എല്ലുമുറിയെ പണിയെടുപ്പിച്ചുകൊണ്ട്
“കുട്ടികളെ ഭാവിയുടെ വാഗ്ദാനങ്ങളായി കാണുന്നതിനു പകരം യന്ത്രങ്ങളെ പോലെ പണിയെടുപ്പിച്ച് പണം വാരാനുള്ള ഉപാധി ആയിട്ടാണു വീക്ഷിക്കുന്നത്.”—തായ്ലൻഡിലെ ഹ്യൂമൻ റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ചൈര ഹൊംഗ്ലാഡറോം.
നിങ്ങളുടെ മകൾ കളിക്കുന്ന പാവക്കുട്ടി ഒരുപക്ഷേ അവളുടെ അത്രയുംതന്നെ പ്രായമുള്ള കുട്ടികളുടെ അധ്വാനഫലം ആയിരിക്കാമെന്ന് ഓർക്കുക. നിങ്ങളുടെ മകൻ കളിക്കുന്ന ഫുട്ബോൾ, ഒരു മൂന്നു വയസ്സുകാരി തന്റെ നാലു സഹോദരിമാരോടും അമ്മയോടും ഒപ്പമിരുന്നു 30 രൂപ ദിവസക്കൂലിക്ക് തുന്നിയെടുത്തത് ആയിരിക്കാമെന്ന് അറിയുന്നതു നിങ്ങളെ അമ്പരപ്പിച്ചേക്കാം. അടുത്ത തവണ ഒരു കാർപ്പെറ്റ് വാങ്ങുമ്പോൾ അതു നെയ്തെടുത്തത് ദിവസവും ശോചനീയമായ ചുറ്റുപാടുകളിൽ ദീർഘനേരം പണിയെടുക്കുന്ന ആറു വയസ്സുകാരായ ആൺകുട്ടികളുടെ പിഞ്ചുകരങ്ങൾ ആയിരിക്കാൻ ഇടയുണ്ടെന്ന് ഓർക്കുക.
ബാലതൊഴിൽ എത്രത്തോളം വ്യാപകമാണ്? അത് കുട്ടികളെ എങ്ങനെ ബാധിക്കുന്നു? ഈ സ്ഥിതിവിശേഷത്തിന് ഒരു പരിഹാരം കാണുന്നതിന് എന്തു ചെയ്യാൻ കഴിയും?
പ്രശ്നത്തിന്റെ വ്യാപ്തി
വികസ്വര രാജ്യങ്ങളിൽ, 5-നും 14-നും ഇടയ്ക്കു പ്രായമുള്ള, തൊഴിൽ ചെയ്യുന്ന കുട്ടികളുടെ എണ്ണം 25 കോടിയാണെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടന കണക്കാക്കുന്നു.a അവരിൽ 61 ശതമാനം ഏഷ്യയിലും 32 ശതമാനം ആഫ്രിക്കയിലും 7 ശതമാനം ലാറ്റിൻ അമേരിക്കയിലും ആണെന്നു കണക്കാക്കപ്പെടുന്നു. വ്യവസായവത്കൃത രാജ്യങ്ങളിലും ബാലതൊഴിൽ നിലവിലുണ്ട്.
തെക്കൻ യൂറോപ്പിൽ നല്ലൊരു ശതമാനം കുട്ടികളും കൂലിവേലക്കാരാണ്. വിശേഷിച്ചും കൃഷിപ്പണി പോലുള്ള കാലിക പ്രവർത്തനങ്ങളിലും ചെറിയ വ്യവസായശാലകളിലെ ജോലികളിലും അവർ ഏർപ്പെടുന്നു. അടുത്തയിടെ, കമ്മ്യൂണിസത്തിൽനിന്ന് മുതലാളിത്തത്തിലേക്കുണ്ടായ മാറ്റത്തെ തുടർന്ന് മധ്യ-കിഴക്കൻ യൂറോപ്പിൽ ബാലതൊഴിൽ വർധിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് ഐക്യനാടുകളിലെ ബാലതൊഴിലാളികളുടെ എണ്ണം 55 ലക്ഷമാണ്. എന്നാൽ 12 വയസ്സിൽ താഴെയുള്ള കുട്ടികളെ ഉൾപ്പെടുത്താതെയുള്ള സംഖ്യയാണിത്. ഇവരെ നിയമവിരുദ്ധമായി സ്വെറ്റ്ഷോപ്പുകളിലും (അനാരോഗ്യകരമായ ചുറ്റുപാടുകളിൽ കുറഞ്ഞ വേതനത്തിന് ദീർഘനേരം പണിയെടുപ്പിക്കുന്ന വ്യവസായശാലകളും കടകളും) കാലിക, കുടിയേറ്റ തൊഴിലാളികളായി വലിയ കൃഷിയിടങ്ങളിലും പണിയെടുപ്പിക്കുന്നു. ഈ ദശലക്ഷക്കണക്കിനു കുട്ടികൾ തൊഴിലാളികളുടെ അണിയിലേക്കു വന്നത് എങ്ങനെ?
ബാലതൊഴിലിനുള്ള കാരണങ്ങൾ
ദാരിദ്ര്യത്തെ ചൂഷണം ചെയ്യൽ. “ജീവനും ആരോഗ്യത്തിനും ഭീഷണി ഉയർത്തുന്നതരം തൊഴിലുകളിലേക്കു കുട്ടികളെ വലിച്ചിഴയ്ക്കുന്ന ഏറ്റവും പ്രബലമായ ശക്തി ദാരിദ്ര്യമാണ്” എന്ന് ലോകത്തിലെ കുട്ടികളുടെ അവസ്ഥ 1997 പറയുന്നു. “ദരിദ്ര കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഒരു കുട്ടിയിൽ നിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനം അല്ലെങ്കിൽ മാതാപിതാക്കൾക്കു പുറത്തു പോയി ജോലി ചെയ്യാൻ സാധിക്കത്തക്കവിധം വീട്ടുജോലികൾ ചെയ്യുന്നതിൽ ലഭിക്കുന്ന സഹായം പട്ടിണി കിടക്കാതെ കഷ്ടിച്ചു കഴിഞ്ഞുകൂടാൻ കുടുംബത്തെ സഹായിക്കും.” ബാലതൊഴിലാളികളുടെ മാതാപിതാക്കൾ മിക്കപ്പോഴും തൊഴിൽരഹിതരോ സ്ഥിരമായ തൊഴിൽ ഇല്ലാത്തവരോ ആയിരിക്കും. അവർക്ക് എങ്ങനെയെങ്കിലും ജീവിക്കാനുള്ള വരുമാനം ഉണ്ടാക്കേണ്ടിയിരിക്കുന്നു. എന്നാൽ അവർക്കു ജോലി ലഭിക്കാതിരിക്കെ മക്കൾക്കു ജോലി ലഭിക്കുന്നത് എന്തുകൊണ്ടാണ്? കുട്ടികൾക്കു കുറഞ്ഞ വേതനം നൽകിയാൽ മതി. മാത്രമല്ല, അവരെ പറഞ്ഞ് അനുസരിപ്പിക്കാൻ പ്രയാസമില്ല—പലരും അധികാരത്തോടു മറുക്കാതെ തങ്ങളോടു പറയുന്ന എന്തും ചെയ്തുകൊള്ളും. കൂടാതെ, അടിച്ചമർത്തപ്പെടുമ്പോൾ അതിനെതിരെ കുട്ടികൾ സംഘടിക്കാനുള്ള സാധ്യതയും കുറവാണ്. ശാരീരികമായി പീഡിപ്പിക്കപ്പെട്ടാൽത്തന്നെയും അവർ തിരിച്ചടിക്കുകയില്ല.
ശരിയായ പഠിപ്പിക്കലിന്റെ അഭാവം. ഇന്ത്യയിൽനിന്നുതന്നെയുള്ള ഒരു ഉദാഹരണം പരിചിന്തിക്കാം. പഠിത്തം നിർത്തി ജോലിക്ക് ഇറങ്ങിത്തിരിച്ച ദശലക്ഷക്കണക്കിനു കുട്ടികളിൽ ഒരാളാണ് 11 വയസ്സുകാരനായ സുധീർ. കാരണം? “ഞങ്ങളുടെ സ്കൂളിലെ ടീച്ചർമാർ നന്നായി പഠിപ്പിക്കുന്നില്ല,” അവൻ പറയുന്നു. “അക്ഷരമാല പഠിപ്പിച്ചു തരാമോയെന്നു ചോദിച്ചാൽ അവർ ഞങ്ങളെ അടിക്കും. അവർ ക്ലാസ്സിൽ ഇരുന്നുറങ്ങും. . . . ഒറ്റ പ്രാവശ്യം പറഞ്ഞിട്ടു മനസ്സിലായില്ലെങ്കിൽ പിന്നെ ഒന്നും പഠിപ്പിക്കില്ല.” സങ്കടകരമെന്നു പറയട്ടെ, സ്കൂളിനെ കുറിച്ചുള്ള സുധീറിന്റെ വിലയിരുത്തൽ ശരിയാണ്. വികസ്വര രാഷ്ട്രങ്ങളിൽ സാമൂഹിക പദ്ധതികൾക്കു വേണ്ടിയുള്ള ചെലവിൽ ഏർപ്പെടുത്തിയിരിക്കുന്ന വെട്ടിച്ചുരുക്കലുകൾ വിശേഷിച്ചും വിദ്യാഭ്യാസമേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. 1994-ൽ ലോകത്തിലെ തീരെ വികസിതമല്ലാത്ത 14 രാഷ്ട്രങ്ങളിൽ ഐക്യരാഷ്ട്ര സംഘടന നടത്തിയ ഒരു സർവേ, ശ്രദ്ധേയമായ ചില വസ്തുതകൾ വെളിപ്പെടുത്തി. ഉദാഹരണത്തിന്, ഇവയിൽ പകുതി രാജ്യങ്ങളിലെയും സ്കൂളുകളിൽ ഒന്നാം തരത്തിലെ ക്ലാസ്സുമുറികളിൽ ഓരോ 10 വിദ്യാർഥികളിലും 4 പേർക്കു വീതമേ ഇരിപ്പിടമുള്ളൂ. വിദ്യാർഥികളിൽ പകുതി പേർക്കും പാഠപുസ്തകങ്ങൾ ഇല്ല. പകുതി ക്ലാസ്സുമുറികളിലും ബ്ലാക്ക്ബോർഡുകൾ ഇല്ല. ഇത്തരം വിദ്യാലയങ്ങളിൽ പഠിക്കുന്ന പല കുട്ടികളും പഠിത്തം നിർത്തി പണിക്കു പോയിത്തുടങ്ങുന്നതിൽ അത്ഭുതപ്പെടാനില്ല.
പരമ്പരാഗത വീക്ഷണങ്ങൾ. ജോലി എത്രയധികം അപകടകരവും ദുഷ്കരവുമാണോ അത്രയധികം അത് ന്യൂനപക്ഷ വംശങ്ങൾക്കും താഴെക്കിടക്കാർക്കും ദരിദ്രർക്കുമായി നീക്കിവെക്കാനുള്ള സാധ്യതയും വർധിക്കും. “ചിലർ മറ്റുള്ളവരെ അടക്കിഭരിക്കാനും കായികാധ്വാനമില്ലാത്ത ജോലി ചെയ്യാനും പിറന്നവരായിരിക്കെ, ബഹുഭൂരിപക്ഷം ആളുകളും കായികാധ്വാനം ആവശ്യമായ ജോലികൾ ചെയ്യാൻ പിറന്നവരാണെന്നു കണക്കാക്കിപ്പോരുന്ന”തായി ഒരു ഏഷ്യൻ രാജ്യത്തെ കുറിച്ച് ‘ഐക്യരാഷ്ട്ര ശിശുക്ഷേമ നിധി’ അഭിപ്രായപ്പെടുന്നു. പലപ്പോഴും പാശ്ചാത്യ ദേശങ്ങളിലും മനോഭാവം വ്യത്യസ്തമല്ല. സമൂഹത്തിൽ മേധാവിത്വം പുലർത്തുന്ന ആളുകൾ സ്വന്തം മക്കൾ അപകടം പിടിച്ച ജോലി ചെയ്യാൻ ആഗ്രഹിച്ചേക്കില്ല. അതേസമയം, വംശീയ, വർഗീയ, സാമ്പത്തിക ന്യൂനപക്ഷങ്ങളിൽപ്പെട്ട കുട്ടികൾ അത്തരം ജോലി ചെയ്യുന്നതിൽ അവർക്കു യാതൊരു വിഷമവും ഇല്ല. ഉദാഹരണത്തിന്, വടക്കൻ യൂറോപ്പിൽ ബാലതൊഴിലാളികൾ തുർക്കികളോ ആഫ്രിക്കക്കാരോ ആയിരിക്കും; ഐക്യനാടുകളിൽ ഏഷ്യക്കാരോ ലാറ്റിൻ അമേരിക്കക്കാരോ ആയിരിക്കും. ഉപഭോക്തൃ സംസ്കാരത്തിന്റെ പിടിയിലമർന്നിരിക്കുന്ന ആധുനിക സമൂഹമാണു ബാലതൊഴിലിന് ഇന്ധനമേകുന്നത്. വിലക്കുറവുള്ള ഉത്പന്നങ്ങൾക്കു വലിയ ഡിമാൻഡാണ്. അജ്ഞാതരായ, ചൂഷിതരായ കോടിക്കണക്കിനു കുട്ടികളാണ് ഈ ഉത്പന്നങ്ങൾ നിർമിച്ചത് എന്ന വസ്തുത ആരുംതന്നെ കണക്കിലെടുക്കുന്നില്ല.
ബാലതൊഴിലിന്റെ വിവിധ രൂപങ്ങൾ
ബാലതൊഴിൽ ഏതെല്ലാം രൂപങ്ങളിൽ ദൃശ്യമാണ്? പൊതുവെ മിക്ക ബാലതൊഴിലാളികളും വീട്ടുവേല ചെയ്യുന്നവരാണ്. ഇത്തരം തൊഴിലാളികളെ “ലോകത്തിലെ ഏറ്റവും വിസ്മരിക്കപ്പെടുന്ന കുട്ടികൾ” എന്ന് വിളിക്കുന്നു. വീട്ടുപണി അപകടകരമായിരിക്കേണ്ടതില്ലെങ്കിലും മിക്കപ്പോഴും അത് അങ്ങനെയാണ് എന്നതാണു വസ്തുത. അത്തരം പണികൾ ചെയ്യുന്ന കുട്ടികൾക്കു കുറഞ്ഞ ശമ്പളമേ ലഭിക്കാറുള്ളൂ, ചിലപ്പോൾ ശമ്പളമൊന്നും ലഭിച്ചില്ലെന്നും വരാം. ഏതെല്ലാം ജോലികൾ എങ്ങനെയൊക്കെ ചെയ്യണം എന്നു തീരുമാനിക്കുന്നത് എപ്പോഴും അവരുടെ യജമാനന്മാരാണ്. അവരെ സംബന്ധിച്ചിടത്തോളം സ്നേഹവാത്സല്യം, വിദ്യാഭ്യാസം, വിനോദം, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയൊക്കെ വെറും സ്വപ്നം മാത്രം. ശാരീരികമായും ലൈംഗികമായും അവർ പീഡിപ്പിക്കപ്പെടാനുള്ള സാധ്യതയും ഉണ്ട്.
മറ്റു ചില കുട്ടികളെ, മാതാപിതാക്കൾ വരുത്തിവെച്ച കടം ഈടാക്കാനായി അടിമപ്പണി ചെയ്യിക്കുന്നു. ദക്ഷിണ ഏഷ്യയിലും മറ്റിടങ്ങളിലും കുട്ടികളെ, മിക്കപ്പോഴും എട്ടോ ഒമ്പതോ വയസ്സു മാത്രമുള്ളവരെ, മാതാപിതാക്കൾ ചെറിയ തുകകൾ വായ്പ വാങ്ങി ഫാക്ടറി ഉടമകൾക്കോ ഏജന്റുമാർക്കോ അടിമകളായി കൈമാറുന്നു. ഈ കുട്ടികൾ ആജീവനാന്തം വേല ചെയ്താലും കടം വാങ്ങിയ തുകയുടെ ഒരംശം പോലും വീട്ടാൻ കഴിയാറില്ല.
കുട്ടികളെ ലൈംഗിക വിൽപ്പനച്ചരക്കുകൾ ആക്കുന്നതിനെ കുറിച്ചോ? ലോകവ്യാപകമായി എല്ലാ വർഷവും ചുരുങ്ങിയത് പത്തു ലക്ഷം പെൺകുട്ടികളെങ്കിലും ലൈംഗിക വിപണിയിൽ വന്നെത്തുന്നു. മിക്കപ്പോഴും ആൺകുട്ടികളും ലൈംഗിക ചൂഷണത്തിനു വിധേയരാകാറുണ്ട്. ഇത്തരം ദ്രോഹങ്ങളുടെ ഫലമായുണ്ടാകുന്ന ശാരീരികവും വൈകാരികവുമായ ക്ഷതങ്ങൾ—കൂടാതെ എച്ച്ഐവി ബാധയും—അതിനെ ബാലതൊഴിലിന്റെ ഏറ്റവും അപകടകരമായ വകഭേദങ്ങളിലൊന്നാക്കി തീർക്കുന്നു. “സമൂഹത്തിൽ യാചകർക്കുള്ള അതേ സ്ഥാനമേ ഞങ്ങൾക്കും ഉള്ളൂ,” സെനെഗലിൽ നിന്നുള്ള 15 വയസ്സുകാരിയായ ഒരു വേശ്യ പറയുന്നു. “ഞങ്ങളെ കുറിച്ച് അറിയാൻ ആർക്കും താത്പര്യമില്ല, ഞങ്ങൾ അടുത്തു ചെല്ലുന്നതുതന്നെ ആളുകൾക്ക് അലർജിയാണ്.”b
ബാലതൊഴിലാളികളുടെ ഒരു വലിയ ശതമാനം വ്യാവസായിക, കാർഷിക മേഖലകളിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. മുതിർന്നവർക്കുതന്നെ അങ്ങേയറ്റം അപകടകരമായിരിക്കാവുന്ന ഖനന പ്രവർത്തനങ്ങൾ അത്തരം കുട്ടികൾ ചെയ്യുന്നു. പലർക്കും ക്ഷയരോഗവും ശ്വാസനാളവീക്കവും വലിവും പിടിപെട്ടിരിക്കുന്നു. എസ്റ്റേറ്റുകളിലും മറ്റും പണിയെടുക്കുന്ന കുട്ടികൾ പാമ്പുകളിൽനിന്നും ഷഡ്പദങ്ങളിൽനിന്നുമുള്ള ആക്രമണങ്ങൾക്കു വിധേയരാണ്. മാത്രമല്ല, കീടനാശിനികളും അവരുടെ ആരോഗ്യത്തിനു ഭീഷണി ഉയർത്തുന്നു. വാക്കത്തികൊണ്ട് കരിമ്പു വെട്ടിയിടുന്നതിനിടെ ചിലർക്ക് അംഗഭംഗം സംഭവിച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിനു വരുന്ന മറ്റു കുട്ടികളാകട്ടെ തെരുവുകളെ തങ്ങളുടെ പണിപ്പുരകൾ ആക്കിയിരിക്കുന്നു. പത്തു വയസ്സുകാരി ഷിറിന്റെ കാര്യമെടുക്കാം. കടലാസ്സും മറ്റു ചപ്പുചവറുകളും പെറുക്കി വിറ്റാണ് അവൾ ഉപജീവനം കഴിക്കുന്നത്. സ്കൂളിന്റെ പടി കണ്ടിട്ടില്ലെങ്കിലും അവൾ ജീവിക്കാൻ പഠിച്ചിരിക്കുന്നു. 12 മുതൽ 20 രൂപ വരെ വില കിട്ടുന്ന ചപ്പുകടലാസും പ്ലാസ്റ്റിക്ക് കവറുകളും പെറുക്കി വിറ്റാൽ ഒരു നേരത്തെ ആഹാരത്തിനു വകയായി. അതിൽ കുറവാണു കിട്ടുന്നതെങ്കിൽ അന്നു പട്ടിണിയായതുതന്നെ. വീട്ടിൽ അനുഭവിക്കേണ്ടി വരുന്ന പീഡനത്തിന്റെയോ അവഗണനയുടെയോ ഫലമായി വീടുവിട്ടിറങ്ങുന്ന കുട്ടികൾ തെരുവുകളിൽ കൂടുതൽ പീഡനത്തിനും ചൂഷണത്തിനും ഇരകളാകുന്നു. “ദുഷ്ടന്മാരുടെ വായിൽ ചെന്നു പെടല്ലേയെന്നു ഞാൻ ദിവസവും പ്രാർഥിക്കും,” ഒരു ഏഷ്യൻ നഗരത്തിലെ തെരുവിൽ മിഠായിക്കച്ചവടം നടത്തുന്ന ജോസി എന്ന പത്തു വയസ്സുകാരി പറയുന്നു.
ഇരുൾമൂടിയ ബാല്യം
ബാലതൊഴിലിന്റെ ഈ വകഭേദങ്ങൾ കോടിക്കണക്കിനു കുട്ടികളുടെ ജീവിതത്തിൽ അപകടത്തിന്റെ കരിനിഴൽ പരത്തിയിരിക്കുന്നു. ചെയ്യുന്ന ജോലിയുടെ സ്വഭാവമോ മോശമായ ജോലി സാഹചര്യങ്ങളോ ആയിരിക്കാം കാരണങ്ങൾ. മുതിർന്നവരെ അപേക്ഷിച്ച് തൊഴിൽ സംബന്ധമായി കൂടുതൽ ഗുരുതരമായ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതു കുട്ടികൾക്കും മറ്റു യുവ ജോലിക്കാർക്കും ആണ്. ഒരു കുട്ടിയുടെ ശാരീരിക ഘടന മുതിർന്നവരുടേതിൽനിന്നു വ്യത്യസ്തമായതിനാൽ ആണ് ഇത്. കഠിന ജോലിയുടെ ഫലമായി അവന്റെ നട്ടെല്ലിനോ അരക്കെട്ടിനോ എളുപ്പത്തിൽ തകരാറു സംഭവിച്ചേക്കാം. കൂടാതെ, അപകടകരമായ രാസവസ്തുക്കളോ അണുപ്രസരണങ്ങളോ മൂലമുള്ള വിപത്തുകൾ മുതിർന്നവരെക്കാൾ കൂടുതൽ നേരിടുന്നതും കുട്ടികൾ തന്നെ. മാത്രമല്ല, ഒരേ രീതിയിലുള്ള കഠിനമായ ജോലി ദീർഘനേരത്തേക്കു ചെയ്യാനുള്ള കായികശേഷിയും കുട്ടികൾക്കില്ല, മിക്കപ്പോഴും അവർക്ക് അതു ചെയ്യേണ്ടി വരുന്നുണ്ടെന്നുള്ളത് ഒരു വസ്തുതയാണെങ്കിലും. സാധാരണ ഗതിയിൽ അവർ അപകടങ്ങളെ സംബന്ധിച്ച് അത്ര ബോധവാന്മാർ ആയിരിക്കില്ല, എടുക്കേണ്ട മുൻകരുതലുകളെ സംബന്ധിച്ചും അവർക്ക് അത്ര അറിവുണ്ടായിരിക്കില്ല.
ബാലതൊഴിൽ കുട്ടികളുടെ മാനസിക, വൈകാരിക, ബൗദ്ധിക വളർച്ചയുടെ മേൽ ഉളവാക്കുന്ന ഫലങ്ങളും ഗുരുതരമാണ്. അത്തരം കുട്ടികൾക്ക് സ്നേഹം ലഭിക്കുന്നില്ല. അടി, അവഹേളനം, പട്ടിണിക്കിട്ടുകൊണ്ടുള്ള ശിക്ഷ, ലൈംഗിക പീഡനം എന്നിവയെല്ലാം അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. ഒരു പഠനം വെളിപ്പെടുത്തുന്ന പ്രകാരം, ഏതാണ്ട് 25 കോടി വരുന്ന ബാലതൊഴിലാളികളിൽ പകുതിയോളവും ഇടയ്ക്കു വെച്ചു പഠിത്തം നിറുത്തിയവരാണ്. ഇതിനു പുറമേ, ദീർഘനേരം പണിയെടുക്കുന്ന കുട്ടികളുടെ പഠന പ്രാപ്തി തകരാറിലായേക്കുമെന്നും നിരീക്ഷിക്കപ്പെട്ടിരിക്കുന്നു.
ഇതെല്ലാം എന്താണ് അർഥമാക്കുന്നത്? മിക്ക ബാലതൊഴിലാളികളും ആജീവനാന്തം ദാരിദ്ര്യത്തിന്റെയും ദുരിതത്തിന്റെയും രോഗത്തിന്റെയും നിരക്ഷരതയുടെയും സാമൂഹിക ക്രമക്കേടുകളുടെയും അടിമകളായി കഴിയണം എന്നുതന്നെ. പത്രപ്രവർത്തകയായ റോബിൻ റൈറ്റ് പറയുന്നതുപോലെ, “സകലവിധ ശാസ്ത്ര, സാങ്കേതിക മുന്നേറ്റങ്ങൾ ഉണ്ടായിട്ടും 20-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ലോകം ഹതഭാഗ്യരായ ദശലക്ഷക്കണക്കിനു കുട്ടികൾക്കു ജന്മം നൽകിയിരിക്കുന്നു. ഒരു സാധാരണ ജീവിതം പോലും സ്വപ്നം കാണാൻ കഴിയാത്ത ഇവർ 21-ാം നൂറ്റാണ്ടിലേക്കു ലോകത്തെ നയിക്കുമെന്നു പ്രതീക്ഷിക്കാനേ വയ്യ.” ഗൗരവാവഹമായ ഈ സംഗതികൾ ഇപ്രകാരമുള്ള ചോദ്യങ്ങൾ ഉയർത്തുന്നു: കുട്ടികളോട് എങ്ങനെ പെരുമാറണം? ബാലതൊഴിൽ എന്ന പ്രശ്നം സമീപ ഭാവിയിൽ പരിഹരിക്കപ്പെടുമെന്നു പ്രതീക്ഷിക്കാൻ കഴിയുമോ?
[അടിക്കുറിപ്പുകൾ]
a പൊതുവെ, കുട്ടികളെ ജോലി ചെയ്യാൻ അനുവദിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 15 വയസ്സ് ആണെന്ന്—നിർബന്ധിത വിദ്യാഭ്യാസം പൂർത്തിയാകുന്ന പ്രായം 15 വയസ്സിൽ കൂടുതൽ ആയിരിക്കാത്തപക്ഷം—അന്താരാഷ്ട്ര തൊഴിൽ സംഘടന പ്രഖ്യാപിക്കുന്നു. ഈ പ്രഖ്യാപനം, ലോകമൊട്ടാകെ തൊഴിൽ ചെയ്യുന്നവരായി എത്ര കുട്ടികൾ ഉണ്ടെന്നു കണക്കാക്കുന്നതിന് ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന അളവുകോൽ ആയിരുന്നിട്ടുണ്ട്.
b കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരകളാക്കുന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 1997 ഏപ്രിൽ 8 ലക്കം ഉണരുക!-യുടെ 11-15 പേജുകൾ കാണുക.
[5-ാം പേജിലെ ചതുരം]
എന്താണ് ബാലതൊഴിൽ?
എല്ലാ സമൂഹങ്ങളിലും മിക്ക കുട്ടികളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ജോലി ചെയ്യുന്നുണ്ട്. അവർ ചെയ്യുന്ന ജോലി ജീവിക്കുന്ന സമൂഹത്തെയും കാലഘട്ടത്തെയും ആശ്രയിച്ചിരിക്കുന്നു. ജോലി, കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഒരു അനിവാര്യ ഘടകവും മാതാപിതാക്കളിൽനിന്നു സന്താനങ്ങളിലേക്കു മർമപ്രധാന വൈദഗ്ധ്യങ്ങൾ കൈമാറാനുള്ള ഒരു മാർഗവും ആയിരിക്കാം. ചില രാജ്യങ്ങളിൽ കുട്ടികൾ പലപ്പോഴും ചെറുകിട വ്യവസായശാലകളിലും മറ്റും പണിയെടുക്കാറുണ്ട്, അങ്ങനെ അവർ പിൽക്കാലത്ത് വിദഗ്ധരായ ജോലിക്കാരായിത്തീരുന്നു. മറ്റു രാജ്യങ്ങളിൽ പോക്കറ്റ് മണി സമ്പാദിക്കുന്നതിനായി കൗമാരപ്രായക്കാർ ആഴ്ചയിൽ ഏതാനും മണിക്കൂർ ജോലി ചെയ്യാറുണ്ട്. അത്തരം ജോലി “വിദ്യാഭ്യാസത്തിനോ വിനോദത്തിനോ വിശ്രമത്തിനോ തടസ്സം സൃഷ്ടിക്കാതെതന്നെ കുട്ടിയുടെ ശാരീരിക, മാനസിക, ആത്മീയ, ധാർമിക അല്ലെങ്കിൽ സാമൂഹിക വളർച്ചയെ ത്വരിതപ്പെടുത്തുന്നുവെന്നും അതിനാൽത്തന്നെ അതു പ്രയോജനപ്രദമാണെന്നും” ‘ഐക്യരാഷ്ട്ര ശിശുക്ഷേമ നിധി’ അഭിപ്രായപ്പെടുന്നു.
അതേസമയം ബാലതൊഴിൽ എന്നതുകൊണ്ട് അർഥമാക്കുന്നത് കുട്ടികൾ കുറഞ്ഞ വേതനത്തിന് ദീർഘനേരം—മിക്കപ്പോഴും ആരോഗ്യത്തിനു ഹാനികരമായ സാഹചര്യങ്ങളിൽ—പണിയെടുക്കുന്നതിനെയാണ്. അത്തരം ജോലി ചെയ്യിക്കുന്നതുവഴി “കുട്ടിയെ ചൂഷണം ചെയ്യുകയാണ് എന്നതു വ്യക്തമാണ്, അത് അവനു തീർച്ചയായും ദോഷം ചെയ്യും” എന്ന് ലോകത്തിലെ കുട്ടികളുടെ അവസ്ഥ 1997 അഭിപ്രായപ്പെടുന്നു. “കുട്ടികളെക്കൊണ്ടു വേശ്യാവൃത്തി ചെയ്യിക്കുന്നത് സ്വീകാര്യമായ കാര്യമാണ് എന്ന് ആരും ഒരിക്കലും പരസ്യമായി വാദിക്കുകയില്ല. ‘ബാല അടിമപ്പണിയെ’—മാതാപിതാക്കളോ മുത്തശ്ശീമുത്തശ്ശന്മാരോ വരുത്തിവെച്ച കടങ്ങൾ ഈടാക്കാൻ കുട്ടികളെ അടിമകളാക്കുന്ന രീതിയെ—സംബന്ധിച്ചും ഇതു സത്യമാണ്. ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും ഭീഷണി ഉയർത്തുന്ന വ്യവസായശാലകളുടെ കാര്യത്തിലും ഇതു ബാധകമാണ് . . . അപകടകരമായ ജോലികൾ ഒരു കുട്ടിയെക്കൊണ്ടു ചെയ്യിക്കുന്നതു ദ്രോഹകരമാണ്.”
[8, 9 പേജുകളിലെ ചതുരം/ചിത്രം]
“ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്”
ഏറ്റവും ഹീനമായ ബാലതൊഴിലുകൾ നിർമാർജനം ചെയ്യാനുള്ള ശ്രമങ്ങൾക്ക് അന്താരാഷ്ട്ര തൊഴിൽ സംഘടന നേതൃത്വം നൽകുന്നുണ്ട്. 15 വയസ്സിനു താഴെയുള്ള കുട്ടികളെ കൊണ്ടു പണിയെടുപ്പിക്കുന്നതു നിരോധിക്കാനുള്ള നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ അത് ഗവൺമെന്റുകളെ പ്രോത്സാഹിപ്പിക്കുന്നു. 12 വയസ്സിനു താഴെയുള്ള കുട്ടികളെ കൊണ്ടു പണിയെടുപ്പിക്കുന്നതു നിരോധിക്കുകയും ചൂഷണത്തിന്റെ ഏറ്റവും അപകടകരമായ വകഭേദങ്ങൾ നിയമവിരുദ്ധമാക്കുകയും ചെയ്യുന്ന പുതിയ ഉടമ്പടികൾക്കു രൂപം നൽകാനും അതു പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത്തരം ശ്രമങ്ങളുടെ വിജയത്തെ കുറിച്ചു കൂടുതൽ മനസ്സിലാക്കാനായി ഉണരുക! യു.എസ്. തൊഴിൽവകുപ്പിന്റെ അന്താരാഷ്ട്ര ബാലതൊഴിൽ പദ്ധതിയുടെ ഡയറക്ടർ സോണിയ റോസെനുമായി സംസാരിച്ചു. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ വിവിധ പദ്ധതികളിൽ അവർ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. ആ ചർച്ചയുടെ പ്രസക്ത ഭാഗങ്ങളാണു താഴെക്കൊടുത്തിരിക്കുന്നത്.
ചോ.: കുട്ടികളെ കൊണ്ടു പണിയെടുപ്പിക്കുന്ന സമ്പ്രദായം തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം എന്താണ്?
ഉ.: അങ്ങനെ എടുത്തു പറയാവുന്ന ഒരു പരിഹാരമാർഗം ഉണ്ടെന്ന് എനിക്കു തോന്നുന്നില്ല. എന്നിരുന്നാലും, സാർവദേശീയമായി നോക്കുമ്പോൾ പ്രശ്നപരിഹാരത്തിനുള്ള അടിസ്ഥാനമാർഗങ്ങൾ നമ്മൾ ചർച്ച ചെയ്തവ തന്നെയാണ്. അതായത് പ്രസ്തുത പ്രശ്നം ദൂരീകരിക്കുന്നതിനുള്ള നിയമം പ്രാബല്യത്തിൽ കൊണ്ടുവരിക, ഒപ്പം പ്രാഥമിക വിദ്യാഭ്യാസം ലോകത്ത് എല്ലായിടത്തും നടപ്പിലാക്കുക. ഈ വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവും ആക്കാൻ കഴിഞ്ഞാൽ ഏറെ നന്ന്. മാതാപിതാക്കൾക്ക് ആവശ്യത്തിനു വരുമാനം ലഭിക്കുന്ന തൊഴിൽ ഉണ്ടായിരിക്കേണ്ടതും മർമപ്രധാനമാണ്.
ചോ.: ബാലതൊഴിലിന് എതിരെയുള്ള പോരാട്ടത്തിൽ ഇതിനോടകം കൈവരിച്ചിരിക്കുന്ന പുരോഗതിയിൽ നിങ്ങൾ സംതൃപ്തയാണോ?
ഉ.: ഒരിക്കലുമല്ല. കാരണം ഒരൊറ്റ കുട്ടിപോലും അനാരോഗ്യകരമായ ചുറ്റുപാടിൽ പണിയെടുക്കാൻ പാടില്ല എന്നാണു ഞങ്ങളുടെ പക്ഷം. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ പദ്ധതികളിലൂടെ വൻ നേട്ടങ്ങൾ കൈവരിക്കാൻ ഞങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. എങ്കിലും ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്.
ചോ.: ബാലതൊഴിൽ നീക്കം ചെയ്യാനുള്ള ശ്രമങ്ങളോട് അന്താരാഷ്ട്ര സമുദായത്തിന്റെ പ്രതികരണം എന്താണ്?
ഉ.: ആ ചോദ്യത്തിന് എങ്ങനെ ഉത്തരം നൽകണം എന്ന് എനിക്കറിയില്ല. ബാലതൊഴിലിനെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ലോകമെമ്പാടുമുള്ള ആളുകൾ തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ ഈ ഘട്ടത്തിൽ വാസ്തവത്തിൽ ഉയർന്നുവരുന്ന ചോദ്യങ്ങൾ ഇവയാണ്: ഏതു വിധത്തിൽ, എത്ര വേഗത്തിൽ ആണ് അതിനെതിരെ നടപടി സ്വീകരിക്കേണ്ടത്? ചില പ്രത്യേക തരം ബാലതൊഴിലുകൾക്ക് എതിരെ നടപടി സ്വീകരിക്കുന്നതിനുള്ള ഏറ്റവും മെച്ചമായ ഉപാധികൾ എന്തൊക്കെയാണ്? ഞങ്ങൾ അഭിമുഖീകരിക്കുന്ന യഥാർഥ വെല്ലുവിളി അതാണെന്നു ഞാൻ കരുതുന്നു.
ചോ.: ബാലതൊഴിലാളികൾക്കു ഭാവിയിൽ എന്തു പ്രതീക്ഷിക്കാൻ കഴിയും?
ഉ.: ബാലതൊഴിലിന്റെ ഏറ്റവും ഹീനമായ രൂപങ്ങൾ സംബന്ധിച്ച് പുതിയ ഒരു ഉടമ്പടിക്കു രൂപം നൽകാൻ ലോകത്തിലെ എല്ലാ രാജ്യങ്ങളും ഈ വർഷം വീണ്ടും ജനീവയിൽ ഒത്തുകൂടാനുള്ള തയ്യാറെടുപ്പിലാണ്. അതു വളരെയധികം പ്രതീക്ഷയ്ക്കു വക നൽകുന്നു—എല്ലാ രാജ്യങ്ങളും തൊഴിലാളി സംഘടനകളും തൊഴിലുടമകളുടെ സംഘടനകളും ഇതിൽ സംബന്ധിക്കും. അതുവഴി ബാലതൊഴിലിന്റെ ഏറ്റവും ഹീനമായ വകഭേദങ്ങൾ ഇല്ലാതാക്കാനുള്ള ഒരു പുതിയ സംരംഭത്തിനു തറക്കല്ലിടാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നു.
എന്നാൽ എല്ലാവർക്കും സോണിയ റോസെന്റേതുപോലുള്ള ശുഭാപ്തിവിശ്വാസം ഇല്ല. കുട്ടികളെ രക്ഷിക്കൽ എന്ന സംഘടനയുടെ പ്രസിഡന്റായ ചാൾസ് മകൊർമക്ക് തന്റെ വിയോജിപ്പു പ്രകടിപ്പിക്കുന്നു. “ഈ പ്രശ്നം തുടച്ചുനീക്കാനുള്ള ആഗ്രഹം രാഷ്ട്രീയക്കാരുടെ പക്ഷത്തുനിന്നു കാണുന്നില്ല, മാത്രമല്ല പൊതുജനങ്ങളും ഈ പ്രശ്നത്തെ കുറിച്ചു ബോധവാന്മാർ അല്ല,” അദ്ദേഹം പറയുന്നു. കാരണം? ‘ഐക്യരാഷ്ട്ര ശിശുക്ഷേമ നിധി’ അഭിപ്രായപ്പെടുന്നു: “ബാലതൊഴിൽ മിക്കപ്പോഴും ഒരു സങ്കീർണ പ്രശ്നമാണ്. അതിനു പിന്നിൽ തൊഴിലുടമകൾ, സ്ഥാപിത താത്പര്യങ്ങളുള്ള സംഘങ്ങൾ, സാമ്പത്തിക വിദഗ്ധർ തുടങ്ങി പ്രബലമായ ശക്തികൾ പ്രവർത്തിക്കുന്നുണ്ട്. എന്തു വന്നാലും സ്വതന്ത്ര കമ്പോളം നിലനിർത്തണം എന്നാണ് അവരുടെ ആഗ്രഹം. കൂടാതെ ജാതിയുടെ അല്ലെങ്കിൽ സാമൂഹിക നിലവാരത്തിന്റെ അടിസ്ഥാനത്തിൽ ചില കുട്ടികൾക്ക് മനുഷ്യാവകാശങ്ങൾ നിഷിദ്ധമാണെന്നു വിശ്വസിക്കുന്ന പരമ്പരാഗത ചിന്താഗതിക്കാരും ഉണ്ട്.”
[ചിത്രം]
സോണിയ റോസെൻ
[5-ാം പേജിലെ ചിത്രം]
ഖനികളിലും പരുത്തി മില്ലുകളിലും വിയർപ്പൊഴുക്കി പണിയെടുത്തിരുന്ന കുട്ടികൾ
[കടപ്പാട്]
U.S. National Archives photos
[7-ാം പേജിലെ ചിത്രം]
ചപ്പുചവറുകൾ പെറുക്കുന്ന കുട്ടി
[7-ാം പേജിലെ ചിത്രം]
വിറകു ചുമക്കുന്ന കുട്ടി
[കടപ്പാട്]
UN PHOTO 148046/ J. P. Laffont - SYGMA
[7-ാം പേജിലെ ചിത്രം]
പാവിഴയിൽ ജീവിതം നെയ്യുന്ന കുട്ടികൾ
[കടപ്പാട്]
CORBIS/Dean Conger
[8-ാം പേജിലെ ചിത്രം]
തെരുവുകളിലെ കൊച്ചുവിൽപ്പനക്കാർക്കു പ്രതിദിനം ലഭിക്കുന്നതു വെറും രണ്ടു രൂപ നാൽപ്പതു പൈസ
[കടപ്പാട്]
UN PHOTO 148027/Jean Pierre Laffont
[8-ാം പേജിലെ ചിത്രം]
ആശാരിപ്പണി ചെയ്യുന്ന കുട്ടി
[കടപ്പാട്]
UN PHOTO 148079/ J. P. Laffont - SYGMA
[9-ാം പേജിലെ ചിത്രം]
ഒരു ചാൺ വയറിനു വേണ്ടി
[കടപ്പാട്]
UN PHOTO 148048/J. P. Laffont - SYGMA