നമ്മുടെ കുരുന്നുകളെ ആർ സംരക്ഷിക്കും?
കുട്ടികളോടുള്ള ദുഷ്പെരുമാറ്റം ഇപ്പോൾ ഒരു ആഗോള പ്രശ്നമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്ന അറിവ് പ്രോത്സാഹജനകമാണ്. കുട്ടികളെ വാണിജ്യ അടിസ്ഥാനത്തിൽ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെതിരെ നടന്ന, 130 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത സ്റ്റോക്ക്ഹോം സമ്മേളനം പോലുള്ളവ ഈ പ്രശ്നത്തിൽ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.
ഇതിനുപുറമേ, ചില രാജ്യങ്ങൾ ലൈംഗിക ടൂറിസവും കുട്ടികളെ അനാശാസ്യ നടപടികൾക്ക് ഉപയോഗിക്കുന്നതും കുറ്റകരമാക്കുന്ന നിയമങ്ങൾ ഇപ്പോൾ പാസ്സാക്കുന്നുണ്ട്. ചില രാജ്യങ്ങളാണെങ്കിൽ അറിയപ്പെടുന്ന ബാലരതിപ്രിയരെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഒരു രജിസ്റ്റർ സൂക്ഷിക്കുകപോലും ചെയ്യുന്നു, അതു നിമിത്തം കുട്ടികളെ എളുപ്പത്തിൽ വലയിൽ കുടുക്കാൻ അത്തരക്കാർക്കു കഴിയുന്നില്ല.
കുട്ടികളെ സംരക്ഷിക്കാനുള്ള നിയമങ്ങൾ പാസ്സാക്കിക്കൊണ്ട് അവർക്ക് മെച്ചമായ ഒരു ജീവിതം ഉണ്ടാക്കിക്കൊടുക്കാൻ ശ്രമിക്കുന്നവരും ഉണ്ട്. കുട്ടികളെക്കൊണ്ടു പണിയെടുപ്പിച്ച് ഉണ്ടാക്കിയ ഉത്പന്നങ്ങൾ വാങ്ങാൻ ചില രാജ്യങ്ങളും വ്യക്തികളും വിസമ്മതിക്കുന്നു.
കുട്ടികളോടുള്ള ദ്രോഹം സമൂഹത്തിൽ നിന്നു തുടച്ചു നീക്കാനുള്ള അത്തരം ശ്രമങ്ങൾ തീർച്ചയായും വിലമതിക്കത്തക്കവ ആണെങ്കിലും നാം യാഥാർഥ്യബോധം ഉള്ളവർ ആയിരിക്കണം. കുട്ടികളോടുള്ള ദുഷ്പെരുമാറ്റം സമൂഹത്തിൽ വളരെ ആഴമായി വേരോടിയിരിക്കുന്നുവെന്നു നാം തിരിച്ചറിയണം. ഒരു നിയമം പാസ്സാക്കുന്നതുപോലുള്ള നിസ്സാര പരിഹാരമാർഗങ്ങൾ കൊണ്ട് നമ്മുടെ കുട്ടികൾക്കു പൂർണ സംരക്ഷണം പ്രദാനം ചെയ്യാൻ കഴിയും എന്നു ചിന്തിക്കുന്നതു ബുദ്ധിശൂന്യമാണ്. പല നിയമങ്ങളും ഇതിനോടകംതന്നെ പ്രാബല്യത്തിൽ വന്നിട്ടുണ്ടെങ്കിലും മിക്കപ്പോഴും നോക്കുകുത്തികളെ പോലെ നിൽക്കാനേ അവയ്ക്കു കഴിഞ്ഞിട്ടുള്ളൂ. കുട്ടികളുടെ ജന്മാവകാശങ്ങൾ നിരവധി നിയമങ്ങളുടെ സഹായത്താൽ സംരക്ഷിക്കപ്പെടേണ്ടിവരുന്നു എന്നതുതന്നെ മുതിർന്നവരുടെ ദുഷ്കൃത്യത്തിന്റെ വ്യാപ്തിക്ക് ഒരു സാക്ഷ്യപത്രമാണ്.
നിയമങ്ങൾകൊണ്ട് കുട്ടികൾക്ക് ആത്യന്തികമായി സംരക്ഷണം നൽകാൻ കഴിയില്ല. ഒട്ടേറെ ഗവൺമെന്റുകൾ ഒപ്പുവെച്ചിട്ടുള്ള, ‘യുഎൻ ബാലജന അവകാശ ഉടമ്പടി’ പോലുള്ളവ ഇക്കാര്യത്തിൽ എത്രമാത്രം ഫലകരമായിരുന്നു എന്നു പരിശോധിച്ചാൽ ഇതു മനസ്സിലാക്കാവുന്നതേയുള്ളൂ. കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന ഈ ഗവൺമെന്റുകളിൽ പലതും തങ്ങളുടെ രാജ്യത്തെ കുട്ടികൾക്കെതിരെയുള്ള ചൂഷണം നിർത്തലാക്കാൻ വേണ്ടതു ചെയ്യുന്നില്ലെന്നു വ്യക്തമായി തെളിഞ്ഞിരിക്കുന്നു. കുട്ടികളോടുള്ള ദ്രോഹം ഒരു വലിയ അന്താരാഷ്ട്ര പ്രശ്നമായിത്തന്നെ തുടരുകയാണ്.
മാതാപിതാക്കൾക്കു വളരെയധികം ചെയ്യാൻ കഴിയും
വിജയപ്രദമായി മക്കളെ വളർത്തിക്കൊണ്ടുവരിക എന്നതു ശ്രമകരമായ ഒരു ദൗത്യമാണ്. അതിനായി പലതും ബലി കഴിക്കേണ്ടിവരും. എന്നാൽ ബലി കഴിക്കപ്പെടുന്നത് തങ്ങളുടെ മക്കളല്ല എന്ന് ചിന്തയുള്ള മാതാപിതാക്കൾ ഉറപ്പാക്കും. മിക്കപ്പോഴും, “മക്കളെ വളർത്തുന്നത് ഒരു ഹോബിയായിട്ടാണു കണക്കാക്കപ്പെടുന്നത്” എന്ന് മക്ലേൻസ് മാസിക അഭിപ്രായപ്പെടുന്നു. ഒരു കളിപ്പാട്ടം വലിച്ചെറിയാനോ ഒരു ഹോബി വേണ്ടെന്നു വെക്കാനോ കഴിയും, എന്നാൽ മക്കളെ വളർത്തുന്നത് ഒരു ദൈവദത്ത ഉത്തരവാദിത്വം ആണ്.
ഒരു നല്ല അച്ഛനോ അമ്മയോ ആയിരുന്നുകൊണ്ട് സന്തോഷവും സുരക്ഷിതത്വവും കളിയാടുന്ന ബാല്യം ആസ്വദിക്കാൻ മക്കളെ സഹായിക്കുന്നതാണ് നിങ്ങളുടെ കുട്ടികൾക്കു നൽകാൻ കഴിയുന്നതിലേക്കും ഏറ്റവും വിലയേറിയ സമ്മാനം. അത്തരം ഒരു സുരക്ഷിതത്വം സാമൂഹിക-സാമ്പത്തിക നിലവാരത്തെ ആശ്രയിച്ചിരിക്കുന്നില്ല. നിങ്ങളുടെ കുട്ടികൾക്കു നിങ്ങളെ ആവശ്യമാണ്—നിങ്ങളുടെ സ്നേഹവും വാത്സല്യവും സമയവുമെല്ലാം. ഭീഷണി നേരിടുമ്പോൾ നിങ്ങൾ ഒപ്പം ഉണ്ടെന്ന ഉറപ്പ് അവർക്ക് ആവശ്യമാണ്. നിങ്ങൾ ചൊല്ലിക്കൊടുക്കുന്ന കഥകൾ കേൾക്കാൻ, നിങ്ങളെ ഒരു മാതൃകാപാത്രം ആയി കാണാൻ അവർ ആഗ്രഹിക്കുന്നു. നിങ്ങളിൽനിന്നുള്ള സ്നേഹപൂർവകമായ ശിക്ഷണവും അവർക്ക് ആവശ്യമാണ്.
ലൈംഗിക ധാർമികതയുടെ കാര്യത്തിൽ, മാതാപിതാക്കൾ കുടുംബാംഗങ്ങളോടുള്ള ഇടപെടലിൽ മാന്യത പുലർത്തേണ്ടതാണ്. കുട്ടികളുടെ മനസ്സിനോടും ശരീരത്തോടും അവർ ആദരവു പ്രകടിപ്പിക്കണം. ധാർമിക വിഷയത്തിൽ മാതാപിതാക്കൾ കൽപ്പിച്ചിട്ടുള്ള അതിരുകൾ ലംഘിക്കുന്ന പ്രവൃത്തികൾ ഏതൊക്കെയെന്നു കുട്ടികൾ വളരെ വേഗം പഠിച്ചെടുക്കുന്നു. വീടിന് അകത്തും പുറത്തും എങ്ങനെ പെരുമാറണം എന്ന് അവരെ പഠിപ്പിക്കണം. ഇക്കാര്യത്തിൽ നിങ്ങൾ പരാജയപ്പെടുന്നപക്ഷം നിങ്ങൾക്കു പകരം മറ്റാരെങ്കിലുമായിരിക്കും അതു ചെയ്യുക, പരിണതഫലം നിങ്ങൾക്കു സഹിക്കാൻ പറ്റിയെന്നു വരില്ല. ധാർമികതയ്ക്കെതിരെ ഭീഷണി ഉയരുന്നപക്ഷം എങ്ങനെ പ്രതികരിക്കണം എന്നു കുട്ടികൾക്കു മനസ്സിലാക്കിക്കൊടുക്കുക. ശരീരത്തിലെ സ്വകാര്യഭാഗങ്ങളുടെ ഉപയോഗം അവർ അറിഞ്ഞിരിക്കട്ടെ. അവ ദുരുപയോഗം ചെയ്യാൻ പാടില്ലെന്ന് അവരെ പഠിപ്പിക്കുക. അവരെ മുതലെടുക്കാൻ ആരെങ്കിലും ശ്രമിക്കുന്നെങ്കിൽ എങ്ങനെ പ്രതികരിക്കണം എന്ന് അവർക്കു പറഞ്ഞുകൊടുക്കുക.
നിങ്ങളുടെ കുട്ടി എവിടെയാണെന്നും ആരുടെ കൂടെയാണെന്നും എപ്പോഴും അറിഞ്ഞിരിക്കണം. കുട്ടിയുടെ അടുത്ത സുഹൃത്തുക്കൾ ആരാണ്? നിങ്ങളുടെ അഭാവത്തിൽ കുട്ടിയെ നോക്കുന്നത് ആരാണ്? അവർ വിശ്വാസയോഗ്യരാണോ? എന്നാൽ, അച്ഛനോ അമ്മയോ എല്ലാവരെയും സംശയദൃഷ്ടിയോടെ വീക്ഷിക്കണം എന്ന് ഇതിനർഥമില്ല. കുട്ടിയുടെ ജീവിതത്തിലേക്കു കടന്നുവരുന്ന മുതിർന്ന വ്യക്തികളെ കുറിച്ച് ഉചിതമായ വിലയിരുത്തൽ നടത്തുക, പുറമേ കാണുന്നതിനും അപ്പുറത്തേക്കു നോക്കുക.
തങ്ങൾ വിശ്വാസം അർപ്പിച്ചിരുന്ന പുരോഹിതന്മാരോ അധ്യാപകരോ അടുത്ത കുടുംബാംഗങ്ങളോതന്നെ കുട്ടിയെ ചൂഷണം ചെയ്തിരിക്കുന്നതായി വളരെ വൈകി മാത്രം കണ്ടെത്തിയ മാതാപിതാക്കൾക്ക് അനുഭവപ്പെട്ട ഹൃദയവേദനയെ കുറിച്ചു ചിന്തിച്ചുനോക്കൂ. ഒരു അച്ഛൻ അല്ലെങ്കിൽ അമ്മ എന്ന നിലയിൽ ഈ ചോദ്യങ്ങൾ സ്വയം ചോദിക്കുന്നതു നല്ലതായിരിക്കും: ‘എന്റെ സഭ കുട്ടികളോടുള്ള ദുഷ്പെരുമാറ്റത്തെ വെച്ചുപൊറുപ്പിക്കുകയോ മൂടിവെക്കുകയോ ചെയ്യുന്നുണ്ടോ? എന്റെ മതം ഉയർന്ന ധാർമിക തത്ത്വങ്ങൾ മുറുകെ പിടിക്കുന്നുണ്ടോ? അത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നിങ്ങളുടെ മക്കളെ സംരക്ഷിക്കുന്നതിൽ ജ്ഞാനപൂർവകമായ തിരഞ്ഞെടുപ്പുകൾ നടത്താൻ നിങ്ങളെ സഹായിക്കും.
സർവോപരി, മുമ്പ് പ്രതിപാദിച്ചതരം അപകടങ്ങളിൽനിന്ന് അവരെ സംരക്ഷിക്കുന്ന, സ്രഷ്ടാവിന്റെ തത്ത്വങ്ങൾ അറിയാനും അവയെ സ്നേഹിക്കാനും അവരെ സഹായിക്കാൻ ശ്രമിക്കുക. ഉയർന്ന ധാർമിക തത്ത്വങ്ങളോടുള്ള തങ്ങളുടെ മാതാപിതാക്കളുടെ ആദരവു കാണുമ്പോൾ അവർ ആ നല്ല മാതൃക പിൻപറ്റാൻ കൂടുതൽ സന്നദ്ധരായിരിക്കും.
യഥാർഥത്തിലുള്ള ഒരേയൊരു പരിഹാരം
തീർച്ചയായും, നിയമങ്ങൾകൊണ്ടോ ദീർഘകാല ജയിൽശിക്ഷകൾകൊണ്ടോ നമ്മുടെ കുട്ടികൾക്കു യഥാർഥ സംരക്ഷണം നൽകാൻ കഴിയില്ല. എന്നാൽ, തന്റെ നിശ്വസ്ത വചനമായ ബൈബിളിലൂടെ മൃഗതുല്യരായ ആളുകളുടെ ചിന്തയ്ക്കു മാറ്റം വരുത്തി അവരെ സമുദായത്തിലെ നല്ല പെരുമാറ്റം കാഴ്ചവെക്കുന്ന സ്നേഹസമ്പന്നരും ധർമിഷ്ഠരും സത്സ്വഭാവികളും ആയ വ്യക്തികളാക്കിത്തീർക്കാൻ സ്രഷ്ടാവിനു കഴിയും.
ഇതു സാധ്യമാണെന്ന് ഇതിനോടകം തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു. ലൈംഗിക തൃഷ്ണയ്ക്ക് അടിപ്പെട്ട ജീവിതരീതി ഉപേക്ഷിച്ച ഒട്ടേറെ ആളുകൾ ഉണ്ട്. ദൈവവചനത്തിന്റെ ശക്തിയുടെ ജീവിക്കുന്ന തെളിവുകളാണ് അവർ. ശരിയായ നടപടി ഇതാണെങ്കിലും ദുഷ്പ്രവൃത്തിക്കാരിൽ ഭൂരിഭാഗവും സ്വഭാവത്തിനു മാറ്റം വരുത്താൻ പോകുന്നില്ല. അതുകൊണ്ടാണ് നമ്മുടെ കുട്ടികളെ ചൂഷണം ചെയ്യുന്ന ഏവരും അതുപോലെതന്നെ അവരുടെ തത്ത്വശാസ്ത്രങ്ങളും ലൈംഗിക തൃഷ്ണകളും അത്യാഗ്രഹവും എല്ലാം പെട്ടെന്നുതന്നെ ഭൂമിയിൽനിന്നു തുടച്ചു നീക്കപ്പെടും എന്ന് യഹോവയാം ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നത്.—1 യോഹന്നാൻ 2:15-17.
ദൈവത്തിന്റെ പുതിയ ലോകത്തിൽ, ദാരിദ്ര്യം മേലാൽ ഇല്ലാതിരിക്കുമ്പോൾ കുട്ടികൾ എല്ലാവരും സ്വസ്ഥവും പീഡനവിമുക്തവുമായ ബാല്യം ആസ്വദിക്കും. കാരണം അത് അവരുടെ ദൈവദത്ത അവകാശമാണ്. കുട്ടികളോടുള്ള അതിക്രമത്തിനു മാത്രമല്ല ഇന്ന് ആളുകളുടെ ജീവിതത്തെ കുത്തിനോവിക്കുന്ന വേദനാജനകമായ എല്ലാ സംഗതികളുടെയും ഓർമകൾക്കും അത് അന്ത്യം കുറിക്കും: “മുമ്പിലെത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.”—യെശയ്യാവു 65:17.
അങ്ങനെ ദൈവത്തിന്റെ പുതിയ ലോകത്തിൽ യേശുക്രിസ്തുവിന്റെ ഈ വാക്കുകൾ ഒരു മഹത്തായ അർഥത്തിൽ നിവൃത്തിയാകും: “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; സ്വർഗ്ഗരാജ്യം [മനുഷ്യവർഗത്തിന്റെ പറുദീസാ ഭവനമായ ഭൂമിമേൽ ഭരിക്കുന്ന ഭരണകൂടം] ഇങ്ങനെയുള്ളവരുടേതല്ലോ.”—മത്തായി 19:14.
[9-ാം പേജിലെ ചിത്രം]
ലൈംഗിക ഭീഷണിയെ നേരിടുമ്പോൾ എങ്ങനെ പ്രതികരിക്കണം എന്നു കുട്ടിയെ നയപൂർവം പഠിപ്പിക്കുക
[9-ാം പേജിലെ ചിത്രം]
നല്ല അച്ഛനോ അമ്മയോ ആയിരിക്കുന്നതാണു നിങ്ങളുടെ കുട്ടിക്കു നൽകാൻ കഴിയുന്ന ഏറ്റവും വിലയേറിയ സമ്മാനം
[9-ാം പേജിലെ ചിത്രം]
സ്രഷ്ടാവിന്റെ ഉദ്ദേശ്യങ്ങളെയും തത്ത്വങ്ങളെയും കുറിച്ചു പഠിക്കാൻ മക്കളെ സഹായിക്കുക
[10-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ പുതിയ ലോകത്തിൽ എല്ലാ കുട്ടികളും പൂർണമായ അളവിൽ ബാല്യകാലം ആസ്വദിക്കും