കൊലവിളിയുമായെത്തിയ കൊടുങ്കാറ്റിന്റെ കറുത്ത കരങ്ങളിൽനിന്നു വിടുവിക്കുന്നു!
മിച്ച് ചുഴലിക്കൊടുങ്കാറ്റ് വരുത്തിവെച്ച വിനാശങ്ങൾ, ലോകമെമ്പാടും ഏറെ വാർത്താപ്രാധാന്യം നേടുകയുണ്ടായി. എന്നിരുന്നാലും, ഈ കൊലയാളി കാറ്റിന്റെ ഇരകളായവർക്ക് ആശ്വാസം എത്തിക്കാൻ മിക്കപ്പോഴും വീരോചിതമായ ശ്രമങ്ങൾ തന്നെ നടത്തിയ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങളെ ആരും വേണ്ടത്ര ഗൗനിക്കുകയുണ്ടായില്ല. അങ്ങേയറ്റം വഷളായ സാഹചര്യങ്ങളിൽ പോലും യഥാർഥ ക്രിസ്ത്യാനിത്വവും സാഹോദര്യവും തിളക്കമാർന്ന വിജയം നേടുന്ന വിധം ഒരു നാടകീയമായ വിധത്തിൽ പിൻവരുന്ന റിപ്പോർട്ട് പ്രകടമാക്കുന്നു.
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റിയെട്ട് ഒക്ടോബർ 22. തെക്കുപടിഞ്ഞാറൻ കരീബിയൻ സമുദ്രത്തിൽ നിന്ന് ഒരു കൊലയാളി ജന്മമെടുത്തു. ഒരു ഉഷ്ണമേഖലാ ന്യൂനമർദത്തിന്റെ രൂപത്തിലാണു പുറംലോകം അതിനെ ആദ്യം ദർശിച്ചത്. എന്നാൽ 24 മണിക്കൂറിനകം, അത് ഒരു ഉഷ്ണമേഖലാ കൊടുങ്കാറ്റിന്റെ ഭീകരരൂപം പൂണ്ടു. ആളുകളിൽ ഭയപ്പാടിന്റെയും വേദനയുടെയും ഭീകരസ്മരണകൾ മാത്രം ഉണർത്തുന്ന ഒരു പേരായി മാറി അതിന്റേത്. മിച്ച്—അതാണ് ആ പേര്. കരുത്താർജിച്ച അതു വടക്കോട്ടു ചീറിയടിച്ചു. ഒക്ടോബർ 26 ആയപ്പോഴേക്കും, അത് ഒരു അഞ്ചാം തരം ചുഴലിക്കൊടുങ്കാറ്റിന്റെ നിരയിലേക്ക് ഉയർന്നു കഴിഞ്ഞിരുന്നു. മണിക്കൂറിൽ 290 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിക്കുന്ന, നീണ്ടുനിൽക്കുന്ന കാറ്റുകൾക്കും മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിൽ ചീറിയടിക്കുന്ന അൽപ്പസമയത്തേക്കുള്ള കാറ്റുകൾക്കും അതു രൂപം കൊടുത്തു.
തുടക്കത്തിൽ, ജമെയ്ക്കയെയും കേയ്മൻ ദ്വീപുകളെയും ആക്രമിക്കുകയാണ് മിച്ചിന്റെ ലക്ഷ്യമെന്നു തോന്നി. എന്നാൽ, ഈ കൊലയാളി പടിഞ്ഞാറോട്ട് തിരിഞ്ഞിട്ട് നേരെ മധ്യഅമേരിക്കയുടെ തീരപ്രദേശത്ത് ഉള്ള ബെലീസിലേക്കാണു കുതിച്ചത്. പക്ഷേ, ആക്രമണം അഴിച്ചുവിടുന്നതിനു പകരം അതു ഹോണ്ടുറാസിന്റെ വടക്കൻ തീരത്ത് ആക്രമണ ഭീഷണിയുമായി ചുറ്റിപ്പറ്റി നിൽക്കുകയാണുണ്ടായത്. എന്നാൽ പൊടുന്നനെ, ഈ കൊലയാളിക്കൊടുങ്കാറ്റ് അതിന്റെ പ്രയാണം ആരംഭിച്ചു. തരിമ്പും ദയ കാട്ടാതെ, മൃത്യുവും വിനാശവും വാരിവിതറിക്കൊണ്ട് ഒക്ടോബർ 30-ന് മിച്ച് ഹോണ്ടുറാസിൽ കടന്നു.
ഹോണ്ടുറാസിൽ മിച്ച് മരണനൃത്തമാടുന്നു
കനത്ത പേമാരി മിച്ചിന്റെ ആഗമനം വിളിച്ചറിയിച്ചു. ടെഗൂസിഗാൽപയിൽ താമസിക്കുന്ന, ഒരു മുഴുസമയ ശുശ്രൂഷകനായ ബിക്ടർ ആബെലാർ ഇങ്ങനെ അനുസ്മരിക്കുന്നു: “ഒക്ടോബർ 31 ശനിയാഴ്ച. വെളുപ്പിന് ഏകദേശം ഒരു മണി ആയിക്കാണും, അപ്പോഴാണ് ഇടിമുഴക്കം പോലെ കാതടപ്പിക്കുന്ന ഒരു ശബ്ദം ഞങ്ങൾ കേട്ടത്. സമീപത്തുണ്ടായിരുന്ന തീരെ ചെറിയ തോട് അപ്പോഴേക്കും അലറിപ്പാഞ്ഞൊഴുകുന്ന ഒരു നദി ആയിത്തീർന്നിരുന്നു! ശക്തമായ ഒഴുക്കിൽപ്പെട്ട് രണ്ടു വീടുകൾ ഒലിച്ചു പോയി. രണ്ടു വീടുകളിലെയും താമസക്കാർ അകത്തു കുടുങ്ങിപ്പോയിരുന്നു. അലറിവിളിക്കുകയായിരുന്ന അവരെ രക്ഷപ്പെടുത്താൻ ആർക്കും കഴിഞ്ഞില്ല.” നഗരത്തിന്റെ മറ്റൊരു ഭാഗത്ത്, മണ്ണിടിച്ചിലിന്റെ ഫലമായി 32 പേർ മരണമടഞ്ഞു. ഇവരിൽ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചുകൊണ്ടിരുന്ന 8 ആളുകളും ഉൾപ്പെടുന്നു. എന്നിരുന്നാലും, സ്നാപനമേറ്റ ഒരു സാക്ഷി പോലും മരണമടഞ്ഞില്ല.
ഹോണ്ടുറാസിലെ അധികൃതർ സത്വരം പ്രതികരിച്ചു. അവർ അഭയാർഥി കേന്ദ്രങ്ങൾ സ്ഥാപിച്ചു. അതിനു പുറമേ, ഒരു ഡസനിലധികം രാജ്യങ്ങളിൽ നിന്നായുള്ള ഒരു അന്താരാഷ്ട്ര ദുരിതാശ്വാസ സംഘം ത്വരിതഗതിയിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. യഹോവയുടെ സാക്ഷികളും തങ്ങളുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ബൈബിളിലെ പിൻവരുന്ന വാക്കുകളാണ് അവർക്ക് അതിനു പ്രചോദനമേകിയത്: “നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നൻമചെയ്ക.” (ഗലാത്യർ 6:10) അങ്ങനെ, അടിയന്തിര ദുരിതാശ്വാസ കമ്മിറ്റികൾ രൂപവത്കരിക്കപ്പെട്ടു. തീരദേശ പട്ടണങ്ങളിലെ ദയനീയ സാഹചര്യം തിരിച്ചറിഞ്ഞു കൊണ്ട്, സാക്ഷികൾ ഒരു രക്ഷാപ്രവർത്തക സംഘത്തിനു രൂപം കൊടുക്കുക മാത്രമല്ല, അതിനെ രക്ഷാപ്രവർത്തനത്തിനു സജ്ജമാക്കുകയും ചെയ്തു.
എഡ്ഗാർഡോ ആക്കോസ്റ്റാ എന്ന സാക്ഷി ഇപ്രകാരം അനുസ്മരിക്കുന്നു: “ഒക്ടോബർ 31 ശനിയാഴ്ച, ഞങ്ങൾ ഒരു ചെറിയ ബോട്ടു സംഘടിപ്പിച്ച് വെള്ളപ്പൊക്ക ബാധിത പ്രദേശത്തേക്കു യാത്ര തിരിച്ചു. ഞങ്ങൾക്കു രണ്ടു സഹോദരന്മാരെa രക്ഷപ്പെടുത്താൻ സാധിച്ചെങ്കിലും, എല്ലാവരെയും അവിടെ നിന്നു മാറ്റണമെങ്കിൽ വലിയൊരു ബോട്ടു വേണമെന്നു ഞങ്ങൾക്കു മനസ്സിലായി. അതുകൊണ്ട്, മുമ്പ് തിമിംഗലവേട്ടയ്ക്ക് ഉപയോഗിച്ചിരുന്ന ഒരു ബോട്ട് ഞങ്ങൾ തരപ്പെടുത്തി. എന്നിട്ട്, ഞായറാഴ്ച അതിരാവിലെ ഞങ്ങൾ വീണ്ടും അങ്ങോട്ടു തിരിച്ചു. സഭയിലെ എല്ലാ അംഗങ്ങളെയും മാറ്റിപ്പാർപ്പിക്കാൻ അവസാനം ഞങ്ങൾക്കു സാധിച്ചു. അവരെ മാത്രമല്ല, അയൽക്കാരിൽ ചിലരെയും. മൊത്തം 189 ആളുകളെയാണ് ഞങ്ങൾ ഈ വിധത്തിൽ മാറ്റിപ്പാർപ്പിച്ചത്.”
ലാ ഹുന്റായ്ക്കു സമീപം നടന്ന രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്ന ച്വാൻ ആൽബാരാഡോ തന്റെ ഓർമകൾ പങ്കുവെക്കുന്നു: “‘ഞങ്ങളെ രക്ഷിക്കണേ! ഞങ്ങളെ സഹായിക്കണേ!’ എന്നിങ്ങനെയുള്ള മുറവിളികൾ ചുറ്റിലും മുഴങ്ങിക്കേൾക്കാമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും ഭയാനകമായ അനുഭവമായിരുന്നു അത്. സഹോദരങ്ങൾ പൂർണമായി കുടുങ്ങിപ്പോയിരുന്നു. അനേകർ പുരമുകളിൽ കയറിപ്പറ്റിയിരുന്നു.” അതിജീവകരിൽ ഒരാളായ മാരിയാ ബോണിയ ഇപ്രകാരം വിശദീകരിക്കുന്നു: “ഒരു സമുദ്രത്തിന്റെ നടുക്കാണു ഞങ്ങൾ എന്നു തോന്നിപ്പോയി. എല്ലാവരും കരയുകയായിരുന്നു.” എന്നിരുന്നാലും, രക്ഷാപ്രവർത്തനങ്ങൾ വിജയപ്രദമാവുക തന്നെ ചെയ്തു. അതിജീവകരിൽ പെടുന്ന ഊംബെർട്ടോ ആൽബാരാഡോ ഇപ്രകാരം പറയുന്നു: “സഹോദരന്മാർ ഞങ്ങളെ രക്ഷപ്പെടുത്തുക മാത്രമല്ല, ഞങ്ങൾക്കു വേണ്ട ആഹാരവും വസ്ത്രവും പാർപ്പിടവും കൂടെ നൽകി.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “സഹോദരന്മാരുടെ രക്ഷാപ്രവർത്തനങ്ങൾ നിരീക്ഷിച്ച ഒരു മനുഷ്യൻ പറഞ്ഞത്, തന്റെ സഭയിൽ നിന്ന് ഇതുപോലെ തന്നെ ആരും രക്ഷിക്കാൻ വന്നില്ല, യഹോവയുടെ സാക്ഷികൾ മാത്രമാണ് വന്നത് എന്നാണ്. യഹോവയുടെ സാക്ഷികളുടേതാണ് സത്യമതം എന്ന് ഇപ്പോൾ അദ്ദേഹത്തിനു പൂർണ ബോധ്യം വന്നിരിക്കുന്നു!”
ലാ ലിമാ എന്ന പട്ടണത്തിൽ, ഒരു കൂട്ടം സാക്ഷികൾ ഒരു വീടിനകത്തു കുടുങ്ങിപ്പോയി. വെള്ളം ക്രമാതീതമായി ഉയർന്നുവന്നപ്പോൾ അവർ വീടിന്റെ മച്ചു പൊളിച്ചിട്ട് തുലാങ്ങളുടെ മുകളിൽ കയറിയിരുന്നു. ഗാബി എന്ന സാക്ഷി ഇപ്രകാരം വിശദീകരിക്കുന്നു: “ഏതാനും ദിവസത്തേക്കു വേണ്ടുന്ന ആഹാരം ഞങ്ങളുടെ കൈവശമുണ്ടായിരുന്നു. എന്നാൽ അതു തീർന്നപ്പോൾ സഹോദരന്മാരിൽ ഒരാൾ ജീവൻ പണയപ്പെടുത്തിക്കൊണ്ടു വെള്ളത്തിലേക്കിറങ്ങി, കുറെ തേങ്ങ പെറുക്കിയെടുക്കുന്നതിന്. ഞങ്ങളെ ചൂഴ്ന്നു നിന്ന വീർപ്പുമുട്ടിക്കുന്ന അവസ്ഥയിൽ നിന്ന് അൽപ്പമെങ്കിലും മോചനം നേടാനായി, ഞങ്ങൾ രാജ്യഗീതങ്ങൾ ആലപിച്ചു.” ഒരു ശുശ്രൂഷാദാസനായ ഹ്വാൻ ഇങ്ങനെ ഓർമിക്കുന്നു: “രക്ഷപ്പെടുമെന്നു സ്വപ്നത്തിൽ പോലും ഞങ്ങൾ കരുതിയില്ല. അതുകൊണ്ട്, ബൈബിൾ മാസികയായ വീക്ഷാഗോപുരം പഠിക്കാമെന്നു ഞങ്ങൾ തീരുമാനിച്ചു. ഇത് ഒരുപക്ഷേ ഞങ്ങൾ ഇങ്ങനെ ഒരുമിച്ചു പഠിക്കുന്ന അവസാന അവസരമാണ് എന്നോർത്ത് ഞങ്ങൾ എല്ലാവരും കരയാൻ തുടങ്ങി. എന്നാൽ, സഹിച്ചുനിൽക്കാൻ ഉള്ള ശക്തി ആ പഠനം ഞങ്ങൾക്കു നൽകി.” രക്ഷാപ്രവർത്തകർ എത്തി അവരെ രക്ഷിക്കുന്നതു വരെ എട്ടു ദിവസത്തോളം അവർ അങ്ങനെ കഴിഞ്ഞു.
വെള്ളപ്പൊക്കത്തിൽ, ജീവനു ഹാനിയൊന്നും തട്ടാതെ സുരക്ഷിതരായിരുന്നെങ്കിലും പലർക്കും കയ്പേറിയ യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നു. ലിലിയൻ എന്ന ഒരു സാക്ഷി ഇങ്ങനെ സമ്മതിച്ചു പറയുന്നു: “നിങ്ങളുടെ വസ്ത്രങ്ങൾ, ഫർണീച്ചർ, കുടുംബ ഫോട്ടോകൾ എന്നിവ പോലെ ഉള്ള സ്വകാര്യവസ്തുക്കൾ നഷ്ടപ്പെടുന്നതു വളരെ വളരെ വേദനാകരമാണ്. എന്റെ വീടു നിറയെ ചെളിയും, ചപ്പുചവറുകളും എന്തിന് പാമ്പുകൾ പോലും നിറഞ്ഞിരിക്കുന്ന ഒരു അവസ്ഥ കണ്ടപ്പോൾ, ഹോ, എനിക്കത് ഓർക്കാൻ കൂടി വയ്യ!” ഈ സാഹചര്യത്തിലും ക്രിസ്തീയ സാഹോദര്യം അമൂല്യമായ ഒന്നാണ് എന്നു തെളിഞ്ഞു. ലിലിയൻ തുടരുന്നു: “സഹോദരങ്ങൾ എന്റെ സഹായത്തിനെത്തി. സാക്ഷിയല്ലാത്ത എന്റെ ഭർത്താവ് ഇങ്ങനെ ചോദിച്ചു പോയി, ‘അവർ നമുക്കു ചെയ്തു തന്നതിനൊക്കെ നാം എങ്ങനെ പകരം കൊടുക്കും?’ അതിന് ഒരു സഹോദരി എന്നോടായി ഇങ്ങനെ മറുപടി പറഞ്ഞു, ‘നിങ്ങൾ എന്നോടു നന്ദി പറയേണ്ടതില്ല. ഞാൻ നിങ്ങളുടെ സഹോദരിയാണ്!’”
മിച്ച് എൽ സാൽവഡോറിൽ കൊലവിളിയുമായി എത്തുന്നു
മിച്ച് ചുഴലിക്കൊടുങ്കാറ്റ് പടിഞ്ഞാറോട്ട് എൽ സാൽവഡോറിനെ ലക്ഷ്യമാക്കി മുന്നേറി. എന്നാൽ മാർഗമധ്യേ, അതിന്റെ ശക്തി ചോർന്നു പോകാൻ തുടങ്ങി. എന്നിരുന്നാലും, മരണം വിതയ്ക്കാനുള്ള അതിന്റെ ശക്തി അപ്പോഴും നഷ്ടപ്പെട്ടിരുന്നില്ല. ഇതേ സമയം, എൽ സാൽവഡോറിൽ ഉള്ള യഹോവയുടെ സാക്ഷികൾ “ദൈവമാർഗത്തിലുള്ള ജീവിതം” ഡിസ്ട്രിക്റ്റ് കൺവെൻഷനു വേണ്ടി കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു. 40,000-ത്തിലധികം ആളുകൾ ഹാജരാകും എന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ മിച്ച് അടുത്തടുത്തു വന്നപ്പോൾ, സഹോദരങ്ങളിൽ ആർക്കും തന്നെ ആ കൺവെൻഷനിൽ സംബന്ധിക്കാൻ സാധിക്കുമെന്നു തോന്നിയില്ല. കൃഷിയും ഹൈവേകളും വീടുകളും ഒക്കെ വെള്ളത്തിനടിയിലാക്കി കൊണ്ട് നദികൾ കരകവിഞ്ഞൊഴുകി. വനനശീകരണം മൂലം ദുർബലമായിത്തീർന്നിരുന്ന കുന്നുകളിൽ കനത്ത മണ്ണിടിച്ചിൽ ഉണ്ടായതു പ്രശ്നം കൂടുതൽ വഷളാക്കി.
ചിലാങ്ഗിരാ എന്ന പട്ടണത്തിലെ യഹോവയുടെ സാക്ഷികളുടെ സഭയുടെ അധ്യക്ഷ മേൽവിചാരകനായിരുന്നു നെൽസൺ ഫ്ളോറേസ്. ഒക്ടോബർ 31 ശനിയാഴ്ച രാവിലെ ഉറക്കമുണർന്ന അദ്ദേഹം കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു. നദിക്ക് അക്കരെ, ചിലാങ്ഗിരാ പട്ടണം സ്ഥിതി ചെയ്തിരുന്ന ഇടം ശൂന്യമായിരിക്കുന്നു! 500 ഭവനങ്ങൾ ഒലിച്ചു പോയിരിക്കുന്നു! തന്റെ ആത്മീയ സഹോദരങ്ങൾക്ക് ജീവഹാനി സംഭവിച്ചുകാണുമോ എന്ന ഭയത്താൽ, സ്വന്തം ജീവൻ പണയപ്പെടുത്തി കരകവിഞ്ഞ് ഒഴുകിയിരുന്ന നദിയിലേക്ക് അദ്ദേഹം എടുത്തു ചാടി. അദ്ദേഹം പറയുന്നു: “മറുകരയിൽ എത്തിയ ഞാൻ സ്ഥലം മനസ്സിലാക്കിയെടുക്കാൻ ശ്രമിച്ചു. വീടുതോറുമുള്ള പ്രസംഗപ്രവർത്തനത്തിനായി നിത്യേന ഞാൻ ഈ പ്രദേശത്തു കൂടി പോകാറുണ്ടായിരുന്നതാണ്. എന്നാൽ ഇത്തവണ, ആ പ്രദേശം തിരിച്ചറിയാൻ പാകത്തിന് പരിചയമുള്ള ഒരൊറ്റ വസ്തുപോലും എനിക്കു കണ്ടെത്താനായില്ല!”
ചിലാങ്ഗിരായിൽ ആ രാത്രി ഏകദേശം 150 ആളുകൾ മരണമടഞ്ഞിരുന്നു. അക്കൂട്ടത്തിൽ, യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിച്ചിരുന്ന പലരും ഉണ്ടായിരുന്നു. എന്നിരുന്നാലും, സാക്ഷികളാരും തന്നെ മരണമടഞ്ഞില്ല.
പെട്ടെന്നു തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ഇവ സംഘടിപ്പിക്കുന്നതിനു പിന്തുണയേകിയവരിൽ ഒരാളായ ആരിസ്റ്റെഡെസ് എസ്ട്രാഡാ വിശദീകരിക്കുന്നു: “ചിലാങ്ഗിരായിലേക്കു പോകാൻ ഞങ്ങൾക്ക് അനുവാദം ഉണ്ടായിരുന്നില്ല. വെള്ളം അപ്പോഴും പൊങ്ങിക്കൊണ്ടിരിക്കുകയായിരുന്നു! ആളുകൾ സഹായത്തിനായി കേണപേക്ഷിക്കുമ്പോൾ നിസ്സഹായരായ രക്ഷാപ്രവർത്തകർ അവരെ അവിടെ ഉപേക്ഷിച്ചിട്ടു സ്വന്തം ജീവൻ രക്ഷിക്കാൻ നിർബന്ധിതരായിത്തീർന്നു. ആ കാഴ്ച ജീവിതത്തിലൊരിക്കലും എനിക്കു മറക്കാനാകില്ല.” എന്നിരുന്നാലും, ക്രമേണ എല്ലാ സഹോദരങ്ങളെയും അവിടെ നിന്നും സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു. രാജ്യഹാളുകൾ അഭയാർഥികേന്ദ്രങ്ങളായി വർത്തിച്ചു. ഇതിനുപുറമേ, ആശുപത്രികൾ, സ്കൂളുകൾ മറ്റു സ്ഥലങ്ങൾ എന്നിവിടങ്ങളിലെ പരിക്കേറ്റവരുടെയോ ഭവനരഹിതരുടെയോ ലിസ്റ്റു പരിശോധിക്കാൻ സാക്ഷികളെ ചുമതലപ്പെടുത്തുകയുണ്ടായി. ലിസ്റ്റിൽ സാക്ഷികളുടെ പേരുകൾ വന്നിട്ടുണ്ടോ എന്നു തിട്ടപ്പെടുത്താൻ ആയിരുന്നു ഇത്. പ്രാദേശിക സഭകൾ സത്വരം അവശ്യവസ്തുക്കൾ പ്രദാനം ചെയ്തു.
എന്നിരുന്നാലും, ഈ അവശ്യവസ്തുക്കൾ ശേഖരണകേന്ദ്രങ്ങളിൽ എത്തിക്കുക എല്ലായ്പോഴും എളുപ്പമായിരുന്നില്ല. കൊരിന്റോ എന്ന പട്ടണത്തിൽ നിന്നുള്ള സഹോദരന്മാർ തങ്ങൾ സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയ സാധനങ്ങളുമായി യാത്രതിരിച്ചു. എന്നാൽ മാർഗമധ്യേ ഉണ്ടായ മണ്ണിടിച്ചിൽ മൂലം അവരുടെ യാത്രക്കു തടസ്സം നേരിട്ടു. അതിനുള്ള പരിഹാരമോ? അപ്പുറം കടന്നുകിട്ടാനായി അവർ മണ്ണുവെട്ടി മാറ്റി! അതു കണ്ട മറ്റുള്ളവർ ആദ്യമൊക്കെ സംശയത്തോടെ വെറുതെ നോക്കിനിൽക്കുക മാത്രമാണു ചെയ്തത്. പക്ഷേ, കുറച്ചു കഴിഞ്ഞപ്പോൾ അവരും ഒരു കൈ സഹായിക്കാൻ തയ്യാറായി. അങ്ങനെ മുമ്പിലുണ്ടായിരുന്ന തടസ്സം നീങ്ങി. കൊരിന്റോയിൽ നിന്നുള്ള സഹോദരന്മാർ ആകെ ചെളിയിൽ പുതഞ്ഞാണു ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നത്. പക്ഷേ, തങ്ങളുടെ സംഭാവന എത്തിച്ചുകൊടുക്കാൻ സാധിച്ചതിൽ അവർ സന്തുഷ്ടരായിരുന്നു!
വാച്ച്ടവർ സൊസൈറ്റിയുടെ ബ്രാഞ്ച് ഓഫീസും ഒരു ശേഖരണകേന്ദ്രമായി വർത്തിച്ചു. സംഭാവന ചെയ്യപ്പെട്ട സാധനങ്ങൾ വാഹനങ്ങളിൽ നിന്ന് ഇറക്കാൻ സഹായിച്ച, ബ്രാഞ്ചിലെ ഒരംഗമായ ഹിൽബെർട്ടോ ഇപ്രകാരം അനുസ്മരിക്കുന്നു: “അത് അവിശ്വസനീയമായിരുന്നു! വളരെയേറെ വാഹനങ്ങൾ എത്തിച്ചേർന്നതിനാൽ, ബ്രാഞ്ചിലെ പാർക്കിങ് സ്ഥലത്തും അതിന്റെ മുന്നിലുള്ള തെരുവിലും വാഹനഗതാഗതം നിയന്ത്രിക്കുന്നതിനു സ്വമേധയാസേവകരെ നിയമിക്കേണ്ടിവന്നു.” 25 ടൺ വസ്ത്രങ്ങളും 10 ടൺ ആഹാരസാധനങ്ങളും സംഭാവന ചെയ്യപ്പെട്ടതായി കണക്കാക്കപ്പെടുന്നു. സംഭാവന ചെയ്യപ്പെട്ട വസ്ത്രങ്ങൾ തരംതിരിച്ചു കയറ്റി അയയ്ക്കാൻ 15 സ്വമേധയാസേവകർക്ക് ഒരാഴ്ച വേണ്ടിവന്നു.
മിച്ച് നിക്കരാഗ്വ കടന്നു പോകുന്നു
നാശകരമായ പേമാരി കോരിച്ചൊരിഞ്ഞു കൊണ്ട് മിച്ച് നിക്കരാഗ്വയുടെ അതിർത്തിയിലൂടെ കടന്നുപോയി. ആയിരക്കണക്കിനു വീടുകൾ തകർന്നു വീണു. ഹൈവേകൾ ഒലിച്ചു പോയി. പോസോൽറ്റെഗാ പട്ടണത്തിനു സമീപം മണ്ണിടിച്ചിലിന്റെ ഫലമായി ഗ്രാമങ്ങൾ അപ്പാടെ മണ്ണിനടിയിലായി, ഒപ്പം 2,000-ത്തിലധികം ആളുകളും.
നിക്കരാഗ്വയിലുള്ള സാക്ഷികൾ ഈ ദുരന്തത്തെ കുറിച്ച് അറിഞ്ഞപ്പോൾ, അവർ ഒരു വിപുലമായ ദുരിതാശ്വാസ പ്രവർത്തനത്തിനു രൂപം നൽകി. അത്യന്തം ദുഷ്കരമായ, അപകടം പിടിച്ച ഒരു ദൗത്യത്തിനായി അവർ സ്വമേധയാസേവകരെ അയച്ചു, അത് തങ്ങളുടെ സഹോദരന്മാരെ കണ്ടുപിടിക്കുക എന്നതായിരുന്നു! സാക്ഷികൾ രണ്ടു സംഘമായി—ഒന്ന് ലേവോനിൽ (പോസോൽറ്റെഗായുടെ തെക്കുള്ള ഒരു പട്ടണം) നിന്നും മറ്റൊന്ന് ചിചിഗാൽപ്പായിൽ (വടക്കുള്ള ഒരു പട്ടണം) നിന്നും— പോസോൽറ്റെഗാ ലക്ഷ്യമാക്കി യാത്ര തിരിച്ചു. സംഘത്തിൽ ഉണ്ടായിരുന്ന ഓരോരുത്തരും ദുരിതാശ്വാസ സാധനങ്ങൾ അടങ്ങുന്ന ഭാരമുള്ള ചുമടും വഹിച്ചായിരുന്നു യാത്ര. അവർക്കു പോകേണ്ടിയിരുന്ന വഴി കടന്നുപോകാൻ കഴിയാത്തത്ര ദുർഘടമാണെന്നു രക്ഷാപ്രവർത്തകർ മുന്നറിയിപ്പു നൽകി. പക്ഷേ, സഹോദരന്മാർ പിന്മാറിയില്ല.
നവംബർ 2-ന് തിങ്കളാഴ്ച അതിരാവിലെ ലേവോനിൽ നിന്നുള്ള സഹോദരന്മാർ ദുരിതാശ്വാസ സാധനങ്ങളെല്ലാം ഒരു ട്രക്കിൽ കയറ്റി, മുമ്പ് ഒരു പാലം സ്ഥിതി ചെയ്തിരുന്ന ഇടം വരെ—വെള്ളപ്പാച്ചിലിൽ പെട്ട് ഈ പാലവും ഒലിച്ചു പോയിരുന്നു—ചെന്നു. സാധനങ്ങൾ എല്ലാം ട്രക്കിൽനിന്നിറക്കിയതിനു ശേഷം സഹോദരൻമാർ രണ്ടു സൈക്കിൾ സംഘങ്ങളായി തിരിഞ്ഞു. ഒരു സംഘം പോസോൽറ്റെഗായിലേക്ക് യാത്ര തിരിച്ചപ്പോൾ മറ്റേതു ടെലീക്കാ എന്ന വെള്ളപ്പൊക്ക ബാധിത പട്ടണത്തിലേക്കാണു പോയത്. യാത്രയ്ക്കു മുമ്പ്, സഹോദരന്മാർ പ്രാർഥിച്ചു. അവരിലൊരാൾ ഇങ്ങനെ പറഞ്ഞു: “പ്രാർഥനയ്ക്കു ശേഷം, ഞങ്ങൾക്കു വളരെയധികം കരുത്തു തോന്നി.” അവർക്ക് അത് അത്യാവശ്യമായിരുന്നു താനും. മാർഗമധ്യേ, അവർക്കു വലിയ കിടങ്ങുകൾ കടക്കേണ്ടതുണ്ടായിരുന്നു. ചില സമയങ്ങളിൽ അവർ ചെളിയിലൂടെ ഊർന്നിറങ്ങിയാണ് അപ്പുറം കടന്നത്. മറ്റുസമയങ്ങളിലാകട്ടെ, സൈക്കിളുകൾ ചുമലുകളിൽ വെച്ചു കൊണ്ടും. ഇതു കൂടാതെ, കടപുഴകി വീണിരുന്ന വൃക്ഷങ്ങൾ മിക്കപ്പോഴും അവർക്കു മാർഗതടസ്സം സൃഷ്ടിച്ചു. ഇതിനൊക്കെ പുറമേ, ശവശരീരങ്ങൾ വെള്ളത്തിൽ ഒഴുകി നടക്കുന്ന ഹൃദയഭേദകമായ കാഴ്ചയും അവർ കാണേണ്ടിയിരുന്നു.
അതിശയകരമെന്നു പറയട്ടെ, ലേവോനിൽ നിന്നും ചിചിഗാൽപ്പായിൽ നിന്നുമുള്ള സൈക്കിൾ സംഘങ്ങൾ ഏകദേശം ഒരേ സമയത്തുതന്നെ പോസോൽറ്റെഗായിൽ എത്തിച്ചേർന്നു! രക്ഷാപ്രവർത്തക സംഘത്തിലെ ഒരു അംഗമായിരുന്ന നെര്യോ ലോപെസ് അനുസ്മരിക്കുന്നു: “എന്റെ സൈക്കിളിന്റെ ടയറുകൾ വല്ലാതെ തേഞ്ഞു പോയിരുന്നു. അതും കൊണ്ട് ഒന്നോ രണ്ടോ കിലോമീറ്ററിൽ കൂടുതൽ പോകാൻ സാധ്യമല്ല എന്നു തന്നെ ഞാൻ കരുതി.” പക്ഷേ, എങ്ങനെയോ, അങ്ങോട്ടുള്ള യാത്രയിൽ അവയ്ക്കു യാതൊന്നും സംഭവിച്ചില്ല. മടക്കയാത്രയിൽ മാത്രമാണ് ടയറു രണ്ടും പഞ്ചറായത്. ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും, ഏറ്റവും ആദ്യം സംഭവസ്ഥലത്ത് എത്തിച്ചേർന്ന ദുരിതാശ്വാസപ്രവർത്തകർ സഹോദരങ്ങളായിരുന്നു. പ്രാദേശിക ക്രിസ്തീയ സഹോദരങ്ങളുടെ ഒരു സംഘത്തെ കണ്ടുമുട്ടിയപ്പോൾ അവർക്ക് ഉണ്ടാകുമായിരുന്ന ആനന്ദം ഒന്നു വിഭാവന ചെയ്തു നോക്കൂ! ഒരു സഹോദരി ഇപ്രകാരം പറഞ്ഞു: “സഹായവും പിന്തുണയും നൽകിയതിനു ഞാൻ യഹോവയോടും നമ്മുടെ സഹോദരങ്ങളോടും വളരെയധികം നന്ദിയുള്ളവളാണ്. ഞങ്ങളെ സഹായിക്കാൻ സഹോദരങ്ങൾ ഇത്ര വേഗം എത്തിച്ചേരും എന്നു ഞങ്ങൾ കരുതിയേയില്ല.”
വെള്ളപ്പൊക്കബാധിത പട്ടണങ്ങളിലേക്കു നടത്തിയ അനേകം സൈക്കിൾ യാത്രകളിൽ ആദ്യത്തേതു മാത്രമായിരുന്നു ഇത്. പലയിടങ്ങളിലും ആദ്യമെത്തിയിരുന്ന ദുരിതാശ്വാസ പ്രവർത്തകർ സഹോദരന്മാരായിരുന്നു. 16 സഹോദരന്മാർ സൈക്കിളുകളിൽ എത്തിച്ചേർന്ന കാഴ്ച ലാരേനാഗാ പട്ടണവാസികളെ അതിശയിപ്പിച്ചു! അവരുടെ കഠിനപ്രയത്നം നിരീക്ഷിച്ച പ്രാദേശിക സഹോദരങ്ങൾ കരഞ്ഞുപോയി. സൈക്കിളുകളിൽ വന്ന സഹോദരന്മാർ ചിലപ്പോൾ 20 കിലോഗ്രാമിൽ അധികം ദുരിതാശ്വാസ സാധനങ്ങൾ മുതുകിൽ വഹിക്കേണ്ടിയിരുന്നു. എൽ ഗ്വായാബോ പട്ടണത്തിലേക്ക് രണ്ടു സഹോദരന്മാർ ചുമന്നത് 100-ലധികം കിലോഗ്രാം സാധനങ്ങളാണ്! തന്റെ സൈക്കിളിൽ കയറ്റാവുന്നതിന്റെ പരമാവധി ഭാരം വഹിച്ചു കൊണ്ടു പോകാൻ ഒരു സഹോദരനെ സഹായിച്ചത് ബൈബിളിലെ യെശയ്യാവു 40:29-ാം വാക്യത്തെ കുറിച്ചുള്ള ധ്യാനമാണ്. അവിടെ ഇങ്ങനെ പറയുന്നു: “[യഹോവ] ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു.”
ടോണാലാ എന്ന പട്ടണത്തിലുണ്ടായിരുന്ന സാക്ഷികൾ, അവരുടെ ഭക്ഷ്യവസ്തുക്കൾ മിക്കവാറും തീരാറായ കാര്യം ഉത്തരവാദിത്വപ്പെട്ട സഹോദരന്മാരുടെ ശ്രദ്ധയിൽ പെടുത്തുന്നതിന് ഒരാളെ അയയ്ക്കുകയുണ്ടായി. എന്നാൽ അദ്ദേഹം അവിടെ എത്തിച്ചേർന്നപ്പോൾ കേട്ട സംഗതി അതിശയിപ്പിക്കുന്നതായിരുന്നു. ദുരിതാശ്വാസ സാധനങ്ങൾ അപ്പോഴേക്കും അവിടേക്ക് അയച്ചുകഴിഞ്ഞിരുന്നു എന്ന്! മടങ്ങി എത്തിയ അദ്ദേഹത്തിന്, സ്വന്തം വീട്ടിലും ആഹാരം എത്തിച്ചിരുന്നതായി കാണാൻ കഴിഞ്ഞു. ചിനാൻഡെഗായ്ക്കു ചുറ്റുമുള്ള വെള്ളപ്പൊക്കബാധിതപ്രദേശങ്ങളിൽ ദുരിതാശ്വാസ സാധനങ്ങൾ എത്തിക്കാൻ സഹായിച്ച മാർലോൺ ചാവാറിയാ ഇങ്ങനെ അനുസ്മരിക്കുന്നു: “ഒരു പട്ടണത്തിൽ, സാക്ഷികളുടെ 44 കുടുംബങ്ങൾ ഉണ്ടായിരുന്നു. എന്നിരുന്നാലും, സഹോദരങ്ങൾ തങ്ങളുടെ ഭക്ഷണം പങ്കുവെച്ചതു നിമിത്തം 80 കുടുംബങ്ങൾക്ക് ആഹാരം ലഭിച്ചു.”
ഈ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടാതെ പോയില്ല. വാംബ്ലാൻ എന്ന പട്ടണത്തിലെ മേയർ സാക്ഷികൾക്ക് ഇങ്ങനെ എഴുതുകയുണ്ടായി: “എന്തെങ്കിലും സഹായം ലഭിക്കാനുള്ള സാധ്യത ഉണ്ടോ എന്ന് അന്വേഷിക്കുക ആണ് ഈ കത്തിന്റെ ലക്ഷ്യം. . . . ഇവിടെ, വാംബ്ലാനിലുള്ള നിങ്ങളുടെ സഹോദരന്മാരെയും സഹോദരിമാരെയും നിങ്ങൾ സഹായിക്കുന്നതു ഞങ്ങൾ കാണുന്നു. ഞങ്ങൾക്കു വേണ്ടിയും എന്തെങ്കിലും ചെയ്യുക സാധ്യമാണോ എന്നറിയാൻ ഞങ്ങൾക്കു താത്പര്യമുണ്ട്.” ആഹാരവും മരുന്നും വസ്ത്രങ്ങളും നൽകിക്കൊണ്ടു സാക്ഷികൾ പ്രതികരിച്ചു.
ഗ്വാട്ടിമാല മിച്ചിന്റെ കരുത്തറിയുന്നു
ഹോണ്ടുറാസും എൽ സാൽവഡോറും ഉപേക്ഷിച്ചു പോരേണ്ട താമസമേ ഉണ്ടായിരുന്നുള്ളു മിച്ചിന് ഗ്വാട്ടിമാലയിലേക്ക് അതിക്രമിച്ചു കടക്കാൻ. വെള്ളം കൂലംകുത്തിയൊഴുകുന്ന ശബ്ദം കേട്ടാണ് ഗ്വാട്ടിമാല നഗരത്തിന്റെ ദക്ഷിണഭാഗത്തു താമസിക്കുന്ന സാറാ ആഗൂസ്റ്റിൻ എന്ന സാക്ഷി ഉണർന്നത്. അവർ താമസിച്ചിരുന്ന മലയിടുക്ക് അലറിപ്പാഞ്ഞൊഴുകുന്ന നദിയായി രൂപാന്തരപ്പെട്ടു കഴിഞ്ഞിരുന്നു. മിക്കപ്പോഴും ബൈബിൾ സത്യം പങ്കുവെക്കാനായി അയൽവാസികളുടെ വാതിലുകളിൽ സാറാ മുട്ടിവിളിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അവർ അങ്ങനെ ചെയ്തത്, വീട്ടുകാരെ എങ്ങനെയെങ്കിലും ഒന്നു ഉണർത്തുന്നതിന് ആയിരുന്നു! പെട്ടെന്ന് ഒരു വലിയ ശബ്ദത്തോടെ മണ്ണിടിച്ചിൽ ഉണ്ടായി. അതിൽ പെട്ട് അവരുടെ അയൽവാസികളിൽ പലരുടെയും വീടുകൾ മൂടിപ്പോയി. വേഗം ഒരു മൺവെട്ടി കൈയിലെടുത്ത് സാറായും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. ചെളിയിൽ ആണ്ടു പോയിരുന്ന ഏഴു കുട്ടികളെ അവർ പുറത്തെടുത്തു. ഒരു സൂതികർമിണിയായ സാറാ ഈ കുട്ടികളിൽ ഒരാളുടെ ജനനത്തിനു സഹായിച്ചതാണ്. സങ്കടകരമെന്നു പറയട്ടെ, മരിച്ചവരുടെ കൂട്ടത്തിൽ വിൽമാ എന്ന കൗമാരപ്രായക്കാരിയും ഉണ്ടായിരുന്നു. സാറാ അവൾക്കു ബൈബിൾ സാഹിത്യങ്ങൾ നൽകിയിട്ട് അധികം നാൾ ആയിരുന്നില്ല.
മിച്ചിന്റെ ഉഗ്രശക്തി മിക്കവാറും കെട്ടടങ്ങിയിരുന്നെങ്കിലും, നിറുത്താതെ പെയ്ത മഴ കൃഷി, പാലങ്ങൾ, വീടുകൾ എന്നിവയ്ക്കെല്ലാം സാരമായ കേടുപാടുകൾ വരുത്തിവെച്ചു. ഗ്വാട്ടിമാലയിലുള്ള യഹോവയുടെ സാക്ഷികളുടെ പ്രാദേശിക ബ്രാഞ്ച് ഓഫീസിലേക്കു ദുരിതാശ്വാസ സാധനങ്ങൾ കണക്കില്ലാതെ പ്രവഹിച്ചപ്പോൾ, അവയിൽ കുറച്ച് ഹോണ്ടുറാസിലെ സഹോദരങ്ങളെ സഹായിക്കാൻ ഉപയോഗിക്കണം എന്നു തീരുമാനിക്കപ്പെട്ടു. എന്നാൽ അവ സമുദ്രമാർഗം അയയ്ക്കേണ്ടി വന്നു. കാരണം, പല പാലങ്ങളും തകർന്നു പോയിരുന്നു. വിമാനത്താവളമാകട്ടെ, വെള്ളത്തിൽ മുങ്ങി കിടക്കുകയും ആയിരുന്നു. ബ്രാഞ്ച് ഓഫീസിലെ ഒരംഗമായ ഫ്രെയ്ദ് ബ്രൂൺ ഇങ്ങനെ വിശദീകരിക്കുന്നു: “വാടകയ്ക്ക് എടുത്ത എട്ടു മീറ്റർ നീളമുള്ള ഒരു ഫൈബർഗ്ലാസ്സ് ബോട്ടിൽ, ഏകദേശം ഒരു ടൺ ആഹാരവും മരുന്നുമായി ഞങ്ങൾ അങ്ങോട്ടു തിരിച്ചു. പ്രക്ഷുബ്ധമായ കടലിലൂടെ ഉള്ള ഭയാനകമായ ഒരു യാത്രയ്ക്കു ശേഷം ആകെ നനഞ്ഞുകുതിർന്നാണ് ഞങ്ങൾ ഓമോവാ തുറമുഖത്ത് എത്തിച്ചേർന്നത്.”
മിച്ചിനു ശേഷം
മിച്ച് ദക്ഷിണപൂർവമെക്സിക്കോയിൽ എത്തിയപ്പോഴേക്കും അതിന്റെ കഥകഴിയാറായിരുന്നതു പോലെ തോന്നിച്ചു. എന്നിരുന്നാലും അവസാനശ്രമം എന്നപോലെ, അതു വടക്കുകിഴക്കു ഭാഗം ലക്ഷ്യമാക്കി നീങ്ങി. ഒടുവിൽ യുഎസ്എ-യിലെ ദക്ഷിണ ഫ്ളോറിഡയിൽ അത് ആഞ്ഞടിച്ചു. പക്ഷേ, താമസിയാതെ അതിന്റെ സംഹാരതാണ്ഡവത്തിന്റെ പരിസമാപ്തി കുറിക്കപ്പെട്ടു. അറ്റ്ലാന്റിക്ക് സമുദ്രത്തിലേക്കു പിൻവാങ്ങിയ അതു പെട്ടെന്നു തന്നെ നേർത്തു നേർത്ത് ഇല്ലാതാകാൻ തുടങ്ങി. നവംബർ 5 ആയപ്പോഴേക്കും, ഉഷ്ണമേഖലാ കൊടുങ്കാറ്റിനെ സംബന്ധിച്ച എല്ലാ മുന്നറിയിപ്പുകളും പിൻവലിക്കുകയുണ്ടായി.
“കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിൽ പശ്ചിമാർധഗോളത്തിൽ ആഞ്ഞടിച്ചിട്ടുള്ളതിലേക്കുംവെച്ച് ഏറ്റവും മാരകമായ ചുഴലിക്കൊടുങ്കാറ്റ്” എന്നാണ് ചില വിദഗ്ധർ മിച്ചിനെ വർണിച്ചത്. മരണമടഞ്ഞവരുടെ മൊത്തം സംഖ്യ 11,000 വരെ ആയിരുന്നിരിക്കാൻ സാധ്യതയുണ്ട്. ആയിരക്കണക്കിന് ആളുകളെ ഇതുവരെയും കണ്ടുപിടിക്കാനായിട്ടില്ല. ഭവനരഹിതർ ആകുകയോ ചുരുങ്ങിയത് ഗുരുതരമായി ബാധിക്കപ്പെടുകയോ ചെയ്തവരുടെ സംഖ്യ 30 ലക്ഷത്തിലും അധികമാണ്. ഹോണ്ടുറാസിന്റെ പ്രസിഡന്റായ കാർലോസ് ഫ്ളോഴ്സ് ഫാക്കൂസെ ഇപ്രകാരം വിലപിച്ചു: “50 വർഷം കൊണ്ട് നാം കുറേശ്ശെ കുറേശ്ശെ പണിതുയർത്തിയതാണ് 72 മണിക്കൂർ കൊണ്ടു നമുക്കു നഷ്ടമായത്.”
ഉറഞ്ഞു തുള്ളിയ മിച്ച് ചുഴലിക്കൊടുങ്കാറ്റ് യഹോവയുടെ സാക്ഷികളിൽ അനേകരെയും ഭവനരഹിതരാക്കി തീർത്തു. സങ്കടകരമെന്നു പറയട്ടെ, അനേകരുടെയും കാര്യത്തിൽ, വീടു സ്ഥിതി ചെയ്തിരുന്ന നിലം പോലും ഒലിച്ചു പോയി! എന്നിരുന്നാലും, അനേകർക്കും തങ്ങളുടെ ഭവനങ്ങൾ നന്നാക്കുന്നതിനും പുനർനിർമിക്കുന്നതിനും വേണ്ട ക്രമീകരണങ്ങൾ യഹോവയുടെ സാക്ഷികൾ ചെയ്തു കൊടുക്കുകയുണ്ടായി.
മിച്ച് ചുഴലിക്കൊടുങ്കാറ്റ് പോലുള്ള കൊടിയ വിപത്തുകൾ ‘ദുർഘടസമയങ്ങളിലാണ്’ നാം ജീവിക്കുന്നത് എന്നതിന്റെ ഭയജനകമായ ഒരു ഓർമപ്പെടുത്തലാണ്. (2 തിമൊഥെയൊസ് 3:1-5) ദൈവരാജ്യം ഈ ഗ്രഹത്തിന്റെ ഭരണം ഏറ്റെടുക്കുമ്പോൾ മാത്രമാണ് അത്തരം വിപത്തുകളിൽ നിന്നുള്ള യഥാർഥ സംരക്ഷണം സാധ്യമാകുക. (മത്തായി 6:9, 10; വെളിപ്പാടു 21:3-5) എന്നിരുന്നാലും, തങ്ങളുടെ സഹോദരങ്ങളിൽ ആരും നേരിട്ട് മിച്ച് മൂലം മരണമടഞ്ഞില്ല എന്നതിൽ യഹോവയുടെ സാക്ഷികൾ കൃതാർഥരാണ്.b മാറ്റിപ്പാർപ്പിക്കൽ സംബന്ധിച്ച പ്രാദേശിക ഉത്തരവുകളോടുള്ള അനുസരണവും അതുപോലെ പ്രാദേശിക സഭകളുടെ പക്ഷത്തെ നല്ല സംഘാടനവും അനേകരുടെ ജീവൻ സംരക്ഷിച്ചു.
കഴിഞ്ഞ ഏതാനും ചില മാസങ്ങളായി, ഈ ദുരിതബാധിത പ്രദേശങ്ങളിലെ യഹോവയുടെ സാക്ഷികൾ തങ്ങളുടെ ആത്മീയ പ്രവർത്തനചര്യയിലേക്കു മടങ്ങിവരാൻ കഠിന ശ്രമം ചെയ്തിരിക്കുന്നു. ഉദാഹരണത്തിന്, എൽ സാൽവഡോറിലെ കാര്യം തന്നെയെടുക്കുക. മിച്ച് കടന്നുപോയതിന് ഏതാനും ദിവസങ്ങൾക്കു ശേഷം അവിടെ ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷൻ നടന്നു. ചുഴലിക്കൊടുങ്കാറ്റു മൂലം ദുരിതമനുഭവിച്ചവർക്ക് അതിൽ സംബന്ധിക്കാൻ ഉള്ള ക്രമീകരണങ്ങൾ ചെയ്യുകയുണ്ടായി. അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുന്നതിനു ബസുകൾ വാടകയ്ക്ക് എടുത്തു. അതുകൂടാതെ, താമസസൗകര്യങ്ങളും ഏർപ്പാടാക്കിയിരുന്നു. രോഗികളായവർക്ക് കൺവെൻഷനിൽ സംബന്ധിക്കാൻ സാധിക്കത്തക്ക വിധം വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ പോലും ചെയ്യപ്പെട്ടു! ആ കൺവെൻഷൻ ഒരു വിജയമായിരുന്നു. അതിലെ അത്യുച്ച ഹാജർ 46,855 ആയിരുന്നു, ആദ്യം പ്രതീക്ഷിച്ചതിനെക്കാളും ഒക്കെ വളരെ കൂടുതൽ. മിച്ച് ചുഴലിക്കൊടുങ്കാറ്റിൽ തന്റെ ഭവനവും ബിസിനസും നഷ്ടമായ സാൽവഡോറിലെ ഹോസേ റിവേറ എന്ന സഹോദരൻ ഇങ്ങനെ സമ്മതിച്ചു പറയുന്നു: “സംഭവിച്ചതെല്ലാം കൊണ്ട് ഞങ്ങൾ ആകെ തകർന്നു പോയിരുന്നു. എന്നിരുന്നാലും, കൺവെൻഷൻ സമയത്തു സഹോദരങ്ങൾ കാട്ടിയ ആതിഥ്യ മര്യാദ ഞങ്ങളിൽ കാര്യമായ മാറ്റം വരുത്തി.” റിപ്പോർട്ടു പറയുന്നതനുസരിച്ച്, ഈ രാജ്യങ്ങളിലെ യഹോവയുടെ സാക്ഷികളുടെ യോഗ ഹാജർ കുതിച്ചുയർന്നിരിക്കുന്നു. നമ്മുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുറത്തുള്ളവർ നിരീക്ഷിച്ചതിന്റെ ഒരു നേരിട്ടുള്ള ഫലമാണ് ഇത്.
എന്നിരുന്നാലും, ഈ അനുഭവം ഏറ്റവും മികച്ച ഫലം ഉളവാക്കിയത് ഒരുപക്ഷേ സാക്ഷികളുടെ മേൽ തന്നെയായിരിക്കാം. ഹോണ്ടുറാസിൽ, പ്രളയത്തെ അതിജീവിച്ചവരിൽ ഒരാളായ കാർലോസ് ഇപ്രകാരം പറയുന്നു: “ഇങ്ങനെ ഒന്ന് ഞാൻ എന്റെ ജീവിതത്തിൽ അനുഭവിച്ചിട്ടേയില്ല. എന്റെ സഹോദരങ്ങളുടെ സ്നേഹവും പ്രിയവും ഞാൻ വ്യക്തിപരമായി അനുഭവിച്ചറിഞ്ഞിരിക്കുന്നു.” അതെ, മിച്ച് വരുത്തിവെച്ച വിനാശങ്ങളെല്ലാം ഒരുനാൾ പഴങ്കഥ ആയിമാറും. ജീവൻ പണയപ്പെടുത്തിക്കൊണ്ടുപോലും തങ്ങളുടെ സഹോദരങ്ങളെ സഹായിക്കാൻ ശ്രമിച്ച യഹോവയുടെ സാക്ഷികളുടെ സ്നേഹം പക്ഷേ, ഒരു നാളും വിസ്മരിക്കപ്പെടുകയില്ല.
[അടിക്കുറിപ്പുകൾ]
a യഹോവയുടെ സാക്ഷികൾ സാധാരണ പരസ്പരം സംബോധന ചെയ്യുക “സഹോദരൻ” അല്ലെങ്കിൽ “സഹോദരി” എന്നാണ്.
b ചുഴലിക്കൊടുങ്കാറ്റിനെ തുടർന്നു പകർച്ചവ്യാധികൾ പെരുകി. അതിന്റെ ഫലമായി, നിക്കരാഗ്വയിലെ ഒരു സാക്ഷി മരണമടഞ്ഞു.
[19-ാം പേജിലെ ചതുരം/ചിത്രം]
അയൽരാജ്യങ്ങളിലെ സാക്ഷികൾ സഹായഹസ്തമേകുന്നു
മിച്ച് ചുഴലിക്കൊടുങ്കാറ്റ് ബെലീസിന്മേൽ ആഞ്ഞടിച്ചേക്കും എന്നു കാലാവസ്ഥ പ്രവാചകർ മുന്നറിയിപ്പു നൽകിയപ്പോൾ അതിനെ നേരിടാൻ ആ രാഷ്ട്രം സജ്ജമായി. തീരദേശ പ്രദേശങ്ങളിലും താണ പ്രദേശങ്ങളിലും താമസിക്കുന്ന ആളുകൾ അവിടെ നിന്നു മാറിപ്പാർക്കാൻ ഗവൺമെന്റ് നിർദേശിച്ചു. അതിനോടുള്ള ചേർച്ചയിൽ, ഏകദേശം 80 കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരിയായ ബെൽമോപാനിലേക്കോ ഉയർന്ന പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന മറ്റു പട്ടണങ്ങളിലേക്കോ യഹോവയുടെ സാക്ഷികൾ മാറിത്താമസിച്ചു.
എന്നാൽ സന്തോഷകരമെന്നു പറയട്ടെ, ബെലീസ് മിച്ചിന്റെ കരാളഹസ്തങ്ങളിൽ കുരുങ്ങിയില്ല. എന്നിരുന്നാലും, ഹോണ്ടുറാസ്, നിക്കരാഗ്വ, ഗ്വാട്ടിമാല എന്നിവിടങ്ങളിലെ തങ്ങളുടെ സഹോദരങ്ങളുടെ അവസ്ഥ അറിഞ്ഞപ്പോൾ ബെലീസിലെ സഹോദരങ്ങൾ ആഹാരം, വസ്ത്രം, ശുദ്ധീകരിച്ച കുടിവെള്ളം, പണം എന്നിവയൊക്കെ സംഭാവനയായി നൽകി.
വാസ്തവത്തിൽ, അയൽരാജ്യങ്ങളിലെ സഹോദരങ്ങളെ സംബന്ധിച്ചിടത്തോളം അത്തരം പ്രതികരണം തികച്ചും സ്വാഭാവികം ആയിരുന്നു. കോസ്റ്ററിക്കയിലുള്ള സാക്ഷികൾ വളരെ വലിയ നാലു കണ്ടെയ്നറുകൾ നിറയെ ആഹാരവും വസ്ത്രങ്ങളും മരുന്നും കൊടുത്തയച്ചു. പനാമയിൽ ഉള്ള സഹോദരങ്ങൾ, സംഭാവന ചെയ്യപ്പെട്ട സാധനങ്ങൾ സ്വീകരിക്കുന്നതിനും ഇനം തിരിക്കുന്നതിനും പായ്ക്കു ചെയ്യുന്നതിനുമായി നാലു കേന്ദ്രങ്ങൾ സ്ഥാപിച്ചു. ചുരുക്കം ചില ദിവസങ്ങൾ കൊണ്ട്, 20,000-ത്തിലധികം കിലോഗ്രാം സാധനങ്ങളാണ് ഇങ്ങനെ ശേഖരിച്ചത്. സാക്ഷിയല്ലാത്ത ഒരു വ്യക്തി ഇങ്ങനെ അഭിപ്രായപ്പെട്ടു: “ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിൽ പട്ടാളക്കാർക്കാണ് ഒന്നാം സ്ഥാനം എന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ യഹോവയുടെ സാക്ഷികൾക്കാണ് ആ സ്ഥാനം എന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി.” അദ്ദേഹം ഇപ്പോൾ സാക്ഷികളോടൊപ്പം ക്രമമായി ബൈബിൾ പഠിക്കുന്നുണ്ട്.
നിക്കരാഗ്വയിലേക്കു ദുരിതാശ്വാസ സാധനങ്ങൾ എത്തിച്ചുകൊടുക്കാൻ ഒരു സഹോദരൻ—വാഹനങ്ങൾ വാടകയ്ക്കു കൊടുക്കുന്ന ബിസിനസാണ് അദ്ദേഹത്തിന്—ഒരു സെമി ട്രെയ്ലറും വിട്ടുകൊടുത്തു, ഒപ്പം ഒരു ഡ്രൈവറെയും (ഇദ്ദേഹം സാക്ഷിയല്ല). പനാമയിലും കോസ്റ്ററിക്കയിലുമുള്ള അധികൃതർ യാതൊരു കസ്റ്റംസ് പരിശോധനകളും നടത്താതെ ആ ട്രക്ക് അവരുടെ അതിർത്തികളിലൂടെ കടന്നു പോകാൻ അനുവദിച്ചു. ഒരു പെട്രോൾ പമ്പ് ട്രക്കിന്റെ അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രയ്ക്ക് ആവശ്യമായത്ര ഇന്ധനം—അതിന്റെ രണ്ടു ടാങ്കുകളിലും നിറയെ—സൗജന്യമായി കൊടുത്തു! നിക്കരാഗ്വയിലെ കസ്റ്റംസ് അധികൃതരും സാധനങ്ങൾ പരിശോധിച്ചില്ല. അവർ പറഞ്ഞത് ഇങ്ങനെയാണ്: “ഇത് യഹോവയുടെ സാക്ഷികളുടേത് ആണെങ്കിൽ ഞങ്ങൾക്കു പരിശോധിക്കേണ്ട ആവശ്യമേയില്ല. അവരെക്കൊണ്ടു ഞങ്ങൾക്ക് ഒരിക്കലും ഒരു പ്രശ്നവുമില്ല.”
ഹോണ്ടുറാസിലേക്ക് അപ്പോൾ കരമാർഗം സഞ്ചരിക്കുക അസാധ്യമായിരുന്നു. എന്നിരുന്നാലും, അവിടത്തെ എംബസി മുഖാന്തരം ദുരിതാശ്വാസ സാധനങ്ങൾ വിമാനമാർഗം അയയ്ക്കാനുള്ള ക്രമീകരണം ചെയ്യുന്നതിന് അവിടെ ജോലിയുള്ള ഒരു ക്രിസ്തീയ സഹോദരിക്കു സാധിച്ചു. അതും, സൗജന്യമായി! 10,000-ത്തിലധികം കിലോഗ്രാം സാധനങ്ങളാണ് ഇങ്ങനെ അയച്ചത്.
രസകരമെന്നു പറയട്ടെ, സാക്ഷികൾ നടത്തിയ ഈ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സാക്ഷികൾ അല്ലാത്ത ചിലരെ വളരെയധികം ആകർഷിക്കുകയുണ്ടായി. ചില കമ്പനികൾ കാർഡ്ബോർഡ് പെട്ടികൾ, സെല്ലോ ടേപ്പ് ഡിസ്പെൻസറുകൾ, പ്ലാസ്റ്റിക്ക് പെട്ടികൾ എന്നിവ സംഭാവനയായി നൽകി. മറ്റു ചിലർ പണവും സാധനങ്ങൾക്കു വിലക്കിഴിവും നൽകി. ഹോണ്ടുറാസിലേക്കുള്ള ദുരിതാശ്വാസ സംഭാവനകൾ ഇറക്കാൻ 20-ലധികം സാക്ഷികൾ സ്വമേധയാ പങ്കുചേരുന്നതു കണ്ടത് പനാമയിലെ വിമാനത്താവള ജോലിക്കാരിൽ പ്രത്യേക മതിപ്പുളവാക്കി. പിറ്റേന്ന്, തങ്ങളുടെ ഇടയിൽ നിന്നുതന്നെ പിരിച്ചെടുത്ത ഒരു സംഭാവനയുമായാണ് അവരിൽ ചിലർ എത്തിയത്.
[20-ാം പേജിലെ ചതുരം]
മെക്സിക്കോയിലെ സമാന രക്ഷാപ്രവർത്തനങ്ങൾ
മിച്ച് ചുഴലിക്കൊടുങ്കാറ്റ് മെക്സിക്കോയുടെ മേൽ കാര്യമായ പ്രഹരമേൽപ്പിച്ചില്ല. പക്ഷേ, ആ കൊലയാളി മധ്യ അമേരിക്കയിൽ ആഞ്ഞടിച്ചതിന് ഏതാനും ആഴ്ചകൾക്കു മുമ്പ്, ചിയാപസ് സംസ്ഥാനത്ത് ഒരു കനത്ത വെള്ളപ്പൊക്കം ഉണ്ടായി. ഏകദേശം 350 പ്രദേശങ്ങൾ അതിന്റെ കെടുതി അനുഭവിച്ചു. ചില പട്ടണങ്ങൾ മുഴുവനായിത്തന്നെ അപ്രത്യക്ഷമായി.
സ്വാഭാവികമായും, ആ രാജ്യത്തെ യഹോവയുടെ സാക്ഷികളും പ്രളയം മൂലം വളരെയേറെ ദുരിതം അനുഭവിച്ചു. എന്നാൽ, പ്രാദേശിക സഭകളിലെ മൂപ്പന്മാർ കൈക്കൊണ്ട സത്വര നടപടികൾ മിക്കപ്പോഴും ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ വളരെയേറെ സഹായകമായി. ഉദാഹരണത്തിന്, ഒരു ചെറിയ പ്രദേശത്തിന്റെ കാര്യം എടുക്കാം. പേമാരി തുടരുന്ന പക്ഷം രാജ്യഹാളിൽ അഭയം തേടണം എന്നു സഭയിലെ എല്ലാ അംഗങ്ങളെയും സന്ദർശിച്ചു മൂപ്പന്മാർ മുന്നറിയിപ്പു നൽകി. ആ പ്രദേശത്തെ ഏറ്റവും ഉറപ്പുള്ള കെട്ടിടം രാജ്യഹാളാണ് എന്നു കരുതപ്പെട്ടിരുന്നു. പിറ്റേന്നു പ്രഭാതം ആയപ്പോഴേക്കും, കരകവിഞ്ഞൊഴുകിയ രണ്ടു നദികൾ ആ പട്ടണത്തെ ഏതാണ്ടു മുക്കിക്കളഞ്ഞു! ഈ വിഷമവൃത്തത്തെ അതിജീവിക്കാൻ, സാക്ഷികളും അവരുടെ അയൽക്കാരിൽ കുറെപ്പേരും രാജ്യഹാളിന്റെ മുകളിൽ അഭയം തേടി. ഒരു സാക്ഷി പോലും ഈ ദുരന്തത്തിൽ മരണമടഞ്ഞില്ല.
എന്നിരുന്നാലും, മെക്സിക്കോയിലെ ഏകദേശം 1,000 സാക്ഷികൾ ഗവൺമെന്റ് ക്രമീകരിച്ചിരുന്ന അഭയസ്ഥാനങ്ങളിലേക്കു മാറിത്താമസിക്കാൻ നിർബന്ധിതരായി തീർന്നു. സാക്ഷികളിൽ ഏതാണ്ട് 156 പേരുടെ വീടുകൾ പൂർണമായി നശിച്ചു 24 വീടുകൾക്കു കേടുപാടുകൾ സംഭവിച്ചു. ഇതിനു പുറമേ, ഏഴു രാജ്യഹാളുകൾ സമ്പൂർണമായി തകർന്നു.
അതുകൊണ്ട്, യഹോവയുടെ സാക്ഷികളുടെയും അവരുടെ അയൽക്കാരുടെയും ആവശ്യങ്ങൾ നിവർത്തിക്കാനായി ആറു ദുരിതാശ്വാസ കമ്മിറ്റികൾ സംഘടിപ്പിക്കപ്പെട്ടു. ആഹാരം, വസ്ത്രങ്ങൾ, കമ്പിളികൾ, മറ്റു സാധനങ്ങൾ എല്ലാം ത്വരിതഗതിയിൽ വിതരണം ചെയ്യപ്പെട്ടു. വാസ്തവത്തിൽ, അവർ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ വ്യാപ്തിയെ കുറിച്ചു പ്രാദേശിക അധികൃതരെ ബോധിപ്പിച്ചപ്പോൾ അവർ ഇപ്രകാരം അഭിപ്രായപ്പെടുകയുണ്ടായി: “ഇത്ര വേഗത്തിൽ കാര്യങ്ങൾ ചെയ്യാൻ പട്ടാളക്കാർക്കു പോലും കഴിഞ്ഞിട്ടില്ല.”
യഹോവയുടെ സാക്ഷികൾ പണ്ടുമുതലേ സത്യസന്ധതയ്ക്കു പേരുകേട്ടവരാണ്. ഇതു മിക്കപ്പോഴും അവരുടെ നന്മയിൽ കലാശിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന്, ഒരു സംഘം ആളുകൾ പ്രാദേശിക അധികാരികളോടു സഹായം അഭ്യർഥിച്ചപ്പോൾ, ആ പ്രദേശത്തു യഹോവയുടെ സാക്ഷികൾ ആരെങ്കിലും ഉണ്ടോ എന്ന് അവരോട് അന്വേഷിക്കുകയുണ്ടായി. ഉണ്ട് എന്നു പറഞ്ഞപ്പോൾ, അധികൃതർ പറഞ്ഞു: “എങ്കിൽ പോയി അവരിൽ ഒരാളെ വിളിച്ചുകൊണ്ടു വരൂ. ദുരിതാശ്വാസ സാധനങ്ങൾ ഞങ്ങൾ അദ്ദേഹത്തിന്റെ പക്കൽ ഏൽപ്പിക്കാം!”
നടന്ന കാര്യങ്ങളെക്കുറിച്ച് പ്രാദേശിക സഭയിലെ ഒരു മൂപ്പൻ ഇങ്ങനെ സംക്ഷേപിച്ചെഴുതി: “ഈ മഹാവിപത്തിൻ മധ്യേയും സഹോദരങ്ങൾ ഒരു ക്രിയാത്മക മനോഭാവം വെച്ചുപുലർത്തി. അടുത്ത പ്രദേശങ്ങളിലെ അനേകം സഹോദരങ്ങൾ സ്വന്തം ജീവൻ പണയപ്പെടുത്തിക്കൊണ്ടു പോലും ഞങ്ങൾക്ക് ആഹാരം എത്തിച്ചുതന്നു. കൂടാതെ, ഞങ്ങളെ ശക്തിപ്പെടുത്തുന്നതിനു ബൈബിൾ സാഹിത്യങ്ങളും. തീർച്ചയായും, യഹോവയ്ക്കു നന്ദി കൊടുക്കുന്നതിനു ഞങ്ങൾക്കു വേണ്ടതിലധികം കാരണങ്ങളുണ്ട്.”
[14-ാം പേജിലെ ഭൂപടം/ചിത്രം]
മെക്സിക്കോ
ഗ്വാട്ടിമാല
എൽ സാൽവഡോർ
ബെലീസ്
ഹോണ്ടുറാസ്
നിക്കരാഗ്വ
കോസ്റ്ററിക്ക
[15-ാം പേജിലെ ചിത്രം]
ഹോണ്ടുറാസ്
◼ ഗ്വാസെറിക്കെ നദി
[16-ാം പേജിലെ ചിത്രം]
എൽ സാൽവഡോർ
◼ ചിലാങ്ഗ്വീരായിലെ പ്രധാന തെരുവ്
◼ ജോസ് ലേമൂസും പുത്രിമാരും അതിജീവകരിൽ പെടുന്നു, സമീപം രാജ്യഹാളും
◼ ജോസ് സാന്റോസ് എർനാൻഡെസ് തന്റെ തകർന്ന വീടിന്റെ മുന്നിൽ
[17-ാം പേജിലെ ചിത്രം]
നിക്കരാഗ്വ
◼ ടെലീക്കായിലേക്കുള്ള ആദ്യ സൈക്കിൾ സംഘം
◼ എൽ ഗ്വായാബോയിലുള്ള സാക്ഷികൾ സന്തോഷത്തോടെ ഭക്ഷണപ്പൊതികൾ കൈപ്പറ്റി
[18-ാം പേജിലെ ചിത്രം]
നിക്കരാഗ്വ
◼ സ്വമേധയാസേവകർ ഒരു ഭവനം പുനർനിർമിക്കുന്നു. അവർ പുനർനിർമിച്ച അനേകം ഭവനങ്ങളിൽ ആദ്യത്തേതാണ് ഇത്
◼ പ്രാദേശിക സഭകളിൽ നിന്നുള്ള സാക്ഷികൾ ഭക്ഷണം പായ്ക്കു ചെയ്യാൻ സഹായിച്ചു.
[18-ാം പേജിലെ ചിത്രം]
ഗ്വാട്ടിമാല
◼ സാറാ ചെളിയിൽ ആണ്ടു പോയ ഏഴു കുട്ടികളെ പുറത്തെടുത്തു