അനൊറെക്സിയയും ബൂളിമിയയും—യാഥാർഥ്യങ്ങളും അപകടങ്ങളും
“ആഹാരത്തിന് ഒരു വൈകാരിക വശമുണ്ട്. കലോറികളിലോ ഗ്രാമുകളിലോ അളക്കാൻ സാധിക്കാത്തവിധം അത് അത്രയധികം കനമേറിയതാണ്.”—ഗ്രന്ഥകർത്രിയായ ജാനറ്റ് ഗ്രീസൻ.
ഏറ്റവും സാധാരണമായി കാണപ്പെടുന്ന രണ്ട് ആഹാരശീല വൈകല്യങ്ങളാണ് അനൊറെക്സിയയും ബൂളിമിയയും. ഓരോന്നിനും അതിന്റേതായ പ്രത്യേകതകൾ ഉണ്ട്. നമ്മൾ കാണാൻ പോകുന്നതുപോലെ രണ്ടും അപകടകാരികളായേക്കാം, ഒരുപക്ഷേ അവ മരണത്തിനുപോലും ഇടയാക്കിയേക്കാം.
അനൊറെക്സിയ—സ്വയം പട്ടിണിക്കിടൽ
അനൊറെക്സിയ ഉള്ളവർ ഒന്നുകിൽ ആഹാരം കഴിക്കാൻ വിസമ്മതിക്കുന്നു അല്ലെങ്കിൽ വികലപോഷിതരായി തീരത്തക്കവിധം തീരെ കുറച്ച് ആഹാരം കഴിക്കുന്നു. 17 വയസ്സുള്ള അന്റോയ്നെറ്റിന്റെ കാര്യമെടുക്കാം. ഒരു ഘട്ടത്തിൽ തന്റെ തൂക്കം 37 കിലോ ആയി കുറഞ്ഞിരിക്കാൻ സാധ്യതയുണ്ടെന്ന് അവൾ പറയുന്നു. അഞ്ച് അടി ഏഴ് ഇഞ്ച് പൊക്കമുള്ള ഒരു കൗമാരപ്രായക്കാരിയെ സംബന്ധിച്ചിടത്തോളം ഈ തൂക്കം നന്നേ കുറവാണ്. അവൾ ഇങ്ങനെ പറയുന്നു: “ദിവസം 250 കലോറിയിലധികം ഞാൻ കഴിക്കുമായിരുന്നില്ല. എന്തൊക്കെ കഴിച്ചെന്ന് ഞാൻ ഒരു നോട്ടുബുക്കിൽ കുറിച്ചിടുകയും ചെയ്യുമായിരുന്നു.”
അനൊറെക്സിയ ബാധിച്ചവരെ ആഹാരത്തെ കുറിച്ചുള്ള ചിന്ത നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും. തൂക്കം വർധിക്കാതിരിക്കാൻ അവർ അങ്ങേയറ്റത്തെ നടപടികൾ സ്വീകരിക്കും. “ചുണ്ടുകൾ തുടയ്ക്കുകയാണെന്ന മട്ടിൽ വായിലുള്ള ആഹാരം ഞാൻ തൂവാലയിലേക്കു തുപ്പുമായിരുന്നു,” ഹെതർ പറയുന്നു. സൂസൻ ആണെങ്കിൽ തൂക്കം വർധിക്കാതിരിക്കാൻ അമിതമായി വ്യായാമം ചെയ്തിരുന്നു. അവൾ പറയുന്നു: “മിക്കവാറും എല്ലാ ദിവസവും ഞാൻ 12 കിലോമീറ്റർ ഓടുകയോ ഒരു മണിക്കൂർ നീന്തുകയോ ചെയ്യുമായിരുന്നു. ഇല്ലെങ്കിൽ എനിക്കു വല്ലാത്ത ഉത്കണ്ഠയും കുറ്റബോധവും തോന്നുമായിരുന്നു. ദിവസവും രാവിലെ ഞാൻ എന്റെ തൂക്കം നോക്കും, 45 കിലോയിൽ താഴെയാണെന്ന് ഉറപ്പുവരുത്താൻ. എന്റെ ഏറ്റവും വലിയ വിനോദം, സാധാരണഗതിയിൽ ഏർപ്പെടാറുള്ള ഒരേയൊരു വിനോദം അതായിരുന്നു.”
വൈരുധ്യമെന്നു പറയട്ടെ, അനൊറെക്സിയ ഉള്ള ചിലർ ഒന്നാന്തരം പാചകക്കാരായി മാറും. സ്വാദിഷ്ടമായ വിഭവങ്ങൾ തയ്യാറാക്കുമെങ്കിലും അവർ അതു കൈകൊണ്ടു തൊടുകപോലുമില്ല. “എന്റെ നില അതീവ ഗുരുതരമായിരുന്ന ഘട്ടത്തിൽ, വീട്ടിൽ എല്ലാ നേരവും ആഹാരം പാകം ചെയ്തിരുന്നതും അനുജനും അനുജത്തിക്കും പൊതികെട്ടി കൊടുത്തിരുന്നതും ഞാനായിരുന്നു,” അന്റോയ്നെറ്റ് പറയുന്നു. “ഫ്രിഡ്ജിന് അടുത്തേക്കുപോലും ഞാൻ അവരെ അടുപ്പിക്കുമായിരുന്നില്ല. അടുക്കള എന്റെ സ്വന്തമാണെന്ന് എനിക്കു തോന്നി.”
എ പേരന്റ്സ് ഗൈഡ് ടു അനൊറെക്സിയ ആന്റ് ബൂളിമിയ എന്ന പുസ്തകം പറയുന്നത് അനുസരിച്ച് അനൊറെക്സിയ ഉള്ള ചിലർ “അങ്ങേയറ്റത്തെ വൃത്തിയും വെടിപ്പും ഉള്ളവരായി മാറിയേക്കാം. വീട്ടിലുള്ളവർ മുഴുവൻ തങ്ങളുടെ നിലവാരങ്ങളിൽ എത്തിച്ചേരണമെന്ന് അവർ ശഠിച്ചേക്കാം, അവ പ്രാവർത്തികമല്ലെങ്കിൽപ്പോലും. മാസികയും ചെരിപ്പും കാപ്പിക്കപ്പും എല്ലാം എപ്പോഴും അതതിന്റെ സ്ഥാനത്തിരിക്കണമെന്ന് അവർക്കു നിർബന്ധമാണ്. വ്യക്തിപരമായ ശുചിത്വത്തിന്റെയും ചമയത്തിന്റെയും കാര്യത്തിലും അവർ ഇതേപോലെ, ഒരു പക്ഷേ ഇതിലധികമായിപ്പോലും ചിന്തയുള്ളവർ ആയിരിക്കും. മണിക്കൂറുകളോളം അവർ കുളിമുറിയിലോ ഡ്രസിങ് റൂമിലോ ചെലവഴിക്കും. മറ്റുള്ളവർക്ക് സ്കൂളിലോ ജോലിക്കോ പോകേണ്ടതുണ്ടെങ്കിൽപ്പോലും അവർ ഇറങ്ങിക്കൊടുക്കില്ല.”
അനൊറെക്സിയ എന്ന ഈ അസാധാരണ വൈകല്യം വികാസം പ്രാപിക്കുന്നത് എങ്ങനെയാണ്? സാധാരണഗതിയിൽ, കൗമാരത്തിൽ അല്ലെങ്കിൽ യുവപ്രായത്തിൽ ഉള്ള ഒരു വ്യക്തി—മിക്കപ്പോഴും ഒരു പെൺകുട്ടി—ഏതാനും കിലോ തൂക്കം കുറയ്ക്കാൻ തീരുമാനിക്കുന്നു. എന്നാൽ ആ ലക്ഷ്യത്തിൽ എത്തിച്ചേർന്നിട്ടും അവൾ തൃപ്തയാകുന്നില്ല. കണ്ണാടിയിൽ നോക്കുമ്പോൾ തനിക്ക് ഇപ്പോഴും വണ്ണമുള്ളതായി അവൾക്കു തോന്നും. തൂക്കം അൽപ്പം കൂടെ കുറയ്ക്കുന്നതു നല്ലതായിരിക്കും എന്ന് അവൾ വിചാരിക്കുന്നു. പൊക്കത്തിന് അനുസരിച്ച തൂക്കത്തിന്റെ 15 ശതമാനമോ അതിലധികമോ കുറയുന്നതുവരെ ഈ തൂക്കം കുറയ്ക്കൽ പ്രക്രിയ തുടർന്നുകൊണ്ടിരിക്കും.
ഈ ഘട്ടത്തിൽ, മേൽപ്പറഞ്ഞ വ്യക്തി മെലിഞ്ഞ് എല്ലും തോലുമായെന്നു ബന്ധുമിത്രാദികൾ പരാതി പറയാൻ തുടങ്ങുന്നു. എന്നാൽ അനൊറെക്സിയ ഉള്ള ഒരു വ്യക്തി കാര്യങ്ങൾ മറ്റൊരു വിധത്തിലാണു കാണുന്നത്. “ഞാൻ വല്ലാതെ മെലിഞ്ഞുപോയെന്നൊന്നും എനിക്കു തോന്നിയില്ല,” അനൊറെക്സിയ ബാധിതനായ അഞ്ച് അടി ഒമ്പത് ഇഞ്ച് പൊക്കമുള്ള അലൻ പറയുന്നു. ഒരു ഘട്ടത്തിൽ അദ്ദേഹത്തിന്റെ തൂക്കം 33 കിലോ ആയി കുറഞ്ഞിരുന്നു. “തൂക്കം കുറയുന്തോറും നിങ്ങളുടെ മനസ്സ് കൂടുതൽ വികലമാകും, അങ്ങനെ നിങ്ങളെ വ്യക്തമായി കാണാൻ നിങ്ങൾക്കു സാധിക്കാതാകും” എന്ന് അദ്ദേഹം പറയുന്നു.a
കാലക്രമേണ അസ്ഥിദ്രവീകരണം, വൃക്ക തകരാറ് തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക്—ചിലപ്പോൾ മരണത്തിനുതന്നെ—അനൊറെക്സിയ ഇടയാക്കിയേക്കാം. “ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും ഞാൻ കഴിച്ചിരുന്നില്ലെന്നും എന്റെ ആഹാരശീലം രണ്ടു മാസം കൂടെ തുടർന്നുകൊണ്ടു പോയിരുന്നെങ്കിൽ ഞാൻ വികലപോഷണത്താൽ മരിച്ചു പോകുമായിരുന്നെന്നും എന്റെ ഡോക്ടർ പറഞ്ഞു,” ഹെതർ പറയുന്നു. പത്തു വർഷ കാലയളവിൽ അനൊറെക്സിയ ഉള്ളതായി കണ്ടെത്തപ്പെട്ട സ്ത്രീകളുടെ ഏതാണ്ട് 5 ശതമാനം മരിക്കുന്നതായി ദ ഹാർവാർഡ് മെന്റൽ ഹെൽത്ത് ലെറ്റർ റിപ്പോർട്ടു ചെയ്യുന്നു.
ബൂളിമിയ—വാരിവലിച്ചു തിന്നുക എന്നിട്ട് പുറത്തു കളയുക
ബൂളിമിയ നെർവോസ എന്ന് അറിയപ്പെടുന്ന ആഹാരശീല വൈകല്യത്തിൽ ആഹാരം വാരിവലിച്ചു തിന്നുന്നതും (ഒരുപക്ഷേ 5,000 കലോറിയോ അതിൽ കൂടുതലോ ആഹാരം ഒറ്റയടിക്ക് അകത്താക്കൽ) പിന്നെ അതു പുറത്തു കളയുന്നതും (പലപ്പോഴും, ഛർദിച്ചോ വിരേചനൗഷധങ്ങൾ ഉപയോഗിച്ചോ കഴിച്ച ആഹാരം പുറന്തള്ളൽ) ഉൾപ്പെടുന്നു.b
അനൊറെക്സിയയിൽനിന്നു വ്യത്യസ്തമായി ബൂളിമിയ എളുപ്പത്തിൽ തിരിച്ചറിയാനാവില്ല. ഈ വൈകല്യം ഉള്ള വ്യക്തിയുടെ ശരീരം അസാധാരണമാം വിധം ശോഷിച്ചതല്ലായിരിക്കാം. മാത്രമല്ല, അവളുടെ ആഹാരശീലങ്ങൾ സാധാരണ നിലയിലാണെന്നു മറ്റുള്ളവർക്കു തോന്നിയേക്കാം. എന്നാൽ ബൂളിമിയ ഉള്ള വ്യക്തിയുടെ ജീവിതം തീർച്ചയായും സാധാരണ നിലയിലല്ല. ആഹാരത്തിനല്ലാതെ മറ്റൊന്നിനും അവളുടെ ചിന്തയിൽ സ്ഥാനമില്ല. “ആഹാരം അകത്താക്കുന്നതിലും അതു ഛർദിച്ചു കളയുന്നതിലും മുഴുകുന്തോറും മറ്റു കാര്യങ്ങളെയോ ആളുകളെയോ കുറിച്ചുള്ള എന്റെ ചിന്ത കുറഞ്ഞുവന്നു,” 16 വയസ്സുകാരിയായ മെലിൻഡ പറയുന്നു. “കൂട്ടുകാരോടൊപ്പം കളിച്ചു രസിച്ചു നടക്കാൻ ഞാൻ മറന്നുവെന്നുതന്നെ പറയാം.”
ആഹാരശീല വൈകല്യങ്ങളെ കുറിച്ച് എഴുതുന്ന ഒരുവളും ആ മേഖലയിലെ അധ്യാപികയുമായ ഗെനിൻ റോത്ത് ആഹാരം വാരിവലിച്ചു ഭക്ഷിക്കുന്നതിനെ “മുപ്പതു മിനിറ്റ് നീണ്ടുനിൽക്കുന്ന ഭ്രാന്തമായ ഒരു പ്രവൃത്തി, നരകത്തിലേക്കുള്ള വീഴ്ച” എന്നാണ് വർണിക്കുന്നത്. അപ്രകാരം ആഹാരം അകത്താക്കുമ്പോൾ “മറ്റൊന്നിനും സ്ഥാനമില്ല, സുഹൃത്തുക്കളോ കുടുംബമോ ഒന്നും പ്രശ്നമല്ല . . . ആഹാരം എന്ന ഒറ്റ ചിന്ത മാത്രമേ ഉണ്ടായിരിക്കൂ” എന്ന് അവർ പറയുന്നു. ഈ വൈകല്യമുള്ള 17 വയസ്സുകാരി ലിഡിയ തന്റെ അവസ്ഥയെ വർണിക്കാൻ പറ്റിയ ഒരു ഉദാഹരണം നൽകുന്നു. “ഉപയോഗശൂന്യമായ വസ്തുക്കൾ ഞെരിച്ചു പൊടിക്കുന്ന ഒരു യന്ത്രമാണ് ഞാൻ എന്ന് എനിക്കു തോന്നി,” അവൾ പറയുന്നു. “സാധനങ്ങൾ കുത്തിനിറയ്ക്കുക, ഞെരിച്ചു പൊടിക്കുക, എന്നിട്ട് പുറന്തള്ളുക. ഒരേ പ്രക്രിയ തന്നെ വീണ്ടും വീണ്ടും ആവർത്തിക്കുന്നു.”
ബൂളിമിയ ഉള്ള വ്യക്തി അനിയന്ത്രിതമായി ആഹാരം അകത്താക്കുമെങ്കിലും തൂക്കം വർധിക്കാതിരിക്കാൻ കിണഞ്ഞു പരിശ്രമിക്കും. അതുകൊണ്ട്, ആഹാരം അകത്താക്കിയശേഷം അതു ശരീരത്തിൽ കൊഴുപ്പായി മാറുന്നതിനു മുമ്പ് ഉടനടി അവൾ അത് ഛർദിച്ചു കളയുകയോ വിരേചനൗഷധങ്ങൾ കഴിച്ച് പുറന്തള്ളുകയോ ചെയ്യും.c നമുക്ക് ഇതു കേൾക്കുന്നതുതന്നെ അരോചകമായി തോന്നുമെങ്കിലും ഇതു ചെയ്തു ശീലിച്ച ബൂളിമിയ രോഗിക്ക് അങ്ങനെ തോന്നുകയില്ല. “എത്രയധികം നിങ്ങൾ ആഹാരം അകത്താക്കുകയും പിന്നീട് അതു പുറത്തു കളയുകയും ചെയ്യുന്നുവോ അത്രയധികം അതു നിങ്ങൾക്ക് എളുപ്പമായിത്തീരും,” സാമൂഹിക പ്രവർത്തകയായ നാൻസി കൊളൊഡ്നി വിശദമാക്കുന്നു. “ആദ്യമൊക്കെ അറപ്പും പേടിയും തോന്നുമെങ്കിലും താമസിയാതെ, ബൂളിമിയയുടെ പ്രത്യേകതകളായ ഈ പ്രക്രിയകൾ വീണ്ടും വീണ്ടും ആവർത്തിക്കാനുള്ള അനിയന്ത്രിത പ്രേരണയുണ്ടാകും.”
ബൂളിമിയ അങ്ങേയറ്റം അപകടകാരിയാണ്. ഉദാഹരണത്തിന്, കൂടെക്കൂടെ ആഹാരം ഛർദിച്ചു കളയുന്നതുമൂലം ആമാശയത്തിലെ ദ്രവീകരണ സ്വഭാവമുള്ള അമ്ലങ്ങൾ വായിൽ പറ്റുകയും അതു പല്ലിന്റെ ഇനാമൽ ദ്രവിച്ചുപോകുന്നതിന് ഇടയാക്കുകയും ചെയ്യും. മേൽപ്പറഞ്ഞ നടപടി ബൂളിമിയ ഉള്ള വ്യക്തിയുടെ അന്നനാളം, കരൾ, ശ്വാസകോശങ്ങൾ, ഹൃദയം എന്നിവയ്ക്കും തകരാറു വരുത്തിയേക്കാം. അങ്ങേയറ്റം ഗുരുതരമായ സാഹചര്യങ്ങളിൽ ഛർദി മൂലം ആമാശയം പൊട്ടിയേക്കാം, ചിലപ്പോൾ മരണംതന്നെ സംഭവിച്ചെന്നും വരാം. വിരേചനൗഷധങ്ങളുടെ അമിതമായ ഉപയോഗവും അപകടം വരുത്തിവെച്ചേക്കാം. അത് കുടലിന്റെ പ്രവർത്തനങ്ങൾ തകരാറിലാക്കുകയും അങ്ങനെ തുടർച്ചയായ അതിസാരത്തിനും മലാശയത്തിൽനിന്നുള്ള രക്തസ്രാവത്തിനും ഇടയാക്കുകയും ചെയ്യും. കൂടെക്കൂടെയുള്ള ഛർദിയുടെ കാര്യത്തിലെന്നപോലെതന്നെ അങ്ങേയറ്റം ഗുരുതരമായ സാഹചര്യങ്ങളിൽ വിരേചനൗഷധങ്ങളുടെ ദുരുപയോഗം ഹൃദയസ്തംഭനത്തിന് ഇടയാക്കിയേക്കാം.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് പറയുന്ന പ്രകാരം, ആഹാരശീല വൈകല്യങ്ങൾ ഉള്ളവരുടെ എണ്ണം നിരന്തരം വർധിച്ചുകൊണ്ടിരിക്കുന്നു. സ്വയം പട്ടിണിക്കിട്ടുകൊണ്ട് ജീവിതം പന്താടാൻ ഒരു യുവതിയെ പ്രേരിപ്പിക്കുന്നത് എന്താണ്? ഭക്ഷണത്തോട് അമിതമായ പ്രിയം തോന്നി അതു വാരിവലിച്ചു ഭക്ഷിക്കാനും പിന്നീട് തൂക്കം വർധിക്കുമോ എന്ന അമിത ഭയത്താൽ കഴിച്ച ആഹാരം പുറത്തു കളയാനും ഒരു പെൺകുട്ടിയെ പ്രേരിപ്പിക്കുന്നത് എന്താണ്? അടുത്ത ലേഖനത്തിൽ ഈ ചോദ്യങ്ങൾ പരിചിന്തിക്കുന്നതായിരിക്കും.
[അടിക്കുറിപ്പുകൾ]
a ഒരു വ്യക്തിയുടെ തൂക്കത്തിന്റെ 20-25 ശതമാനം വരെ കുറയുന്നത്, ഇന്ദ്രിയ ഗ്രഹണപ്രാപ്തിക്ക് വ്യതിയാനം വരുത്തിയേക്കാവുന്ന വിധത്തിലുള്ള രാസമാറ്റങ്ങൾ അയാളുടെ മസ്തിഷ്കത്തിൽ ഉളവാക്കിയേക്കാമെന്നും അത്, വണ്ണമില്ലാത്ത ഇടങ്ങളിൽ വണ്ണമുണ്ടെന്ന് അയാൾക്കു തോന്നാൻ ഇടയാക്കിയേക്കാമെന്നും ചില വിദഗ്ധർ പറയുന്നു.
b മേൽപ്പറഞ്ഞ രീതികളിലൂടെ പുറന്തള്ളാതെതന്നെ ആഹാരം അനിയന്ത്രിതമായി വാരിവലിച്ചു ഭക്ഷിക്കുന്നതും ഒരു ആഹാരശീല വൈകല്യമായി ചിലർ കണക്കാക്കുന്നു.
c ബൂളിമിയയുള്ള പലരും തൂക്കം വർധിക്കാതിരിക്കാൻ ദിവസവും അമിതമായി വ്യായാമം ചെയ്യുന്നു. ചിലർ തൂക്കം കുറയ്ക്കുന്നതിൽ വളരെയധികം വിജയിക്കുകയും കാലക്രമേണ അനൊറെക്സിയ ഉള്ളവരായി മാറുകയും ചെയ്യും. പിന്നീട് അവർ അനൊറെക്സിയയുടെയും ബൂളിമിയയുടെയും ലക്ഷണങ്ങൾ മാറി മാറി പ്രകടിപ്പിച്ചേക്കാം.