റിയോ ഡി ജനീറോ—മനോഹരവും മനംകവരുന്നതും
ബ്രസീലിലെ ഉണരുക! ലേഖകൻ
റിയോ ഡി ജനീറോയിൽ ഇല്ലാത്തതായി ഒന്നുമില്ല—ബീച്ചുകൾ, ഗിരിനിരകൾ, തടാകങ്ങൾ, ഉഷ്ണമേഖല വനങ്ങൾ എന്നിങ്ങനെ എല്ലാമെല്ലാം. “അവിടുത്തെ പ്രകൃതിദൃശ്യം അത്രയ്ക്കു മനംകവരുന്നത് ആയതിനാൽ എങ്ങോട്ടാണ് ആദ്യം കണ്ണോടിക്കേണ്ടത് എന്ന് അറിയില്ല!” ഒരു സന്ദർശകൻ അത്ഭുതത്തോടെ പറഞ്ഞു. അനേകരുടെയും അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും മനോഹര നഗരങ്ങളിൽ ഒന്നാണ് റിയോ ഡി ജനീറോ അഥവാ റിയോ. “റിയോ” എന്നതിന്റെ അർഥം “നദി” എന്നാണെങ്കിലും ഈ നഗരം ഒരു ഉൾക്കടലിനോടു ചേർന്നാണ് സ്ഥിതിചെയ്യുന്നത്.—18-ാം പേജിലെ ചതുരം കാണുക.
1.1 കോടി ആളുകൾ വൻ നഗര മേഖലയിൽ പാർക്കുന്ന റിയോയിൽ കൊള്ളയും കൊള്ളിവെപ്പും തൊഴിലില്ലായ്മയും പാർപ്പിടത്തിന്റെ അഭാവവും ഉണ്ട്. മലിനീകരണത്തിന്റെയും കുഴഞ്ഞുമറിഞ്ഞ ഗതാഗത സംവിധാനത്തിന്റെയും കാര്യം പറയുകയേ വേണ്ട. എന്നുവരികിലും റിയോ നിവാസികൾ അഭിമാനപൂർവം തങ്ങളുടെ നഗരത്തെ സിഡാഡേ മാരാവില്യോസാ (അത്ഭുത നഗരം) എന്നു വിളിക്കുന്നു. ഒരു കരിയോക്കയുടെa അഭിപ്രായത്തിൽ “റിയോ ഒരു സന്തുഷ്ട നഗരമാണ്. തെളിവുള്ള ഒരു ദിവസം ജോലി സ്ഥലത്തേക്കും തിരിച്ചും യാത്രചെയ്യുമ്പോൾ കാണുന്ന കടലോരങ്ങളും കുന്നുകളും മനം കുളിർപ്പിക്കുന്നതാണ്.” അത് വെറും അതിശയോക്തി കലർന്ന ഒരു വീക്ഷണമാണോ? നമുക്കൊന്നു പരിശോധിക്കാം.
ഉൾക്കടലുകളും കടലോരങ്ങളും ധാരാളം സൂര്യപ്രകാശവും
റിയോയുടെ ആരംഭസ്ഥാനമായ ഗ്വാനബാറ ഉൾക്കടലിൽ നിന്നാണു നമ്മുടെ യാത്ര തുടങ്ങുന്നത്. 380 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന ആ ഉൾക്കടലിൽ അവിടവിടെയായി വനനിബിഡമായ ദ്വീപുകൾ സ്ഥിതിചെയ്യുന്നു. അതിനെ ചുറ്റി കുന്നുകളും പർവതങ്ങളും നിലകൊള്ളുന്നു. കൊർകൊവാഡോ (മുതുകിൽ മുഴയുള്ള എന്നർഥം) പർവതവും ഷുഗർലോഫ് പർവതവും (പോർച്ചുഗീസിൽ പാവോ ദെ അക്യുകാർ) ആണ് അവയിൽ ഏറ്റവും പേരുകേട്ടത്. ഉൾക്കടൽ നിരപ്പിൽനിന്ന് 704 മീറ്റർ ഉയരമുള്ള കൊർകൊവാഡോയുടെ ഉച്ചിയിലായി 30 മീറ്റർ ഉയരവും 1,145 ടൺ ഭാരവുമുള്ള, നീട്ടിപ്പിടിച്ച കൈകളോടു കൂടിയ ക്രിസ്തുവിന്റെ ഒരു പ്രതിമ തല ഉയർത്തി നിൽക്കുന്നു. കോളനിവാഴ്ചക്കാലത്തു പഞ്ചസാര നിർമാതാക്കൾ ഉപയോഗിച്ചിരുന്ന കോൺ ആകൃതിയിലുള്ള ഒരു അച്ചിൽനിന്നാണ്, കേവലം 395 മീറ്റർ മാത്രം ഉയരമുള്ള ഷുഗർലോഫ് പർവതത്തിന് ആ പേരു വീണത്. ചെറിയ ട്രെയിനിലോ മറ്റു വാഹനങ്ങളിലോ ഒക്കെയായി സന്ദർശകർക്ക് കൊർകൊവാഡോ പർവതം കയറാൻ സാധിക്കും. കേബിളിലൂടെ നീങ്ങുന്ന ഒരു കാറിൽ അവിടെനിന്ന് അവർക്ക് ഷുഗർലോഫ് പർവതത്തിന്റെ ഉച്ചിയിൽ എത്താനാകും. റിയോയുടെ ഒരു വശത്ത് നീലനിറത്തിലുള്ള ആഴക്കടൽ, മറുവശത്ത് പച്ച പുതച്ച വനവും വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡ്രീഗോ ദെ ഫ്രെയ്റ്റസ് തടാകവും—ആ കാഴ്ച ഒന്നു കാണേണ്ടതുതന്നെ.
സൂര്യപ്രകാശത്തിൽ കുളിച്ചു നിൽക്കുന്ന പഞ്ചാര മണൽത്തീരങ്ങളുള്ള റിയോ, വിനോദ സഞ്ചാരികളുടെ സ്വപ്ന ഭൂമിയാണ്. നിങ്ങൾ പ്രതീക്ഷിച്ചേക്കാവുന്നതുപോലെ, വേനൽക്കാലത്തു താപനില 40 ഡിഗ്രി സെൽഷ്യസ് ആകുമ്പോൾ റിയോയുടെ 80 കിലോമീറ്റർ തീരപ്രദേശത്തുള്ള 70-ലധികം കടൽത്തീരങ്ങളും സൂചി കുത്താൻ ഇടമില്ലാത്തവിധം തിങ്ങിനിറയും. എന്നാൽ ഏറ്റവും നല്ല കടലോരം ഏതാണ്? അതു സന്ദർശകരെ ആശ്രയിച്ചിരിക്കുന്നു. കരിയോക്കകളെ സംബന്ധിച്ചിടത്തോളം കടലോരങ്ങൾ ഒത്തുകൂടാനും വായിക്കാനും ഉള്ള സ്ഥലമാണ്; ഫുട്ബോളും വോളിബോളും മറ്റും കളിക്കാനുള്ള ഇടമാണ്; ബാറും റെസ്റ്ററന്റും സംഗീതശാലയും ജിംനേഷ്യവും ഓഫീസും അതുപോലെ നീന്തുന്നതിനുള്ള സ്ഥലവുമാണ്. എല്ലാ പ്രഭാതത്തിലും റിയോയിലെ തീരങ്ങൾ വ്യായാമത്തിനായി ഓടുന്നവരെയും സൈക്കിൾ ചവിട്ടുന്നവരെയും കൊണ്ടു നിറയും. നല്ല തെളിവുള്ള ദിവസങ്ങളിൽ ആകട്ടെ കാലു കുത്താൻ ഇടമില്ലാത്തവിധം തിരക്കായിരിക്കും കടലോരങ്ങളിൽ. കരിയോക്കകളുടെ ജീവിതം അത്ര അല്ലലൊന്നും ഇല്ലാത്തതാണെന്നു തോന്നിയേക്കാമെങ്കിലും റിയോയിൽ ജീവിതം ആസ്വദിക്കണമെങ്കിൽ അവർ എല്ലുമുറിയെ അധ്വാനിക്കണം.
19-ാം നൂറ്റാണ്ടിന്റെ അവസാനം വരെ ഗ്വാനബാറ ഉൾക്കടലിന്റെ തീരത്തിനു ചുറ്റുമായിരുന്നു റിയോ നഗരം. പിന്നീട് ഉൾക്കടലിനെ സമുദ്ര തീരവുമായി ബന്ധിപ്പിക്കുന്ന ടണലുകൾ നിർമിക്കപ്പെട്ടു. അങ്ങനെ നഗരം തെക്കോട്ടു വളർന്നു. തെക്കേ അമേരിക്കയിലെ ഏറ്റവും ആദ്യത്തെ ആഡംബര ഹോട്ടലുകളിൽ ഒന്നായ കോപകബാനാ പാലസ് ഹോട്ടലിന്റെ ഉത്ഘാടനം നടന്ന 1923-ൽ, “സമുദ്രത്തിലെ കൊച്ചു രാജകുമാരി”യായ കോപകബാനാ പ്രസിദ്ധിയാർജിച്ച ഏറ്റവും ആദ്യത്തെ കടൽത്തീരം ആയിത്തീർന്നു. പിന്നീട് 60’-കളിൽ ഇപാനെമാ കടൽത്തീരം ബുദ്ധിജീവികളുടെയും കലാകാരന്മാരുടെയും സംഗമസ്ഥലം ആയിത്തീർന്നു. ഇപാനെമായിൽ ജനപ്രീതിയില്ലാഞ്ഞ സാധനത്തിനു മറ്റെവിടെയും ജനപ്രീതിയില്ലായിരുന്നു. റിയോയിലെ വികാസം പ്രാപിച്ച കടൽത്തീരങ്ങളിൽവെച്ച് അതിനൂതനവും ഏറ്റവും വലുതുമായ കടൽത്തീരം ബ്രസീലിയൻ മിയാമി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ബാറാ ഡാ ടിഷൂക്ക കടൽത്തീരം (അതിനു 18 കിലോമീറ്റർ നീളമുണ്ട്) ആണ്. താമസത്തിനുള്ള ധാരാളം പുതിയ കെട്ടിടങ്ങളുള്ള ഈ കടലോരത്താണ് നഗരത്തിലെ ഏറ്റവും വലിയ ഷോപ്പിങ് സെന്ററുകൾ ഉള്ളത്.
നഗരത്താൽ ചുറ്റപ്പെട്ട വനം
റിയോ ഹരിതാഭമാണ്. ശബ്ദമുഖരിതമായ കടലോരങ്ങളിൽ നിന്ന് നഗരത്തിന്റെ മധ്യത്തിലായി സ്ഥിതി ചെയ്യുന്ന ശാന്തത കളിയാടുന്ന 350 ഏക്കറുള്ള സസ്യശാസ്ത്രോദ്യാനത്തിൽ എത്താൻ ഏതാനും മിനിറ്റുകൾ മതി. 19-ാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട ഈ ഉദ്യാനത്തിൽ 6,200-ലധികം ഇനങ്ങളിൽപ്പെട്ട ഉഷ്ണമേഖല സസ്യങ്ങളും മരങ്ങളും ഉണ്ട്.
ടിഷൂക്ക വനമാണ് നഗരത്തിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രം. റിയോയുടെ മധ്യഭാഗത്തുനിന്ന് ഏതാണ്ട് 20 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതും 100-ലധികം ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്നതുമായ ഇത് ഒരുപക്ഷേ ലോകത്തിലെ ഏറ്റവും വലിയ നഗരവനം ആയിരിക്കാം. ഒരിക്കൽ ബ്രസീലിയൻ തീരദേശം മൊത്തം വ്യാപിച്ചു കിടന്നിരുന്ന അറ്റ്ലാന്റിക് വനത്തിന്റെ ഒരു ഭാഗവും അതിൽ ഉൾപ്പെടുന്നു. ഇളം ചെമപ്പു നിറത്തിലുള്ള പ്രൗഢഗംഭീരമായ ഷെക്കീറ്റിബായും മഞ്ഞ നിറത്തിൽ ഭംഗിയുള്ള പൂക്കളുണ്ടാകുന്ന കാനേലസ്-സാന്റസും സന്ദർശകർക്ക് അവിടെ കാണാനാകും. മോർഫോ ഇനത്തിൽപ്പെട്ട നയനാകർഷകമായ നീല ചിത്രശലഭങ്ങളും അവിടെയുണ്ട്. വർണശബളമായ പച്ചത്തലയൻ-ടാനിജർ പക്ഷിയുടെയും ചെമന്ന കഴുത്തുള്ള ടാനിജർ പക്ഷിയുടെയും വിഹാരകേന്ദ്രം കൂടിയാണ് അത്.
കേന്ദ്രത്തിലേക്കൊരു എത്തിനോട്ടം
റിയോയുടെ കേന്ദ്രം ബഹളമയമാണ്—തിരക്കിട്ടു നീങ്ങുന്ന ആളുകൾ, ഭയങ്കര ഒച്ചപ്പാടും ചൂടും. ഏതാണ്ട് എല്ലാ സാധനങ്ങളുംതന്നെ—ഇറക്കുമതി ചെയ്ത ഇലക്ട്രോണിക് വസ്തുക്കൾ മുതൽ തുണികളും സുഗന്ധ വ്യജ്ഞനങ്ങളും ആണി രോഗത്തിനുള്ള മരുന്നുകളും വരെ—കൊണ്ടുനടന്നു വിൽക്കുന്ന വാണിഭക്കാരും കാൽനടയാത്രക്കാരും തെരുവിലൂടെ തിക്കിത്തിരക്കിയാണു നീങ്ങുന്നത്. ആർക്കൊസ് ഡാ ലാപ്പാ എന്നറിയപ്പെടുന്ന കരിങ്കല്ലുകൊണ്ടുള്ള 42 ആർച്ചുകൾക്കു മുകളിലൂടെയുള്ള ട്രാം സവാരിയും നിങ്ങൾക്ക് ആസ്വദിക്കാനാകും. 1712-നും 1750-നും ഇടയ്ക്ക് അമേരിക്കൻ ഇന്ത്യക്കാരും അടിമകളും ചേർന്നു നിർമിച്ച ഇത് ആദ്യം റിയോയുടെ കേന്ദ്രത്തിൽ വെള്ളം എത്തിക്കുന്നതിനുള്ള ഒരു ജലപ്പാത്തി ആയിരുന്നു. എന്നാൽ 1896-ൽ ഈ പാത്തിയുടെ മുകളിലൂടെ ഒരു ട്രാം സർവീസ് തുടങ്ങി. അങ്ങനെ അതൊരു പാലമായി തീർന്നു.
നഗര കേന്ദ്രത്തിന് ഒരു യൂറോപ്യൻ പരിവേഷവും ഉണ്ട്. 1906-നും 1908-നും ഇടയ്ക്കു പണികഴിപ്പിച്ച നാഷണൽ മ്യൂസിയം ഓഫ് ഫൈൻ ആർട്സിന്റെ മുൻവശം പാരീസിലെ ലൗവ്റി മ്യൂസിയത്തെ അനുസ്മരിപ്പിക്കുന്നു. അതിന്റെ ചായം അടിച്ച പാനലുകളും മൊസൈക്കും ഒരുവനെ ഇറ്റാലിയൻ നവോത്ഥാനത്തെ ഓർമിപ്പിക്കുന്നു. മുനിസിപ്പൽ തീയേറ്ററാണു പ്രധാനപ്പെട്ട മറ്റൊരു കെട്ടിടം. 1909-ൽ ഉത്ഘാടനം ചെയ്യപ്പെട്ട ഈ തീയേറ്ററിൽ 2,357 പേർക്ക് ഇരിക്കാനാകും. ഇത് പാരീസ് സംഗീതനാടക ശാലയെ അനുകരിച്ചുള്ളതാണ്.
ഫുട്ബോളും സാമ്പായും
കരിയോക്കകൾക്കു ഫുട്ബോൾ മത്സരം ഒരു ഹരമാണ്. ഫുട്ബോൾ ടീമുകൾ തമ്മിലുള്ള പ്രധാനപ്പെട്ട മത്സരങ്ങൾ നടക്കുമ്പോൾ മാരാക്കാൻ സ്റ്റേഡിയം ശ്രദ്ധാ കേന്ദ്രമായി തീരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയമായി അറിയപ്പെടുന്ന ഇത് 2,00,000 കാണികൾക്കു വരെ ആതിഥ്യമരുളിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ, സുരക്ഷാ കാരണങ്ങളാലും ആരാധകർക്കു സൗകര്യപ്രദമായി കളി കാണുന്നതിനുമായി 1,00,000 പേരെ മാത്രമേ അനുവദിക്കുന്നുള്ളൂ.
ആഫ്രിക്കൻ ഉത്ഭവമുള്ള സാമ്പാ കരിയോക്കകളുടെ ഒരു പ്രിയപ്പെട്ട നൃത്തമാണ്. നഗരത്തിൽ ഉടനീളമുള്ള സാമ്പാ സ്കൂളുകൾ അതിന്റെ അടുത്തുള്ള ആയിരക്കണക്കിനു പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ആകർഷിക്കുന്നു. നാൽപ്പതു നോയമ്പിനു തൊട്ടു മുമ്പുള്ള കാർണിവൽ സമയത്ത് സാമ്പാ സ്കൂളുകളിലെ നർത്തകർ—ഓരോ സ്കൂളിലും 5,000-ത്തോളം പേർ കാണും—പ്രത്യേകം നിർമിച്ച പരേഡ് ഗ്രൗണ്ടായ സാമ്പോഡ്രോമോയിലൂടെ അണിയണിയായി നീങ്ങുന്നു. 1,00,000 പേരെ വീതം വഹിക്കാൻ കഴിയുന്ന, സമാന്തരമായി നിർമിച്ച രണ്ടു കോൺക്രീറ്റു ഗ്രാൻഡ് സ്റ്റാന്റുകളുടെ (കാണികൾക്ക് ഇരിക്കാനായി ഉയർത്തി കെട്ടിയിട്ടുള്ള പീഠങ്ങൾ) ഇടയ്ക്കാണ് ഈ പരേഡ് ഗ്രൗണ്ട്. ദുഃഖകരമെന്നു പറയട്ടെ, കാർണിവൽ കൂടുതൽ പ്രസിദ്ധി നേടിയിരിക്കുന്നത് അക്രമങ്ങൾക്കാണ്. അതായത് മദ്യപിച്ച് വാഹനം ഓടിക്കുന്നതിനും മയക്കുമരുന്നു ദുരുപയോഗത്തിനും കാമകേളികളുടെ കൂത്താട്ടത്തിനും മറ്റും.
റിയോയ്ക്ക് അതിന്റേതായ പ്രശ്നങ്ങളുണ്ട്
ദശകങ്ങളോളം, അതായത് 1950-കൾ വരെ റിയോ ഡി ജനീറോ ആയിരുന്നു ബ്രസീലിന്റെ വ്യവസായ കേന്ദ്രം. തുടർന്ന് സാവൊ പൗലോ ആ സ്ഥാനം കയ്യടക്കി. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കു വേണ്ടിയുള്ള ആഗ്രഹം ഗ്രാമീണ ജീവിതം ഉപേക്ഷിച്ച് റിയോയിൽ ചേക്കേറാൻ അനേകരെ പ്രേരിപ്പിച്ചിരിക്കുന്നു. അത് ആളുകൾ അപ്പാർട്ടുമെന്റുകളിൽ തിങ്ങിപ്പാർക്കാൻ ഇടയാക്കിയിരിക്കുന്നു. സാമ്പത്തിക സ്ഥിതി മോശമായവർ കുന്നുകളിലേക്കു വലിഞ്ഞ് അവിടെ വീടുകൾ തട്ടിക്കൂട്ടി. അങ്ങനെ ചേരിപ്പട്ടണങ്ങൾ അഥവാ ഫാവെലാസ് മുളച്ചു പൊങ്ങി. പെട്ടികൾകൊണ്ടും തകരം കൊണ്ടും ആയിരുന്നു ആദ്യം ഈ വീടുകൾ നിർമിച്ചിരുന്നത്. എന്നിട്ട് നാക തകിടുകൾകൊണ്ട് അവ പൊതിഞ്ഞിരുന്നു. ഇത്തരം വീടുകളിൽ പൈപ്പു വെള്ളമോ മലിനജല നിർഗമന മാർഗമോ വൈദ്യുതിയോ ഒന്നും ഇല്ലായിരുന്നു. എങ്കിലും ജോലി സ്ഥലത്തിന്റെ അടുത്തുള്ള ഈ പാർപ്പിടങ്ങൾ അവർക്കു കാര്യാദികൾ കൂടുതൽ എളുപ്പമാക്കി. ഇന്ന് മലയോരങ്ങളിലുള്ള വലിയ ചേരിപ്പട്ടണങ്ങളോടു ചേർന്ന് കോപകബാനായുടെയും ഇപാനെമായുടെയും അതിർത്തിയിലായി നല്ല അപ്പാർട്ടുമെന്റു കെട്ടിടങ്ങൾ കാണാവുന്നതാണ്. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസം എടുത്തു കാണിക്കുന്ന ഇത്തരം നഗരങ്ങൾ ലോകത്തിൽ നന്നേ കുറവാണ്.
ചേരിപ്പട്ടണങ്ങളിലെ പുതിയ വീടുകൾ ഇഷ്ടികകൊണ്ട് ഉള്ളവയാണ്. തെരുവുകൾ ഉണ്ടാക്കിയും സുഖ സൗകര്യങ്ങൾ പ്രദാനം ചെയ്തും ജീവിതം മെച്ചപ്പെടുത്താൻ നഗരത്തിലെ ആസൂത്രണ വിദഗ്ധർ ശ്രമിക്കുന്നുണ്ട്. എങ്കിലും ഇത് പ്രയാസം നിറഞ്ഞ ഒരു ദൗത്യമാണ്. അടുത്ത കാലത്തു നടത്തിയ ഒരു സർവേ അനുസരിച്ച്, റിയോയിലെ 450-ലധികം ചേരിപ്പട്ടണങ്ങളിലായി 9,00,000-ത്തിലേറെ ആളുകൾ കഴിഞ്ഞുകൂടുന്നു. ഏറ്റവും വലിയ ചേരിപ്പട്ടണമായ റോസിന്യായിൽ 1,50,000 നിവാസികൾ ഉണ്ട്. “ഇതു നഗരത്തിനുള്ളിലെ നഗരം പോലെയാണ്” ഈ ചേരിപ്പട്ടണത്തിൽ താമസിച്ച് ഇപാനെമായിലെ ഒരു ബാങ്കിൽ ജോലി ചെയ്യുന്ന അന്റോണ്യൂ വിശദീകരിച്ചു. അവിടുത്തെ നിവാസികൾക്ക് കേബിൾ ടിവി, പൊതു റേഡിയോ, ഒരു എഫ്എം റേഡിയോ സ്റ്റേഷൻ അതുപോലെതന്നെ ഒരു പ്രൊഫഷണൽ ഫുട്ബോൾ ടീം, ഒരു സാമ്പാ സ്കൂൾ എന്നിവ ഉണ്ട്. എന്നാൽ ചേരിപ്പട്ടണത്തിലെ ജീവിതത്തിന് ഒരു ഇരുണ്ട വശവും ഉണ്ട്. വേനൽക്കാല മഴ ഉരുൾപൊട്ടലിനു കാരണമാകുന്നു. അതു പരിക്കുകളിലും മരണത്തിൽ പോലും കലാശിക്കുന്നു. അടുത്ത കാലത്ത് ഒരു വനവത്കരണ പ്രസ്ഥാനം അത്തരം അപകട മേഖലകളിലുള്ള വീടുകൾ നീക്കം ചെയ്തിരിക്കുന്നു. അതുകൊണ്ട് സ്ഥിതിഗതികൾ ഇപ്പോൾ ഏറെക്കുറെ മെച്ചമാണ്.
സംഘടിത കുറ്റകൃത്യമാണ് മറ്റൊരു പ്രശ്നം. മയക്കുമരുന്നു വ്യാപാരം തങ്ങളുടെ ജീവിതവൃത്തിയാക്കുന്ന യുവജനങ്ങളാണ് ഇതിന്റെ മുഖ്യ ഇരകൾ. മയക്കുമരുന്നു വ്യാപാരികളും പ്രാദേശിക നിവാസികളും തമ്മിലുള്ള ബന്ധം ചില നിയമങ്ങളാൽ ഭരിക്കപ്പെടുന്നു. “പിടിച്ചുപറി, തോക്കിൻ മുനയിലുള്ള കവർച്ച, ബലാൽസംഗം ഇവയൊക്കെ ഇവിടെ ഇല്ലെന്നുതന്നെ പറയാം. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യാൻ ആരും ധൈര്യപ്പെടില്ല. അങ്ങനെ ചെയ്താൽ തങ്ങൾ വധിക്കപ്പെടും എന്ന് അവർക്ക് അറിയാം,” 40-വർഷക്കാലം ഒരു ചേരിപ്പട്ടണത്തിൽ ജീവിതം ചെലവഴിച്ച ഷൗൻ വ്യക്തമാക്കുന്നു. മയക്കുമരുന്നുമായി ബന്ധമില്ലാത്ത ആളുകൾ കുറ്റകൃത്യം ചെയ്യുമ്പോൾ നിവാസികളുടെ പിന്തുണയും മനസ്സലിവും പിടിച്ചുപറ്റാനായി മയക്കുമരുന്ന് ഇടപാടുകാർ കുറ്റക്കാരെ ശിക്ഷിക്കുന്നു. “കാര്യാദികൾ കുറേയൊക്കെ മാറിയിട്ടുണ്ടെങ്കിലും ശവസംസ്കാരത്തിനും മരുന്നും ഭക്ഷണവും വാങ്ങാനും വാടക കൊടുക്കാനും വിനോദത്തിൽ ഏർപ്പെടാനും ഒക്കെ പ്രദേശ വാസികൾ മയക്കുമരുന്ന് ഇടപാടുകാരോടു പണം ചോദിക്കുന്നത് ഇപ്പോഴും സാധാരണമാണ്” എന്ന് ഷൗൻ കൂട്ടിച്ചേർക്കുന്നു.
മറ്റു വെല്ലുവിളികൾ
കടലിനും പർവതങ്ങൾക്കും ഇടയിൽ ആയതുകൊണ്ട് റിയോ ഒരു ചതുപ്പു സമതലത്തിലാണു സ്ഥിതിചെയ്യുന്നത്. ഇത് ഒരു വൻ നഗരത്തിന്റെ വികസനത്തിനു തടയിടുന്ന ഘടകമാണ്. വർഷങ്ങളിൽ ഉടനീളം “ചതുപ്പു നിലങ്ങൾ, കടൽ, പർവതങ്ങൾ എന്നീ മൂന്നു ഘടകങ്ങൾക്കെതിരെ പോരാടേണ്ടത്” ആവശ്യമായിരുന്നു എന്ന് റിയോ ഡി ജനീറോ—സിഡാഡെ ഇ റേഷിയാൻ (റിയോ ഡി ജനീറോ—നഗരവും പ്രദേശവും) എന്ന പുസ്തകം വിശദീകരിക്കുന്നു. ഈ പോരാട്ടത്തിൽ വിജയിക്കാനായി അസംഖ്യം ടണലുകൾ നിർമിക്കപ്പെട്ടിട്ടുണ്ട്, അയൽപ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനായി മണ്ണിട്ട് നിലം ഉയർത്തിയിട്ടുമുണ്ട്. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ജനങ്ങൾ പാർക്കാൻ ഇടയാക്കുന്നതിൽ റെയിൽവേയും ഒരു പ്രധാന പങ്കു വഹിച്ചിരിക്കുന്നു. എങ്കിലും ഇക്കാലത്ത് ട്രെയിൻ യാത്ര ഒരു സാഹസിക കൃത്യമാണ്. “ട്രെയിനിൽ കയറാൻ വളരെയേറെ പേർ ഉള്ളതുകൊണ്ട് വെറുതെ നിന്നാൽ മതി, ആൾക്കൂട്ടം നിങ്ങളെ തള്ളി അകത്താക്കിക്കൊള്ളും” ജോലി സ്ഥലത്തു കാലത്ത് ഏഴു മണിക്ക് എത്താനായി നഗരത്തിന്റെ പ്രാന്തപ്രദേശത്തുനിന്ന് രാവിലെ അഞ്ചു മണിയുടെ ട്രെയിനിനു യാത്രയാകുന്ന സെർഷിയോ പറയുന്നു. മിക്കപ്പോഴും വാതിൽ അടയ്ക്കാൻ പറ്റാതെ വരുന്ന അളവോളം ട്രെയിൻ തിങ്ങിനിറഞ്ഞിരിക്കും. കമ്പാർട്ടുമെന്റിന്റെ വശങ്ങളിൽ ആളുകൾ തൂങ്ങിനിൽക്കുന്നതും കാണാം. ധൈര്യശാലികളായ കരിയോക്കകൾ ട്രെയിനിന്റെ മുകളിൽപോലും കയറി ഇരിക്കുന്നു. അതിനു ട്രെയിൻ-സർഫിങ് എന്നാണു പറയാറ്. ഇലക്ട്രിക് കേബിളുകളിൽ അറിയാതെയെങ്ങാനും തൊട്ടാൽ മതി, ആൾ വടിയായതുതന്നെ.
നഗരത്തിന്റെ മനോഹാരിതയുടെ പ്രതീകമായ ഗ്വാനബാറ ഉൾക്കടൽ സംരക്ഷിക്കുന്നതാണു മറ്റൊരു വെല്ലുവിളി. ലോകബാങ്കിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, “വ്യവസായ ശാലകളിൽനിന്നുള്ള മലിനജലവും ശുദ്ധീകരിക്കാത്ത (അല്ലെങ്കിൽ ഭാഗികമായി ശുദ്ധീകരിച്ച) ഓടവെള്ളവും വർധിച്ച അളവിൽ ഒഴുകിയെത്തുന്നതു നിമിത്തം” ഈ ഉൾക്കടലിന്റെ ചില ഭാഗങ്ങളിലെ ജലം “ഓടകളിലൂടെ ഒഴുകുന്ന മലിനജലം പോലെതന്നെയാണെന്നു പറയാം.” തന്മൂലമുള്ള ദോഷങ്ങൾ അതിഭീമമാണ്. ഉദാഹരണത്തിന് നിരവധി മത്സ്യവർഗങ്ങളുടെ നാശത്തിന് അത് ഇടയാക്കിയിരിക്കുന്നു. ഉപജീവനാർഥം ഈ ഉൾക്കടലിനെ ആശ്രയിക്കുന്ന 70,000 മുക്കുവന്മാരെ അതു പ്രതികൂലമായി ബാധിക്കുന്നു. മലിനീകൃത കടലോരങ്ങൾ വിനോദ സഞ്ചാരികളെ ഭയപ്പെടുത്തുന്നു. അഴുക്കുചാൽ സംവിധാനം കൂടുതൽ മെച്ചപ്പെടുത്താനും വ്യവസായ മേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനും ഗവൺമെന്റ് ശ്രമിച്ചിട്ടുണ്ട്. റിയോയിലെ മലിനീകരണ വിരുദ്ധ പ്രചരണ പരിപാടിയുടെ അംഗങ്ങൾ അതിന്റെ ചിഹ്നമായി സ്വീകരിച്ചിരിക്കുന്നതു രണ്ടു ഡോൾഫിനുകളെയാണ്. 2025-നു മുമ്പുതന്നെ ഗ്വാനബാറ ഉൾക്കടലിൽ ഡോൾഫിനുകൾ നീന്തുന്നതു നിങ്ങൾക്കു കാണാനാകും എന്നാണ് ഇതിനു ചുക്കാൻ പിടിക്കുന്നവരുടെ പ്രവചനം!
റിയോ ഇപ്പോഴും സുന്ദരിതന്നെ!
റിയോയിൽ നടത്തിയ ഈ ഹ്രസ്വസന്ദർശനത്തിനു ശേഷം എന്താണു നിങ്ങളുടെ അഭിപ്രായം? മിക്ക വിനോദ സഞ്ചാരികളുടെയും കരിയോക്കകളുടെയും അഭിപ്രായത്തിൽ റിയോ ഇപ്പോഴും സുന്ദരിതന്നെ! എന്നാൽ അവൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ചോ? അവ പരിഹരിക്കപ്പെടുകയാണെങ്കിൽ വളരെ നല്ലത്. എന്നാൽ ഈ പ്രശ്നങ്ങളുമായി പരമാവധി പൊരുത്തപ്പെട്ടുകൊണ്ട് അവളുടെ മനംകവരുന്ന ചുറ്റുപാടുകൾ ആസ്വദിക്കുകയാണ് അതുവരെ കരിയോക്കകൾക്കു ചെയ്യാൻ കഴിയുന്നത്. സർഗാത്മകതയോടും നർമരസത്തോടും കൂടെ അങ്ങനെ ചെയ്യാനാണ് അവർ പഠിച്ചിരിക്കുന്നതും.
[അടിക്കുറിപ്പുകൾ]
a “കരിയോക്ക” എന്നത് ഒരു റിയോ ഡി ജനീറോ നിവാസിയെ കുറിക്കുന്നു.
[18-ാം പേജിലെ ചതുരം/ചിത്രം]
റിയോയുടെ ചരിത്രത്തിലെ നാഴികക്കല്ലുകൾ
1502: ജനുവരി 1-ന് ആൻഡ്രേ ഗോൺസാൽവിസ് എന്ന പോർച്ചുഗീസ് നാവികൻ ഗ്വാനബാറ ഉൾക്കടലിന്റെ പ്രവേശന കവാടം ഒരു നദീമുഖമാണെന്ന് തെറ്റിദ്ധരിച്ച് അതിന് റിയോ ഡി ജനീറോ (ജനുവരിയിലെ നദി) എന്നു പേരിടുന്നു.
1565: പോർച്ചുഗീസ് സേനയുടെ ചീഫായിരുന്ന ഇസ്റ്റാസ്യൂ ഡി സാ, ഫ്രഞ്ചുകാർക്കെതിരെ പോരാടാനായി ഷുഗർലോഫ് പർവതത്തിനും കാരാ ഡി കൗണിനും ഇടയിൽ—ഈ മേഖലയുടെ മേൽ ഫ്രഞ്ചുകാരും അവകാശം ഉന്നയിച്ചിരുന്നു—ഒരു ചെറിയ കോളനി സ്ഥാപിക്കുന്നു. ഈ കോളനി റിയോ നഗരം ആയിത്തീരുന്നു.
1763: അടുത്തുള്ള മിനാ ഷെറൈസ് സംസ്ഥാനത്തുനിന്ന് ഈ തുറമുഖം വഴി ധാരാളം സ്വർണവും വജ്രങ്ങളും പോർച്ചുഗലിലേക്കു കൊണ്ടുപോയിരുന്നു. അവയുടെ കടത്തിക്കൊണ്ടു പോക്കിനെ നിയന്ത്രിക്കാനായി പോർച്ചുഗീസുകാർ റിയോയെ തലസ്ഥാനമായി ഉയർത്തുന്നു. ആഫ്രിക്കൻ അടിമ വ്യാപാരം കൂടുതൽ ശക്തമാകുന്നു.
1808: നെപ്പോളിയൻ ഒന്നാമന്റെ ആസന്നമായ കടന്നാക്രമണത്തെ ഭയപ്പെട്ട് കുടുംബ സമേതം പലായനം ചെയ്ത പോർച്ചുഗീസ് ഏകാധിപതി ഇവിടെ എത്തിച്ചേരുന്നു. അങ്ങനെ റിയോ പോർച്ചുഗീസ് ഏകാധിപതിയുടെ താത്കാലിക സിംഹാസനം ആയി മാറുന്നു. 1960-ൽ ബ്രസീലിയ നിർമിക്കപ്പെടുന്നതുവരെ റിയോ തലസ്ഥാനമായി തുടർന്നു.
[കടപ്പാട്]
FOTO: MOURA
[15, 16 പേജുകളിലെ ചിത്രം]
ബാറാ ഡാ ടിഷൂക്ക കടൽത്തീരം
[17-ാം പേജിലെ ചിത്രം]
മാരാക്കാൻ: ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയം
[18-ാം പേജിലെ ചിത്രം]
ആർക്കോസ് ഡാ ലാപാ: പാലമായി മാറിയ ജലപ്പാത്തി