കൈകാലുകൾ നഷ്ടപ്പെടൽ—ആ ദുരന്തസാധ്യത കുറയ്ക്കാവുന്ന വിധം
മിക്കപ്പോഴും ഈ ദുരന്തം ഒഴിവാക്കാവുന്നതേയുള്ളൂ! പിവിഡി ഉള്ളവരുടെ കാര്യത്തിൽ പോലും ഇതു സത്യമാണ്. മുൻ ലേഖനത്തിൽ പറഞ്ഞതുപോലെ മിക്കപ്പോഴും പ്രമേഹം മൂലമാണ് പിവിഡി ഉണ്ടാകുന്നത്.a എങ്കിലും സന്തോഷകരമെന്നു പറയട്ടെ, പലപ്പോഴും നിയന്ത്രണാധീനമായ ഒന്നാണ് പ്രമേഹം.
“ഇൻസുലിൻ കുത്തിവെക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും പ്രമേഹ ചികിത്സയുടെ അടിസ്ഥാന ഘടകം ആണ് ആഹാരക്രമം” എന്ന് ദി എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. ന്യൂയോർക്ക് നഗരത്തിലുള്ള കിങ്ങ്സ് കൗണ്ടി ആശുപത്രിയിലെ ഡോ. മാർസെൽ ബായോൽ ഉണരുക!-യോട് ഇങ്ങനെ പറഞ്ഞു: “പ്രമേഹരോഗികൾ തങ്ങളുടെ അസുഖത്തെ ഗൗരവത്തോടെ വീക്ഷിക്കുകയും ആഹാരക്രമത്തിനു ശ്രദ്ധ നൽകുകയും വൈദ്യപരിശോധനയ്ക്കു വിധേയരാകുകയും ചെയ്താൽ കാൽ മുറിച്ചുമാറ്റപ്പെടാനുള്ള സാധ്യത കുറയ്ക്കാം.” ടൈപ്പ് II പ്രമേഹം ഉള്ളവർ ഈ ബുദ്ധിയുപദേശം പിൻപറ്റുകയാണെങ്കിൽ കാലക്രമത്തിൽ അവരുടെ നില മെച്ചപ്പെടുക പോലും ചെയ്തേക്കാം.b
വ്യായാമം മർമപ്രധാനം
വ്യായാമവും പ്രധാനമാണ്. ശരീരത്തിലെ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ ശരിയായ അളവു നിലനിർത്താൻ അതു സഹായിക്കും. പിവിഡി ഉണ്ടെങ്കിൽതന്നെ അവയവത്തിന്റെ ബലവും വഴക്കവും തകരാറു സംഭവിച്ച ഭാഗങ്ങളിലേക്കുള്ള രക്തയോട്ടവും നിലനിർത്താൻ വ്യായാമം സഹായിക്കുന്നു. ഇന്റർമിറ്റന്റ് ക്ളോഡിക്കേഷൻ—നടക്കുമ്പോഴും മറ്റും പിവിഡി രോഗികളുടെ ചെറുവണ്ണത്തുടയിലെ പേശികൾക്ക് അനുഭവപ്പെടാറുള്ള വേദന—ലഘൂകരിക്കാനും വ്യായാമം സഹായിക്കും. എന്നിരുന്നാലും കാലുകൾക്കു സമ്മർദവും ആയാസവും ഉളവാക്കുന്ന വ്യായാമ മുറകൾ അവർ ഒഴിവാക്കേണ്ടതാണ്. നടത്തം, സൈക്കിൾ ചവിട്ട്, തുഴയൽ, നീന്തൽ, വെള്ളത്തിലെ എയ്റോബിക്സ് എന്നിവയാണു കൂടുതൽ അനുയോജ്യമായ വ്യായാമങ്ങൾ. പ്രത്യേക ആഹാരക്രമം പിൻപറ്റുന്നതിനോ വ്യായാമ പരിപാടികൾ തുടങ്ങുന്നതിനോ മുമ്പ് എപ്പോഴും ഡോക്ടറുമായി അക്കാര്യം ചർച്ച ചെയ്യേണ്ടതാണ്.
നല്ല ആരോഗ്യം ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും പുകവലി പൂർണമായും ഒഴിവാക്കിയിരിക്കണം. പുകവലി മൂലം ഉണ്ടാകുന്ന അല്ലെങ്കിൽ രൂക്ഷമാകുന്ന അസംഖ്യം ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നു മാത്രമാണു പിവിഡി. “മിക്ക കേസുകളിലും കൈയോ കാലോ മുറിച്ചു കളയുന്നതിന് ഇടയാക്കുന്ന ഒരു സംഗതിയാണ് പുകവലി, വിശേഷിച്ചും പുകവലിക്കാരൻ പ്രമേഹവും പിവിഡി-യും ഉള്ള ഒരു വ്യക്തിയാണെങ്കിൽ,” ഡോക്ടറായ ബായോൽ പറയുകയുണ്ടായി. ഏതളവോളം? “പുകവലിക്കാത്തവരെ അപേക്ഷിച്ചു പുകവലിക്കുന്നവർക്കിടയിൽ കൈകാലുകൾ മുറിച്ചുമാറ്റപ്പെടാൻ 10 മടങ്ങു സാധ്യതയുണ്ട്” എന്ന് അംഗവിച്ഛേദിതർക്കുവേണ്ടിയുള്ള ഒരു പുനരധിവാസ ഗൈഡ് പുസ്തകം പറയുന്നു.
രോഗബാധിതമായ കൈകാലുകൾക്കു പരിചരണം
പിവിഡി, കാലുകളിലേക്കുള്ള രക്തപ്രവാഹം കുറച്ചേക്കാം. തത്ഫലമായി ന്യൂറോപ്പതി അഥവാ നാഡികൾ നിർജീവമാകുകയോ മരവിക്കുകയോ ചെയ്യുന്ന അവസ്ഥ സംജാതമായേക്കാം. അങ്ങനെയാകുമ്പോൾ കൈകാലുകൾക്ക് എളുപ്പത്തിൽ മുറിവുകളോ പരിക്കുകളോ ഏൽക്കാൻ സാധ്യതയുണ്ട്, ഒരു വ്യക്തി കിടക്കയിൽ വിശ്രമിക്കുകയാണെങ്കിൽ പോലും. ഉദാഹരണത്തിന്, വൈദ്യുത കമ്പിളിയോ ചൂടു വെക്കുന്നതിനുള്ള വൈദ്യുത പാഡോ അമിതമായി ചൂടാകുകയും രോഗിക്കു വേദന അനുഭവപ്പെടാത്തതിനാൽ ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തേക്കാം! അതുകൊണ്ട് ഇത്തരം സാധനങ്ങൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണം എന്ന് നിർമാതാക്കൾ പ്രമേഹ രോഗികൾക്കു മുന്നറിയിപ്പു നൽകുന്നു.
രോഗബാധിതമായ കൈകാലുകൾക്ക് അണുബാധ ഏൽക്കാനുള്ള സാധ്യതയും കൂടുതലാണ്. ചെറിയ ഒരു പോറൽ പോലും പഴുത്തു വ്രണമായി തീർന്നേക്കാം. ഒരുപക്ഷേ അവിടേക്കു രക്തയോട്ടമില്ലാതെ ആ ഭാഗം നിർജീവമായി തീരാനും സാധ്യതയുണ്ട്. അതുകൊണ്ടു പാദസംരക്ഷണം മർമപ്രധാനമാണ്. പാകമുള്ളതും ഇടാൻ സുഖമുള്ളതുമായ ചെരിപ്പുകൾ ധരിക്കുന്നതും കാലും കാൽവിരലുകളും വൃത്തിയായും ഈർപ്പമില്ലാതെയും സൂക്ഷിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. രോഗികളെ പാദസംരക്ഷണത്തെ കുറിച്ചു പഠിപ്പിക്കുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങൾ പല ആശുപത്രികളിലും ഉണ്ട്.
ശസ്ത്രക്രിയ ആവശ്യമായ ഘട്ടത്തോളം പിവിഡി വികാസം പ്രാപിച്ചുകഴിഞ്ഞാൽ തന്നെ, കഴിയുന്നതും കൈയോ കാലോ മുറിച്ചു കളയാതിരിക്കാൻ സാധാരണഗതിയിൽ ശസ്ത്രക്രിയാവിദഗ്ധർ ശ്രമിക്കും. ഒരു പകര നടപടി ബലൂൺ ആഞ്ചിയോപ്ലാസ്റ്റിയാണ്. അഗ്രത്തിൽ ബലൂണുള്ള, ട്യൂബ് പോലെയുള്ള കാതീറ്റർ രക്തക്കുഴൽശസ്ത്രക്രിയാ വിദഗ്ധൻ രക്തക്കുഴലിലേക്കു കടത്തിവെക്കും. പിന്നീട് ബലൂൺ വീർപ്പിക്കുമ്പോൾ അതു സങ്കോചിച്ചുപോയ ധമനിയെ വികസിപ്പിക്കുന്നു. മറ്റൊരു നടപടിയാണ് ബൈപാസ് ശസ്ത്രക്രിയ—അതായത്, കേടു സംഭവിച്ച രക്തക്കുഴലുകൾ നീക്കം ചെയ്ത് തൽസ്ഥാനത്തു ശരീരത്തിന്റെ മറ്റു ഭാഗത്തുനിന്ന് എടുത്ത രക്തക്കുഴലുകൾ വെക്കുന്നു.
54 വയസ്സുള്ള ബാർബറയ്ക്കു നാലാം വയസ്സിൽ തുടങ്ങിയതാണു ടൈപ്പ് I പ്രമേഹം. ആദ്യത്തെ പ്രസവത്തിനു ശേഷം അവളുടെ പാദങ്ങൾക്ക് പിവിഡി പിടിപെട്ടു. ചില ഡോക്ടർമാർ കാൽ മുറിച്ചു കളയാൻ ശുപാർശ ചെയ്തു. എങ്കിലും ബാർബറ പേരുകേട്ട ഒരു രക്തക്കുഴൽശസ്ത്രക്രിയാ വിദഗ്ധനെ കണ്ടെത്തി. കാലുകളിലേക്കുള്ള രക്തപ്രവാഹം മെച്ചപ്പെടുത്താൻ അദ്ദേഹം അവളിൽ ആഞ്ചിയോപ്ലാസ്റ്റി പരീക്ഷിച്ചു നോക്കി. കുറച്ചു കാലത്തേക്ക് അത് ഉദ്ദേശിച്ച ഫലം നൽകിയെങ്കിലും ഒടുവിൽ ബാർബറ ബൈപാസ് ശസ്ത്രക്രിയയ്ക്കു വിധേയയാകേണ്ടി വന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നു. ബാർബറ ഇപ്പോൾ തന്റെ പാദങ്ങൾ അതീവ ശ്രദ്ധയോടെ പരിചരിക്കുന്നു.
ശരീരത്തിനു ക്ഷതമേൽക്കാതെ സൂക്ഷിക്കുക
കൈകാലുകൾ നഷ്ടപ്പെടുന്നതിന് ഇടയാക്കുന്ന രണ്ടാമത്തെ പ്രധാന കാരണമാണ് ക്ഷതങ്ങൾ. അടിതൊട്ടു മുടിവരെ ശരീരത്തിന്റെ ഏതു ഭാഗത്തിനും ക്ഷതമേൽക്കാം. അതുകൊണ്ടുതന്നെ ശരീരത്തിലെ ഏത് അവയവത്തിനും തകരാറു സംഭവിക്കാവുന്നതാണ്. എങ്കിലും ജീവനെ കുറിച്ചു ദൈവികമായ വീക്ഷണം ഉണ്ടായിരിക്കുന്നതു ക്ഷതം ഏൽക്കാനുള്ള സാധ്യതയെ വളരെയധികം കുറച്ചേക്കാം. ജോലി ചെയ്യുമ്പോഴോ വണ്ടി ഓടിക്കുമ്പോഴോ വിനോദത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴോ ക്രിസ്ത്യാനികൾ തങ്ങളുടെ ശരീരങ്ങളെ ദൈവത്തിൽനിന്നുള്ള ദാനമായി കരുതേണ്ടതാണ്. അതുകൊണ്ട് അവർ എല്ലാ സുരക്ഷാ നിബന്ധനകളെയും ആദരിക്കുകയും അപകടങ്ങൾ വരുത്തിവെക്കുന്ന തരം ബുദ്ധിശൂന്യമായ പ്രവൃത്തികൾ ഒഴിവാക്കുകയും ചെയ്യും.—റോമർ 12:1; 2 കൊരിന്ത്യർ 7:1.
കുഴിബോംബുകൾ പാകിയിരിക്കുന്ന പ്രദേശങ്ങളിൽ വസിക്കുന്നവരുടെ കാര്യത്തിൽ ദുരന്തസാധ്യത കുറയ്ക്കാൻ എന്താണു ചെയ്യുന്നത്? പല രാജ്യങ്ങളിലും ഗവൺമെന്റുകൾ കുഴിബോംബ് ബോധവത്കരണ പരിപാടികൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഐക്യരാഷ്ട്ര സെക്രട്ടറി ജനറലിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച് ഈ പരിപാടികൾ “അപകടമേഖലയിൽ ജീവിക്കുകയും പണിയെടുക്കുകയും ചെയ്യുന്ന ആളുകളെ . . . അപകടത്തിന് ഇരകളാകാനുള്ള സാധ്യതകൾ കുറയ്ക്കാനുള്ള വിധങ്ങൾ” പഠിപ്പിക്കുന്നു.
ദുഃഖകരമെന്നു പറയട്ടെ, “കുഴിബോംബുകൾ പാകുന്നതു സർവസാധാരണമായ ഒരു സംഗതി ആയിത്തീർന്നിരിക്കുന്നതുകൊണ്ട് ആളുകൾ ഇപ്പോൾ അതു ഗൗനിക്കാതായിരിക്കുന്നു” എന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഒരു റിപ്പോർട്ടു പറയുന്നു. “അത്തരം അപകടങ്ങളെ ദൈവനിശ്ചയമായി വീക്ഷിക്കാൻ മതപരമായ ഘടകങ്ങൾ ചിലപ്പോൾ [ആളുകളെ] പ്രേരിപ്പിച്ചേക്കാം.” എന്നാൽ അത്തരം ചിന്താഗതിക്കു ദൈവവചനത്തിന്റെ യാതൊരു പിൻബലവുമില്ല. വാസ്തവത്തിൽ, ജാഗ്രതയുള്ളവർ ആയിരിക്കാനും സുരക്ഷാ നടപടികൾ സ്വീകരിക്കാനുമാണ് ബൈബിൾ ആളുകളെ പ്രോത്സാഹിപ്പിക്കുന്നത്.—ആവർത്തനപുസ്തകം 22:8; സഭാപ്രസംഗി 10:9, NW.
അതുകൊണ്ടു ജാഗ്രത പാലിക്കുകയും നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ വേണ്ട ശരിയായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുക വഴി കൈയോ കാലോ നഷ്ടപ്പെടാനുള്ള സാധ്യത വളരെയധികം കുറയ്ക്കാൻ കഴിയും. എന്നാൽ കൈകാലുകൾ നഷ്ടപ്പെട്ടവരുടെ കാര്യമോ? അവർക്ക് ഒരു സാധാരണ ജീവിതം നയിക്കാൻ കഴിയുമോ?
[അടിക്കുറിപ്പുകൾ]
a ഇറുകിയ പാദരക്ഷകളും വസ്ത്രങ്ങളും ധരിക്കുന്നതും നീണ്ട മണിക്കൂറുകൾ (വിശേഷിച്ചും കാലുകൾ പിണച്ചുവെച്ചുകൊണ്ട്) ഇരിക്കുകയോ നിൽക്കുകയോ ചെയ്യുന്നതും പാദങ്ങളിലെ രക്തക്കുഴൽ (vascular) സംബന്ധമായ പ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കാം, അല്ലെങ്കിൽ അവ രൂക്ഷമാക്കിയേക്കാം.
b ടൈപ്പ് I പ്രമേഹം ഉള്ളവർക്ക് ദിവസേന ഇൻസുലിൻ കുത്തിവെപ്പ് എടുക്കേണ്ടി വരുന്നു. ടൈപ്പ് II പ്രമേഹം ഉള്ളവർക്ക് (ഇൻസുലിനെ ആശ്രയിക്കേണ്ടതില്ലാത്ത പ്രമേഹരോഗികൾ) ആഹാരക്രമത്തിലൂടെയും വ്യായാമത്തിലൂടെയും മിക്കപ്പോഴും രോഗം നിയന്ത്രിക്കാൻ കഴിയും. ഐക്യനാടുകളിലെ പ്രമേഹരോഗികളിൽ 95 ശതമാനത്തിനും ടൈപ്പ് II പ്രമേഹമാണ് ഉള്ളത്.
[4-ാം പേജിലെ ചിത്രം]
പുകവലി കൈയോ കാലോ നഷ്ടപ്പെടാനുള്ള സാധ്യതയെ വളരെയധികം വർധിപ്പിക്കും, വിശേഷിച്ചും രക്തക്കുഴൽ സംബന്ധമായ രോഗങ്ങളുള്ളവരുടെ കാര്യത്തിൽ
[5-ാം പേജിലെ ചിത്രം]
അനുയോജ്യമായ വ്യായാമവും നല്ല ആഹാരക്രമവും സംവഹനവ്യൂഹത്തെ ആരോഗ്യമുള്ളതാക്കി നിലനിർത്തും