കണ്ണടകളിലേക്ക് ഒരു എത്തിനോട്ടം
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
കണ്ണടകളുടെ സഹായത്തോടെയാണോ നിങ്ങൾ ഇതു വായിക്കുന്നത്? കൊള്ളാം, നിങ്ങൾ ഒരു പ്രകാരത്തിലും ഒററയ്ക്കല്ല. ദൃഷ്ടാന്തത്തിന്, ബ്രിട്ടീഷ് ജനസംഖ്യയുടെ ഏതാണ്ട് 60 ശതമാനം ഇപ്പോൾ കണ്ണടകൾ ധരിക്കുന്നു.
കണ്ണടകൾ ധരിക്കുന്നതു വളരെ സർവസാധാരണമായിത്തീർന്നിരിക്കുന്നു. അവ സംബന്ധിച്ചു നിങ്ങളുടെ സ്നേഹിതർ എന്തെങ്കിലും അഭിപ്രായം പറയുന്നെങ്കിൽ അതു മിക്കവാറും നിങ്ങൾ ഫ്രെയിമിന്റെ സ്റൈറൽ മാറിയതുകൊണ്ടോ അവ ധരിക്കാതിരിക്കാൻ തീരുമാനിച്ചതുകൊണ്ടോ ആയിരിക്കാം. മൂക്കിനുമീതെ കൂടി ഊർന്നിറങ്ങുകയോ ഈർപ്പം പററിപ്പിടിക്കുകയോ ചെയ്യാത്തപക്ഷം കണ്ണടകളെക്കുറിച്ചു ചിന്തിക്കാതെതന്നെ അവ ധരിക്കുകയും എടുത്തുമാററുകയും ചെയ്യുമാറു നമ്മിൽ മിക്കവരും കണ്ണടകളുമായി അത്രയ്ക്ക് ഇണങ്ങിച്ചേർന്നിരിക്കുന്നു.
എന്നിരുന്നാലും മിക്ക കണ്ണടധാരികളും സ്റൈറലുള്ള ഫ്രെയിമുകളെക്കാൾ സാധാരണ കാഴ്ചശക്തി ഇഷ്ടപ്പെടുന്നു. കണ്ണടകൾ ഒരു ശല്യമായിരിക്കാൻ കഴിയും. എങ്കിൽപ്പോലും കാഴ്ചശക്തി കുറഞ്ഞവർക്ക് ഇതു മുമ്പൊരിക്കലും ലഭിച്ചിട്ടില്ലാത്ത ഒരു അനുഗ്രഹമാണ്.
ആദ്യകാല ദൃശ്യസഹായികൾ
റോമൻ ചക്രവർത്തിയായ നീറോ ദ്വന്ദ്വയുദ്ധ മത്സരങ്ങൾ കൂടുതൽ നന്നായി കാണാൻ മരതകത്തിൽനിന്ന് ഒരു ലെൻസ് ഉണ്ടാക്കിച്ചതായി പറയപ്പെടുന്നു—കുറഞ്ഞുവരുന്ന കാഴ്ചശക്തി മെച്ചപ്പെടുത്താൻ ഫലപ്രദമല്ലാത്ത ചെലവേറിയ ഒരു മാർഗം. സമാനമായി പ്രാചീന കാലങ്ങളിൽ സ്ഫടികക്കണ്ണാടിയിൽനിന്നും സ്ഫടികക്കല്ലിൽനിന്നും കുപ്പിക്കല്ലിൽനിന്നും ഗോമേദകത്തിൽനിന്നും പുഷ്യരാഗത്തിൽനിന്നും ലെൻസുകൾ ഉണ്ടാക്കിയിരുന്നു. എന്നാൽ 1268 എന്ന വർഷത്തോടടുത്ത് ഇംഗ്ലീഷ് സന്ന്യാസിയായ റോജർ ബേക്കൺ ഒരു സ്ഫടിക ഗോളത്തിന്റെ ഛേദം വായനാസഹായിയായി എങ്ങനെ ഉപയോഗിക്കാം എന്നു വർണിച്ചു. അതേ കാലഘട്ടത്തോടടുത്തുതന്നെ ആദ്യത്തെ കണ്ണടകൾ—ഫ്രെയിമുകളിൽ പരുക്കൻ ലെൻസുകൾ ഘടിപ്പിച്ചവ—പ്രത്യക്ഷപ്പെട്ടുതുടങ്ങി.
അവ ആദ്യം കണ്ടുപിടിച്ചത് ആരാണ്—ഇററലിക്കാരോ ചൈനാക്കാരോ? ഏതാണ്ട് ഒരേ കാലത്തുതന്നെ ഈ രണ്ടു നാടുകളിലും ഈ ഉപകരണം കണ്ടുതുടങ്ങിയതുകൊണ്ട് ഇതൊരു തർക്കവിഷയമാണ്. ഒരു വശത്ത്, ഇററലിയിലെ ഫ്ളോറൻസിലുള്ള ഒരു കല്ലറ ഈ ശിലാഖചിതം വഹിക്കുന്നു: “ഫ്ളോറൻസിലുള്ള ആർമാത്തി കുടുംബത്തിലെ സാൽവിനോ ഡാർമാറേറാ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. കണ്ണടകൾ കണ്ടുപിടിച്ചയാൾ. ദൈവം അയാളുടെ പാപങ്ങൾ പൊറുക്കട്ടെ.” അദ്ദേഹം എന്നാണു മരിച്ചതെന്ന് ആർക്കും ഒരു നിശ്ചയവുമില്ല—1285, 1317, അല്ലെങ്കിൽ 1340. അതേസമയം, ഇററലിയിലെ മഹാ പര്യവേക്ഷകനായ മാർക്കോ പോളോ 13-ാം നൂററാണ്ടിന്റെ ഒടുവിൽ ചൈനയിൽ എത്തിച്ചേർന്നപ്പോൾ ധാരാളമാളുകൾ കണ്ണടകൾ ധരിച്ചിരുന്നതു കണ്ടതായി ഓർമിക്കുന്നു. പൊ.യു. (പൊതുയുഗം) 500 മുതൽ ചൈനയിൽ കണ്ണടകൾ ധരിച്ചിരുന്നതായി ഐതിഹ്യം പറയുന്നു.
ഏതായാലും ഒടുവിൽ, 16-ാം നൂററാണ്ടായപ്പോഴേക്കും വെനീസിലും ന്യൂറംബർഗിലും മററുചില യൂറോപ്യൻ കേന്ദ്രങ്ങളിലും കണ്ണട വ്യവസായം തഴച്ചുവളരുന്നുണ്ടായിരുന്നു. കണ്ണടകൾ ഏററവും പ്രിയപ്പെട്ട ആഭരണങ്ങളായി മാറി, തെരുവു കച്ചവടക്കാർ അതു വിററിരുന്നു. പക്ഷേ കഷ്ടം, വിൽപ്പനക്കാർ തങ്ങളുടെ വിൽപ്പനച്ചരക്കുകൊണ്ട് യാതൊരുവിധ കാഴ്ചാപരിശോധനയും അനുവദിച്ചിരുന്നില്ല. അതുകൊണ്ടു വാങ്ങുന്നവൻ തന്റെ ആകാരം മെച്ചപ്പെടുത്തിയെങ്കിലും അവശ്യം കാഴ്ചശക്തി മെച്ചപ്പെടുത്തിയില്ല!
കണ്ണടകൾ ഇന്ന്
കണ്ണടകൾ ഉത്തരോത്തരം പരിഷ്കരിക്കപ്പെട്ടുപോന്നു. അവ റിബണുകൾക്കൊണ്ടു ചെവിയോടോ സ്പ്രിങ്ങുകൊണ്ടുള്ള ഒരു ക്ലിപ്പ് മുഖാന്തരം മൂക്കിനോടോ ഘടിപ്പിച്ചിരുന്നു. പതിനെട്ടാം നൂററാണ്ടിന്റെ ആരംഭമായപ്പോഴേക്കും കട്ടിയുള്ള കാലുകൾ മൂലം കണ്ണടകളെ ചെവിയോടു ചേർത്തു ബന്ധിപ്പിച്ചുനിർത്തുന്ന ആശയവുമായി ആരോ മുന്നോട്ടു വന്നു. ഇപ്പോഴും ഏററവും ജനപ്രീതിയുള്ള രീതി ഇതുതന്നെയാണ്.
ലെൻസ് നിർമാണവും നാടകീയമായി പുരോഗമിച്ചു. ഉയർന്ന ഗുണമേൻമയുള്ള ഗ്ലാസ് സുതാര്യമായ ക്രിസ്ററൽ പദാർഥങ്ങൾക്കു പകരം സ്ഥാനം പിടിച്ചു. പ്രിസങ്ങൾക്കൊണ്ടുള്ള സർ ഐസക് ന്യൂട്ടന്റെ 17-ാം നൂററാണ്ടിലെ പരീക്ഷണങ്ങൾ പ്രകാശ അപവർത്തനം സംബന്ധിച്ചുള്ള അറിവിനു വഴിതെളിച്ചു. വാച്ചുനന്നാക്കുന്നവർ ഉപയോഗിക്കുന്ന ലെൻസുകൾ ശാസ്ത്രീയ കൃത്യതയോടെ നിർമിക്കാൻ കഴിഞ്ഞു.
അമേരിക്കൻ രാജ്യതന്ത്രജ്ഞനായ ബെഞ്ചമിൻ ഫ്രാങ്ക്ളിൻ 1784-ൽ തന്റെ കണ്ണടകളോടു ബന്ധപ്പെട്ടു തനിക്കുണ്ടായിരുന്ന ഒരു പ്രശ്നത്തിനു വിദഗ്ധമായ പരിഹാരം കണ്ടുപിടിച്ചു. വായിക്കാനുപയോഗിച്ച അദ്ദേഹത്തിന്റെ ഗ്ലാസുകൾ ദീർഘദൂര കാഴ്ചയുമായി യോജിക്കാതെ വന്നു, അകലെയുള്ള വസ്തുക്കൾ കാണാൻ അദ്ദേഹം ഉപയോഗിച്ചിരുന്നതു വായനയ്ക്കു യോജിച്ചവയായിരുന്നില്ല. അതുകൊണ്ടു തുടർച്ചയായി രണ്ടു ജോഡി ഗ്ലാസുകൾ മാറിവെക്കുന്നതിനു പകരം അദ്ദേഹം ഇപ്രകാരം ന്യായവാദം ചെയ്തു, രണ്ടുതരം ലെൻസുകൾ ഒരു ജോഡി ഗ്ലാസുകളിൽത്തന്നെ എന്തുകൊണ്ടു യോജിപ്പിച്ചുകൂടാ? ഇപ്രകാരം രണ്ടു ചില്ലുള്ള കണ്ണടകൾ ജൻമമെടുത്തു. എന്നിരുന്നാലും പിന്നെയും നൂറു വർഷങ്ങൾ കഴിഞ്ഞാണ് അവ നിർമിക്കുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങൾ വികസിച്ചത്.
പ്രത്യേകമായ ആവശ്യങ്ങൾ നിറവേററാൻ പലതരത്തിലുള്ള കണ്ണടകൾ ലഭ്യമാണ്. തെറിക്കുന്ന വസ്തുക്കളിൽനിന്നു തൊഴിലാളികളുടെ കണ്ണുകളെ സംരക്ഷിക്കാൻ സുരക്ഷിത ഗ്ലാസുകളായി പല പാളികൾ ഉള്ളതോ കട്ടി കൂട്ടിയതോ ആയ ഗ്ലാസുകൾ പിടിപ്പിക്കാവുന്നതാണ്. ചില ലെൻസുകൾ പ്രകാശ സംവേദകത്വം (photosensitive) ഉള്ളതാണ്: തീവ്രസൂര്യപ്രകാശത്തിൽ കാണിക്കുമ്പോൾ അവ ഇരുണ്ടതായിത്തീരുന്നു, നിഴലിലോ മുറിക്കുള്ളിലോ ആയിരിക്കുമ്പോൾ അവ വീണ്ടും തെളിഞ്ഞുവരുന്നു. ഇനിയും മററുചില ഗ്ലാസുകൾ പ്ലാസ്ററിക്കാണ്, അതു കണ്ണടകളുടെ ഭാരം ഗണ്യമായി കുറയ്ക്കുകയും കട്ടിയേറിയ ലെൻസുകൾ ധരിക്കുന്ന ആളുകളുടെ അസൗകര്യം കുറയ്ക്കുകയും ചെയ്യുന്നു.
‘കണ്ണടകളോ? എനിക്കോ?’
ഒരുപക്ഷേ, പൂർണ കാഴ്ചശക്തികൊണ്ട് അനുഗ്രഹിക്കപ്പെട്ട ഒരു ഭാഗ്യവാനായിരിക്കാം നിങ്ങൾ. സാധ്യതയനുസരിച്ച് അത് അധികനാളത്തേക്കാവില്ല.
‘ഒരു ദിവസം ഞാൻ കണ്ണട ധരിക്കേണ്ടി വന്നേക്കാം എന്നാണോ നിങ്ങൾ പറയുന്നത്?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. അതേ, ഇപ്പോൾ നിങ്ങൾക്കു നല്ല കാഴ്ചശക്തിയുണ്ടെങ്കിൽപ്പോലും നിങ്ങൾ മിക്കവാറും കണ്ണട ധരിക്കാനാണു സാധ്യത. എന്തുകൊണ്ട്? പറയാം, 45—അല്ലെങ്കിൽ അതിൽ കൂടുതൽ—വയസ്സാകുന്നതോടെ വെള്ളെഴുത്തിന്റെ (presbyopia) ഫലങ്ങൾ നിങ്ങൾ കണ്ടുതുടങ്ങിയേക്കാം എന്നതാണ് ഒരു കാരണം. ആ വാക്കു കേട്ടു ഭയപ്പെടുകയൊന്നും വേണ്ട. നിങ്ങളുടെ യൗവനത്തിലേതുപോലെ നിങ്ങളുടെ കണ്ണിലെ ലെൻസുകൾ അടുത്തുള്ള വസ്തുക്കളിൽനിന്ന് അകലെയുള്ള വസ്തുക്കളിലേക്കു ഫലപ്രദമായി ഫോക്കസ് മാററുകയില്ല എന്നതാണ് അതിന്റെ അർഥം. വാർധക്യത്തിന്റെ പ്രക്രിയയിൽ ഒടുക്കേണ്ടിവരുന്ന പിഴകളിൽ ഒന്നു മാത്രമാണു കണ്ണടകൾ.
നിങ്ങളുടെ മാതാപിതാക്കൾ കണ്ണടകൾ ധരിക്കുന്നുണ്ടോ? കാഴ്ച സംബന്ധിച്ച പ്രശ്നങ്ങൾ ജനിതകമാണെന്നു പലരും വിചാരിക്കുന്നു. അങ്ങനെയെങ്കിൽ ഒരു ദിവസം നിങ്ങൾ കണ്ണട ധരിക്കേണ്ടി വരുമെന്നത് ഇപ്പോൾത്തന്നെ പാരമ്പര്യത്താൽ നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
എന്നിരുന്നാലും, കാലക്രമത്തിൽ വാർധക്യവും ജീനുകളും ശീലങ്ങളും മോശമായ ഫലങ്ങളിൽ കലാശിക്കുകയും ദീർഘദൃഷ്ടി (hyperopia), ഹ്രസ്വദൃഷ്ടി (myopia), അബിന്ദുകത ([astigmatism] കോർണിയായുടെ അപൂർണമായ ഒരു വളവ്), കോങ്കണ്ണ് (strabismus) തുടങ്ങിയ സാധാരണ കാഴ്ചാവൈകല്യങ്ങൾ ഉളവാക്കുകയും ചെയ്തേക്കാം. മുകളിൽ കൊടുത്തിരിക്കുന്നതിൽ ഏതെങ്കിലും നിങ്ങളെ ബാധിച്ചിട്ടുണ്ടെങ്കിൽ ഒരു നേത്രരോഗ വിദഗ്ധനെ (കണ്ണുപരിശോധിച്ച് അനുയോജ്യമായ കണ്ണട നിർദേശിക്കുന്ന ഒരു ചികിത്സകനെപ്പോലുള്ള ഒരുവനെ) സന്ദർശിക്കുന്നതു നന്നായിരിക്കും. നിങ്ങൾക്കിഷ്ടമുള്ള ഒരു ജോഡി ഫ്രെയിമുകൾ തിരഞ്ഞെടുക്കുക എന്നതാണു പിന്നത്തെ കാര്യം.—ചതുരം കാണുക.
നിങ്ങളുടെ കണ്ണടകൾ പരിപാലിക്കൽ
കണ്ണടകൾ വളരെ വിലയുള്ളതായിരുന്നേക്കാം. നിങ്ങളുടെ ദൈനംദിന കാര്യാദികൾ നിർവഹിക്കാൻ നിങ്ങൾ അവയെ ആശ്രയിക്കുന്നുണ്ടാകാം. അതുകൊണ്ട് അവ നന്നായി പരിപാലിക്കുക. നിങ്ങൾ അവ എടുത്തുമാററുമ്പോൾ ലെൻസുകൾ താഴേക്കാക്കി ഒരിക്കലും വയ്ക്കരുത്. അതിന്റെമേൽ വന്ന് ഇരിക്കാവുന്നതോ ചവിട്ടാവുന്നതോ ആയ ഒരു സ്ഥലത്തു നിങ്ങൾ അവ വയ്ക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. കണ്ണടകൾ പെട്ടെന്നു വൃത്തിഹീനമാകുന്നു, അതുകൊണ്ടു ലെൻസുകൾ മാർദവമുള്ള ഉണങ്ങിയ തുണികൊണ്ടു ദിവസവും തുടയ്ക്കണം. ഫ്രെയിമുകൾ ചൂടുള്ള സോപ്പുവെള്ളത്തിൽ ഇടയ്ക്കിടയ്ക്കു കഴുകണം. കണ്ണടകൾ ധരിക്കുന്ന പ്രായം കുറഞ്ഞ കുട്ടികൾ നിങ്ങൾക്കുണ്ടെങ്കിൽ, കൂടുതൽ കൂടെക്കൂടെ അവരുടെ ഗ്ലാസുകൾ വൃത്തിയാക്കേണ്ട ആവശ്യം നിങ്ങൾ കണ്ടേക്കാം.
നിങ്ങളുടെ ഗ്ലാസുകളുടെ പൊരുത്തം (alignment) തെററുകയും അതു പിന്നീടു യോജിക്കാതെ വരികയും ചെയ്യുകയാണെങ്കിൽ എന്ത്? സ്വയം നന്നാക്കുകയെന്ന സാഹസം ഏറെറടുക്കുന്നതിനു പകരം കണ്ണടവ്യാപാരിയുടെ അടുക്കൽ അതു കൊണ്ടുചെല്ലുക.
നന്നായി പരിപാലിക്കുമ്പോൾ നിങ്ങളുടെ ഗ്ലാസുകളിൽനിന്നു നിങ്ങൾക്കു നല്ല സേവനം ലഭിക്കും. ഓ, അത് ഇപ്പോഴും ഇടയ്ക്കിടയ്ക്ക് ഒരു ശല്യമായിരുന്നേക്കാം, എന്നാൽ അവ നിങ്ങളുടെ കാഴ്ചശക്തി മെച്ചപ്പെടുത്തുകതന്നെ ചെയ്യുന്നു—ഒരുപക്ഷേ നിങ്ങളുടെ ആകാരത്തെപ്പോലും. തീർച്ചയായും ധരിക്കുമ്പോഴുള്ള ബുദ്ധിമുട്ടിനുതക്ക മൂല്യമുള്ളതല്ലേ അത്? (g93 7/8)
[14-ാം പേജിലെ ചതുരം]
കണ്ണടകളും ഫാഷനും
‘ഗ്ലാസുകൾ എന്നെ വിരൂപനാക്കും!’ തങ്ങൾ കണ്ണടകൾ ധരിക്കേണ്ടിവരും എന്നു കേൾക്കുമ്പോൾ പലരും അങ്ങനെ പറയുന്നു. എന്നിരുന്നാലും, ഒരു ജോഡി ഗ്ലാസുകൾ പുകഴ്ച ലഭിക്കുന്ന അലങ്കാര വസ്തുവായിരിക്കാൻ കഴിയുമാറ് ഫാഷൻ നിർമാതാക്കൾ കണ്ണടകൾ നിർമിക്കാൻ തങ്ങളുടെ മികവുകൾ അത്രമാത്രം ഉപയോഗപ്പെടുത്തിയിരിക്കുന്നു.
ഫ്രെയിം നിർമാതാക്കൾ ഭാരം കുറഞ്ഞ, ദീർഘകാലം നിലനിൽക്കുന്ന പ്ലാസ്ററിക്കുകൾ പ്രയോജനപ്പെടുത്തിയിരിക്കുന്നു എന്നത് ഒരു സംഗതിയാണ്. വർണത്തിന്റെയും വലിപ്പത്തിന്റെയും അന്തമില്ലാത്ത വൈവിധ്യം പ്രദാനം ചെയ്തുകൊണ്ടുതന്നെ. കൂടാതെ, ഉയർന്ന അപവർത്തനാങ്കമുള്ള (refractive-index) ഗ്ലാസ് ഉപയോഗിച്ചുകൊണ്ടു നന്നായി വലുതാക്കിക്കാണിക്കുന്ന കട്ടികുറഞ്ഞ ലെൻസുകൾ ഉണ്ടാക്കുക സാധ്യമാണ്. പ്രകാശത്തെ പ്രതിഫലിപ്പിക്കാത്ത ഒരു പാളികൊണ്ട് ആവരണം ചെയ്തുകഴിയുമ്പോൾ അവ പുറമേനിന്ന് ഏറെക്കുറെ അദൃശ്യമായിത്തീരുന്നു.
നിങ്ങൾ ഫാഷൻ അടയാഭരണങ്ങൾക്കുള്ള സ്ഥാനംതന്നെ ഫ്രെയിമുകൾക്കും നൽകിയേക്കാം. നല്ല വശങ്ങളെ വലുതാക്കിക്കാണിക്കുകയും അത്ര നല്ലതല്ലാത്തവയെ ചെറുതാക്കിക്കാണിക്കുകയും ചെയ്തുകൊണ്ടു നിങ്ങളുടെ മുഖത്തിന്റെ ആകൃതിക്കു യോജിക്കുന്ന ഫ്രെയിമുകൾ തിരഞ്ഞെടുക്കാൻ ബ്രിട്ടനിലെ ഓപ്ററിക്കൽ ഇൻഫർമേഷൻ കൗൺസിൽ നിർമിച്ച ഒരു ലഘുപത്രിക ശുപാർശ ചെയ്യുന്നു. ദൃഷ്ടാന്തത്തിന്, നിങ്ങളുടെ മുഖം കൂടുതൽ വണ്ണം കുറഞ്ഞതായി തോന്നിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? അങ്ങനെയെങ്കിൽ കണ്ണടയുടെ പാലത്തിനു കട്ടികൂടിയ നിറമുള്ളതും കാലുകളിൽ നിറം കുറഞ്ഞുവരുന്നതുമായ ഫ്രെയിമുകൾ തിരഞ്ഞെടുക്കാൻ പത്രിക പറയുന്നു. നിങ്ങൾക്ക് ഇടുങ്ങിയ കണ്ണുകളാണോ ഉള്ളത്? എങ്കിൽ പാലത്തിൽ കട്ടികുറഞ്ഞും പുറം വശങ്ങളിൽ കട്ടികൂടിയതും ആയ നിറങ്ങളുള്ള ഫ്രെയിമുകൾ തിരഞ്ഞെടുക്കുക. വ്യത്യസ്ത സ്റൈറലുകൾ പരിശോധിച്ചു നോക്കി വ്യത്യസ്ത ഫലങ്ങൾ പഠിക്കുക. സത്യസന്ധമായ അഭിപ്രായം പറയുന്ന ഒരു സുഹൃത്തിനെ കൂടെ കൊണ്ടുപോകുന്നതു നിങ്ങൾക്കു സഹായമായിരിക്കും.
കണ്ണടകൾ വളരെ മുഷിപ്പനാണെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ, കോൺടാക്ററ് ലെൻസുകൾ ധരിക്കുന്നതിനെക്കുറിച്ചു പരിചിന്തിക്കുക. പല ആളുകൾക്കും ദിവസം മുഴുവൻ സൗകര്യപ്രദമായി അവ ധരിക്കാനായേക്കാം.