അഴിമുഖ—മുതല ഉരഗ ലോകത്തിലെ തമ്പുരാൻ
പലൗവിലെ ഉണരുക! ലേഖകൻ
ശാന്തസമുദ്രത്തിലുള്ള പലൗ ദ്വീപസമൂഹത്തിലെ ഭരണാധിപത്യത്തിനെതിരെ മിക്കപ്പോഴും വെല്ലുവിളികൾ ഉയർന്നിട്ടുണ്ട്. ഫിലിപ്പീൻസിനു കിഴക്ക് 890 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ഉഷ്ണമേഖലാ ദ്വീപുകളിൽ ഭരണം നടത്തിയ ആദ്യത്തെ അധിനിവേശ ശക്തി സ്പെയിൻ ആയിരുന്നു. കാലാന്തരത്തിൽ സ്പെയിനിന്റെ സ്ഥാനം ജർമനി കൈയടക്കി. പിന്നീട് ജർമനിയുടെ കൈയിൽനിന്നു ജപ്പാൻ അതു പിടിച്ചെടുത്തു. ജപ്പാനു ശേഷം ഐക്യനാടുകൾ ഇവിടെ ആധിപത്യം ഉറപ്പിക്കുകയും 1994-ൽ പലൗ റിപ്പബ്ലിക്ക് ഒരു പരമാധികാര രാഷ്ട്രമാകുന്നതുവരെ ഈ പ്രദേശം ഭരിക്കുകയും ചെയ്തു.
പലൗ ദ്വീപസമൂഹത്തിലെ ഭരണത്തിനു നേരെ ഭീഷണി ഉയർന്നപ്പോഴൊക്കെ വെല്ലുവിളിക്കപ്പെടാതെ നിലകൊണ്ടിരുന്ന മറ്റൊരു ഭരണാധിപത്യം ഇവിടെ ഉണ്ടായിരുന്നു. ഏതായിരുന്നു അത്? പലൗവിലെ ഉരഗ ലോകത്തിലെ അനിഷേധ്യ രാജാവിന്റെ—അഴിമുഖ മുതലയുടെ. എന്നാൽ ഇന്ന് ഈ മുതലകളുടെ സിംഹാസനത്തിന് ഇളക്കം തട്ടി തുടങ്ങിയിട്ടുണ്ട്. “അഴിമുഖ മുതലയെ സംരക്ഷിക്കുന്നതിന് അടിയന്തിരവും കർക്കശവുമായ നടപടികൾ കൈക്കൊള്ളാത്തപക്ഷം ഈ ജീവിവർഗങ്ങൾ പലൗവിലെ അവയുടെ സ്വാഭാവിക പരിതസ്ഥിതിയിൽനിന്നു താമസിയാതെതന്നെ തുടച്ചുനീക്കപ്പെടും” എന്നു ഗവേഷകർ പറയുന്നു.
പലൗവിലെ മുതലകൾ അപകടത്തിലാണെന്നു പറയുന്നത് എന്തുകൊണ്ട്? ഉരഗ ലോകത്തിലെ തമ്പുരാൻ എന്ന് അതിനെ പരാമർശിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
താടിയെല്ലുകൾ!
അഴിമുഖ മുതലയുടെ ശാസ്ത്ര നാമം ക്രോക്കൊഡൈലസ് പോറോസസ് എന്നാണ്. “നിറയെ തഴമ്പുകളുള്ള മുതല” എന്നാണ് ആ നാമത്തിന്റെ അർഥം.a മോന്തയുടെ ഉപരിതലത്തിലുള്ള ശൽക്ക മുഴകളെ ആണ് ആ പേര് പരാമർശിക്കുന്നത്. ഇരുവശത്തും ഈ മുഴകൾ കൂടിച്ചേർന്ന് കണ്ണുമുതൽ നാസാരന്ധ്രങ്ങൾ വരെ കാണപ്പെടുന്ന വരമ്പുകൾപോലെയുള്ള ഭാഗങ്ങൾക്കു രൂപംനൽകിയിരിക്കുന്നു. ഏതാണ്ടു ത്രികോണാകൃതിയിലുള്ള മോന്ത ഉടലിന്റെ നീളത്തിന്റെ ഏഴിലൊരു ഭാഗത്തോളം വരും. പലൗ കാഴ്ചബംഗ്ലാവിൽ ഒരു മുതലയെ പ്രദർശനത്തിനു വെച്ചിട്ടുണ്ട്. അതിന്റെ തലയുടെ ഏറ്റവും വീതിയുള്ള ഭാഗത്തിന്റെ അളവു 40 സെന്റിമീറ്ററാണ്!
മുതല വായ് തുറക്കുമ്പോൾ താടിയെല്ലിൽ ഉറപ്പിച്ചിരിക്കുന്ന ഉളിപോലെ മൂർച്ചയുള്ള പല്ലുകൾ നിങ്ങൾക്കു കാണാൻ കഴിയും. വായ് ഊക്കോടെ അടയ്ക്കാൻ ഈ താടിയെല്ലുകൾ മുതലയെ സഹായിക്കുന്നു. എന്നാൽ വായ് തുറക്കാൻ സഹായിക്കുന്ന താടിയെല്ലിലെ പേശികൾ വളരെ ദുർബലമാണ്. രണ്ടു മീറ്റർ നീളമുള്ള ഒരു മുതലയുടെ വായ് അടച്ചുവെക്കാൻ ഒരു റബർബാൻഡ് ധാരാളം മതി എന്ന് ഒരു ഗ്രന്ഥം പറയുന്നു.
വിദഗ്ധമായ രൂപകൽപ്പന
വെള്ളത്തിൽ ജീവിക്കുന്നതിന് അനുയോജ്യമാം വിധം അത്ര വിദഗ്ധമായിട്ടാണ് അതിന്റെ കൂറ്റൻ തല രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്. മുതലയെ അടുത്തു നിരീക്ഷിക്കുമ്പോൾ, (സ്റ്റഫ് ചെയ്ത മുതലയെ!) തലയിൽ ഏറ്റവും ഉയർന്നു നിൽക്കുന്ന ഭാഗങ്ങൾ ചെവികളും കണ്ണുകളും നാസാരന്ധ്രങ്ങളും ആണെന്നു നിങ്ങൾ ശ്രദ്ധിക്കും. മുതല ജലോപരിതലത്തിനു തൊട്ടുതാഴെ ആയിരിക്കുമ്പോൾ അവ മാത്രം വെള്ളത്തിനു മുകളിലായി കാണപ്പെടും. രസകരമായ മറ്റൊരു സംഗതി കൂടെയുണ്ട്. മുതല അതിന്റെ വായ് അടച്ചുപിടിച്ചാലും വായിൽ വെള്ളം കയറും, താടിയെല്ലിനെ മൂടുന്ന ചുണ്ടുകൾ അതിന് ഇല്ലെന്നതാണു കാരണം. എന്നാൽ വായിലേക്കു കടക്കുന്ന വെള്ളം തൊണ്ടയിലെത്തുന്നില്ല, ഒരു വാൽവ് അതു തടയുന്നു. നാസാരന്ധ്രങ്ങളിലൂടെ അകത്തേക്കെടുക്കുന്ന വായു കടന്നുപോകുന്നതു വാൽവിനു പുറകിലൂടെ ആയതിനാൽ വായ് നിറയെ വെള്ളമുണ്ടെങ്കിലും മുതലയ്ക്കു ശ്വാസോച്ഛ്വാസം ചെയ്യാൻ സാധിക്കും.
ഇനി, വെള്ളത്തിനടിയിൽ ആയിരിക്കുമ്പോൾ കാഴ്ചയ്ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ? യാതൊരു കുഴപ്പവുമില്ല. വെള്ളത്തിൽ മുങ്ങിക്കിടക്കുമ്പോൾ അത്, മൂന്നാമത്തെ കൺപോള എന്നറിയപ്പെടുന്ന സുതാര്യമായ ഒരു സ്തരം കണ്ണിനു കുറുകെ വലിച്ചിടും. കാഴ്ചയ്ക്കു കോട്ടംതട്ടാതെ ഈ സ്തരം കണ്ണുകളെ സംരക്ഷിക്കും.
ശരീര വലിപ്പവും ആവാസ വിസ്തൃതിയും
ലോകത്തിലെ ഏറ്റവും വലിയ ഉരഗമാണ് അഴിമുഖ മുതല. ആൺമുതലകൾ 3.2 മീറ്റർ നീളം വെച്ചുകഴിയുമ്പോൾ അവ പ്രജനന പ്രാപ്തി കൈവരിച്ചിരിക്കും. എങ്കിലും പിന്നെയും കുറേ വർഷംകൂടെ അവയ്ക്കു നീളം വെച്ചുകൊണ്ടിരിക്കും. ദ ഗിന്നസ് ബുക്ക് ഓഫ് ആനിമൽ റെക്കോർഡ്സ് എന്ന പുസ്തകത്തിന്റെ രചയിതാവ് മാർക്ക് കാർവൊർഡിൻ പറയുന്നതനുസരിച്ച് ഇന്ത്യയിലെ ഒരു വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ പ്രസ്തുത ഇനത്തിൽ പെട്ട ഏഴു മീറ്റർ നീളമുള്ള, ഒരു ആൺമുതല ഉണ്ട്!
മുതലയുടെ ആവാസവും വളരെ വിസ്തൃതമാണ്. മുതലക്കുടുംബത്തിലെ മറ്റെല്ലാ വർഗങ്ങളുടേതിനെക്കാളും വലുതാണ് അഴിമുഖ മുതലയുടെ ആവാസക്ഷേത്രം എന്ന് ഇതേ ഗ്രന്ഥം പറയുന്നു. ഏഷ്യയുടെയും ശാന്തസമുദ്രത്തിന്റെയും ഉഷ്ണമേഖലാ ഭാഗങ്ങളിൽ ഉടനീളം—ഇന്ത്യ മുതൽ ഓസ്ട്രേലിയയും പലൗ ദ്വീപസമൂഹങ്ങളും വരെ—ഈ മുതലകളെ കാണാൻ കഴിയും.
വഴിത്തിരിവ്
പലൗ ദ്വീപുകളിലെ, കണ്ടൽ വൃക്ഷങ്ങൾ വളർന്നു നിൽക്കുന്ന ചതുപ്പുനിലങ്ങൾ മുതലകൾക്ക് ആവശ്യമായ തണലും സംരക്ഷണവും മാത്രമല്ല ഇഷ്ടം പോലെ ആഹാരവും പ്രദാനം ചെയ്യുന്നു. ഈ ഉരഗങ്ങൾ അവയുടെ പ്രജനന സ്ഥലവും വിഹാരരംഗവുമായി പലൗ ദ്വീപസമൂഹംകൂടെ തിരഞ്ഞെടുത്തതിൽ അതിശയിക്കാനില്ല. 1960-കളിൽ ഈ ദ്വീപുകളിൽ 1,500-നും 5,000-ത്തിനും ഇടയ്ക്ക് മുതലകൾ ഉണ്ടായിരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
എന്നാൽ 1965-ലെ ഡിസംബർ മാസം പലൗവിലെ മുതലകളെ സംബന്ധിച്ചിടത്തോളം ഒരു വഴിത്തിരിവായിരുന്നു. ആ മാസം, ഒരു അഴിമുഖ മുതല പലൗവിലെ ഒരു മീൻപിടുത്തക്കാരനെ ആക്രമിച്ചു കൊലപ്പെടുത്തി. ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ മുതലയെ ആളുകൾ പിടികൂടി പൊതുദർശനത്തിനു വെച്ചു. രോഷാകുലരായ പൊതുജനങ്ങൾ അതിനെ കൊന്നുകളഞ്ഞു.
“ജീവിവർഗത്തോടുള്ള യുദ്ധം”
ഈ സംഭവം കഴിഞ്ഞ് ഏറെ താമസിയാതെ അധികാരികൾ “പലൗവിലെ മുതലകളെ എല്ലാം വകവരുത്താനുള്ള നടപടികൾ” ആരംഭിച്ചു എന്ന് മുതലകളെ കുറിച്ചുള്ള പഠനമേഖലയിലെ വിദഗ്ധരായ ഹാരി മെസലും എഫ്. വേൻ കിങ്ങും പറയുന്നു. “വാസ്തവത്തിൽ അത് ആ ജീവിവർഗത്തോടുള്ള യുദ്ധം ആയിരുന്നു.” മുതലകളെ പിടികൂടുന്നവർക്കു പാരിതോഷികങ്ങൾ വാഗ്ദാനം ചെയ്യപ്പെട്ടു. അവയെ പിടികൂടാൻ കെണികൾ ഒരുക്കി, വേട്ടയ്ക്കു ബോട്ടുകളും ഉപയോഗിക്കപ്പെട്ടു. 1979-നും 1981-നും ഇടയ്ക്കു വേട്ടക്കാർ 500-നും 1,000-ത്തിനും ഇടയ്ക്കു മുതലകളെ വെടിവെച്ചു കൊന്നു. എന്നിട്ട് അവയുടെ തോലുകൾ ഉരിഞ്ഞെടുത്തു വിറ്റു.
വളർച്ചയെത്തിയ മുതലകളുടെ തോൽ വലിയതായതുകൊണ്ട് അവയായിരുന്നു പ്രത്യേകിച്ചും വേട്ടക്കാരുടെ ലക്ഷ്യം. എന്നാൽ ഓരോ തവണയും വേട്ടക്കാർ വളർച്ചയെത്തിയ ഒരു പെൺ മുതലയെ കൊന്നപ്പോൾ വാസ്തവത്തിൽ അവർ മുട്ടവിരിഞ്ഞു പുറത്തുവരാനിരുന്ന 1,000-ത്തോളം മുതലക്കുഞ്ഞുങ്ങളുടെ ജനനത്തെ തടയുകയായിരുന്നു. തത്ഫലമായി, മുതലകളുടെ എണ്ണം നന്നേ കുറഞ്ഞു. 1990-കളുടെ ആരംഭത്തിൽ “പലൗവിലെ സ്വാഭാവിക പരിതസ്ഥിതിയിൽ 150-ൽ താഴെ മുതലകൾ മാത്രമേ അവശേഷിച്ചിരുന്നുള്ളു”വെന്നു മെസലും കിങ്ങും കണ്ടെത്തി.
അഴിമുഖ മുതലകളെ പേടിക്കാൻ കാരണങ്ങൾ ഉണ്ടെന്നതു ശരിതന്നെ. അവ മനുഷ്യരെ ആക്രമിച്ചു കൊലപ്പെടുത്തിയേക്കാം. എങ്കിലും “നാം അവയോടു ചെയ്തിട്ടുള്ള ദ്രോഹങ്ങൾ വെച്ചു നോക്കുമ്പോൾ അവ നമ്മോടു ചെയ്യുന്നതു തീരെ നിസ്സാരമാണ്” എന്ന് ഗ്രന്ഥകർത്താവായ കാർവൊർഡിൻ അഭിപ്രായപ്പെടുന്നു.
1997-ൽ എങ്കാർഡൊക്ക് പ്രകൃതി സംരക്ഷണ കേന്ദ്രം സ്ഥാപിക്കപ്പെട്ടു. ഈ സംരക്ഷണ കേന്ദ്രത്തിന്റെ മുഖ്യ ഉദ്ദേശ്യം അഴിമുഖ മുതലകളെ സംരക്ഷിക്കൽ അല്ലെങ്കിലും അവ ഈ കേന്ദ്രത്തിൽനിന്നു പ്രയോജനം അനുഭവിക്കുന്നുണ്ട്. എങ്കാർഡൊക്ക് തടാകത്തിനു ചുറ്റുമുള്ള ചതുപ്പുനിലം മുതലകൾക്ക് ഒളിക്കാനും പ്രജനനം നടത്താനും പറ്റിയ ഒരു സ്ഥലം പ്രദാനം ചെയ്യുന്നു.
അഴിമുഖ മുതലയെ അടുത്ത ചങ്ങാതിയായി കാണാനൊന്നും നിങ്ങൾക്ക് ആഗ്രഹമുണ്ടായിരിക്കില്ല, എങ്കിലും അത് ഭയഗംഭീരനായ ഒരു രാജാവ് ആണെന്നതിനോടു നിങ്ങൾ യോജിക്കില്ലേ?
[അടിക്കുറിപ്പുകൾ]
a “തഴമ്പ്” എന്നർഥമുള്ള പൊറോസിസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നും “നിറയെ” എന്നർഥമുള്ള -ഓസസ് എന്ന ലത്തീൻ പ്രത്യയത്തിൽനിന്നുമാണ് പോറോസസ് എന്ന വാക്കു വന്നിരിക്കുന്നത്.
[27-ാം പേജിലെ ചതുരം]
മുതലയോ ചീങ്കണ്ണിയോ?
മുതലയും ചീങ്കണ്ണിയും തമ്മിലുള്ള വ്യത്യാസം എന്താണ്? ഏറ്റവും പ്രകടമായ വ്യത്യാസം അവയുടെ പല്ലുകൾക്കാണ്. ലളിതമായി പറഞ്ഞാൽ, മുതല അതിന്റെ വായ് അടച്ചു പിടിക്കുമ്പോൾ കീഴ്ത്താടിയിൽ ഇരുവശങ്ങളിലെയും നീളംകൂടിയ നാലാമത്തെ പല്ലു പുറത്തേക്കു തള്ളി നിൽക്കും. എന്നാൽ ചീങ്കണ്ണിയുടെ കാര്യത്തിൽ മേൽത്താടി ഈ പല്ലുകളെ മൂടുന്നു.
[27-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
മുതലക്കണ്ണീർ
മുതലക്കണ്ണീർ പൊഴിക്കുക എന്നതിന്റെ അർഥം കപടമായ ദുഃഖമോ സഹതാപമോ കാണിക്കുക എന്നാണ്. എന്നാൽ മുതലകളെ കാപട്യത്തിന്റെ പര്യായമായി വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാണ്? ദി ഇന്റർനാഷണൽ വൈൽഡ്ലൈഫ് എൻസൈക്ലോപീഡിയ പറയുന്നതനുസരിച്ച്, മുതലകൾ അവയുടെ കണ്ണുകൾ എപ്പോഴും ഈർപ്പമുള്ളതായി സൂക്ഷിക്കുന്നു എന്ന വസ്തുത ആയിരിക്കാം ഒരു കാരണം. അങ്ങനെ “അവയുടെ കൺപോളകളിലെ വെള്ളം അഥവാ കണ്ണീർ കൺകോണുകളിലൂടെ ഒഴുകിയിറങ്ങിയേക്കാം. ഇതും, എപ്പോഴും പല്ലുകൾ വെളിയിൽ കാട്ടിക്കൊണ്ടുള്ള ആ നടപ്പും ആകാം അവയെ കാപട്യത്തിന്റെ പര്യായമായി വിശേഷിപ്പിക്കാനുള്ള കാരണങ്ങൾ.”
[ചിത്രങ്ങൾ]
മുതല
ചീങ്കണ്ണി
[കടപ്പാട്]
F. W. King photo
[26-ാം പേജിലെ ചിത്രങ്ങൾ]
ആ പല്ലുകൾ ഒന്നു നോക്കൂ!
[കടപ്പാട്]
By courtesy of Koorana Crocodile Farm, Rockhampton, Queensland, Australia
© Adam Britton, http://crocodilian.com
[25-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
By courtesy of Australian International Public Relations