ക്ഷയരോഗത്തിന് എതിരെയുള്ള പോരാട്ടത്തിന് ഒരു പുതിയ ആയുധം
ക്ഷയരോഗം (ടിബി)—മനുഷ്യന്റെ മേൽ തേർവാഴ്ച നടത്തുന്ന ഏറ്റവും പുരാതനമായ സാംക്രമിക കൊലയാളിയാണിത്. പക്ഷേ, ഇന്നും ഇത് അവനു ഗുരുതരമായ ആരോഗ്യഭീഷണി ഉയർത്തുന്നതിനാൽ, ലോകാരോഗ്യസംഘടന (ഡബ്ലിയുഎച്ച്ഒ) ഇതിനെ ഒരു ടൈംബോംബിനോടു താരതമ്യപ്പെടുത്തുന്നു. “സമയം തീർന്നു കൊണ്ടിരിക്കുകയാണ്” എന്ന് ക്ഷയരോഗത്തെ കുറിച്ചുള്ള ഡബ്ലിയുഎച്ച്ഒ-യുടെ ഒരു റിപ്പോർട്ടു മുന്നറിയിപ്പു മുഴക്കുന്നു. ഈ ബോംബ് നിർവീര്യമാക്കാൻ മനുഷ്യൻ പരാജയപ്പെടുന്ന പക്ഷം, “വായുവിലൂടെ പകരുന്ന, എയ്ഡ്സ് പോലെ തന്നെ ഭേദപ്പെടുത്താനാകാത്ത,” ഔഷധ പ്രതിരോധശേഷിയുള്ള ഒരു രോഗത്തെ അവന് ഒരുനാൾ മുഖാമുഖം എതിരിടേണ്ടി വന്നേക്കാം. ക്ഷയരോഗത്തിന്റെ നശീകരണപ്രാപ്തിക്കെതിരെ ഉണർന്നെണീക്കാൻ നേരമായിരിക്കുന്നു എന്നു ഡബ്ലിയുഎച്ച്ഒ അടിയന്തിര സന്ദേശം മുഴക്കുന്നു. “വാൾ സ്ട്രീറ്റ് മുതൽ ഗ്രേറ്റ് വാൾ വരെ, വായു ശ്വസിക്കുന്ന എല്ലാവരും . . . , ഈ അപകടസാധ്യതയെ പറ്റി ആകുലപ്പെടേണ്ടതുണ്ട്.”
വെറും അതിശയോക്തിയോ? ഒട്ടുമല്ല. ഉദാഹരണത്തിന്, കാട്ടുതീ പോലെ പടർന്നു പിടിക്കുന്ന ഒരു രോഗം പത്തു വർഷത്തിനുള്ളിൽ കാനഡ പോലെയുള്ള ഒരു രാജ്യത്തിലെ മൊത്തം ജനങ്ങളെയും തുടച്ചു നീക്കും എന്ന അറിവു കിട്ടിയാൽ ലോകം എത്രമാത്രം ജാഗ്രത പുലർത്തും എന്ന് ഒന്നു സങ്കൽപ്പിച്ചു നോക്കൂ! ഇത് ഒരു കെട്ടുകഥ പോലെ തോന്നിയേക്കാം എങ്കിലും ഈ ഭീഷണി തികച്ചും യഥാർഥമാണ്. ലോകവ്യാപകമായി, പ്രതിദിനം 8,000 ജീവനെയാണു ക്ഷയരോഗം കവർന്നെടുക്കുന്നത്. ഇത് എയ്ഡ്സ്, മലേറിയ, ഉഷ്ണമേഖലാ രോഗങ്ങൾ എന്നിവയാൽ സംഭവിക്കുന്ന മൊത്തം മരണങ്ങളെക്കാൾ കൂടുതലാണ്. പ്രവർത്തനക്ഷമമായ ടിബി മൂലം ഇപ്പോൾ ദുരിതം അനുഭവിക്കുന്നവരുടെ എണ്ണം ഏകദേശം 2 കോടിയാണ്, അടുത്ത പത്തു വർഷത്തിനുള്ളിൽ 3 കോടിയോളം ആളുകൾ ഇതേ രോഗം നിമിത്തം മൃതിയടഞ്ഞേക്കാം. ഈ സംഖ്യ, കാനഡയുടെ മൊത്തം ജനസംഖ്യയെക്കാൾ കൂടുതലാണ്.—“ടിബി ഗോളവ്യാപകമായി പിടിമുറുക്കിയിരിക്കുന്നു” എന്ന 22-ാം പേജിലെ ചതുരം കാണുക.
ഒരു സദ്വാർത്ത
എന്നിരുന്നാലും, ഇന്ന് ആശയ്ക്കു വകയുണ്ട്. പത്തു വർഷത്തെ പരീക്ഷണങ്ങൾക്കു ശേഷം, ഗവേഷകർ ഒരു പുതിയ ചികിത്സാരീതിക്കു രൂപം നൽകുന്നതിൽ വിജയിച്ചിരിക്കുന്നു. ഇപ്പോൾ, സ്വതന്ത്രമായി വിഹരിക്കുന്ന ഒരു കൊലയാളിയാണ് ക്ഷയരോഗമെങ്കിൽ ഈ ചികിത്സാരീതിക്ക്, അതിനെ കൂച്ചുവിലങ്ങിട്ട ഒരു കുറ്റവാളിയെ പോലെ ഒതുക്കാൻ കഴിഞ്ഞേക്കും. ഡബ്ലിയുഎച്ച്ഒ-യുടെ മുൻ ഡയറക്ടർ ജനറലായിരുന്ന ഡോ. ഹിറോഷി നാകാജിമ ഈ പുതിയ ചികിത്സാരീതിയെ “ഈ പതിറ്റാണ്ടിലെ പൊതുജനാരോഗ്യ മുന്നേറ്റങ്ങളിൽ അതിപ്രധാനമായ ഒന്നായി” വിശേഷിപ്പിച്ചു. “ക്ഷയരോഗം എന്ന പകർച്ചവ്യാധി സമ്പൂർണമായി തുടച്ചുനീക്കാനുള്ള” ആദ്യ അവസരം ഇതു പ്രദാനം ചെയ്യുന്നു എന്നു ഡബ്ലിയുഎച്ച്ഒ ആഗോള ടിബി പരിപാടിയുടെ ഡയറക്ടറായ ഡോ. ആരാട്ടാ കോച്ചി പറയുന്നു. ഈ പ്രതീക്ഷകൾക്കെല്ലാം പിന്നിലെ കാരണം എന്താണ്? അത്, ഡോട്ട്സ് എന്ന ഒരു ചികിത്സാ രീതിയാണ്.
നേരിട്ടു നിരീക്ഷിച്ചു കൊണ്ടുള്ള ഒരു ഹ്രസ്വകാല ചികിത്സാരീതി (directly observed treatment, short-course) എന്നതിന്റെ ചുരുക്കരൂപമാണ് ഡോട്ട്സ്. ആറു മുതൽ എട്ടു വരെ മാസങ്ങൾ കൊണ്ടു ക്ഷയരോഗികളിൽ മിക്കവരുടെയും രോഗം ഭേദമാക്കാൻ കഴിയുന്ന ഒരു ആരോഗ്യ സംരക്ഷണ സംവിധാനമാണിത്, അതും ഒരൊറ്റ ദിവസം പോലും ആശുപത്രിയിൽ കഴിയാതെ. എന്നാൽ ഈ ചികിത്സാ രീതി വിജയിക്കുമോ ഇല്ലയോ എന്നത് അഞ്ചു ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഏതെങ്കിലും ഒരു ഘടകം കുറവാണെങ്കിൽ, ഈ ചികിത്സാരീതി “ഫലിക്കാതെ പോകും” എന്നു ഡബ്ലിയുഎച്ച്ഒ കുറിക്കൊള്ളുന്നു. ഏതെല്ലാമാണ് ഈ ഘടകങ്ങൾ?
● 1. നേരിട്ട്: ക്ഷയരോഗം ഏറ്റവും അപകടകരം ആയിരിക്കുന്നത് അതു കണ്ടുപിടിക്കാതെ പോകുമ്പോഴാണ്. അതുകൊണ്ടാണ്, ആരോഗ്യപ്രവർത്തകർ ആദ്യംതന്നെ തങ്ങളുടെ സമൂഹത്തിൽ സാംക്രമിക ക്ഷയരോഗമുള്ളവരെ കണ്ടുപിടിക്കുന്നതിലേക്കു തങ്ങളുടെ ശ്രമങ്ങൾ തിരിച്ചുവിടണമെന്നു ഡബ്ലിയുഎച്ച്ഒ ഊന്നിപ്പറയുന്നത്.
● 2. നിരീക്ഷണത്തിൻ കീഴിൽ: ഡോട്ട്സിന്റെ രണ്ടാമത്തെ ഘടകം രോഗസൗഖ്യമാകലിനുള്ള ഉത്തരവാദിത്വം ആരോഗ്യവ്യവസ്ഥയെ ആണ്—രോഗിയെ അല്ല—ഏൽപ്പിക്കുന്നത്. ക്ഷയരോഗികൾ, ഓരോ ഡോസ് മരുന്നും മുടങ്ങാതെ കഴിക്കുന്നുണ്ടോ എന്ന് ആരോഗ്യ പ്രവർത്തകരോ പരിശീലനം സിദ്ധിച്ച സന്നദ്ധസേവകരോ—കടയുടമകൾ, അധ്യാപകർ അല്ലെങ്കിൽ നേരത്തേ ക്ഷയരോഗം ഉണ്ടായിരുന്നവർ—നിരീക്ഷിക്കുന്നു. ഇങ്ങനെ, “ക്ഷമാപൂർവം നിരീക്ഷിക്കുന്നവർ” ഈ ചികിത്സാരീതിയുടെ വിജയത്തിൽ നിർണായക പങ്കുവഹിക്കുന്നു, കാരണം, ക്ഷയരോഗം ഇന്നുവരെയും നിലനിൽക്കുന്നതിന്റെ പ്രധാനകാരണം, രോഗികൾ മരുന്നു കഴിക്കുന്നത് വളരെ പെട്ടെന്നു തന്നെ നിറുത്തിക്കളയുന്നു എന്നതാണ്. (“വീണ്ടും വർധിക്കുന്നത് എന്തുകൊണ്ട്?” എന്ന 22-ാം പേജിലെ ചതുരം കാണുക.) ചികിത്സ ആരംഭിച്ച് ഏതാനും ആഴ്ചകൾ കഴിയുമ്പോൾ തന്നെ, അസുഖം കുറഞ്ഞുവെന്ന് അവർക്കു തോന്നിത്തുടങ്ങുന്നു. അതോടെ മരുന്നു കഴിക്കുന്നതും നിറുത്തുന്നു. പക്ഷേ, ശരീരത്തിലെ മുഴു ടിബി ബാസില്ലസ്സുകളെയും നീക്കം ചെയ്യുന്നതിനു രോഗികൾ ആറു മുതൽ എട്ടു വരെ മാസം മരുന്നു കഴിക്കേണ്ടതുണ്ട്.
● 3. ചികിത്സ: ഈ മാസങ്ങളിൽ ഉടനീളം, ആരോഗ്യപ്രവർത്തകർ ചികിത്സയുടെ ഫലങ്ങളെല്ലാം സൂക്ഷ്മനിരീക്ഷണ വിധേയമാക്കും, മാത്രമല്ല, അവർ രോഗിയുടെ അഭിവൃദ്ധി രേഖപ്പെടുത്തി വെക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നതിനാൽ, രോഗി പരിപൂർണമായി സുഖം പ്രാപിച്ചിരിക്കുന്നു എന്നും അവരിൽനിന്ന് ഇനി രോഗം പകരുകയില്ല എന്നും ഉറപ്പാക്കപ്പെടുന്നു.
● 4. ഹ്രസ്വ-കാലത്തേക്ക്: ടിബി-യെ ചെറുക്കുന്ന ഔഷധങ്ങൾ അവയുടെ ശരിയായ കൂട്ട് അനുസരിച്ച്, ശരിയായ അളവിൽ ഒരു കൃത്യമായ കാലഘട്ടത്തേയ്ക്കു കഴിക്കേണ്ടതുണ്ട്. ഹ്രസ്വ-കാല രാസചികിത്സ എന്നറിയപ്പെടുന്ന ഇതാണ് ഡോട്ട്സ് ചികിത്സാരീതിയുടെ നാലാമത്തെ ഘടകം. ഈ ഔഷധക്കൂട്ട് ടിബി ബാസില്ലസ്സുകളെ കൊല്ലാൻ പോന്നവയാണ്.a മരുന്ന് ഒരു നേരം പോലും മുടങ്ങാതിരിക്കേണ്ടതിന് അത് എപ്പോഴും ലഭ്യമാക്കിക്കൊണ്ടിരിക്കണം.
● 5. !: ഡോട്ട്സ് ചികിത്സാരീതിയിലെ ഈ അഞ്ചാമത്തെ ഘടകത്തെ ഡബ്ലിയുഎച്ച്ഒ വർണിക്കുന്നത് ഡോട്ട്സിന്റെ അറ്റത്ത് ഒരു ആശ്ചര്യചിഹ്നം ഇട്ടുകൊണ്ടാണ് (DOTS!). അവ പ്രതീകപ്പെടുത്തുന്നത് ധനശേഖരണത്തെയും ന്യായയുക്തമായ നയങ്ങളെയും ആണ്. ക്ഷയരോഗ ചികിത്സ രാജ്യത്തിന്റെ നിലവിലുള്ള ആരോഗ്യവ്യവസ്ഥയുടെ ഭാഗമാക്കി തീർക്കുന്നതിനും ഗവൺമെന്റ്-ഗവൺമെന്റേതര സംഘടനകളിൽ നിന്ന് സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനും ഡബ്ലിയുഎച്ച്ഒ ആരോഗ്യ സംഘടനകളുടെ മേൽ നിർബന്ധം ചെലുത്തുകയാണ്.
ധനസഹായം നൽകണോ വേണ്ടയോ എന്നു തീരുമാനിക്കുന്ന നയരൂപകർത്താക്കൾക്ക്, ഡോട്ട്സ് ചികിത്സാരീതി നന്നേ ബോധിച്ചിട്ടുണ്ട്. “രോഗത്തിന് എതിരെ . . . പോരാടുന്നതിൽ ഇപ്പോഴുള്ളതിലേക്കും ഏറ്റവും ചെലവുകുറഞ്ഞ രീതികളിൽ ഒന്ന്” ആയിട്ടാണ് ഡോട്ട്സിനെ ലോകബാങ്ക് കണക്കാക്കുന്നത്. ഈ ചികിത്സാരീതി ദരിദ്രരാഷ്ട്രങ്ങളിൽ നടപ്പാക്കുന്നതിനുള്ള മൊത്ത ചെലവ് ഒരു രോഗിക്ക് ഏകദേശം നൂറു ഡോളർ ആണെന്നു ഡബ്ലിയുഎച്ച്ഒ കണക്കാക്കുന്നു. “ഇതിന്റെ അർഥം വികസ്വര രാജ്യങ്ങളിൽ ഒരാൾക്കു പത്തുസെന്റിൽ (യു.എസ്.) അധികം ചികിത്സാചെലവു വരില്ല എന്നാണ്. ഈ ചെലവു തീരെ പാവപ്പെട്ടവർക്കു പോലും താങ്ങാവുന്നതേ ഉള്ളൂ.” പക്ഷേ ചെലവു കുറഞ്ഞ ഈ ചികിത്സാരീതിക്കു പ്രയോജനങ്ങൾ നിരവധിയാണ്.
അത് എത്രമാത്രം ഫലപ്രദമാണ്?
ഒരു മിതമായ രീതിയിൽ നടപ്പിൽ വരുത്തിയിട്ടു പോലും ഡോട്ട്സ് ചികിത്സാരീതിക്ക് “അനേക പതിറ്റാണ്ടുകൾക്കു ശേഷം ആദ്യമായി ക്ഷയരോഗത്തിന്റെ ആഗോള മുന്നേറ്റത്തിനു തടയിടാൻ കഴിഞ്ഞു” എന്ന് 1997 മാർച്ചിൽ ഡബ്ലിയുഎച്ച്ഒ-യുടെ പ്രതിനിധികൾ പ്രഖ്യാപിക്കുകയുണ്ടായി. “ഡോട്ട്സ് നടപ്പിലാക്കിയിട്ടുള്ള ഇടങ്ങളിലെല്ലാം രോഗശമന നിരക്ക് ഏതാണ്ട് ഇരട്ടിയാണ്.” ക്ഷയരോഗം സർവസാധാരണമായിരിക്കുന്ന പ്രദേശങ്ങളിൽ, ഡോട്ട്സിന്റെ മാർഗദർശക പദ്ധതികൾ (Pilot program) തെളിയിക്കുന്നത് ഈ ചികിത്സാരീതി ഫലപ്രദമാണെന്നാണ്. ഡബ്ലിയുഎച്ച്ഒ ഉദ്ധരിക്കുന്ന ഏതാനും വിജയകഥകൾ പരിചിന്തിക്കുക.
ഇന്ത്യയിൽ “ചില പ്രത്യേക സ്ഥലങ്ങളിൽ ഡോട്ട്സ് നടപ്പിൽ വരുത്തുകയുണ്ടായി. 1.2 കോടിയിലധികം ആളുകളെ ഉൾപ്പെടുത്തിയായിരുന്നു ഈ പദ്ധതി. . . . ഓരോ അഞ്ചു ക്ഷയരോഗികളിലും നാലു പേരുടെ വീതം രോഗം ഇപ്പോൾ ഭേദമായിരിക്കുന്നു.” സമാനമായി ബംഗ്ലാദേശിൽ, പത്തുലക്ഷം ആളുകൾ ഉൾപ്പെട്ട ഒരു മാർഗദർശക പരിപാടി മുഖാന്തരം അവിടെയുള്ള “[ക്ഷയരോഗികളിൽ] 87 ശതമാനവും സുഖം പ്രാപിച്ചു.” ഒരു ഇന്തോനേഷ്യൻ ദ്വീപിൽ, ഡോട്ട്സ് പദ്ധതി മുഖാന്തരം “സാംക്രമിക ക്ഷയരോഗമുള്ള 10-ൽ 9 പേരും സുഖം പ്രാപിച്ചു വരികയാണ്.” ചൈനയിൽ ഈ മാർഗദർശക പദ്ധതികൾ ഒരു “വമ്പിച്ച വിജയമായിരുന്നു.” 94 ശതമാനം ക്ഷയരോഗികളുടെയും അസുഖം ഭേദമായി. ഒരു ദക്ഷിണാഫ്രിക്കൻ നഗരത്തിൽ, “[ക്ഷയരോഗികളിൽ] 80%-ത്തിലധികവും വിജയകരമായി ചികിത്സിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.” സമീപകാലത്ത്, ന്യൂയോർക്ക് നഗരത്തിലും ഈ ചികിത്സാരീതി നടപ്പിൽ വരുത്തുകയുണ്ടായി. മികച്ച ഫലങ്ങളാണു കൈവരിക്കാൻ സാധിച്ചത്.
ഡസൻ കണക്കിനു രാജ്യങ്ങളിൽ, സ്വാഭാവിക ചുറ്റുപാടുകളിൽ വെച്ചു നടത്തിയ പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത് ഈ ചികിത്സാരീതി “എവിടെ വേണമെങ്കിലും ഉപയോഗപ്പെടുത്താമെന്നും അതിന് 85 ശതമാനമോ അതിലധികമോ പോലും രോഗികളെ സുഖപ്പെടുത്താൻ കഴിയുമെന്നും ആണ്,” ഡോ. കോച്ചി അഭിപ്രായപ്പെടുന്നു.
പ്രചുര പ്രചാരം സിദ്ധിച്ചിട്ടില്ല—പക്ഷേ പുരോഗതിയുണ്ട്
മനുഷ്യരെ കൊന്നൊടുക്കുന്നതിൽ മുൻപന്തിയിൽ നിന്നിട്ടുള്ള ഒരു പകർച്ചവ്യാധിയെ കീഴ്പെടുത്താൻ എളുപ്പവും ചെലവു കുറഞ്ഞതുമായ ഒരു ചികിത്സാരീതിയാണ് ഡോട്ട്സ് എന്നതിനാൽ, അതിനു പ്രചുര പ്രചാരം സിദ്ധിച്ചിരിക്കുമെന്നു നിങ്ങൾ കരുതിയേക്കാം. എന്നാൽ ഒരു ഡബ്ലിയുഎച്ച്ഒ ഉദ്യോഗസ്ഥൻ പറയുന്നത് ശ്രദ്ധിക്കുക: “ഫലപ്രദമെന്നു തെളിഞ്ഞിരിക്കുന്നതും ചെലവു കുറഞ്ഞതുമായ, ഡബ്ലിയുഎച്ച്ഒ-യുടെ ഈ ക്ഷയരോഗ നിയന്ത്രണ ചികിത്സാരീതി നടപ്പിൽ വരുത്തുന്ന രാജ്യങ്ങളുടെ എണ്ണം അതിശയിപ്പിക്കും വിധം കുറവാണ്.” അതെ, 1996-ന്റെ തുടക്കത്തിൽ, വെറും 34 രാജ്യങ്ങളാണ് രാജ്യവ്യാപകമായി ഈ ചികിത്സാരീതി നടപ്പിൽ വരുത്തിയിരുന്നത്.
എന്നിരുന്നാലും, പുരോഗതിയുണ്ട് എന്നതാണ് സത്യം. 1993-നു മുമ്പ്, ക്ഷയരോഗം ഉയർത്തുന്ന ഭീഷണിയിലേക്കു ലോകവ്യാപകമായി ഡബ്ലിയുഎച്ച്ഒ അടിയന്തിര ശ്രദ്ധ ക്ഷണിച്ച സമയത്ത്, ഓരോ 50 ക്ഷയരോഗികളിലും ഒരാൾക്കു മാത്രമേ ഡോട്ട്സ് മുഖാന്തരം പ്രയോജനം നേടാൻ കഴിഞ്ഞിരുന്നുള്ളൂ. ഇന്നു പക്ഷേ, ആ അനുപാതം പത്തിൽ ഒന്ന് എന്ന നിലയിൽ എത്തിയിരിക്കുന്നു. 1998 ആയപ്പോഴേക്കും, ഏകദേശം 96 രാജ്യങ്ങൾ ഡോട്ട്സ് ചികിത്സാരീതി ഉപയോഗപ്പെടുത്തിയിരുന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടു. ഇനിയും കൂടുതൽ രാജ്യങ്ങൾ ഡോട്ട്സ് നടപ്പിൽ വരുത്തുകയാണെങ്കിൽ, ക്ഷയരോഗികളുടെ വാർഷിക എണ്ണം ‘ഒരൊറ്റ ദശാബ്ദം കൊണ്ടു പകുതിയായി വെട്ടിച്ചുരുക്കാനാകും.’ ഡോ. കോച്ചി ഇപ്രകാരം പറയുന്നു: “ഫലപ്രദമെന്നു തെളിഞ്ഞ ഒരു ആരോഗ്യ സംരക്ഷണ രീതിയാണ് നമ്മുടെ പക്കലുള്ളത്. കുറേക്കൂടെ വ്യാപകമായി അതൊന്ന് ഉപയോഗപ്പെടുത്തുകയേ വേണ്ടൂ.”
ക്ഷയരോഗത്തിന് എതിരെ പൊരുതി ജയിക്കുന്നതിനു വേണ്ട ആയുധങ്ങളും അറിവും മനുഷ്യൻ സമ്പാദിച്ചിരിക്കെ, ഇനി വേണ്ടത് ഒന്നു മാത്രമാണ്. ‘ഈ മരുന്നുകൾ ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുന്ന ആളുകൾ.’ ലോകമൊട്ടാകെയുള്ള ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും വേണ്ടിയുള്ള ഒരു പ്രസിദ്ധീകരണത്തിൽ, ഡബ്ലിയുഎച്ച്ഒ ഇപ്രകാരം ചോദിക്കുന്നത് ഒട്ടും അതിശയകരമല്ല: “ഇനിയും നാം എന്തിനു വേണ്ടിയാണു കാത്തു നിൽക്കുന്നത്?”
[അടിക്കുറിപ്പുകൾ]
a ഐസോനൈയാസിഡ്, റൈഫാംപിൻ, പൈറാസിനമൈഡ്, സ്ട്രെപ്റ്റോമൈസിൻ, എത്താംബ്യുട്ടോൾ എന്നിവ ഈ മരുന്നുകളിൽ പെടുന്നു.
[21-ാം പേജിലെ ആകർഷകവാക്യം]
ഓരോ സെക്കൻഡിലും, ഭൂമിയിൽ ആർക്കെങ്കിലും ക്ഷയരോഗം പിടിപെടുന്നു
[21-ാം പേജിലെ ആകർഷകവാക്യം]
‘ലക്ഷങ്ങൾ മരിച്ചുകൊണ്ടിരിക്കുമ്പോൾ ജീവരക്ഷാകരമായ മരുന്നുകൾ ഒരു മൂലയിലിരുന്ന് പൊടിപിടിക്കുകയാണ്’.—ഡോ. ആരാട്ടാ കോച്ചി
[23-ാം പേജിലെ ആകർഷകവാക്യം]
“ഈ പതിറ്റാണ്ടിലെ പൊതു ജനാരോഗ്യ മുന്നേറ്റങ്ങളിൽ അതിപ്രധാനമായ ഒന്നാണ് ഡോട്ട്സ് ചികിത്സാരീതി.”—ഡബ്ലിയുഎച്ച്ഒ പ്രസ്സ് റിലീസ്
[22-ാം പേജിലെ ചതുരം]
വീണ്ടും വർധിക്കുന്നത് എന്തുകൊണ്ട്?
ക്ഷയരോഗത്തിനുള്ള പ്രതിവിധി നാലു ദശാബ്ദങ്ങൾക്കു മുമ്പേ കണ്ടുപിടിക്കപ്പെട്ടതാണ്. അതിനുശേഷം, 12 കോടിയിലധികം ആളുകൾ ഈ രോഗം പിടിപ്പെട്ടു മരണമടഞ്ഞിട്ടുണ്ട്. ഏകദേശം 30 ലക്ഷം പേർ കൂടി ഈ വർഷം മരണമടയുകയും ചെയ്യും. ക്ഷയരോഗത്തിനു പ്രതിവിധി ഉണ്ടായിരിക്കെ, ഇപ്പോഴും ഇത്രമാത്രം ആളുകൾ ഈ രോഗത്താൽ മരിച്ചു കൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ്? പ്രധാനമായും മൂന്നു കാരണങ്ങൾ ആണ് ഉള്ളത്: അവഗണന, എച്ച്ഐവി/എയ്ഡ്സ്, ബഹുഔഷധ-പ്രതിരോധശേഷിയുള്ള ടിബി.
അവഗണന. എയ്ഡ്സും ഇബോളയും പോലുള്ള സാംക്രമിക രോഗങ്ങൾ ലോകശ്രദ്ധ പിടിച്ചെടുത്തിരിക്കുകയാണ്. എന്നിരുന്നാലും, 1995-ൽ ഇബോള പിടിപെട്ട് ഒരാൾ മരണമടഞ്ഞപ്പോൾ അതിന് ആനുപാതികമായി ക്ഷയരോഗത്താൽ മരണമടഞ്ഞത് 12,000 ആളുകളാണ്. വാസ്തവത്തിൽ, വികസ്വര രാജ്യങ്ങളിൽ ക്ഷയരോഗം സർവസാധാരണമായി തീർന്നിരിക്കുന്നതു കൊണ്ട്, ആളുകൾ അതിനെ ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളിൽ ഒന്നായി മാത്രം വീക്ഷിക്കാൻ ഇട വന്നിരിക്കുന്നു. ഇതേ സമയം സമ്പന്ന രാഷ്ട്രങ്ങളിൽ ക്ഷയരോഗം പടർന്നു പിടിക്കാൻ അനുവദിക്കപ്പെട്ടിരിക്കുന്നു, രോഗശമനത്തിനുള്ള ഫലപ്രദമായ മരുന്നുകൾ ഒരു മൂലയിൽ ഇരുന്നു പൊടിപിടിക്കുമ്പോൾ തന്നെ. ഗോളവ്യാപകമായ ഈ അവഗണന ഒരു മാരകമായ പിശകാണെന്നു തെളിഞ്ഞിരിക്കുന്നു. ക്ഷയരോഗത്തെ പ്രതിയുള്ള ലോകത്തിന്റെ ആശങ്കകൾ കുറഞ്ഞു കുറഞ്ഞു വന്നപ്പോൾ പക്ഷേ, ടിബി ബാസിലസ്സുകളുടെ ശക്തി കൂടിക്കൂടി വരികയായിരുന്നു. ഇന്നാകട്ടെ, അവ മുമ്പെന്നത്തെക്കാളും കൂടുതൽ രാജ്യങ്ങളിൽ കൂടുതൽ മനുഷ്യരുടെ നേർക്കു തങ്ങളുടെ ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.
എച്ച് ഐ വി/എയ്ഡ്സ്. എച്ച് ഐ വി-യുടെയും എയ്ഡ്സിന്റെയും ഒരു സഹയാത്രികനാണു ക്ഷയരോഗം. ആളുകൾക്ക് എച്ച്ഐവി ബാധിക്കുമ്പോൾ അവരുടെ പ്രതിരോധശേഷി കുറഞ്ഞുപോകുന്നു. തന്മൂലം, അവർക്കു ക്ഷയരോഗം പിടിപെടാനുള്ള സാധ്യത 30 ഇരട്ടി ആണ്. ലോകവ്യാപകമായി എച്ച്ഐവി ബാധിച്ചവരുടെ എണ്ണത്തിലുള്ള വർധന, ക്ഷയരോഗികളുടെ എണ്ണത്തിലുള്ള വർധനയ്ക്കും ഇടയാക്കിയിരിക്കുന്നതിൽ യാതൊരു അതിശയവുമില്ല! 1997-ൽ, എച്ച്ഐവി ഉണ്ടായിരുന്ന 2,66,000 പേർ ക്ഷയരോഗം മൂലം മരണമടഞ്ഞതായി കണക്കാക്കപ്പെടുന്നു. എച്ച്ഐവി/എയ്ഡ്സ് സംബന്ധിച്ച സംയുക്ത ഐക്യരാഷ്ട്ര പരിപാടിയുടെ ഡയറക്ടറായ പീറ്റർ പ്യോ ഇപ്രകാരം പറയുന്നു: “ക്ഷയരോഗം ഭേദമാക്കാൻ കഴിയുന്ന മരുന്നുകളിൽ നിന്ന്—ഇവയ്ക്കാണെങ്കിൽ വലിയ പണച്ചെലവൊന്നും ഇല്ലതാനും—പ്രയോജനം നേടാൻ കഴിയാതെ പോയവരാണ് ഈ സ്ത്രീപുരുഷന്മാർ.”
ബഹുഔഷധ-പ്രതിരോധശേഷിയുള്ള ടിബി. മനുഷ്യന്റെ ആന്റിബയോട്ടിക്ക് ശേഖരത്തോടു പ്രതിരോധ ശേഷിയുള്ള “സൂപ്പർബഗ്ഗുകൾ” കേവലം ശാസ്ത്ര കൽപിത കഥകളിൽ മാത്രം ഒതുങ്ങിനിന്നിരുന്നവയാണ്, എന്നാൽ ക്ഷയരോഗത്തിന്റെ കാര്യത്തിൽ അവ അതിവേഗം ഒരു യാഥാർഥ്യമായി തീരുകയാണ്. ഇപ്പോൾ തന്നെ 5 കോടിയിലധികം ആളുകളെ ബഹുഔഷധ-പ്രതിരോധശേഷിയുള്ള ക്ഷയരോഗം ബാധിച്ചിരിക്കാൻ സാധ്യതയുണ്ട്. ചികിത്സ തുടങ്ങി ഏതാനും ആഴ്ചകൾക്കു ശേഷം ചില രോഗികൾ മരുന്നു കഴിക്കുന്നത് നിറുത്തി കളയുന്നു. ഇത് ഒരുപക്ഷേ, അസുഖം കുറഞ്ഞെന്നു തോന്നുന്നതു കൊണ്ടോ അല്ലെങ്കിൽ മരുന്നു തീർന്നുപോകുന്നതു കൊണ്ടോ അതുമല്ലെങ്കിൽ ക്ഷയരോഗം സമൂഹത്തിലെ അവരുടെ നിലയ്ക്കും വിലയ്ക്കും കോട്ടം വരുത്തുന്നു എന്നു വിചാരിക്കുന്നതു കൊണ്ടോ ആകാം. കാരണം എന്തുതന്നെ ആയാലും, ഇടയ്ക്കു വെച്ച് മരുന്നു കഴിക്കുന്നതു നിറുത്തിക്കളഞ്ഞാൽ, ടിബി ബാസില്ലസ്സുകൾ ശരീരത്തിൽ പിന്നെയും ബാക്കിയുണ്ടാകും. ഉദാഹരണത്തിന്, ഒരു ഏഷ്യൻ രാജ്യത്ത്, മൂന്നിൽ രണ്ട് ക്ഷയരോഗികളും ചികിത്സ ആരംഭിച്ച് അധികം വൈകാതെ അത് അവസാനിപ്പിക്കുന്നു. എന്നാൽ വീണ്ടും രോഗ ലക്ഷണങ്ങൾ തലപൊക്കുമ്പോൾ ചികിത്സ കൂടുതൽ ബുദ്ധിമുട്ടായിത്തീരുന്നു. കാരണം, ശരീരത്തിൽ ബാക്കിയുള്ള ബാക്ടീരിയ, ലഭ്യമായിട്ടുള്ള എല്ലാ മരുന്നുകളെയും ചെറുത്തു നിൽക്കുന്നതു നിമിത്തം അവ തീർത്തും ഫലമില്ലാത്തതായി തീരുന്നു. ഇതിന്റെ ഫലമോ, ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത ഒരു തരം ക്ഷയരോഗവും. ഇവരിൽനിന്ന് ഇതു പകരുന്ന എല്ലാവരിലും ഇതേ തരം ക്ഷയരോഗംതന്നെ ആയിരിക്കും ഉണ്ടായിരിക്കുക. ബഹുഔഷധ-പ്രതിരോധ ശേഷിയുള്ള ടിബി എന്ന ഈ മാരകമായ ഭൂതത്തെ ഒരിക്കൽ കുപ്പിയിൽ നിന്നു തുറന്നു വിട്ടാൽ, പിന്നെ നാം അഭിമുഖീകരിക്കേണ്ടി വരുന്നത് നിരാശാപൂരിതമായ ഈ ചോദ്യമാണ്, മനുഷ്യന് എന്നെങ്കിലും അതിനെ തിരികെ കുപ്പിയിലടയ്ക്കാൻ പറ്റുമോ?
[22-ാം പേജിലെ ചതുരം]
ബി ഗോളവ്യാപകമായി പിടിമുറുക്കിയിരിക്കുന്നു
ഓരോ വർഷം ചെല്ലുന്തോറും, ക്ഷയരോഗം എന്ന പകർച്ചവ്യാധി കൂടുതൽ മാരകവും, കൂടുതൽ വ്യാപകവും ആയിത്തീർന്നു കൊണ്ടിരിക്കുകയാണ്, മാത്രമല്ല അതിന്റെ ചികിത്സാച്ചെലവും വർധിച്ചു കൊണ്ടിരിക്കുന്നു. ലോകാരോഗ്യസംഘടനയുടെ പക്കലുള്ള റിപ്പോർട്ടുകളിൽ, ഈ നിശ്ശബ്ദ കൊലയാളിയുടെ കറുത്ത കരങ്ങൾ എവിടെയെല്ലാം നീണ്ടുചെന്നിരിക്കുന്നു എന്നതിന്റെ രേഖകൾ കാണാം. ചില ഉദാഹരണങ്ങൾ ശ്രദ്ധിക്കുക: “ക്ഷയരോഗത്തിന് എതിരെയുള്ള പോരാട്ടത്തിൽ പാകിസ്ഥാൻ പരാജയപ്പെടുന്നു.” “ക്ഷയരോഗം കൊടുംപകയോടെ തായ്ലൻഡിലേക്കു മടങ്ങിവന്നിരിക്കുന്നു.” “ബ്രസീലിൽ ഇന്ന്, ആരോഗ്യപ്രശ്നത്തിനും മരണത്തിനും ഇടയാക്കുന്ന മുഖ്യസംഗതികളിൽ ഒന്നാണ് ക്ഷയരോഗം.” “മെക്സിക്കോ നിവാസികൾ ഇപ്പോഴും ക്ഷയരോഗത്തിന്റെ കരാളഹസ്തങ്ങളിൽ.” റഷ്യയിൽ, “ക്ഷയരോഗ നിരക്കു കുതിച്ചുയരുന്നു.” എത്യോപ്യയിൽ “ഉടനീളം ക്ഷയരോഗം നിയന്ത്രണാതീതമാം വിധം വിളയാട്ടം നടത്തുകയാണ്.” “ലോകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിലേക്കും ഏറ്റവും കൂടുതൽ ക്ഷയരോഗികൾ ഉള്ള രാജ്യങ്ങളിൽ ഒന്നാണു ദക്ഷിണാഫ്രിക്ക.”
ഓരോ 100 ക്ഷയരോഗികളിലും 95 പേർ ദരിദ്ര രാഷ്ട്രങ്ങളിലാണു ജീവിക്കുന്നത് എങ്കിലും, ഈ രോഗം സമ്പന്ന രാഷ്ട്രങ്ങളിലും അതിന്റെ പിടി മുറുക്കുകയാണ്. 1990-കളുടെ ആരംഭത്തിൽ, ഐക്യനാടുകളിൽ റിപ്പോർട്ടു ചെയ്യപ്പെട്ട ക്ഷയരോഗികളുടെ എണ്ണത്തിൽ ഒരു വൻ വർധനവ് ഉണ്ടായി. ക്ഷയരോഗം “ഒരിക്കൽ കൂടി അമേരിക്കക്കാരെ വേട്ടയാടാൻ തിരിച്ചെത്തിയിരിക്കുന്നു” എന്ന് യുഎസ് പത്രപ്രവർത്തകയായ വാലെറി ഗാർട്ട്സെഫ് കുറിക്കൊള്ളുന്നു. അതുപോലെ, റോയൽ നെതർലൻഡ്സ് ടിബി അസോസിയേഷന്റെ ഡയറക്ടറായ ഡോ. യാപ്പ് ബ്രൂക്ക്മാൻസ് ഈ അടുത്തകാലത്ത് ഇങ്ങനെ അഭിപ്രായപ്പെട്ടു: ക്ഷയരോഗം എന്ന പകർച്ചവ്യാധി “കിഴക്കൻ യൂറോപ്പിലും അതുപോലെ പടിഞ്ഞാറൻ യൂറോപ്പിന്റെ ചില ഭാഗങ്ങളിലും വഷളാകാൻ തുടങ്ങിയിരിക്കുന്നു.” സയൻസ് എന്ന പത്രികയുടെ 1997 ആഗസ്റ്റ് 22 ലക്കം ഇപ്രകാരം പ്രസ്താവിച്ചത് ഒട്ടും അതിശയകരമല്ല: “ക്ഷയരോഗം ഇന്നും ആരോഗ്യത്തിന് ഒരു പ്രമുഖഭീഷണിയായി തുടരുന്നു.”
[24-ാം പേജിലെ ചതുരം]
ടിബി-യുടെ ബ്ലൂപ്രിന്റ് കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു
ഗവേഷകർ ഈ അടുത്തകാലത്ത്, ക്ഷയരോഗം പരത്തുന്ന ബാക്ടീരിയത്തിന്റെ മുഴു ജനിതക ബ്ലൂപ്രിന്റും രേഖപ്പെടുത്തുന്നതിൽ വിജയിക്കുകയുണ്ടായി. ലണ്ടനിലെ ഇംപീരിയൽ കോളജ് സ്കൂൾ ഓഫ് മെഡിസിനിലെ ഡോ. ഡഗ്ലസ് യങ്ങ് ഈ അതിശയകരമായ നേട്ടത്തെ “മനുഷ്യന്റെ ഏറ്റവും വലിയ ഇരപിടിയന്മാരിൽ ഒന്നിന് എതിരെയുള്ള പോരാട്ടത്തിലെ ഒരു വഴിത്തിരിവ്” എന്നാണു വിശേഷിപ്പിച്ചത്. “ടിബി-യെ ചെറുക്കുന്ന ഔഷധങ്ങളെയും വാക്സിനുകളെയും സംബന്ധിച്ച ഭാവി ഗവേഷണത്തിൽ” ഈ കണ്ടുപിടുത്തം “വിലതീരാത്തതെന്നു തെളിയും” എന്നു ലോകാരോഗ്യ സംഘടന റിപ്പോർട്ടു ചെയ്യുന്നു.—ദ ടിബി ട്രീറ്റ്മെന്റ് ഒബ്സെർവർ, സെപ്റ്റംബർ 15, 1998.
[23-ാം പേജിലെ ചിത്രം]
മരുന്നുകളുടെ ഈ കൂട്ടിന് ടിബി ബാസില്ലസ്സുകളെ കൊന്നൊടുക്കാൻ കഴിയും
[കടപ്പാട്]
Photo supplied by WHO, Geneva
ഫോട്ടോ: WHO/Thierry Falise
[24-ാം പേജിലെ ചിത്രം]
ഒരു രോഗിയുടെ അസുഖം ഭേദമാക്കാൻ നൂറു ഡോളർ വേണം
[കടപ്പാട്]
ഫോട്ടോ: WHO/Thierry Falise
Photo supplied by WHO, Geneva
[21-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
ഫോട്ടോ: WHO/Thierry Falise
Photo supplied by WHO, Geneva
ഫോട്ടോ: WHO/Thierry Falise