പരിചരണമേകുന്നവർക്ക് ചെയ്യാനാകുന്ന കാര്യങ്ങൾ
“സാഹചര്യങ്ങളോടു പൊരുത്തപ്പെടുന്ന കാര്യത്തിൽ [ആളുകൾ] എത്ര വ്യത്യസ്തരാണ് എന്നത് എല്ലായ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്” എന്ന് അൽസൈമേഴ്സ് രോഗികളോടും അവരെ പരിപാലിക്കുന്നവരോടും ഒപ്പം അനേകം വർഷങ്ങൾ ചെലവഴിച്ചിട്ടുള്ള, വൈദ്യരംഗത്തെ ഒരു വിദഗ്ധയായ മാർഗരെറ്റ് പറയുന്നു. അവർ ഇങ്ങനെ തുടരുന്നു: “ചില കുടുംബങ്ങൾക്ക് അങ്ങേയറ്റം അസാധാരണമായ സ്ഥിതിവിശേഷങ്ങൾ പോലും വിജയകരമായി കൈകാര്യം ചെയ്യാൻ കഴിയുന്നു. . . . എന്നാൽ മറ്റു ചിലർ വ്യക്തി തന്റെ വ്യക്തിത്വത്തിൽ ചെറുതായൊരു മാറ്റം കാണിച്ചു തുടങ്ങുമ്പോഴേക്കും ആ സ്ഥിതിവിശേഷത്തെ കൈകാര്യം ചെയ്യാൻ ഏതാണ്ട് അപ്രാപ്തർ ആയിത്തീരുന്നു.”—എനിക്കു സ്വപ്നം കാണാൻ കഴിയാത്തത്ര പ്രായമാകുമ്പോൾ എന്ന പുസ്തകത്തിലെ ഉദ്ധരണി.
ഈ വ്യത്യാസത്തിനു കാരണം എന്താണ്? രോഗം ഉണ്ടാകുന്നതിനു മുമ്പ് കുടുംബാംഗങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ബന്ധം ഏതു തരത്തിൽ ഉള്ളതായിരുന്നു എന്നതാണ് ഒരു ഘടകം. അംഗങ്ങൾ തമ്മിൽ സ്നേഹപുരസ്സരമായ അടുത്ത ബന്ധം ഉള്ള കുടുംബങ്ങൾക്ക് സാഹചര്യത്തെ കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിഞ്ഞേക്കാം. ഒരു അൽസൈമേഴ്സ് രോഗിക്ക് നല്ല പരിചരണം ലഭിക്കുമ്പോൾ രോഗ നിയന്ത്രണം കൂടുതൽ എളുപ്പം ആയിത്തീരുന്നു.
അൽസൈമേഴ്സ് രോഗികളുടെ ബുദ്ധിപരമായ പ്രാപ്തികൾക്കു മാന്ദ്യം സംഭവിക്കുന്നു എങ്കിലും സാധാരണഗതിയിൽ അവർ രോഗത്തിന്റെ അവസാന ഘട്ടംവരെ സ്നേഹത്തോടും അലിവിനോടും പ്രതികരിക്കുന്നു. “വാക്കുകൾ ഉപയോഗിച്ചു മാത്രമല്ല ആശയവിനിയമം നടത്താൻ കഴിയുന്നത്” എന്ന് ലണ്ടനിലെ അൽസൈമേഴ്സ് രോഗ സൊസൈറ്റി പ്രസിദ്ധീകരിച്ച ആശയവിനിയമം എന്ന ഉപദേശ പത്രിക ചൂണ്ടിക്കാണിക്കുന്നു. വാചികമല്ലാത്ത ആശയവിനിമയത്തിൽ ഊഷ്മളവും സൗഹാർദപരവുമായ മുഖഭാവവും സൗമ്യ സ്വരവും ഉണ്ടായിരിക്കുന്നത് ഉൾപ്പെടുന്നു. പരിചരണമേകുന്നവർ ഈ വിധത്തിൽ ആശയവിനിയമം നടത്തേണ്ടത് അനിവാര്യമാണ്. അതുപോലെതന്നെ ദൃഷ്ടി സമ്പർക്കം പുലർത്തേണ്ടതും ഒരേ രീതിയിൽത്തന്നെ വ്യക്തമായി സംസാരിക്കേണ്ടതും രോഗിയുടെ പേര് കൂടെക്കൂടെ ഉപയോഗിക്കേണ്ടതും പ്രധാനമാണ്.
“നിങ്ങളുടെ പ്രിയപ്പെട്ട ആളുമായി ആശയവിനിയമം നിലനിർത്തുക സാധ്യമാണെന്നു മാത്രമല്ല . . . അതു പ്രധാനവുമാണ്. ഊഷ്മളവും സ്നേഹപുരസ്സരവുമായ ശാരീരിക സമ്പർക്കവും സൗമ്യ സ്വരവും എന്തിന് നിങ്ങൾ വെറുതെ അടുത്തുണ്ടായിരിക്കുന്നതു പോലും നിങ്ങളുടെ പ്രിയപ്പെട്ട ആൾക്ക് സുരക്ഷിതത്വവും ഉറപ്പും പ്രദാനം ചെയ്യുന്നു” എന്ന് മുൻ ലേഖനത്തിൽ പരാമർശിക്കപ്പെട്ട കാഥി പറയുന്നു. ലണ്ടനിലെ അൽസൈമേഴ്സ് രോഗ സൊസൈറ്റി ആ വസ്തുത ഈ വാക്കുകളിൽ സംക്ഷേപിക്കുന്നു: “ആർദ്രപ്രിയം, അടുത്ത ബന്ധം നിലനിർത്താൻ നിങ്ങളെ സഹായിക്കും, പ്രത്യേകിച്ചും ആശയവിനിയമം നടത്തുക കൂടുതൽ ബുദ്ധിമുട്ട് ആയിത്തീരുമ്പോൾ. രോഗിയുടെ കൈ പിടിക്കുന്നതും തോളത്തു കൈ ഇട്ടു കൊണ്ടിരിക്കുന്നതും സാന്ത്വന സ്വരത്തിൽ സംസാരിക്കുന്നതും രോഗിയെ ആശ്ലേഷിക്കുന്നതും ഒക്കെ നിങ്ങൾ ഇപ്പോഴും അയാൾക്കു വേണ്ടി കരുതുന്നു എന്നു പ്രകടിപ്പിക്കാനുള്ള മാർഗങ്ങളാണ്.”
പരിചരണമേകുന്ന ആളും രോഗിയും തമ്മിൽ ഊഷ്മള ബന്ധം ഉള്ളപ്പോൾ അബദ്ധം പറ്റുമ്പോൾ പോലും പലപ്പോഴും രണ്ടുപേർക്കും പൊട്ടിച്ചിരിക്കാൻ കഴിയുന്നു. ഉദാഹരണത്തിന്, മാനസികമായി ചിന്താക്കുഴപ്പമുള്ള തന്റെ ഭാര്യ കിടക്ക വിരിച്ചപ്പോൾ പുതപ്പിനു മുകളിൽ കമ്പിളി വിരിക്കുന്നതിനു പകരം അബദ്ധവശാൽ പുതപ്പിനടിയിൽ വിരിച്ചത് ഒരു ഭർത്താവ് ഓർമിക്കുന്നു. രാത്രിയിൽ ഉറങ്ങാൻ പോയപ്പോഴാണ് അവർക്ക് ഈ അബദ്ധം പിടികിട്ടിയത്. “ശ്ശെ! ഞാനെന്തൊരു മണ്ടത്തരമാണു കാണിച്ചത്,” ഭാര്യ പറഞ്ഞു. അവർ രണ്ടുപേരും അതോർത്തു കുറെ ചിരിച്ചു.
ലളിത ജീവിതം നയിക്കുക
അൽസൈമേഴ്സ് രോഗികൾ ഏറ്റവും നന്നായി പ്രവർത്തിക്കുന്നത് പരിചിതമായ ചുറ്റുപാടുകളിൽ ആയിരിക്കുമ്പോഴാണ്. അവർക്ക് ക്രമമുള്ള ഒരു ദിനചര്യയുടെയും ആവശ്യമുണ്ട്. ഇതിനായി, ദിവസേന ചെയ്യേണ്ട കാര്യങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയ ഒരു പട്ടിക ഉണ്ടായിരിക്കുന്നത് വളരെ സഹായകമാണ്. “പരിചിതമായ ചുറ്റുപാടിൽനിന്നു മറ്റെവിടേക്കെങ്കിലും ഒരാളെ മാറ്റി താമസിപ്പിക്കുന്നത് ദാരുണ ഫലങ്ങൾ ഉളവാക്കും. ഒരുപോലെയുള്ള ചുറ്റുപാട് സ്ഥിരമായി ഉണ്ടായിരിക്കുന്നത് ചിന്താക്കുഴപ്പമുള്ള ആൾക്കു വളരെ പ്രധാനമാണ്” എന്ന് ഡോ. ജെറി ബെന്നറ്റ് വിശദീകരിക്കുന്നു.
രോഗം വഷളാകവേ നിർദേശങ്ങളോടു പ്രതികരിക്കാൻ അൽസൈമേഴ്സ് രോഗികൾക്കു കൂടുതൽ ബുദ്ധിമുട്ടു തോന്നുന്നു. നിർദേശങ്ങൾ വളച്ചുകെട്ടില്ലാതെ, വ്യക്തമായ വിധത്തിൽ നൽകേണ്ടതുണ്ട്. ഉദാഹരണത്തിന്, രോഗിയോടു വസ്ത്രം മാറി വരാൻ പറഞ്ഞാൽ അയാൾക്ക് അതു ചിന്താക്കുഴപ്പം ഉണ്ടാക്കും. വസ്ത്രങ്ങൾ ധരിക്കേണ്ട ക്രമത്തിൽ എടുത്തു വെക്കുകയും ഓരോന്നു വീതം ധരിക്കാൻ അയാളെ സഹായിക്കുകയും ചെയ്യേണ്ടതുണ്ടായിരിക്കാം.
കർമനിരതർ ആയിരിക്കേണ്ടതിന്റെ ആവശ്യം
ചില അൽസൈമേഴ്സ് രോഗികൾ വീട്ടിൽനിന്ന് ഇറങ്ങി നടന്നു നടന്ന് ഒടുവിൽ വഴിതെറ്റി മറ്റെവിടെയെങ്കിലും ചെന്നെത്തുന്നു. നടക്കുന്നതു രോഗിക്ക് നല്ലൊരു വ്യായാമമാണ്. പിരിമുറുക്കം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും അത് സഹായകവുമാണ്. എന്നാൽ, വീടുവിട്ട് അലഞ്ഞുതിരിയുന്നത് അപകടകരം ആയിരിക്കാൻ കഴിയും. അൽസൈമേഴ്സ്—നിങ്ങളുടെ പ്രിയപ്പെട്ടവർക്കുവേണ്ടിയും നിങ്ങൾക്കുവേണ്ടിത്തന്നെയും കരുതൽ എന്ന പുസ്തകം ഇങ്ങനെ വിശദീകരിക്കുന്നു: “നിങ്ങളുടെ കുടുംബാംഗം അലഞ്ഞുതിരിഞ്ഞ് എങ്ങോട്ടെങ്കിലും പോകുന്നെങ്കിൽ വളരെ എളുപ്പത്തിൽ ഒരു ദുരന്തമായി മാറാവുന്ന ഒരു അടിയന്തിര സാഹചര്യത്തെയാണു നിങ്ങൾ നേരിടുന്നത്. അപ്പോൾ ഓർക്കേണ്ട ഒരു സംഗതിയുണ്ട്, പരിഭ്രാന്തരാകാതിരിക്കുക. . . . അന്വേഷണ സംഘങ്ങൾക്ക് അവർ തിരയുന്ന ആളിനെക്കുറിച്ചുള്ള വിവരണം ആവശ്യമാണ്. അടുത്തകാലത്ത് എടുത്ത ചില കളർ ഫോട്ടോകൾ വീട്ടിൽ സൂക്ഷിക്കുക.”a
നേരെമറിച്ച്, ചില രോഗികൾ ഉദാസീനർ ആയിത്തീരുകയും ദിവസം മുഴുവനും വെറുതെ കുത്തിയിരിക്കാൻ ആഗ്രഹിക്കുകയും ചെയ്തേക്കാം. നിങ്ങൾക്കു രണ്ടു കൂട്ടർക്കും ആസ്വദിക്കാൻ കഴിയുന്ന എന്തെങ്കിലും പ്രവർത്തനത്തിൽ അവരെ ഉൾപ്പെടുത്താൻ ശ്രമിക്കുക. അവരെക്കൊണ്ട് പാട്ടു പാടിക്കുകയോ ചൂളമടിപ്പിക്കുകയോ സംഗീതോപകരണം വായിപ്പിക്കുകയോ ചെയ്യുക. ചിലർ ഇഷ്ടപ്പെട്ട സംഗീതത്തിനൊത്ത് കൈകൊട്ടുന്നതോ ചുവടു വെക്കുന്നതോ നൃത്തം ചെയ്യുന്നതോ ആസ്വദിക്കുന്നു. ഡോ. കാർമൽ ഷെറിഡാൻ ഇങ്ങനെ വിശദീകരിക്കുന്നു: “അൽസൈമേഴ്സ് ഉള്ളവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വിജയപ്രദമായ പ്രവർത്തനം സാധാരണഗതിയിൽ സംഗീതം ഉൾപ്പെടുന്ന എന്തെങ്കിലും ആണ്. മറ്റു പല കാര്യങ്ങളും വളരെ മുമ്പെ തന്നെ മറന്നുപോയെങ്കിലും പരിചയമുള്ള പഴയ പാട്ടുകളും സംഗീതവും തങ്ങളുടെ ബന്ധു ഇപ്പോഴും ആസ്വദിക്കുന്നുവെന്ന് കുടുംബങ്ങൾ പലപ്പോഴും പറയാറുണ്ട്.”
“ഞാൻ അതു ചെയ്യാൻ ആഗ്രഹിച്ചു”
ദക്ഷിണാഫ്രിക്കയിലെ ഒരു സ്ത്രീ, തന്റെ ഭർത്താവ് അൽസൈമേഴ്സിന്റെ അവസാന ഘട്ടത്തിൽ ആയിരുന്നപ്പോൾ എല്ലാ ദിവസവും അദ്ദേഹത്തോടൊപ്പം നേഴ്സിംഗ് ഹോമിൽ ആയിരിക്കുന്നത് ആസ്വദിച്ചു. എന്നിരുന്നാലും, സദുദ്ദേശ്യമുള്ള കുടുംബാംഗങ്ങൾ അതു ചെയ്യുന്നതിന് അവളെ വിമർശിച്ചു. അവൾ സമയം പാഴാക്കുകയാണെന്ന് അവർക്കു തോന്നിയിരിക്കണം. എന്തുകൊണ്ടെന്നാൽ ഭർത്താവ് അവളെ തിരിച്ചറിയുന്നതായി തോന്നിയില്ല, മാത്രമല്ല അദ്ദേഹം ഒരു വാക്കുപോലും ഉരിയാടിയിരുന്നുമില്ല. “എങ്കിലും, അദ്ദേഹത്തിന്റെ കൂടെയിരിക്കാൻ ഞാൻ ആഗ്രഹിച്ചു,” അദ്ദേഹത്തിന്റെ മരണശേഷം അവൾ വിശദീകരിച്ചു. “നേഴ്സുമാർ വലിയ തിരക്കിലായിരുന്നു. അതുകൊണ്ട് അദ്ദേഹം തന്റെ ശരീരം വൃത്തികേടാക്കിയപ്പോൾ എനിക്ക് അദ്ദേഹത്തെ കഴുകി തുടയ്ക്കാനും പുതു വസ്ത്രങ്ങൾ ധരിപ്പിക്കാനും കഴിയുമായിരുന്നു. അതു ചെയ്യുന്നതു ഞാൻ ആസ്വദിച്ചു—ഞാൻ അതു ചെയ്യാൻ ആഗ്രഹിച്ചു. ഒരിക്കൽ അദ്ദേഹത്തെ ചക്രക്കസേരയിൽ ഇരുത്തി ഉന്തിക്കൊണ്ടു പോകുമ്പോൾ അദ്ദേഹത്തിന്റെ കാൽ എവിടെയോ തട്ടി. ‘വേദനിക്കുന്നുണ്ടോ?’ ഞാൻ ചോദിച്ചു. ‘പിന്നെ ഇല്ലാതെ!’ അദ്ദേഹം മറുപടി പറഞ്ഞു. അദ്ദേഹത്തിന് സ്പർശന ശക്തിയും സംസാര ശേഷിയും ഉണ്ടെന്ന് അപ്പോൾ എനിക്കു മനസ്സിലായി.”
മുമ്പ് കുടുംബാംഗങ്ങൾക്കിടയിൽ ഒരു നല്ല ബന്ധം ഇല്ലാഞ്ഞ കുടുംബങ്ങൾക്കു പോലും അൽസൈമേഴ്സ് രോഗിയെ പരിചരിക്കുന്ന സാഹചര്യത്തെ വിജയകരമായി കൈകാര്യം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.b തങ്ങൾ ശരിയായതും ദൈവത്തിനു പ്രസാദകരവുമായ കാര്യമാണു ചെയ്യുന്നത് എന്ന് അറിയുന്നതു തന്നെ അവർക്ക് ആഴമായ സംതൃപ്തി കൈവരുത്തും. ബൈബിൾ ഇങ്ങനെ പറയുന്നു: ‘വൃദ്ധനോട് പരിഗണന കാണിക്കുക,’ “നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുതു.” (ലേവ്യപുസ്തകം 19:32, NW; സദൃശവാക്യങ്ങൾ 23:22) കൂടാതെ ക്രിസ്ത്യാനികളോട് ഇങ്ങനെ കൽപ്പിക്കപ്പെട്ടിരിക്കുന്നു: “വല്ല വിധവെക്കും പുത്രപൌത്രന്മാർ ഉണ്ടെങ്കിൽ അവർ മുമ്പെ സ്വന്തകുടുംബത്തിൽ ഭക്തി കാണിച്ചു അമ്മയപ്പന്മാർക്കു [വല്യമ്മവല്യപ്പന്മാർക്കും] പ്രത്യുപകാരം ചെയ്വാൻ പഠിക്കട്ടെ; ഇതു ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു. തനിക്കുള്ളവർക്കും പ്രത്യേകം സ്വന്തകുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.”—1 തിമൊഥെയൊസ് 5:4, 8.
ദൈവത്തിന്റെ സഹായത്താൽ പല പരിപാലകർക്കും അൽസൈമേഴ്സ് രോഗം ഉള്ളവർ ഉൾപ്പെടെയുള്ള തങ്ങളുടെ രോഗികളായ ബന്ധുക്കളെ പരിപാലിക്കുന്നതിൽ അഭിനന്ദനാർഹമായ ഒരു വേല ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.
[അടിക്കുറിപ്പുകൾ]
a അങ്ങനെ, പരിചരണമേകുന്ന ചിലർ രോഗിക്ക് എന്തെങ്കിലും തിരിച്ചറിയൽ അടയാളം—ഒരുപക്ഷേ കൈയിലോ കഴുത്തിലോ അണിയാൻ കഴിയുന്നതുപോലെ എന്തെങ്കിലുമൊന്ന്—നൽകുന്നതു സഹായകമാണെന്നു കണ്ടെത്തിയിരിക്കുന്നു.
b പരിചരണത്തെക്കുറിച്ചും മറ്റുള്ളവർക്കു സഹായിക്കാനാകുന്ന വിധത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുന്നതിന് ദയവായി 1997 ഫെബ്രുവരി 8 ലക്കം ഉണരുക!യുടെ 3-13 പേജുകളിൽ വന്ന “പരിചരണം—വെല്ലുവിളിയെ നേരിടൽ” എന്ന പരമ്പര കാണുക.
[11-ാം പേജിലെ ചതുരം]
അൽസൈമേഴ്സ് രോഗവും ഔഷധ ചികിത്സയും
അൽസൈമേഴ്സ് രോഗത്തിന്റെ കാര്യത്തിൽ ഫലപ്രദമാകാൻ സാധ്യതയുള്ള 200-ഓളം ചികിത്സകൾ ഇപ്പോൾ പരീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും ഇതുവരെയും അതിന് ഒരു പ്രതിവിധി കണ്ടെത്തിയിട്ടില്ല. ചില മരുന്നുകൾ രോഗത്തിന്റെ ആദ്യ ഘട്ടങ്ങളിൽ കുറേ കാലത്തേക്ക് ഓർമത്തകരാറിനെ ലഘൂകരിക്കുകയോ ചില രോഗികളിൽ രോഗത്തിന്റെ വികാസത്തെ മന്ദീഭവിപ്പിക്കുകയോ ചെയ്യുന്നതായി റിപ്പോർട്ടു കാണിക്കുന്നു. എങ്കിലും ജാഗ്രത ആവശ്യമാണ്. എന്തെന്നാൽ ഈ മരുന്നുകൾ എല്ലാ രോഗികളിലും ഫലപ്രദമല്ല, ചിലവ ദോഷകരവും ആണ്. മറ്റു ചില മരുന്നുകൾ പലപ്പോഴും അൽസൈമേഴ്സ് രോഗികൾക്ക് ഉണ്ടാകാറുള്ള അസ്വാസ്ഥ്യങ്ങളായ വിഷാദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവയെ ചികിത്സിക്കാൻ ചിലപ്പോൾ ഉപയോഗിക്കാറുണ്ട്. ഒരു തീരുമാനം എടുക്കുന്നതിനു മുമ്പ് രോഗിയെ ചികിത്സിക്കുന്ന ഡോക്ടറോടു ചോദിച്ചുകൊണ്ട് ഓരോ കുടുംബത്തിനും ചികിത്സയുടെ നേട്ടങ്ങളെയും കോട്ടങ്ങളെയും കുറിച്ച് വിലയിരുത്താൻ കഴിയും.
[11-ാം പേജിലെ ചതുരം]
സന്ദർശകർക്ക് സഹായിക്കാനാകുന്ന വിധം
ബുദ്ധിപരമായ പ്രാപ്തികൾ ക്ഷയിച്ചുകൊണ്ടിരിക്കുന്നതിന്റെ ഫലമായി സാധാരണഗതിയിൽ അൽസൈമേഴ്സ് രോഗികൾക്ക് വർത്തമാനകാല സംഭവങ്ങളെക്കുറിച്ചു സമഗ്രമായി ചർച്ച ചെയ്യാൻ കഴിയില്ല. എന്നാൽ കഴിഞ്ഞ കാലത്തെക്കുറിച്ച് അവർക്കു സംസാരിക്കാൻ കഴിഞ്ഞേക്കാം. ഭൂതകാല സ്മരണയ്ക്ക് താരതമ്യേന കുഴപ്പം ഒന്നും ഉണ്ടാകാതിരുന്നേക്കാം, പ്രത്യേകിച്ചും രോഗത്തിന്റെ ആദ്യ ഘട്ടങ്ങളിൽ. പല അൽസൈമേഴ്സ് രോഗികളും പഴയകാലത്തെ കുറിച്ചുള്ള ഓർമകൾ അയവിറക്കുന്നത് ആസ്വദിക്കുന്നു. അതുകൊണ്ട് നിങ്ങൾ മുമ്പു പല തവണ കേട്ടിട്ടുള്ളതാണെങ്കിൽ പോലും അവർക്ക് ഇഷ്ടപ്പെട്ട സംഭവങ്ങളിൽ ചിലതു വിവരിക്കാൻ അവരെ ക്ഷണിക്കുക. അങ്ങനെ ചെയ്യുകവഴി നിങ്ങൾ രോഗിയുടെ സന്തുഷ്ടിക്കു സംഭാവന ചെയ്യുന്നു. അതേസമയം തന്നെ നിങ്ങൾ രോഗിയെ നിരന്തരം ശുശ്രൂഷിക്കുന്ന ആൾക്ക് ഒരു ഇടവേള നൽകുകയും ചെയ്യുന്നു. ഇത് ആ വ്യക്തിക്കു വളരെ ആവശ്യമാണ്. രോഗിയെ നിങ്ങൾ കുറേ നേരത്തേക്ക്—ഒരുപക്ഷേ മുഴു ദിവസവും—പരിചരിക്കുന്നതു വാസ്തവത്തിൽ രോഗിയെ നിരന്തരം നോക്കുന്ന ആൾക്ക് ഉന്മേഷം വീണ്ടെടുക്കുന്നതിനു വളരെയധികം സഹായകമായിരിക്കും.
[12-ാം പേജിലെ ചതുരം]
വിസർജന നിയന്ത്രണ അപ്രാപ്തിയെ തരണം ചെയ്യൽ
രോഗിയുടെ വിസർജന നിയന്ത്രണ അപ്രാപ്തി പരിചരണമേകുന്നവരെ സംബന്ധിച്ചിടത്തോളം “സഹനത്തിന്റെ നെല്ലിപ്പടിയായി കാണപ്പെ”ട്ടേക്കാമെങ്കിലും “ആ പ്രശ്നം ലഘൂകരിക്കുന്നതിനോ അതുമൂലം ഉള്ള സമ്മർദം കുറയ്ക്കുന്നതിനോ ചെയ്യാൻ കഴിയുന്ന കാര്യങ്ങളുണ്ട്” എന്ന് ഇൻകോൺടിനെൻസ് എന്ന ഉപദേശ പത്രിക പറയുന്നു. രോഗിയുടെ ഈ പ്രശ്നം എന്നും അങ്ങനെതന്നെ തുടരണമെന്നില്ല എന്ന് ഓർമിക്കുക. ചിലപ്പോൾ അദ്ദേഹത്തിനു കേവലം ചിന്താക്കുഴപ്പം ഉണ്ടായതായിരിക്കാം, അല്ലെങ്കിൽ കക്കൂസിലേക്കു ചെല്ലാൻ താമസിച്ചതായിരിക്കാം കാരണം. അതുമല്ലെങ്കിൽ തത്കാലികമായി അതിന് ഇടയാക്കുന്ന ചികിത്സിച്ചു മാറ്റാവുന്ന എന്തെങ്കിലും പ്രശ്നം അദ്ദേഹത്തിന് ഉണ്ടായിരിക്കാം, അതുകൊണ്ട് നിങ്ങൾ ഡോക്ടറുടെ ഉപദേശം തേടേണ്ടതുണ്ട്.
കാരണം എന്തുതന്നെ ആയിരുന്നാലും, രോഗി എളുപ്പത്തിൽ ഇടാനും ഊരാനും കഴിയുന്ന ബാഹ്യവസ്ത്രങ്ങളും തന്റെ പ്രത്യേക ആവശ്യത്തിന് അനുസൃതമായി തയ്ച്ച പാന്റ്സും ധരിക്കുമ്പോൾ ഈ പ്രശ്നം കൈകാര്യം ചെയ്യുക വളരെയധികം എളുപ്പം ആയിത്തീരുന്നു. കിടക്കയിലും കസേരയിലും സംരക്ഷക പാഡുകൾ ഇടുന്നതും സഹായകമാണ്. ചൊറിഞ്ഞു പൊട്ടാതിരിക്കുന്നതിനായി രോഗിയുടെ ത്വക്ക് പ്ലാസ്റ്റിക്കുമായി സമ്പർക്കത്തിൽ വരുന്നത് ഒഴിവാക്കുക. കൂടാതെ, സോപ്പു ചേർത്ത ഇളം ചൂടു വെള്ളത്തിൽ രോഗിയുടെ ദേഹം കഴുകുകയും വസ്ത്രം ധരിപ്പിക്കുന്നതിനു മുമ്പായി നന്നായി തുടയ്ക്കുകയും ചെയ്യുക. കക്കൂസിലേക്കു വേഗത്തിൽ സുരക്ഷിതമായി നടന്നുപോകുന്നതിനു രോഗിക്കു തടസ്സം സൃഷ്ടിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അതു നീക്കം ചെയ്യുക. കക്കൂസിലേക്കുള്ള വഴി കാണാൻ തക്കവണ്ണം നൈറ്റ് ലാംപ് ഓൺ ചെയ്തിടുന്നതും സഹായകമായിരിക്കും. ഈ ഘട്ടത്തിൽ രോഗി വേച്ചുവീഴാൻ സാധ്യത ഉള്ളതുകൊണ്ട് പിടിച്ചു നടക്കാൻ സൗകര്യപ്രദമായ വിധത്തിൽ ഒരു കമ്പി ഉണ്ടെങ്കിൽ കക്കൂസിലേക്കു പോകാൻ അദ്ദേഹത്തിന് അത്ര പേടി തോന്നില്ല.
“നിങ്ങൾ ഇടയ്ക്കൊക്കെ കുറച്ചു തമാശ പറയുന്നെങ്കിൽ പിരിമുറുക്കം കുറയ്ക്കാൻ അതു സഹായിക്കും” എന്ന് ലണ്ടനിലെ അൽസൈമേഴ്സ് രോഗ സൊസൈറ്റി അഭിപ്രായപ്പെടുന്നു. പരിചരണമേകുന്ന ഒരു വ്യക്തിക്ക് ഈ വെല്ലുവിളികളെ എങ്ങനെ നേരിടാൻ കഴിയും? പരിചരണമേകുന്നതിൽ അനുഭവസമ്പത്തുള്ള ഒരു സ്ത്രീ ഇങ്ങനെ പറയുന്നു: “ക്ഷമ, സൗമ്യത, ദയ, മര്യാദ ഇതെല്ലാം താൻ ലജ്ജിതനാകുമെന്ന അല്ലെങ്കിൽ നാണം കെടുമെന്ന ഭയം കൂടാതെ എല്ലായ്പോഴും തന്റെ മാന്യത നിലനിർത്താൻ രോഗിയെ സഹായിക്കും.”
[13-ാം പേജിലെ ചതുരം]
രോഗിയെ മാറ്റി താമസിപ്പിക്കേണ്ടതുണ്ടോ?
സങ്കടകരമെന്നു പറയട്ടെ, അൽസൈമേഴ്സ് രോഗികളുടെ വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥ നിമിത്തം അവരെ സ്വന്തം ഭവനത്തിൽനിന്ന് ബന്ധുവീട്ടിലേക്കോ നേഴ്സിങ് ഹോമിലേക്കോ മാറ്റി താമസിപ്പിക്കേണ്ടത് ആവശ്യമായി വന്നേക്കാം. എന്നിരുന്നാലും, പരിചിതമായ ചുറ്റുപാടുകളിൽനിന്നു രോഗിയെ മാറ്റി താമസിപ്പിക്കാൻ തീരുമാനം എടുക്കും മുമ്പ് ചില പ്രധാനപ്പെട്ട ഘടകങ്ങൾ പരിചിന്തിക്കേണ്ടതുണ്ട്.
മാറി താമസിക്കുന്നതു മൂലം ദിശ മനസ്സിലാക്കാൻ വല്ലാത്ത ബുദ്ധിമുട്ടു നേരിട്ടേക്കാം. അലഞ്ഞു നടക്കുകയും ചിലപ്പോഴൊക്കെ വഴിതെറ്റിപ്പോകുകയും ചെയ്തിരുന്ന ഒരു രോഗിയെക്കുറിച്ച് ഡോ. ജെറി ബെന്നെറ്റ് പറയുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും അവർ ഒറ്റയ്ക്കാണു കഴിഞ്ഞിരുന്നത്. എന്നാൽ, അവരുടെമേൽ കൂടുതൽ മേൽനോട്ടം ഉണ്ടായിരിക്കാൻ തക്കവണ്ണം തങ്ങൾ താമസിക്കുന്നതിനു കുറേക്കൂടെ അടുത്തുള്ള ഒരു കെട്ടിടത്തിലേക്ക് അവരെ മാറ്റി താമസിപ്പിക്കാൻ അവരുടെ കുടുംബം തീരുമാനിച്ചു.
ഡോ. ബെന്നെറ്റ് ഇങ്ങനെ വിശദീകരിക്കുന്നു: “സങ്കടകരമെന്നു പറയട്ടെ, അവർ ആ പുതിയ സ്ഥലത്തെ ഒരിക്കലും സ്വന്തം വീടായി സ്വീകരിച്ചില്ല. . . . അവർ ഒരിക്കലും ആ പുതിയ സ്ഥലത്തോടു പരിചിതയായിത്തീർന്നില്ല. അവർ മറ്റുള്ളവരെ മുമ്പത്തെക്കാളും വളരെ അധികമായി ആശ്രയിക്കാൻ തുടങ്ങി. കാരണം അവർക്ക് ആ പുതിയ ചുറ്റുപാടിൽ തനിയെ കാര്യങ്ങൾ ചെയ്യാനാകുമായിരുന്നില്ല. അടുക്കള പരിചിതമല്ലായിരുന്നു. കക്കൂസിലേക്കുള്ള പുതിയ വഴി അവർക്ക് ഓർമിക്കാൻ കഴിഞ്ഞില്ല, അതുകൊണ്ട് അവർ മുറിക്കകത്ത് മലമൂത്ര വിസർജനം നടത്തി. തികച്ചും നല്ല ആന്തരത്തോടെ ചെയ്ത ആ കാര്യം ഒരു വിപത്ത് ആയിത്തീർന്നു. ഒടുവിൽ അവരെ സംരക്ഷണ സ്ഥാപനത്തിൽ ആക്കേണ്ടി വന്നു.”—അൽസൈമേഴ്സ് രോഗവും ചിന്താക്കുഴപ്പം ഉണ്ടാക്കുന്ന മറ്റ് അവസ്ഥകളും.
ന്നാൽ, രോഗിയെ ഒരു ആരോഗ്യ പരിപാലന കേന്ദ്രത്തിൽ ആക്കാതെ ഗത്യന്തരം ഇല്ലെന്നു തോന്നുന്നെങ്കിലോ? തീർച്ചയായും ഇത് എളുപ്പമുള്ള ഒരു തീരുമാനമല്ല. വാസ്തവത്തിൽ, പരിചരണമേകുന്നവർക്ക് എടുക്കേണ്ടി വന്നേക്കാവുന്ന, “ഏറ്റവും അധികം കുറ്റബോധത്തിന് ഇടയാക്കുന്ന ഒരു” തീരുമാനം എന്ന് അതിനെ വർണിച്ചിരിക്കുന്നു. തങ്ങൾ പരാജയം അടഞ്ഞെന്നും പ്രിയപ്പെട്ട വ്യക്തിയെ ഉപേക്ഷിച്ചെന്നും ഉള്ള തോന്നൽ പലപ്പോഴും ഇത് അവരിൽ ജനിപ്പിക്കുന്നു.
“ഇങ്ങനെ തോന്നുക സ്വാഭാവികമാണ്. . . . എന്നാൽ കുറ്റബോധം ഉണ്ടാകേണ്ട കാര്യമില്ല” എന്ന് അൽസൈമേഴ്സ് രോഗികളെ ചികിത്സിക്കുന്നതിൽ വളരെക്കാലത്തെ പരിചയമുള്ള ഒരു നേഴ്സ് പറയുന്നു. അത് എന്തുകൊണ്ടാണ്? “കാരണം ഏറ്റവും പ്രധാനപ്പെട്ട സംഗതി [രോഗിയുടെ] പരിപാലനവും സുരക്ഷയും ആണ്” അവർ മറുപടി പറയുന്നു. ഡോക്ടർമാരായ ഓലിവറും ബൊക്കും ഇങ്ങനെ സമ്മതിച്ചു പറയുന്നു: “രോഗിയെ ശുശ്രൂഷിക്കാൻ വൈകാരികമായി ഇനി പറ്റില്ലെന്നും വീട്ടിൽത്തന്നെ ശുശ്രൂഷിക്കാൻ പറ്റാത്ത വിധം രോഗം മൂർച്ഛിച്ചിരിക്കുകയാണെന്നും ഉള്ള തീരുമാനം, എടുക്കാൻ ഒരുപക്ഷേ ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനം ആയിരിക്കാം.” എന്നിരുന്നാലും, തങ്ങളുടെ പ്രത്യേക സാഹചര്യത്തിൽ, ഉൾപ്പെട്ടിരിക്കുന്ന എല്ലാ ഘടകങ്ങളും തൂക്കിനോക്കിയ ശേഷം പരിചരണമേകുന്ന ചിലർ “രോഗിയെ നേഴ്സിങ് ഹോമിൽ ആക്കുന്നതാണ് . . . രോഗിക്ക് ഏറ്റവും നല്ലത്” എന്ന നിഗമനത്തിൽ എത്തിച്ചേർന്നേക്കാം.—അൽസൈമേഴ്സുമായി പൊരുത്തപ്പെടൽ: ഒരു പരിപാലകന്റെ വൈകാരിക അതിജീവന വഴികാട്ടി.
[10-ാം പേജിലെ ചിത്രം]
സ്ഥലകാലബോധം നിലനിർത്താനും ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിവുള്ളവൻ ആയിരിക്കാനും രോഗിയെ സഹായിക്കുക