ലോകത്തെ വീക്ഷിക്കൽ
പുകവലിക്കു ശതകോടികളുടെ ചെലവ്
പല ദേശങ്ങളിലും പുകവലിക്കാരുടെ എണ്ണം കുറഞ്ഞു വരുകയാണെങ്കിലും സ്വിറ്റ്സർലൻഡിൽ അതു മാറ്റമില്ലാതെ തുടരുന്നു എന്ന് ബെർന ഓബെർലാൻഡ വർത്തമാനപ്പത്രം പറയുന്നു. അവിടുത്തെ ജനസംഖ്യയിൽ ഏകദേശം മൂന്നിൽ ഒന്ന് പുകവലിക്കാർ ആണ്. പ്രതിവർഷം 8,000-ത്തിലധികം ആളുകൾ പുകവലി സംബന്ധമായ രോഗങ്ങൾ മൂലം മരിക്കുന്നു. ആ സംഖ്യ, എയ്ഡ്സ്, ഹെറോയിൻ, കൊക്കെയ്ൻ, മദ്യം, തീപിടുത്തം, വാഹനാപകടങ്ങൾ, കൊലപാതകം, ആത്മഹത്യ എന്നിവയിലൂടെ ഉള്ള മരണത്തിന്റെ മൊത്തം സംഖ്യയെക്കാൾ കൂടുതലാണ്. 1995-ൽ പുകയിലയുടെ ഉപഭോഗത്തിനു വേണ്ടിവന്ന സാമൂഹിക ചെലവ് ആയിരം കോടി സ്വിസ് ഫ്രാങ്ക്—600 കോടിയിലധികം യു.എസ്. ഡോളർ—ആയിരുന്നു എന്നു സ്വിറ്റ്സർലൻഡിലെ ഫെഡറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ ഒരു പഠനം നിഗമനം ചെയ്തു. ആശുപത്രി-ചികിത്സാ ചെലവുകൾ, തൊഴിൽ മേഖലയിലെ ഉത്പാദനക്കുറവ്, രോഗഗ്രസ്തരായ പുകവലിക്കാരുടെയും അവരുടെ ആശ്രിതരുടെയും താണ നിലവാരത്തിലുള്ള ജീവിതം, സന്തപ്ത കുടുംബാംഗങ്ങളുടെ യാതനകൾ എന്നിവയുടെ പരിമാണം നിർണയിക്കാൻ ആ പഠനം ശ്രമം നടത്തി.
നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുക
“ചൂടു കൂടിയ കാലാവസ്ഥ ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നുവെന്നു ഞങ്ങൾക്കു പണ്ടേ അറിയാമായിരുന്നു. എന്നാൽ, തണുപ്പുള്ള കാലാവസ്ഥയും അതിനുള്ള സാധ്യത വർധിപ്പിക്കുന്നു എന്നു ഞങ്ങൾ ഇപ്പോൾ മനസ്സിലാക്കുന്നു,” ഹൃദ്രോഗ ചികിത്സാ വിദഗ്ധനും കാനഡയിലെ ഒൺടേറിയോയിൽ ഉള്ള ഹാർട്ട് ആൻഡ് സ്ട്രോക്ക് ഫൗണ്ടേഷന്റെ വക്താവും ആയ ഡോ. ആന്തണി ഗ്രഹാം പറയുന്നു. ശരാശരി താപനിലയിൽ പത്തു ഡിഗ്രി കൂടുതലോ കുറവോ വ്യതിയാനം സംഭവിക്കുന്നത് “ആദ്യ ഹൃദയാഘാതത്തിനുള്ള സാധ്യത 13 ശതമാനം വർധിപ്പിക്കുന്നു” എന്നു ഫ്രാൻസിൽ 2,50,000 ആളുകളിൽ നടത്തിയ പത്തു വർഷത്തെ ഒരു പഠനം വെളിപ്പെടുത്തുന്നതായി ദ ഗ്ലോബ് ആൻഡ് മെയിൽ വർത്തമാനപ്പത്രം റിപ്പോർട്ടു ചെയ്തു. താപനില താഴുമ്പോൾ ശരീരത്തിൽ ചൂടു നിലനിർത്താനായി രക്തം ത്വക്കിൽ നിന്ന് ഉൾഭാഗങ്ങളിലേക്കു തിരിച്ചുവിടപ്പെടുന്നതിന്റെ ഫലമായി ഹൃദയം കൂടുതൽ ശക്തമായും വേഗത്തിലും പ്രവർത്തിക്കുന്നു. ആളുകൾ അമിതാധ്വാനത്തിൽ ഏർപ്പെടുകയോ യഥോചിതം വസ്ത്രം ധരിക്കാതിരിക്കുകയോ ചെയ്യുന്നതു ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നു. “ദീർഘകാലം വെറുതെ കയ്യുംകെട്ടി ഇരുന്നിട്ട്, പെട്ടെന്നു മഞ്ഞു കോരിക്കളയാൻ പുറത്തു പോകുന്നത് ഉചിതമായിരിക്കില്ല. അതു പടിപടിയായി ചെയ്യേണ്ട സംഗതിയാണ്,” ഡോ. ഗ്രഹാം മുന്നറിയിപ്പു നൽകുന്നു.
ഉച്ചത്തിലുള്ള സംഗീതം—രക്ഷപ്പെടാനുള്ള പഴുത്
അത്യുച്ചത്തിലുള്ള സംഗീതം “മുഴു ശരീരത്തിനും ദോഷം ചെയ്യുന്നു” എന്ന ഡോക്ടർമാരുടെ മുന്നറിയിപ്പുകൾ കണക്കിലെടുക്കാത്ത യുവജനങ്ങളുടെ എണ്ണം വർധിച്ചു വരുകയാണ്. തങ്ങളുടെ സ്വകാര്യ സ്റ്റീരിയോ ഇല്ലാതെ അവർക്കു ജീവിക്കാൻ സാധിക്കാത്തതായി തോന്നുന്നു എന്നു പോളിഷ് വർത്തമാനപ്പത്രമായ പ്ചിയാചൂകാ റിപ്പോർട്ടു ചെയ്യുന്നു. കാരണം? “ചുറ്റുപാടുകളിൽ നിന്നു തങ്ങളെത്തന്നെ അകറ്റി നിർത്തു”ന്നതിനു ചിലർ സ്വകാര്യ സ്റ്റീരിയോ ഉപയോഗിക്കുന്നു. “ചെവിയിൽ ഹെഡ്ഫോണുകൾ വെച്ചിരിക്കുന്ന ഒരു കൗമാരപ്രായക്കാരനു മാതാപിതാക്കളുടെ കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടതായോ തന്നോട് ഒരു സംഗതി ചെയ്യാൻ ആവശ്യപ്പെടുമ്പോൾ അതിനോടു പ്രതികരിക്കേണ്ടതായോ വരുന്നില്ല” എന്ന് ആ പത്രം പറയുന്നു. അത്യുച്ചത്തിലുള്ള സംഗീതം “തളർച്ചയ്ക്കോ തലവേദനയ്ക്കോ ഏകാഗ്രതക്കുറവിനോ ഉറക്കമില്ലായ്മയ്ക്കോ” ഒക്കെ കാരണമാകാം എന്നു സൂചിപ്പിക്കുമ്പോൾത്തന്നെ, കുട്ടികൾ സ്വകാര്യ സ്റ്റീരിയോ ഉപയോഗിക്കുന്നതു തടയാൻ പ്ചിയാചൂകാ മാതാപിതാക്കളോട് ആവശ്യപ്പെടുന്നില്ല. മറിച്ച്, അക്കാര്യത്തിൽ മിതത്വം പാലിക്കാൻ കുട്ടികളെ പഠിപ്പിക്കാനാണ് അതു നിർദേശിക്കുന്നത്. “ഇടയ്ക്കൊക്കെ കുട്ടികളുടെ പക്കൽ നിന്നു വാക്മാൻ വാങ്ങി കേൾക്കുക. അത് അവരുടെ ചെവിക്കു കുറച്ചു വിശ്രമം നൽകുമെന്നു മാത്രമല്ല, അവരുടെ ലോകത്തെ കുറിച്ച് അറിയാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും,” ആ പത്രം നിർദേശിക്കുന്നു.
ഭാഷകൾ മൃതമായിക്കൊണ്ടിരിക്കുന്നു
“എന്റെ മക്കളെ മാതൃ ഭാഷ പഠിപ്പിക്കാത്തതിൽ എനിക്ക് എന്നോടുതന്നെ കടുത്ത ദേഷ്യം തോന്നുന്നു” എന്ന് അലാസ്കയിലെ ഐയാക് ഭാഷ സംസാരിക്കുന്ന ഒടുവിലത്തെ വ്യക്തിയായ മറി സ്മിത്ത് ജോൺസ് എന്ന ഗോത്രമുഖ്യ പറയുന്നു. ലോകമെമ്പാടും സംസാരിച്ചു വരുന്നതായി കണക്കാക്കപ്പെടുന്ന 6,000 ഭാഷകളിൽ 40-50 ശതമാനം ഭാഷകൾ അടുത്ത നൂറ്റാണ്ടിനകം മൃതമായേക്കും എന്നു നിലവിലുള്ള പ്രവണതകൾ സൂചിപ്പിക്കുന്നു. ഒരിക്കൽ 250 ഭാഷകൾ ഉണ്ടായിരുന്ന ഓസ്ട്രേലിയയിൽ ഇപ്പോൾ ഏതാണ്ട് 20 ഭാഷകളെ ഉള്ളൂ. ഇങ്ങനെ സംഭവിക്കാൻ കാരണം എന്താണ്? “ഇംഗ്ലീഷും അതുപോലെ വ്യാപകമായി സംസാരിക്കപ്പെടുന്ന മറ്റു ഭാഷകളും പ്രചാരം നേടുന്നതിന്റെ ഫലമായി” പ്രസ്തുത ഭാഷകൾ “വിസ്മൃതിയിൽ ആണ്ടുപോകുന്നു” എന്നു ന്യൂസ്വീക്ക് മാഗസിൻ അഭിപ്രായപ്പെടുന്നു. ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസ്ത്രീയ സാംസ്കാരിക സംഘടന പ്രസിദ്ധീകരിച്ച അപ്രത്യക്ഷമാകാൻ സാധ്യതയുള്ള ലോക ഭാഷകളുടെ ചാർട്ടിന്റെ (ഇംഗ്ലീഷ്) എഡിറ്ററായ പ്രൊഫസർ സ്റ്റീഫൻ വും ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “പ്രചാരം സിദ്ധിക്കാത്ത ഭാഷകൾക്ക്—ന്യൂനപക്ഷത്തിന്റെ ഭാഷകൾക്ക്—തെല്ലും മൂല്യം ഇല്ലാത്തതിനാൽ അവ മറന്നു കളയണം എന്നാണു പൊതുവെയുള്ള വീക്ഷണം.”
നിങ്ങളുടെ കുഞ്ഞിനോടു സംസാരിക്കുക
ദിവസവും ചുരുങ്ങിയത് അര മണിക്കൂർ വീതമെങ്കിലും കുഞ്ഞുങ്ങളോടു സംസാരിക്കുന്നത് അവരുടെ ബുദ്ധിശക്തിയും ഭാഷാ പ്രാപ്തിയും ശ്രദ്ധേയമായി വർധിപ്പിക്കും എന്നു ലണ്ടനിലെ ഡെയ്ലി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ഒമ്പതു മാസം പ്രായമുള്ള 140 കുട്ടികളിൽ ഗവേഷകർ പഠനം നടത്തി. മക്കളോട് ഏറ്റവും നന്നായി എങ്ങനെ സംസാരിക്കണം എന്നു പകുതി കുട്ടികളുടെ മാതാപിതാക്കൾക്കു പറഞ്ഞു കൊടുത്തിരുന്നു. അതേ സമയം മറ്റേ പകുതിക്കു യാതൊരു നിർദേശവും നൽകിയിരുന്നില്ല. ഏഴു വർഷത്തിനു ശേഷം, “[മാതാപിതാക്കൾ സംസാരിച്ചിരുന്ന] കുട്ടികളുടെ ശരാശരി ബുദ്ധിശക്തി, മറ്റേ വിഭാഗത്തിലെ കുട്ടികളുടെതിനെക്കാൾ ഒരു വർഷവും മൂന്നു മാസവും കൂടുതൽ ആയിരുന്നു.” അവരുടെ ഭാഷാ പ്രാപ്തിയും “വളരെ ശ്രദ്ധേയമാം വിധം ഉയർന്നത്” ആയിരുന്നു എന്നു റിപ്പോർട്ടു പറയുന്നു. സമൂഹത്തിലെ വലിയ മാറ്റങ്ങളുടെ ഫലമായി ഇന്നു മാതാപിതാക്കൾ പണ്ടത്തെ അത്രയും തങ്ങളുടെ മക്കളോടു സംസാരിക്കുന്നില്ല എന്നു ഗവേഷകയായ ഡോ. സാലി വാർഡ് വിശ്വസിക്കുന്നു. ഉദാഹരണത്തിന്, ജോലിക്കു പോകുന്ന അമ്മമാരുടെ എണ്ണം വർധിക്കുകയാണ്. മാത്രമല്ല, മിക്ക ഭവനങ്ങളിലും വീഡിയോ ടേപ്പുകൾ സംഭാഷണത്തിന്റെ സ്ഥാനം കയ്യടക്കിയിരിക്കുകയുമാണ്.
റോഡിലെ രോഷം ഒഴിവാക്കൽ
“അമിതമായി അക്രമ സ്വഭാവം പ്രകടമാക്കുന്ന ഡ്രൈവർമാരെ സൂക്ഷിക്കണം” എന്ന് അനുഭവസമ്പന്നനായ ഒരു കാറോട്ട മത്സരക്കാരൻ ഉപദേശിക്കുന്നതായി ഫ്ളീറ്റ് മെയ്ന്റനൻസ് & സേഫ്റ്റി റിപ്പോർട്ട് എന്ന മാസിക ഉദ്ധരിക്കുകയുണ്ടായി. ശാന്തഭാവം പുലർത്തുന്നതും പ്രതികൂല ചുറ്റുപാടുകൾ ഒഴിവാക്കുന്നതും റോഡിലെ രോഷം വരുത്തിവെക്കുന്ന അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കും. സുരക്ഷാ വക്താക്കൾ പിൻവരുന്ന കാര്യങ്ങൾ ശുപാർശ ചെയ്യുന്നു:
◼ എല്ലായ്പോഴും മര്യാദപൂർവം വണ്ടി ഓടിക്കുക.
◼ കോപാകുലനായ ഒരു വണ്ടിക്കാരനിൽ നിന്നു സുരക്ഷിതമായി ഒഴിഞ്ഞുമാറാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യുക.
◼ മറ്റൊരു വണ്ടിയുടെ തൊട്ടുപിന്നാലെ പൊയ്ക്കൊണ്ടോ വേഗത കൂട്ടിക്കൊണ്ടോ അതിന്റെ ഡ്രൈവറെ ശുണ്ഠി പിടിപ്പിക്കരുത്.
◼ ഭീഷണിപ്പെടുത്തുന്ന തരം അംഗവിക്ഷേപങ്ങളോടു പ്രതികരിക്കരുത്. തെറ്റിദ്ധരിക്കപ്പെട്ടേക്കാവുന്ന ആംഗ്യങ്ങൾ കാട്ടുകയും അരുത്.
◼ രോഷാകുലനായ ഡ്രൈവറുമായുള്ള ദൃഷ്ടിസമ്പർക്കം ഒഴിവാക്കുക.
◼ മറ്റൊരു ഡ്രൈവറെ എതിരിടാനായി വണ്ടി വശത്തേക്ക് എടുക്കരുത്.
ഗർഭച്ഛിദ്ര ക്ഷതങ്ങളും മരണവും
മെക്സിക്കോയിൽ വർഷം തോറും 5,00,000-ത്തോളം ഗർഭച്ഛിദ്രങ്ങൾ നടത്തപ്പെടുന്നതായി മെക്സിക്കോ നഗരത്തിലെ ആരോഗ്യ-സാമൂഹിക സേവന കമ്മീഷന്റെ പ്രസിഡന്റായ ഫ്രാൻസിസ്കോ ഹാവ്യേർ സെർനാ ആൽവാറാഡോ പറയുന്നു. എൽ യൂണിവേഴ്സാൽ വർത്തമാനപ്പത്രം റിപ്പോർട്ടു ചെയ്യുന്ന പ്രകാരം, ഗർഭം അലസിപ്പിക്കുന്നവരിൽ വലിയൊരു ശതമാനത്തിനു ജീവൻ നഷ്ടമാകുന്നു, മറ്റു ചിലർക്കു ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ ഫലമായി ചികിത്സ വേണ്ടിവരുന്നു, ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതായ അവസ്ഥയോളം പോലും അവരുടെ നില വഷളാകുന്നു. രഹസ്യ ഗർഭച്ഛിദ്രമാണു മെക്സിക്കോയിലെ അമ്മമാരുടെ മരണത്തിനുള്ള മൂന്നാമത്തെ വലിയ കാരണം. ചിലർ ഗർഭച്ഛിദ്രം നടത്താൻ പരുക്കൻ രീതികൾ അവലംബിക്കുന്നു—കൂർത്ത മുനയുള്ള വസ്തുക്കൾ ഉപയോഗിക്കുന്നതും ഗർഭം അലസിപ്പിക്കുന്ന മരുന്നുകളോ ഔഷധ പാനീയങ്ങളോ ഉപയോഗിക്കുന്നതും മുകളിലത്തെ നിലയിൽ നിന്നു ഗോവണികളിലൂടെ മനപ്പൂർവം വീഴുന്നതും ഒക്കെ അതിൽ ഉൾപ്പെടുന്നു. അതെല്ലാം ഒട്ടുമിക്കപ്പോഴും “ഗുരുതരമായ രക്തസ്രാവത്തിനും ഗർഭപാത്ര ക്ഷതത്തിനും വന്ധ്യതയ്ക്കും അണുബാധയ്ക്കും ഒക്കെ കാരണമാകുന്നു, ചിലരുടെ കാര്യത്തിൽ ഗർഭപ്രാത്രം നീക്കം ചെയ്യേണ്ടതായി പോലും വരുന്നു” എന്ന് ആ റിപ്പോർട്ടു വ്യക്തമാക്കുന്നു.
ശ്രോതാക്കൾ ശ്രദ്ധിക്കും വിധം സംസാരിക്കുക
ഒരാളുടെ സന്ദേശം എത്രതന്നെ പ്രാധാന്യമുള്ളത് ആയിരുന്നാലും, ശ്രോതാക്കൾക്ക് അയാളുടെ സംസാര രീതി ഇഷ്ടമല്ലെങ്കിൽ അവരിൽ മിക്കവരും അതു ശ്രദ്ധിക്കുകയില്ല എന്നു സംസാര വിദഗ്ധയായ ഡോ. ലിൽയെൻ ഗ്ലാസ് അഭിപ്രായപ്പെടുന്നു. ദക്ഷിണാഫ്രിക്കയിലെ ദ സിറ്റിസൺ വർത്തമാനപ്പത്രത്തിൽ റിപ്പോർട്ടു ചെയ്തപ്രകാരം, അസ്പഷ്ടമായ സംസാരം, മോശമായ വ്യാകരണം, വിരസത ഉളവാക്കുന്ന സ്വരം, അതിവേഗത്തിലുള്ള സംസാരം, നിന്ദാസൂചകമായ പദപ്രയോഗങ്ങൾ, സംഭാഷണത്തിൽ കുത്തക ഏറ്റെടുക്കൽ എന്നിവയെല്ലാം ശ്രോതാക്കളെ നിരുത്സാഹപ്പെടുത്തുന്നു. നേരെമറിച്ച്, സംസാരിക്കുന്നതിന് ഇടയിൽ, ശ്രോതാക്കൾക്കു പിരിമുറുക്കം തോന്നാതിരിക്കേണ്ടതിനു പുഞ്ചിരിക്കുകയും വ്യക്തമായി, സാവധാനം സംസാരിക്കുകയും ശ്രോതാക്കളുമായി ദൃഷ്ടി സമ്പർക്കം പുലർത്തുകയും അവരുടെ സംസാരത്തിനു തടസ്സം സൃഷ്ടിക്കാതെ ശ്രദ്ധാപൂർവം കേൾക്കുകയും ചെയ്യുന്നപക്ഷം സാധാരണഗതിയിൽ അവർ നിങ്ങൾ പറയുന്നതു ശ്രദ്ധിക്കും. “സംസാരിക്കുന്നതിനു മുമ്പു ചിന്തിക്കുക. അങ്ങനെയെങ്കിൽ ആത്മവിശ്വാസത്തോടെ നിങ്ങൾക്കു സംസാരിക്കാൻ സാധിക്കും,” പ്രസ്തുത ലേഖനം കൂട്ടിച്ചേർക്കുന്നു.
അതിഭക്ഷണം ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു
അമിതമായി ഭക്ഷിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു എന്നു മെക്സിക്കോയിലുള്ള സാൽവഡോർ സൂബിറാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നുട്രിഷനിലെ ഡോ. ആഡോൾഫോ ചാവെസ് പറയുന്നു. അദ്ദേഹം പറയുന്ന പ്രകാരം, നാം കഴിക്കുന്ന ഭക്ഷണത്തിലെ ചെറിയ അളവിലുള്ള ബാക്ടീരിയകളെ ആമാശയ രസം നശിപ്പിക്കുകയാണു പതിവ്. എന്നാൽ, അതിഭക്ഷണത്തിന്റെ ഫലമായി അമിതമായി വരുന്ന ഭക്ഷണം ആമാശയ അമ്ലത്തിന്മേൽ അധീശത്വം പുലർത്തുന്നു. അങ്ങനെ, അതു ബാക്ടീരിയയെ കൊല്ലാനുള്ള ആമാശയത്തിന്റെ പ്രാപ്തി കുറയ്ക്കുന്നു. “ഒരു വ്യക്തി മെക്സിക്കൻ വിഭവമായ, 15 ടാക്കോകൾ കഴിക്കുന്നു എന്നിരിക്കട്ടെ. അതിൽ ഒരെണ്ണം മലീമസം ആണെങ്കിൽ അത്രയധികം ടാക്കോകൾ കഴിക്കുന്നതു നിമിത്തം അയാൾക്കു ഭക്ഷ്യവിഷബാധ ഏൽക്കാൻ സാധ്യതയുണ്ട്. എന്നാൽ അയാൾ ഒരു ടാക്കോയെ കഴിക്കുന്നുള്ളൂ എങ്കിൽ, അതു മലീമസം ആണെങ്കിൽ പോലും അയാൾക്കു പ്രശ്നമുണ്ടാകാൻ സാധ്യതയില്ല” എന്ന് ഡോ. ചാവെസ് ഉണരുക!യോടു പറഞ്ഞു.
ചിരി ക്ഷാമം
സമീപകാലത്തു സ്വിറ്റ്സർലൻഡിൽ നടന്ന അന്താരാഷ്ട്ര ഹാസ്യ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട തെളിവിന്റെ അടിസ്ഥാനത്തിൽ, സാമ്പത്തിക ബുദ്ധിമുട്ടുകൾ തേർവാഴ്ച നടത്തിയിരുന്ന 1950-കളിൽ ഒരു സാധാരണക്കാരൻ ദിവസവും 18 മിനിറ്റു നേരം ചിരിച്ചിരുന്നു. എന്നാൽ, സാമ്പത്തിക സമൃദ്ധി ഉള്ള 1990-കളിലാകട്ടെ അതു വെറും 6 മിനിറ്റായി ചുരുങ്ങി. അതിനു കാരണം? “ഭൗതിക-തൊഴിൽ നേട്ടങ്ങൾക്കും വ്യക്തിപരമായ വിജയത്തിനും വേണ്ടിയുള്ള പരക്കം പാച്ചിലിനെ ആണു വിദഗ്ധർ അതിനു പഴിക്കുന്നത്. അത്, പണം കൊടുത്തു സന്തുഷ്ടി വാങ്ങാനാകില്ല എന്ന പഴമൊഴി അർഥവത്താണെന്നു സ്ഥിരീകരിക്കുന്നു” എന്നു ലണ്ടനിലെ സൺഡേ ടൈംസ് വിശദീകരിക്കുന്നു. എഴുത്തുകാരനായ മൈക്കൾ ആർഗൈൽ ഇങ്ങനെ നിഗമനം ചെയ്യുന്നു: “പണത്തിന് അങ്ങേയറ്റത്തെ മൂല്യം കൽപ്പിക്കുന്നവർ തൃപ്തി കുറഞ്ഞവരും മോശമായ മാനസിക ആരോഗ്യം ഉള്ളവരും ആയിരിക്കും. പണം ഉപരിപ്ലവമായ സംതൃപ്തി മാത്രമേ നൽകുന്നുള്ളൂ എന്നതാകാം അതിനു കാരണം.”
വൈദ്യ ചികിത്സാ അവകാശം സംരക്ഷിക്കപ്പെടുന്നു
വൈദ്യ ചികിത്സ ആവശ്യമുള്ളവർ രക്തം ദാനം ചെയ്യണമെന്നു നിഷ്കർഷിക്കുന്ന, ഒരു സാമൂഹിക സുരക്ഷാ ആശുപത്രിയുടെ നയം നിയമവിരുദ്ധമാണ് എന്ന് എൽ സാൽവഡോറിലെ പരമോന്നത നീതിന്യായ കോടതി സമീപ കാലത്തു പ്രഖ്യാപിച്ചു. ആ നയം അനുസരിച്ച്, ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നതിനു മുമ്പ് എല്ലാ രോഗികളും രണ്ടു യൂണിറ്റ് രക്തം ദാനം ചെയ്യേണ്ടിയിരുന്നു. എന്നാൽ, ഇപ്പോൾ പ്രസ്തുത സാമൂഹിക സുരക്ഷാ ആശുപത്രിയിൽ ചികിത്സ സ്വീകരിക്കുന്നവർക്കു രക്തം നൽകാതിരിക്കാനുള്ള നിയമപരമായ അവകാശമുണ്ട്.