എന്റെ അഞ്ചു പുത്രന്മാരെയും പ്രതി ഞാൻ യഹോവയോടു നന്ദിയുള്ളവളാണ്
ഹെലൻ സൗൾസ്ബെറി പറഞ്ഞ പ്രകാരം
1997 മാർച്ച് 2 എന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിനങ്ങളിൽ ഒന്നായിരുന്നു. എന്റെ പ്രിയ ഭർത്താവ് ഡീനിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി ഏകദേശം 600 പേർ അന്ന് യു.എസ്.എ.-യിലെ ഡെലവാറിലുള്ള വിൽമിംഗ്ടണിൽ ഒന്നിച്ചു കൂടി. ഡീൻ യഹോവയുടെ സാക്ഷികളുടെ ഒരു സഭയിലെ ക്രിസ്തീയ മൂപ്പനും അധ്യക്ഷ മേൽവിചാരകനും ആയിരുന്നു. നാൽപ്പതു വർഷത്തെ ഞങ്ങളുടെ സന്തുഷ്ട ദാമ്പത്യത്തിന്റെ സ്മരണകളിലൂടെ കടന്നു പോകവെ, നന്ദി ഉള്ളവളായിരിക്കാൻ എനിക്കു ധാരാളം കാരണങ്ങളുണ്ട്. ഏറ്റവും സുരക്ഷിതമായ സ്ഥലത്ത്, സർവശക്തനായ യഹോവയാം ദൈവത്തിന്റെ ഓർമയിൽ, ഡീൻ സംരക്ഷിക്കപ്പെട്ടിരിക്കുക ആണെന്നും ഭാവിയിൽ ഡീനിനെ ഞങ്ങൾ കാണുമെന്നും എനിക്കറിയാം.
ഡീൻ ഹൈസ്കൂൾ പാസ്സായത് 1950-ലായിരുന്നു. അതിനു ശേഷം അദ്ദേഹം വ്യോമസേനയിൽ ചേർന്നു. അദ്ദേഹത്തിനു മതപരമായ വിഷയങ്ങളിൽ യാതൊരു താത്പര്യവും ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല അന്ന് എനിക്കു പ്രിയപ്പെട്ടതായിരുന്ന കത്തോലിക്കാ സഭയുടെ ഉപദേശങ്ങളോടു വിയോജിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും മക്കളുണ്ടാകുമ്പോൾ അവരെ കത്തോലിക്കരായി വളർത്താമെന്ന ധാരണയിൽ ഞങ്ങൾ എത്തിച്ചേർന്നു. എല്ലാ രാത്രിയിലും ഞങ്ങൾ മുട്ടുകുത്തി നിന്നു നിശ്ശബ്ദം പ്രാർഥിക്കുമായിരുന്നു. ഞാൻ എന്റെ കത്തോലിക്കാ പ്രാർഥനകൾ ആവർത്തിക്കുമ്പോൾ ഡീൻ തന്റെ ഹൃദയത്തിൽ ഉള്ളത് എന്തെല്ലാമാണോ അതു പറയുമായിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ ഞങ്ങൾക്ക് അഞ്ചു പുത്രന്മാർ ജനിച്ചു: ബിൽ, ജിം, ഡീൻ ജൂനിയർ, ജോ, ചാർളി.
ഞാൻ മുടങ്ങാതെ പള്ളിയിൽ പോകുന്ന ഒരു വ്യക്തിയായിരുന്നു. പോകുമ്പോഴെല്ലാം എന്റെ പുത്രന്മാരെയും കൂടെ കൂട്ടുമായിരുന്നു. പക്ഷേ പിന്നീട്, സഭയിൽ യഥാർഥത്തിൽ നടക്കുന്നതിനെ കുറിച്ച് അറിഞ്ഞപ്പോൾ എനിക്കു നിരാശ തോന്നി. വിയറ്റ്നാം യുദ്ധത്തിലെ അതിന്റെ ഉൾപ്പെടലാണു പ്രത്യേകിച്ചും എന്നെ അലോസരപ്പെടുത്തിയത്. ഐക്യനാടുകൾ യുദ്ധത്തിൽ പങ്കെടുക്കുന്നതിന്റെ ന്യായയുക്തതയെ ചോദ്യം ചെയ്തേക്കുമായിരുന്ന ആളുകളോട്, കാലം ചെയ്ത കർദിനാൾ സ്പെൽമാൻ ഇങ്ങനെയാണ് പറഞ്ഞത്: “എന്റെ രാജ്യം, അതു ശരിയോ തെറ്റോ ആയിക്കൊള്ളട്ടെ.” എന്റെ സഭ ഉൾപ്പെടുന്നുണ്ടെങ്കിൽ പോലും എന്റെ പുത്രന്മാർ യുദ്ധത്തിൽ പങ്കെടുക്കുന്നത് എനിക്ക് അംഗീകരിക്കാൻ ആകുമായിരുന്നില്ല. എന്നിട്ടും, അവരിൽ ഒരാൾ എങ്കിലും ഒരു പുരോഹിതൻ ആയിത്തീരണേ എന്നു ഞാൻ പ്രാർഥിക്കുമായിരുന്നു, എന്റെ ഭർത്താവ് ഒരു കത്തോലിക്കാ വിശ്വാസി ആകണേ എന്നും.
ചിന്താഗതിക്കു മാറ്റം ഭവിക്കുന്നു
ഒരു ശനിയാഴ്ച വൈകുന്നേരം ഞാൻ പ്രാദേശിക പുരോഹിതനോടും ഏതാനും കത്തോലിക്കാ സുഹൃത്തുക്കളോടുമൊത്തു സമയം ചെലവഴിക്കുകയായിരുന്നു. ആ സായാഹ്ന പാർട്ടിയിൽ മദ്യം വിളമ്പിയിരുന്നു. ഞങ്ങൾ അത് ആസ്വദിച്ചുകൊണ്ടിരിക്കവേ കൂട്ടത്തിലുണ്ടായിരുന്ന ഒരു സ്ത്രീ പുരോഹിതനോടു ചോദിച്ചു: “അച്ചോ, ഇത്തരം ഒരു പാർട്ടിക്കു ശേഷം രാവിലെ എഴുന്നേൽക്കാൻ പറ്റാനാവാതെ കുർബാന മുടക്കേണ്ടി വന്നാൽ അത് ഒരു കൊടിയ പാപമാകുമോ?”
“ഏയ്, അതൊന്നും സാരമില്ല,” അദ്ദേഹം പറഞ്ഞു. “ചൊവ്വാഴ്ച രാത്രി ഞങ്ങൾ വികാരിയുടെ അരമനയിൽ ഒരു കുർബാന നടത്തുന്നുണ്ട്. അതിൽ സംബന്ധിച്ചു കൊണ്ടു തിരുസഭയോടുള്ള നിങ്ങളുടെ കടമ നിറവേറ്റാവുന്നതാണ്.”
എന്തുതന്നെ സംഭവിച്ചാലും ഞായറാഴ്ച കുർബാനയിൽ പങ്കെടുത്തേ മതിയാകൂ എന്ന് എന്നെ ചെറുപ്പം മുതലേ പഠിപ്പിച്ചിരുന്നതാണ്. ഞാൻ അദ്ദേഹത്തോടു വിയോജിച്ചപ്പോൾ അദ്ദേഹം എന്റെ മേൽ ശാപവാക്കുകൾ ചൊരിയുകയും ഒരു സ്ത്രീ പുരോഹിതനെ തിരുത്താൻ പാടില്ല എന്നു ദേഷ്യത്തിൽ പറയുകയും ചെയ്തു.
ഞാൻ ഇങ്ങനെ മനസ്സിൽ വിചാരിച്ചു, ‘എന്റെ പുത്രന്മാർ ഇതുപോലെ ആയിത്തീരാനാണോ ഞാൻ പ്രാർഥിച്ചു കൊണ്ടിരിക്കുന്നത്?’ എല്ലാ പുരോഹിതന്മാരും ഒരുപോലെ അല്ലെന്ന് എനിക്ക് അറിയാമായിരുന്നെങ്കിലും ഈ സംഭവം എന്നെ ആശയക്കുഴപ്പത്തിലാക്കി.
1960-കളുടെ മധ്യത്തിൽ യഹോവയുടെ സാക്ഷികൾ പെൻസിൽവേനിയയിലെ ഫിലദെൽഫിയയിലും പിന്നീടു ഡെലവാറിലുള്ള ന്യൂവർക്കിലും വെച്ചു ഞങ്ങളെ സന്ദർശിക്കുകയുണ്ടായി. അവരുടെ ക്രിസ്തീയ തീക്ഷ്ണതയെ ആദരിച്ചിരുന്നു എങ്കിലും ഞാൻ എപ്പോഴും ഇങ്ങനെ പറയുമായിരുന്നു: “ക്ഷമിക്കണം. ഒരു കത്തോലിക്കാ വിശ്വാസിയായതിനാൽ എനിക്ക് ഇതിൽ താത്പര്യമില്ല.”
പിന്നീട് 1970 നവംബർ മാസത്തിലെ ഒരു തണുത്ത പ്രഭാതത്തിൽ സാക്ഷികൾ വീണ്ടും വന്നു. അവർ ബൈബിളിനെ കുറിച്ച് ഒരു ചോദ്യം ചോദിച്ചിട്ട് സങ്കീർത്തനം 119:105 വായിച്ചു: “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.” ആ വാക്കുകൾ എന്റെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞു. ഇങ്ങനെ സ്വയം ചിന്തിച്ചതായി ഞാൻ ഓർമിക്കുന്നു, ‘ബൈബിൾ! ഒരുപക്ഷേ അതാകണം ഉത്തരം, പക്ഷേ എന്റെ കൈവശം ഒരെണ്ണംപോലും ഇല്ലല്ലോ.’ കത്തോലിക്കർക്കു ബൈബിൾ ആവശ്യമില്ലെന്നും അതു ഞങ്ങളെ ആശയക്കുഴപ്പത്തിൽ ആക്കുമെന്നുമാണ് എന്നെ പഠിപ്പിച്ചിരുന്നത്. അതുപോലെ അതു പുരോഹിതന്മാർക്കു മാത്രം വായിക്കാനും അർഥം വിശദീകരിക്കാനും ഉള്ളതാണെന്നും. ഒരു ബൈബിൾ കൈവശം വെക്കാത്തതുവഴി ഞാൻ കത്തോലിക്കാ മതത്തോടു കൂറു പുലർത്തുകയാണെന്നു വിശ്വസിച്ചിരുന്നു.
അന്നേ ദിവസം ഞാൻ സാക്ഷികളുടെ പക്കൽ നിന്നും നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന ബൈബിൾ പഠന സഹായി സ്വീകരിച്ചു. ആ ആഴ്ചയിൽ തന്നെ ഞാൻ അതു വായിച്ചു തീർത്തു. അപ്പോൾത്തന്നെ എനിക്ക് ഒരു കാര്യം മനസ്സിലായി, ഞാൻ സത്യം കണ്ടെത്തിയിരിക്കുന്നു! ഒരു കത്തോലിക്കാ ഭാഷാന്തരം ഉൾപ്പെടെ രണ്ടു ബൈബിളുകളുമായി സാക്ഷികൾ മടങ്ങിയെത്തി. ആ ബൈബിൾ പഠനസഹായിയിൽ ഉദ്ധരിച്ചിരുന്ന വാക്യങ്ങൾ അതുപടി കത്തോലിക്കാ ബൈബിളിൽ കണ്ടെത്തിയത് എന്നെ അതിശയിപ്പിച്ചു. അതോടെ പുരോഗമനാത്മകമായ ഒരു ബൈബിൾ അധ്യയനം ആരംഭിച്ചു. 1972 ആഗസ്റ്റിൽ, അതിനോടകം തന്നെ ബൈബിൾ പഠിക്കാൻ ആരംഭിച്ചിരുന്ന എന്റെ സഹോദരി സാലിയും ഞാനും സ്നാപനമേറ്റു.
എന്റെ ഭർത്താവ്, ഡീൻ, എന്നെ ഒരിക്കലും എതിർത്തിരുന്നില്ല. പക്ഷേ കത്തോലിക്കാ മതത്തിൽ നിന്നും വ്യത്യസ്തമായ ഒന്നിൽ ഞാൻ താത്പര്യമെടുക്കുന്നതു കണ്ട അദ്ദേഹം ആശ്ചര്യപ്പെട്ടു പോയി. അദ്ദേഹം എല്ലാം ശ്രദ്ധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മുമ്പൊക്കെ, കുട്ടികൾ പറഞ്ഞാൽ കേൾക്കാത്തപ്പോഴെല്ലാം ഞാൻ അവരുടെ നേരെ ആക്രോശിക്കുമായിരുന്നു. എന്നാൽ ബൈബിൾ ‘ക്രോധത്തിനും കൂറ്റാരത്തിനും [“ആക്രോശത്തിനും,” NW] ദൂഷണത്തിനും’ എതിരെ മുന്നറിയിപ്പു നൽകുന്നതായി ഞാൻ മനസ്സിലാക്കി. (എഫെസ്യർ 4:31, 32) മാത്രമല്ല, കുട്ടികളുടെ നേരെ ആക്രോശിക്കുന്നതു കൊണ്ട് നിങ്ങൾക്ക് അവരെ യാതൊന്നും പഠിപ്പിക്കാനും കഴിയില്ല. ഒരിക്കൽ എന്റെ ഭർത്താവ് അദ്ദേഹത്തിന്റെ അമ്മയോട് യഹോവയുടെ സാക്ഷികളെ കുറിച്ചു പറയുന്നതു ഞാൻ കേട്ടു: “മമ്മീ, ഇവർ പ്രസംഗിക്കുന്നതു പോലെ തന്നെ ജീവിക്കുന്നവരാണ്!” അതിനു ശേഷം താമസിയാതെ തന്നെ അദ്ദേഹം ഒരു ബൈബിൾ അധ്യയനം സ്വീകരിച്ചു. 1975 ജനുവരിയിൽ ഡീൻ ഒരു സ്നാപനമേറ്റ സാക്ഷി ആയിത്തീർന്നു.
ഞങ്ങളുടെ അഞ്ചു പുത്രന്മാരെയും പരിശീലിപ്പിക്കൽ
യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങിയപ്പോൾ ഞാൻ വിചാരിച്ചത് എന്റെ മക്കൾക്ക് അത്രയും സമയം അടങ്ങിയിരിക്കാൻ ബുദ്ധിമുട്ടായിരിക്കും എന്നാണ്. അതുകൊണ്ട് ഞാൻ അവരെ അവരുടെ പിതാവിന്റെ അടുത്ത്, വീട്ടിൽ ആക്കിയിട്ടു പോകുമായിരുന്നു. ഒറ്റയ്ക്കു പോകുന്നത് എന്നെ സംബന്ധിച്ചിടത്തോളം എളുപ്പവും സൗകര്യപ്രദവും ആയിരുന്നു. പക്ഷേ ആ സമയത്താണ്, ക്രിസ്തീയ യോഗങ്ങളുടെ ദൈർഘ്യത്തെ കുറിച്ചു പറയവേ ഒരു പ്രസംഗകൻ ചോദിച്ചത്: “ടെലിവിഷന്റെ മുമ്പിൽ നിങ്ങളുടെ കുട്ടികൾക്കു ചെലവഴിക്കാനാവുന്ന സമയത്തെ കുറിച്ചു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” കൃത്യമായും അവിടെ തന്നെ ആയിരുന്നു അപ്പോൾ അവർ, ടെലിവിഷന്റെ മുമ്പിൽ! അതുകൊണ്ടു ഞാൻ വിചാരിച്ചു, ‘ഇനി ഒരിക്കലും ഇങ്ങനെ സംഭവിച്ചു കൂടാ! അവരെ കൂടെ കൊണ്ടുവന്നേ മതിയാകൂ!’ കുട്ടികളെ എന്റെ കൂടെ അയയ്ക്കുന്ന കാര്യത്തിൽ ഭർത്താവിന് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. ക്രമേണ, അദ്ദേഹവും യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി.
യോഗങ്ങളിലെ ക്രമമായ ഹാജർ ഞങ്ങളുടെ കുടുംബജീവിതത്തിന് ഒരു നല്ല ഘടനയും കെട്ടുറപ്പും പ്രദാനം ചെയ്തു. എന്നാൽ പ്രയോജനങ്ങൾ അതിൽ ഒതുങ്ങിനിന്നില്ല. തെറ്റുകൾ പറ്റുമ്പോൾ അതു തുറന്നു സമ്മതിച്ചു കൊണ്ടും ബൈബിളിന്റെ മാർഗനിർദേശങ്ങൾ ശ്രദ്ധാപൂർവം ബാധമാക്കിക്കൊണ്ടും ഞാനും ഡീനും കുട്ടികളെ വളർത്താനുള്ള ഞങ്ങളുടെ പ്രാപ്തി മെച്ചപ്പെടുത്താൻ എല്ലായ്പോഴും ശ്രമിച്ചിരുന്നു. ഞങ്ങൾ ഒരിക്കലും രണ്ടുനിലവാരങ്ങൾ അനുവദിച്ചിരുന്നില്ല. ഭർത്താവിനും എനിക്കും ശരിയായിരുന്നത് എന്തും ഞങ്ങളുടെ മക്കൾക്കും അങ്ങനെ തന്നെ ആയിരിക്കേണ്ടിയിരുന്നു. പരസ്യ സുവിശേഷിക്കൽ വേലയിൽ ക്രമമായി പങ്കുപറ്റണം എന്നതു നിർബന്ധമായിരുന്നു.
വിനോദത്തിന്റെ കാര്യത്തിലാകട്ടെ, അക്രമാസക്തമോ അധാർമികമോ ആയ ഒരു ചലച്ചിത്രവും കാണാൻ അനുവദിച്ചിരുന്നില്ല. സ്കേറ്റിങ്, പന്തുകളി, അമ്യൂസ്മെന്റ് പാർക്കുകൾ സന്ദർശിക്കൽ, വിനോദയാത്ര നടത്തൽ, വെള്ളിയാഴ്ചകളിൽ പിറ്റ്സ ഉണ്ടാക്കി കഴിക്കൽ തുടങ്ങിയ ആരോഗ്യാവഹമായ പ്രവർത്തനങ്ങളിൽ കുടുംബം ഒത്തൊരുമിച്ചു പങ്കെടുക്കുന്നതു ഞങ്ങൾ എല്ലായ്പോഴും ആസ്വദിച്ചിരുന്നു. ഡീൻ ഞങ്ങളുടെ കുടുംബത്തിന്റെ സ്നേഹസമ്പന്നനായ തലവനായിരുന്നു. കുടുംബജീവിതം ഇങ്ങനെ ആയിരിക്കാനാണ് പ്രതീക്ഷിക്കപ്പെടുന്നത് എന്നു ഞങ്ങളുടെ വിവാഹജീവിതത്തിൽ ഉടനീളം ഞങ്ങൾ തിരിച്ചറിഞ്ഞു.—എഫെസ്യർ 5:22,23.
1970-ൽ ഞങ്ങൾ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ ആരംഭിച്ചപ്പോൾ, ബില്ലിക്ക് 12-ഉം ജിമ്മിന് 11-ഉം ഡീൻ ജൂനിയറിന് 9-ഉം ജോയ്ക്ക് 7-ഉം ചാർളിക്ക് 2-ഉം വയസ്സു പ്രായമായിരുന്നു. അവർക്ക് അപ്പോൾ തന്നെ പള്ളിയിൽ പോയി ശീലമുണ്ടായിരുന്നു, പക്ഷേ ബൈബിൾ പഠിക്കുന്നത് ഇപ്പോഴായിരുന്നു. അതു ഞങ്ങൾക്ക് ആവേശജനകമായിരുന്നു. ഞാൻ അവരോടു പറയുമായിരുന്നു: “മക്കളേ, ഓടി വന്നേ! ദേ, ഇതു കണ്ടോ!” അവർ ഓടി എത്തുമായിരുന്നു. ഞങ്ങൾ ആവേശത്തോടെ, കണ്ടെത്തിയ പുതിയ ആശയങ്ങൾ ചർച്ചചെയ്യുകയും ചെയ്യും. ഭൂമിയിലെ ഏറ്റവും ഉയർന്ന പ്രമാണമായ ബൈബിളിന്റെ പഠനത്തിലൂടെ കുട്ടികൾ യഹോവയെ സ്നേഹിക്കാനും അവരുടെ മാതാപിതാക്കളോടു മാത്രമല്ല തങ്ങളുടെ ദൈവവും സ്രഷ്ടാവും എന്ന നിലയിൽ യഹോവയോടും ഉത്തരവാദിത്വബോധം ഉള്ളവരായിരിക്കാനും പഠിക്കുകയായിരുന്നു.
ബൈബിൾ സത്യം പഠിക്കുന്നതിനു മുമ്പു ഞങ്ങൾ ധാരാളം കടബാധ്യത വരുത്തിവെച്ചിട്ടുണ്ടായിരുന്നു. ഈ കടങ്ങൾ കുറച്ചെങ്കിലും അടച്ചുതീർക്കേണ്ടതിനു ഞങ്ങൾ വീടു വിറ്റിട്ടു വാടകയ്ക്കു താമസിക്കാൻ തുടങ്ങി. ഞങ്ങൾക്ക് ഉണ്ടായിരുന്ന പുതിയ കാറും വിറ്റു. എന്നിട്ട് ഒരു സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങി. ആകുന്നത്ര ലളിതമായി ജീവിക്കുവാൻ ഞങ്ങൾ ശ്രമിച്ചു. ലൗകിക ജോലി ചെയ്യുന്നതിനു പകരം വീട്ടിൽ കുട്ടികളോടൊപ്പം ആയിരിക്കാൻ ഇതെന്നെ സഹായിച്ചു. അവർക്കു വീട്ടമ്മയായ ഒരു മാതാവിനെ ആണ് ആവശ്യം എന്നു ഞങ്ങൾക്കു തോന്നി. കുട്ടികൾ സ്കൂളിൽ ആയിരിക്കുമ്പോൾ ക്രിസ്തീയ ശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിക്കാനും ഇതെന്നെ പ്രാപ്തയാക്കി. അവസാനം, 1983 സെപ്റ്റംബറിൽ എനിക്കൊരു പയനിയർ (മുഴുസമയ ശുശ്രൂഷക) ആയിത്തീരാൻ സാധിച്ചു. ഭൗതികമായി ഏറ്റവും മികച്ചത് എല്ലായ്പോഴും ഞങ്ങളുടെ മക്കൾക്ക് ഉണ്ടായിരുന്നില്ല എന്നതു സത്യം തന്നെ, പക്ഷേ അവരുടെ അത്യാവശ്യങ്ങൾ ഒരിക്കലും സാധിക്കാതെ പോയിരുന്നില്ല. അവർ എല്ലാവരും ടെക്നിക്കൽ ഹൈസ്കൂളിൽ ചേർന്ന് തോട്ടക്കൃഷി, ആശാരിപ്പണി, മോട്ടോർവാഹനങ്ങളുടെ കേടുപോക്കൽ, ചിത്രപ്പണി എന്നിങ്ങനെയുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിച്ചു. അത് സ്വന്തമായൊരു വരുമാനമാർഗം കണ്ടെത്താൻ അവരെ സജ്ജരാക്കി.
മിക്കപ്പോഴും ഞങ്ങളുടെ കുടുംബജീവിതത്തെ കുറിച്ചു ചിന്തിക്കവേ ഞാൻ സ്വയം പറയുമായിരുന്നു: ‘ഭൗതികമായി തീരെ കുറച്ചേ ഉള്ളുവെങ്കിലും ഞങ്ങളുടേത് ഈ ഭൂമിയിലെ ഏറ്റവും സന്തുഷ്ട കുടുംബങ്ങളിൽ ഒന്നാണ് എന്നു തോന്നുന്നു.’ താമസിയാതെ, ഡീൻ സഭയിലെ ഉത്തരവാദിത്വ സ്ഥാനങ്ങൾ എത്തിപ്പിടിക്കാൻ തുടങ്ങി. അതു തന്നെയാണു ഞങ്ങളുടെ മക്കളും ചെയ്തത്. 1982-ൽ ഡീൻ ഒരു ക്രിസ്തീയ മൂപ്പനായി നിയമിക്കപ്പെട്ടു. എട്ടു വർഷങ്ങൾക്കു ശേഷം, 1990-ൽ, ഞങ്ങളുടെ മൂത്ത പുത്രൻ ബിൽ ഒരു മൂപ്പനായി നിയമിതനായി. പിന്നീട്, അതേ വർഷം തന്നെ ജോയും നിയമിക്കപ്പെട്ടു. ഡീൻ ജൂനിയർ 1991-ലും ചാർളി 1992-ലും ജിം 1993-ലും നിയമിതരായി.
മാതാപിതാക്കൾ എന്ന നിലയിൽ ചിലപ്പോഴൊക്കെ ഞങ്ങൾക്കു തെറ്റു പറ്റിയിട്ടുണ്ട് എന്ന് എനിക്കറിയാം. ചെയ്തിട്ടുള്ള നല്ല കാര്യങ്ങൾ എല്ലാം ഓർത്തിരിക്കുക പ്രയാസവുമാണ്. ഒരു സുഹൃത്ത് എന്റെ പുത്രന്മാരോട്, ക്രിസ്ത്യാനികളെന്ന നിലയിലുള്ള പ്രാരംഭ വർഷങ്ങളെ കുറിച്ചും വിശേഷിച്ച്, തങ്ങൾക്കു ലഭിച്ച ആദ്യകാല പരിശീലനത്തിൽ നിന്നുള്ള ഏതെല്ലാം ബൈബിൾ തത്ത്വങ്ങളാണു ക്രിസ്തീയ മൂപ്പന്മാർക്കു വേണ്ട യോഗ്യതയിൽ എത്തിച്ചേരാൻ സഹായിച്ചത് എന്നും ചോദിച്ചു. അവരുടെ മറുപടി എന്റെ ഹൃദയത്തിന് ഊഷ്മളത പകരുന്നു.
എന്റെ പുത്രന്മാർക്കു പറയാനുള്ളത്
ബിൽ: “റോമർ 12:9-12-ൽ നിന്നും ഞങ്ങൾ പഠിച്ചത് എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നു. അതിന്റെ ഒരു ഭാഗം ഇപ്രകാരം വായിക്കുന്നു: ‘സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടുകൊൾവിൻ. . . . ആത്മാവിൽ എരിവുള്ളവരായിരിപ്പിൻ . . . ആശയിൽ സന്തോഷിപ്പിൻ.’ ആളുകളെ സ്നേഹിക്കുക എന്നാൽ എന്താണ് എന്നു കാണിച്ചു തരാൻ എന്റെ മാതാപിതാക്കൾക്കു സാധിച്ചു. മറ്റുള്ളവരോടു സ്നേഹം പ്രകടമാക്കുന്നത് അവരെ സന്തുഷ്ടരാക്കിയിരുന്നു. ഞങ്ങളുടെ വീട്ടിലുണ്ടായിരുന്ന ഈ സ്നേഹനിർഭരമായ അന്തരീക്ഷമാണു ബൈബിൾ സത്യങ്ങളെ ഞങ്ങളുടെ ചിന്തയുടെ തന്നെ ഭാഗമാക്കി തീർത്തത്. ഇതാണ് ഞങ്ങളെ സത്യത്തോട് അടുപ്പിച്ചു നിർത്തിയത്. ഞങ്ങളുടെ മാതാപിതാക്കൾ പൂർണമായും ബൈബിൾ സത്യത്തെ സ്നേഹിച്ചു. അതിന്റെ ഫലമായി, സത്യത്തെ സ്നേഹിക്കുകയും അതു മുറുകെ പിടിക്കുകയും ചെയ്യുക എന്നത് എനിക്ക് ഒരിക്കലും പ്രയാസകരമായിരുന്നില്ല.”
ജിം: “മത്തായി 5:37 ആണ് എന്റെ മനസ്സിലേക്ക് ഓടിയെത്തുന്ന ഏറ്റവും പ്രധാനപ്പെട്ട തത്ത്വങ്ങളിലൊന്ന്. അവിടെ ഇങ്ങനെ പറഞ്ഞിരിക്കുന്നു: ‘നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു.’ (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) എന്റെ മാതാപിതാക്കൾ ഞങ്ങളിൽ നിന്നും എന്താണു പ്രതീക്ഷിച്ചിരുന്നത് എന്ന് എന്റെ സഹോദരന്മാർക്കും എനിക്കും എല്ലായ്പോഴും അറിയാമായിരുന്നു. ക്രിസ്ത്യാനി ആയിരിക്കുക എന്നാൽ എന്താണ് എന്നതിന്റെ ജീവിക്കുന്ന മാതൃകകൾ ഞങ്ങൾ അവരിൽ ദർശിച്ചു. അവരിരുവരും എപ്പോഴും യോജിപ്പിലായിരുന്നു. ഒരിക്കൽപ്പോലും പരസ്പരം തർക്കിക്കുമായിരുന്നില്ല. അവർ തമ്മിൽ എപ്പോഴെങ്കിലും വിയോജിച്ചിട്ടുണ്ടെങ്കിൽ തന്നെ ഞങ്ങൾ മക്കൾ, ഒരിക്കലും അത് അറിഞ്ഞിരുന്നില്ല. അവർ ഐക്യത്തിൽ ഒന്നായിരുന്നു, അതു തീർച്ചയായും ഞങ്ങളെ എല്ലാവരെയും ആഴത്തിൽ സ്വാധീനിച്ചു. ഞങ്ങൾക്കു മമ്മിയെയും ഡാഡിയെയും, എല്ലാറ്റിനും ഉപരി യഹോവയെയും, നിരാശപ്പെടുത്താൻ ഒട്ടും ആഗ്രഹമില്ലായിരുന്നു.”
ഡീൻ: “സദൃശവാക്യങ്ങൾ 15:1 പറയുന്നു: ‘മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.’ ഡാഡി മൃദുസ്വഭാവി ആയിരുന്നു. അദ്ദേഹവുമായി ഒരിക്കൽ പോലും വാദപ്രതിവാദം നടത്തിയതായി ഞാൻ ഓർക്കുന്നില്ല.—കൗമാരത്തിൽ പോലും. അദ്ദേഹം എല്ലായ്പോഴും, അങ്ങേയറ്റം അസ്വസ്ഥനായിരിക്കുമ്പോൾ പോലും, വളരെ സൗമ്യനായിരുന്നു. ചിലപ്പോൾ ഒരു ശിക്ഷ എന്ന നിലയിൽ അദ്ദേഹം എന്നെ മുറിക്കു പുറത്തിറങ്ങാൻ അനുവദിക്കുമായിരുന്നില്ല അല്ലെങ്കിൽ ചില പ്രത്യേക ആനുകൂല്യങ്ങൾ നിഷേധിക്കുമായിരുന്നു. പക്ഷേ, ഡാഡിയുമായി ഒരു വാക്കുതർക്കം ഉണ്ടായതായി എനിക്ക് ഓർമിക്കാനേ കഴിയുന്നില്ല. ഞങ്ങൾക്ക് അദ്ദേഹം പിതാവു മാത്രമായിരുന്നില്ല, സുഹൃത്തു കൂടിയായിരുന്നു. അദ്ദേഹത്തെ നിരാശനാക്കാൻ ഞങ്ങൾ ഒരിക്കലും ആഗ്രഹിച്ചില്ല.”
ജോ: “2 കൊരിന്ത്യർ 10:5-ൽ ‘ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കുന്നതിനെ’ കുറിച്ചു ബൈബിൾ പറയുന്നു. യഹോവയുടെ നിലവാരങ്ങളോടും നിർദേശങ്ങളോടും അനുസരണം ഉള്ളവരായിരിക്കാൻ വീട്ടിലായിരിക്കെ ഞങ്ങൾ അഭ്യസിപ്പിക്കപ്പെട്ടു. സത്യം ഞങ്ങളുടെ ജീവിതംതന്നെ ആയിരുന്നു. യോഗങ്ങൾക്കു ഹാജരാകുന്നത് ഒരു ജീവിത രീതിയും. ഇപ്പോൾ പോലും, യോഗങ്ങളുള്ള രാത്രികളിൽ മറ്റെന്തെങ്കിലും ചെയ്യുന്നതിനെ കുറിച്ച് എനിക്ക് ഓർക്കാൻ വയ്യ. ക്രിസ്തീയ ശുശ്രൂഷയും ഞങ്ങളുടെ ജീവിതത്തിന്റെ ക്രമമായ ഒരു ഭാഗമായിരുന്നു—തോന്നുമ്പോൾ മാത്രം ചെയ്യാവുന്ന ഒന്നായിരുന്നില്ല. ഞങ്ങളുടെ സുഹൃത്തുക്കൾ രാജ്യഹാളിൽ നിന്നുള്ളവരായിരുന്നു. സുഹൃത്തുക്കൾക്കായി വേറെങ്ങും ഞങ്ങൾക്കു തിരയേണ്ടി വന്നില്ല. ജീവന്റെ പാതയിൽ മക്കളെ ആക്കി വെക്കുക എന്നതിലുപരി ഒരു പിതാവിന് എന്താണു ചെയ്യാൻ കഴിയുക!”
ചാർളി: “സദൃശവാക്യങ്ങൾ 1:7 എന്റെ മനസ്സിൽ തെളിഞ്ഞുവരുന്നു. അത് ഇങ്ങനെ വായിക്കുന്നു: ‘യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.’ യഹോവ ഒരു യഥാർഥ വ്യക്തി ആണെന്നും അവനോടുള്ള ഭയവും സ്നേഹവും നട്ടുവളർത്തേണ്ടതു വളരെ പ്രധാനമാണെന്നും മനസ്സിലാക്കാൻ മാതാപിതാക്കൾ ഞങ്ങളെ സഹായിച്ചു. അവർ ഞങ്ങളോട് ഇങ്ങനെ ന്യായവാദം ചെയ്യുമായിരുന്നു: ‘ഞങ്ങൾ പറയുന്നതു കൊണ്ടു മാത്രം നിങ്ങൾ ഇതു ചെയ്യണമെന്നില്ല. നിങ്ങൾക്ക് എന്തു തോന്നുന്നു? ഇതു കാണുമ്പോൾ യഹോവ എന്തു വിചാരിക്കുമെന്നാണു നിങ്ങൾ കരുതുന്നത്? സാത്താനോ?’
“കാര്യങ്ങളുടെ ശരിയായ കിടപ്പു മനസ്സിലാക്കാൻ ഇതു ഞങ്ങളെ സഹായിച്ചു. ഡാഡിക്കും മമ്മിക്കും എപ്പോഴും ഞങ്ങളോടൊപ്പം ആയിരിക്കാൻ സാധിക്കുമായിരുന്നില്ല. ബൈബിൾ സത്യങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിലും മനസ്സുകളിലും ഉൾനടാൻ മാത്രമേ അവർക്ക് ആകുമായിരുന്നുള്ളൂ. സ്കൂളിലും ജോലിസ്ഥലത്തും സുഹൃത്തുക്കളുടെ കൂടെയും ഒക്കെ ആയിരിക്കുമ്പോൾ ഞങ്ങൾ അവരിൽ നിന്ന് അകലെയായിരുന്നു. യഹോവയോടുള്ള ആരോഗ്യാവഹമായ ഭയം ഞങ്ങളുടെ വ്യക്തിത്വവികാസത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പങ്കു വഹിച്ചു—അതിപ്പോഴും ഞങ്ങളിൽ ഉണ്ട്.
“കൂടാതെ, തന്റെ പയനിയർ ശുശ്രൂഷയെ കുറിച്ചും തനിക്കുണ്ടാകുന്ന നല്ല അനുഭവങ്ങളെ കുറിച്ചും മമ്മി നിരന്തരം സംസാരിക്കുമായിരുന്നു. ശുശ്രൂഷയെ പ്രതി ശുഭാപ്തിവിശ്വാസത്തോടു കൂടിയ ഒരു കാഴ്ചപ്പാട് മമ്മിക്ക് എപ്പോഴും ഉണ്ടായിരുന്നു. ഇതിനു ഞങ്ങളുടെ മേൽ ഒരു വിസ്മയാവഹമായ സ്വാധീനം തന്നെ ഉളവാക്കാൻ കഴിഞ്ഞു. ആളുകളോടു മമ്മിക്ക് ഉണ്ടായിരുന്നതു പോലുള്ള സ്നേഹം ഞങ്ങളും വളർത്തിയെടുത്തു, അങ്ങനെ വീടുതോറുമുള്ള പ്രവർത്തനം വളരെ ആസ്വാദ്യം ആയിരിക്കാൻ കഴിയും എന്നു ഞങ്ങൾ മനസ്സിലാക്കാനിടയായി.”
കൃതജ്ഞതയ്ക്കുള്ള കാരണം
എന്റെ പുത്രന്മാർ ഇപ്പോൾ വിവാഹിതരാണ്. അങ്ങനെ എനിക്ക് അഞ്ചു സ്നേഹമയികളായ മരുമക്കളെയും ലഭിച്ചിരിക്കുന്നു. അവർ എല്ലാവരും യഹോവയെ വിശ്വസ്തതയോടെ സേവിച്ചു കൊണ്ടിരിക്കുന്നു. അതുമാത്രമോ, വീണ്ടും അഞ്ച് ആൺകുട്ടികളാൽ ഞാൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു—അതെ, അഞ്ചു പൗത്രന്മാർ! യഹോവയെ സ്നേഹിക്കാനും അവന്റെ രാജ്യം ദൃഢമായി ജീവിതത്തിൽ ഒന്നാമതു വെക്കാനും അവർ ഇപ്പോൾ പരിശീലിപ്പിക്കപ്പെടുന്നു. അവരുടെ പിതാക്കന്മാരെയും മുത്തച്ഛനെയും പോലെ അവരും ഒരുനാൾ മൂപ്പന്മാരായി തീരുന്നതിനു വേണ്ടി ഞങ്ങൾ പ്രാർഥിക്കുന്നു.
ഡീനിന്റെ മരണത്തിനു ശേഷം അധികം താമസിയാതെ എന്റെ പുത്രൻമാരിലൊരാൾ എഴുതി: “ഡാഡി ഇപ്പോൾ നിദ്രകൊള്ളുന്നതിനാൽ അദ്ദേഹത്തിന്റെ അഭാവം എനിക്കു ശരിക്കും അനുഭവപ്പെടും. എങ്കിലും, അദ്ദേഹത്തിനു മേലാൽ വേദനയോ ദുരിതമോ അനുഭവിക്കേണ്ടതില്ലല്ലോ. ശസ്ത്രക്രിയകളോ കുത്തിവെപ്പുകളോ ആഹാരം കൊടുക്കുന്നതിന് ഉപയോഗിക്കുന്ന ട്യൂബുകളോ ഇനിമേൽ വേണ്ട—പ്രശാന്തത മാത്രം. അദ്ദേഹം മരിക്കുന്നതിനു മുമ്പ് യാത്രപറയാൻ കൂടി എനിക്കായില്ല. നാം വിചാരിക്കുന്ന പോലെ കാര്യങ്ങൾ എപ്പോഴും നടക്കണമെന്നില്ലല്ലോ. അദ്ദേഹത്തെ തിരികെ സ്വാഗതം ചെയ്യുന്നതിനുള്ള അവസരം നഷ്ടപ്പെടാത്ത വിധത്തിൽ ജീവിതം നയിക്കാൻ ഞാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു എന്നു മാത്രമേ എനിക്കിപ്പോൾ പറയാനാകൂ.”
സ്നേഹസമ്പന്നനായ ഭർത്താവിനെ പ്രതിയും പുനരുത്ഥാനത്തിന്റെ ഉറപ്പായ പ്രത്യാശയെ പ്രതിയും ഞാൻ യഹോവയോട് എത്ര നന്ദി ഉള്ളവളാണ്! (യോഹന്നാൻ 528, 29) അതുപോലെ, എന്റെ അഞ്ചു പുത്രന്മാർക്കു വേണ്ടിയും ഞാൻ അവന് എത്ര നന്ദി നൽകുന്നുവെന്നോ!
[23-ാം പേജിലെ ചിത്രം]
ഹെലൻ സൗൾസ്ബെറിയും അവരുടെ കുടുംബവും ഇന്ന്