കൊടുങ്കാറ്റിനെ തുടർന്ന് ക്രിസ്ത്യാനിത്വം പ്രകടമായി
മൊസാമ്പിക്കിലെ ഉണരുക! ലേഖകൻ
നഗരം മൊസാമ്പിക്കിലെ മാപ്പൂട്ടോ. തീയതി 1998 മാർച്ച് 2. സമയം സായാഹ്നം. അതിശക്തമായ ഒരു മഴക്കാറ്റ് നഗരത്തിൽ സംഹാരതാണ്ഡവമാടി. അടുത്ത പ്രഭാതത്തിൽ നാശാവശിഷ്ടങ്ങൾ നാലുപാടും ചിതറിക്കിടക്കുന്നതു കാണാമായിരുന്നു—കടലോരങ്ങളിൽ കടപുഴകിയ വൃക്ഷങ്ങൾ, കൂലംകുത്തിയൊഴുകിയ മഴവെള്ളത്തിൽ താറുമാറായ റോഡുകൾ, മേൽക്കൂരകൾ പറന്നുപോയതും നിലംപൊത്തിയതുമായ വീടുകൾ.
എന്നാൽ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസ് കെട്ടിടങ്ങൾക്കു യാതൊരു ഹാനിയും തട്ടിയില്ല. പക്ഷേ അതിന്റെ സമീപത്ത് ഉണ്ടായിരുന്ന ഒരു വീട് കാറ്റിനെ അതിജീവിച്ചില്ല. തടികൊണ്ടുള്ള ചട്ടക്കൂടും ചുളിവുകളുള്ള നാകത്തകിടുകൾകൊണ്ടു നിർമിച്ച മേൽക്കൂരയുമുള്ള ആ എളിയ ഭവനം ആഞ്ഞടിച്ച കാറ്റിനെ ചെറുത്തു നിൽക്കാനാകാതെ നിലംപൊത്തി. സന്തോഷകരമെന്നു പറയട്ടെ, ആ വീട്ടിലുണ്ടായിരുന്ന ആറു പേരും—ഒരു സ്ത്രീയും അഞ്ചു കുഞ്ഞുങ്ങളും—പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. എന്നാൽ അവരുടെ മറ്റെല്ലാം തന്നെ നഷ്ടപ്പെട്ടിരുന്നു.
പിറ്റേന്ന് നേരം പരപരാ വെളുത്തപ്പോൾത്തന്നെ വാച്ച് ടവർ സൊസൈറ്റിയുടെ ബ്രാഞ്ച് ഓഫീസിലെ സന്നദ്ധ സേവകർ അവരെ സന്ദർശിച്ചു. അപ്പോൾ അവർ തങ്ങൾക്ക് ആകെയുണ്ടായിരുന്ന ഏതാനും വീട്ടുസാമാനങ്ങൾക്കായി നാശാവശിഷ്ടങ്ങൾക്ക് ഇടയിൽ പരതുക ആയിരുന്നു. ഭൗതിക നഷ്ടം അവരെ തളർത്തിക്കളഞ്ഞിരുന്നു, കാരണം വീടു പുനർനിർമിക്കാൻ വേണ്ട പണം അവരുടെ പക്കൽ ഇല്ലായിരുന്നു. അവിടുത്തെ ചന്തയിൽ ഭക്ഷണ സാധനങ്ങൾ വിറ്റുകിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു അച്ഛനില്ലാത്ത ആ കുടുംബം കഴിഞ്ഞിരുന്നത്.
കാര്യാദികൾ അപഗ്രഥിച്ച ശേഷം, സഹായിക്കാനായി യഹോവയുടെ സാക്ഷികൾ സത്വരം രംഗത്തെത്തി. പഴയ വീടിന്റെ ഭാഗങ്ങൾ ഉപയോഗ ശൂന്യമായിരുന്നു. അതുകൊണ്ട് സന്നദ്ധ സേവകർ ആവശ്യമുള്ള വസ്തുക്കൾ ശേഖരിക്കുകയും ചെറുതെങ്കിലും ഉറപ്പുള്ള ഒരു വീടു പണിയാൻ ആരംഭിക്കുകയും ചെയ്തു.
എന്താണു സംഭവിക്കുന്നതെന്ന് അറിയാൻ ആകാംക്ഷാഭരിതർ ആയിരുന്നു അയൽക്കാർ. എന്നാൽ പണി അതിവേഗം പുരോഗമിക്കുന്നതു കണ്ടപ്പോൾ അവർ അത്ഭുതപ്പെട്ടുപോയി. വെറും അഞ്ചു ദിവസത്തിനുള്ളിൽ പൂർണമായി പുനർനിർമിക്കപ്പെട്ട വീട് താമസ യോഗ്യമായി. പുതിയ വീട്ടിലേക്കു പ്രവേശിച്ചപ്പോൾ ആ സ്ത്രീക്ക് നന്ദി പറയാൻ വാക്കുകൾ കിട്ടിയില്ല. എന്നാൽ, വാക്കുകളുടെ ആവശ്യം ഇല്ലായിരുന്നു. കാരണം അവരുടെയും അഞ്ചു കുഞ്ഞുങ്ങളുടെയും പുഞ്ചിരി തൂകുന്ന മുഖങ്ങളും വിലമതിപ്പു നിറഞ്ഞ കണ്ണുകളും അവർ സന്തുഷ്ടരാണെന്നു വ്യക്തമാക്കി.
ഈ സന്നദ്ധ സേവകരും സന്തുഷ്ടർ ആയിരുന്നു. യഥാർഥ ക്രിസ്ത്യാനിത്വത്തിന്റെ അന്തഃസത്ത ഒരു പ്രായോഗിക വിധത്തിൽ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചതിൽ അവർ ശരിക്കും സന്തോഷിച്ചു.—ഗലാത്യർ 6:10.
[13-ാം പേജിലെ ചിത്രം]
മാർച്ച് 5
മാർച്ച് 6
മാർച്ച് 7
പ്രാദേശിക സാക്ഷികൾ ഈ കുടുംബത്തിന്റെ വീടു പുനർനിർമിച്ചു