ബൈബിളിന്റെ വീക്ഷണം
നിങ്ങൾ ദൈവത്തിന്റെ ദൃഷ്ടിയിൽ വിലയുള്ളവരാണ്!
ഒരു ക്രിസ്തീയ വനിത ഇപ്രകാരം എഴുതി: “ഒന്നിനും കൊള്ളാത്തവളാണെന്ന ചിന്ത ജീവിതത്തിൽ മിക്കപ്പോഴും എന്നെ വേട്ടയാടിയിരുന്നു. ഞാൻ എത്രമാത്രം യഹോവയെ സ്നേഹിച്ചാലും അവനെ സേവിക്കുന്നതിന് എത്രയധികം ശ്രമം ചെയ്താലും അതൊന്നും പോരാ എന്ന ചിന്തയാണ് എന്റെ ഉള്ളിൽ എപ്പോഴും.”
താൻ ഒന്നിനും കൊള്ളാത്തവനാണ് അല്ലെങ്കിൽ താൻ വേണ്ടത്ര ചെയ്യുന്നില്ല എന്ന രൂഢമൂലമായ ചിന്തയോടു മല്ലിടുന്ന ആരെയെങ്കിലും നിങ്ങൾക്കറിയാമോ? അല്ലെങ്കിൽ, ചിലപ്പോൾ നിങ്ങൾക്കു തന്നെ അങ്ങനെ തോന്നാറുണ്ടോ? അത്തരം വികാരങ്ങൾ ദൈവത്തിന്റെ വിശ്വസ്ത ആരാധകരുടെ ഇടയിൽ പോലും അപൂർവമല്ല. “ഇടപെടാൻ പ്രയാസമായ ദുർഘടസമയങ്ങ”ളുടെ അനന്തരഫലങ്ങളാൽ ബാധിക്കപ്പെടാത്ത ഒരൊറ്റ വ്യക്തി പോലുമില്ല. “ആത്മനിയന്ത്രണമില്ലാത്തവരും ഉഗ്രന്മാരും നന്മപ്രിയമില്ലാത്തവരും” ആയ ആളുകളിൽ നിന്ന് അനേകർക്കും അവഗണനയും ദ്രോഹവും സഹിക്കേണ്ടി വന്നിട്ടുണ്ട്, വാസ്തവത്തിൽ, ഇത്തരം സ്വഭാവവിശേഷങ്ങൾ “അന്ത്യനാളുകളിൽ” സർവസാധാരണമാണ്. (2 തിമൊഥെയൊസ് 3:1-5, NW) അത്തരം നീറുന്ന അനുഭവങ്ങൾ, ആഴത്തിൽ ഉള്ള വൈകാരിക വടുക്കൾ അവർക്കു സമ്മാനിച്ചിട്ടുണ്ടാകാം. തങ്ങളെ ഒന്നിനും കൊള്ളില്ല എന്ന ചിന്തയാകും ഇതിന്റെ ഫലം.
ഇനി, മറ്റു ചിലരിൽ നിഷേധാത്മകമായ വികാരങ്ങൾ ഉണ്ടാകുന്നത് അവർ വളരെ ഉയർന്ന നിലവാരങ്ങളിൽ എത്തിച്ചേരാൻ ലക്ഷ്യമിടുന്നതു കൊണ്ടാണ്. വിചാരിക്കുന്ന ഉയരങ്ങൾ കീഴടക്കാൻ കഴിയാതെ വരുമ്പോൾ തങ്ങൾ ഒന്നിനും കൊള്ളാത്തവരാണെന്ന അവരുടെ തോന്നൽ ശക്തമാകുന്നു. കാരണം എന്തുതന്നെ ആയിരുന്നാലും, ഇത്തരം തോന്നലുകൾ സദാ ഉള്ളിൽ ഇരമ്പിമറിയുമ്പോൾ, ദൈവം—അല്ലെങ്കിൽ മറ്റാരെങ്കിലും—തങ്ങളെ സ്നേഹിക്കുന്നു എന്ന വസ്തുത ഉൾക്കൊള്ളുക പ്രയാസകരമായി അനേകരും കണ്ടെത്തുന്നു. സ്നേഹിക്കപ്പെടാനുള്ള യോഗ്യത തങ്ങൾക്കില്ല എന്നുപോലും അവർ വിചാരിച്ചേക്കാം.
എന്നാൽ യഹോവയാം ദൈവം നിങ്ങളെ കുറിച്ച് അങ്ങനെയല്ല ചിന്തിക്കുന്നത്! തന്റെ എതിരാളിയായ പിശാചായ സാത്താന്റെ “കുടിലതന്ത്രങ്ങൾ”ക്കെതിരെ ജാഗരൂകരായിരിക്കാൻ തന്റെ വചനത്തിലൂടെ യഹോവ നമുക്കു മുന്നറിയിപ്പു നൽകുന്നു. (എഫെസ്യർ 6:11, പി.ഒ.സി ബൈബിൾ) നാം നമ്മുടെ ദൈവത്തെ ആരാധിക്കുന്നതു നിറുത്തിക്കളയാനാണു സാത്താൻ ഇവ പ്രയോഗിക്കുന്നത്. ആ ലക്ഷ്യം സാധിച്ചെടുക്കുന്നതിനു വേണ്ടി, നാം ഒന്നിനും കൊള്ളാത്തവരാണെന്നും യഹോവയ്ക്ക് നമ്മെ ഒരിക്കലും സ്നേഹിക്കാനാവില്ല എന്നും മറ്റുമുള്ള ചിന്തകൾ നമ്മിൽ വളരാൻ അവൻ കളമൊരുക്കും. പക്ഷേ, സാത്താൻ ‘ഒരു നുണയനാണ്’—സത്യത്തിൽ, “നുണയുടെ പിതാവുമാണ്.” (യോഹന്നാൻ 8:44, പി.ഒ.സി. ബൈബിൾ) അതുകൊണ്ട്, നാം അവന്റെ കുടില തന്ത്രങ്ങളാൽ വഞ്ചിതരാകാൻ പാടില്ല! യഹോവയുടെ ദൃഷ്ടിയിൽ നാം വിലയുള്ളവരാണ് എന്ന ഉറപ്പ് അവന്റെ തന്നെ സാന്ത്വനദായകമായ ശബ്ദത്തിൽ നമുക്കു ബൈബിളിൽ നിന്നു കേൾക്കാൻ കഴിയും.
സ്വന്തം വില സംബന്ധിച്ച ഒരു സമനിലയുള്ള വീക്ഷണം
നിരുത്സാഹത്തിനു നമ്മുടെ മേൽ ഉളവാക്കാൻ കഴിയുന്ന വിപരീത ഫലങ്ങളെ കുറിച്ചു ബൈബിൾ മുന്നറിയിപ്പു നൽകുന്നു. സദൃശവാക്യങ്ങൾ 24:10 ഇപ്രകാരം പ്രസ്താവിക്കുന്നു: “കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ [“നിരുത്സാഹിതനായാൽ,” NW] നിന്റെ ബലം നഷ്ടം തന്നേ.” നിഷേധാത്മക ചിന്തകൾ നീണ്ട കാലത്തേക്കു തങ്ങിനിൽക്കാൻ അനുവദിക്കുന്നതു നമ്മുടെ ശക്തി ക്ഷയിപ്പിച്ചേക്കാം. നമ്മെ ദുർബലരും പെട്ടെന്നു വ്രണപ്പെടുന്നവരും ആക്കിത്തീർക്കാൻ ഇതിനു കഴിയും. ഈ കാര്യം സാത്താനു വളരെ നന്നായി അറിയാം. തീർച്ചയായും, ഒന്നിനും കൊള്ളില്ല എന്ന വേദനാജനകമായ ചിന്ത സദാ ഹൃദയത്തെ ഭാരപ്പെടുത്തുന്നതുതന്നെ വിഷമമേറിയ ഒരു അവസ്ഥയാണ്. എന്നാൽ, ഇത്തരം ചിന്തകളെ സാത്താൻ മുതലെടുക്കാൻ കൂടി ശ്രമിക്കുമ്പോൾ, അത് എരിതീയിൽ എണ്ണ ഒഴിക്കുന്നതുപോലെയാണ്.
അതുകൊണ്ട്, നമ്മുടെ സ്വന്തം വില സംബന്ധിച്ച് ഒരു ആരോഗ്യാവഹമായ, സമനിലയുള്ള വീക്ഷണം ഉണ്ടായിരിക്കേണ്ടതു വളരെ പ്രധാനമാണ്. “ഞാൻ നിങ്ങളിൽ ഓരോരുത്തരോടും പറയുന്നു, നിങ്ങൾ നിങ്ങളെക്കുറിച്ചു തന്നെ വേണ്ടതിലധികം ചിന്തിക്കരുത്; പകരം സമചിത്തത ഉണ്ടായിരിക്കത്തക്കവണ്ണം ചിന്തിക്കുക”, അപ്പൊസ്തലനായ പൗലൊസ് ഓർമപ്പെടുത്തുന്നു. (റോമർ 12:3, NW) അതേ വാക്യത്തിന്റെ മറ്റൊരു പരിഭാഷ ഇങ്ങനെ വായിക്കുന്നു: “ഉള്ളതിലധികം മേൻമ ആരും ഭാവിക്കരുത് എന്നു ഞാൻ നിങ്ങളിൽ ഓരോരുത്തരോടും പറയുന്നു; മറിച്ച്, സമചിത്തതയോടു കൂടി സ്വയം വിലയിരുത്തുക.” (ചാൾസ് ബി. വില്യംസ്) നമ്മെ കുറിച്ചു തന്നെ സമനിലയുള്ള ഒരു വീക്ഷണം ഉണ്ടായിരിക്കാനാണ് ഈ തിരുവെഴുത്തു നമ്മെ പ്രോത്സാഹിപ്പിക്കുന്നത്. അതുകൊണ്ട്, ഗർവുള്ളവർ ആയിരിക്കുന്നതിന് എതിരെ ജാഗ്രത പുലർത്തുമ്പോൾ തന്നെ, നമ്മെ കുറിച്ച് അങ്ങേയറ്റം നിഷേധാത്മകമായ ഒരു മനോഭാവം വളർത്തിയെടുക്കാതിരിക്കാനും സൂക്ഷിക്കേണ്ടതുണ്ട്. കാരണം, പൗലൊസ് പറയുന്നത്, സമചിത്തത ഉള്ളവർ ആയിരിക്കണമെങ്കിൽ നമ്മെ കുറിച്ച് കുറച്ചെങ്കിലും നന്നായി നാം ചിന്തിക്കേണ്ടതുണ്ട് എന്നാണ്. അതെ, യഹോവയുടെ ദൃഷ്ടിയിൽ നമ്മിൽ ഓരോരുത്തർക്കും വിലയുണ്ട് എന്നാണു ദിവ്യനിശ്വസ്തമായ ആ വാക്കുകൾ സൂചിപ്പിക്കുന്നത്.
നമ്മുടെ സ്വന്തം വില സംബന്ധിച്ചു സമനിലയുള്ള ഒരു വീക്ഷണം ഉണ്ടായിരിക്കേണ്ടതാണ് എന്നു യേശുവിന്റെ വാക്കുകളും വ്യക്തമാക്കുന്നു. അവൻ ഇങ്ങനെ പറയുകയുണ്ടായി: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.” (മത്തായി 22:39) “നിന്നെപ്പോലെ” എന്ന വാക്കുകൾ നമുക്കു കുറച്ചൊക്കെ ആത്മാഭിമാനം അല്ലെങ്കിൽ നമ്മോടു തന്നെ കുറച്ചെങ്കിലും ബഹുമാനം ഉണ്ടായിരിക്കേണ്ടതുണ്ട് എന്നു സൂചിപ്പിക്കുന്നു. നമുക്കു കുറവുകൾ ഉണ്ട് എന്നുള്ളതു സത്യമാണ്. നമുക്കു തെറ്റുകളും പറ്റാറുണ്ട്. എന്നാൽ നാം ദൈവത്തെ പ്രസാദിപ്പിക്കാൻ കഠിന യത്നം ചെയ്യുകയും സംഭവിച്ചു പോയ പിഴവുകളെ പ്രതി മനസ്താപം ഉള്ളവർ ആയിരുന്നു കൊണ്ട് അവന്റെ ക്ഷമ തേടുകയും ചെയ്യുന്നെങ്കിൽ, ഒരളവു വരെ നമ്മുടെ വില സംബന്ധിച്ചു നല്ല ധാരണ ഉണ്ടായിരിക്കാൻ അതു നമ്മെ സഹായിക്കും. സദാ കുറ്റപ്പെടുത്തുന്ന ഹൃദയം ഒരുപക്ഷേ, മറിച്ചു ചിന്തിക്കാൻ നമ്മിൽ പ്രേരണ ചെലുത്തിയേക്കാം. എന്നാൽ ഇത് എപ്പോഴും ഓർക്കുക, ‘ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനാണ്.’ (1 യോഹന്നാൻ 3:20) മറ്റു വാക്കുകളിൽ പറഞ്ഞാൽ, യഹോവ നമ്മെ കാണുന്നതു നാം നമ്മെ കാണുന്നതിൽ നിന്നു തികച്ചും വ്യത്യസ്തമായിട്ട് ആയിരുന്നേക്കാം.
നുറുങ്ങിയ ഹൃദയങ്ങളും തകർന്ന മനസ്സുകളും
സങ്കീർത്തനക്കാരനായ ദാവീദ് ഇങ്ങനെ എഴുതി: “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.” (സങ്കീർത്തനം 34:18) മുഴു ബൈബിളിനെപ്പറ്റിയുമുള്ള മാത്യു ഹെൻറിയുടെ ഭാഷ്യം (ഇംഗ്ലീഷ്) ഈ വാക്യം വിശദീകരിക്കവെ ഇപ്രകാരം കുറിക്കൊള്ളുന്നു: “പാപഭാരത്താൽ എളിമപ്പെട്ട്, സ്വയം കൽപ്പിച്ചിരുന്ന വിലയെല്ലാം നശിച്ച്, നുറുങ്ങിയ ഹൃദയവും കടുത്ത പശ്ചാത്താപവും ഉള്ളവർ ആയിരിക്കുക . . . എന്നത് നീതിമാൻമാരുടെ ഒരു സ്വഭാവസവിശേഷതയാണ്. സ്വന്തം ദൃഷ്ടിയിൽ അവർ തീരെ വിലയില്ലാത്തവരാണ് എന്നു മാത്രമല്ല, സ്വന്തം പ്രാപ്തികളിലും കഴിവുകളിലും അവർക്കു യാതൊരു വിശ്വാസവുമില്ല.”
“ഹൃദയം നുറുങ്ങിയവരും” “മനസ്സ് തകർന്നവരും” യഹോവ തങ്ങളിൽ നിന്നു വളരെ അകലെയാണ് എന്നു ചിന്തിച്ചേക്കാം. മാത്രമല്ല, യഹോവയുടെ കരുതൽ അർഹിക്കാത്ത അത്ര നിസ്സാരരാണ് തങ്ങൾ എന്നും അവർ ചിന്തിച്ചേക്കാം. എന്നാൽ അതല്ല സത്യം. “സ്വന്തം ദൃഷ്ടിയിൽ തീരെ വിലയില്ലാത്തവരെ” യഹോവ ഉപേക്ഷിക്കുകയില്ല എന്നു ദാവീദിന്റെ വാക്കുകൾ നമുക്ക് ഉറപ്പു നൽകുന്നു. മുമ്പെന്നത്തെക്കാളും അത്തരം സാഹചര്യങ്ങളിൽ നമുക്ക് അവനെ ആവശ്യമാണെന്നു മനസ്സലിവുള്ള നമ്മുടെ പിതാവിനു നന്നായി അറിയാം. അവൻ നമുക്കു സമീപസ്ഥനായിരിക്കുകയും ചെയ്യും.
ഒരു ഉദാഹരണം പരിചിന്തിക്കുക. ഏതാനും വർഷങ്ങൾക്കു മുമ്പ്, ചുമയും ശ്വാസതടസ്സവും കലശലായതിനെ തുടർന്ന് തന്റെ രണ്ടു വയസ്സുള്ള മകനെയും കൊണ്ട് ഒരമ്മ ആശുപത്രിയിൽ പാഞ്ഞെത്തി. കുട്ടിയെ പരിശോധിച്ചതിനു ശേഷം, അന്നു രാത്രി അവനെ അവിടെ കിടത്തേണ്ടി വരുമെന്ന് ഡോക്ടർമാർ അമ്മയോടു പറഞ്ഞു. ആ അമ്മ എവിടെ ആണു രാത്രി ചെലവഴിച്ചത്? തന്റെ കുഞ്ഞിന്റെ കിടക്കയുടെ തൊട്ടരികിൽ, ഒരു കസേരയിൽ. തന്റെ കുഞ്ഞ് സുഖമില്ലാതെ കിടക്കുമ്പോൾ അവർ അവന്റെ തൊട്ടരികിൽ അല്ലാതെ പിന്നെ മറ്റെവിടെ ആയിരിക്കാനാണ്? നമ്മുടെ സ്നേഹനിധിയായ സ്വർഗീയ പിതാവിൽ നിന്ന് ഇതിലും കൂടുതൽ നമുക്ക് ഉറപ്പായും പ്രതീക്ഷിക്കാൻ കഴിയും. നാം അവന്റെ സ്വന്തം പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടവരാണ്! (ഉല്പത്തി 1:26, NW; യെശയ്യാവു 49:15) നമ്മുടെ ‘ഹൃദയം നുറുങ്ങിയിരിക്കുമ്പോൾ’ സ്നേഹനിധിയായ ഒരു പിതാവിനെയോ മാതാവിനെയോ പോലെ, നമ്മെ മുമ്പ് എന്നത്തെക്കാളും അടുത്തു നിരീക്ഷിച്ചു കൊണ്ട്, അതീവ ശ്രദ്ധയോടെ, ഏതു സമയത്തും സഹായിക്കാനുള്ള മനസ്സുമായി യഹോവ നമുക്കു ‘സമീപസ്ഥനാണ്’ എന്നു സങ്കീർത്തനം 34:18-ലെ ഹൃദയസ്പർശിയായ വാക്കുകൾ നമുക്ക് ഉറപ്പേകുന്നു.—സങ്കീർത്തനം 147:1, 3.
‘ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിലയുള്ളവർ’
തന്റെ ഭൗമിക ശുശ്രൂഷക്കാലത്ത് യേശു തന്റെ പിതാവായ യഹോവയാം ദൈവത്തിന്റെ വിചാരങ്ങളും വികാരങ്ങളും നന്നായി വെളിപ്പെടുത്തുകയുണ്ടായി. തന്റെ ഭൗമിക ദാസന്മാരെ യഹോവ എങ്ങനെ വീക്ഷിക്കുന്നു എന്നതിലേക്കും അവൻ വെളിച്ചം വീശി. യഹോവയുടെ ദൃഷ്ടിയിൽ അവർ വിലയുള്ളവരാണ് എന്ന് ഒന്നിലേറെ തവണ അവൻ തന്റെ ശിഷ്യന്മാർക്ക് ഉറപ്പേകുകയുണ്ടായി.—മത്തായി 6:26; 12:12.
ഉദാഹരണത്തിന്, വ്യക്തികളെന്ന നിലയിൽ തന്റെ ശിഷ്യന്മാരിൽ ഓരോരുത്തരും വിലയുള്ളവരാണ് എന്ന കാര്യം വ്യക്തമാക്കിക്കൊണ്ടു യേശു ഇങ്ങനെ ചോദിച്ചു: “കാശിന്നു [“നിസ്സാര മൂല്യമുള്ള ഒരു നാണയത്തിനു,” NW] രണ്ടു കുരികിൽ വില്ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല. എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു. ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ [“വിലയുള്ളവരല്ലോ,” NW].” (മത്തായി 10:29-31) യേശുവിനെ ശ്രദ്ധിച്ച ഒന്നാം നൂറ്റാണ്ടിലെ ആളുകൾക്ക് അവന്റെ വാക്കുകൾ എന്തർഥമാക്കിയിരിക്കാം എന്നു ചിന്തിച്ചു നോക്കുക.
സ്പഷ്ടമായും, ആഹാരത്തിനായി ഉപയോഗിച്ചിരുന്ന ഏറ്റവും വിലകുറഞ്ഞ പക്ഷികളിൽ ഒന്നായിരുന്നു കുരികിൽ. മിക്കപ്പോഴും ഈ കുഞ്ഞുപക്ഷികളുടെ തൂവലെല്ലാം പറിച്ചിട്ട് അവയെ നീളമുള്ള കമ്പുകളിൽ കുത്തിയെടുത്തു പൊരിച്ചെടുക്കുമായിരുന്നു. ചന്തസ്ഥലങ്ങളിൽ പാവപ്പെട്ട സ്ത്രീകൾ, തങ്ങൾക്ക് അന്നേ ദിവസം എത്ര കുരികിലുകളെ വാങ്ങാൻ കഴിയുമെന്നു തിട്ടപ്പെടുത്താൻ കൈയിലുള്ള നാണയങ്ങളെല്ലാം എണ്ണിപ്പെറുക്കുന്നതു യേശു കണ്ടിട്ടുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. നിസ്സാര മൂല്യമുള്ളൊരു നാണയം (ഒരു അസാരിയൻ നാണയം—അതിന്റെ മൂല്യം അഞ്ചു സെന്റിലും കുറവാണ്) കൊണ്ട് രണ്ടു കുരികിലുകളെ വാങ്ങാൻ കിട്ടുമായിരുന്നു. ഈ പക്ഷികളെ അത്രയ്ക്കു വിലകുറഞ്ഞവ ആയാണു കണക്കാക്കിയിരുന്നത്.
കുറച്ചു നാൾ കഴിഞ്ഞ് ഇതേ ദൃഷ്ടാന്തം തന്നെ യേശു ഉപയോഗിക്കുകയുണ്ടായി, ചെറിയ ഒരു വ്യത്യാസത്തോടെയാണെന്നു മാത്രം. ലൂക്കൊസ് 12:6-ൽ അവൻ ഈ ചോദ്യം ചോദിച്ചു. “രണ്ടു കാശിന്നു [“നിസ്സാര മൂല്യമുള്ള രണ്ടു നാണയങ്ങൾ കൊണ്ട്,” NW] അഞ്ചു കുരികിലിനെ വില്ക്കുന്നില്ലയോ?” ഒരു നിമിഷം അതിനെ കുറിച്ച് ഒന്നു ചിന്തിച്ചു നോക്കുക. നിസ്സാര മൂല്യമുള്ള ഒരു നാണയം കൊണ്ട് രണ്ടു കുരുകിലുകളെ വാങ്ങാൻ കിട്ടുമായിരുന്നു. എന്നാൽ, രണ്ടു നാണയം മുടക്കാൻ ഒരാൾ തയ്യാറാവുന്നെങ്കിൽ അയാൾക്കു ലഭിക്കുക, നാലല്ല, അഞ്ചു കുരികിലുകളെയാണ്. യാതൊരു വിലയുമില്ലാത്തൊരു ജീവി എന്നു തോന്നിപ്പിക്കുമാറ് അഞ്ചാമത്തെ കുരികിലിനെ കച്ചവടക്കാർ വെറുതെ കൊടുക്കുമായിരുന്നു. യേശു ഇങ്ങനെ തുടരുന്നു: “[എന്നിട്ടും] അവയിൽ ഒന്നിനെപ്പോലും [വെറുതെ കൊടുത്ത ആ കുരികിലിനെ പോലും] ദൈവം മറന്നുപോകുന്നില്ല.” ഉപമയുടെ പ്രായോഗിക മൂല്യം വിശദമാക്കിക്കൊണ്ട് യേശു ഇങ്ങനെ ഉപസംഹരിച്ചു: “ഏറിയ കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ [“വിലയുള്ളവർ,” NW].” (ലൂക്കൊസ് 12:7) യേശുവിന്റെ ഈ വാക്കുകൾ അവന്റെ ശ്രോതാക്കാളെ എത്ര പ്രോത്സാഹിപ്പിച്ചിട്ടുണ്ടാകണം!
യേശു പറഞ്ഞ ഹൃദയസ്പൃക്കായ ഈ ഉപമയുടെ സത്ത നിങ്ങൾക്കു പിടികിട്ടിയോ? യഹോവയുടെ ദൃഷ്ടിയിൽ ഈ കുഞ്ഞുപക്ഷികൾക്കു പോലും വിലയുണ്ട് എങ്കിൽ അവന്റെ ഭൗമിക ദാസന്മാർ അവന് എത്രയധികം പ്രിയപ്പെട്ടവരായിരിക്കണം! നമ്മിൽ ഒരാൾ പോലും അവന്റെ കണ്ണിൽപ്പെടാതെ പോകുന്നില്ല. അവന്റെ ദൃഷ്ടിയിൽ നാം ഓരോരുത്തരും വളരെയധികം വിലയുള്ളവർ ആയതിനാൽ നമ്മെ സംബന്ധിച്ച തീരെ നിസ്സാര കാര്യങ്ങളുടെ വിശദാംശങ്ങൾ പോലും അവൻ സൂക്ഷിക്കുന്നു.—നമ്മുടെ തലമുടിയുടെ കൃത്യമായ എണ്ണം പോലും അവനറിയാം.
ഒന്നിനും കൊള്ളാത്തവരാണു നാം എന്ന ചിന്ത മുതലെടുക്കുന്നതു പോലുള്ള “കുടിലതന്ത്രങ്ങൾ” സാത്താൻ ഇനിയും പ്രയോഗിക്കും എന്നതിനു സംശയമില്ല. നാം യഹോവയെ സേവിക്കുന്നത് എങ്ങനെയും നിറുത്തിക്കുക എന്നതാണ് അവന്റെ ലക്ഷ്യം. എന്നാൽ അവനു വഴങ്ങി കൊടുക്കരുത്! തുടക്കത്തിൽ പരാമർശിച്ച ആ ക്രിസ്തീയ വനിതയുടെ കാര്യമെടുക്കുക. നമ്മുടെ വികാരങ്ങളെ മുതലെടുക്കാനുള്ള സാത്താന്റെ ശ്രമങ്ങളെ കുറിച്ചു മുന്നറിയിപ്പു മുഴക്കിയ വീക്ഷാഗോപുരം മാസികയിലെ ഒരു ലേഖനമാണ് അവളെ സഹായിച്ചത്.a അവൾ ഇങ്ങനെ പറയുന്നു: “എന്നെ നിരുത്സാഹപ്പെടുത്തുന്നതിന് എന്റെ തന്നെ വികാരങ്ങൾ സാത്താൻ ഉപയോഗിക്കുമെന്നു ഞാൻ അറിഞ്ഞതേയില്ല. ഈ അറിവ് ഇത്തരം വികാരങ്ങളോടു പോരാടാൻ എനിക്കു പ്രചോദനമേകുന്നു. ഇപ്പോൾ ആത്മവിശ്വാസത്തോടെ എനിക്ക് ഈ സാത്താന്യ ആക്രമണങ്ങളെ ചെറുത്തുനിൽക്കാനാവും.”
യഹോവ “എല്ലാം അറിയുന്നവ”നാണ്. (1 യോഹന്നാൻ 3:20) അതെ, നാം ഇപ്പോൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന ദുഷ്കരസാഹചര്യങ്ങളെ കുറിച്ച് അവനു നന്നായറിയാം. കൂടാതെ, നമ്മുടെ ആത്മാഭിമാനം ഞെരിഞ്ഞുതകരാൻ ഇടയാക്കിയ കഴിഞ്ഞകാല സാഹചര്യങ്ങളെ കുറിച്ചും അവന് അറിയാം. ഓർക്കുക, നമ്മെ സംബന്ധിച്ച യഹോവയുടെ വീക്ഷണത്തിനാണു വിലയുള്ളത്! ഒന്നിനും കൊള്ളാത്തവരെന്നോ സ്നേഹിക്കപ്പെടാൻ തീരെ അയോഗ്യരെന്നോ ഒക്കെ സ്വയം കരുതിയാലും, തന്റെ ദാസന്മാരിൽ ഓരോരുത്തരും തനിക്കു വിലയുള്ളവരാണ് എന്നു യഹോവ ആവർത്തിച്ച് ഉറപ്പേകുന്നു. യഹോവയുടെ വാക്കിനു വിലയുണ്ട്, കാരണം അവന്റെ എതിരാളിയിൽ നിന്നു വ്യത്യസ്തനായി ദൈവം ‘വ്യാജം പറയില്ല’.—തീത്തൊസ് 1:3, പി.ഒ.സി. ബൈ.
[അടിക്കുറിപ്പുകൾ]
a 1995 ഏപ്രിൽ 1 വീക്ഷാഗോപുരത്തിലെ 10 മുതൽ 15 വരെ പേജുകളിലുള്ള “നിങ്ങൾ യഹോവയുടെ ദൃഷ്ടിയിൽ വിലയേറിയവരാണ്!” എന്ന ലേഖനം കാണുക.
[12-ാം പേജിലെ ചിത്രം]
സ്നേഹനിധിയായ ഒരു പിതാവിനെയോ മാതാവിനെയോ പോലെ, ഹൃദയത്തിൽ വിഷാദം അനുഭവിക്കുന്നവർക്ക് യഹോവ സമീപസ്ഥനാണ്
[13-ാം പേജിലെ ചിത്രം]
കുരികിലിനെ യഹോവ മറക്കുന്നില്ല എങ്കിൽ, അവനു നിങ്ങളെ എങ്ങനെ മറന്നുകളയാനാകും?
[കടപ്പാട്]
Lydekker
Illustrated Natural History