രക്തരഹിത ചികിത്സ—വിദഗ്ധർ പറയുന്നത്
നോർവേയിലെ ഉണരുക! ലേഖകൻ
“ഈ സമ്മേളനത്തിൽ കേട്ട എല്ലാം മറന്നാലും നിങ്ങളുടെ ബൂത്തിന്റെ കാര്യം ഞാൻ ഒരിക്കലും മറക്കുകയില്ല.” കഴിഞ്ഞ വേനൽക്കാലത്ത് (1998 ജൂൺ 27 മുതൽ ജൂലൈ 2 വരെ) നോർവേയിലെ ഓസ്ലോയിൽവെച്ചു നടന്ന അന്താരാഷ്ട്ര രക്തപ്പകർച്ചാ സൊസൈറ്റിയുടെ 25-ാം സമ്മേളനത്തിൽ പങ്കെടുത്ത ഒരു ഡോക്ടറുടെ അഭിപ്രായമാണ് അത്. അംഗീകൃത പ്രദർശകർ എന്ന നിലയിൽ യഹോവയുടെ സാക്ഷികൾ അവിടെ സ്ഥാപിച്ചിരുന്ന ഇൻഫർമേഷൻ ബൂത്ത് അദ്ദേഹം സന്ദർശിച്ചതേ ഉണ്ടായിരുന്നുള്ളൂ.a
83 രാജ്യങ്ങളിൽ നിന്നുള്ള 1,700-ലധികം ഡോക്ടർമാർ ഈ സമ്മേളനത്തിൽ പങ്കെടുത്തു. രക്തബാങ്കുകളുടെ അനേകം പ്രതിനിധികളും സന്നിഹിതരായിരുന്നു. കൂടാതെ രക്തശാസ്ത്ര വിദഗ്ധർ, ശസ്ത്രക്രിയാ വിദഗ്ധർ, അനസ്തേഷ്യാ വിദഗ്ധർ എന്നിവരും അവിടെ ഹാജരുണ്ടായിരുന്നു. ഈ ഉന്നതതല യോഗത്തിൽ വിദഗ്ധർ എന്തൊക്കെ ആശയങ്ങളാണു പങ്കുവെച്ചത്? യഹോവയുടെ സാക്ഷികൾ തങ്ങളുടെ ബൂത്തിൽ എന്തൊക്കെ പ്രദർശിപ്പിക്കുകയുണ്ടായി, പ്രതിനിധികളിൽ നിന്ന് അവർക്ക് എപ്രകാരമുള്ള പ്രതികരണമാണു ലഭിച്ചത്?
രക്തരഹിത പകര ചികിത്സകൾ
രക്തപ്പകർച്ച, രക്തപരിശോധന, മനുഷ്യ രക്തത്തിനു പകരം ഉപയോഗിക്കാവുന്ന പദാർഥങ്ങൾ എന്നിവയെ കുറിച്ചു ചർച്ചചെയ്യപ്പെട്ടു. സ്കോട്ടിഷ് ദേശീയ രക്തപ്പകർച്ചാ സ്ഥാപനത്തിലെ ഡോ. സി. വി. പ്രൗസ് “മനുഷ്യ രക്തത്തിനും രക്ഷ വിഭവങ്ങൾക്കും പകരം ഉപയോഗിക്കാവുന്ന ചികിത്സകളെ” കുറിച്ചു സംസാരിച്ചു. രക്താണുക്കളെ ഉത്പാദിപ്പിക്കാൻ ശരീരത്തെ ഉത്തേജിപ്പിച്ചുകൊണ്ട് അവയുടെ അളവു വർധിപ്പിക്കാൻ കഴിയുന്ന നിരവധി കൃത്രിമ വളർച്ചാ ഘടകങ്ങളെ കുറിച്ച് അദ്ദേഹം പരാമർശിക്കുകയുണ്ടായി. ഉദാഹരണത്തിന്, വൃക്കകൾ ഉത്പാദിപ്പിക്കുന്ന എരിത്രോപൊയിറ്റിൻ എന്ന ഹോർമോൺ അരുണ രക്താണുക്കളുടെ രൂപീകരണത്തെ ഉത്തേജിപ്പിക്കുന്നു. എന്നാൽ ഇപ്പോൾ അത് പരീക്ഷണ ശാലകളിൽ നിർമിക്കാനാകും. കൃത്രിമ “എരിത്രോപൊയിറ്റിൻ പലവിധ വിളർച്ചകൾക്കും ഉപയോഗിച്ചു വരുന്ന ഒരു നല്ല ചികിത്സാ വിധിയാണ്” എന്ന് ഡോ. പ്രൗസ് പ്രസ്താവിച്ചു.
രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നതിനായി സമാനമായ ഒരു പദാർഥവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഡോ. പ്രൗസ് ഇങ്ങനെ പറഞ്ഞു: “പ്ലേറ്റ്ലെറ്റുകളുടെ രൂപീകരണത്തിനു സഹായിക്കുന്ന ഘടകങ്ങളാണ് ഈ മേഖലയിലെ പുതു പുത്തൻ കണ്ടുപിടിത്തങ്ങൾ. പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വർധിപ്പിക്കാനുള്ള കഴിവു നിമിത്തം ഇന്റർലൂകിൻ 11-ന് ഇപ്പോൾത്തന്നെ ലൈസൻസ് ലഭിച്ചിട്ടുണ്ട് . . . ത്രോമ്പോപൊയിറ്റിനും അതിന്റെ അനുരൂപ സംയുക്തമായ rh-PEG-MGDF-നും പെട്ടെന്നുതന്നെ ലൈസൻസ് ലഭിക്കുമെന്നു തോന്നുന്നു.”
ഹിമോഫീലിയാ രോഗികളിൽ ഫലപ്രദമെന്നു തെളിഞ്ഞ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന കൃത്രിമ ഘടകങ്ങളെ കുറിച്ചും (പ്ലാസ്മാ പ്രോട്ടീനുകൾ) ഡോ. പ്രൗസ് പ്രസ്താവിക്കുകയുണ്ടായി: “അനേകം കൃത്രിമ പ്ലാസ്മാ പ്രോട്ടീനുകൾക്കും ലൈസൻസ് ലഭിച്ചിട്ടുണ്ട്. കൂടാതെ പ്ലാസ്മായിൽനിന്ന് എടുക്കുന്ന വസ്തുക്കൾ വൈറസ് സംക്രമണത്തിന് ഇടയാക്കിയേക്കാം എന്നതിനാൽ ചില കേസുകളിൽ ഇത്തരം കൃത്രിമ വസ്തുക്കൾ ഉപയോഗിച്ചുള്ള ചികിത്സയ്ക്കാണു മുൻതൂക്കം.” “രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മറ്റു നിരവധി ഘടകങ്ങൾ ഇപ്പോൾ പണിപ്പുരയിലാണ്” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷനിലെ അംഗമായ എൻ. എസ്. ഫെയ്ത്ത്ഫുൾ പെർഫ്ളൂറോകാർബൺ സംയുക്തങ്ങളെ കുറിച്ചു (പിഎഫ്സി) ചർച്ച ചെയ്യുകയുണ്ടായി. ചിലതരം പെർഫ്ളൂറോകാർബണുകൾക്ക് രക്തപര്യയന വ്യവസ്ഥയിലൂടെ ഓക്സിജനെ വഹിച്ചുകൊണ്ടു പോകാനാകും. എന്നുവരികിലും ഈ രാസ വസ്തുക്കളുടെ ആദ്യത്തെ തലമുറ “കൃത്രിമ” രക്തം എന്ന നിലയിൽ ഫലപ്രദമെന്നു തെളിഞ്ഞില്ല. എന്നാൽ പുരോഗതി ഉണ്ടായിട്ടുണ്ടോ? ഫെയ്ത്ത്ഫുൾ പ്രസ്താവിച്ചു: “കഴിഞ്ഞ ഏതാനും വർഷങ്ങളിൽ പിഎഫ്സി സാങ്കേതിക വിദ്യയിൽ കൂടുതലായ പുരോഗതികൾ ഉണ്ടായിട്ടുണ്ട്, അതുപോലെതന്നെ [രണ്ടാം] തലമുറയിലെ [രണ്ടു] പിഎഫ്സി എമൾഷനുകൾ ഉപയോഗിച്ചു ക്ലിനിക്കൽ പരീക്ഷണങ്ങളും നടത്തിക്കഴിഞ്ഞിരിക്കുന്നു.” മിക്കപ്പോഴും ധാരാളം രക്തം നഷ്ടപ്പെടുന്ന അസ്ഥി-സ്ത്രീലൈംഗികാവയവ-മൂത്രവ്യൂഹ സംബന്ധമായ ശസ്ത്രക്രിയകൾക്കു വിധേയരായ 256 രോഗികളിൽ ഇതിൽ ഒരെണ്ണം ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങളെ കുറിച്ച് അദ്ദേഹം റിപ്പോർട്ടു ചെയ്തു. ഫലമോ? “രക്തപ്പകർച്ച നടത്തേണ്ടതുണ്ടെന്നു കാണിക്കുന്ന സൂചനകൾ ഇല്ലാതാക്കുന്നതിൽ ഓക്സിജൻ വാഹക സംയുക്തം രക്തത്തെക്കാൾ വളരെ നല്ലതാണെന്നും അത് ഉപയോഗിക്കുമ്പോൾ രോഗിയുടെ രക്തംതന്നെ കയറ്റുമ്പോഴത്തേതിനെക്കാൾ കൂടുതൽ നേരത്തേക്ക് ഈ സൂചനകൾ അപ്രത്യക്ഷമായെന്നും ഈ രണ്ടു പഠനങ്ങളിൽ നിന്നുമുള്ള വിവരങ്ങൾ സൂചിപ്പിച്ചു.”
അത്തരം എമൾഷനുകളിലെ പിഎഫ്സി കണികകൾ “വളരെ ചെറുതാണെന്നും . . .—ഒരു അരുണ രക്താണുവിന്റെ വ്യാസത്തെക്കാൾ ഏതാണ്ട് 40 മടങ്ങ് ചെറുത്—അതുകൊണ്ട് അരുണ രക്താണുക്കൾക്കു സഞ്ചരിക്കാൻ കഴിയാത്ത ലോമികകളിലൂടെപ്പോലും പിഎഫ്സി കണികകൾക്കു സഞ്ചരിക്കാനാകും എന്നും” ആ സമ്മേളനത്തിൽ പ്രസ്താവിക്കുകയുണ്ടായി. കേടുപറ്റിയതും രക്തം ലഭിക്കാത്തതുമായ കലകൾക്ക് അതു പ്രയോജനം ചെയ്യുമെന്നു തോന്നുന്നു.
ശസ്ത്രക്രിയകളിൽ അനാവശ്യമായി രക്തം ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതിന്റെ ആവശ്യം ഒരു ബ്രിട്ടീഷ് ഡോക്ടർ ഊന്നിപ്പറഞ്ഞു. രക്തശേഖരത്തിലുള്ള കുറവും രക്തപ്പകർച്ചയുമായി ബന്ധപ്പെട്ട അപകടങ്ങളും നിമിത്തമാണ് അദ്ദേഹം അങ്ങനെ ആഹ്വാനം ചെയ്തത്. രക്തത്തിന്റെ ഉപയോഗം എത്രകണ്ടു കുറയ്ക്കാൻ സാധിക്കും എന്നു ദൃഷ്ടാന്തീകരിക്കാനായി, താൻ ചെയ്ത ഇടുപ്പു ശസ്ത്രക്രിയകളിൽ വെറും 10 ശതമാനത്തിനു മാത്രം രക്തം ഉപയോഗിച്ച ഒരു ശസ്ത്രക്രിയാ വിദഗ്ധനെ കുറിച്ച് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. എന്നാൽ അതേ ആശുപത്രിയിലെ മറ്റു ശസ്ത്രക്രിയാ വിദഗ്ധർ ഇടുപ്പു ശസ്ത്രക്രിയയ്ക്കു വിധേയരായ 70 ശതമാനം രോഗികളിലും രക്തം കയറ്റി.
യഹോവയുടെ സാക്ഷികൾ പ്രതിനിധീകരിക്കപ്പെടുന്നു
രക്തം കൂടാതെയുള്ള അത്തരം പകര ചികിത്സാ മാർഗങ്ങളെ കുറിച്ചും സംവിധാനങ്ങളെ കുറിച്ചും ഉള്ള വിവരങ്ങൾ യഹോവയുടെ സാക്ഷികളുടെ ബൂത്തിൽ ലഭ്യമായിരുന്നു. ലോകമെമ്പാടുമായി ഇപ്പോൾ 120 മെഡിക്കൽ സെന്ററുകൾ രക്തരഹിത മരുന്നുകൾ കൊടുക്കുന്നുണ്ടെന്ന് ഒരു പോസ്റ്റർ സൂചിപ്പിച്ചു. അതുപോലെതന്നെ വൈദ്യസംബന്ധമായ ഏതാണ്ട് 1,000 ലേഖനങ്ങളിൽ നിന്നുള്ള വാർത്താശകലങ്ങളിലെ വിവരങ്ങൾ അച്ചടിച്ചു നൽകി. രക്തപ്പകർച്ച ഒഴിവാക്കിക്കൊണ്ടുള്ള വ്യത്യസ്ത ചികിത്സാ രീതികളെ—ശസ്ത്രക്രിയയ്ക്കു മുമ്പും പിമ്പും ശസ്ത്രക്രിയാ സമയത്തും പ്രയോഗിക്കാവുന്ന വിദ്യകൾ—സംബന്ധിച്ച വിവരങ്ങളും പ്രദാനം ചെയ്യപ്പെട്ടു.
പ്രതികരണം തികച്ചും അനുകൂലമായിരുന്നു. ബൂത്തിൽ നിന്നിരുന്ന സാക്ഷികൾക്കു സമ്മേളനത്തിൽ പങ്കെടുത്ത ഏതാണ്ട് 480 ഡോക്ടർമാരുമായി സംസാരിക്കാനുള്ള അവസരം ലഭിച്ചു. അവരിൽ മിക്കവരും കൂടുതൽ വിവരങ്ങൾക്കായി മടങ്ങിവന്നു, ചിലരാകട്ടെ തങ്ങളുടെ സഹപ്രവർത്തകരെയും കൂട്ടിക്കൊണ്ടാണു മടങ്ങിവന്നത്. അനസ്തേഷ്യാ വിഭാഗത്തിലും ശസ്ത്രക്രിയാ വിഭാഗത്തിലും പ്രൊഫസറായ കാലിഫോർണിയയിൽ നിന്നുള്ള ഒരു ഡോക്ടർ ഇങ്ങനെ പറഞ്ഞു: “ഇത് അതിഗംഭീരം തന്നെ.” ജർമനിയിൽ നിന്നുള്ള മറ്റൊരു പ്രൊഫസറുടെ അഭിപ്രായം ഇങ്ങനെ ആയിരുന്നു: “വിദ്യാർഥികളെ പഠിപ്പിക്കുമ്പോൾ എനിക്ക് ഈ വിവരങ്ങൾ ഉപയോഗിക്കാനാകും.” ചൈനയിലെ ഏറ്റവും വലിയ രക്ഷ ബാങ്കിനെ പ്രതിനിധീകരിച്ച ഒരു ഡോക്ടർ പറഞ്ഞത് ഇങ്ങനെയാണ്: “രക്തശേഖരത്തിന്റെ ദൗർലഭ്യം നിമിത്തം ഇത്തരം വിവരങ്ങൾ ഞങ്ങൾക്ക് അത്യാവശ്യമാണ്.”
അച്ചടിച്ച വിവരങ്ങൾ ലഭിച്ചതിന്റെ പിറ്റേ ദിവസം നോർവേയിലുള്ള ഒരു ആശുപത്രിയിലെ രക്ഷ ബാങ്കിന്റെ തലവൻ മടങ്ങിവന്നിട്ട് ഇങ്ങനെ ചോദിച്ചു: “എനിക്ക് രണ്ടുമൂന്നു കോപ്പികൂടി തരാമോ? ശസ്ത്രക്രിയാ വിദഗ്ധർക്കും അനസ്തേഷ്യാ വിദഗ്ധർക്കും കൊടുക്കാനാണ്. എന്നിട്ട്, ഓപ്പറേഷനിൽ രക്തം കയറ്റുന്നതു കുറയ്ക്കാനോ ഒഴിവാക്കാനോ ആയി ഈ രീതികൾ അവലംബിക്കാൻ ഞാൻ അവരോടു പറയും.” മറ്റൊരു ഡോക്ടർ പറഞ്ഞു: “ഈ സമ്മേളനത്തിലെ ഏറ്റവും ശ്രദ്ധാർഹമായ ബൂത്ത് ഇതാണ്.”
രക്തപ്പകർച്ചകൾ കൂടാതെ രോഗികളെ ചികിത്സിക്കാൻ കഴിയുന്നവരും അങ്ങനെ ചെയ്യാൻ മനസ്സൊരുക്കം ഉള്ളവരുമായ ഡോക്ടർമാരെ കണ്ടെത്താൻ ആളുകളെ സഹായിക്കുന്നതിൽ യഹോവയുടെ സാക്ഷികൾ ലോകമെമ്പാടും കർമനിരതരാണ്. രക്തപ്പകർച്ചയ്ക്കു പകരമുള്ള ചികിത്സാ മാർഗങ്ങളെ കുറിച്ചുള്ള നൂതന വിവരങ്ങളും സാക്ഷികൾ ലഭ്യമാക്കിയിട്ടുണ്ട്. സമ്മേളന സ്ഥലത്തുവെച്ച്, അനേകം നാടുകളിൽനിന്നുള്ള ശസ്ത്രക്രിയാ വിദഗ്ധർ ഉൾപ്പെടെ നൂറുകണക്കിനു ഡോക്ടർമാരും മറ്റു മെഡിക്കൽ ജോലിക്കാരും അത്തരം വിവരങ്ങളിൽ താത്പര്യം പ്രകടിപ്പിച്ചു. രക്തപ്പകർച്ച ഒഴിവാക്കാൻ സഹായിക്കുന്ന മാർഗങ്ങളും ഉത്പന്നങ്ങളും ഉപയോഗിക്കാൻ ഇവർ ശ്രമിക്കുമ്പോൾ അതിന് ഒരു ക്രിയാത്മക ഫലം തന്നെ ഉണ്ടായിരിക്കും.
[അടിക്കുറിപ്പുകൾ]
a മതപരമായ കാരണങ്ങളാൽ യഹോവയുടെ സാക്ഷികൾ രക്തം സ്വീകരിക്കുന്നില്ല. എന്നാൽ രക്തം കൂടാതെയുള്ള പകര ചികിത്സാവിധികളാണ് അവർ തേടുന്നത്. (പ്രവൃത്തികൾ 15:28, 29) അതിന്റെ കാരണങ്ങളും ന്യായയുക്തതയും സംബന്ധിച്ചുള്ള വിവരങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച രക്തത്തിന് നിങ്ങളുടെ ജീവനെ എങ്ങനെ രക്ഷിക്കാൻ കഴിയും? എന്ന ലഘുപത്രിക കാണുക.