ബൈബിളിന്റെവീക്ഷണം
സുഹൃത്തുക്കൾക്കിടയിലെ കടം കൊടുക്കലും വാങ്ങലും
“ദുഷ്ടൻ വായ്പ വാങ്ങുന്നു, തിരികെ കൊടുക്കുന്നില്ല; നീതിമാനോ കൃപാലുവായി ദാനം ചെയ്യുന്നു.”—സങ്കീർത്തനം 37:21.
“കടം വാങ്ങുന്നവനോ കൊടുക്കുന്നവനോ ആകരുത്; കാരണം മിക്കപ്പോഴും പണവും നശിക്കും, സൗഹൃദവും തകരും.” ഇങ്ങനെ എഴുതവേ, ഇംഗ്ലീഷ് നാടകകൃത്തായ വില്യംഷേക്സ്പിയർ ഒരു നിത്യസത്യം ആവർത്തിക്കുകയായിരുന്നു. പണം കടം കൊടുക്കുന്നതും വാങ്ങുന്നതും പോലെ, മനുഷ്യ ബന്ധങ്ങൾക്ക് ഇത്ര അപകടകരമായേക്കാവുന്ന മറ്റു സംഗതികൾ ഇല്ലെന്നതു തീർച്ചയാണ്. നല്ല ആസൂത്രണവും ആത്മാർഥതയും ഉണ്ടെങ്കിലും കാര്യങ്ങൾ എപ്പോഴും നാം പ്രതീക്ഷിക്കുന്നതുപോലെ നടക്കണമെന്നില്ല.—സഭാപ്രസംഗി 9:11, 12.
കടം വാങ്ങിയ വ്യക്തിക്കു ബാധ്യതകൾ തീർക്കുക ദുഷ്കരമോ അസാധ്യമോ ആക്കുന്ന സാഹചര്യങ്ങൾ ഉയർന്നു വന്നേക്കാം. അല്ലെങ്കിൽ വായ്പ കൊടുത്ത വ്യക്തിക്ക് താൻ കൊടുത്ത പണം പെട്ടെന്നുതന്നെ തിരികെ വേണ്ടിവന്നേക്കാം. അത്തരം സാഹചര്യങ്ങൾ ഉടലെടുക്കുമ്പോൾ, ഷേക്സ്പിയർ പറഞ്ഞതുപോലെ സൗഹൃദങ്ങളും ബന്ധങ്ങളും അപകടത്തിലായേക്കാം.
തീർച്ചയായും പണം കടം വാങ്ങുന്നതിന് ഒരുവനു ന്യായമായ കാരണങ്ങൾ ഉണ്ടായിരുന്നേക്കാം. ഗുരുതരമായ അപകടമോ ജോലി നഷ്ടമോ നിമിത്തം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ അൽപ്പം പണം കടം വാങ്ങുകയല്ലാതെ വേറെ വഴിയില്ലെന്ന് അയാൾക്കു തോന്നിയേക്കാം. ബുദ്ധിമുട്ടു നേരിടുന്നവരെ സഹായിക്കാൻ, അതിനു പ്രാപ്തിയുള്ളവരെ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 3:27) അതിൽ പണം കടംകൊടുക്കുന്നതും ഉൾപ്പെട്ടേക്കാം. എന്നാൽ ഇത്തരം ഇടപാടുകൾ നടത്തുന്ന ക്രിസ്ത്യാനികൾ തങ്ങളുടെ കടമകളെ എങ്ങനെയാണു വീക്ഷിക്കേണ്ടത്?
പരിചിന്തിക്കേണ്ട തത്ത്വങ്ങൾ
സാമ്പത്തിക രംഗത്തെ ഒരു വഴികാട്ടി അല്ല ബൈബിൾ. കടം വാങ്ങുന്നതിലും കൊടുക്കുന്നതിലും ഉൾപ്പെട്ടേക്കാവുന്ന എല്ലാ വിശദാംശങ്ങളെയും കുറിച്ച് അതു ചർച്ച ചെയ്യുന്നതുമില്ല. പലിശ ഈടാക്കണമോ വേണ്ടയോ, വേണമെങ്കിൽ എത്ര ശതമാനം എന്നീ കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്ന വ്യക്തികൾക്കു വിട്ടുകൊടുത്തിരിക്കുന്നു.a എന്നുവരികിലും, കടം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്ന വ്യക്തികളുടെ മനോഭാവത്തെയും പെരുമാറ്റത്തെയും ഭരിക്കേണ്ട വ്യക്തവും സ്നേഹപുരസ്സരവുമായ തത്ത്വങ്ങൾ ബൈബിൾ പ്രദാനം ചെയ്യുന്നു.
കടം വാങ്ങുന്ന വ്യക്തിക്കു ബാധകമാകുന്ന ചില തത്ത്വങ്ങൾ പരിചിന്തിക്കുക. “അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുത്” എന്ന് അപ്പൊസ്തലനായ പൗലൊസ് ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചു. (റോമർ 13:8) വളരെ വ്യാപകമായ അർഥമുള്ള ഒരു തത്ത്വത്തെ കുറിച്ചാണ് പൗലൊസ് ഇവിടെ സംസാരിക്കുന്നതെങ്കിലും അവന്റെ ഉപദേശം കടബാധ്യതകൾ വരുത്തിവെക്കുന്നതിന് എതിരെയുള്ള ഒരു മുന്നറിയിപ്പായും എടുക്കാൻ കഴിയും എന്നതു തീർച്ചയാണ്. ചിലപ്പോൾ പണം കടം വാങ്ങാതിരിക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്. എന്തുകൊണ്ട്? “കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന്നു ദാസൻ” എന്ന് സദൃശവാക്യങ്ങൾ 22:7 വിവരിക്കുന്നു. പണം തിരിച്ചു കൊടുക്കുന്നതുവരെ താൻ കടപ്പാടിലാണെന്നു കടക്കാരൻ തിരിച്ചറിയണം. ഫലത്തിൽ, അയാളുടെ സ്വത്തുക്കൾ പൂർണമായും അയാളുടെ സ്വന്തമല്ല. വ്യവസ്ഥപ്രകാരം കടം വീട്ടുന്നതിന് അയാളുടെ ജീവിതത്തിൽ ഒരു സുപ്രധാന സ്ഥാനം ഉണ്ടായിരിക്കണം, അല്ലെങ്കിൽ പ്രശ്നങ്ങൾ തലപൊക്കിയേക്കാം.
ഉദാഹരണത്തിന്, കടക്കാരൻ കൃത്യമായി പണം തിരിച്ചടയ്ക്കാതെ വരുമ്പോൾ പണം കടം കൊടുത്ത വ്യക്തി മുഷിഞ്ഞേക്കാം. തുണി വാങ്ങൽ, റെസ്റ്ററന്റിൽ കയറി ഭക്ഷണം കഴിക്കൽ, വിനോദയാത്രയ്ക്കു പോകൽ എന്നിങ്ങനെ കടം വാങ്ങിയ ആൾ ചെയ്യുന്ന കാര്യങ്ങളെ കടം കൊടുത്ത ആൾ സംശയത്തോടെ വീക്ഷിച്ചേക്കാം. അമർഷം നുരഞ്ഞുപൊന്തിയേക്കാം. അവർ തമ്മിലും എന്തിന്, അവരുടെ കുടുംബാംഗങ്ങൾ തമ്മിലും ഉള്ള ബന്ധം തകരുകയോ വഷളാകുകയോ ചെയ്തേക്കാം. അതായിരിക്കും കടക്കാരൻ വാക്കു പാലിക്കുന്നില്ലെങ്കിലുള്ള ദുഃഖകരമായ പരിണതഫലം.—മത്തായി 5:37.
എന്നാൽ, തന്റെ നിയന്ത്രണത്തിന് അതീതമായ എന്തെങ്കിലും സാഹചര്യം നിമിത്തം കടം തീർക്കാൻ ഒരു വ്യക്തിക്കു സാധിക്കാതെ വരുന്നെങ്കിലോ? അതു കടബാധ്യതയെ ഇല്ലാതാക്കുന്നുവോ? ഇല്ല. നീതിമാൻ ‘സത്യംചെയ്തിട്ടു ചേതം വന്നാലും മാറുന്നില്ല’ എന്നു സങ്കീർത്തനക്കാരൻ പറയുന്നു. (സങ്കീർത്തനം 15:4) എത്രയും പെട്ടെന്നുതന്നെ കടക്കാരൻ താൻ കടം വാങ്ങിയ വ്യക്തിയോടു കാര്യാദികൾ വിശദീകരിക്കുന്നതാണ് അത്തരം സാഹചര്യങ്ങളിൽ ചെയ്യാൻ കഴിയുന്ന സ്നേഹസമ്പന്നവും ജ്ഞാനപൂർവകവുമായ ഗതി. അങ്ങനെയാകുമ്പോൾ അവർക്കു മറ്റെന്തെങ്കിലും ക്രമീകരണങ്ങൾ ചെയ്യാനാകും. അതു സമാധാനം കാത്തുസൂക്ഷിക്കുകയും യഹോവയാം ദൈവത്തെ പ്രീതിപ്പെടുത്തുകയും ചെയ്യും.—സങ്കീർത്തനം 133:1; 2 കൊരിന്ത്യർ 13:11.
വാസ്തവത്തിൽ, ഒരു വ്യക്തി തനിക്കുള്ള കടം കൈകാര്യം ചെയ്യുന്ന വിധം അയാളെ കുറിച്ചു വളരെ കാര്യങ്ങൾ വെളിപ്പെടുത്തുന്നു. പണം തിരിച്ചടയ്ക്കുന്നതു സംബന്ധിച്ചു യാതൊരു വിചാരവും ഇല്ലാത്ത തണുപ്പൻ മനോഭാവം മറ്റുള്ളവരോടുള്ള താത്പര്യമില്ലായ്മയുടെ പ്രകടനമാണ്. ഫലത്തിൽ അത്തരം മനോഭാവമുള്ള ഒരു വ്യക്തി സ്വാർഥതയാണ് കാണിക്കുന്നത്, കാരണം സ്വന്തം ആഗ്രഹാഭീഷ്ടങ്ങൾക്കാണ് അയാൾ ഒന്നാം സ്ഥാനം നൽകുന്നത്. (ഫിലിപ്പിയർ 2:4) തന്റെ കടം വീട്ടാൻ ഒരു വ്യക്തി മനഃപൂർവം കൂട്ടാക്കാത്തപ്പോൾ അയാൾ ദൈവമുമ്പാകെയുള്ള തന്റെ നില അപകടത്തിലാക്കുന്നു. അയാളുടെ അത്തരം പ്രവൃത്തികൾ അത്യാഗ്രഹവും ദുഷ്ടതയും നിറഞ്ഞ ഒരു ഹൃദയത്തെയാണ് സൂചിപ്പിക്കുന്നത്.—സങ്കീർത്തനം 37:21.
കടം കൊടുക്കുന്നവൻ
കടം വാങ്ങുന്ന വ്യക്തിക്കാണ് കൂടുതൽ ഉത്തരവാദിത്വം എങ്കിലും കടം കൊടുക്കുന്ന വ്യക്തിക്കും ബാധകമാകുന്ന തത്ത്വങ്ങൾ ഉണ്ട്. സഹായം ആവശ്യമുള്ളവരെ സഹായിക്കാൻ നമുക്കു പ്രാപ്തിയുണ്ടെങ്കിൽ അങ്ങനെ ചെയ്യണമെന്നു ബൈബിൾ സൂചിപ്പിക്കുന്നു. (യാക്കോബ് 2:14-16) എന്നാൽ പണം കടം കൊടുക്കാൻ ഒരുവൻ ബാധ്യസ്ഥനാണെന്ന് അതിനർഥമില്ല, കടം ചോദിക്കുന്നയാൾ ഒരു ആത്മീയ സഹോദരൻ ആണെങ്കിൽപോലും. “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു” എന്നു ബൈബിൾ പ്രസ്താവിക്കുന്നു.—സദൃശവാക്യങ്ങൾ 22:3.
കടം കൊടുക്കുന്നതിലും വാങ്ങുന്നതിലും ഉൾപ്പെട്ടിരിക്കുന്ന യഥാർഥ പ്രശ്നങ്ങൾ തിരിച്ചറിയുന്ന വിവേകമുള്ള ഒരു വ്യക്തി, തന്നോട് ആരെങ്കിലും പണം വായ്പ ചോദിക്കുന്ന പക്ഷം അതിനെ കുറിച്ചു ശ്രദ്ധാപൂർവം പരിചിന്തിക്കും. അയാൾക്കു കടം വാങ്ങേണ്ട ആവശ്യം ഉണ്ടോ? വായ്പ ചോദിക്കുന്ന ആൾ കാര്യാദികൾ ശരിക്കും വിലയിരുത്തിയിട്ടുണ്ടോ? കാര്യങ്ങൾ ചിട്ടയോടെ ചെയ്യുന്ന സ്വഭാവം അയാൾക്കുണ്ടോ? അയാൾ സത്പേരുള്ള വ്യക്തിയാണോ? വ്യവസ്ഥകൾ വിവരിക്കുന്ന ഒരു പ്രമാണത്തിൽ ഒപ്പുവെക്കാൻ അയാൾ തയ്യാറാണോ? (യിരെമ്യാവു 32:8-14 താരതമ്യം ചെയ്യുക.) വായ്പ തിരിച്ചടയ്ക്കാൻ അയാൾക്കു യഥാർഥത്തിൽ പ്രാപ്തിയുണ്ടോ?
വായ്പ തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാത്ത, യഥാർഥത്തിൽ പണത്തിന്റെ ആവശ്യം ഉള്ള, ഒരു വ്യക്തിയെ ക്രിസ്ത്യാനി കൈയൊഴിയണം എന്നു നിർദേശിക്കുകയല്ല ചെയ്യുന്നത്. ഒരു ക്രിസ്ത്യാനിക്കു മറ്റുള്ളവരോടുള്ള വ്യക്തിപരമായ കടപ്പാടുകളിൽ കേവലം കരാർ അനുസരിച്ച് പ്രവർത്തിക്കുന്നതിലും അധികം ഉൾപ്പെടുന്നു. “എന്നാൽ ഈ ലോകത്തിലെ വസ്തുവകയുള്ളവൻ ആരെങ്കിലും തന്റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു അവനോടു മനസ്സലിവു കാണിക്കാഞ്ഞാൽ ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും?,” അപ്പൊസ്തലനായ യോഹന്നാൻ ചോദിക്കുന്നു. അതേ, ക്രിസ്ത്യാനികൾ “വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നേ സ്നേഹി”ക്കേണ്ടതുണ്ട്.—1 യോഹന്നാൻ 3:17, 18.
ചിലപ്പോൾ, ബുദ്ധിമുട്ട് നേരിടുന്ന ഒരു സഹോദരനു വായ്പ കൊടുക്കാതിരിക്കാൻ ഒരുവൻ തീരുമാനിച്ചേക്കാം. ഒരു സമ്മാനം കൊടുക്കാനോ മറ്റേതെങ്കിലും വിധത്തിൽ സഹായിക്കാനോ ആയിരിക്കാം അദ്ദേഹം ആഗ്രഹിക്കുന്നത്. അതുപോലെ, കടം വാങ്ങിയ വ്യക്തിക്കു ബുദ്ധിമുട്ടുകൾ വരുമ്പോൾ ദയാപുരസ്സരം പെരുമാറാനും കടം കൊടുത്ത വ്യക്തി തീരുമാനിച്ചേക്കാം. തന്റെ കടക്കാരന്റെ മാറിയ സാഹചര്യം കണക്കിലെടുത്ത് വായ്പ തിരിച്ചടയ്ക്കാനുള്ള കാലാവധി അദ്ദേഹം നീട്ടിക്കൊടുക്കുകയോ തുകയിൽ ഇളവു വരുത്തുകയോ ചെയ്തേക്കാം. ചിലപ്പോൾ, കിട്ടാനുള്ള പണം വേണ്ടെന്നു വെച്ചെന്നും വരാം. ഇവയൊക്കെയും വ്യക്തിപരമായി എടുക്കേണ്ട തീരുമാനങ്ങളാണ്.
ദൈവം എല്ലാം കാണുന്നുവെന്നും നമ്മുടെ നടത്ത സംബന്ധിച്ചും സ്വത്തുക്കൾ ഉപയോഗിക്കുന്ന വിധം സംബന്ധിച്ചും നാം അവനോടു കണക്കു ബോധിപ്പിക്കേണ്ടിവരും എന്നും എല്ലാ ക്രിസ്ത്യാനികളും മനസ്സിൽ പിടിക്കണം. (എബ്രായർ 4:13) “ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്വിൻ” എന്ന ബൈബിളിന്റെ ഉപദേശം സുഹൃത്തുക്കൾക്കിടയിലെ കടം വാങ്ങലിനും കൊടുക്കലിനും നിശ്ചയമായും ബാധകമാകുന്നു.—1 കൊരിന്ത്യർ 16:14.
[അടിക്കുറിപ്പുകൾ]
a വായ്പകൾക്കു പലിശ ഈടാക്കുന്നത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ദയവായി 1992 ജനുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 29-32 പേജുകൾ കാണുക.
[18-ാം പേജിലെ ചിത്രം]
ക്വെന്റിൻ മാസ്സിസിന്റെ “പണമിടപാടുകാരനും ഭാര്യയും” (1514)
[കടപ്പാട്]
Scala/Art Resource, NY