് കേസരങ്ങൾ (പുംബീജങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്ന ഭാഗങ്ങൾ) ക്രിസ്തുവിന്റെ അഞ്ച് മുറിവുകളായി കണക്കാക്കപ്പെട്ടു. അറ്റത്ത് ബട്ടന്റെ ആകൃതിയിലുള്ള പരാഗണസ്ഥലത്തോടു കൂടിയ ജനിദണ്ഡുകൾ—അണ്ഡാശയത്തിനു മുകളിൽ ഉയർന്നു നിൽക്കുന്ന ഇവ മൂന്നെണ്ണം ഉണ്ട്—കണ്ടാൽ വലിയ മുട്ടുള്ള ആണിയാണെന്നേ തോന്നൂ. യേശുവിന്റെ വധനിർവഹണത്തിൽ ഉപയോഗിച്ച ആണികളെയാണ് അവ പ്രതിനിധീകരിക്കുന്നത് എന്നു പറയപ്പെടുന്നു. ആ പുരോഹിതന്മാരുടെ ഭാവന അപാരംതന്നെ!
മനോഹരമായ ഈ പുഷ്പം അവർ കണ്ടെത്തിയത് ഇന്നു ലാറ്റിൻ അമേരിക്ക എന്ന് അറിയപ്പെടുന്ന സ്ഥലത്തുവെച്ചാണ്. ഇന്ന് അത് ഒട്ടേറെ ബൊട്ടാണിക്കൽ ഗാർഡനുകളിൽ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും നട്ടുവളർത്തുന്നുണ്ട്. 13 മുതൽ 150 വരെ മില്ലിമീറ്റർ വ്യാസമുള്ള ഈ പുഷ്പം നാനാ വർണങ്ങളിൽ കാണപ്പെടുന്നു.
പാഷൻ പുഷ്പങ്ങളുടെ ഏതാണ്ട് 400 ഇനങ്ങൾ ഉണ്ട്. ലോകത്തിലെ ഉഷ്ണ പ്രദേശങ്ങളിലാണ് അതു സാധാരണഗതിയിൽ വളരുന്നത്. ചിലതു ഭക്ഷ്യയോഗ്യമായ, നേരിയ പുളിയോ നല്ല മധുരമോ ഉള്ള പഴങ്ങൾ ഉത്പാദിപ്പിക്കുന്നു. ജ്യൂസ്, മാർമലെയ്ഡ്, ഐസ്ക്രീം എന്നിവ ഉണ്ടാക്കാൻ ഈ പഴം ഉപയോഗിക്കാറുണ്ട്. കാഴ്ചയ്ക്ക് ഏതാണ്ടൊരു ചുരയ്ക്ക പോലെ തോന്നിക്കുന്ന, പാഷൻ ഫ്രൂട്ടിന്റെ ഏറ്റവും വലിയ ഇനത്തിന് മൂന്നര കിലോ തൂക്കം കാണും.
ഒരു പൂവിന് അതിന്റെ ബാഹ്യരൂപത്തെക്കാൾ കവിഞ്ഞ പല സവിശേഷതകളുമുണ്ട്. മാത്രമല്ല, 2,50,000-ത്തോളം ആവൃതബീജ സസ്യങ്ങൾ അഥവാ പുഷ്പിക്കുന്ന സസ്യങ്ങൾ ഉണ്ട്! പൂക്കൃഷി ശാസ്ത്രത്തിൽ തത്പരനായ ഒരു വിദ്യാർഥിക്ക് പഠന വിഷയമാക്കാൻ ഇതാ മറ്റൊരു പുഷ്പം കൂടെ.
[24-ാം പേജിലെ രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ബാഹ്യദളങ്ങൾ
കതിരുകൾ
ദളങ്ങൾ
ജനിദണ്ഡുകൾ
കേസരങ്ങൾ