അംഗഹീനർക്കും സാധാരണ ജീവിതം നയിക്കാം
“പർവതാരോഹകൻ വീണ്ടും കൊടുമുടിയിൽ.” ടോം ഹ്വിറ്റികർ എവറസ്റ്റ് കൊടുമുടിയിൽ കാൽകുത്തിയപ്പോൾ ഒരു പത്രം പ്രസ്താവിച്ചത് അങ്ങനെയാണ്. മുമ്പ് പലരും ഉയരമുള്ള ആ കൊടുമുടിയിൽ കയറിയിട്ടുണ്ടെങ്കിലും അംഗവിച്ഛേദിതനായ ഒരു വ്യക്തി ഇത്തരമൊരു നേട്ടം കൈവരിക്കുന്നത് ആദ്യമായാണ്! ഒരു വാഹനാപകടത്തിൽ ഹ്വിറ്റികറിനു തന്റെ കാൽപ്പാദം നഷ്ടപ്പെട്ടിരുന്നു. എങ്കിലും കൃത്രിമ കാൽപ്പാദത്തിന്റെ സഹായത്താൽ കായികരംഗത്തേക്കു തിരിച്ചുവരാൻ അദ്ദേഹത്തിനു കഴിഞ്ഞു. സമാനമായ കണ്ടുപിടിത്തങ്ങളുടെ ഫലമായി ആയിരക്കണക്കിന് അംഗഹീനർക്കു സാധാരണ ജീവിതം നയിക്കാൻ കഴിയുന്നു. വാസ്തവത്തിൽ, കൈയോ കാലോ ഇല്ലാത്ത ഒരു വ്യക്തി ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതും ബാസ്ക്കറ്റ് ബോൾ കളിക്കുന്നതും സൈക്കിൾ ചവിട്ടുന്നതും ഇന്ന് ഒരു അപൂർവ കാഴ്ചയല്ല.
മുമ്പൊക്കെ കൃത്രിമ കൈകാലുകൾ പ്രാകൃത മാതൃകകളിലുള്ള മരക്കുറ്റികളും ഇരുമ്പുകൊളുത്തുകളും ആയിരുന്നു. എന്നാൽ യുദ്ധങ്ങൾ മൂലം ആയിരക്കണക്കിന് ആളുകൾക്ക് അംഗഭംഗം സംഭവിക്കാൻ തുടങ്ങിയതോടെ അവ പരിഷ്കരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. യഥാർഥമെന്നു തോന്നിക്കുന്നതരം കൃത്രിമ അവയവങ്ങൾക്ക് ആദ്യമായി രൂപംനൽകിയതും ഒരു സൈനിക ശസ്ത്രക്രിയാവിദഗ്ധൻ—16-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അംബ്രവൊസ് പരെയ് എന്ന ഫ്രഞ്ചുകാരൻ—ആണ്. ഇന്നത്തെ ചില കൃത്രിമ കാലുകൾ ഹൈഡ്രോളിക് സംവിധാനം ഉപയോഗപ്പെടുത്തിയാണു പ്രവർത്തിക്കുന്നത്. നൂതന മാതൃകയിലുള്ള ജാനുസന്ധികൾ (മുട്ടിലെ സന്ധികൾ), കാർബൺ നാരുകൾ കൊണ്ടുണ്ടാക്കിയ വഴക്കമുള്ള പാദങ്ങൾ എന്നിവ അടക്കമുള്ള കൃത്രിമ കാലുകൾ ഇന്നു ലഭ്യമാണ്. സിലിക്കൺ, പ്ലാസ്റ്റിക്ക് തുടങ്ങിയവ കൊണ്ടു നിർമിക്കുന്ന ഉയർന്ന സാങ്കേതികമേന്മയുള്ള ഈ ഉത്പന്നങ്ങളുടെ സഹായത്താൽ ഇന്നു പല ആളുകൾക്കും കൂടുതൽ സ്വാഭാവികമായും സുഖപ്രദമായും നടക്കാനും മറ്റും സാധിക്കുന്നു, മുമ്പ് സങ്കൽപ്പിക്കുക പോലും ചെയ്തിട്ടില്ലാത്ത കാര്യങ്ങളാണിവ. മൈക്രോ ഇലക്ട്രോണിക്സിൽ ഉണ്ടായിട്ടുള്ള മുന്നേറ്റങ്ങളുടെ ഫലമായി കൂടുതൽ സ്വാഭാവികമായ രീതിയിൽ ചലിപ്പിക്കാൻ സാധിക്കുന്ന കൃത്രിമ കൈപ്പത്തികളും കൈകളും ഇന്നു ലഭ്യമാണ്. കൃത്രിമാവയവങ്ങൾ കാഴ്ചയ്ക്കും മെച്ചപ്പെട്ടിട്ടുണ്ട്. ആധുനികകാലത്തെ കൃത്രിമ കൈകാലുകൾക്കു വിരലുകൾ ഉണ്ട്, ചിലതിനു ഞരമ്പുകൾ പോലും ഉള്ളതായി തോന്നും. മോഡലിങ്ങിൽ ഏർപ്പെട്ടിരുന്ന ഒരു പെൺകുട്ടിയുടെ കാൽ അർബുദം ബാധിച്ചതിനെ തുടർന്നു മുറിച്ചു മാറ്റേണ്ടി വന്നു. പകരം ഒരു കൃത്രിമ കാൽ പിടിപ്പിച്ചു. അതു കണ്ടാൽ കൃത്രിമം ആണെന്നു തോന്നുകയേ ഇല്ലായിരുന്നു. അങ്ങനെ അവൾക്കു മോഡലിങ്ങിൽ തുടരാൻ കഴിഞ്ഞു.
മനോഭാവം പ്രാധാന്യമർഹിക്കുന്നു
മാനസികാരോഗ്യ വിദഗ്ധയായ എല്ലെൻ വിൻചെൽ ഈ മുന്നറിയിപ്പു നൽകുന്നു: “കൈയോ കാലോ മുറിച്ചു മാറ്റേണ്ടി വരുന്നതുപോലുള്ള വ്യക്തിപരമായ ഒരു പ്രശ്നത്തെ നേരിടുമ്പോൾ എല്ലാ തരത്തിലും—ശാരീരികവും വൈകാരികവും മാനസികവും ആത്മീയവുമായി—നിങ്ങൾക്കു വളരെയധികം സമ്മർദം അനുഭവിക്കേണ്ടി വരും.” വില്യമിന്റെ കാര്യമെടുക്കാം. കാലിനേറ്റ പരിക്ക് പഴുത്തതിന്റെ ഫലമായി അദ്ദേഹത്തിന്റെ കാൽ മുറിച്ചു കളയേണ്ടി വന്നു. അദ്ദേഹം പറയുന്നു: “ജീവിതത്തിലെ വെല്ലുവിളികളെ തരണം ചെയ്യുന്നതിൽ നമ്മുടെ മനോഭാവം ഒരു സുപ്രധാന പങ്കു വഹിക്കുന്നുണ്ട്. എന്റെ വൈകല്യത്തെ ഒരു കുറവായി ഞാൻ ഒരിക്കലും വീക്ഷിച്ചിട്ടില്ല. അപകടത്തെ തുടർന്ന് എനിക്കു പല നഷ്ടങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ഞാൻ ശുഭാപ്തിവിശ്വാസത്തോടു കൂടിയ മനോഭാവം വെച്ചുപുലർത്തിയിരിക്കുന്നു.” അംഗവിച്ഛേദിതയായ എല്ലെൻ വിൻചെലും ഇതിനോടു യോജിക്കുന്നു. അവരുടെ അഭിപ്രായത്തിൽ ശുഭാപ്തി വിശ്വാസമില്ലാത്ത ആളുകളെ അപേക്ഷിച്ച് കൈകാലുകളുടെ നഷ്ടവുമായി കൂടുതൽ നന്നായി പൊരുത്തപ്പെടുന്നത് ശുഭാപ്തിവിശ്വാസം ഉള്ളവരാണ്. “സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു” എന്നു ബൈബിളും പറയുന്നു.—സദൃശവാക്യങ്ങൾ 17:22.
കൈയുടെയോ കാലിന്റെയോ നഷ്ടവുമായി നന്നായി പൊരുത്തപ്പെട്ടു കഴിയുന്ന ഒട്ടേറെ ക്രിസ്ത്യാനികളുമായി ഉണരുക! സംസാരിക്കുകയുണ്ടായി. അംഗച്ഛേദം സംഭവിച്ചവർ തങ്ങളുടെ വൈകല്യത്തെ കുറിച്ച് അമിതമായി ഉത്കണ്ഠപ്പെടുകയോ അല്ലെങ്കിൽ അവ മറച്ചുവെക്കാൻ ശ്രമിക്കുകയോ ചെയ്യരുത് എന്നാണു മിക്കവരും നിർദേശിച്ചത്. “സംസാരിക്കരുതാത്ത വിഷയങ്ങളിൽ ഒന്നാണ് ഇത് എന്ന മട്ടിൽ ആരെങ്കിലും പെരുമാറുന്നത് എന്നെ വിഷമിപ്പിക്കും,” ഇടതു കാൽ മുട്ടിനു താഴെവെച്ചു മുറിച്ചു കളയേണ്ടി വന്ന ഡെൽ പറയുന്നു. “അത് എല്ലാവർക്കും അസ്വസ്ഥത ഉളവാക്കുന്ന ഒരു കാര്യമാണെന്നാണ് എനിക്കു തോന്നുന്നത്.” വലതു കൈ നഷ്ടപ്പെട്ട നിങ്ങളെ ആർക്കെങ്കിലും പരിചയപ്പെടുത്തിക്കൊടുക്കുന്ന അവസരത്തിൽ ഹസ്തദാനം നൽകുന്നതിനു—ഇടതു കൈ കൊണ്ട്—നിങ്ങൾതന്നെ മുൻകൈ എടുക്കാൻ ചില വിദഗ്ധർ ശുപാർശ ചെയ്യുന്നു. നിങ്ങളുടെ കൃത്രിമാവയവത്തെ കുറിച്ചു മറ്റുള്ളവർ എന്തെങ്കിലും ചോദിക്കുകയാണെങ്കിൽ മറുപടി പറയാൻ മടികാട്ടാതിരിക്കുക. നിങ്ങൾക്കു ജാള്യം ഇല്ലെന്നു മനസ്സിലാക്കുമ്പോൾ മറ്റേ വ്യക്തിക്കും ആശ്വാസമാകും. സാധാരണഗതിയിൽ സംഭാഷണം ഉടൻതന്നെ മറ്റു വിഷയങ്ങളിലേക്കു കടക്കുകയും ചെയ്യും.
“ചിരിപ്പാൻ ഒരു കാലം” ഉണ്ട്. (സഭാപ്രസംഗി 3:4ബി) കൈ നഷ്ടപ്പെട്ട ഒരു സ്ത്രീ പറയുന്നു: ‘എല്ലാറ്റിലും ഉപരി നർമബോധം ഉള്ളവരായിരിക്കുക! മറ്റുള്ളവർ നമ്മളെ വീക്ഷിക്കുന്ന വിധം, നമ്മൾ നമ്മളെ തന്നെ എങ്ങനെ വീക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും എന്ന് എല്ലായ്പോഴും ഓർമിക്കേണ്ടതുണ്ട്.’
“കരവാൻ ഒരു കാലം”
കാൽ നഷ്ടപ്പെട്ടപ്പോൾ ആദ്യം ഡെൽ തന്നോടുതന്നെ ഇങ്ങനെ പറഞ്ഞു, “എല്ലാം തീർന്നു. എന്റെ ജീവിതംതന്നെ നശിച്ചു.” അംഗോളയിൽ കുഴിബോംബുകൾ പൊട്ടിത്തെറിച്ച് ഫ്ളോറിൻഡൂവിന്റെയും ഫ്ളോറിയാനൂവിന്റെയും കാലുകൾ നഷ്ടപ്പെട്ടു. മൂന്നു ദിവസം രാപകലില്ലാതെ കരഞ്ഞതായി ഫ്ളോറിൻഡൂ പറയുന്നു. ഫ്ളോറിയാനൂവിനും തന്റെ വികാരങ്ങളുമായി പോരാടേണ്ടതുണ്ടായിരുന്നു. “എനിക്ക് 25 വയസ്സേ ഉണ്ടായിരുന്നുള്ളൂ,” അദ്ദേഹം എഴുതുന്നു. “ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ കഴിയുമായിരുന്ന എനിക്ക് പെട്ടെന്നൊരു ദിവസം എഴുന്നേറ്റു നിൽക്കാൻ പോലും സാധിക്കാതായി. ഞാൻ വിഷാദത്തിന് അടിപ്പെട്ടു. ഒന്നും ചെയ്യാൻ എനിക്ക് ഉത്സാഹമില്ലാതായി.”
“കരവാൻ ഒരു കാലം” ഉണ്ട്. (സഭാപ്രസംഗി 3:4എ) കനത്ത നഷ്ടം സഹിക്കേണ്ടിവരുമ്പോൾ കുറച്ചു കാലത്തേക്കു ദുഃഖം തോന്നുക സ്വാഭാവികമാണ്. (ന്യായാധിപൻമാർ 11:37-ഉം സഭാപ്രസംഗി 7:1-3-ഉം താരതമ്യം ചെയ്യുക.) “ദുഃഖത്തിൽനിന്നു കരകയറണമെങ്കിൽ അത് അനുഭവിച്ചു തീർക്കുകതന്നെ വേണം” എന്ന് എല്ലെൻ വിൻചെൽ എഴുതുന്നു. സഹാനുഭൂതിയുള്ള കേൾവിക്കാരനോടു തന്റെ വികാരങ്ങളെ കുറിച്ചു പറയുന്നതു മിക്കപ്പോഴും സഹായകമാണ്. (സദൃശവാക്യങ്ങൾ 12:25) പക്ഷേ ഈ ദുഃഖം എന്നേക്കും നീണ്ടുനിൽക്കയില്ല. കൈയോ കാലോ നഷ്ടപ്പെട്ട ശേഷം ചില വ്യക്തികൾ പെട്ടെന്നുള്ള വികാരവ്യതിയാനങ്ങൾക്ക് വിധേയരാകുന്നവരോ വിമർശനബുദ്ധിക്കാരോ ആശങ്കാകുലരോ അന്തർമുഖരോ ആയിത്തീർന്നേക്കാം. ഈ സ്വഭാവവിശേഷതകൾ കാലക്രമേണ ഇല്ലാതാകേണ്ടതാണ്. അങ്ങനെ സംഭവിക്കാത്തപക്ഷം അതിനർഥം വിഷാദരോഗം കടന്നുകൂടിയിരിക്കാം എന്നാണ്. പൊതുവെ വൈദ്യചികിത്സ ആവശ്യമായ ഒന്നാണ് ഇത്. അത്തരം സഹായം ആവശ്യമാണെന്നു കാണിക്കുന്ന ഏതൊരു ലക്ഷണവും തിരിച്ചറിയാൻ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ജാഗ്രതയുള്ളവരായിരിക്കണം.a
രണ്ടു കാലുകളുടെയും സ്വാധീനം നഷ്ടപ്പെട്ട ഡബ്ളിയു. മിറ്റ്ചെൽ എഴുതുന്നു: “നമ്മെ കുറിച്ചു കരുതലുള്ള ആളുകളെ നമുക്കെല്ലാം ആവശ്യമാണ്. ചുറ്റും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉണ്ടെങ്കിൽ എല്ലാംതന്നെ സഹിക്കാവുന്നതേയുള്ളൂ. എന്നാൽ തനിയെ പോരാടുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ചെറിയ ഒരു പ്രശ്നം മതി അടിപതറാൻ. ഒരു സുപ്രഭാതത്തിൽ തനിയെ പൊട്ടിമുളക്കുന്ന ഒന്നല്ല സുഹൃദ്ബന്ധങ്ങൾ. പകരം, ധാരാളം ശ്രമം ചെലുത്തി നട്ടുവളർത്തുകയും പരിപാലിക്കുകയും ചെയ്യേണ്ട ഒന്നാണ് അത്, അല്ലെങ്കിൽ അവ വാടിക്കരിയും.”—സദൃശവാക്യങ്ങൾ 18:24 താരതമ്യം ചെയ്യുക.
അംഗഹീനർക്കും സാധാരണ ജീവിതം നയിക്കാം
തങ്ങളുടെ വൈകല്യവും പേറിക്കൊണ്ടുതന്നെ കൈകാലുകൾ ഇല്ലാത്ത പലരും സാധാരണ ജീവിതം നയിക്കുന്നുണ്ട്. ഉദാഹരണത്തിന് റസ്സലിന്റെ കാര്യംതന്നെ എടുക്കാം. ജനിച്ചപ്പോൾത്തന്നെ അദ്ദേഹത്തിന് ഇടതുകാലിന്റെ മുട്ടിനു താഴോട്ടുള്ള ഭാഗം ഇല്ലായിരുന്നു. നടക്കാൻ ഇപ്പോൾ ഊന്നുവടിയുടെ സഹായം വേണമെങ്കിലും 78-ാം വയസ്സിലും അദ്ദേഹം ക്രമമായി വ്യായാമം ചെയ്യുന്നു, സന്തുഷ്ടമായ ജീവിതവും നയിക്കുന്നു. തന്റെ മറുപേരുതന്നെ ‘ഹാപ്പി’ എന്നാണെന്ന് പൊതുവെ പ്രസന്നപ്രകൃതക്കാരനായ റസ്സൽ പറയുന്നു.
രണ്ടാം ലോകമഹായുദ്ധത്തിലാണു ഡഗ്ലസിനു തന്റെ കാൽ നഷ്ടപ്പെട്ടത്. ഇപ്പോൾ അദ്ദേഹം ആധുനിക മാതൃകയിലുള്ള ഒരു കൃത്രിമ കാലിന്റെ സഹായത്തോടെയാണു നടക്കുന്നത്. യഹോവയുടെ സാക്ഷികളിൽ ഒരാളായ അദ്ദേഹം ആറു വർഷമായി ഒരു സാധാരണ പയനിയർ—മുഴുസമയ സുവിശേഷകൻ—ആയി സന്തോഷത്തോടെ സേവനം അനുഷ്ഠിക്കുന്നു. ഇനി, കാൽ നഷ്ടപ്പെട്ടതോടെ തന്റെ ജീവിതം നശിച്ചു എന്നു കരുതിയ ഡെല്ലിനെ നിങ്ങൾ ഓർക്കുന്നുണ്ടോ? ഒരു പയനിയർ എന്ന നിലയിൽ അദ്ദേഹവും സംതൃപ്തിദായകമായ ഒരു ജീവിതം നയിക്കുന്നു. മാത്രമല്ല, സ്വന്തം കാര്യങ്ങൾ നോക്കിനടത്താനും അദ്ദേഹത്തിനു കഴിയുന്നുണ്ട്.
ദാരിദ്ര്യം അനുഭവിക്കുന്ന അല്ലെങ്കിൽ യുദ്ധകലുഷിതമായ പ്രദേശങ്ങളിൽ ജീവിക്കുന്ന അംഗഹീനരായ വ്യക്തികളുടെ കാര്യമോ? ലോകാരോഗ്യ സംഘടന ഇങ്ങനെ പറയുന്നു: “വൈകല്യങ്ങൾ ഉള്ളവരിൽ ചെറിയ ഒരു ശതമാനത്തിനു മാത്രമേ സഹായം ലഭിക്കുന്നുള്ളൂ എന്നതാണു യാഥാർഥ്യം.” ഊന്നുവടികളുടെയും പ്രാകൃത രീതിയിലുള്ള ക്രച്ചസിന്റെയും സഹായത്തോടെയാണു പലരും നടക്കുന്നത്. എങ്കിലും ചിലപ്പോൾ സഹായം ലഭ്യമാണ്. അംഗോളയിൽ കുഴിബോംബുകൾ പൊട്ടിത്തെറിച്ച് അംഗഹീനരായിത്തീർന്ന ഫ്ളോറിയാനൂവിനും ഫ്ളോറിൻഡൂവിനും ഇന്റർനാഷണൽ റെഡ് ക്രോസിന്റെയും സ്വിസ്സ് ഗവൺമെന്റിന്റെയും സഹായത്തോടെ കൃത്രിമകാലുകൾ വെക്കാൻ സാധിച്ചു. ഫ്ളോറിയാനൂ യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയിൽ ഒരു ശുശ്രൂഷാദാസനായി സന്തോഷത്തോടെ സേവനം അനുഷ്ഠിക്കുന്നു. ഫ്ളോറിൻഡൂവാകട്ടെ ഒരു സഭാമൂപ്പനും മുഴുസമയ സുവിശേഷകനും ആണ്.
അതുകൊണ്ട്, വികലാംഗരെ പരിചരിക്കുന്ന ഒരു സമിതി ഇങ്ങനെ പറയുന്നു: “നിരുത്സാഹിതരായവരെ മാത്രമേ വികലാംഗർ എന്നു വിശേഷിപ്പിക്കാൻ കഴിയൂ!” രസകരമെന്നു പറയട്ടെ, വികലാംഗരെ പ്രോത്സാഹിപ്പിക്കുന്നതിൽ ബൈബിൾ ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട്. “സുഖം പ്രാപിച്ചുവരുന്ന അവസരത്തിൽ ബൈബിൾ സത്യം പഠിച്ചത് എന്നെ വളരെയധികം സഹായിച്ചു,” ഡെൽ പറയുന്നു. സമാനമായി റസ്സൽ പറയുന്നു: “ബുദ്ധിമുട്ടുകളെ നേരിട്ടപ്പോൾ പിടിച്ചുനിൽക്കാൻ എന്നെ സഹായിച്ചത് എന്റെ ബൈബിളധിഷ്ഠിത പ്രത്യാശയായിരുന്നു.” വികലാംഗർക്ക് എന്തു പ്രത്യാശയാണു ബൈബിൾ വെച്ചുനീട്ടുന്നത്?
[അടിക്കുറിപ്പുകൾ]
a 1990 മാർച്ച് 15 ലക്കം വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്) “സന്തോഷം വീണ്ടെടുക്കാൻ വിഷാദരോഗികളെ സഹായിക്കാവുന്ന വിധം” എന്ന ലേഖനം കാണുക.
[8-ാം പേജിലെ ചതുരം]
മിഥ്യാവേദന
കൈയോ കാലോ നഷ്ടപ്പെട്ട ശേഷം അവ തൽസ്ഥാനത്തുതന്നെ ഉണ്ടെന്ന തോന്നലിനെയാണ് ഫാന്റം ലിമ്പ് സെൻസേഷൻ എന്നു പറയുന്നത്. അവയവം മുറിച്ചു മാറ്റപ്പെട്ട ശേഷം ഒരു വ്യക്തിക്ക് സാധാരണമായി അങ്ങനെയൊരു തോന്നൽ ഉണ്ടാകാറുണ്ട്. അത് അത്രയധികം യാഥാർഥ്യമായി അനുഭവപ്പെടുന്നതുകൊണ്ട് അംഗച്ഛേദം സംഭവിച്ചവർക്കു വേണ്ടിയുള്ള നിർദേശങ്ങൾ അടങ്ങിയ ഒരു ചെറുപുസ്തകം ഇങ്ങനെ പറയുന്നു: “കൃത്രിമ കാലുകൾ പിടിപ്പിക്കാതെ കിടക്കയിൽനിന്നോ കസേരയിൽനിന്നോ എഴുന്നേൽക്കുമ്പോൾ ഈ ഫാന്റം സെൻസേഷനെ കുറിച്ച് ഓർമയുണ്ടായിരിക്കുക. കാൽ ഇല്ല എന്നു സ്വയം ഓർമിപ്പിക്കാൻ എപ്പോഴും താഴേക്കു നോക്കുക.” രണ്ടുകാലും നഷ്ടപ്പെട്ട ഒരു സ്ത്രീ ഡോക്ടർക്കു ഹസ്തദാനം നൽകാൻ എഴുന്നേൽക്കുകയും മറിഞ്ഞു വീഴുകയും ചെയ്തു!
മറ്റൊരു പ്രശ്നമാണ് ഫാന്റം ലിമ്പ് പെയ്ൻ അഥവാ മിഥ്യാവേദന. മുറിച്ചു മാറ്റപ്പെട്ട കൈകാലുകളിൽ വേദന അനുഭവപ്പെടുന്നതായുള്ള തോന്നലാണ് ഇത്. അനുഭവപ്പെടുന്ന വേദനയുടെ തീവ്രതയും തരവും ദൈർഘ്യവും ഓരോ വ്യക്തിയുടെ കാര്യത്തിലും വ്യത്യസ്തമായിരിക്കും. സന്തോഷകരമെന്നു പറയട്ടെ, മേൽപ്പറഞ്ഞ രണ്ടു സംഗതികളും സാധാരണഗതിയിൽ കാലക്രമേണ കുറയുന്നതായിരിക്കും.
[6-ാം പേജിലെ ചിത്രം]
ആധുനിക മാതൃകയിലുള്ള കൃത്രിമാവയവങ്ങൾ അംഗഹീനരുടെ ജീവിതം തികച്ചും ആസ്വാദ്യമാക്കി തീർക്കുന്നു
[കടപ്പാട്]
Photo courtesy of RGP Prosthetics
[7-ാം പേജിലെ ചിത്രം]
കനത്ത നഷ്ടം സംഭവിക്കുമ്പോൾ ദുഃഖിക്കുന്നതു സ്വാഭാവികം
[8-ാം പേജിലെ ചിത്രം]
വികലാംഗരായ പലരും സാധാരണ ജീവിതം നയിക്കുന്നു