അത് യാദൃച്ഛികമായി ഉണ്ടായതോ അതോ സൃഷ്ടിക്കപ്പെട്ടതോ?
പ്രപഞ്ചം ബുദ്ധിശക്തിയുള്ള ഒരുവനാൽ സൃഷ്ടിക്കപ്പെട്ടതാണെന്ന ആശയം കേൾക്കുന്നതുതന്നെ പല ശാസ്ത്രജ്ഞർക്കും അസ്വസ്ഥത ഉളവാക്കുന്ന ഒന്നാണ്. അതുകൊണ്ട് അത് സ്വയം ഉണ്ടായതാണ് എന്ന് അവർ ഊഹിക്കുന്നു. എന്നാൽ അത് എങ്ങനെ സംഭവിച്ചു എന്നു വിശദമാക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല.
സയന്റിഫിക്ക് അമേരിക്കൻ മാസികയുടെ 1999 ജനുവരി ലക്കത്തിൽ ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “മഹാസ്ഫോടന സിദ്ധാന്തം പ്രപഞ്ചത്തിന്റെ ഉത്ഭവം വിശദീകരിക്കുന്നില്ല.” ആ മാസിക ഇങ്ങനെ പറഞ്ഞു: “പ്രപഞ്ചത്തിന്റെ യഥാർഥ സൃഷ്ടിപ്പിനെ വിശദീകരിക്കാൻ അതിനും മുമ്പുള്ള കാലഘട്ടത്തെ വിവരിക്കുന്ന മറ്റൊരു സിദ്ധാന്തം ആവശ്യമാണ്.”
എന്നാൽ, പ്രപഞ്ചം എങ്ങനെയോ തനിയെ ഉണ്ടായതാണ് എന്ന ആശയം ന്യായയുക്തമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? രസതന്ത്രജ്ഞനായ ചാൾസ് എച്ച്. ടൗൺസ് ഇങ്ങനെ അഭിപ്രായപ്പെട്ടു: “‘മഹാസ്ഫോടന’ത്തിനു പിന്നിലെ കാരണങ്ങൾ കണ്ടെത്താമെന്നും ഒരുപക്ഷേ നമ്മുടെ പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ വിശദീകരിക്കാമെന്നും—ഉദാഹരണത്തിന് ഒരുതരം വ്യതിയാനമെന്നോ മറ്റോ—ഊർജതന്ത്രജ്ഞർ പ്രത്യാശിക്കുന്നുണ്ടെന്നതു ശരിതന്നെ. എന്നാൽ അത് എന്തിന്റെ വ്യതിയാനമായിരുന്നു? ഈ വ്യതിയാനം ഉണ്ടായത് എങ്ങനെ? ശാസ്ത്രീയ വീക്ഷണത്തിലൂടെ മാത്രം അന്വേഷിക്കുകയാണെങ്കിൽ പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ പറ്റിയുള്ള ചോദ്യം ഉത്തരം കിട്ടാത്ത ഒന്നായി അവശേഷിക്കും എന്നാണ് എനിക്കു തോന്നുന്നത്.”
പ്രപഞ്ചം ഒരു കാലത്ത് ഉണ്ടായിരുന്നില്ലെന്നും അത് എങ്ങനെയോ ഉണ്ടായതാണെന്നും ഉള്ള ആശയം ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നു. പ്രപഞ്ചത്തിലെ നിയമങ്ങളുമായി ബന്ധപ്പെട്ടു മനസ്സിലാക്കിയിരിക്കുന്ന സംഗതികൾ പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്ന് അറിയാൻ നമ്മെ സഹായിക്കുമോ?
“ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ”
ഊർജത്തെയും ദ്രവ്യത്തെയും സംബന്ധിച്ചാണ് ഇങ്ങനെ പറയപ്പെട്ടിരിക്കുന്നത്. “ഊർജത്തിന്റെ ഒരു രൂപമാണ് ദ്രവ്യം” എന്ന് സയന്റിഫിക്ക് അമേരിക്കൻ പ്രസ്താവിച്ചു. E=mc2 (ഊർജം സമം പിണ്ഡം ഗുണം പ്രകാശവേഗത്തിന്റെ വർഗം) എന്ന ഐൻസ്റ്റൈന്റെ പ്രസിദ്ധമായ സമവാക്യത്തിൽ ദ്രവ്യവും ഊർജവും തമ്മിലുള്ള ഈ ബന്ധം കാണുന്നു. ഒരു ചെറിയ പിണ്ഡത്തിൽ അവിശ്വസനീയമായ അളവിൽ ഊർജം അടങ്ങിയിട്ടുണ്ടെന്ന് ഈ സമവാക്യം വെളിപ്പെടുത്തുന്നു. “ഓറഞ്ചിന്റെ വലുപ്പം മാത്രമുള്ള ഒരു ബോംബിന് ഒരു നഗരത്തെ ഉന്മൂലനം ചെയ്യാൻ സാധിക്കുന്നത് എങ്ങനെ എന്ന് അതു കാണിക്കുന്നു,” യൂണിവേഴ്സിറ്റി പ്രൊഫസറായ തിമോത്തി ഫെറിസ് പറഞ്ഞു.
നാണയത്തിന്റെ മറുവശം നോക്കിയാൽ—ഐൻസ്റ്റൈന്റെ സിദ്ധാന്തപ്രകാരം ഊർജത്തെ ദ്രവ്യമാക്കി മാറ്റാനും കഴിയും. അതുകൊണ്ട് ഒരു പ്രപഞ്ചശാസ്ത്രജ്ഞൻ പറഞ്ഞപ്രകാരം, ഭൗതിക പ്രപഞ്ചത്തിന്റെ രൂപീകരണത്തിൽ “നാം ഇപ്പോൾ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നതു പോലെ ദ്രവ്യത്തിന്റെയും ഊർജത്തിന്റെയും ഏറ്റവും ഭയഗംഭീരമായ രൂപാന്തരണം” ഉൾപ്പെട്ടിട്ടുണ്ടായിരിക്കാം.
അത്തരം ഒരു “രൂപാന്തരണ”ത്തിന് ആവശ്യമായ ദ്രവ്യവും ഊർജവും ഉണ്ടായത് എവിടെനിന്നായിരുന്നു? തൃപ്തികരമായ ഉത്തരം നൽകാൻ ശാസ്ത്രത്തിനു കഴിയുന്നില്ല. ശ്രദ്ധേയമായി ബൈബിൾ ദൈവത്തെ കുറിച്ച് ഇങ്ങനെ പറയുന്നു: “ഗതികോർജത്തിന്റെ സമൃദ്ധി നിമിത്തവും അവൻ ശക്തിയിൽ ഊർജസ്വലൻ ആകകൊണ്ടും അവയിൽ ഒന്നും [ബഹിരാകാശ ഗോളങ്ങൾ] നഷ്ടപ്പെടുന്നില്ല.” (യെശയ്യാവു 40:26, NW) പ്രപഞ്ചത്തെ സൃഷ്ടിക്കാൻ ദൈവം ഉപയോഗിച്ച മാർഗം ഏതുമായിക്കൊള്ളട്ടെ, അതു ചെയ്യാൻ ആവശ്യമായ ഊർജവും ശക്തിയും അവനുണ്ട് എന്നു വ്യക്തം.
ഒരു പരമോന്നത ബുദ്ധിശാലി നമ്മുടെ പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്നു വിശ്വസിക്കുന്നതിനുള്ള അടിസ്ഥാനം, ശാസ്ത്രീയ തെളിവു നൽകുന്നുണ്ടോ? പ്രപഞ്ചത്തിന്റെ ആരംഭത്തിലേക്കുള്ള ഒരു എത്തിനോട്ടം അതിന് ഉത്തരം നൽകും.
ക്രമീകൃതമായ തുടക്കം
ഇതേ കുറിച്ചു ചിന്തിക്കുക: ന്യൂക്ലിയർ ബോംബ് പൊട്ടുമ്പോൾ ഉണ്ടാകുന്നതുപോലെ അനിയന്ത്രിതമായ വിധത്തിൽ ദ്രവ്യം ഊർജമായി മാറുന്നത്, ആകെ അലങ്കോലമായ അവസ്ഥ സൃഷ്ടിക്കും. 1945-ൽ ജപ്പാനിലെ ഹിരോഷിമയും നാഗസാക്കിയുടെ വലിയൊരു ഭാഗവും നശിപ്പിക്കപ്പെട്ടപ്പോൾ സംഭവിച്ചത് അതാണ്. എന്നാൽ അലങ്കോലമായ അവസ്ഥയിലുള്ള ഒന്നല്ല പ്രപഞ്ചം, മറിച്ച് അത് ക്രമമുള്ളതും മനോഹരവും ആണ്! അത്ഭുതകരമായ ഈ ഭൂമിയെയും അതിലെ വിസ്മയാവഹമായ ജീവ വൈവിധ്യത്തെയും കുറിച്ചു ചിന്തിക്കുക. ബുദ്ധിപൂർവകമായ കാര്യനിർവഹണവും നിയന്ത്രണവുമില്ലാതെ അത് അസ്തിത്വത്തിൽ വരുമായിരുന്നില്ല!
പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിനെ സംബന്ധിച്ചുള്ള കണ്ടെത്തലുകളിലെ സൂചനകൾ 1998 നവംബർ 9-ന് ന്യൂസ്വീക്ക് മാസിക പുനരവലോകനം ചെയ്യുകയുണ്ടായി. “ദ്രവ്യവും ചലനവും, [ബൈബിളിലെ] ഉല്പത്തി പുസ്തകത്തിൽ പറയുന്നതുപോലെ, എക്സ് നിഹിലോ, അതായത് ഒന്നുമില്ലായ്മയിൽനിന്ന്, വെളിച്ചത്തിന്റെയും ഊർജത്തിന്റെയും അത്ഭുതകരമായ ഒരു സ്ഫോടനത്തിലൂടെയാണ് ഉത്ഭവിച്ചത്” എന്നു തെളിവുകൾ “സൂചിപ്പിക്കു”ന്നതായി അതു പറഞ്ഞു. പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ ബൈബിൾ വിവരണവുമായി താരതമ്യം ചെയ്യാൻ ന്യൂസ്വീക്ക് നൽകിയ കാരണങ്ങൾ ശ്രദ്ധിക്കുക.
“കെട്ടഴിച്ചുവിടപ്പെട്ട ശക്തികൾ ശ്രദ്ധേയമാംവിധം (അത്ഭുതകരമായി?) സന്തുലിതം ആയിരുന്നു—അല്ലെങ്കിൽ ആണ്: മഹാസ്ഫോടനത്തിന്റെ തീവ്രത അൽപ്പം കുറഞ്ഞുപോയിരുന്നെങ്കിൽ പ്രപഞ്ചവികാസത്തിന്റെ വേഗം കുറയുമായിരുന്നു. അങ്ങനെ പ്രപഞ്ചം താമസിയാതെ (ഏതാനും ദശലക്ഷം വർഷങ്ങൾക്കകം, അല്ലെങ്കിൽ ഏതാനും നിമിഷങ്ങൾക്കകം) തകർന്നു തരിപ്പണമാകുമായിരുന്നു. സ്ഫോടനത്തിന്റെ തീവ്രത അൽപ്പം കൂടിപ്പോയിരുന്നെങ്കിൽ, പ്രപഞ്ചം തീരെ നേർത്ത ഒരു സൂപ്പായി മാറുമായിരുന്നു, നക്ഷത്രങ്ങൾക്കു രൂപംകൊള്ളാൻ സാധിക്കാത്ത വിധം. പ്രപഞ്ചം യാദൃച്ഛികമായി അസ്തിത്വത്തിൽ വരാനുള്ള സാധ്യത തീരെ കുറവാണ്. മഹാസ്ഫോടനം നടന്ന സമയത്ത് ബഹിരാകാശത്തിന്റെ വ്യാപ്തിയുമായുള്ള ദ്രവ്യത്തിന്റെയും ഊർജത്തിന്റെയും അനുപാതത്തിൽ ഒരു ശതമാനത്തിന്റെ സഹസ്രലക്ഷം കോടിയിൽ ഒരംശത്തിന്റെ വ്യത്യാസം പോലും ഉണ്ടായിരുന്നെങ്കിൽ പ്രപഞ്ചം ഉണ്ടാകുമായിരുന്നില്ല.”
ഒരു വിധത്തിൽ പറഞ്ഞാൽ, പ്രപഞ്ചത്തിന് ഒരു നിയന്താവ് (Tuner) ഉണ്ടെന്ന് ന്യൂസ്വീക്ക സൂചിപ്പിച്ചു, ഇങ്ങനെ പറഞ്ഞുകൊണ്ട്: “ഒരു നേരിയ വ്യത്യാസം പോലും ഉണ്ടായിരുന്നെങ്കിൽ (ഒരു ശതമാനത്തിന്റെ സഹസ്രലക്ഷം കോടിയിൽ ഒരംശം) . . . ഫലം വെറും ക്രമക്കേടു മാത്രമായിരിക്കില്ല, അനന്തമായ ലീനോർജവും (entropy) മഞ്ഞുകട്ടയും ആയിരിക്കും. അങ്ങനെയെങ്കിൽ എന്താണ്—ആരാണ്—ആ വലിയ നിയന്താവ്?
ശാസ്ത്രജ്ഞർക്ക്, “ഇത്തരത്തിൽ അങ്ങേയറ്റം ചിട്ടയോടെയാണു പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നുള്ളതു വളരെ അത്ഭുതകരമായി തോന്നുന്നു” എന്ന് ജ്യോതിർഭൗതിക ശാസ്ത്രജ്ഞനായ അലൻ ലൈറ്റ്മാൻ പറയുന്നു. “വിജയകരമായ ഏതൊരു പ്രാപഞ്ചിക സിദ്ധാന്തത്തിനും ആത്യന്തികമായി ഈ ലീനോർജ പ്രശ്നത്തെ വിശദീകരിക്കാൻ കഴിയണം”—അതായത്, പ്രപഞ്ചം അലങ്കോലമായ അവസ്ഥയിൽ ആകാഞ്ഞത് എന്തുകൊണ്ടാണ് എന്നതുതന്നെ.
വിശ്വസിക്കാൻ മടിക്കുന്നതിന്റെ കാരണം
പ്രപഞ്ചം “അങ്ങേയറ്റം ചിട്ടയോടെയാണു” സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന വസ്തുത ഒരു സംഘാടകനിലേക്കു വിരൽ ചൂണ്ടുന്നതായി നിങ്ങൾ സമ്മതിക്കുകയില്ലേ? മിക്കവരും സമ്മതിക്കും. എന്നാൽ നിരീശ്വരവാദികൾ അതു സമ്മതിക്കില്ല. എന്തുകൊണ്ട്? വിശ്വാസം കാരണം! പ്രൊഫസർ ഫെറിസ് എഴുതിയതുപോലെ, “മറ്റു വിശ്വാസങ്ങളെ പോലെതന്നെയുള്ള ഒന്നാണു നിരീശ്വരവാദവും എന്നു പറയാതെ തരമില്ല.” എങ്കിലും, “പ്രപഞ്ചവുമായി ബന്ധപ്പെട്ട വിഷയത്തിൽനിന്നു ദൈവത്തെ മാറ്റിനിർത്തുന്നതാണ്” നല്ലത് എന്നാണ് അദ്ദേഹം പറഞ്ഞത്.
അൽപ്പം ബുദ്ധിമുട്ടിയാണെങ്കിലും പലരും ചെയ്യുന്നത് അതുതന്നെയാണ്. പ്രപഞ്ചത്തിലെ രൂപഘടനയ്ക്കുള്ള തെളിവുകളായി കണക്കാക്കാവുന്ന പല കാര്യങ്ങളും പരിശോധിച്ച ശേഷം, ജ്യോതിശ്ശാസ്ത്ര പ്രൊഫസറായ ജോർജ് ഗ്രീൻസ്റ്റൈൻ ഇങ്ങനെ എഴുതി: “അത്തരം ‘ആകസ്മികതകൾ’ യാദൃച്ഛികമായി സംഭവിച്ചതായിരിക്കാൻ വഴിയില്ലെന്ന് എനിക്ക് ഉറപ്പായി.” എന്നിരുന്നാലും, “ദൈവം ഒരു വിശദീകരണമാകുന്നില്ല” എന്നുതന്നെയാണ് ഗ്രീൻസ്റ്റൈൻ പറയുന്നത്. അങ്ങനെ തങ്ങളുടെ പരമ്പരാഗത ശാസ്ത്ര വിശ്വാസങ്ങൾ പരിരക്ഷിക്കാൻ ചില ശാസ്ത്രജ്ഞന്മാർ സ്പഷ്ടമായ തെളിവുകളെ അവഗണിക്കുന്നു.
എങ്കിലും പ്രസിദ്ധ ഊർജതന്ത്രജ്ഞനായ ഫ്രെഡ് ഹോയ്ലിന്റെ “വിശ്വാസ”ത്തിന് പിൽക്കാലത്ത് ഇളക്കം തട്ടുകയുണ്ടായി. 1980-കളിൽ അദ്ദേഹം ഇങ്ങനെ ഏറ്റുപറഞ്ഞു: “സാമാന്യബുദ്ധി ഉപയോഗിച്ച് വസ്തുതകൾ വ്യാഖ്യാനിക്കുകയാണെങ്കിൽ ഒരു പരമോന്നത ബുദ്ധിശാലി ഊർജതന്ത്രവും രസതന്ത്രവും ജീവശാസ്ത്രവുമൊക്കെ കൈകാര്യം ചെയ്തിരിക്കുന്നതായും ആരുടെയെങ്കിലും നിയന്ത്രണത്തിലല്ലാത്ത തരം ശക്തികൾ ഒന്നും പ്രകൃതിയിൽ ഇല്ലാത്തതായും അതു സൂചിപ്പിക്കും. ഈ വസ്തുതകൾ ഉപയോഗിച്ചു നടത്തുന്ന ഗണിതശാസ്ത്രപരമായ അനുമാനങ്ങൾ അത്യന്തം വിസ്മയാവഹമായതുകൊണ്ട് മേൽപ്പറഞ്ഞ നിഗമനം നിരാകരിക്കാൻ സാധ്യമല്ലെന്നാണ് എനിക്കു തോന്നുന്നത്.”
രസാവഹമായി, ആധുനിക ശാസ്ത്ര അന്വേഷണങ്ങളുടെ യുഗത്തിന്റെ പിറവിയിൽത്തന്നെ സർ ഐസക് ന്യൂട്ടനും സമാനമായ നിഗമനത്തിൽ എത്തിച്ചേർന്നു. തന്റെ കണ്ടെത്തലുകളുടെ ഫലമായി അദ്ദേഹം ഇങ്ങനെ എഴുതാൻ പ്രേരിതനായി: “സൂര്യ ചന്ദ്രാദികളും വാൽനക്ഷത്രങ്ങളുമൊക്കെ അടങ്ങുന്ന അതിമനോഹരമായ ഈ പ്രപഞ്ചം ബുദ്ധിശാലിയും ശക്തനുമായ ഒരു വ്യക്തിയുടെ ബുദ്ധിയിൽനിന്നും അധീശത്വത്തിൽനിന്നും ഉരുത്തിരിഞ്ഞതു തന്നെയാണ്.”
ചലന നിയമങ്ങൾ സംബന്ധിച്ച ന്യൂട്ടന്റെയും ജോഹാന്നസ് കെപ്ലറിന്റെയും കണ്ടുപിടിത്തങ്ങൾ ഉളവാക്കിയ ഒരു ഫലത്തെ കുറിച്ചു പരിചിന്തിക്കുക.
ബഹിരാകാശയാത്ര സാധ്യമാകുന്ന വിധം
ഗ്രഹങ്ങളുടെ ചലനത്തെ സംബന്ധിച്ച നിയമങ്ങൾ 1600-കളുടെ ആരംഭത്തിലാണ് കെപ്ലർ വിവരിച്ചത്. ഇവ “കൃത്രിമ ഉപഗ്രഹങ്ങളുടെ ഭ്രമണപഥങ്ങൾ നിർണയിക്കാനും ബഹിരാകാശ പേടകങ്ങളുടെ സഞ്ചാരം ആസൂത്രണം ചെയ്യാനും ഉപയോഗിക്കു”ന്നതായി ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നു. 1687-ൽ ന്യൂട്ടൻ തന്റെ വിഖ്യാതമായ ചലന നിയമങ്ങൾ പ്രസിദ്ധീകരിച്ചു. ഈ നിയമങ്ങൾ “കെപ്ലറുടേതു പോലെതന്നെ ബഹിരാകാശ സഞ്ചാരം ആസൂത്രണം ചെയ്യുന്നതിൽ ഒരു മൂലക്കല്ലായി മാറിയിരിക്കുന്നു.” എന്തുകൊണ്ട്?
കാരണം, ഈ നിയമങ്ങളുടെ സഹായത്താൽ ഗണിതശാസ്ത്രപരമായ കണക്കുക്കൂട്ടലുകളിലൂടെ ബഹിരാകാശത്തിൽ ഒരു വസ്തു ഇന്ന സമയത്ത് ഇന്ന സ്ഥലത്തായിരിക്കും എന്നു നിർണയിക്കാൻ മനുഷ്യർക്കു സാധിക്കും. ചന്ദ്രനും ഭൂമിയും ഉൾപ്പെടെയുള്ള ആകാശ ഗോളങ്ങളുടെ കൃത്യതയോടെയുള്ള, പിഴവു പറ്റാത്ത ചലനമാണ് അത്തരം കണക്കുക്കൂട്ടലുകൾ സാധ്യമാക്കിത്തീർക്കുന്നത്. ഉദാഹരണത്തിന്, മണിക്കൂറിൽ 3,700 കിലോമീറ്റർ വേഗത്തിൽ ചന്ദ്രൻ ഭൂമിക്കു ചുറ്റും സഞ്ചരിക്കുന്നു. അത്ഭുതകരമായി മുൻകൂട്ടിപ്പറയാവുന്ന വിധം അത്ര കൃത്യതയോടെ ഒരു മാസത്തിൽ അൽപ്പം താഴെ സമയം കൊണ്ട് അതു സഞ്ചാരം പൂർത്തിയാക്കുന്നു. സമാനമായ വിധത്തിൽ ഭൂമിയും മണിക്കൂറിൽ 1,07,200 കിലോമീറ്റർ വേഗത്തിൽ ഒരു വർഷംകൊണ്ട് സൂര്യനു ചുറ്റുമുള്ള അതിന്റെ ഭ്രമണം പൂർത്തിയാക്കുന്നു.
മനുഷ്യൻ ഭൂമിയിൽനിന്നു ചന്ദ്രനിലേക്കു ബഹിരാകാശ പേടകം വിക്ഷേപിക്കുമ്പോൾ, ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന ചന്ദ്രനിൽനിന്ന് ആയിരക്കണക്കിനു കിലോമീറ്റർ അകലെയുള്ള ഒരു സ്ഥാനം ലക്ഷ്യമാക്കിയായിരിക്കും അവർ അത് അയയ്ക്കുക. വ്യത്യസ്ത കണക്കുകൂട്ടലുകൾ നടത്തി, നിശ്ചിത സമയത്ത് ചന്ദ്രൻ എവിടെയായിരിക്കും എന്ന് അവർക്കു കൃത്യമായി മനസ്സിലാക്കാൻ കഴിയും. ബഹിരാകാശ പേടകത്തിനു വേണ്ടത്ര ക്ഷമതയുണ്ടെങ്കിൽ, അതിനു ലഭിക്കുന്ന നിർദേശം കൃത്യമായിരുന്നാൽ, അത് ഉദ്ദേശിച്ച സ്ഥാനത്ത് എത്തുകയും ചന്ദ്രനിൽ ഇറങ്ങാൻ സാധിക്കുകയും ചെയ്യും.
ആകാശ ഗോളങ്ങളുടെ ചലനം ഇത്ര കൃത്യതയോടെ മുൻകൂട്ടി പറയാൻ കഴിയുന്നത് എന്തുകൊണ്ടാണ്? ആദ്യമായി ഭൂമിയെ വലംവെച്ച അമേരിക്കൻ ബഹിരാകാശ യാത്രികനായ ജോൺ ഗ്ലെൻ പ്രപഞ്ചത്തിൽ ദർശിക്കാൻ കഴിയുന്ന ക്രമത്തെ കുറിച്ച് അത്ഭുതത്തോടെ ഇങ്ങനെ പറയുകയുണ്ടായി: “അത് ആകസ്മികമായി സംഭവിച്ചതായിരിക്കുമോ? . . . ആണെന്നു വിശ്വസിക്കാൻ എനിക്കു കഴിയില്ല.” എന്നിട്ട് അദ്ദേഹം കൂട്ടിച്ചേർത്തു: “ഏതോ ഒരു ശക്തിയാണ് ഇവയെയെല്ലാം ഭ്രമണപഥത്തിൽ ആക്കിവെച്ചത്, അവിടെ അവയെ നിലനിർത്തുന്നതും അതാണ്.”
പ്രപഞ്ചത്തെ ഭരിക്കുന്ന നിയമങ്ങളിൽ വിസ്മയം പൂണ്ട ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോ. വെർണർ വൊൺ ബ്രോൺ പറഞ്ഞു: “മനുഷ്യർ നടത്തിയ ബഹിരാകാശ യാത്രകൾ . . . ബഹിരാകാശത്തിന്റെ വിസ്മയാവഹമായ അനന്തതയിലേക്ക് എത്തിനോക്കാൻ ഒരു ചെറിയ വാതിൽ മാത്രമേ ഇതുവരെയായിട്ടും തുറന്നു തന്നിട്ടുള്ളൂ. ആ വാതിൽപ്പഴുതിലൂടെ നോക്കുമ്പോൾ ദർശിക്കാൻ കഴിയുന്ന പ്രപഞ്ചത്തിലെ അസംഖ്യം അത്ഭുതങ്ങൾ അതിന്റെ സ്രഷ്ടാവിലുള്ള നമ്മുടെ വിശ്വാസത്തെ ദൃഢമാക്കുന്നു.”
കേംബ്രിഡ്ജ് സർവകലാശാലയിലെ ഒരു മുൻ ഗണിതശാസ്ത്ര പ്രൊഫസറായിരുന്ന പി.എ.എം. ഡിറക്ക് എന്ന പ്രശസ്ത ഊർജതന്ത്രജ്ഞൻ ഇപ്രകാരം സമ്മതിച്ചുപറഞ്ഞു: “ദൈവം ഗണിതശാസ്ത്രജ്ഞരിൽ അഗ്രഗണ്യനാണ് എന്നും, പ്രപഞ്ചത്തിന്റെ നിർമാണത്തിൽ അവൻ വളരെ ഉയർന്ന ഗണിതശാസ്ത്ര തത്ത്വങ്ങൾ ഉപയോഗിച്ചിട്ടുണ്ട് എന്നും പറഞ്ഞുകൊണ്ട് ഇതിന് ഒരു വിശദീകരണം നൽകാൻ കഴിഞ്ഞേക്കും.”
സൃഷ്ടിപ്പിൽ തെളിഞ്ഞു കാണുന്ന അത്ഭുതങ്ങൾക്കു കാരണഭൂതനായിരിക്കുന്ന ഈ പ്രഗത്ഭ ഗണിതശാസ്ത്രജ്ഞൻ, ഈ പരമോന്നത ബുദ്ധിശാലി, ആരാണ്?
ആരാണ് സൃഷ്ടിച്ചത്?
അപരിചിതമായ ഒരു സ്ഥലത്തുകൂടെ നമ്മൾ പോകുകയാണെന്നിരിക്കട്ടെ. അഴകാർന്ന പൂന്തോട്ടവും വെട്ടിനിർത്തിയ പുൽത്തകിടിയുമൊക്കെയുള്ള മനോഹരമായ ഒരു വീട് നാം അവിടെ കാണുന്നു. അവയെല്ലാം തനിയെ ഉണ്ടായതാണ് എന്നു നാം ഒരിക്കലും അനുമാനിക്കുകയില്ല. കാരണം അത് അങ്ങേയറ്റം ബുദ്ധിശൂന്യമായ ഒരു നിഗമനം ആയിരിക്കും. വിദഗ്ധനായ ഒരു നിർമാതാവും നല്ല ഒരു തോട്ടക്കാരനും അതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.
സമാനമായി, ഇതിലും വളരെ വളരെ സങ്കീർണമായ നമ്മുടെ പ്രപഞ്ചത്തിനും ഒരു സ്രഷ്ടാവ് ഉണ്ടെന്നുള്ളതു തീർച്ച. ബൈബിളിൽ ആ വ്യക്തി തന്റെ പേരുപറഞ്ഞുകൊണ്ട് സ്വയം തിരിച്ചറിയിക്കുന്നു: “ഞാൻ യഹോവ അതുതന്നേ എന്റെ നാമം.” (യെശയ്യാവു 42:8) ദൈവത്തിന്റെ കരവേലയെ വിലമതിക്കുന്ന ആളുകൾ ഇങ്ങനെ ഉദ്ഘോഷിക്കുന്നതായി ബൈബിൾ രേഖപ്പെടുത്തുന്നു: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ.”—വെളിപ്പാടു 4:11.
സ്വയം നൽകിയിരിക്കുന്ന, വ്യക്തിപരമായ നാമം മനുഷ്യർക്കു വെളിപ്പെടുത്തിയിരിക്കുന്നതിനു പുറമേ, മനുഷ്യവാസത്തിനായി ഭൂമിയെ ഒരുക്കിയിരിക്കുന്നതിന്റെ പിന്നിലെ ഉദ്ദേശ്യവും തന്റെ ലിഖിത വചനത്തിലൂടെ യഹോവ നമ്മെ അറിയിച്ചിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം പുത്രനായ യേശുക്രിസ്തു “നിന്റെ വചനം സത്യം ആകുന്നു” എന്നു പറഞ്ഞുകൊണ്ട് ദൈവത്തിന്റെ വചനം ആശ്രയയോഗ്യമാണെന്ന് ഉറപ്പു നൽകുകയുണ്ടായി.—യോഹന്നാൻ 17:17.
കുറച്ചു നാൾ മുമ്പ് ഒരു ശാസ്ത്ര മാസിക ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി: “മുൻ തലമുറകളിൽനിന്നു വ്യത്യസ്തമായി നാം എങ്ങനെ ഇവിടെ വന്നു എന്ന കാര്യം ഇപ്പോൾ നമുക്കറിയാം. എന്നാൽ മുൻ തലമുറകളെ പോലെതന്നെ നാം എന്തിന് ഇവിടെ വന്നു എന്ന് നമുക്ക് ഇപ്പോഴും അറിയില്ല.” എന്നിരുന്നാലും എന്തിന്? എന്ന ചോദ്യത്തിനുള്ള ഉത്തരം ലഭ്യമാണ്—ദൈവത്തിന്റെ വചനം അതു പ്രദാനം ചെയ്യുന്നു. അടുത്ത ലേഖനത്തിൽ നൽകിയിരിക്കുന്ന ആ ഉത്തരം ദയവായി പരിചിന്തിക്കുക.
[6-ാം പേജിലെ ചിത്രം]
ഹിരോഷിമയിൽ നടന്ന ആണവ സ്ഫോടനത്തിൽ അൽപ്പം ദ്രവ്യം വളരെ ഊർജം പുറത്തുവിട്ടു
[കടപ്പാട്]
Hiroshima Peace and Culture Foundation from material returned by the United States Armed Forces Institute of Pathology
USAF photo
[7-ാം പേജിലെ ചിത്രം]
ക്രമീകൃതമായ, വിസ്മയം കൊള്ളിക്കുന്ന താരാപംക്തികളായി ഊർജം രൂപാന്തരപ്പെട്ടിരിക്കുന്നു
[കടപ്പാട്]
Courtesy of Anglo-Australian Observatory, photograph by David Malin
[9-ാം പേജിലെ ചിത്രം]
ചന്ദ്രനിൽ ഇറങ്ങുന്നതു സാധ്യമാക്കുന്ന നിയമങ്ങൾ ഏതാണ്?
[9-ാം പേജിലെ ചിത്രം]
“ഏതോ ഒരു ശക്തിയാണ് ഇവയെയെല്ലാം ഭ്രമണപഥത്തിൽ ആക്കിവെച്ചത്, അവിടെ അവയെ നിലനിർത്തുന്നതും അതാണ്.”—ജോൺ ഗ്ലെൻ
[കടപ്പാട്]
NASA photo