രണ്ടു തരം ലെൻസുള്ള കണ്ണടകൾ—ആർക്കാണ് അവ ആദ്യമുണ്ടായിരുന്നത്?
രണ്ടു നൂറ്റാണ്ടുകൾക്കു മുമ്പ്, ബെഞ്ചമിൻ ഫ്രാങ്ക്ളിൻ രണ്ടു ജോഡി സ്ഫടിക കഷണങ്ങൾ—ഒന്നു ദൂരദൃഷ്ടിക്ക് ഉള്ളതും മറ്റൊന്നു ഹ്രസ്വദൃഷ്ടിക്ക് ഉള്ളതും—തിരഞ്ഞെടുത്തു. എന്നിട്ട് അദ്ദേഹം അവ ഓരോന്നും വിലങ്ങനെ മുറിച്ച് പകുതി വീതം ആക്കി. ഒരേ ഫ്രെയ്മിൽ തന്നെ, ദൂരദൃഷ്ടിക്കുള്ള ലെൻസിന്റെ മേൽപ്പകുതി ഹ്രസ്വദൃഷ്ടിക്കുള്ള ലെൻസിന്റെ കീഴ്പകുതിയുടെ മുകളിൽ ഘടിപ്പിച്ചു. അതോടെ, രണ്ടു തരം ലെൻസുള്ള ആദ്യത്തെ കണ്ണട രൂപം പ്രാപിക്കുകയായി!
ഇന്ന്, സാങ്കേതിക വിദ്യയിലെ പുരോഗതി നിമിത്തം ഒരൊറ്റ ചില്ലിൽ തന്നെ ഹ്രസ്വദൃഷ്ടിക്കും ദൂരദൃഷ്ടിക്കും ഉള്ള ലെൻസുകൾ രൂപപ്പെടുത്താനാകും. ഒരു ചില്ലിന്റെ തന്നെ മുകൾഭാഗത്തിന്റെയും കീഴ്ഭാഗത്തിന്റെയും വക്രതയ്ക്കു വ്യത്യാസം വരുത്തിയാണ് ഇതു സാധ്യമാക്കുന്നത്. ഇത്തരം കോൺടാക്റ്റ് ലെൻസുകൾ പോലും ഇന്നു ലഭ്യമാണ്. എന്നാൽ പ്രകാശ-ദൃഷ്ടിശാസ്ത്രം രണ്ടുതരം ലെൻസുള്ള കണ്ണടകൾ രൂപപ്പെടുത്തുന്നതിനു വളരെ മുമ്പു തന്നെ, അത്രയൊന്നും പ്രസിദ്ധനല്ലാത്ത ഒരു ശുദ്ധജല മത്സ്യത്തിന് ഇത്തരം ലെൻസുകളിൽ ‘അത്യാധുനികമായവ’ ഉണ്ടായിരുന്നു എന്നു നിങ്ങൾക്ക് അറിയാമായിരുന്നോ?
കാഴ്ചയ്ക്കു പരൽ മത്സ്യങ്ങളെ പോലിരിക്കുന്ന ഇവയെ അനാബ്ലെപ്സ് എന്നാണു ശാസ്ത്രജ്ഞന്മാർ വിളിക്കുന്നത്. 30 സെന്റിമീറ്റർ നീളമുള്ള ഇവ, മെക്സിക്കോയുടെ തെക്കു ഭാഗം മുതൽ തെക്കേ അമേരിക്കയുടെ വടക്കു ഭാഗം വരെയുള്ള ജലാശയങ്ങളിൽ കാണപ്പെടുന്നു. വാലു മുതൽ ചെകിള വരെ അവയ്ക്ക് വലിയ പ്രത്യേകതയൊന്നുമില്ല. എന്നാൽ ചെകിളയ്ക്ക് അപ്പുറത്തേക്കുള്ള ഭാഗം നമ്മിൽ ആശ്ചര്യം ജനിപ്പിച്ചേക്കാം.
ഒറ്റ നോട്ടത്തിൽ, ഈ മത്സ്യങ്ങൾക്കു നാലു കണ്ണുകൾ ഉള്ളതായി തോന്നും—മുകളിലേക്കു നോക്കാനായി ഒരു ജോഡിയും താഴേക്കു നോക്കാനായി മറ്റൊരു ജോഡിയും. ആളുകൾ ഇവയെ നാൽക്കണ്ണൻ മത്സ്യങ്ങളെന്നു വിളിക്കുന്നതു വെറുതെയല്ല. പക്ഷേ, ഇതു വെറും ഒരു തോന്നൽ മാത്രമാണ്. അവയ്ക്ക് ഉരുണ്ട, രണ്ടു വലിയ കണ്ണുകൾ ആണുള്ളത്. എന്നാൽ ഓരോ കണ്ണും വിലങ്ങനെ ഒരു ചർമ പാളിയാൽ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഇവ ജലോപരിതലത്തിലൂടെ നീന്തി തുടിക്കുന്നതിനാൽ, അവയുടെ കണ്ണുകളുടെ മേൽപകുതി വെള്ളത്തിനു മുകളിലായിരിക്കും. പരിതോദർശനികൾ (periscopes) പോലെ വർത്തിക്കുന്ന ഇവ ആകാശത്തേക്കു ദൃഷ്ടി പായിക്കാൻ മത്സ്യത്തെ സഹായിക്കുന്നു. വെള്ളത്തിൽ മുങ്ങി കിടക്കുന്ന കീഴ്പകുതി കൊണ്ടു ജലോപരിതലത്തിന്റെ അടിഭാഗത്തും അവയ്ക്കു നോക്കാനാകും. ഈ വിധത്തിൽ നാൽക്കണ്ണൻ മത്സ്യങ്ങൾ വെള്ളത്തിനടിയിൽ തീറ്റ അന്വേഷിക്കുമ്പോൾ തന്നെ വിശന്നു വലഞ്ഞെത്തുന്ന ജലപക്ഷികളുടെമേൽ ഒരു കണ്ണുണ്ടായിരിക്കാനും—അല്ലെങ്കിൽ ഒന്നു കൂടി കൃത്യമായി പറഞ്ഞാൽ, രണ്ടു കണ്ണുണ്ടായിരിക്കാനും—ശ്രദ്ധിക്കുന്നു.
വെള്ളത്തിന്റെ അടിയിലേക്കു നോക്കാൻ അവയ്ക്കു പക്ഷേ, വായുവിലേക്കു നോക്കാൻ ആവശ്യമായിരിക്കുന്നതിനെക്കാൾ കട്ടി കൂടിയ ലെൻസ് വേണം. ഈ പ്രശ്നം എങ്ങനെ ആണ് പരിഹരിക്കപ്പെടുന്നത്? രണ്ടു തരം ലെൻസുകൾ കൊണ്ട്! ഓരോ കണ്ണിലും അണ്ഡാകൃതിയിലുള്ള ഓരോ ലെൻസു വീതം ഉണ്ട്. പക്ഷേ ലെൻസിന്റെ അടിഭാഗം മുകൾഭാഗത്തേക്കാളും കട്ടികൂടിയതായതുകൊണ്ട് ഫലത്തിൽ രണ്ടുതരം ലെൻസുകളാണ് അവയുടെ ഓരോ കണ്ണിലും ഉള്ളത്. ലെൻസിന്റെ കട്ടി കൂടിയ ഭാഗം കൊണ്ടു ജലപരപ്പിന് അടിയിലുള്ള ഭാഗം നിരീക്ഷിക്കുമ്പോൾ കൂടുതൽ പരന്ന മുകൾ ഭാഗം ഉപയോഗിച്ച് അവ ആകാശത്തേക്കും ദൃഷ്ടി പായിക്കുന്നു.
എന്നിരുന്നാലും, രണ്ടു തട്ടിലുള്ള കാഴ്ച വ്യക്തമാകണം എങ്കിൽ മത്സ്യങ്ങൾ തങ്ങളുടെ ലെൻസുകൾ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. അവ എങ്ങനെയാണ് തങ്ങളുടെ ലെൻസുകൾ വൃത്തിയാക്കുന്നത്? ലെൻസുകളിൽ ഉള്ള ഈർപ്പം നഷ്ടമാകുമ്പോൾ, ഈ മത്സ്യങ്ങൾ തല വെള്ളത്തിൽ മുക്കുന്നു. അതിനുശേഷം അവ പൊന്തിവരുന്നതു വെട്ടിത്തിളങ്ങുന്ന ഇരട്ടലെൻസുകളുമായാണ്. ആ തിളക്കമാർന്ന ലെൻസുകളിൽ പ്രതിഫലിക്കുന്നതോ നിശ്ചയമായും അവയുടെ സ്രഷ്ടാവിന്റെ ജ്ഞാനവും!
[31-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Painting by Charles Willson Peale/Dictionary of American Portraits/Dover
©Dr. Paul A. Zahl, The National Audubon Society Collection/PR
©William E. Townsend, Jr., The National Audubon Society Collection/PR