ഒരു മഹത്തായ ഉദ്ദേശ്യത്തോടെ നിർമിക്കപ്പെട്ടത്
മുമ്പു പറഞ്ഞപ്രകാരം പണ്ടുമുതലേ ആളുകൾ ആകാശത്തേക്കു നോക്കി ‘ഇവയെല്ലാം എന്തിനാണ്’ എന്ന് ആശ്ചര്യപ്പെട്ടിട്ടുണ്ട്. ഒരു പ്രഗത്ഭ സംഗീതജ്ഞൻ ദീർഘകാലം മുമ്പ് വിലമതിപ്പോടെ പാടി: “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.”—സങ്കീർത്തനം 19:1.
നമ്മുടെ മനോഹരമായ ഭൂമിയും ആളുകളിൽ ഇതേ പ്രതികരണം ഉളവാക്കുന്നു. ഉദാഹരണത്തിന് ഒരു ബഹിരാകാശ യാത്രയ്ക്കു ശേഷം ബഹിരാകാശ യാത്രികനായ ചാൾസ് എം. ഡ്യൂക്ക്, ജൂനിയർ അത്ഭുതത്തോടെ പറഞ്ഞു: “ബഹിരാകാശത്തുനിന്നു നോക്കുമ്പോൾ ഭൂമി അതിമനോഹരമാണ്, കരയുടെയും കടലിന്റെയും മേഘങ്ങളുടെയുമെല്ലാം നിറങ്ങളുടെ ഒരു മേളനം.” അദ്ദേഹം കൂട്ടിച്ചേർത്തു: “ഇരുണ്ട ബഹിരാകാശത്തിന്റെ പശ്ചാത്തലത്തിൽ അതിന്റെ ദൃശ്യം ഏതാണ്ട് ഒരു ദൈവിക അനുഭവം പോലെയായിരുന്നു.”
നക്ഷത്രഖചിതമായ വാനത്തേക്കു നോക്കുമ്പോൾ, അല്ലെങ്കിൽ പ്രകൃതി രമണീയമായ ഒരു സ്ഥലം കാണുമ്പോൾ നിങ്ങൾക്ക് എന്താണു തോന്നുന്നത്? അത് എങ്ങനെയാണ് അല്ലെങ്കിൽ എന്തിനാണ് അസ്തിത്വത്തിൽ വന്നത് എന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
തന്റെ ഉദ്ദേശ്യം വെളിപ്പെടുത്തുന്നു
യഹോവ ഇയ്യോബ് എന്ന മനുഷ്യനോട് ഒരു ചോദ്യം ചോദിച്ചു: “ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു?” (ഇയ്യോബ് 38:4) ഈ ചോദ്യം ഇയ്യോബിനെ താഴ്മ പഠിപ്പിച്ചു. കാരണം ആ സമയത്ത് അവൻ അസ്തിത്വത്തിൽ ഉണ്ടായിരുന്നില്ല. ഇയ്യോബ് ജനിക്കുന്നതിനും ദീർഘകാലം മുമ്പുതന്നെ ദൈവം തന്റെ സ്വരൂപത്തിൽ പുത്രന്മാരെ—ആത്മവ്യക്തികളായ ദൂതന്മാരെ—സൃഷ്ടിച്ചു. (സങ്കീർത്തനം 104:4, 5) അതുകൊണ്ട് തുടർന്ന് ദൈവം ഇയ്യോബിനോട് ഇങ്ങനെ ചോദിച്ചു: “പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ . . . അതിന്റെ മൂലക്കല്ലിട്ടവൻ ആർ?”—ഇയ്യോബ് 38:6, 7.
ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ ദൈവദൂതന്മാർക്കിടയിൽ ഇത്രയ്ക്കു സന്തോഷം ഉണ്ടായത് എന്തുകൊണ്ടായിരുന്നു? വ്യക്തമായും, ദൈവത്തിന്റെ ഭൗതിക സൃഷ്ടികളിൽവെച്ച് ഭൂമിക്കു സവിശേഷത ഉണ്ടെന്ന് അവർക്ക് അറിയാമായിരുന്നു. ഒരുപക്ഷേ ഭൂമിയെ സംബന്ധിച്ച തന്റെ മഹത്തായ ഉദ്ദേശ്യത്തെ കുറിച്ച് ദൈവം ദൂതന്മാർക്ക് ഒരു പൂർവവീക്ഷണം പോലും നൽകിയിരിക്കാം. ‘വ്യർത്ഥമായിട്ടല്ല [ഭൂമിയെ] സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു’ എന്ന് പിന്നീട് യഹോവ മനുഷ്യവർഗത്തോടും വെളിപ്പെടുത്തി. അതേ മനുഷ്യർക്ക് എന്നേക്കും വസിക്കാനും ആസ്വദിക്കാനും വേണ്ടി.—യെശയ്യാവു 45:18.
പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചശേഷം ഭൂമിയെ സംബന്ധിച്ചുള്ള തന്റെ ഉദ്ദേശ്യം യഹോവ അവരെ അറിയിച്ചു. ആദ്യ മനുഷ്യ ജോഡിക്ക് അവൻ ഈ നിർദേശം നൽകി: “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ.” (ഉല്പത്തി 1:28) സന്താനോത്പാദനത്തിനുള്ള അത്ഭുതകരമായ പ്രാപ്തിയോടെയാണു ദൈവം മനുഷ്യജോഡിയെ സൃഷ്ടിച്ചത്. തങ്ങളുടെ സ്രഷ്ടാവിന്റെ നല്ല ഗുണങ്ങളെ പ്രതിഫലിപ്പിക്കുന്ന പൂർണ മനുഷ്യരെക്കൊണ്ട് മുഴു ഭൂമിയെയും നിറയ്ക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം.
ഇന്ന് ഭൂമിയിൽ എല്ലായിടത്തുംതന്നെ ആളുകളുണ്ടെങ്കിലും സ്രഷ്ടാവിനു മഹത്ത്വം കരേറ്റുന്ന വിധത്തിലല്ല അവർ അതിൽ വസിക്കുന്നത്. രോഗഗ്രസ്തമായ, മരിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലാണു മനുഷ്യവർഗം. ഭൂമിയെയും അതിലെ ജീവജാലങ്ങളെയും വേണ്ടവിധത്തിൽ അവർ പരിപാലിക്കുന്നില്ല. മനുഷ്യരെ പൂർണരായിട്ടാണ് യഹോവ സൃഷ്ടിച്ചത്. കാലാന്തരത്തിൽ, ഭൗമിക പറുദീസയിൽ ഒരുമിച്ച് എന്നേക്കും ജീവിക്കുന്ന നീതി പ്രവർത്തിക്കുന്ന ഒരു മാനുഷ കുടുംബത്തിന്റെ അധീനതയിൽ മുഴു ഭൂമിയും വരണം എന്നുള്ളതായിരുന്നു അവന്റെ ഉദ്ദേശ്യം.
അവന്റെ ഉദ്ദേശ്യം നിവർത്തിക്കപ്പെടും എന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാം. കാരണം? ഉദ്ദേശിക്കുന്ന കാര്യമൊക്കെയും താൻ “അനുഷ്ഠിക്കും” എന്ന് അവൻ വാഗ്ദാനം ചെയ്തിരിക്കുന്നു. (യെശയ്യാവു 46:11; 55:11) അവന്റെ വചനം ഈ ഉറപ്പു നൽകുന്നു: “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:29; വെളിപ്പാടു 21:3-5) മരിക്കുമ്പോൾ തന്നോടൊപ്പം ഉണ്ടായിരുന്ന, അനുതാപം പ്രകടമാക്കിയ ദുഷ്പ്രവൃത്തിക്കാരനു ദൈവപുത്രനായ യേശുക്രിസ്തു നൽകിയ ഈ വാഗ്ദാനം പലരും ഓർമിക്കുന്നുണ്ടാകും: “നീ എന്നോടുകൂടെ പരദീസയിൽ ഇരിക്കും.” (ലൂക്കൊസ് 23:43) അത് എങ്ങനെ നിവർത്തിക്കപ്പെടും?
ദൈവത്തിന്റെ ഉദ്ദേശ്യം നിവർത്തിക്കപ്പെടുന്ന വിധം
ക്രിസ്തു തന്റെ ഭരണാധിപത്യം ഭൂമിയിൽ പൂർണമായ അളവിൽ സ്ഥാപിച്ചു കഴിയുമ്പോൾ ആളുകൾ ദീർഘകാലമായി പ്രാർഥിച്ചുകൊണ്ടിരിക്കുന്ന സ്വർഗീയ ഭരണത്തിൻ കീഴിൽ ആ ദുഷ്പ്രവൃത്തിക്കാരൻ ഭൂമിയിലേക്ക് ഉയിർപ്പിക്കപ്പടും. (സങ്കീർത്തനം 72:1, 5-8; മത്തായി 6:9, 10; യോഹന്നാൻ 18:36, 37; പ്രവൃത്തികൾ 24:15) എന്നിരുന്നാലും മരിച്ചവരുടെ പുനരുത്ഥാനം നടക്കുന്നതിനു മുമ്പ്, ദൈവത്തെ ആരാധിക്കാൻ വിസമ്മതിക്കുന്ന എല്ലാവരെയും നീക്കം ചെയ്ത് അവൻ ഭൂമിയെ ശുദ്ധീകരിക്കും. ബൈബിൾ വാഗ്ദാനം ചെയ്യുന്നു: “സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും.” എന്നിട്ട് അത് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.”—ദാനീയേൽ 2:44.
തന്റെ നല്ല ഗുണങ്ങളെ പ്രതിഫലിപ്പിക്കുന്ന ആളുകളെക്കൊണ്ട് ഭൂമിയെ നിറയ്ക്കുക എന്ന ഉദ്ദേശ്യം നിവർത്തിക്കാൻ നമ്മുടെ മഹാപ്രപഞ്ചത്തിന്റെ സർവജ്ഞാനിയായ സ്രഷ്ടാവിനു തീർച്ചയായും കഴിയും! (ഉല്പത്തി 1:27) ദൈവം ഇതു നിവർത്തിക്കുന്ന വിധത്തെ കുറിച്ചു മനസ്സിലാക്കാൻ മനുഷ്യർക്ക് അവസരം ലഭിക്കേണ്ടതിന് എല്ലായിടത്തുമുള്ള ആളുകൾക്കു വായിക്കാൻ അവൻ ഒരു ഗ്രന്ഥം പ്രദാനം ചെയ്തു.a യു.എസ്.എ.-യിലെ ഒഹായോയിലുള്ള ഒരു വ്യക്തി അതിനെ വർണിക്കുന്നതു ശ്രദ്ധിക്കുക:
“ഈ പുസ്തകത്തിലെ വിവരങ്ങൾ വായിച്ചാലും വായിച്ചാലും തീരുമെന്ന് എനിക്കു തോന്നുന്നില്ല. മത്സരത്തിന്റെ ഫലമായി ഒരു മനോഹര ഭവനം താറുമാറായതിനെ കുറിച്ചുള്ള വിവരണത്തോടെയാണ് അതിന്റെ തുടക്കം. തുടർന്ന് കഷ്ടപ്പാടും ദുരന്തവും ദുഃഖവും കൊലപാതകവും മരണവും രംഗപ്രവേശം ചെയ്യുന്നു. കുടുംബം വലുതാകുന്നതോടെ നിരാശയിലേക്കും അന്ധകാരത്തിലേക്കുമുള്ള അതിന്റെ വീഴ്ചയുടെ ഗതിവേഗം വർധിക്കുന്നു. നൂറ്റാണ്ടുകൾ കടന്നുപോകവെ രാഷ്ട്രങ്ങൾ രൂപംകൊള്ളുകയും ശിഥിലമാകുകയും ചെയ്യുന്നു, ആയിരക്കണക്കിനു കഥാപാത്രങ്ങൾ രംഗത്തു വന്നുപോകുന്നു. എല്ലാത്തരം മാനുഷിക വികാരങ്ങളും, ഉഗ്ര കോപം മുതൽ ഒരു രക്തസാക്ഷിയുടെ സ്നേഹത്തെ കുറിച്ചു വരെ, നാം അതിൽ വായിക്കുന്നു. ഒരു നേരിയ പ്രകാശകണം പോലെ പ്രത്യക്ഷപ്പെട്ട പ്രത്യാശ, ഒരിക്കലും മാറ്റം വരികയില്ലാത്ത ഉറപ്പായി തീരുന്നു. മനോഹരമായ ഭവനത്തിൽ പൂർണതയുള്ള ഒരു ഗവൺമെന്റ് പുനഃസ്ഥാപിക്കപ്പെടാൻ പോകുന്നു. അതിന്റെ ഭരണാധിപൻ രാജാവായ യേശുക്രിസ്തുവാണ്. ഗവൺമെന്റ് ദൈവരാജ്യം, കുടുംബം മനുഷ്യവർഗവും. ആ ഗ്രന്ഥം ബൈബിളാണ്!”
ഏറ്റവും പ്രധാനപ്പെട്ട ഈ ഗ്രന്ഥം, അതായത് ബൈബിൾ, പരിശോധിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അതിലുപരിയായി, ഈ പ്രപഞ്ചവും അതിന്റെ അസംഖ്യം സവിശേഷതകളും യാദൃച്ഛികമായി ഉളവായതല്ല എന്നുള്ളതിനുള്ള തെളിവുകൾ കൂടുതലായി പരിശോധിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. ഈ വിഷയത്തെ കുറിച്ചുള്ള വിജ്ഞാനപ്രദമായ ഒരു വിചിന്തനം നിങ്ങളെക്കുറിച്ചു കരുതലുള്ള ഒരു സ്രഷ്ടാവുണ്ടോ? (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ കാണാവുന്നതാണ്. അതിന്റെ ഒരു പ്രതി ലഭിക്കുന്നതിന് എന്തു ചെയ്യണമെന്ന് 32-ാം പേജിൽ വിശദീകരിച്ചിരിക്കുന്നു.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന ലഘുപത്രിക കാണുക.
[10-ാം പേജിലെ ചിത്രം]
‘ബഹിരാകാശത്തെ അതിമനോജ്ഞ ദൃശ്യം’
[കടപ്പാട്]
NASA photo