സിലിയാക് രോഗവുമായി പൊരുത്തപ്പെടൽ
ഫിൻലൻഡിലെ ഉണരുക! ലേഖകൻ
“ഇത് ഉണ്ടാക്കാൻ എന്തു പൊടിയാണ് ഉപയോഗിച്ചത്?”
“അരിപ്പൊടി.”
“ഇതിൽ വേറെ എന്തെങ്കിലും ചേർത്തിട്ടുണ്ടോ?”
“മയം കിട്ടാൻ അൽപ്പം മൈദ കൂടെ ചേർത്തു.”
“ക്ഷമിക്കണം, അങ്ങനെയാണെങ്കിൽ എനിക്കിതു കഴിക്കാൻ പാടില്ല.”
നിങ്ങൾക്കു സിലിയാക് രോഗം ഉണ്ടെങ്കിൽ ഇത്തരം വിചിത്രമായ സംഭാഷണങ്ങളുമായി പരിചയം ഉണ്ടായിരിക്കും. ദഹനവ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന ഈ തകരാറിനു കാരണം പല ആഹാര പദാർഥങ്ങളിലും അടങ്ങിയിരിക്കുന്ന ഒരു സാധാരണ ഘടകത്തെ ഉൾക്കൊള്ളാനുള്ള ശരീരത്തിന്റെ അപ്രാപ്തിയാണ്. ഗോതമ്പ്, ബാർളി, വരക്, ഓട്ട്സ് എന്നിവയിൽ അടങ്ങിയിരിക്കുന്ന ഗ്ലൂട്ടൻ എന്ന മാംസ്യത്തിലുള്ള ഗ്ലയാഡിൻ ഘടകമാണ് പ്രശ്നക്കാരൻ. മിക്ക ആളുകളെയും സംബന്ധിച്ചിടത്തോളം ഗ്ലൂട്ടൻ നിരുപദ്രവകാരിയാണ്. എന്നാൽ സിലിയാക് രോഗമുള്ളവരിൽ ഇത് ചെറുകുടലിന്റെ ഉള്ളിലുള്ള ആവരണത്തെ നശിപ്പിക്കുകയും അങ്ങനെ പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള അതിന്റെ പ്രാപ്തിയെ ക്ഷയിപ്പിക്കുകയും ചെയ്യുന്നു.
സിലിയാക് രോഗത്തിന്റെ ലക്ഷണങ്ങളിൽ വയറുവേദന, വായുകോപം, അതിസാരം, തൂക്കക്കുറവ് എന്നിവ ഉൾപ്പെട്ടേക്കാം. മറ്റു പല രോഗങ്ങൾക്കും ഇതേ ലക്ഷണങ്ങൾ കാണപ്പെടുന്നതുകൊണ്ട് സിലിയാക് രോഗം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായിരിക്കും. “എനിക്ക് ‘ഇറിറ്റബിൾ ബൗവൽ സിൻഡ്രോം’ ആണെന്നാണു വർഷങ്ങളായി ഡോക്ടർമാർ പറഞ്ഞിരുന്നത്,” സിലിയാക് രോഗമുള്ള ജൂഡി പറയുന്നു.
സാധാരണ നിലയിൽ ഈ രോഗം കുട്ടിക്കാലത്തുതന്നെ പ്രകടമാകും. എന്നാൽ ചിലരിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നതു മധ്യവയസ്സിലായിരിക്കും. ഡോക്ടർമാർ പറയുന്നതനുസരിച്ച് ഇവരിൽ ചിലർക്കെങ്കിലും രോഗം നേരത്തേതന്നെ ഉണ്ടായിരുന്നിരിക്കാം. എന്നാൽ അതു പ്രകടമായിരുന്നില്ലെന്നു മാത്രം. ചികിത്സിക്കാത്തപക്ഷം തീർച്ചയായും സിലിയാക് രോഗം ഗുരുതരമായ ഫലങ്ങൾ ഉളവാക്കും. സാധാരണഗതിയിൽ ഈ രോഗമുള്ള കുട്ടികൾക്കു വളർച്ച കുറവായിരിക്കും. വീർത്തവയറും ശരിയായി വളർച്ച പ്രാപിക്കാത്ത പേശികളും ഇവരുടെ പ്രത്യേകതകൾ ആണ്. ഈ രോഗമുള്ളവരിൽ ജീവകങ്ങൾ ശരിയായ രീതിയിൽ ആഗിരണം ചെയ്യപ്പെടാത്തതിനാൽ വിളർച്ച, കണരോഗം, സ്കർവി എന്നിങ്ങനെയുള്ള ഒട്ടേറെ അസുഖങ്ങളും അവർക്ക് ഉണ്ടായേക്കാം. രോഗം പഴകുമ്പോൾ അസ്ഥികൾക്കു രൂപവൈകൃതമോ ദ്രവീകരണമോ സംഭവിച്ചേക്കാം. അപൂർവ സാഹചര്യങ്ങളിൽ സിലിയാക് രോഗം മരണത്തിനു പോലും ഇടയാക്കുന്നു, വിശേഷിച്ചും ദീർഘകാലമായി രോഗമുള്ളവരും രോഗം മൂർച്ഛിച്ചവരുമായ മുതിർന്ന വ്യക്തികളിൽ. എങ്കിലും ശരിയായ ചികിത്സയുടെ സഹായത്താൽ സിലിയാക് രോഗമുള്ള മിക്കവർക്കും തങ്ങളുടെ അവസ്ഥയുമായി പൊരുത്തപ്പെടാൻ—അതു മെച്ചപ്പെടുത്താൻ പോലും—സാധിക്കും.
എന്തു ചെയ്യാൻ കഴിയും?
സിലിയാക് രോഗത്തിനുള്ള ഏറ്റവും നല്ല ചികിത്സ ഗ്ലൂട്ടൻ അടങ്ങിയിട്ടില്ലാത്ത ആഹാരക്രമം ആണ്—അതായത് ഗോതമ്പ്, വരക്, ബാർളി, ഓട്ട്സ് എന്നിവ ഒഴിവാക്കിക്കൊണ്ടുള്ള ആഹാരക്രമം. അത്തരം ഒരു പഥ്യം പാലിക്കുന്നതു ബുദ്ധിമുട്ടായിരുന്നേക്കാം. ഒരു രോഗി പറയുന്നു: “മേലാൽ ഗോതമ്പോ ബാർളിയോ വരകോ ഓട്ട്സോ ഒന്നും കഴിക്കാൻ പാടില്ലെന്നു ഡോക്ടർ പറഞ്ഞപ്പോൾ ‘അതൊന്നും സാരമില്ല, റൊട്ടിയും അത്തരം ധാന്യപ്പൊടികൾ കൊണ്ടുണ്ടാക്കിയ മറ്റു പലഹാരങ്ങളും ഒഴിവാക്കിയാൽ മതിയല്ലോ’ എന്നാണു ഞാൻ കരുതിയത്. എന്നാൽ ഈ ധാന്യങ്ങൾകൊണ്ട്—പ്രത്യേകിച്ച് ഗോതമ്പുകൊണ്ട്—എത്രമാത്രം ഭക്ഷ്യവിഭവങ്ങളാണ് ഉണ്ടാക്കുന്നതെന്നു മനസ്സിലാക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി!”
സിലിയാക് രോഗമുള്ളവർ ആഹാരസാധനങ്ങളുടെ ലേബലുകൾ ശ്രദ്ധാപൂർവം വായിച്ചു നോക്കണം. ഗോതമ്പ്, വരക്, ബാർളി, ഓട്ട്സ് എന്നിവ ഒഴിവാക്കണമെങ്കിലും ബക്ക്വീറ്റ്, ചോളം, അരി, സോയാബീൻ, തിന, ഉരുളക്കിഴങ്ങ് എന്നിവകൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങൾ അവർക്കു ഭക്ഷിക്കാൻ കഴിയും. സിലിയാക് രോഗികൾക്കു ഭക്ഷ്യയോഗ്യമായ, ഗ്ലൂട്ടൻ അടങ്ങിയിട്ടില്ലാത്ത നിരവധി മാവുമിശ്രിതങ്ങളും ലഭ്യമാണ്. സൂപ്പർമാർക്കറ്റുകളിൽ അധികവും ‘വിലക്കപ്പെട്ട ആഹാരസാധനങ്ങൾ’ ആണെന്നു കാണുമ്പോൾ നിരാശ തോന്നിയേക്കാം. എങ്കിലും നിരുത്സാഹപ്പെടരുത്. നിങ്ങൾക്കു കഴിക്കാൻ സാധിക്കാത്ത ഭക്ഷ്യപദാർഥങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം കഴിക്കാൻ സാധിക്കുന്നവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കാലക്രമേണ ആഹാരസാധനങ്ങൾ വാങ്ങാൻ പോകുന്നതു മുമ്പത്തെപോലെ ഉത്കണ്ഠയുളവാക്കുന്ന ഒന്നല്ലാതായി തീരും.
ഗ്ലൂട്ടൻ അടങ്ങിയിട്ടില്ലാത്ത ആഹാരക്രമം സാമൂഹിക ജീവിതത്തിനു തടസ്സമാകുന്നതുപോലെ തോന്നിയേക്കാം. എങ്കിലും ഈ രോഗം ഉള്ളതുകൊണ്ടു മാത്രം മറ്റുള്ളവരിൽനിന്ന് ഒറ്റപ്പെട്ടു നിൽക്കരുത്. പകരം, സിലിയാക് രോഗം എന്താണെന്നു സുഹൃത്തുക്കൾക്കു വിവരിച്ചുകൊടുക്കുക. ഗ്ലൂട്ടൻ അടങ്ങിയിട്ടില്ലാത്ത ആഹാരക്രമം പിൻപറ്റുന്നതിൽ നിങ്ങളെ സഹായിക്കാൻ അവർക്ക് എന്തു ചെയ്യാൻ കഴിയുമെന്നും അറിയിക്കുക. നിങ്ങളുടെ ആവശ്യങ്ങൾ മറ്റുള്ളവരെ അറിയിക്കുമ്പോൾ അവർ അവ സന്തോഷത്തോടെ കണക്കിലെടുക്കാനാണു സാധ്യത. ചിലർ നിർദയമായ അഭിപ്രായപ്രകടനങ്ങൾ നടത്തുകയാണെങ്കിൽത്തന്നെ നീരസപ്പെടരുത്. നിങ്ങളുടെ സൗഹൃദപരമായ പ്രതികരണം കൂടുതൽ സമാനുഭാവം ഉള്ളവരായിരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കും.
നേരിയ തോതിൽ മാത്രം സിലിയാക് രോഗം ഉള്ള ചിലർക്ക് കാലക്രമേണ ഗ്ലൂട്ടൻ അടങ്ങിയ ആഹാരസാധനങ്ങൾ കഴിക്കാൻ സാധിക്കുന്നുണ്ട്. നിങ്ങൾക്ക് അതു സാധിച്ചാലും ഇല്ലെങ്കിലും ശുഭാപ്തിവിശ്വാസം നിലനിർത്തുക. “പ്രോത്സാഹജനകമായ കാര്യങ്ങൾ മനസ്സിൽ പിടിക്കുക” എന്ന് ഒരു സിലിയാക് രോഗി അഭിപ്രായപ്പെടുന്നു. പ്രോത്സാഹജനകമായ കാര്യങ്ങളോ? അവർ തുടർന്നു പറയുന്നു: “സിലിയാക് രോഗം പകരുന്ന ഒന്നല്ല. അതിനുള്ള ചികിത്സ ലളിതവും വ്യക്തവുമാണ്—കണിശമായ ആഹാരക്രമം. അത് എത്ര നാൾ പിൻപറ്റുന്നുവോ അത്രയധികം നിങ്ങളുടെ അവസ്ഥ മെച്ചപ്പെടും. സിലിയാക് രോഗമുണ്ടെങ്കിലും നല്ല ആരോഗ്യത്തോടെയിരിക്കുക സാധ്യമാണ്.”
[19-ാം പേജിലെ ചതുരം]
പിന്തുണ നൽകൽ
സിലിയാക് രോഗമുള്ള ആരെയെങ്കിലും നിങ്ങൾക്ക് അറിയാമെങ്കിൽ ആ വ്യക്തി ഒരു പ്രത്യേക വിഭവം നിരസിക്കുമ്പോൾ അയാൾ വെറുതെ നിങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നു ധരിക്കരുത്. “ഇത്ര ആരോഗ്യമുള്ള ഒരാൾക്കു രോഗമുണ്ടെന്നു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കാനാണ്?” എന്നൊക്കെയുള്ള നിർദയമായ അഭിപ്രായപ്രകടനങ്ങൾ ഒഴിവാക്കുക. സർവോപരി, “അൽപ്പം കഴിച്ചതുകൊണ്ട് കുഴപ്പമൊന്നും ഉണ്ടാകാൻ പോകുന്നില്ല” എന്നു പറഞ്ഞ് ഗ്ലൂട്ടൻ ഉള്ള വിഭവം കഴിക്കാൻ അയാളെ നിർബന്ധിക്കരുത്. കാരണം അത് അയാൾക്കു കുഴപ്പം സൃഷ്ടിക്കുകതന്നെ ചെയ്യും! സിലിയാക് രോഗിയുടെ ചെറുകുടൽ ഗ്ലൂട്ടനെ വിഷം ആയിട്ടാണ് കണക്കാക്കുന്നത് എന്നും അത് അതിനനുസരിച്ച് പ്രതികരിക്കുമെന്നും ഓർക്കുക.
ഒരു സിലിയാക് രോഗിയുടെ ഭക്ഷണാവശ്യങ്ങളുമായി പൊരുത്തപ്പെട്ടു പോകുക ബുദ്ധിമുട്ടുള്ള കാര്യമല്ല. വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റിൽ ചില പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ട ആവശ്യമേയുള്ളൂ, രോഗിക്കു കഴിക്കാവുന്ന അനേകം ആഹാരസാധനങ്ങൾ നിങ്ങൾക്കു കണ്ടെത്താനാകും. എല്ലാ വിഭവങ്ങളും സിലിയാക് രോഗിയെ കൂടെ “കണക്കിലെടുത്ത്” പാകം ചെയ്യാൻ പോലും സാധിക്കും. ഗ്ലൂട്ടൻ അടങ്ങിയിട്ടില്ലാത്ത വിഭവങ്ങൾ അതിഥികളും ആസ്വദിക്കും. അവർ വ്യത്യാസം മനസ്സിലാക്കിയെന്നുപോലും വരില്ല. എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയതുപോലെ രോഗിക്കു തോന്നുകയുമില്ല—തീർച്ചയായും അവൻ അല്ലെങ്കിൽ അവൾ അതു വിലമതിക്കും!
[18-ാം പേജിലെ ചിത്രം]
സിലിയാക് രോഗമുള്ളവർ ഗോതമ്പ്, ബാർളി, വരക്, ഓട്ട്സ് എന്നിവ ഒഴിവാക്കണം