“കുട്ടികൾ ഇളപ്പമാണ്”
‘കുട്ടികൾ ഇളപ്പമാണ്; ഞാൻ കുട്ടികളുടെ നടപ്പിന് ഒത്തവണ്ണം സാവധാനം സഞ്ചരിക്കും.’—ഒന്നിലധികം കുട്ടികളുടെ പിതാവായ യാക്കോബ്, പൊ.യു.മു. 18-ാം നൂറ്റാണ്ട്.
കുട്ടികളോടുള്ള മോശമായ പെരുമാറ്റം ഒരു പുതിയ സംഗതിയല്ല. ആസ്റ്റെക്കുകാർ, കനാന്യർ, ഇങ്കകൾ, ഫൊയ്നിക്യക്കാർ എന്നിങ്ങനെ പുരാതന സംസ്കാരങ്ങളിൽപ്പെട്ടവർ ശിശുബലി അർപ്പിക്കുന്നതിൽ കുപ്രസിദ്ധി ആർജിച്ചവരാണ്. ഫൊയ്നിക്യ നഗരമായ കാർത്തേജിൽ (ഇപ്പോൾ ഉത്തരാഫ്രിക്കയിലെ ട്യൂണിസിലെ ഒരു പ്രാന്തപ്രദേശമാണ് ഇത്) നടത്തിയ കുഴിച്ചെടുക്കലുകൾ, പൊ.യു.മു. അഞ്ചും മൂന്നും നൂറ്റാണ്ടിന് ഇടയ്ക്ക് ബാൽ ദൈവത്തിനും താനിറ്റ് ദേവിക്കും 20,000 കുട്ടികളെ ബലി കഴിച്ചതായി വെളിപ്പെടുത്തിയിരിക്കുന്നു! പ്രതാപത്തിന്റെ ഉച്ചാവസ്ഥയിൽ വെറും 2,50,000-ത്തോളം ജനങ്ങൾ മാത്രം ഉണ്ടായിരുന്നതായി പറയപ്പെടുന്ന ഒരു നഗരത്തിലാണ് ഇത്രയധികം കുട്ടികൾ ബലികഴിക്കപ്പെട്ടത് എന്ന് അറിയുന്നത് ഒരു വ്യക്തിയെ കൂടുതൽ ഞെട്ടിച്ചേക്കാം.
എന്നാൽ, വ്യത്യസ്തമായ ഒരു പുരാതന മനുഷ്യ സമൂഹം ഉണ്ടായിരുന്നു. കുട്ടികളോടു ക്രൂരത കാട്ടിയിരുന്ന അയൽക്കാർക്കിടയിലാണു ജീവിച്ചിരുന്നതെങ്കിലും തങ്ങളുടെ കുട്ടികളോടുള്ള പെരുമാറ്റത്തിൽ ഇസ്രായേൽ ജനത ശ്രദ്ധേയമായ വിധത്തിൽ വ്യത്യസ്തത പുലർത്തിയിരുന്നു. ആ ജനതയുടെ പിതാവായ, ഗോത്രപിതാവായ യാക്കോബ് നല്ല മാതൃക വെച്ചിട്ടുണ്ട്. ബൈബിളിലെ ഉല്പത്തി പുസ്തകം പറയുന്നത് അനുസരിച്ച് സ്വദേശത്തേക്കു മടങ്ങുന്ന അവസരത്തിൽ കുട്ടികൾക്കു യാത്ര ദുഷ്കരമാകാതിരിക്കാൻ വേണ്ടി യാക്കോബ് തന്റെ മുഴു പരിവാരത്തിന്റെയും ഗതിയിൽ ക്രമപ്പെടുത്തലുകൾ വരുത്തി. “കുട്ടികൾ ഇളപ്പമാണ്,” അവൻ പറഞ്ഞു. ആ സമയത്ത് അവന് 5-നും 14-നും ഇടയ്ക്കു പ്രായമുള്ള മക്കൾ ഉണ്ടായിരുന്നു. (ഉല്പത്തി 33:13, 14, NW) അവന്റെ സന്തതികളായ ഇസ്രായേല്യരും കുട്ടികളുടെ ആവശ്യങ്ങളോടും അന്തസ്സിനോടും അതേ ആദരവു പുലർത്തിയിരുന്നു.
തീർച്ചയായും ബൈബിൾ കാലങ്ങളിലെ കുട്ടികൾക്ക് അനേകം കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. വളർന്നുവരവെ ആൺകുട്ടികൾക്കു തങ്ങളുടെ പിതാവിൽനിന്ന് കൃഷിപ്പണിയിലോ ആടുമാടുകളെ വളർത്തുന്നതിലോ ആശാരിപ്പണി പോലെയുള്ള എന്തെങ്കിലും തൊഴിലിലോ പ്രായോഗിക പരിശീലനം ലഭിച്ചിരുന്നു. (ഉല്പത്തി 37:2; 1 ശമൂവേൽ 16:11) പെൺകുട്ടികളെയാകട്ടെ, ജീവിതത്തിൽ പിൽക്കാലത്ത് ഉപകരിക്കുന്ന തരം ഗൃഹജോലികൾ അമ്മമാർ പഠിപ്പിച്ചുകൊടുത്തിരുന്നു. യാക്കോബിന്റെ ഭാര്യയായ റാഹേൽ ചെറുപ്പത്തിൽ ആടിനെ മേയിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നു. (ഉല്പത്തി 29:6-9) യുവതികൾ മുന്തിരിത്തോപ്പുകളിലും കൊയ്ത്തുകാലത്ത് വയലുകളിലും പണിയെടുത്തിരുന്നു. (രൂത്ത് 2:5-9; ഉത്തമഗീതം 1:6)a അത്തരം ജോലികൾ പൊതുവെ മാതാപിതാക്കളുടെ സ്നേഹപൂർവകമായ മേൽനോട്ടത്തിൻ കീഴിലായിരുന്നു ചെയ്യപ്പെട്ടിരുന്നത്. മാത്രമല്ല, അവയ്ക്ക് വിദ്യാഭ്യാസ മൂല്യവും ഉണ്ടായിരുന്നു.
എന്നാൽ ഇതോടൊപ്പം ഇസ്രായേലിലെ കുട്ടികൾക്കു വിശ്രമവും ലഭിച്ചിരുന്നു, അവർ വിനോദങ്ങൾ ആസ്വദിക്കുകയും ചെയ്തിരുന്നു. പ്രവാചകനായ സെഖര്യാവ് ‘നഗരത്തിന്റെ വീഥികൾ കളിച്ചുകൊണ്ടിരിക്കുന്ന ആൺകുട്ടികളെയും പെൺകുട്ടികളെയും കൊണ്ടു നിറഞ്ഞിരിക്കു’ന്നതായി പറഞ്ഞു. (സെഖര്യാവു 8:5) കൂടാതെ, ചന്തസ്ഥലങ്ങളിൽ ഇരുന്ന് കുഴലൂതുകയും നൃത്തം ചെയ്യുകയും ചെയ്തിരുന്ന കുട്ടികളെ കുറിച്ച് യേശുക്രിസ്തു പരാമർശിക്കുകയുണ്ടായി. (മത്തായി 11:16, 17) ഇസ്രായേല്യർ ഇപ്രകാരം കുട്ടികളോട് ആദരവോടെ ഇടപെട്ടിരുന്നതിന്റെ കാരണം എന്തായിരുന്നു?
ഉന്നത തത്ത്വങ്ങൾ
ഇസ്രായേല്യർ ദൈവനിയമങ്ങൾ പാലിച്ചിരുന്നിടത്തോളം കാലം അവർ തങ്ങളുടെ കുട്ടികളെ ദ്രോഹിക്കുകയോ ചൂഷണം ചെയ്യുകയോ ചെയ്തിരുന്നില്ല. (ആവർത്തനപുസ്തകം 18:10, 11-നെ യിരെമ്യാവു 7:31-മായി താരതമ്യം ചെയ്യുക.) അവർ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും “യഹോവ നല്കുന്ന അവകാശ”മായി, “പ്രതിഫല”മായി വീക്ഷിച്ചിരുന്നു. (സങ്കീർത്തനം 127:3-5) ഒരു പിതാവ് തന്റെ മക്കളെ ‘തന്റെ മേശെക്കു ചുറ്റുമുള്ള ഒലിവുതൈകളെപോലെ’ കരുതി—ഒലിവുതൈകൾ ആ കർഷക സമൂഹത്തെ സംബന്ധിച്ചിടത്തോളം അമൂല്യമായിരുന്നു! (സങ്കീർത്തനം 128:3-6) പുത്രൻ, പുത്രി എന്നീ വാക്കുകൾക്കു പുറമേ കുട്ടികൾ എന്നതിന് വേറെ ഒമ്പതു വാക്കുകൾ കൂടെ പുരാതന എബ്രായ ഭാഷയിൽ ഉണ്ടായിരുന്നു എന്നും അവയിൽ ഓരോന്നും ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളെ കുറിക്കുന്നതായിരുന്നു എന്നും ചരിത്രകാരനായ ആൽഫ്രഡ് അഡർഷൈം പറയുന്നു. അദ്ദേഹം ഇങ്ങനെ നിഗമനം ചെയ്യുന്നു: “വളർച്ചയുടെ ഓരോ ഘട്ടത്തെയും ചിത്രീകരിക്കുന്ന വാക്കുകൾക്കു രൂപം നൽകത്തക്കവിധം കുട്ടികളുടെ ജീവിതത്തെ സശ്രദ്ധം വീക്ഷിച്ചിരുന്നവർക്ക് തങ്ങളുടെ മക്കളോട് അളവറ്റ വാത്സല്യം ഉണ്ടായിരുന്നിരിക്കണം, തീർച്ച.”
ക്രിസ്തീയ യുഗത്തിൽ, മക്കളോടു മാന്യതയോടും ആദരവോടും കൂടെ പെരുമാറാൻ മാതാപിതാക്കൾ ബുദ്ധിയുപദേശിക്കപ്പെട്ടിരുന്നു. കുട്ടികളോടു മാന്യമായി പെരുമാറുന്ന കാര്യത്തിൽ യേശു വിശിഷ്ടമായ മാതൃക വെച്ചു. യേശുവിന്റെ ഭൗമിക ശുശ്രൂഷയുടെ അവസാനത്തോടടുത്ത് ഒരു സന്ദർഭത്തിൽ ആളുകൾ തങ്ങളുടെ കൊച്ചു കുട്ടികളെ അവന്റെ അടുക്കലേക്കു കൊണ്ടുവരാൻ തുടങ്ങി. യേശു വളരെ തിരക്കിലാണെന്നും അതുകൊണ്ട് അവനെ ശല്യപ്പെടുത്തേണ്ടെന്നും കരുതിയിട്ടാകണം ശിഷ്യന്മാർ അവരെ തടയാൻ ശ്രമിച്ചു. എന്നാൽ യേശു തന്റെ ശിഷ്യന്മാരെ ശാസിക്കുകയാണു ചെയ്തത്: “ശിശുക്കളെ എന്റെ അടുക്കൽ വിടുവിൻ, അവരെ തടുക്കരുതു.” യേശു കുട്ടികളെ ‘അണെച്ചു പിടി’ക്കുക പോലും ചെയ്തു. കുട്ടികളെ വിലയേറിയവരും ദയാപൂർവകമായ പെരുമാറ്റത്തിനു യോഗ്യരും ആയി യേശു കണക്കാക്കി എന്നതിനു സംശയമില്ല.—മർക്കൊസ് 10:14, 16; ലൂക്കൊസ് 18:15-17.
പിന്നീട് അപ്പൊസ്തലനായ പൗലൊസ് പിതാക്കന്മാരോട് ഇങ്ങനെ പറഞ്ഞു: “പിതാക്കൻമാരേ, നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുതു.” (കൊലൊസ്സ്യർ 3:21) ഈ കൽപ്പനയോടുള്ള യോജിപ്പിൽ അന്നത്തെ പോലെതന്നെ ഇന്നും ക്രിസ്തീയ മാതാപിതാക്കൾ തങ്ങളുടെ മക്കൾക്കു ദോഷം ചെയ്യുന്ന ചുറ്റുപാടിൽ പണിയെടുക്കാൻ ഒരിക്കലും അവരെ അനുവദിക്കില്ല. കുട്ടികളുടെ ശാരീരികവും വൈകാരികവും ആത്മീയവുമായ വളർച്ചയ്ക്ക് സ്നേഹം കളിയാടുന്ന, കരുതലും സുരക്ഷിതത്വവും ഉള്ള ഒരു അന്തരീക്ഷം ആവശ്യമാണ് എന്ന് അവർ തിരിച്ചറിയുന്നു. മാതാപിതാക്കളുടെ ഭാഗത്ത് യഥാർഥ സ്നേഹം വ്യക്തമായും പ്രകടമായിരിക്കണം. ആരോഗ്യത്തിനു ഹാനികരമായ തൊഴിൽ സാഹചര്യങ്ങളിൽനിന്നു മക്കളെ സംരക്ഷിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.
ആധുനിക യാഥാർഥ്യങ്ങൾ
“ഇടപെടാൻ പ്രയാസമായ ദുർഘടസമയ”ത്താണു നാം ജീവിക്കുന്നത് എന്നുള്ളതു ശരിയാണ്. (2 തിമൊഥെയൊസ് 3:1-5, NW) കടുത്ത സാമ്പത്തിക പരാധീനതകൾ മൂലം പല രാജ്യങ്ങളിലും, ക്രിസ്തീയ കുടുംബങ്ങളിൽ ഉള്ളവർക്കുപോലും തങ്ങളുടെ മക്കളെ തൊഴിൽ ചെയ്യാൻ വിടേണ്ടതായ സാഹചര്യം ഉണ്ടായേക്കാം. മുമ്പു പറഞ്ഞതുപോലെ, ആരോഗ്യാവഹവും വിദ്യാഭ്യാസ മൂല്യമുള്ളതുമായ തൊഴിലുകൾ ചെയ്യാൻ കുട്ടികളെ അനുവദിക്കുന്നതിൽ യാതൊരു തെറ്റുമില്ല. ആവശ്യമായ വിദ്യാഭ്യാസത്തിനും വിശ്രമത്തിനും വിനോദത്തിനും തടസ്സം സൃഷ്ടിക്കാത്ത അത്തരം തൊഴിൽ കുട്ടിയുടെ ശാരീരികമോ മാനസികമോ ആത്മീയമോ ധാർമികമോ സാമൂഹികമോ ആയ വളർച്ചയെ ത്വരിതപ്പെടുത്തും.
നിസ്സംശയമായും, മക്കൾ തങ്ങളുടെ സ്നേഹപൂർവകമായ മേൽനോട്ടത്തിൻ കീഴിൽ—ക്രൂരരോ നിർദയരോ മനസ്സാക്ഷിയില്ലാത്തവരോ ആയ തൊഴിലുടമകളുടെ കീഴിലല്ല—ജോലി ചെയ്യാനാണു ക്രിസ്തീയ മാതാപിതാക്കൾ താത്പര്യപ്പെടുക. മക്കൾ ചെയ്യുന്ന എന്തു ജോലിയും അവരെ ശാരീരികമോ ലൈംഗികമോ വൈകാരികമോ ആയി അപകടപ്പെടുത്തുകയില്ലെന്ന് ഉറപ്പുവരുത്താൻ അത്തരം മാതാപിതാക്കൾ ആഗ്രഹിക്കും. കൂടാതെ, മക്കൾ കൺവെട്ടത്തുതന്നെ ഉണ്ടാകണമെന്നും അവർക്കു നിർബന്ധമായിരിക്കും. അങ്ങനെയാകുമ്പോൾ അവർക്ക് ആത്മീയ പ്രബോധകർ എന്ന നിലയിലുള്ള തങ്ങളുടെ ബൈബിളധിഷ്ഠിത ധർമം നിർവഹിക്കാൻ സാധിക്കും: “നീ [ദൈവത്തിന്റെ വചനങ്ങൾ] നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.”—ആവർത്തനപുസ്തകം 6:6, 7.
ഇതിനു പുറമേ, സഹാനുഭൂതിയും സ്നേഹവും ആർദ്രാനുകമ്പയും ഉള്ളവനായിരിക്കാൻ ഒരു ക്രിസ്ത്യാനിയോടു പറയപ്പെട്ടിരിക്കുന്നു. (1 പത്രൊസ് 3:8, NW) ‘എല്ലാവർക്കും നൻമചെയ്യാൻ’ അയാൾ പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു. (ഗലാത്യർ 6:10) മറ്റ് ആളുകളോടുള്ള പെരുമാറ്റത്തിൽ അത്തരം ദൈവിക ഗുണങ്ങൾ പ്രകടമാക്കേണ്ടതാണെങ്കിൽ സ്വന്തം മക്കളോട് അത് എത്രയധികം കാണിക്കണം! “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്വിൻ” എന്ന സുവർണ നിയമത്തോടുള്ള ചേർച്ചയിൽ മറ്റുള്ളവരുടെ മക്കളെ—അവർ സഹ ക്രിസ്ത്യാനികളുടെയോ മറ്റു മതങ്ങളിൽ പെട്ടവരുടെയോ ആയിക്കൊള്ളട്ടെ—ക്രിസ്ത്യാനികൾ ഒരിക്കലും ചൂഷണം ചെയ്യുകയില്ല. (മത്തായി 7:12) ഇതിനു പുറമേ, ക്രിസ്ത്യാനികൾ നിയമാനുസാരികളായ പൗരന്മാർ ആയതുകൊണ്ട്, തങ്ങൾക്കു വേണ്ടി ജോലി ചെയ്യുന്നവരുടെ പ്രായപരിധിയുടെ കാര്യത്തിൽ ഗവൺമെന്റ് വെച്ചിട്ടുള്ള നിയമങ്ങൾ ലംഘിക്കാതിരിക്കാൻ അവർ ശ്രദ്ധയുള്ളവരായിരിക്കും.—റോമർ 13:1.
യഥാർഥ പരിഹാരം
ഭാവിയിലെ കാര്യമോ? കുട്ടികൾക്കും മുതിർന്നവർക്കും മെച്ചപ്പെട്ട ഒരു കാലം വരാൻ പോകുന്നു. ബാലതൊഴിൽ എന്ന പ്രശ്നത്തിനുള്ള ശാശ്വതമായ പരിഹാരം, “സ്വർഗ്ഗരാജ്യം” എന്നു ബൈബിൾ വിളിക്കുന്ന, വരാനിരിക്കുന്ന ഒരു ലോക ഗവൺമെന്റ് ആണെന്ന് സത്യ ക്രിസ്ത്യാനികൾ ഉറച്ചു വിശ്വസിക്കുന്നു. (മത്തായി 3:2) ദൈവഭയമുള്ള ആളുകൾ നൂറ്റാണ്ടുകളായി അതിനുവേണ്ടി പ്രാർഥിച്ചുകൊണ്ടിരിക്കുന്നു: “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ. നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.”—മത്തായി 6:9, 10.
ബാലതൊഴിലിന് ഇടയാക്കുന്ന സാഹചര്യങ്ങളും അതുപോലുള്ള മറ്റു സംഗതികളും ഈ രാജ്യം നീക്കം ചെയ്യും. അത് ദാരിദ്ര്യത്തെ നിർമാർജനം ചെയ്യും. “ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു; ദൈവം, നമ്മുടെ ദൈവം തന്നേ, നമ്മെ അനുഗ്രഹിക്കും.” (സങ്കീർത്തനം 67:6) ദൈവിക ഗുണങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉചിതമായ വിദ്യാഭ്യാസം എല്ലാവർക്കും ലഭിക്കുന്നുവെന്നു ദൈവരാജ്യം ഉറപ്പുവരുത്തും. “[ദൈവത്തിന്റെ] ന്യായവിധികൾ ഭൂമിയിൽ നടക്കുമ്പോൾ ഭൂവാസികൾ നീതിയെ പഠിക്കും.”—യെശയ്യാവു 26:9.
അസമത്വത്തിന് ഇടയാക്കുന്ന സാമ്പത്തിക വ്യവസ്ഥകൾ ദൈവത്തിന്റെ ഗവൺമെന്റ് ഇല്ലാതാക്കും. വംശത്തെയോ സമൂഹത്തെയോ പ്രായത്തെയോ ലിംഗത്തെയോ അടിസ്ഥാനമാക്കിയുള്ള വിവേചനം അന്നുണ്ടായിരിക്കില്ല. കാരണം, ആ ഗവൺമെന്റിന്റെ പ്രമുഖ നിയമം, സ്നേഹത്തിന്റെ നിയമമായിരിക്കും. ഈ കൽപ്പന അതിൽ ഉൾപ്പെട്ടിരിക്കും: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.” (മത്തായി 22:39) അത്തരമൊരു നീതിനിഷ്ഠമായ ലോക ഗവൺമെന്റിൻ കീഴിൽ ബാലതൊഴിൽ എന്ന പ്രശ്നം പൂർണമായും നീക്കം ചെയ്യപ്പെട്ടിരിക്കും!
[അടിക്കുറിപ്പുകൾ]
a സ്ത്രീകൾ വീട്ടിലോ പാടത്തോ ഒതുങ്ങിക്കഴിയേണ്ടവർ ആണെന്നും അവർ വീട്ടിലെ പ്രാധാന്യം കുറഞ്ഞ വ്യക്തികളാണെന്നും ഇത് അർഥമാക്കിയില്ല. സദൃശവാക്യങ്ങളിലെ “സാമർത്ഥ്യമുള്ള ഭാര്യയെ” സംബന്ധിച്ച വർണന, വിവാഹിതയായ ഒരു സ്ത്രീക്ക് വീട്ടുകാര്യങ്ങൾ നോക്കിനടത്താൻ മാത്രമല്ല വസ്തു ഇടപാടുകൾ നടത്താനും ഫലഭൂയിഷ്ഠമായ തോട്ടം നട്ടുപിടിപ്പിക്കാനും ചെറിയ തോതിലുള്ള വ്യാപാരം നടത്താനും കഴിയുമായിരുന്നു എന്നു വെളിപ്പെടുത്തുന്നു.—സദൃശവാക്യങ്ങൾ 31:10, 16, 18, 24.
[12-ാം പേജിലെ ചതുരം]
ഒരു വേശ്യാലയ നടത്തിപ്പുകാരി തന്റെ കീഴിലുള്ള പെൺകുട്ടികളെ സ്വതന്ത്രരാക്കുന്നു
കരീബിയൻ ദ്വീപുകളിലൊന്നിലാണു സെസില്യയുടെb താമസം. 15 വർഷം അവർ അവിടെ ഒരു വേശ്യാലയം നടത്തിയിരുന്നു. ഒരേ സമയത്ത്, 12 മുതൽ 15 വരെ പെൺകുട്ടികളെ അവർ വാങ്ങുമായിരുന്നു, അവരിൽ മിക്കവരും 18 വയസ്സിനു താഴെയുള്ളവർ ആയിരുന്നു. വീട്ടുകാർ വരുത്തിവെച്ച കടബാധ്യത നിമിത്തം വേശ്യാവൃത്തിയിൽ ഏർപ്പെടാൻ നിർബന്ധിതരായതായിരുന്നു ഈ പെൺകുട്ടികൾ. സെസില്യ അവരുടെ കടം വീട്ടുകയും പെൺകുട്ടികളെ തനിക്കു വേണ്ടി ജോലി ചെയ്യാൻ കൊണ്ടുപോരുകയും ചെയ്തു. അവർ സമ്പാദിക്കുന്ന പണം അവരുടെ ആഹാരത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ചെലവഴിച്ചിരുന്നതോടൊപ്പം ഒരംശം അവരെ വാങ്ങിയ വില ഈടാക്കാനും നീക്കി വെച്ചിരുന്നു. അവർ സ്വതന്ത്രരാകണമെങ്കിൽ വർഷങ്ങൾ കഴിയണമായിരുന്നു. പെൺകുട്ടികൾ പുറത്തു പോകുമ്പോഴെല്ലാം ഒരു പാറാവുകാരനും കൂടെയുണ്ടാകും.
ഒരു സംഭവം സെസില്യയുടെ ഓർമയിൽ മായാതെ കിടപ്പുണ്ട്. വേശ്യാവൃത്തി ചെയ്തിരുന്ന ഒരു പെൺകുട്ടിയുടെ അമ്മ എല്ലാ ആഴ്ചയും ഭക്ഷണപ്പൊതികൾ—മകൾ “തൊഴിൽ” ചെയ്ത് ഉണ്ടാക്കുന്ന ആഹാരം—വാങ്ങാൻ വരുമായിരുന്നു. ആ പെൺകുട്ടിക്ക് ഒരു മകൻ ഉണ്ടായിരുന്നു. കടം വീട്ടാൻ അവൾക്കു കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യം ലഭിക്കുന്നതിനെ കുറിച്ച് അവൾക്ക് യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അവൾ തന്റെ ജീവനൊടുക്കി, സെസില്യയോടു കുട്ടിയെ നോക്കാൻ അഭ്യർഥിച്ചുകൊണ്ടുള്ള ഒരു കുറിപ്പും എഴുതിവെച്ചിരുന്നു. തന്റെ നാലു മക്കളോടൊപ്പം സെസില്യ ഈ ആൺകുട്ടിയെയും വളർത്തി.
സെസില്യയുടെ പെൺമക്കളിൽ ഒരാൾ യഹോവയുടെ സാക്ഷികളുടെ മിഷനറിമാരോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. അതിൽ പങ്കുചേരാൻ സെസില്യയും പ്രോത്സാഹിപ്പിക്കപ്പെട്ടു. എന്നാൽ എഴുത്തും വായനയും അറിയാതിരുന്നതുകൊണ്ട് അവർ ആദ്യം അതിനു വിസമ്മതിക്കുകയാണു ചെയ്തത്. എങ്കിലും ക്രമേണ, ബൈബിളിൽനിന്നുള്ള ചർച്ചകൾ കേൾക്കാൻ ഇടയായപ്പോൾ അവർ ദൈവത്തിന്റെ സ്നേഹത്തെയും ക്ഷമയെയും കുറിച്ചു മനസ്സിലാക്കുകതന്നെ ചെയ്തു. ക്ഷമിക്കാനുള്ള അവന്റെ മനസ്സൊരുക്കത്തെ അവർ വിലമതിച്ചു. (യെശയ്യാവു 43:25) ബൈബിൾ പഠിക്കാനുള്ള ആഗ്രഹത്തോടെ അവർ താമസിയാതെ എഴുത്തും വായനയും വശമാക്കാൻ തുടങ്ങി. ബൈബിൾ പരിജ്ഞാനത്തിൽ പുരോഗതി പ്രാപിക്കവെ, ദൈവത്തിന്റെ ഉന്നതമായ ധാർമിക നിലവാരങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യം അവർ മനസ്സിലാക്കി.
ഒരു ദിവസം, പെൺകുട്ടികളെ അത്ഭുതപ്പെടുത്തിക്കൊണ്ട് സെസില്യ അവരോടു പൊയ്ക്കൊള്ളാൻ പറഞ്ഞു! തങ്ങൾ ചെയ്തുകൊണ്ടിരുന്ന പ്രവൃത്തി യഹോവയെ വളരെയധികം അപ്രീതിപ്പെടുത്തുന്ന ഒന്നാണെന്ന് അവർ വിവരിച്ചുകൊടുത്തു. കൊടുത്തു തീർക്കാനുള്ള പണം അവർക്കാർക്കും തിരിച്ചടയ്ക്കേണ്ടി വന്നില്ല. എങ്കിലും രണ്ടു പേർ അവരോടൊപ്പംതന്നെ താമസിച്ചു. വേറൊരു പെൺകുട്ടി ക്രമേണ സ്നാപനമേറ്റ ഒരു സാക്ഷിയായി തീർന്നു. സെസില്യ 11 വർഷമായി ഒരു മുഴുസമയ ബൈബിൾ അധ്യാപികയാണ്, ദൈവത്തിനു നിന്ദ വരുത്തുന്നതരം പ്രവൃത്തികളിൽനിന്നു വിട്ടുപോരാൻ അവർ മറ്റാളുകളെ ഇപ്പോൾ സഹായിക്കുന്നു.
[അടിക്കുറിപ്പ്]
b യഥാർഥ പേരല്ല.