പേശികൾ—രൂപസംവിധാനത്തിലെ വിസ്മയങ്ങൾ
ചലനമാണ് ജീവനെ നിലനിർത്തുന്നത്. ഉദാഹരണത്തിന്, ഓരോ പ്രാവശ്യം ശ്വസിക്കുമ്പോഴും നിങ്ങളുടെ നെഞ്ച് ഉയരുകയും താഴുകയും ചെയ്യുന്നു, കൂടാതെ ജീവൻ നിലനിർത്തുക സാധ്യമാകത്തക്കവിധം നിങ്ങളുടെ ഹൃദയം ക്രമമായി സ്പന്ദിക്കുന്നു. എന്നാൽ ഈ ചലനങ്ങൾ സാധ്യമാക്കുന്നത് എന്താണ്? പേശികൾ!
കരുത്തുറ്റതും വലിയുന്നതുമായ കലകളാണ് പേശികൾ. ശരീര ഭാഗങ്ങൾ പ്രവർത്തിപ്പിക്കാനും അങ്ങനെ നിങ്ങളുടെ ചിന്തകളെയും വികാരങ്ങളെയും പ്രകടിപ്പിക്കാനും സഹായിക്കുന്നത് ഈ പേശികളാണ്. മന്ദസ്മിതം, ചിരി, കരച്ചിൽ, സംസാരം, നടത്തം, ഓട്ടം, അധ്വാനം, കളി, വായന, ഭക്ഷിക്കൽ എന്നുവേണ്ട എല്ലാ പ്രവർത്തനങ്ങളിലും പേശികൾ ഉൾപ്പെട്ടിരിക്കുന്നു. പേശികൾ ഇല്ലാതെ പ്രവൃത്തികൾ ഇല്ലതന്നെ.
നിങ്ങളുടെ ശരീരത്തിൽ ഏതാണ്ട് 650 പേശികൾ ഉണ്ട്. ചെവിയിലെ വളരെ ചെറിയ അസ്ഥികളോടു ബന്ധപ്പെട്ടുള്ള പേശികളാണ് അവയിൽ ഏറ്റവും ചെറിയവ. പൃഷ്ഠത്തിലെ ഗ്ളൂട്ടിയസ് പേശികളാണ് ശരീരത്തിലെ ഏറ്റവും വലിയ പേശികൾ. അവയാണു കാലുകളെ ചലിപ്പിക്കുന്നത്. ഒരു പുരുഷ ശരീരത്തിന്റെ തൂക്കത്തിന്റെ പകുതിയും സ്ത്രീ ശരീരത്തിന്റെ തൂക്കത്തിന്റെ മൂന്നിലൊന്നും വരുന്ന പേശികൾ അധ്വാനിക്കാനായാണു രൂപസംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. അവയെ “ജൈവ എഞ്ചിനുകൾ” ആയിട്ടാണ് കണക്കാക്കുന്നത്. ‘വാഹനങ്ങളുടേത് ഉൾപ്പെടെയുള്ള എല്ലാ മനുഷ്യ നിർമിത എഞ്ചിനുകളും ഒരു ദിവസം ആകെ ഉപയോഗിക്കുന്നതിനെക്കാൾ കൂടുതൽ ഊർജം അവ ചലനത്തിനായി ഉപയോഗിക്കുന്നു’ എന്ന് ജൈവ എഞ്ചിനീയറിങ് പ്രൊഫസറായ ജെറാൾഡ് എച്ച്. പൊള്ളാക്ക് നിരീക്ഷിക്കുന്നു.
വിശ്രമിക്കുമ്പോൾ പോലും നിങ്ങളുടെ പേശികൾ പ്രവർത്തന സജ്ജമാണ്. ഏതു സമയത്തും പേശികളിലെ ഏതെങ്കിലും തന്തുക്കൾ സങ്കോചിക്കുന്നുണ്ടാകും. ഈ ചെറിയ സങ്കോചിക്കൽ ഇല്ലായിരുന്നെങ്കിൽ നിങ്ങളുടെ താടി തൂങ്ങിക്കിടക്കുമായിരുന്നു. അതുപോലെ നിങ്ങളുടെ ശരീരത്തിലെ ആന്തരാവയവങ്ങൾ യഥാസ്ഥാനത്തു താങ്ങിനിർത്തപ്പെടുകയും ഇല്ലായിരുന്നു. എന്തിന്, വെറുതെ ഇരിക്കുകയോ നിൽക്കുകയോ ചെയ്യുമ്പോൾ പോലും നിങ്ങളുടെ പേശികൾ ചെറിയ മാറ്റങ്ങൾക്കു വിധേയമാകുന്നു. നിങ്ങളുടെ ശാരീരിക നില നിലനിർത്താൻ അല്ലെങ്കിൽ കസേരയിൽനിന്ന് താഴെ വീഴാതിരിക്കാൻ ഒക്കെ സഹായിക്കുന്നത് അവയാണ്.
വ്യത്യസ്ത തരം പേശികൾ
നിങ്ങളുടെ ശരീരത്തിൽ മൂന്നു തരം പേശികൾ ഉണ്ട്, ഓരോന്നിനും അതിന്റേതായ ധർമങ്ങളും. ഹൃദയപേശികൾ ആണ് അവയിൽ ഒന്ന്. ഹൃദയമിടിപ്പിനു കാരണം ഈ പേശികളാണ്. അവയുടെ ആയുഷ്കാലത്തിന്റെ പകുതി സമയം അവ വിശ്രമത്തിലാണ്. കാരണം, ഓരോ സങ്കോചിക്കലിനെയും തുടർന്ന് അടുത്ത സങ്കോചിക്കൽ വരെ ഈ പേശികൾ വിശ്രമിക്കുന്നു.
മൃദുപേശികളാണ് മറ്റൊരു വിഭാഗം. രക്തക്കുഴലുകൾ ഉൾപ്പെടെ നിങ്ങളുടെ മിക്ക ആന്തരാവയവങ്ങളെയും പൊതിഞ്ഞിരിക്കുന്നതു മൃദുപേശികളാണ്. അനൈച്ഛിക പേശികളായ ഹൃദയപേശികളെ പോലെ മൃദുപേശികളും നമ്മുടെ നിയന്ത്രണത്തിനു വിധേയമല്ല. വൃക്കകളിലൂടെയും മൂത്രസഞ്ചിയിലൂടെയും ദ്രാവകങ്ങൾ പ്രവഹിപ്പിക്കൽ, ദഹനേന്ദ്രിയത്തിലൂടെ ഭക്ഷണ സാധനങ്ങൾ തള്ളി നീക്കൽ, ധമനികളിലെ രക്ത പ്രവാഹം നിയന്ത്രിക്കൽ, കണ്ണിലെ ലെൻസിന്റെ ആകൃതി നിശ്ചയിക്കൽ, പ്രകാശത്തിന് അനുസരിച്ച് കൃഷ്ണമണിയുടെ സങ്കോച-വികാസങ്ങൾ നിയന്ത്രിക്കൽ എന്നിങ്ങനെയുള്ള മർമപ്രധാനമായ പ്രവർത്തനങ്ങൾക്കു കാരണം ഈ പേശികളാണ്.
മനുഷ്യ ശരീരത്തിലെ 650 പേശികളിൽ ഭൂരിഭാഗവും അസ്ഥിപേശികളാണ്. നിങ്ങളുടെ ഐച്ഛിക ചലനങ്ങൾക്കു നിദാനം അവയാണ്. ജനനം മുതൽതന്നെ നിങ്ങൾ ഈ പേശികളെ നിയന്ത്രിക്കാൻ പഠിക്കുന്നു. ഉദാഹരണത്തിന്, നടക്കാനും സമനില നിലനിർത്താനും സാധിക്കും വിധം തന്റെ ഭുജങ്ങളും കാലുകളും ചലിപ്പിക്കാൻ ഒരു ശിശു പരിശീലിക്കുന്നു. പേശികൾക്കു സങ്കോചിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ എന്നതിനാൽ അസ്ഥിപേശികൾ ജോഡികളായാണു പ്രവർത്തിക്കുന്നത്. ഒരു പേശി സങ്കോചിക്കുമ്പോൾ മറ്റേ പേശി വികസിക്കുന്നു. ഇവയുടെ ഈ കൂട്ടായ പ്രവർത്തനം ഇല്ലായിരുന്നു എങ്കിൽ തല ചൊറിഞ്ഞശേഷം കൈ താഴ്ത്താൻ നിങ്ങൾക്കു ഗുരുത്വാകർഷണ ബലത്തെ ആശ്രയിക്കേണ്ടി വരുമായിരുന്നു. എന്നാൽ പെട്ടെന്നു കൈ താഴ്ത്താൻ സാധിക്കുംവിധം നിങ്ങളുടെ ട്രൈസെപ്സ്—ബൈസെപ്സിന്റെ കൂടെ പ്രവർത്തിക്കുന്ന ഒരു പേശി—സങ്കോചിക്കുന്നു.
ആകൃതിയിലും വലിപ്പത്തിലും പേശികൾ വ്യത്യാസപ്പെട്ടിരിക്കുന്നു. കാലിലെ ഹാംസ്ട്രിങ് പോലുള്ള ചില പേശികൾ നീളം കൂടിയതും ലോലവുമാണ്. പൃഷ്ഠഭാഗത്തെ ഗ്ളൂട്ടിയസ് പേശികൾ പോലുള്ള മറ്റു ചിലവയാകട്ടെ നീളം കുറഞ്ഞ് തടിച്ചവയാണ്. നിങ്ങൾക്കു സ്വതന്ത്രമായി ചലിക്കാൻ കഴിയും വിധമാണ് ഇവയെല്ലാം രൂപസംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. വാരിയെല്ലുകൾക്കിടയിൽ പേശികൾ ഇല്ലായിരുന്നെങ്കിൽ വാരിക്കൂടിന് വഴക്കം ഇല്ലാതാകുമായിരുന്നു. പേശികൾ ഉള്ളതുകൊണ്ടാണ് ശ്വസിക്കാൻ സാധിക്കുംവിധം ഒരു ഹാർമോണിയം പോലെ നിങ്ങളുടെ നെഞ്ചിനു ചലിക്കാൻ കഴിയുന്നത്. ഏറെക്കുറെ പ്ലൈവുഡ്ഡ് പലകയിലെ പാളികൾ പോലെയാണ് നിങ്ങളുടെ ഉദര പേശികൾ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. ഉദരാവയവങ്ങൾ വീണുപോകുന്നതു തടയാനായി ഈ പാളികൾ വ്യത്യസ്ത കോണുകളിലേക്കു തിരിഞ്ഞിരിക്കും വിധം അടുക്കിയിരിക്കുന്നു.
പേശികളും സ്നായുക്കളും തമ്മിലുള്ള സഹകരണം
അസ്ഥികളെയും അവയെ താങ്ങിനിർത്തുന്ന പേശികളെയും തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നതു സ്നായുക്കൾ എന്നു വിളിക്കപ്പെടുന്ന വെളുത്ത കയറുപോലുള്ള ബലമേറിയ കലകളാലാണ്. സ്നായുക്കൾ പേശികളുടെ ഉള്ളിലേക്ക് ആഴത്തിൽ ഇറങ്ങിനിൽക്കുന്നു. അവ പേശീതന്തുക്കളെ ആവരണം ചെയ്തിരിക്കുന്ന യോജക കലകളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ പേശികളുടെ ഉള്ളിൽ ഉളവാക്കപ്പെടുന്ന ബലം നിമിത്തം സ്നായുക്കളെ വലിച്ചടുപ്പിക്കുകയും അങ്ങനെ അസ്ഥികളെ ചലിപ്പിക്കുകയും ചെയ്യുന്നത് സംബന്ധ കലയാണ്. സ്നായുക്കളിലെ ഏറ്റവും ശക്തിയേറിയ ആക്കില്ലസ് സ്നായു ചെറുവണ്ണത്തുടയിലെ ഒരു പേശിയോട് ബന്ധിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ശരീരത്തിലെ ഏറ്റവും ബലവത്തായ പേശികളിൽ ഒന്നാണ് ഇത്. ഈ പേശികൾ ശരീരത്തിന്റെ ‘ഷോക്ക് അബ്സോർബറുകളായി’ വർത്തിക്കുന്നു. നിങ്ങൾ നടക്കുകയോ ഓടുകയോ ചാടുകയോ ഒക്കെ ചെയ്യുമ്പോൾ ഒരു ടണ്ണിലധികം മർദംവരെ താങ്ങാൻ അവയ്ക്കു സാധിക്കുന്നു.
പേശികളും സ്നായുക്കളും തമ്മിലുള്ള സഹകരണത്തിന്റെ മറ്റൊരു ഉദാഹരണമാണ് കൈയുടെ ബഹുമുഖോപയോഗം. നിങ്ങളുടെ കൈത്തണ്ടയിലുള്ള 20 ജോഡി പേശികളെ വ്യത്യസ്ത സന്ധികൾ ഉള്ള കൈപ്പത്തിയും വിരലെല്ലുകളുമായി യോജിപ്പിച്ചിരിക്കുന്നു. മണിബന്ധത്തിനു ചുറ്റുമുള്ള തന്തുക്കൾക്കടിയിലൂടെ കടന്നുപോകുന്ന നല്ല നീളമുള്ള ഒരു സ്നായു വഴിയാണ് ഇതു സാധ്യമായിരിക്കുന്നത്. ഇവയും ഇവയോടൊപ്പം പ്രവർത്തിക്കുന്ന കൈപ്പത്തിയിലെയും വിരലുകളിലെയും 20-ലേറെ മറ്റു പേശികളുമാണ് ഒരു വാച്ചിന്റെ സങ്കീർണമായ ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കാനും മരം വെട്ടിയിടാനായി മഴു കൈയിൽ പിടിക്കാനും ഒക്കെ സഹായിക്കുന്നത്.
30-ലേറെ മുഖപേശികൾ
ശരീരത്തിലെ മറ്റേതൊരു ഭാഗത്തെക്കാളുമേറെ നിങ്ങളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതു മുഖമാണ്. വ്യത്യസ്ത മുഖഭാവങ്ങൾ പ്രകടിപ്പിക്കാൻ സാധിക്കും വിധം ഒരു ഗണം പേശികൾ—മൊത്തം 30-ലധികം—സഹിതമാണ് സ്രഷ്ടാവ് നിങ്ങളുടെ മുഖം മെനഞ്ഞിരിക്കുന്നത്. എന്തിന്, വെറുതെയൊന്നു പുഞ്ചിരിക്കാൻ വേണം 14 പേശികൾ!
ചില മുഖപേശികൾ കരുത്തുറ്റവയാണ്. ഭക്ഷണം ചവയ്ക്കുമ്പോൾ 75 കിലോഗ്രാം വരെ ബലം പ്രയോഗിക്കാൻ കഴിവുള്ള താടിയിലെ പേശികൾ ഇതിൽ പെടും. മറ്റു ചില പേശികളാകട്ടെ വളരെ ലോലമാണ്, എങ്കിലും അവ വളരെക്കാലം നിലനിൽക്കുന്നു. നിങ്ങൾ കണ്ണു ചിമ്മുമ്പോൾ ഒരു ദ്രവം ഉപയോഗിച്ച് കണ്ണിലെ പൊടിയെയും അണുക്കളെയും കഴുകിക്കളയുന്ന കൺപോളകളെ നിയന്ത്രിക്കുന്ന പേശികൾ അവയ്ക്ക് ഉദാഹരണങ്ങളാണ്. ഓരോ ദിവസവും 20,000-ത്തിലേറെ പ്രാവശ്യം ഈ പ്രവർത്തനം നടക്കുന്നു.
അത്ഭുതകരമായ രൂപസംവിധാനം
സുഗമമായി സങ്കോചിക്കാൻ കഴിയും വിധമാണ് ഓരോ പേശിയും രൂപസംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. ഓരോ പ്രവർത്തനത്തിനും അനുസൃതമായി അസ്ഥിപേശികൾ സങ്കോചിക്കേണ്ടതുണ്ട്. അങ്ങനെയാകുമ്പോൾ ഒരു തൂവൽ എടുക്കുന്നതിനും പത്തു കിലോ ഭാരം ഉയർത്തുന്നതിനും ഒരേ അളവിൽ ബലം പ്രയോഗിക്കേണ്ടി വരുന്നില്ല. എന്നാൽ അത് എങ്ങനെയാണു സാധ്യമാകുന്നത്? നമുക്കു നോക്കാം.
ഓരോ പേശിയിലും അനേകം കോശങ്ങൾ ഉണ്ട്. പേശീകോശങ്ങൾ വലിയുന്നവ ആയതിനാൽ അവയെ തന്തുക്കളെന്നും പരാമർശിക്കാറുണ്ട്. ഇളം നിറത്തിലുള്ളവയാണ് ചില തന്തുക്കൾ, മറ്റു ചിലവയാകട്ടെ ഇരുണ്ടതും. ഇളം നിറത്തിലുള്ളവ ശീഘ്രം സങ്കോചിക്കുന്നവയാണ്, അഥവാ ഫാസ്റ്റ് റ്റ്വിച്ച് തന്തുക്കൾ. ഭാരം ഉയർത്തുന്നതോ 100 മീറ്റർ ഓട്ടത്തിൽ പങ്കെടുക്കുന്നതോ പോലെ ധാരാളം ഊർജം പെട്ടെന്ന് ആവശ്യമായി വരുന്ന സന്ദർഭങ്ങളിലാണ് ഇത്തരം പേശികൾ രംഗത്തുവരുന്നത്. ഫാസ്റ്റ് റ്റ്വിച്ച് പേശീതന്തുക്കൾ വളരെ ബലമുള്ളവയാണ്. ഒരുതരം പഞ്ചസാരയായ ഗ്ലൈക്കൊജനാണ് അതിന്റെ ഊർജ സ്രോതസ്സായി വർത്തിക്കുന്നത്. എന്നിരുന്നാലും, ലാക്റ്റിക് അമ്ലം അടിഞ്ഞുകൂടുന്നതു നിമിത്തം അവ പെട്ടെന്നു തളരുകയോ കോച്ചിപ്പിടിക്കുകയോ വേദനിക്കുകയോ ചെയ്തേക്കാം.
ഇരുണ്ട നിറത്തിലുള്ളവ സാവധാനം സങ്കോചിക്കുന്നവയാണ്, അഥവാ സ്ലോ റ്റ്വിച്ച് തന്തുക്കൾ. ഓക്സിജന്റെ ഉപാപചയ ഫലമായാണ് അവ പ്രവർത്തിക്കുന്നത്. വേഗത്തിൽ സങ്കോചിക്കുന്ന തന്തുക്കളിൽ ഉള്ളതിനെക്കാൾ രക്തവും ഓക്സിജൻജന്യ ഊർജവും ഉള്ളതിനാൽ സാവധാനം സങ്കോചിക്കുന്ന ഈ തന്തുക്കൾ “സഹിഷ്ണുതയുടെ ചരടുകളാണ്.”
ശീഘ്രം സങ്കോചിക്കുന്ന ഇളം നിറമുള്ള തന്തുക്കളെക്കാൾ അൽപ്പം കൂടി ഇരുണ്ട മറ്റൊരു തരം തന്തുക്കളുമുണ്ട്. ഇവ ശീഘ്രം സങ്കോചിക്കുന്ന തന്തുക്കളോട് സമാനമാണെങ്കിലും തളർച്ചയെ പ്രതിരോധിക്കുന്നു. ഇത്തരം തന്തുക്കൾ പഞ്ചസാരയും ഓക്സിജനും ഇന്ധനമായി ഉപയോഗിക്കുന്നതിനാൽ ദീർഘിച്ചതും കഠിനവുമായ പ്രവർത്തനങ്ങളിൽ മിക്കവാറും ഈ തന്തുക്കളാണ് ഉൾപ്പെടുന്നത്.
ഈ തന്തുക്കൾ എല്ലാംതന്നെ ഓരോ വ്യക്തിയുടെയും വ്യത്യസ്ത പേശികളിൽ ഉണ്ട്. ഉദാഹരണത്തിന്, ദീർഘദൂര ഓട്ടക്കാരുടെ കാലിലെ പേശികളിൽ ശരാശരി 80 ശതമാനം സാവധാനം സങ്കോചിക്കുന്ന തന്തുക്കളാണ്. എന്നാൽ ഹ്രസ്വദൂര ഓട്ടക്കാരുടെ കാലിൽ ശരാശരി 75 ശതമാനത്തിലേറെ ശീഘ്രം സങ്കോചിക്കുന്ന തന്തുക്കളായിരിക്കും.
നാഡികളാൽ ഉത്തേജിപ്പിക്കപ്പെടുന്നു
എല്ലാ പേശീതന്തുക്കളെയും ഉദ്ദീപിപ്പിക്കുന്നതു നാഡികളാണ്. നാഡികൾ നിങ്ങളുടെ പേശികളിലേക്ക് ആവേഗങ്ങൾ അയയ്ക്കുമ്പോൾ പേശികൾ പെട്ടെന്നു ചുരുങ്ങിക്കൊണ്ട് അഥവാ സങ്കോചിച്ചുകൊണ്ട് പ്രതികരിക്കുന്നു. എന്നിരുന്നാലും ഒരു പേശിയിലെ എല്ലാ പേശീതന്തുക്കളും ഒരുമിച്ചു സങ്കോചിക്കുന്നില്ല. പകരം പേശീതന്തു മോട്ടോർ യൂണിറ്റുകളായി സംഘടിപ്പിക്കപ്പെടുന്നു. ഒരൊറ്റ നാഡിയാണ് ഒരു മോട്ടോർ യൂണിറ്റിലെ നിരവധി തന്തുക്കളിലേക്കു ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതും അവയെ നിയന്ത്രിക്കുന്നതും.
കാലിലെ പേശികളിലേതു പോലുള്ള ചില മോട്ടോർ യൂണിറ്റുകളിൽ 2,000-ത്തിലേറെ തന്തുക്കൾ ഉണ്ട്, അവയെ നിയന്ത്രിക്കുന്നത് ഒരൊറ്റ നാഡിയും. എന്നാൽ നിങ്ങളുടെ കണ്ണിലെ മോട്ടോർ യൂണിറ്റുകളിൽ ഓരോന്നിലും മൂന്നു തന്തുക്കളേ ഉള്ളൂ. സൂചിയിൽ നൂൽ കോർക്കുക, പിയാനോ വായിക്കുക എന്നിങ്ങനെ കൂടുതൽ ഏകോപിതവും ലോലവുമായ ചലനങ്ങൾ സാധ്യമാക്കുന്നതിനു മോട്ടോർ യൂണിറ്റിലെ തന്തുക്കളുടെ എണ്ണം കുറവും പേശികളിലെ മോട്ടോർ യൂണിറ്റുകളുടെ എണ്ണം കൂടുതലും ആയിരിക്കണം.
നിങ്ങൾ ഒരു തൂവൽ എടുക്കുമ്പോൾ ഏതാനും മോട്ടോർ യൂണിറ്റുകൾ മാത്രമേ സങ്കോചിക്കുന്നുള്ളു. എന്നാൽ നിങ്ങൾ എടുക്കുന്നതു ഭാരമുള്ള ഒരു വസ്തു ആണെങ്കിൽ പേശീതന്തുക്കളിലെ പ്രത്യേക സംവേദക ഭാഗങ്ങൾ അതിവേഗത്തിൽ മസ്തിഷ്കത്തിലേക്കു സന്ദേശം അയയ്ക്കുന്നു. പെട്ടെന്നു തന്നെ കൂടുതൽ മോട്ടോർ യൂണിറ്റുകൾ കർമനിരതമാകുന്നു, അങ്ങനെ ഭാരം ഉയർത്താൻ നിങ്ങൾ ചെലുത്തുന്ന ബലം വർധിക്കുന്നു. സാവധാനം നടക്കുമ്പോൾ വളരെ കുറച്ച് മോട്ടോർ യൂണിറ്റുകളേ ഉത്തേജിപ്പിക്കപ്പെടുന്നുള്ളൂ. എന്നാൽ ഓടുമ്പോഴാകട്ടെ, കൂടിയ വേഗത്തിൽ കൂടുതൽ യൂണിറ്റുകൾ ഉത്തേജിപ്പിക്കപ്പെടുന്നു.
നിങ്ങളുടെ ഹൃദയപേശികൾ അസ്ഥിപേശികളിൽനിന്നു വ്യത്യസ്തമായി സങ്കോചിക്കുകയും അയയുകയും ചെയ്യുന്നു. ഹൃദയപേശിയിലെ ഒരു കോശം ഉത്തേജിപ്പിക്കപ്പെടുമ്പോൾ അതിലെ എല്ലാ കോശങ്ങളിലേക്കും സന്ദേശം അയയ്ക്കപ്പെടുകയും അവയെല്ലാം പെട്ടെന്ന് ഉത്തേജിപ്പിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ മുഴു പേശീതന്തുവും സങ്കോചിക്കുകയും തുടർന്ന് അയയുകയും ചെയ്യുന്നു. ഒരു മിനിറ്റിൽ ഈ പ്രക്രിയ ഏതാണ്ട് 72 പ്രാവശ്യം നടക്കുന്നു.
മൃദുപേശികൾ ഏറെക്കുറെ ഹൃദയപേശികളെ പോലെതന്നെയാണു പ്രവർത്തിക്കുന്നത്. അതായത്, സങ്കോചിക്കൽ പ്രക്രിയ ഒരു കോശത്തിൽ തുടങ്ങി മുഴു തന്തുവിലേക്കും വ്യാപിക്കുന്നു. എന്നാൽ മൃദുപേശികൾക്ക് ഹൃദയപേശികളെക്കാൾ കൂടുതൽ സമയം തളർച്ച കൂടാതെ സങ്കോചാവസ്ഥയിൽ തുടരാൻ സാധിക്കും. വിശപ്പ് ഉണ്ടാകുമ്പോഴും പ്രസവ സമയത്ത് ശക്തമായ സങ്കോചിക്കൽ നടക്കുമ്പോഴും ഒഴികെ മറ്റവസരങ്ങളിൽ മൃദുപേശികളുടെ സാന്നിധ്യം അറിയാറേയില്ല.
നിങ്ങളുടെ പേശികളെ ആകൃതിയൊത്തവയായി നിലനിർത്തുക
“വ്യായാമം മുഴു ശരീരത്തിനും സഹായകമാണ്. . . . ക്രമമായി വ്യായാമം ലഭിക്കുന്ന പേശികൾ ഏതു പ്രവർത്തനത്തിലും മുന്നിട്ടു നിൽക്കുന്നു” എന്ന് പേശികൾ: ചലനത്തിന്റെ ഇന്ദ്രജാലം എന്ന ഇംഗ്ലീഷ് പുസ്തകം പ്രസ്താവിക്കുന്നു. ആന്തരാവയവങ്ങളെ നന്നായി താങ്ങി നിർത്തുന്നതിനും തളർച്ചയെ പ്രതിരോധിക്കുന്നതിനും വ്യായാമം നിങ്ങളുടെ പേശികളെ പ്രാപ്തമാക്കുന്നു.
രണ്ടു തരത്തിലുള്ള വ്യായാമങ്ങൾ നിങ്ങളുടെ പേശികൾക്കു പ്രയോജനം ചെയ്യുന്നു. ഓരോ ദിവസവും അൽപ്പസമയം ഭാരം ഉയർത്തുന്ന അനൈറോബിക് വ്യായാമം നിങ്ങളുടെ പേശികളെ ബലപ്പെടുത്തുന്നു. കരുത്തുറ്റ പേശികൾ കൂടുതൽ പഞ്ചസാരയും ഫാറ്റി ആസിഡും ശേഖരിച്ചുവെക്കുന്നു. മാത്രവുമല്ല, ഈ ഇന്ധനങ്ങളെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുന്നതിനും അവയ്ക്കു സാധിക്കുന്നു. അങ്ങനെ പേശികൾക്ക് തളർച്ചയെ പ്രതിരോധിക്കാൻ കഴിയുന്നു.
ജോഗിങ്, നീന്തൽ, സൈക്കിൾ ചവിട്ടൽ, വേഗത്തിലുള്ള നടപ്പ് എന്നിങ്ങനെയുള്ള എയ്റോബിക് വ്യായാമ മുറകൾ നിങ്ങളെ കൂടുതൽ ചുറുചുറുക്ക് ഉള്ളവർ ആക്കുന്നു. ആയാസരഹിതമായ ഇത്തരം വ്യായാമ മുറകൾ മൈറ്റോകോൺഡ്രിയകളുടെ എണ്ണവും പേശികളിലേക്കുള്ള രക്ത പ്രവാഹവും വർധിപ്പിക്കുന്നു. നിങ്ങളുടെ പേശികൾക്കു സങ്കോചിക്കാൻ വേണ്ട ഊർജം പ്രദാനം ചെയ്യുന്ന എറ്റിപി ഉത്പാദിപ്പിക്കുന്നത് ഈ മൈറ്റോകോൺഡ്രിയകളാണ്. ഇത്തരം വ്യായാമങ്ങൾ നിങ്ങളുടെ ഹൃദയത്തിനു വിശേഷാൽ പ്രയോജനം ചെയ്യുന്നു. അതു ചിലപ്പോൾ ഹൃദയാഘാതത്തെ തടയുക പോലും ചെയ്തേക്കാം.
കഠിനമായ വ്യായാമങ്ങളിൽ ഏർപ്പെടുന്നതിനു മുമ്പ് നിങ്ങളുടെ പേശികൾ വളയ്ക്കുകയും നിവർക്കുകയും ചെയ്യുന്നത് അവയ്ക്ക് ഉളുക്കും മറ്റു കേടുപാടുകളും ഉണ്ടാകുന്നതു തടയും. അത്തരം ‘വാം അപ്പ്’ വ്യായാമ മുറകൾ നിങ്ങളുടെ പേശികളുടെ താപനില വർധിപ്പിക്കുന്നു. തത്ഫലമായി, ഈ പേശികളിലേക്കു വർധിച്ച അളവിൽ രക്തം പ്രവഹിക്കുന്നു. അതു നിങ്ങളുടെ പേശികൾ കൂടുതൽ മെച്ചമായി സങ്കോചിക്കാൻ ഇടയാക്കിക്കൊണ്ട് കൂടുതൽ ഊർജം ഉത്പാദിപ്പിക്കാൻ രാസാഗ്നികളെ സഹായിക്കുന്നു. തുടക്കത്തിൽ ചെയ്ത അതേ വ്യായാമമുറകൾ തന്നെ ചെയ്തുകൊണ്ട് വ്യായാമം അവസാനിപ്പിക്കുന്നതു വേദനയും വഴക്കമില്ലായ്മയും തടയാൻ സഹായിക്കുന്നു. കാരണം, അടിഞ്ഞുകൂടുന്ന ലാക്റ്റിക് അമ്ലത്തെ അതു നീക്കം ചെയ്യുന്നു.
അതികഠിനമായ വ്യായാമത്തിൽ ഏർപ്പെടുന്നതു നിങ്ങളുടെ അസ്ഥിപേശികൾക്കു കേടുവരുത്തിയേക്കാം എന്ന് അറിഞ്ഞിരിക്കുക, വിശേഷിച്ചും വ്യായാമം ചെയ്യുന്നതിൽ നിങ്ങൾക്കു പരിശീലനം ലഭിച്ചിട്ടില്ലെങ്കിൽ. കൂടാതെ വളരെ ഭാരമുള്ള എന്തെങ്കിലും വസ്തു സാവധാനം താഴെ വെക്കുകയോ ഇറക്കം ഓടിയിറങ്ങുകയോ ചെയ്യുമ്പോഴെന്നപോലെ ആവർത്തിച്ചാവർത്തിച്ചുള്ളതും നീണ്ടുനിൽക്കുന്നതുമായ സങ്കോച പ്രക്രിയയ്ക്ക് ഇടയാക്കും വിധം പേശികളിൽ സമ്മർദം ചെലുത്തുന്നെങ്കിൽ നിങ്ങളുടെ പേശീതന്തുക്കൾക്കു മുറിവു പറ്റിയേക്കാം. സമ്മർദം മൂലമുണ്ടാകുന്ന ചെറിയ മുറിവുകൾപോലും അത്യന്തം വേദനാജനകമായ കോച്ചിപ്പിടുത്തത്തിനും പഴുപ്പിനും കാരണമായേക്കാം.
അതുകൊണ്ട് നിങ്ങളുടെ പേശികൾക്കു നല്ല ശ്രദ്ധ നൽകുക. നന്നായി രൂപസംവിധാനം ചെയ്യപ്പെട്ട ഒരു എഞ്ചിൻപോലെ, നിങ്ങളുടെ ശരീരത്തിലെ ‘ഏറ്റവും മികച്ച മോട്ടോർ’ എന്ന നിലയിൽ പ്രവർത്തിക്കാൻ സാധിക്കുംവിധം അവയ്ക്ക് ഉചിതമായ വ്യായാമവും വിശ്രമവും പ്രദാനം ചെയ്യുക.
[20-ാം പേജിലെ ആകർഷകവാക്യം]
നിങ്ങളുടെ ശരീരത്തിൽ ഏതാണ്ട് 650 പേശികൾ ഉണ്ട്. പൃഷ്ഠത്തിലെ ഗ്ളൂട്ടിയസ് പേശികളാണ് അവയിൽ ഏറ്റവും വലുത്. അവയാണു കാലുകളെ ചലിപ്പിക്കുന്നത്
[24-ാം പേജിലെ ചതുരം]
പേശികളും പോഷണവും
നല്ല പോഷണമാണ് ആരോഗ്യമുള്ള പേശികളുടെ രഹസ്യങ്ങളിലൊന്ന്. പാലുത്പന്നങ്ങൾ പോലുള്ള കാൽസ്യ സമ്പുഷ്ടമായ ആഹാര പദാർഥങ്ങൾ, പൊട്ടാസ്യം സമൃദ്ധമായുള്ള വാഴപ്പഴം, നാരങ്ങകൾ, മറ്റ് ഉണങ്ങിയ പഴവർഗങ്ങൾ, നല്ല മഞ്ഞനിറത്തിലുള്ള പച്ചക്കറികൾ, അണ്ടിപ്പരിപ്പുകൾ, വിത്തുകൾ എന്നിവ പേശീസങ്കോചത്തെ ക്രമപ്പെടുത്തുന്നു. ധാന്യറൊട്ടികൾ, സിറീയലുകൾ എന്നിവ ഇരുമ്പും വിറ്റാമിൻ ബി-കോംപ്ലെക്സും—വിശേഷിച്ച് അന്നജം, മാംസ്യം, കൊഴുപ്പ് എന്നിവയെ പേശികൾക്ക് ആവശ്യമുള്ള ഊർജ ഇന്ധനമായി മാറ്റുന്നതിൽ നിർണായക പങ്കുവഹിക്കുന്ന വിറ്റാമിൻ ബി1—പ്രദാനം ചെയ്യുന്നു. ധാരാളം വെള്ളം കുടിക്കുന്നതു നിങ്ങളുടെ ശരീരത്തിലെ ഇലക്ട്രോലൈറ്റുകളെ സമനിലയിൽ നിറുത്തുക മാത്രമല്ല പേശീപ്രവർത്തനത്തിനു ഹാനികരം ആയേക്കാവുന്ന ലാക്ടിക് അമ്ലം പോലുള്ള പാഴുത്പന്നങ്ങളെ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു.
[22,23 പേജുകളിലെ ചതുരം/രേഖാചിത്രം]
പേശീസങ്കോചമെന്ന അത്ഭുതം
ഒരു പേശിയുടെ പ്രവർത്തനവിധം വളരെ ലളിതമാണെന്നു തോന്നിയേക്കാം. എന്നാൽ ഒരു പേശി സങ്കോചിക്കുന്ന പ്രക്രിയ അത്യന്തം വിസ്മയാവഹമാണ്. പ്രൊഫസർ ജെറാൾഡ് എച്ച്. പൊള്ളാക്ക് പറയുന്നു: “പ്രകൃതിയിലെ രൂപസംവിധാനത്തിൽ ദൃശ്യമാകുന്ന മനോഹാരിതയിൽ ഞാൻ വിസ്മയാധീനൻ ആയിപ്പോകുകയാണ്. കാരണം അത്രയേറെ വിദഗ്ധമായ ഒരു പ്രക്രിയയിലൂടെയാണ് രാസോർജം യാന്ത്രികോർജമായി മാറുന്നത്. ഈ അത്ഭുതത്തിന്റെ പിന്നിൽ ഒരു ബുദ്ധിശക്തി പ്രവർത്തിച്ചിട്ടുണ്ടെന്നു സമ്മതിക്കാൻ ഞാൻ പ്രചോദിതൻ ആയിത്തീരുകയാണ്.”
ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് പേശീസങ്കോചത്തിൽ ഉൾപ്പെട്ടിരിക്കുന്ന സങ്കീർണമായ പ്രവർത്തനം നമുക്കൊന്ന് അടുത്തു നിരീക്ഷിക്കാം. അങ്ങനെ നമ്മുടെ സ്രഷ്ടാവിന്റെ രൂപസംവിധാനത്തിലെ ഈ വിസ്മയത്തെ കുറിച്ചു നമുക്കു കൂടുതൽ പഠിക്കാം.
വാസ്തവത്തിൽ ഒരു പേശീകോശം അഥവാ തന്തു, സമാന്തരമായി ക്രമീകരിച്ചിരിക്കുന്ന മയോഫൈബ്രിൽസ് എന്നു വിളിക്കപ്പെടുന്ന ചെറിയ തന്തുക്കളുടെ ഒരു കെട്ടാണ്. ഓരോ മയോഫൈബ്രിലിലും അതിസൂക്ഷ്മങ്ങളായ ആയിരക്കണക്കിനു മയോഫിലമെന്റുകൾ അടങ്ങിയിട്ടുണ്ട്. ചില മയോഫിലമെന്റുകൾ സ്ഥൂലവും മറ്റു ചിലവ സൂക്ഷ്മവും ആണ്. സ്ഥൂല ഫിലമെന്റുകളുടെ നിർമാണ ഘടകം മയോസിനും സൂക്ഷ്മ ഫിലമെന്റുകളുടേത് ആക്ടിനും ആണ്. ഈ മാംസ്യങ്ങളാണ് പേശീകോശത്തിന്റെ സങ്കോചത്തിനു സഹായിക്കുന്നത്.
ഓരോ പേശീതന്തുവിന്റെയും പ്രതലത്തിൽ ഒരു സുഷിരം ഉണ്ട്. നട്ടെല്ലിൽനിന്നു ശാഖോപശാഖകളായി പിരിയുന്ന നാഡീതന്തു ഈ സുഷിരങ്ങളിലാണ് അവസാനിക്കുന്നത്. അവ ഈ സുഷിരങ്ങളിൽ മുറുകിയിരിക്കുന്നു. മസ്തിഷ്കം അയയ്ക്കുന്ന ആവേഗങ്ങളും ഉദ്ദീപനങ്ങളും കേന്ദ്രനാഡീ വ്യൂഹത്തിലെ ദശലക്ഷക്കണക്കിനു നാഡീകോശങ്ങളിലൂടെ സഞ്ചരിച്ച് നാഡികൾ അവസാനിക്കുന്നിടത്തു വന്നെത്തുമ്പോൾ നമ്മുടെ പേശികൾ ചലനത്തിന് ഉത്തേജിപ്പിക്കപ്പെടുന്നു. ഓരോ നാഡിയുടെയും അഗ്രം ഉത്തേജിപ്പിക്കപ്പെടുമ്പോൾ 100-ലേറെ ചെറിയ സഞ്ചികൾ തുറക്കപ്പെടുകയും അവ ഒരു രാസവസ്തു സ്രവിക്കുകയും ചെയ്യുന്നു. പേശീകോശ സ്തരവുമായി സമ്പർക്കത്തിൽ വരുമ്പോൾ ഈ രാസവസ്തു നാഡീസംജ്ഞയുടെ തീവ്രത വർധിപ്പിക്കുന്നു. മുഴു പേശീകോശത്തെയും ഉദ്ദീപിപ്പിക്കുന്ന തുടർച്ചയായുള്ള ഒരു വൈദ്യുത പ്രവർത്തനത്തിന് അത് ഇടയാക്കുന്നു. തുടർന്ന് കോശസ്തരം വൈദ്യുത ചാർജുള്ള കാൽസ്യം ആറ്റങ്ങൾ പുറത്തു വിടുന്നു. സങ്കോചിക്കൽ എന്ന യാന്ത്രിക പ്രക്രിയയ്ക്കു കളമൊരുക്കുന്നത് അതാണ്.
വളരെ നേർത്ത കുഴലുകളുടെ ഒരു ശൃംഖലയിലൂടെ കാൽസ്യം അയണുകൾ മുഴു പേശീതന്തുവിലും വ്യാപിക്കുന്നു, അങ്ങനെ അതു വ്യത്യസ്ത മാംസ്യങ്ങളുമായി സമ്പർക്കത്തിൽ വരുന്നു. ഈ മാംസ്യങ്ങളുടെ മേലുള്ള കാൽസ്യത്തിന്റെ പ്രവർത്തന ഫലമായി നേർത്ത ആക്ടിൻ ഫിലമെന്റിലെ സംരക്ഷിത ഭാഗങ്ങൾ അനാവൃതമാകുന്നു.
അതേസമയം, സ്ഥൂല മയോസിൻ ഫിലമെന്റുകളിൽ നിന്നു തള്ളിനിൽക്കുന്ന ഉരുണ്ട ഒരു ജോഡി മുകുളങ്ങൾ ഉള്ളതും ഊർജ സമ്പുഷ്ടവുമായ എറ്റിപി പ്രവർത്തനം ആരംഭിക്കുന്നു. മയോസിൻ ഫിലമെന്റിന്റെ അഗ്രത്തിലുള്ള മുകുളങ്ങളിൽ ഒന്ന് ആക്ടിൻ ഫിലമെന്റിലെ ഇപ്പോൾ പ്രവർത്തന സജ്ജവും അനാവൃതവുമായ ഭാഗവുമായി ചേർന്ന് ഒരു ക്രോസ്സ് ബ്രിഡ്ജ് രൂപീകരിക്കുന്നു. മറ്റേ മുകുളമാകട്ടെ എറ്റിപി-യെ ശിഥിലീകരിക്കുന്നു. അങ്ങനെ ഈ ക്രോസ്സ് ബ്രിഡ്ജിന് ആക്ടിൻ ഫിലമെന്റിനെ മയോസിൻ ഫിലമെന്റിന്റെ വശങ്ങളിലേക്കോ മുകളിലേക്കോ വലിച്ചു മാറ്റുന്നതിനോ നിരക്കി നീക്കുന്നതിനോ ആവശ്യമായ ഊർജം പുറപ്പെടുവിക്കപ്പെടുന്നു. ഒരു വടംവലി ടീമിലെ അംഗങ്ങളെപ്പോലെ, മയോസിൻ അഗ്രങ്ങൾ അതിന്റെ പിടി വിടുകയും മുന്നോട്ടുനീങ്ങി ആക്ടിന്റെ തണ്ടിൽ പിടി മുറുക്കുകയും ചെയ്യുന്നു. അങ്ങനെ ആക്ടിൻ ഫിലമെന്റിനെ മയോസിൻ ഫിലമെന്റിന്റെ മധ്യ ഭാഗത്തേക്കു വലിച്ചടുപ്പിക്കുന്നു. സങ്കോചിക്കൽ പൂർത്തിയാകുന്നതുവരെ ഈ പ്രവർത്തനം ആവർത്തിക്കപ്പെടുന്നു. തുടർച്ചയായുള്ള ഈ പ്രവർത്തനങ്ങൾക്കെല്ലാം കൂടി ഒരു സെക്കൻഡിന്റെ ആയിരത്തിൽ ഏതാനും അംശങ്ങൾ മാത്രം മതി!
സങ്കോചിക്കൽ പ്രക്രിയ പൂർത്തിയായി കഴിയുമ്പോൾ കാൽസ്യം, പേശീകോശ സ്തരത്തിലെ അതിന്റെ പൂർവ സ്ഥാനത്തേക്കു പോകുന്നു. ആക്ടിൻ ഫിലമെന്റിന്റെ വശങ്ങളിലെ അനാവൃത ഭാഗങ്ങൾ വീണ്ടും ആവരണം ചെയ്യപ്പെടുന്നു. അടുത്ത ഉദ്ദീപനം ലഭിക്കുന്നതുവരെ പേശീതന്തു അയയുകയും ചെയ്യുന്നു. അതേ, ‘ഭയങ്കരവും അതിശയവുമായാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്’!—സങ്കീർത്തനം 139:14.
[രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
മയോഫിലമെന്റുകൾ—സ്ഥൂലവും സൂക്ഷ്മവും (വളരെ വലുപ്പത്തിൽ കാണിച്ചിരിക്കുന്നു)
മയോഫൈബ്രിൽ
വാസ്തവത്തിൽ നമ്മുടെ പേശികൾ കെട്ടുകണക്കിന് തന്തുക്കളുടെ അടുക്കാണ്
പേശി
പേശീതന്തു
മയോഫൈബ്രിലുകളുടെ കെട്ട്
[21-ാം പേജിലെ ചിത്രം]
(വലുതാക്കി കാണിച്ചിരിക്കുന്നു 2X)
ചെവിയിലെ വളരെ ചെറിയ അസ്ഥികളോടു ബന്ധപ്പെട്ടു കാണപ്പെടുന്ന പേശികളാണ് ഏറ്റവും ചെറിയ പേശികൾ
[21-ാം പേജിലെ ചിത്രം]
വെറുതെയൊന്നു പുഞ്ചിരിക്കാൻ വേണം 14 പേശികൾ!
[21-ാം പേജിലെ ചിത്രം]
ദിവസവും 20,000-ത്തിലേറെ പ്രാവശ്യം കണ്ണു ചിമ്മാൻ പേശികൾ നിങ്ങളെ സഹായിക്കുന്നു
[24-ാം പേജിലെ ചിത്രം]
നിങ്ങളുടെ ഹൃദയപേശി ഒരു മിനിറ്റിൽ ഏതാണ്ട് 72 പ്രാവശ്യം സങ്കോചിക്കുകയും അയയുകയും ചെയ്യുന്നു, അഥവാ ഒരു ശരാശരി ആയുഷ്കാലത്ത് 2.6 ദശലക്ഷം തവണ
[24-ാം പേജിലെ ചിത്രം]
അനൈറോബിക് വ്യായാമം
[20-ാം പേജിലെ ചിത്രത്തിന് കടപ്പാട]
മനുഷ്യൻ, പേ. 20; കണ്ണ്, പേ. 21; ഹൃദയം, പേ. 24: The Complete Encyclopedia of Illustration/ J. G. Heck