ക്ഷയരോഗം തിരിച്ചടിക്കുന്നു!
ആയിരത്തിത്തൊള്ളായിരത്തമ്പതുകൾക്കുശേഷം ഐക്യനാടുകളിലെ ക്ഷയരോഗ (ടിബി) ബാധകളുടെ എണ്ണം ഓരോ വർഷവും 5 ശതമാനം എന്ന നിരക്കിൽ കുറയുകയുണ്ടായി. എന്നാൽ 1985 മുതൽ, റിപ്പോർട്ടു ചെയ്യപ്പെട്ട ടിബി കേസുകളിൽ 18 ശതമാനം വർധനവ് ഉണ്ടായിരിക്കുന്നു. ഔഷധ ചികിത്സയോടു പ്രതികരിക്കാത്ത, ഈ രോഗത്തിന്റെ ഒരു പുതിയ ഇനം കൂടുതൽ അസ്വസ്ഥത ഉളവാക്കുന്നു. ടിബി ഇപ്പോൾ ഓരോ വർഷവും 30 ലക്ഷം ആളുകളെ കൊന്നൊടുക്കുന്നതായി കണക്കാക്കപ്പെടുന്നു. ടിബി-ക്കെതിരെയുള്ള പോരാട്ടം പരാജയമടയുന്നതെന്തുകൊണ്ട്?
പല രോഗികളും ആവശ്യപ്പെട്ടിരിക്കുന്ന കാലയളവു മുഴുവൻ—മിക്കപ്പോഴും ആറുമുതൽ ഒൻപതുവരെ മാസങ്ങൾ—മരുന്നുകഴിക്കാത്തതാണ് ഒരു കാരണം. ഉദാഹരണത്തിന്, ടിബി സജീവമായുള്ള ഏതാണ്ട് 200 രോഗികളുടെ ഒരു സംഘത്തിലെ 89 ശതമാനം ചികിത്സ പൂർത്തിയാക്കാഞ്ഞതായി ന്യൂയോർക്ക് നഗരത്തിലെ ഒരു പഠനം വെളിപ്പെടുത്തി. അമേരിക്കൻ ശ്വാസകോശ സമിതിയുടെ പ്രസിഡന്റായ ഡോ. ലീ റൈക്ക്മൻ ഇപ്രകാരം പറയുന്നു: “അതു ഭയങ്കരമാണ്, എന്തുകൊണ്ടെന്നാൽ ആ ആളുകൾ (എ) സുഖം പ്രാപിക്കാൻ പോകുന്നില്ല, (ബി) സാധാരണ ഉപയോഗത്തിലുള്ള ഔഷധങ്ങളോടു ചെറുത്തുനിൽക്കുന്ന തരത്തിലുള്ള ടിബി അവരിൽ ഉണ്ടാകാനിടയുണ്ട്.” ഈ വാഹകർക്കു സ്വന്തം ആരോഗ്യത്തെ മാത്രമല്ല ബാധിക്കാൻ കഴിയുന്നത്. “മരുന്നു സ്വീകരിക്കാത്തതുമൂലം അവർക്കു മറ്റാളുകളിലേക്കു രോഗം പകർത്താൻ കഴിയു”മെന്ന് ഡോ. റൈക്ക്മൻ കൂട്ടിച്ചേർക്കുന്നു. ലോകമെമ്പാടും ഓരോ വർഷവും രോഗനിർണയം ചെയ്യപ്പെടുന്നതായി കണക്കാക്കുന്ന എൺപതു ലക്ഷം പുതിയ കേസുകളുടെ ഒരു കാരണമിതാണെന്നതിനു സംശയമില്ല.
‘മഹാവ്യാധികൾ അവിടവിടെ ഉണ്ടാകു’ന്നത് നാം ഈ വ്യവസ്ഥിതിയുടെ “അന്ത്യനാളുക”ളിലാണു ജീവിക്കുന്നതെന്ന അടയാളത്തിന്റെ ഒരു ഭാഗമാണ് എന്ന് ബൈബിൾ വിദ്യാർഥികൾ തിരിച്ചറിയുന്നു. (ലൂക്കൊസ് 21:11; 2 തിമോത്തി 3:1, NW) അതു കഴിഞ്ഞ് എന്തു സംഭവിക്കും? “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയി”ല്ലാത്ത ഒരു പുതിയ ഭൂമി. (യെശയ്യാവു 33:24) അതേ, താത്കാലിക ആശ്വാസമല്ല, പിന്നെയോ രോഗത്തിൽനിന്നും മരണത്തിൽനിന്നുമുള്ള സ്ഥിരമായ മോചനമാണ് യഹോവയാം ദൈവം വാഗ്ദാനം ചെയ്യുന്നത്.—വെളിപ്പാടു 21:1-4.