“എനിക്ക് ഏഴു വയസ്സുണ്ട്”
ഹലോ. എന്റെ പേര് ആമേല്യ. ഒരു കരീബിയൻ ദ്വീപിലാണു താമസം. എനിക്ക് ഏഴു വയസ്സുണ്ട്. ഞങ്ങൾ പാവപ്പെട്ടവരായതുകൊണ്ട് കുറച്ചുകാലം മുമ്പ് അച്ഛനും അമ്മയും എന്നെ നഗരത്തിലുള്ള ഒരു സമ്പന്ന കുടുംബത്തിനു കൈമാറി.
പതിവു പോലെ ഇന്നും ഞാൻ രാവിലെ അഞ്ചു മണിക്ക് ഉണർന്നു. അടുത്തുള്ള ഒരു കിണറ്റിൽനിന്നു വെള്ളം കൊണ്ടുവന്നു. ഭാരമുള്ള ആ കുടം തലയിൽവെച്ചുകൊണ്ടു വരാൻ വലിയ പാടായിരുന്നു. എങ്കിലും ഒരുവിധത്തിൽ ഞാൻ അതു കൊണ്ടുവന്നു, ഇല്ലെങ്കിൽ അവർ എന്നെ തല്ലിച്ചതച്ചേനെ. പിന്നെ ഞാൻ പ്രാതൽ തയ്യാറാക്കി എല്ലാവർക്കും വിളമ്പി. ഭക്ഷണം വിളമ്പാൻ അൽപ്പം താമസിച്ചുപോയതിന് വീട്ടിലെ ഏമാൻ ഒരു തോൽവാറുകൊണ്ട് എന്നെ ഒരുപാടു തല്ലി.
പിന്നെ ഞാൻ വീട്ടിലെ അഞ്ചു വയസ്സുള്ള ആൺകുട്ടിയെ സ്കൂളിൽ കൊണ്ടുചെന്നാക്കി. അതിനുശേഷം ഉച്ചഭക്ഷണം തയ്യാറാക്കാനും വിളമ്പാനും സഹായിച്ചു. അതിനിടയ്ക്ക് ചന്തയിൽ പോയി ആഹാരസാധനങ്ങളും മറ്റും വാങ്ങിക്കൊണ്ടുവന്നു, മുറ്റമടിച്ചു, പാത്രം കഴുകി, തുണിയലക്കി, അടുക്കള വൃത്തിയാക്കി. അടുപ്പിലെ തീ കെട്ടുപോകാതിരിക്കാൻ ഇടയ്ക്കിടെ അങ്ങോട്ടും ഓടിച്ചെല്ലണമായിരുന്നു. കൊച്ചമ്മയുടെ കാൽ കഴുകിക്കൊടുക്കുന്ന ജോലിയും എന്റേതായിരുന്നു. ഇന്ന് എന്തോ കാര്യത്തിന് കൊച്ചമ്മ ആകെ ദേഷ്യത്തിലായിരുന്നു, എനിക്ക് ഒരു അടിയും കിട്ടി. നാളത്തേക്കു ദേഷ്യമൊക്കെ മാറുമായിരിക്കും.
എല്ലാവരും കഴിച്ചിട്ട് ബാക്കിവന്ന സാധനങ്ങളാണ് എനിക്കു തിന്നാൻ തന്നത്. എന്നാലും, ഇന്നലെ കഴിക്കാൻ കിട്ടിയ ചോളപ്പൊടി കൊണ്ടുണ്ടാക്കിയ കുറുക്കിനെക്കാൾ ഭേദമായിരുന്നു അത്. എന്റെ ഉടുപ്പെല്ലാം പിഞ്ചിക്കീറി, ഇടാൻ ചെരിപ്പില്ല. വീട്ടാവശ്യത്തിനു ഞാൻ കൊണ്ടുവരുന്ന വെള്ളംകൊണ്ടു കുളിക്കാൻ ഏമാനും കൊച്ചമ്മയും എന്നെ ഒരിക്കലും അനുവദിക്കാറില്ല. ഇന്നലെ രാത്രി ഞാൻ വെളിയിൽ കിടന്നാണ് ഉറങ്ങിയത്; ചിലപ്പോഴൊക്കെ വീട്ടിനകത്ത് നിലത്തു കിടക്കാൻ അനുവാദം കിട്ടാറുണ്ട്. ഈ കത്ത് തന്നെത്താൻ എഴുതാൻ കഴിയാത്തതാണ് എന്റെ ഏറ്റവും വലിയ സങ്കടം. സ്കൂളിൽ പോകാൻ എനിക്ക് അനുവാദമില്ല.
എന്ന് ആമേല്യ.
ആമേല്യ എന്നത് ഈ കുട്ടിയുടെ യഥാർഥ പേരല്ലെങ്കിലും അവളുടെ അനുഭവം യഥാർഥമാണ്.a പണിയെടുക്കാൻ നിർബന്ധിതരായ—മിക്കപ്പോഴും അങ്ങേയറ്റം ദുഷ്കരമായ സാഹചര്യങ്ങളിൽ—ദശലക്ഷക്കണക്കിനു കുട്ടികളിൽ ഒരാൾ മാത്രമാണ് ആമേല്യ. ബാലതൊഴിൽ നമ്മുടെ നാളുകളിലെ ഒരു വലിയ പ്രശ്നമാണ്. ലളിതമായ പരിഹാരമാർഗങ്ങൾ ഇല്ലാത്ത ഒരു സങ്കീർണമായ പ്രശ്നം. വിപുലവ്യാപകമായ, സമൂഹത്തെ അർബുദംപോലെ കാർന്നുതിന്നുന്ന, ഘോരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന അത് കുട്ടികളോടുള്ള ക്രൂരതയും മനുഷ്യന്റെ അന്തസ്സിനോടും ആഭിജാത്യത്തോടുമുള്ള അവഹേളനവുമാണ്.
ബാലതൊഴിൽ എത്ര വ്യാപകമാണ്? ഈ പ്രശ്നത്തിന്റെ അടിസ്ഥാന കാരണങ്ങൾ എന്തൊക്കെയാണ്? ഏതെല്ലാം രൂപങ്ങളിലാണ് അതു പ്രത്യക്ഷപ്പെടുന്നത്? കുട്ടികൾ—മാനവ കുടുംബമാകുന്ന പൂന്തോട്ടത്തിലെ എളുപ്പത്തിൽ പറിച്ചെറിയപ്പെടാവുന്ന കുരുന്നുമൊട്ടുകൾ—മേലാൽ കഷ്ടപ്പാടിനും ചൂഷണത്തിനും വിധേയരാകാതിരിക്കുന്ന ഒരു കാലം എന്നെങ്കിലും വരുമോ?
[അടിക്കുറിപ്പുകൾ]
a അവളുടെ അനുഭവം ലോകത്തിലെ കുട്ടികളുടെ അവസ്ഥ 1997-ൽ (ഇംഗ്ലീഷ്) റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.