ഞങ്ങളുടെ വായനക്കാരിൽനിന്ന്
പൊളിൻ ചുഴലിക്കൊടുങ്കാറ്റ് ആളുകളെ കുറിച്ച് യഥാർഥ കരുതലുള്ള ഒരു സംഘടനയുടെ ഭാഗമാണു ഞാൻ എന്ന കാര്യം ഓർമിപ്പിക്കപ്പെടുമ്പോഴൊക്കെ എനിക്കു സന്തോഷം തോന്നാറുണ്ട്. “ഒരു ദുരന്തത്തിന്റെ രണ്ടു മുഖങ്ങൾ” എന്ന വിശിഷ്ടമായ ലേഖനത്തിനു നന്ദി. (ഒക്ടോബർ 8, 1998) യഹോവയുടെ സാക്ഷികളെ “സംഘടിതരും സത്യസന്ധരും” ആയി മറ്റുള്ളവർ വീക്ഷിക്കുന്നു എന്നറിയുന്നത് എത്ര സംതൃപ്തിദായകമാണ്!
ഡി. എഫ്. എസ്., ബ്രസീൽ
ഏകാന്തത “ബൈബിളിന്റെ വീക്ഷണം: ഏകാന്തതയുടെ മൂല്യം” (ഒക്ടോബർ 8, 1998) എന്ന ലേഖനം എനിക്കുവേണ്ടി എഴുതിയതു പോലെ തോന്നി. ആത്മീയവും വൈകാരികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് ഏകാന്തത എനിക്ക് ആവശ്യമാണ്. ഏകാന്തത “സന്ദർശിക്കാൻ പറ്റിയതും തങ്ങുന്നത് അപകടകരവും ആയ സ്ഥലം” ആണ് എന്ന ആശയം ഞാൻ ഓർക്കും.
എൽ. ജി., ഐക്യനാടുകൾ
“വത്തിക്കാനും കൂട്ടക്കൊലയും” വർഷങ്ങളായി സാക്ഷികൾ എന്റെ വീടു സന്ദർശിക്കുന്നു. ഞങ്ങൾ പരസ്പരം സഹവാസം ആസ്വദിച്ചിട്ടുമുണ്ട്. എങ്കിലും, “കത്തോലിക്കാ സഭയും കൂട്ടക്കൊലയും” (ഒക്ടോബർ 22, 1998) എന്ന നിങ്ങളുടെ ലേഖനം പ്രകോപനം ഉളവാക്കുന്ന ഒന്നായിരുന്നു. പീയൂസ് പന്ത്രണ്ടാമൻ പാപ്പാ പുണ്യവാനായ ഒരു വ്യക്തിയായിരുന്നു. യഹൂദരെ സഹായിക്കാൻ തനിക്ക് ആകുന്നതെല്ലാം അദ്ദേഹം ചെയ്തിട്ടുണ്ട്, അദ്ദേഹത്തിന്റെ പരിശ്രമ ഫലമായി ആയിരക്കണക്കിന് യഹൂദർ രക്ഷപ്പെട്ടിട്ടുമുണ്ട്!
ജെ. പി., ഐക്യനാടുകൾ
ഞങ്ങളുടെ ഉദ്ദേശ്യം കത്തോലിക്കാ വായനക്കാരെ മുഷിപ്പിക്കുകയായിരുന്നില്ല മറിച്ച്, “ഞങ്ങൾ ഓർക്കുന്നു: ഷോവായെ കുറിച്ച് ഒരു വിചിന്തനം” എന്ന വത്തിക്കാൻ പ്രമാണം സംബന്ധിച്ചുള്ള വിവാദത്തെ കുറിച്ച് കൃത്യതയുള്ള റിപ്പോർട്ടു നൽകുക എന്നതായിരുന്നു. ലേഖനത്തിൽ നൽകിയിരുന്ന പ്രസ്താവനകൾ റോമൻ കത്തോലിക്കർ ഉൾപ്പെടെയുള്ള ആദരണീയ ചരിത്രകാരന്മാരുടെയും എഴുത്തുകാരുടെയും നിയമജ്ഞരുടെയും വീക്ഷണങ്ങൾ ആയിരുന്നു. ജീവൻ രക്ഷിക്കുന്നതിനു വത്തിക്കാൻ ചെയ്തിട്ടുള്ള ഏതൊരു കാര്യവും പ്രശംസാർഹം തന്നെ. എങ്കിലും, നാസി വാഴ്ചയ്ക്കെതിരെ പീയൂസ് പന്ത്രണ്ടാമൻ പാപ്പാ പരസ്യമായി സംസാരിക്കുന്നതിൽ പരാജയപ്പെട്ടു എന്നുള്ളത് ഒരു വസ്തുതയാണ്. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ദശലക്ഷക്കണക്കിനു ജീവൻ രക്ഷിക്കാമായിരുന്നു.—പത്രാധിപർ
അന്യോന്യം സ്നേഹിക്കൽ “എല്ലാവരും അന്യോന്യം സ്നേഹിക്കുന്ന ഒരു കാലം വരുമോ?” (ഒക്ടോബർ 22, 1998) എന്ന ലേഖന പരമ്പര ഒന്നാന്തരമായിരുന്നു! നീരസവും വിദ്വേഷവും വെച്ചുപുലർത്താൻ ചിലപ്പോഴൊക്കെ ഉണ്ടാകാറുള്ള ശക്തമായ പ്രേരണയെ ചെറുക്കാൻ അത് എന്നെ സഹായിച്ചിരിക്കുന്നു. ആയിരമായിരം നന്ദി! നിങ്ങളുടെ പ്രസിദ്ധീകരണങ്ങളിൽ നിന്ന് എനിക്കു ലഭിക്കുന്ന പ്രോത്സാഹനം യഹോവയാം ദൈവത്തിന്റെ ഒരു ദാസനായിരിക്കാൻ എന്നെ സഹായിക്കുമെന്നു പ്രത്യാശിക്കുന്നു.
ജി. സി., ഇറ്റലി
ധീരരായ മിഷനറിമാർ “ഞങ്ങൾ ഇനി ഞങ്ങൾക്കായിട്ടല്ല ജീവിക്കുന്നത്” (ഒക്ടോബർ 22, 1998) എന്ന ലേഖനം വായിച്ചശേഷം വിശ്വാസത്തെ ബലിഷ്ഠമാക്കുന്ന അത്തരം വിവരത്തിനായി നിങ്ങൾക്കു നന്ദി പറയാൻ എന്റെ ഹൃദയം പ്രേരിതമായി. ഇവിടെ ബ്രിട്ടനിൽ ഞങ്ങൾ വളരെയധികം നിസ്സംഗത അഭിമുഖീകരിക്കുന്നു. എന്നാൽ ജാക്ക് യോഹാൻസനും ലിൻഡ യോഹാൻസനും അനുഭവിച്ച കാര്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ഇത് ഒന്നുമല്ല. ആ ലേഖനം എന്റെ ഹൃദയത്തെ ശരിക്കും സ്പർശിച്ചു, മാത്രമല്ല എനിക്കുള്ള സേവനപദവികളെ പ്രതി കൃതജ്ഞതയുള്ളവൾ ആയിരിക്കാനും അത് എന്നെ സഹായിച്ചു.
എൽ. ജെ., ഇംഗ്ലണ്ട്
ഏതാനും വർഷമായി ഞാനും ഭാര്യയും മുഴുസമയ ശുശ്രൂഷകർ ആണ്. പുതിയ നിയമനവുമായി പൊരുത്തപ്പെടുന്നത് ഒരു യഥാർഥ വെല്ലുവിളി ആയിരുന്നേക്കാം എന്നു ഞങ്ങൾക്ക് അറിയാം. മറ്റൊരു സ്ഥലത്തേക്കു മാറിയപ്പോൾ ഉണ്ടായ തോന്നലുകളെ യോഹാൻസൻ ദമ്പതികൾ തുറന്നു പറഞ്ഞത്, ഞങ്ങൾക്കുണ്ടായ തോന്നലുകൾ അസാധാരണമായിരുന്നില്ല എന്നും ഞങ്ങൾ തുടർന്നും യഹോവയിൽ ആശ്രയിക്കേണ്ടതുണ്ട് എന്നും ഞങ്ങൾക്കു കാണിച്ചുതന്നു.
എസ്. ഇ. സി., ബ്രസീൽ
സത്യം സ്വന്തമാക്കൽ എനിക്കു 12 വയസ്സുണ്ട്. “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്ക് സത്യം എങ്ങനെ സ്വന്തമാക്കാൻ സാധിക്കും?” (ഒക്ടോബർ 22, 1998) എന്ന ലേഖനം ഞാൻ ആസ്വദിച്ചു. സ്കൂൾ തുറന്നതുകൊണ്ട് ക്രിസ്തീയ യോഗങ്ങൾക്കു തയ്യാറാകാൻ അൽപ്പം ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. എങ്കിലും ഞാൻ സമയം വിലയ്ക്കു വാങ്ങേണ്ടിയിരിക്കുന്നു. യഹോവയോടുള്ള സ്നേഹം വളർത്തിയെടുക്കാനും സത്യത്തിൽ വേരുറപ്പിക്കാനും ഇത് ഒട്ടേറെ യുവജനങ്ങളെ സഹായിക്കുമെന്നു ഞാൻ കരുതുന്നു.
സി. എസ്., പോർച്ചുഗൽ
ഒരു വർഷം മുമ്പ് സത്യത്തെ കുറിച്ച് ഞാനും ഇതേ ചോദ്യങ്ങൾ തന്നെ ചോദിച്ചിട്ടുണ്ട്. ഞാൻ വാസ്തവമായും സത്യത്തെ സ്നേഹിക്കുന്നുണ്ടോ അതോ എന്റെ കുടുംബം കാരണമാണോ ഞാൻ സത്യത്തിൽ ആയിരിക്കുന്നത് എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നില്ല. അതുകൊണ്ട് ഞാൻ നിങ്ങൾ പ്രോത്സാഹിപ്പിച്ചതുപോലെ ചെയ്തു—ബൈബിൾ ഗവേഷണത്തിലൂടെ അത് ഞാൻ സ്വയം തെളിയിച്ചു. സത്യം സ്വന്തമാക്കിയിരിക്കുന്നു എന്നു പറയുന്നതിൽ എനിക്ക് ഇപ്പോൾ സന്തോഷമുണ്ട്. ഒരു മുഴുസമയ സുവിശേഷകൻ ആകാൻ ഞാൻ നോക്കിപ്പാർത്തിരിക്കുന്നു!
എച്ച്. എൻ., ഐക്യനാടുകൾ