ലോകത്തെ വീക്ഷിക്കൽ
ആധ്യാത്മിക പ്രബുദ്ധതയ്ക്കു വേണ്ടിയുള്ള അന്വേഷണം
“ഈ നൂറ്റാണ്ട് അതിന്റെ സമാപ്തിയോട് അടുക്കവെ, ബ്രിട്ടീഷുകാർ ആധ്യാത്മിക കാര്യങ്ങൾക്കു വേണ്ടി അന്വേഷണം നടത്തുകയാണ്. മതപരവും ഗൂഢവിദ്യാപരവും പ്രകൃത്യതീതവുമായ കാര്യങ്ങൾ സംബന്ധിച്ച പുസ്തകങ്ങൾക്കു വേണ്ടിയുള്ള അവരുടെ ഉത്ക്കടമായ ആഗ്രഹം അതു വ്യക്തമാക്കുന്നു” എന്ന് ദ ടൈംസ് വർത്തമാനപ്പത്രം പറയുന്നു. കൾച്ചറൽ ട്രെൻഡ്സിൽ പ്രത്യക്ഷപ്പെടുന്ന ഒരു പഠനം കാണിക്കുന്ന പ്രകാരം കഴിഞ്ഞ അഞ്ചു വർഷത്തിൽ മതവിഷയങ്ങളെ കുറിച്ചുള്ള പുസ്തകങ്ങളുടെ എണ്ണത്തിൽ 83 ശതമാനവും നവ യുഗത്തെയും ഗൂഢവിദ്യയെയും കുറിച്ചുള്ളവയുടെ എണ്ണത്തിൽ 75 ശതമാനവും വർധനവ് ഉണ്ടായിരിക്കുന്നു. അതേസമയം, ശാസ്ത്രഗ്രന്ഥങ്ങളുടെ എണ്ണത്തിൽ കുറവു സംഭവിച്ചിരിക്കുകയാണ്. രസതന്ത്രത്തെയും ഊർജതന്ത്രത്തെയും കുറിച്ചുള്ള പുസ്തകങ്ങളുടെ പ്രസാധനത്തിൽ 27 ശതമാനം കുറവു കാണുന്നു. “നൂറ്റാണ്ടിന്റെ അവസാനമായതോടെ ആളുകൾ കൂടുതൽ അന്തർദർശികൾ ആകുകയാണ്, ജീവിതത്തിന്റെ യഥാർഥ അർഥം എന്താണെന്ന് അവർ ചിന്തിക്കുന്നു” എന്ന് ഈ സ്ഥിതിവിവരക്കണക്കുകൾ വിചിന്തനം ചെയ്തുകൊണ്ടു പ്രസ്തുത റിപ്പോർട്ടിന്റെ എഡിറ്ററായ സേറ സെൽവുഡ് അഭിപ്രായപ്പെട്ടു. അങ്ങനെയെങ്കിൽ ഭൂപടങ്ങളുടെയും ഭൂമിശാസ്ത്ര പുസ്തകങ്ങളുടെയും എണ്ണത്തിൽ 185 ശതമാനം വർധനവ് ഉണ്ടായിരിക്കുന്നത് എന്തുകൊണ്ടാണ്? “യാഥാർഥ്യങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള ഒരു പ്രവണതയെ” ആയിരിക്കാം അതു വെളിപ്പെടുത്തുന്നത് എന്ന് അവർ പറഞ്ഞു.
യൂറോപ്പിൽ മതസ്വാതന്ത്ര്യ ധ്വംസനം
“പത്തൊമ്പതു യൂറോപ്യൻ രാജ്യങ്ങൾ മതസ്വാതന്ത്ര്യ ധ്വംസനം നടത്തിയതായി” അന്താരാഷ്ട്ര ഹെൽസിങ്കി ഫെഡറേഷൻ, “ആരോപിച്ചിരിക്കുന്നു” എന്ന് കാത്തലിക്ക് ഇന്റർനാഷണൽ റിപ്പോർട്ടു ചെയ്യുന്നു. മതന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള സമ്മർദം ഏറ്റവും ശക്തമായിരിക്കുന്നത് ഓർത്തഡോക്സ് രാജ്യങ്ങളിൽ ആണെന്നു ഫെഡറേഷൻ അഭിപ്രായപ്പെട്ടു. യൂറോപ്യൻ യൂണിയനിലെ നിരവധി അംഗരാഷ്ട്രങ്ങൾ “പരമ്പരാഗത മതങ്ങളെ ശക്തിപ്പെടുത്താനുള്ള നിയമങ്ങൾ ഉണ്ടാക്കുമ്പോൾതന്നെ [യഹോവയുടെ സാക്ഷികൾ] പോലെയുള്ള ചെറിയ കൂട്ടങ്ങളുടെ പ്രവർത്തനങ്ങളിൽ വിലക്കുകൾ ഏർപ്പെടുത്തു”ന്നതായി ആ മാഗസിൻ പറഞ്ഞു. ഫെഡറേഷൻ ഡയറക്ടറായ ആരൻ റോഡ്സ് ഇങ്ങനെ കൂട്ടിച്ചേർത്തു: “‘മതാന്തര വിഭാഗങ്ങൾ കടന്നാക്രമണം നടത്തിയേക്കുമോ എന്ന ഭയത്താൽ പാശ്ചാത്യ സമൂഹങ്ങൾ മതന്യൂനപക്ഷങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നതായി കാണപ്പെടുന്നു. സകലരുടെയും കാര്യത്തിൽ ഒരുപോലെ ഉയർത്തിപ്പിടിക്കേണ്ടതായ മൂല്യങ്ങളുടെയും നിയമങ്ങളുടെയും ഭാഗമായി മതസ്വാതന്ത്ര്യത്തെ ആളുകൾ വീക്ഷിക്കാത്ത പക്ഷം സ്ഥിതി ഇതിലും വഷളാകുകയേ ഉള്ളൂ.”
“ഐശ്വര്യത്തിന്റെ ദൈവശാസ്ത്രം”
“‘ഐശ്വര്യത്തിന്റെ ദൈവശാസ്ത്രം’ പ്രസംഗിക്കുന്ന, സത്വരം വളർന്നുകൊണ്ടിരിക്കുന്ന ഭക്തിപ്രസ്ഥാനങ്ങൾ ലാറ്റിൻ അമേരിക്കയിലെ പരമ്പരാഗത പ്രൊട്ടസ്റ്റന്റ് സഭകളെ ‘കടത്തിവെട്ടുക’യാണ്” എന്ന് ലൂഥറൻ ദൈവശാസ്ത്രജ്ഞയായ വാൻഡ ഡൈഫെൽറ്റിനെ ഉദ്ധരിച്ചുകൊണ്ട് ഇഎൻഐ ബുള്ളറ്റിൻ പ്രസ്താവിക്കുന്നു. ഡൈഫെൽറ്റ് പറയുന്നത് അനുസരിച്ച്, ബ്രസീലിലെ പെന്തക്കോസ്ത്, കരിസ്മാറ്റിക് സഭകളിൽ ഇപ്പോൾ “പരമ്പരാഗത മുഖ്യധാരാ മതങ്ങളിൽ ഉള്ളതിനെക്കാൾ രണ്ടോ മൂന്നോ ഇരട്ടിയിലധികം അംഗങ്ങളുണ്ട്.” “സഭയ്ക്കു പണപരമായ സംഭാവനകൾ നൽകുന്ന” വിശ്വാസികൾക്ക് ഈ പ്രസ്ഥാനങ്ങൾ “തത്ക്ഷണ പ്രതിഫലങ്ങൾ” വാഗ്ദാനം ചെയ്യുന്നതായി അവർ പറഞ്ഞു. “ദൈവത്തോടുള്ള പ്രാർഥന ഒരു ബിസിനസ് ഇടപാടു പോലെയാണ് . . . അതായത്, ഞാൻ ദൈവത്തിന് എന്തെങ്കിലും കൊടുത്താൽ പകരം ദൈവം എനിക്കും എന്തെങ്കിലും തരണം.” പ്രസ്തുത ഭക്തിപ്രസ്ഥാനങ്ങൾ ബ്രസീലിലുള്ള ദരിദ്രരുടെ ഇടയിൽനിന്നാണ് ആളുകളെ ചേർക്കുന്നത്. വാഗ്ദാനം ചെയ്യപ്പെട്ടതൊന്നും ലഭിക്കാതിരിക്കുകയും സംഭാവനയുടെ സിംഹഭാഗവും സഭാ നേതാക്കന്മാരുടെ കീശയിലേക്കു പോകുകയും ചെയ്തിട്ടും അനുയായികൾ സഭ വിട്ടുപോകാത്തതിന്റെ കാരണം എന്താണ്? ഡൈഫെൽറ്റ് പറയുന്നു: “രണ്ട് [മതങ്ങൾ] വേണം, ഒന്നു പറ്റിയില്ലെങ്കിൽ മറ്റൊന്ന് എന്നതാണ് ആളുകളുടെ പൊതുവെയുള്ള ചിന്താഗതി. മാത്രമല്ല, “ഈ സഭകളുടെ നേതാക്കന്മാർ ആളുകൾക്കു താത്പര്യമുള്ള വിഷയങ്ങൾ അവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കുന്നു.”
വീഡിയോ കളികൾ പരിശോധിക്കുക
“മാതാപിതാക്കൾ വിഡ്ഢികളായിട്ടാണു കണക്കാക്കപ്പെടുന്നത്,” ഫ്രഞ്ച് വർത്തമാനപ്പത്രമായ ല ഫിഗാറോ പ്രസ്താവിക്കുന്നു. കാരണം? കുട്ടികൾക്കു വേണ്ടിയുള്ള വീഡിയോ ഗെയിമുകളുടെ ഉള്ളടക്കം അവരിൽ ഒട്ടു മിക്കവർക്കും അറിയില്ലാത്തതായി കാണപ്പെടുന്നു. ഉദാഹരണത്തിന്, ശത്രുവിനെ പീഡിപ്പിക്കുന്നതാണ് ഒരു കളി, മറ്റൊന്ന് കാൽനടക്കാരെ വാഹനം ഇടിപ്പിച്ചു വീഴ്ത്തുന്നതും. സമീപ കാലങ്ങളിൽ ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെടുന്ന ഒരു വീഡിയോ ഗെയിം, സ്ത്രീകളെ പീഡിപ്പിക്കാവുന്ന പത്ത് ഭീകര മാർഗങ്ങളെ വിശേഷവത്കരിക്കുന്നു. കുട്ടികൾ കളിക്കുന്ന വീഡിയോ ഗെയിമുകളിൽ ഒട്ടു മിക്കപ്പോഴും “ഒളിഞ്ഞിരിക്കുന്ന മൃഗീയത”യെ കണ്ടുപിടിക്കാൻ അവ “സസൂക്ഷ്മം പരിശോധിക്കാൻ” ല ഫിഗാറോ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നു. “കുട്ടികൾ ആവശ്യപ്പെടുന്നതെന്തും കണ്ണടച്ചു വാങ്ങിക്കൊടുക്കുന്നത് കൂടുതൽ അപകടകരം ആയിത്തീരുകയാണ്” എന്ന് പത്രം പറയുന്നു. കൂടാതെ, അത് ഇങ്ങനെ ഒരു ചോദ്യവും ചോദിക്കുകയുണ്ടായി, “മനുഷ്യാവകാശങ്ങളുടെ മേൽ കരി വാരിതേക്കുന്ന ഗെയിമുകൾ അലമാരിയിൽ നിറഞ്ഞിരിക്കുമ്പോൾ അവയെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നതു ലജ്ജാകരമല്ലേ?”
“അവഗണിക്കപ്പെടുന്ന സഹായി”
ആശുപത്രിയിൽ കിടക്കുന്ന രോഗികളുടെ സുഖപ്പെടൽ പ്രക്രിയയിലെ ഒരു സുപ്രധാന ഘടകം ദീർഘകാലമായി അവഗണിക്കപ്പെട്ടിരിക്കുകയാണ് എന്ന് ജർമൻ പത്രികയായ സ്യൂച്ചോളോജി ഹോയ്റ്റെ പറയുന്നു. അത് തൊട്ടടുത്ത കിടക്കയിലെ രോഗിയാണ്. അടുത്തു മറ്റൊരു രോഗിയുള്ളതു രോഗം സുഖപ്പെടുന്നതിൽ ഒരു പങ്കു വഹിക്കുന്നതായി പഠനം വെളിപ്പെടുത്തി. പരക്കെയുള്ള വിശ്വാസത്തിനു വിപരീതമായി രോഗികളിൽ ഒരു ചെറിയ സംഖ്യ—7 ശതമാനം—മാത്രമേ തനിച്ചായിരിക്കാൻ ആഗ്രഹിച്ചുള്ളൂ. ആശുപത്രിയിലായിരിക്കുമ്പോൾ രണ്ടോ മൂന്നോ രോഗികളുമായി മുറി പങ്കിടാനാണു പലരും ഇഷ്ടപ്പെടുന്നത്. എന്നിരുന്നാലും, കൂടെയുള്ള രോഗിയുടെ സ്വഭാവവും സുഖപ്പെടൽ പ്രക്രിയയെ ബാധിക്കും. മുറിയിൽ ഒപ്പമുള്ള രോഗി “ഏറ്റവും മുഖ്യമായി ഇണക്കമുള്ളവനും സഹിഷ്ണുതയുള്ളവനും ആയിരിക്കണം” എന്ന് ലേഖനം പറഞ്ഞു. മറ്റ് അഭിലഷണീയ ഗുണങ്ങൾ യഥാക്രമം ഇവയാണ്: “സഹാനുഭൂതി, നർമരസം, ശുചിത്വം, തുറന്ന മനഃസ്ഥിതി, സഹായമനസ്കത, പരിഗണന, കർത്തവ്യനിഷ്ഠ, സൗഹൃദപ്രകൃതം, സത്യസന്ധത, ചിട്ട, സന്തുലിത മനോഭാവം, ക്ഷമ, വിവേചന, ദയ, ശാന്തസ്വഭാവം, ബുദ്ധിശക്തി, വഴക്കം, ജാഗ്രത.”
അമിത വ്യായാമത്തിന്റെ അപകടങ്ങൾ
വ്യായാമം ഹൃദയത്തിനും ശ്വാസകോശത്തിനും നല്ലതാണെങ്കിലും അമിതമായാൽ അത് അസ്ഥികളെ ക്ഷയിപ്പിക്കുകയും അങ്ങനെ പിൽക്കാല ജീവിതത്തിൽ മറ്റു പ്രശ്നങ്ങൾക്കു വഴിതെളിക്കുകയും ചെയ്യും. വ്യായാമം മനുഷ്യന്റെ അസ്ഥികളെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ചു നടത്തിയ ഒരു സമ്മേളനത്തിൽ റിപ്പോർട്ടു ചെയ്യപ്പെട്ടത് അങ്ങനെയാണ് എന്ന് ലണ്ടനിലെ ദ ഗാർഡിയൻ പറയുന്നു. ഓട്ടക്കാരും “കഠിനമായ വ്യായാമ മുറകൾ അനുഷ്ഠിക്കുന്നവരും” ആണ് ഏറ്റവും അപകടത്തിൽ ആയിരിക്കുന്നത്. കൂടെക്കൂടെ എയ്റോബിക് വ്യായാമ മുറകളിൽ ഏർപ്പെടുകയും നൃത്തം അഭ്യസിക്കുകയും ചെയ്യുന്ന യുവതികൾക്ക് സമ്മർദ ഫലമായി അസ്ഥികളിൽ പോറലുകൾ ഉണ്ടാകുന്നതിനു പുറമേ പ്രായം ചെല്ലുമ്പോൾ അസ്ഥിദ്രവീകരണവും സംഭവിക്കുന്നതായി പറയപ്പെടുന്നു. “കായികതാരങ്ങൾക്ക്, പതിനെട്ടോ പത്തൊമ്പതോ വയസ്സുവരെ മാത്രമേ അസ്ഥികൾ ബലപ്പെടുത്താനുള്ള അവസരം ഉള്ളൂ എന്നും പ്രായം ചെല്ലുന്തോറും ഇവരുടെ അസ്ഥികൾ ക്ഷയിച്ചു വരുമെന്നും ഉള്ള മുന്നറിയിപ്പ് നൽകപ്പെട്ട”തായി ലേഖനം പറഞ്ഞു. “സ്ക്വാഷ് കളിയും ടെന്നീസുമാണ് അസ്ഥികളെ ബലപ്പെടുത്താൻ പറ്റിയ ഏറ്റവും നല്ല കായികാഭ്യാസങ്ങളായി ചൂണ്ടിക്കാട്ടിയത്.” വ്യായാമവും ആരോഗ്യവും തമ്മിൽ ഉചിതമായ സമനില പാലിക്കണമെന്ന് യൂണിവേഴ്സിറ്റി കോളെജ് ഓഫ് ലണ്ടൻസ് ബോൺ സെന്ററിലെ മേധാവി മീഷൽ ഹൊർട്ടൻ ഉപദേശിച്ചു. അദ്ദേഹം ഇങ്ങനെ മുന്നറിയിപ്പു നൽകി: “യുവജനങ്ങൾ ധാരാളം വ്യായാമം ചെയ്യണമെന്നു ഗവൺമെന്റ് പറഞ്ഞുകൊണ്ടേയിരിക്കുന്നു. അത് അൽപ്പകാലത്തേക്കു പ്രയോജനം ചെയ്തേക്കാം. എന്നാൽ അതേ യുവജനങ്ങൾക്ക് 50 വയസ്സാകുമ്പോൾ എന്തായിരിക്കും സംഭവിക്കുന്നതെന്ന് ആരും ചിന്തിച്ചിട്ടില്ല.”
തൂക്കസംബന്ധമായ ഒരു പ്രശ്നം
1800-കളുടെ ആരംഭം മുതൽ ലെ ഗ്രാൻഡ് കെ ആണ് കിലോഗ്രാമിന്റെ ആഗോള മാനദണ്ഡം. ഫിലിം റോൾ സൂക്ഷിക്കുന്ന ചെറിയ പെട്ടിയുടെ വലുപ്പത്തിലുള്ള ഒരു പ്ലാറ്റിനം-ഇറിഡിയം സിലിണ്ടറാണ് ഇത്. യു.എസ്. പൗണ്ട് പോലും ഇതിനെ ആധാരമാക്കിയുള്ളതാണ്. എന്നാൽ ഈ സിലിണ്ടറിന്റെ ദ്രവ്യമാനത്തിനു മാറ്റം വരുന്നതായി കാണപ്പെടുന്നതു കൊണ്ട് ശാസ്ത്രജ്ഞർ ഉത്കണ്ഠാകുലരാണ്. ഫ്രാൻസിലെ പാരീസിന്റെ പ്രാന്തപ്രദേശത്ത്, ഭദ്രമായ ഒരിടത്ത് ഒന്നിന്റെ ഉള്ളിൽ ഒന്നായി കടത്തിവെച്ചിരിക്കുന്ന, മണിയുടെ ആകൃതിയിലുള്ള മൂന്നു പാത്രങ്ങളിലാണ് ഈ സിലിണ്ടർ സൂക്ഷിച്ചിരിക്കുന്നത്. നൂറു വർഷത്തിനിടയ്ക്ക് ആകെ മൂന്നു പ്രാവശ്യമാണ് ഇതു പുറത്തെടുത്തത്. ഏറ്റവും അവസാനമായി പുറത്തെടുത്ത ശേഷം ശാസ്ത്രജ്ഞന്മാർ, “ഓരോ വർഷവും അതിന്റെ ദ്രവ്യമാനത്തിൽ 1/50,00,000 ഗ്രാം വീതം വ്യത്യാസം സംഭവിക്കുന്നതായി നിഗമനം ചെയ്തു” എന്ന് സയൻസ് പത്രിക റിപ്പോർട്ടു ചെയ്തു. ശുദ്ധീകരണ നടപടികൾ കൈക്കൊള്ളുന്നുണ്ടെങ്കിലും, ഈ ‘വസ്തു’വിന്റെ ഉപരിതലത്തിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളായിരിക്കാം ദ്രവ്യമാനത്തിന്റെ നേരിയ തോതിലുള്ള ഈ വ്യത്യാസത്തിന്—ഒരുപക്ഷേ വർധനവിന്—കാരണം. ഇന്നത്തെ സാങ്കേതിക ലോകത്ത് അതീവ കൃത്യതയുള്ള അളവുകൾ ആവശ്യമാണ്. ഉദാഹരണത്തിന്, ബഹിരാകാശ യാത്രയ്ക്ക് ഉപയോഗിക്കുന്ന ആണവ ഘടികാരങ്ങളുടെ കാര്യത്തിൽ 14 ലക്ഷം വർഷം കൊണ്ട് ഒരു സെക്കൻഡിന്റെ വ്യത്യാസം മാത്രമേ ഉണ്ടാകുന്നുള്ളൂ. കിലോഗ്രാമിന്റെ കാര്യത്തിൽ കുറേക്കൂടെ ആശ്രയയോഗ്യമായ ഒരു അടിസ്ഥാന അളവ് എങ്ങനെ ആവിഷ്കരിക്കാം എന്നതു സംബന്ധിച്ച് ശാസ്ത്രജ്ഞരുടെ ഇടയിൽ ഇപ്പോഴും സംവാദം നടക്കുകയാണ്. ഇത് “ഒരു പരമാണുവിന്റെ വ്യത്യാസം വന്നാൽ പോലും ഉത്കണ്ഠപ്പെടുന്ന വിധം ശാസ്ത്രജ്ഞർ കൃത്യത സംബന്ധിച്ച് അത്ര ബോധവാന്മാരാകേണ്ടത്” ആവശ്യമാക്കിത്തീർത്തേക്കാം എന്ന് സയൻസ് പറയുന്നു.
ജലദോഷത്തിനു പ്രതിവിധി ഇല്ലെന്നോ?
അമ്പതു ലക്ഷം പൗണ്ട് (80 ലക്ഷം ഡോളർ) ചെലവഴിച്ച് നടത്തിയ പത്തു വർഷത്തെ ഗവേഷണത്തിനു ശേഷം ബ്രിട്ടനിലെ ജലദോഷ കേന്ദ്രം പരാജയം സമ്മതിച്ചിരിക്കുന്നു. ജലദോഷത്തിന് കാരണക്കാരായി 200 തരം വൈറസുകൾ ഉള്ളതുകൊണ്ട് അതിന് ഒരു ഒറ്റമൂലി കണ്ടുപിടിക്കാൻ ശ്രമിക്കുന്നത് “അഞ്ചാംപനിയും ചിക്കൻ പോക്സും മുണ്ടിനീരും ജർമൻ അഞ്ചാം പനിയും എല്ലാം ഒറ്റയടിക്കു ചികിത്സിച്ചു ഭേദമാക്കാൻ ശ്രമിക്കുന്നതുപോലെ” ആയിരിക്കും എന്ന് കാർഡിഫിലുള്ള വെയിൽസ് സർവകലാശാലയിലെ പ്രൊഫസറായ റൊണാൾഡ് എക്കൽസ് അഭിപ്രായപ്പെടുന്നു. “എല്ലാ വൈറസുകളെയും തുടച്ചുനീക്കാനുള്ള ഒരു പ്രതിവിധി ഞാൻ മുന്നിൽ കാണുന്നില്ല. ജലദോഷം പിടിപെട്ടാൽതന്നെ ഉത്കണ്ഠപ്പെടാതെ കഴിഞ്ഞു കൂടുക എന്നതാണു ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല സംഗതി എന്നു ഞാൻ കരുതുന്നു.”
മിച്ചിന്റെ സംഭാവന
ദുരന്തം വിതച്ച കഴിഞ്ഞ വർഷത്തെ മിച്ച് ചുഴലിക്കൊടുങ്കാറ്റ് ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുകയും ഏതാണ്ട് പത്തു ലക്ഷം ആളുകളെ ദുരിതത്തിലാഴ്ത്തുകയും ചെയ്തു. എങ്കിലും അത് നല്ല ഒരു കാര്യം ചെയ്യുകയുണ്ടായി. നിക്കരാഗ്വയിൽ തലസ്ഥാനത്തു നിന്ന് 90 കിലോമീറ്റർ വടക്കുകിഴക്കായി, ലിയോൻ വ്യെഹോയുടെ ശൂന്യശിഷ്ടങ്ങൾ കുഴിച്ചെടുക്കുകയായിരുന്ന പുരാവസ്തു ഗവേഷകരെ “പുതിയ ചുവരുകളും അസ്ഥികളും മറ്റും കണ്ടെത്താൻ” അത് സഹായിച്ചതായി മെക്സിക്കോ നഗരത്തിലെ എക്സെൽസ്യോർ വർത്തമാനപ്പത്രം റിപ്പോർട്ടു ചെയ്തു. മിച്ച് ചുഴലിക്കൊടുങ്കാറ്റ് മണ്ണ് പറത്തിക്കളഞ്ഞതിന്റെ ഫലമായി, പുരാവസ്തു ഗവേഷകർ ദീർഘനാളായി തിരഞ്ഞുകൊണ്ടിരുന്ന ഒരു ഇടം അനാവൃതമായെന്ന് ലിയോൻവ്യെഹോ റൂയിൻസ് ഹിസ്റ്റോറിക്കൽ സൈറ്റിന്റെ ഡയറക്ടർ റിഗോബർട്ടോ നാബാറൊ പറഞ്ഞു. 2.5 മീറ്റർ ഉയരവും 70 സെന്റിമീറ്റർ വീതിയും 100 മീറ്റർ നീളവും ഉണ്ടായിരുന്ന ഒരു ചുവർ മറനീങ്ങി പുറത്തുവന്നു. “പുരാവസ്തു ഗവേഷകർ വർഷങ്ങൾകൊണ്ട് ചെയ്തു തീർക്കുമായിരുന്നത്, വെറും മൂന്നു ദിവസംകൊണ്ട് ഈ ചുഴലിക്കൊടുങ്കാറ്റ് ചെയ്തുതീർത്തു” എന്ന് നാബാറൊ പറഞ്ഞതായി പത്രം പ്രസ്താവിച്ചു.