എല്ലാ വൈകല്യങ്ങളും അപ്രത്യക്ഷമാകുമ്പോൾ
“മിക്ക ആളുകളുടെയും കായിക ശേഷി താത്കാലികമാണ്” എന്ന് കൈകാലുകളുടെ സ്വാധീനം നഷ്ടപ്പെട്ട ഒരു സ്ത്രീ പറഞ്ഞു. അത് എത്ര സത്യമാണ്! ഏതെങ്കിലുമൊരു സമയത്തു ശാരീരിക വൈകല്യങ്ങൾ നമുക്കൊക്കെ സംഭവിച്ചേക്കാം. അതുകൊണ്ടുതന്നെ കണ്ണടകൾ, കോൺടാക്റ്റ് ലെൻസുകൾ, വെപ്പുപല്ലുകൾ, ശ്രവണ സഹായികൾ, ഇലക്ട്രോണിക് പേസ്മേക്കറുകൾ, കൃത്രിമ മുട്ടുചിരട്ടകൾ എന്നിവയ്ക്കെല്ലാം നല്ല ചെലവാണ്. റോമർ 8:22 പറയുന്നതുപോലെ, “സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈററുനോവോടിരിക്കുന്നു.”
അതുകൊണ്ട്, അനുസരണമുള്ള മനുഷ്യരെ നീതി വസിക്കുന്ന “പുതിയ ഭൂമി”യിൽ പൂർണ ശാരീരികാരോഗ്യത്തിലേക്കു പുനഃസ്ഥിതീകരിക്കുമെന്ന ദൈവത്തിന്റെ വാഗ്ദാനം നമുക്ക് എല്ലാവർക്കും ആശ്വാസം കൈവരുത്തുന്ന ഒന്നാണ്. (2 പത്രൊസ് 3:13; വെളിപ്പാടു 21:3-5) യെശയ്യാവു 35:5, 6 ഇങ്ങനെ പറയുന്നു: “അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. . . . മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും.”
“ഒരു മഹാപുരുഷാരം” ഇന്നത്തെ ദുഷ്ടവ്യവസ്ഥിതിയുടെ നാശത്തെ അതിജീവിക്കുമെന്നു ബൈബിൾ മുൻകൂട്ടി പറയുന്നു. (വെളിപ്പാടു 7:9, 14; സങ്കീർത്തനം 37:10, 11, 29) ആ നാശത്തിനു ശേഷം ഉടൻതന്നെ ഗുരുതരമായ വൈകല്യങ്ങളും ആരോഗ്യപ്രശ്നങ്ങളും തത്ക്ഷണം അപ്രത്യക്ഷമാകും എന്നതിന് യാതൊരു സംശയവുമില്ല! (യെശയ്യാവു 33:24) ദൈവത്തിന്റെ പുതിയ ഭൂമിയിൽ സംഭവിക്കാനിരിക്കുന്ന സൗഖ്യമാക്കൽ പ്രക്രിയയുടെ മുന്നോടിയെന്ന നിലയിൽ യേശു ഭൂമിയിലായിരുന്നപ്പോൾ സമാനമായ സുഖപ്പെടുത്തലുകൾ നടത്തി. (മർക്കൊസ് 5:25-29-ഉം 7:33-35-ഉം താരതമ്യം ചെയ്യുക.) തങ്ങളുടെ കൃത്രിമാവയവങ്ങളും ക്രച്ചസും ചക്രക്കസേരകളും ഉപേക്ഷിക്കുമ്പോൾ അംഗവിഹീനർക്ക് ഉണ്ടാകാൻ പോകുന്ന സന്തോഷം വാക്കുകളാൽ വർണിക്കാൻ സാധ്യമല്ല! നല്ല കായിക ശേഷി ആസ്വദിക്കുന്ന അവർക്ക് ഭൂമിയെ ഒരു പറുദീസാ ഭവനമാക്കി മാറ്റാനുള്ള ദൈവദത്ത നിയമനത്തിൽ പങ്കുചേരാൻ സാധിക്കും.—ലൂക്കൊസ് 23:43.
അതുവരെ, അംഗഹീനർ തങ്ങളുടെ കുറവുകളുമായി മല്ലിട്ടേ പറ്റൂ. കാനഡയിലുള്ള നെൽസൺ എന്ന ഒരു അംഗഹീനൻ പറയുന്നു: “എനിക്ക് എന്നോടുതന്നെ പാവം തോന്നുമ്പോൾ മത്തായി 24:13-ൽ യേശു പറഞ്ഞ ഈ വാക്കുകൾ ഞാൻ ഓർക്കും: ‘എന്നാൽ അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും.’” ക്രിസ്തീയ വിശ്വാസത്തിൽ സഹിച്ചുനിന്നുകൊണ്ട്, പരിമിതികളുണ്ടെങ്കിലും അംഗഹീനരായ വ്യക്തികൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗതിയിൽ—ആത്മീയമായി—തികവുള്ളവരും ആരോഗ്യമുള്ളവരും ആയിരിക്കാൻ കഴിയും.—യാക്കോബ് 1:3, 4, NW.
ഈ വിശ്വാസം സ്വന്തമാക്കാൻ യഹോവയുടെ സാക്ഷികൾ ദശലക്ഷക്കണക്കിന് ആളുകളെ സഹായിച്ചിട്ടുണ്ട്. മുൻ ലേഖനത്തിൽ ഉദ്ധരിക്കപ്പെട്ട ഡെൽ എന്ന അംഗഹീനനായ വ്യക്തി പറയുന്നു: “എനിക്കുള്ളതുപോലുള്ള ശാരീരിക പ്രശ്നങ്ങൾ യഥാർഥത്തിൽ വെറും താത്കാലികമാണെന്നു മനസ്സിലാക്കിയപ്പോൾ എനിക്കുണ്ടായ വികാരം വർണിക്കാനാവില്ല.” അതേ, അത്തരമൊരു പ്രത്യാശയാൽ ശക്തീകരിക്കപ്പെട്ട ഡെല്ലിനെയും അദ്ദേഹത്തെ പോലെയുള്ള മറ്റു പലരെയും വികലാംഗർ എന്നു വിശേഷിപ്പിക്കാൻ സാധിക്കില്ല.
[10-ാം പേജിലെ ചിത്രം]
വരാൻ പോകുന്ന നാശത്തെ അതിജീവിക്കുന്നവരുടെ വൈകല്യങ്ങൾ അത്ഭുതകരമാം വിധം സൗഖ്യമാക്കപ്പെടും