ഞങ്ങളുടെ വായനക്കാരിൽനിന്ന്
കൊടും ക്രൂരതകളുടെ നൂറ്റാണ്ട് ഉണരുക!യുടെ ആഗസ്റ്റ് 8, 1998 ലക്കം ഇന്ന് എനിക്കു തപാലിൽ ലഭിച്ചു. അതിന്റെ മുഖചിത്രം കണ്ടപാടെ, “കൊടും ക്രൂരതകളുടെ നൂറ്റാണ്ട്—മറക്കാൻ സമയമായോ?” എന്ന ലേഖന പരമ്പര ഞാൻ വായിക്കാൻ ആരംഭിച്ചു. മനുഷ്യർ കാട്ടിക്കൂട്ടുന്ന വഷളത്തങ്ങളെ കുറിച്ചു ചിന്തിക്കുമ്പോൾ എനിക്കു വളരെയേറെ ദുഃഖം തോന്നുന്നു. മുഴു മനുഷ്യവർഗവും യഥാർഥ സമാധാനത്തിൽ വസിക്കുന്ന സമയത്തിനു വേണ്ടി ഞാൻ എത്ര ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നോ!
റ്റി. ഡി., ഐക്യനാടുകൾ
കുറച്ചു കാലമായി എന്നെ അലട്ടിക്കൊണ്ടിരുന്ന ചോദ്യങ്ങൾക്ക് ഈ ലക്കം ഉത്തരം നൽകി. എന്നെ പോലെയുള്ള ആളുകളെ സഹായിക്കാനായി ദൈവം നിങ്ങളുടെ പ്രസിദ്ധീകരണങ്ങളിലൂടെ പ്രവർത്തിക്കുകയാണെന്ന് എനിക്കു തോന്നുന്നു.
റ്റി. സി., ഐക്യനാടുകൾ
ലാറ്റിൻ സംഗീതം “ആഗോള പ്രിയം നേടിയിരിക്കുന്ന ലാറ്റിൻ സംഗീതം” എന്ന ലേഖനത്തിനു വളരെ നന്ദി. (ആഗസ്റ്റ് 8, 1998) എനിക്കു സംഗീതം കേൾക്കാൻ വളരെ ഇഷ്ടമാണ്, അതുപോലെ തന്നെ നൃത്തം ചെയ്യാനും. എന്നിരുന്നാലും, നാർകോ കോറിഡോ സംഗീതം പോലെ അപകടകരം ആയിരുന്നേക്കാവുന്ന ചില സംഗതികളെക്കുറിച്ച് എടുത്തുപറഞ്ഞതിനു പ്രത്യേകം നന്ദി. മറ്റൊരിടത്തു നിന്നും എനിക്ക് ഈ വിവരങ്ങൾ ലഭിക്കുമായിരുന്നില്ല. ഞാനത് അങ്ങേയറ്റം വിലമതിച്ചു.
ജെ. ബി., ഐക്യനാടുകൾ
ഷേക്സ്പിയർ നിഗൂഢത “വില്യം ഷേക്സ്പിയറിനെ കുറിച്ചുള്ള നിഗൂഢത” എന്ന ലേഖനത്തെ വർണിക്കാൻ എനിക്ക് ഒരൊറ്റ വാക്കേ ഉള്ളൂ—“സബാഷ്.” (ആഗസ്റ്റ് 8, 1998) പ്രൈമറി സെക്കൻഡറി സ്കൂൾ തലത്തിലുള്ള വിദ്യാർഥികളെ ഞാൻ പോർച്ചുഗീസ് ഭാഷയും സാഹിത്യവും പഠിപ്പിക്കുന്നു. നിങ്ങളുടെ ലേഖനങ്ങൾ ഞാൻ മിക്കപ്പോഴും ക്ലാസ്സിൽ ഉപയോഗിക്കാറുണ്ട്.
ജെ. എസ്. ജി., ബ്രസീൽ
ഷേക്സ്പിയർ കൃതികളുടെ ഗ്രന്ഥകർത്തൃത്വത്തെ കുറിച്ചുള്ള നിങ്ങളുടെ ലേഖനത്തെ പ്രതി അഭിനന്ദനം അറിയിക്കാൻ ഞാൻ താത്പര്യപ്പെടുന്നു. ഷേക്സ്പിയറാണ് ഈ നാടകങ്ങൾ രചിച്ചത് എന്ന പൊതുവെ ഉള്ള അഭിപ്രായം അനേക ആളുകളും അവിശ്വസനീയമെന്നു കണ്ടെത്തുന്നത് എന്തുകൊണ്ടെന്ന് ഇതു വിശദീകരിക്കുന്നു.
എഫ്. സി., ഇംഗ്ലണ്ട്
മതിപ്പുളവാക്കുന്ന ഡിസൈൻ ഏതാനും വർഷങ്ങൾക്കു മുമ്പു ഞാൻ ഡിസൈനിങ് പഠിച്ചതാണ്. ഉണരുക!യുടെ ആഗസ്റ്റ് 8, 1998 ലക്കം മികവുറ്റതാണെന്നു ഞാൻ വിചാരിക്കുന്നു. ആദ്യപേജിലെ മുള്ളുകമ്പിയുടെ ഡിസൈൻ പിന്നീടു പുഷ്പത്തിന്റെതായി പരിണമിച്ചത് ഏറെ ശ്രദ്ധേയമായി. “ആഫ്രിക്കൻ വാനത്തിലെ രത്നങ്ങൾ” എന്ന ലേഖനത്തിലെ വർണചിത്രങ്ങളും 31-ാം പേജിലെ ഗംഭീര ചിത്രങ്ങളും എനിക്കു വളരെ ഇഷ്ടപ്പെട്ടു.
എസ്. കെ. സി., ഇംഗ്ലണ്ട്
പരസ്യങ്ങൾ എന്റെ മകൾ ഒരു യഹോവയുടെ സാക്ഷിയല്ല. അവൾ പരസ്യരംഗത്തു ജോലിചെയ്യുന്നതിനാൽ “പരസ്യങ്ങൾ—നിങ്ങളെ എങ്ങനെ ബാധിക്കുന്നു?” എന്ന പരമ്പരയോടു കൂടിയ ആഗസ്റ്റ് 22, 1998 ലക്കം ഞാൻ അവൾക്ക് അയച്ചുകൊടുത്തു. അഭിനന്ദനങ്ങൾ കോരിച്ചൊരിഞ്ഞു കൊണ്ട് അവൾ പറഞ്ഞത് നിങ്ങളുടെ ലേഖകർക്കു പ്രേരണാ ചാതുര്യത്തിന്റെ അന്തസ്സത്ത ഉൾക്കൊള്ളാനായി എന്നാണ്.
ആർ. എസ്., ഐക്യനാടുകൾ
സ്വാദ് എന്റെ 13 വയസ്സുകാരി മകൾ തീരെ കുഞ്ഞായിരിക്കുമ്പോൾ മുതൽ തന്നെ പുതിയ ഭക്ഷണസാധനങ്ങൾ കഴിച്ചു നോക്കാൻ വിസമ്മതിക്കുമായിരുന്നു. അതുകൊണ്ടു തന്നെ “സ്വാദറിയാനുള്ള കഴിവ്—സ്നേഹവാനായ സ്രഷ്ടാവിന്റെ ദാനം” എന്ന ലേഖനത്തിനു ഞാൻ നിങ്ങളോടു വളരെ കടപ്പെട്ടിരിക്കുന്നു. (ആഗസ്റ്റ് 22, 1998) പുതിയ വിഭവങ്ങളോടു പ്രിയം വികസിപ്പിച്ചെടുക്കാൻ കുട്ടികളെ സഹായിക്കുന്നതിനു വേണ്ടിയുള്ള നിങ്ങളുടെ നിർദേശങ്ങൾ ഞാൻ പ്രത്യേകിച്ചും വിലമതിച്ചു. മുമ്പ് അവൾ കണ്ടാൽ മുഖംതിരിക്കുമായിരുന്ന ചില വിഭവങ്ങൾ എങ്ങനെ പാകംചെയ്താൽ ഇഷ്ടമാകും എന്നു ഞാൻ അവളോടു ചോദിച്ചു. നിങ്ങൾ നൽകിയ നിർദേശം ഫലിച്ചു! മുമ്പ് ഇഷ്ടമില്ലാതിരുന്ന പോഷകഗുണമുള്ള വിഭവങ്ങൾ അവൾ ഇപ്പോൾ കഴിക്കാൻ തുടങ്ങിയിരിക്കുന്നു.
ബി. എം., പോളണ്ട്
സാത്താനെ പഴിക്കണമോ? എനിക്കു പതിനേഴു വയസ്സുണ്ട്. ഈ അടുത്തകാലത്തു ഞാൻ ആദ്യമായി ഉണരുക! വായിച്ചു. അതിന്റെ വായന ഇപ്പോൾ എനിക്കൊരു ഹരമാണ്! “ബൈബിളിന്റെ വീക്ഷണം: നമ്മുടെ പാപങ്ങൾക്ക് സാത്താനെ പഴിക്കണമോ?” എന്നതു പോലെയുള്ള വിലയേറിയ വിവരങ്ങൾ അതിലുണ്ടായിരുന്നു. (സെപ്റ്റംബർ 8, 1998) ഇതു വായിക്കുന്നതു വരെ, പാപം ചെയ്താൽ എനിക്കു സാത്താനെ കുറ്റപ്പെടുത്താനാകും എന്നാണു ഞാൻ വിചാരിച്ചിരുന്നത്. നിങ്ങളുടെ മാസിക ഒന്നാംതരമാണ്, അതു വായിക്കാൻ ഞാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതിന്റെ പ്രതികൾ ദയവായി എനിക്കും അയച്ചു തരണേ!
എം. എം., ഐക്യനാടുകൾ