യുവജനങ്ങൾ ചോദിക്കുന്നു . . .
പരിഹാസത്തെ എനിക്ക് എങ്ങനെ നേരിടാൻ കഴിയും?
സമപ്രായക്കാരുടേതിൽ നിന്നു വ്യത്യസ്തമായ പെരുമാറ്റമോ വസ്ത്രധാരണരീതിയോ ഉള്ള യുവജനങ്ങൾക്കു ക്രൂരമായ പരിഹാസം സഹിക്കേണ്ടതായി വന്നേക്കാം. ഇത് ക്രിസ്തീയ യുവജനങ്ങളുടെ കാര്യത്തിൽ സത്യമാണ്, കാരണം മിക്കപ്പോഴും മറ്റു യുവജനങ്ങളുടേതിൽ നിന്നു പാടേ വ്യത്യസ്തമാണ് അവരുടെ പെരുമാറ്റം. യേശു തന്റെ യഥാർഥ അനുഗാമികളോട് ഇങ്ങനെ പറയുകയുണ്ടായി: “അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും.”—യോഹന്നാൻ 15:20.
യഹോവയുടെ സാക്ഷികളുടെ ഇടയിലെ യുവജനങ്ങൾക്ക് ഇത് എങ്ങനെ ആണു ബാധകമാകുന്നത്? ചില വിശേഷദിവസങ്ങൾ ആഘോഷിക്കാത്തതിന്റെ പേരിൽ അവരിൽ ചിലർക്കു കളിയാക്കൽ സഹിക്കേണ്ടി വരുന്നു. പതാകയെ വന്ദിക്കാൻ തയ്യാറാകാത്തതു നിമിത്തം മറ്റു ചിലർ വിമർശനത്തിന് ഇരകളാകുന്നു. ഇനി, വേറെ ചിലരെ സംബന്ധിച്ചിടത്തോളം, മയക്കുമരുന്ന് ഉപയോഗിക്കാത്തതോ സത്യസന്ധത വെടിയാത്തതോ ബൈബിളിന്റെ ധാർമിക നിലവാരങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാകാത്തതോ പോലും പരിഹസിക്കപ്പെടുന്നതിനുള്ള കാരണങ്ങളാണ്.
എന്നാൽ, ഇത് പുത്തരിയല്ല. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ക്രിസ്ത്യാനികളോട് അപ്പൊസ്തലനായ പത്രൊസ് ഇങ്ങനെ പറയുകയുണ്ടായി: “[ജാതികളുടെ] ദുർവൃത്തികളിൽ ഇപ്പോൾ നിങ്ങൾ പങ്കുചേരാത്തതുകൊണ്ട് അവർ വിസ്മയിക്കുകയും നിങ്ങളെ ദുഷിക്കുകയും ചെയ്യുന്നു.” (1 പത്രൊസ് 4:4, പി.ഒ.സി ബൈബിൾ) അതേ വാക്യത്തിന്റെ മറ്റു ചില പരിഭാഷകൾ ഇങ്ങനെ വായിക്കുന്നു, അവർ “നിങ്ങളെ ദുഷിച്ച പേരുകൾ വിളിക്കും” (നോക്സ്), “അവർ നിങ്ങളെ അപമാനിക്കും.”—റ്റുഡേയ്സ് ഇംഗ്ലീഷ് ഭാഷാന്തരം.
മതപരമായ ഉറച്ച ബോധ്യങ്ങൾ നിമിത്തം നിങ്ങൾക്ക് എന്നെങ്കിലും കളിയാക്കൽ സഹിക്കേണ്ടി വന്നിട്ടുണ്ടോ? ഉണ്ടെങ്കിൽ, ധൈര്യപ്പെടുക. നിങ്ങൾ ഒറ്റയ്ക്കല്ല! മാത്രമല്ല, വിശ്വാസത്തിന്റെ പേരിൽ പരിഹാസപാത്രമാകുമ്പോൾ അതിനെ എങ്ങനെ നേരിടാൻ കഴിയുമെന്നു നിങ്ങൾക്കു പഠിക്കാനും സാധിക്കും.
അവർ പരിഹസിക്കുന്നതിന്റെ കാരണം
തങ്ങളുടേതിൽ നിന്നു വ്യത്യസ്തമായ വിശ്വാസങ്ങളും പെരുമാറ്റങ്ങളും ഉള്ളവരെ ചിലർ എന്തുകൊണ്ടാണു പരിഹസിക്കുന്നത്? ചിലരുടെ കാര്യത്തിൽ, അരക്ഷിതത്വത്തിന്റെ വികാരങ്ങൾ ഉള്ളിൽ ഉറഞ്ഞു കിടക്കുന്നതായിരിക്കാം കാരണം. ഈ കാര്യത്തിൽ അവർ ഏതാണ്ട് റൗഡി കുട്ടികളെ പോലെയാണ്. കൂട്ടുകാരുടെ മുന്നിൽ വെച്ചു സ്വന്തം പ്രതിച്ഛായയ്ക്കു തിളക്കം കൂട്ടാൻ അവർ നിങ്ങളെ പരിഹസിച്ചേക്കാം. എന്നാൽ സാധ്യതയനുസരിച്ച്, ഒറ്റയ്ക്കായിരിക്കുമ്പോൾ ഈ പരിഹാസികളിൽ മിക്കവരും നിങ്ങളെ തുറന്നു വിമർശിക്കാൻ തുനിയുകയില്ല എന്നുമാത്രമല്ല അവർക്ക് അതിനുള്ള ധൈര്യവും ഉണ്ടായിരിക്കുകയില്ല.
ഇനി, അപ്പൊസ്തലനായ പത്രൊസ് എഴുതിയതു പോലെ, ചിലർക്കു നിങ്ങളുടെ നടത്ത കാണുമ്പോൾ ‘വിസ്മയം’ തോന്നുന്നു. അതുകൊണ്ടാണ് അവർ നിങ്ങളെ പരിഹസിക്കുന്നത്. അതേ, നിങ്ങളുടെ പെരുമാറ്റരീതികൾ അവരെ യഥാർഥത്തിൽ കുഴയ്ക്കുന്നുണ്ടാകാം. ഉദാഹരണത്തിന്, നിങ്ങൾ യഹോവയുടെ സാക്ഷികളിൽ ഒരാളാണ് എങ്കിൽ, ചില വിശേഷദിവസങ്ങളോടു ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾ പങ്കുപറ്റാത്തത് അവർക്കു ശരിക്കും വിചിത്രമായി തോന്നിയേക്കാം. പോരാത്തതിന്, സാക്ഷികളെ എങ്ങനെയും കരിതേച്ചു കാണിക്കാൻ താത്പര്യപ്പെടുന്നവരിൽ നിന്ന് അവർക്ക് ഒരുപക്ഷേ വളച്ചൊടിക്കപ്പെട്ട വിവരങ്ങളും ലഭിച്ചിട്ടുണ്ടാകാം.
കാരണം എന്തുതന്നെ ആയിരുന്നാലും, പരിഹാസത്തിന്റെ കൂരമ്പുകൾ ഏൽക്കുമ്പോൾ ഒരുപക്ഷേ നിങ്ങൾ ബൈബിളിലെ ഈ സദൃശവാക്യത്തോടു യോജിക്കാൻ ഇടയുണ്ട്: “തുളച്ചുകയറുന്ന വാളുപോലെ, വീണ്ടുവിചാരമില്ലാതെ വാക്കുകൾ പ്രയോഗിക്കുന്നവരുണ്ട്.” (സദൃശവാക്യങ്ങൾ 12:18, പി.ഒ.സി. ബൈ.) എന്നാൽ ഈ കാര്യം ഓർക്കുക. ഒരു വ്യക്തി എന്ന നിലയിൽ നിങ്ങളെ ഇഷ്ടമില്ലാത്തതു കൊണ്ടായിരിക്കണമെന്നില്ല അവർ അത്തരം സംഭാഷണം നടത്തുന്നത്. ഒരുപക്ഷേ, മേൽപ്രസ്താവിച്ച സദൃശവാക്യത്തിലേതു പോലെ അവർ കേവലം “വീണ്ടുവിചാരമില്ലാതെ വാക്കുകൾ പ്രയോഗിക്കു”ന്നതു മാത്രമായിരിക്കാം.
എന്നുവരികിലും, പരിഹാസപാത്രമായി തീരുന്നത് വാളുകൊണ്ടുള്ള കുത്തുപോലെ വേദനാജനകമാണ്. പരിഹാസച്ചുവയുള്ള സംഭാഷണം ഒന്നു നിറുത്തിക്കിട്ടാൻ നിങ്ങളുടെ വിശ്വാസം സംബന്ധിച്ചു വിട്ടുവീഴ്ച ചെയ്യാൻ പോലും നിങ്ങൾക്കു ചായ്വു തോന്നിയേക്കാം. എന്നാൽ വിശ്വാസത്തെ പ്രതി പരിഹസിക്കപ്പെടുമ്പോൾ നിങ്ങൾക്ക് അതിനെ എങ്ങനെ നേരിടാൻ കഴിയും?
പ്രതിവാദം നടത്തൽ
അപ്പൊസ്തലനായ പത്രൊസ് ക്രിസ്ത്യാനികളെ ഇങ്ങനെ ബുദ്ധിയുപദേശിക്കുകയുണ്ടായി: “നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും [“ആഴമായ ആദരവും,” NW] പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ.” (1 പത്രൊസ് 3:15) അങ്ങനെ ചെയ്യാൻ കഴിയണമെങ്കിൽ നിങ്ങളുടെ വിശ്വാസത്തെ കുറിച്ച് സൂക്ഷ്മമായ പരിജ്ഞാനം നിങ്ങൾ നേടേണ്ടതുണ്ട്. മാത്രമല്ല, ഈ വിശ്വാസങ്ങൾ വെച്ചുപുലർത്തുന്നതിന്റെ കാരണങ്ങളും ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്.
എന്നിരുന്നാലും, അതു മാത്രം മതിയാകുന്നില്ല. മറ്റുള്ളവരോട് “ആഴമായ ആദര”വോടെ അല്ലെങ്കിൽ ദ ബൈബിൾ ഇൻ ബേസിക് ഇംഗ്ലീഷ് പറയുന്നതു പോലെ “അഹങ്കാരമില്ലാതെ” കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കാനും നിങ്ങൾ പഠിക്കേണ്ടതുണ്ട്. ബൈബിളിനെ കുറിച്ചും അതിന്റെ പഠിപ്പിക്കലുകളെ കുറിച്ചുമുള്ള നിങ്ങളുടെ അറിവ് നിങ്ങൾ മറ്റുള്ളവരെക്കാൾ മികച്ചവനാണ് എന്നു ചിന്തിക്കാൻ ഇടയാക്കരുത്. അതിനു പകരം, അപ്പൊസ്തലനായ പൗലൊസിന്റെ അതേ മനോഭാവം വളർത്തിയെടുക്കാൻ നിങ്ങൾ കഠിനമായി യത്നിക്കണം. തന്റെ ശുശ്രൂഷയെ കുറിച്ച് അവൻ ഇങ്ങനെ എഴുതി: “അധികംപേരെ നേടേണ്ടതിന്നു ഞാൻ എന്നെത്തന്നേ എല്ലാവർക്കും ദാസനാക്കി.”—1 കൊരിന്ത്യർ 9:19.
എന്നാൽ വിശ്വാസത്തിനു വേണ്ടി പ്രതിവാദം നടത്താനുള്ള ആത്മധൈര്യം നിങ്ങൾക്കില്ലെന്നു തോന്നുന്നുവെങ്കിലോ? നിരാശപ്പെടേണ്ട. സാക്ഷികളായ പല യുവജനങ്ങളും സമാനമായ വിധത്തിൽ ചിന്തിച്ചിട്ടുണ്ട്. ജമാൽ ഇങ്ങനെ അനുസ്മരിക്കുന്നു: “ചില വിശേഷ ദിവസങ്ങൾ ആഘോഷിക്കാഞ്ഞതും പതാകയെ വന്ദിക്കാഞ്ഞതും എന്തുകൊണ്ടെന്നു വിശദീകരിക്കാൻ പ്രാഥമിക വിദ്യാഭ്യാസ കാലത്ത് എനിക്ക് അറിയില്ലായിരുന്നു. എന്തിനേറെ പറയുന്നു, വീടുതോറുമുള്ള ശുശ്രൂഷയിൽ പങ്കെടുക്കുന്നതിന്റെ കാരണം പോലും വിശദീകരിക്കാൻ എനിക്കു കഴിഞ്ഞിരുന്നില്ല.” ജമാലിനെ സഹായിച്ച സംഗതി എന്തായിരുന്നു? “ഈ കാര്യങ്ങൾ സ്വയം വിശദീകരിച്ചു കൊടുക്കാൻ കഴിയുന്ന ഘട്ടം വരെ പിതാവ് എന്നെ സഹായിച്ചു. ഇത് എന്നിൽ കാര്യമായ മാറ്റം വരുത്തി.” നിങ്ങളുടെ വിശ്വാസങ്ങൾ മറ്റൊരാളോടു വിശദീകരിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെങ്കിൽ, ദൈവത്തെ സംബന്ധിച്ച സൂക്ഷ്മ പരിജ്ഞാനം നേടാൻ ഒരുപക്ഷേ മാതാപിതാക്കളിൽ ഒരാളുടെയോ അല്ലെങ്കിൽ ക്രിസ്തീയ സഭയിലെ പക്വതയുള്ള ഒരു അംഗത്തിന്റെയോ സഹായം തേടാവുന്നതാണ്.—എഫെസ്യർ 3:17-19.
സ്കൂളിൽ ധൈര്യപൂർവം സംസാരിക്കാൻ 16 വയസ്സുള്ള ഒരു സാക്ഷിയെ സഹായിച്ചത് അവളുടെ വ്യക്തിപരമായ ബൈബിൾ പഠന പരിപാടിയാണ്. അവൾ ഇങ്ങനെ സമ്മതിച്ചു പറയുന്നു: “ഒരു സാക്ഷിയായിരിക്കുന്നതിന്റെ പേരിൽ മുമ്പൊക്കെ സഹപാഠികൾ എന്നെ കളിയാക്കിയിരുന്നപ്പോൾ അവരോട് എന്തു പറയണം എന്നെനിക്ക് അറിഞ്ഞുകൂടായിരുന്നു. എന്നാൽ ഇപ്പോൾ, ഒരു മുഴുസമയ ശുശ്രൂഷകയെന്ന നിലയിൽ ബൈബിൾ വളരെയേറെ പഠിക്കുന്നതിനാൽ അവർക്കു മറുപടി കൊടുക്കാൻ എനിക്കു കഴിയുന്നുണ്ട്. വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഏറ്റവും പുതിയ ലക്കങ്ങൾ വായിക്കുന്നത് എന്റെ വിശ്വാസത്തെ കുറിച്ചു സ്കൂളിലെ കൂട്ടുകാരോടു സംസാരിക്കാൻ എന്നെ സഹായിക്കുന്നു.”
തീർച്ചയായും, എല്ലാവരുടെയും സാഹചര്യം ഒരേപോലെ ആയിരിക്കുകയില്ല. അതുകൊണ്ടുതന്നെ, സാഹചര്യത്തിന് ഇണങ്ങുന്ന രീതിയിൽ പ്രവർത്തിക്കേണ്ടി വരും. എന്നാൽ, മറ്റുള്ളവരുടെ നിർദയ സംസാരം നിങ്ങളെ പ്രകോപിതനാക്കുന്നുവെങ്കിൽ, ഒരിക്കലും ‘തിന്മെക്കു പകരം, തിന്മ ചെയ്യരുത്.’ (റോമർ 12:17-21) കാരണം, തമാശ രൂപത്തിൽ ആണെങ്കിൽ പോലും, ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുക്കാൻ ശ്രമിച്ചാൽ അത് എരിതീയിൽ എണ്ണയൊഴിക്കാനേ ഉപകരിക്കൂ. മാത്രമല്ല, അതു കൂടുതൽ പരിഹാസം ക്ഷണിച്ചു വരുത്തുക പോലും ചെയ്തേക്കാം. അതുകൊണ്ട്, പരിഹാസങ്ങൾ ഗൗനിക്കാതിരിക്കുകയാണ് ഏറെ നല്ലത് എന്നു ചിലർ കണ്ടെത്തിയിരിക്കുന്നു.
ചിലപ്പോൾ, വെറുതെ തമാശയ്ക്ക്, നിങ്ങളെ മുറിപ്പെടുത്താനുള്ള യാതൊരു ഉദ്ദേശ്യവുമില്ലാതെ ആയിരിക്കാം കൂട്ടുകാർ എന്തെങ്കിലും പറയുന്നത്. അതു ഗൗരവമായിട്ട് എടുക്കാതെ, അവരുടെ ചിരിയിൽ പങ്കുചേരുന്നതായിരിക്കും ബുദ്ധിപൂർവകമായ സംഗതി. (സഭാപ്രസംഗി 7:9) പരിഹാസവാക്കുകൾ കേട്ടിട്ടു നിങ്ങൾക്കു യാതൊരു കുലുക്കവുമില്ല എന്നു മനസ്സിലാക്കുമ്പോൾ പരിഹാസി താനേ പത്തിതാഴ്ത്തിക്കൊള്ളും.—സദൃശവാക്യങ്ങൾ 24:29-ഉം 1 പത്രൊസ് 2:23-ഉം താരതമ്യം ചെയ്യുക.
തുറന്നു സംസാരിക്കൽ
നിങ്ങളുടെ വിശ്വാസത്തെ കുറിച്ചു ഹ്രസ്വമായും നയപരമായും വിശദീകരിക്കാൻ കഴിയുന്ന സാഹചര്യങ്ങളും വീണുകിട്ടിയേക്കാം. യഹോവയുടെ സാക്ഷിയായ ഒരു പതിമ്മൂന്നു വയസ്സുകാരി ഇതു പരീക്ഷിച്ചുനോക്കിയപ്പോൾ ഫലം വിസ്മയാവഹമായിരുന്നു. അവൾ ഓർമിക്കുന്നു: “ഞാൻ ക്ലാസ്സിലേക്കു പോകുന്നതു കണ്ടപ്പോൾ കുറെ വിദ്യാർഥികൾ യഹോവയുടെ സാക്ഷികളെ കുറിച്ചു കളിയാക്കി സംസാരിക്കാൻ തുടങ്ങി. അവരോടു ഒരുവാക്കു സംസാരിക്കാം എന്നു തീരുമാനിച്ചു തിരിഞ്ഞപ്പോഴേക്കും കളിയാക്കിച്ചിരിച്ചുകൊണ്ട് അവർ നടന്നകന്നു. എന്നാൽ ഒരു കുട്ടി മാത്രം അങ്ങനെ ചെയ്തില്ല.” അവൾ തുടരുന്നു: “ജെയ്മി എന്ന ആ പെൺകുട്ടി എന്നോട് അവളുടെ പക്കൽ നിങ്ങൾക്ക് ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം ഉള്ള കാര്യം പറഞ്ഞു.a അവൾ അത് ഏതാണ്ടു മുഴുവനായിത്തന്നെ വായിച്ചുവെന്നും നമ്മുടെ വിശ്വാസത്തെ കുറിച്ചു കൂടുതൽ അറിയാൻ താത്പര്യമുണ്ടെന്നും പറഞ്ഞു. ഞാൻ ജെയ്മിയോടൊത്തു ബൈബിൾ പഠിക്കാൻ ആരംഭിച്ചു.” ഈ അനുഭവത്താൽ പ്രചോദിതയായ അവൾ മറ്റു യുവജനങ്ങളോടും സംസാരിക്കാൻ തുടങ്ങി. അവൾ ഇങ്ങനെ തുടരുന്നു: “താത്പര്യം പ്രകടമാക്കിയ മറ്റു നാലു സഹപാഠികളെയും ഞാൻ ക്രമമായി സന്ദർശിക്കുന്നുണ്ട്. അവരുമായി ഉടനെ ബൈബിളധ്യയനം ആരംഭിക്കാമെന്ന് എനിക്ക് ഉറപ്പുണ്ട്.”
വർഷങ്ങൾക്കു മുമ്പ്, ഒരു ആഫ്രിക്കൻ രാജ്യമായ ലൈബീരിയയിലെ ഒരു വിദ്യാർഥിക്കും സമാനമായ അനുഭവമുണ്ടായി. ഒരിക്കൽ സോഷ്യോളജി ക്ലാസ്സിൽ വെച്ച്, ഒരു യഹോവയുടെ സാക്ഷിയെന്ന നിലയിൽ താൻ പരിണാമത്തിൽ അല്ല സൃഷ്ടിയിലാണു വിശ്വസിക്കുന്നത് എന്ന് അദ്ദേഹം ബഹുമാനപുരസ്സരം വിശദീകരിച്ചു. ആദ്യമൊക്കെ, സഹപാഠികളിൽ മിക്കവരും അദ്ദേഹത്തെ രൂക്ഷമായി വിമർശിച്ചു. എന്നാൽ തന്റെ വിശ്വാസം ക്ലാസ്സിനോടു വിശദീകരിക്കാൻ അധ്യാപകൻ അദ്ദേഹത്തിന് അവസരം നൽകി. അതിനു ശേഷം, അധ്യാപകൻ ജീവൻ—ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? (ഇംഗ്ലീഷ്)b എന്ന പുസ്തകം സ്വീകരിക്കുകയുണ്ടായി.
അതു വായിച്ചതിനു ശേഷം അധ്യാപകൻ ക്ലാസ്സിനോട് ഇങ്ങനെ പറഞ്ഞു: “ഈ പുസ്തകം അനുപമമാണ്. ഞാൻ വായിച്ചിട്ടുള്ള, സൃഷ്ടിയെ സംബന്ധിച്ച ശാസ്ത്രപുസ്തകങ്ങളിൽ ഏറ്റവും മികച്ച ഒന്ന്.” അടുത്ത രണ്ടു സെമസ്റ്ററുകളിൽ പാഠപുസ്തകത്തോടൊപ്പം താൻ സൃഷ്ടി പുസ്തകവും ഉപയോഗിക്കാൻ പോകുകയാണ് എന്ന് അധ്യാപകൻ വിശദീകരിച്ചു. ക്ലാസ്സിലെ എല്ലാവരും സാക്ഷിയായ വിദ്യാർഥിയിൽ നിന്ന് അതിന്റെ ഓരോ കോപ്പികൾ വാങ്ങാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഈ പുസ്തകത്തിന്റെ ഡസൻക്കണക്കിനു കോപ്പികൾ സമർപ്പിക്കപ്പെട്ടു. അനേകം വിദ്യാർഥികൾക്ക് യഹോവയുടെ സാക്ഷികളോടുണ്ടായിരുന്ന മനോഭാവത്തിനു തന്നെ മാറ്റം വന്നു!
പരിശോധിക്കപ്പെട്ട വിശ്വാസം ശക്തമാണ്
നിങ്ങളുടെ ബൈബിളധിഷ്ഠിത നിലപാടിനോടു യോജിക്കുകയോ അതിനോടു വിലമതിപ്പു പ്രകടമാക്കുകയോ ചെയ്യാത്ത അനേകം പേർ ചുറ്റുമുള്ളപ്പോൾ ചിലപ്പോൾ നിങ്ങൾ തളർന്നുപോയേക്കാം എന്നതു സത്യം തന്നെ. (സങ്കീർത്തനം 3:1, 2 താരതമ്യം ചെയ്യുക.) അതുകൊണ്ട്, നിങ്ങളുടെ അതേ വിശ്വാസങ്ങളും ബോധ്യങ്ങളും ഉള്ളവരുടെ സൗഹൃദം തേടുന്നതു ബുദ്ധിയാണ്. (സദൃശവാക്യങ്ങൾ 27:17) എന്നാൽ നിങ്ങളുടെ സ്കൂളിലോ അയൽപക്കത്തെങ്ങുമോ അത്തരം യുവജനങ്ങൾ ഇല്ലെങ്കിൽ എന്തു ചെയ്യും?
നിങ്ങളുടെ ഏറ്റവും വലിയ സുഹൃത്ത് യഹോവയാം ദൈവമാണ് എന്ന് ഈ സന്ദർഭത്തിൽ ഓർക്കുക. നിങ്ങൾക്കു വേണ്ട പിന്തുണ നൽകിത്തരാൻ അവനു കഴിയുമെന്നും. ആയിരക്കണക്കിനു വർഷങ്ങളായി പിശാചായ സാത്താന്റെ പരിഹാസത്തിന്റെ മുഖ്യ ഇര യഹോവയാം ദൈവമാണ്. അതുകൊണ്ട്, നിങ്ങൾ വിശ്വാസത്തിൽ അടിയുറച്ചു നിൽക്കുന്നത് യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുമെന്നത് ഉറപ്പാണ്. തന്നെ ‘നിന്ദിക്കുന്ന [“പരിഹസിക്കുന്ന,” NW] സാത്താനോട് ഉത്തരം പറയാൻ’ നിങ്ങളുടെ വിശ്വസ്ത ഗതി അവന് അവസരം നൽകും.—സദൃശവാക്യങ്ങൾ 27:11.
നിങ്ങളുടെ വിശ്വാസം ഇടയ്ക്കിടെ പരിശോധിക്കപ്പെടുമെന്നതു പ്രതീക്ഷിക്കാവുന്നതേ ഉള്ളൂ. (2 തിമൊഥെയൊസ് 3:12) എന്നാൽ, പരിശോധിക്കപ്പെട്ട വിശ്വാസം “അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വർണ്ണത്തേക്കാൾ വിലയേറിയതായിരിക്കും” എന്ന് അപ്പൊസ്തലനായ പത്രൊസ് നമുക്ക് ഉറപ്പു നൽകുന്നു. (1 പത്രൊസ് 1:7, പി.ഒ.സി. ബൈ.) അതുകൊണ്ട്, വിശ്വാസത്തെ പ്രതി പരിഹസിക്കപ്പെടുമ്പോൾ അതു നിങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്താനും നിങ്ങളുടെ സഹിഷ്ണുത പ്രകടിപ്പിക്കാനുമുള്ള ഒരവസരമായി കാണുക. സഹിഷ്ണുത “ഒരു അംഗീകൃത നില” സമ്പാദിക്കാൻ സഹായിക്കുമെന്ന് അപ്പൊസ്തലനായ പൗലൊസ് എഴുതുകയുണ്ടായി. (റോമർ 5:3-5, NW) അതേ, യഹോവയുടെ പ്രീതി സമ്പാദിക്കാനുള്ള ആഗ്രഹം വിശ്വാസത്തെ പ്രതിയുള്ള പരിഹാസം നേരിടാൻ നിങ്ങൾക്കു ശക്തമായ പ്രചോദനം നൽകും!
[അടിക്കുറിപ്പുകൾ]
a വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ചത്.
b വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ചത്.
[13-ാം പേജിലെ ചിത്രം]
നിങ്ങളുടെ വിശ്വാസത്തിനു വേണ്ടി നിങ്ങൾക്കു പ്രതിവാദം നടത്താൻ കഴിയുമോ?