ആഹാരശീല വൈകല്യങ്ങൾക്കു—കാരണം എന്ത്?
“യാതൊരു കാരണവും ഇല്ലാതെ ഒറ്റ നിമിഷംകൊണ്ട് ഉണ്ടാകുന്ന ഒന്നല്ല ആഹാരശീല വൈകല്യം. ഒരു വ്യക്തിയുടെ ജീവിതത്തിൽ എന്തോ കുഴപ്പം ഉണ്ടെന്നുള്ളതിന്റെ ലക്ഷണം അഥവാ സൂചന ആണത്.”—സാമൂഹിക പ്രവർത്തകയായ നാൻസി കൊളൊഡ്നി.
ആഹാരശീല വൈകല്യം ഒരു പുതിയ പ്രതിഭാസമല്ല. അനൊറെക്സിയ നെർവോസ ആദ്യം ഔദ്യോഗികമായി കണ്ടെത്തപ്പെടുന്നത് 1873-ൽ ആണ്. ഇതിന്റെ ലക്ഷണങ്ങൾ 300 വർഷങ്ങൾക്കു മുമ്പു പോലും നിരീക്ഷിക്കപ്പെട്ടിട്ടുള്ളതായി പറയപ്പെടുന്നു. എന്നാൽ അനൊറെക്സിയ ഉള്ളവരുടെ എണ്ണം രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം കുതിച്ചുയർന്നിരിക്കുന്നതായി കാണപ്പെടുന്നു. ബൂളിമിയയുടെ കാര്യവും അങ്ങനെതന്നെ. നൂറ്റാണ്ടുകളായി ഈ വൈകല്യത്തെ കുറിച്ച് അറിവുള്ളതാണ്. എന്നാൽ, പ്രസ്തുത വൈകല്യത്തെ കുറിച്ചുള്ള ഒരു പുസ്തകം പറയുന്നതുപോലെ സമീപ ദശകങ്ങളിൽ അത് “ശ്രദ്ധേയമായി ഉയർന്നിരിക്കുന്നു.”
ആഹാരശീല വൈകല്യങ്ങൾക്കു കാരണം എന്താണ്? അവ പാരമ്പര്യമായി ലഭിക്കുന്നതാണോ അതോ കൃശതയെ പ്രകീർത്തിക്കുന്ന സംസ്കാരത്തോടുള്ള അസാധാരണമായ ഒരു പ്രതികരണമാണോ? കുടുംബ അന്തരീക്ഷത്തിന് ഇതിൽ എന്തു പങ്കാണ് ഉള്ളത്? ഈ ചോദ്യങ്ങൾക്ക് എളുപ്പത്തിൽ ഉത്തരങ്ങൾ പറയാൻ കഴിയില്ല. ആഹാരശീല വൈകല്യത്തിനുള്ള കാരണം “അഞ്ചാംപനിയോ ചിക്കൻപോക്സോ കണ്ടുപിടിക്കുന്നത്രയും എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയുന്ന ഒന്നല്ല” എന്ന് സാമൂഹിക പ്രവർത്തകയായ നാൻസി കൊളൊഡ്നി പറയുന്നു. “മേൽപ്പറഞ്ഞ രോഗങ്ങളുടെ കാര്യത്തിൽ അവയ്ക്കുള്ള കാരണം എന്താണെന്നും അവ പിടിപെടുന്നത് എങ്ങനെയാണെന്നും അവ എത്ര നാൾ നീണ്ടുനിൽക്കുമെന്നും അവയ്ക്കുള്ള ഏറ്റവും നല്ല ചികിത്സ ഏതാണെന്നും ഒക്കെ ഒരു ഡോക്ടർക്ക് കൃത്യമായി അറിയാം.”
എന്നുവരികിലും, ആഹാരശീല വൈകല്യങ്ങൾ വികാസം പ്രാപിക്കാൻ ഇടയാക്കിയേക്കാവുന്ന ഒട്ടേറെ ഘടകങ്ങൾ ഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. അവയിൽ ചിലതു നമുക്കു പരിചിന്തിക്കാം.
കൃശതാ സംസ്കാരം
സമ്പന്ന ദേശങ്ങളിൽ, കാണുന്നതെല്ലാം അതേപടി അനുകരിക്കുന്ന യുവപ്രായക്കാരുടെ മുമ്പാകെ ഫാഷൻ വ്യവസായ ലോകം കൃശഗാത്രികളായ മോഡലുകളെ അണിനിരത്തുന്നു. അങ്ങനെ, മെലിഞ്ഞിരുന്നാൽ മാത്രമേ ഒരു പെൺകുട്ടി സുന്ദരിയാകൂ എന്ന ധാരണ അവരിൽ ഉളവാകുന്നു. വികലമായ ഈ സന്ദേശം ഉൾക്കൊണ്ട് പല സ്ത്രീകളും തൂക്കം കുറയ്ക്കാൻ പാടുപെടുന്നു. ഈ തൂക്കത്തിലെത്തുന്നത് അപ്രായോഗികമാണെന്നു മാത്രമല്ല അനാരോഗ്യകരവുമാണ്. ഡോ. ക്രിസ്റ്റീൻ ഡേവിസ് ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഒരു സാധാരണ സ്ത്രീക്ക് അഞ്ച് അടി അഞ്ച് ഇഞ്ച് പൊക്കവും 66 കിലോ തൂക്കവും കാണും. ഒരു സാധാരണ മോഡലിനാകട്ടെ അഞ്ച് അടി പതിനൊന്ന് ഇഞ്ച് പൊക്കവും 50 കിലോ തൂക്കവുമാണ് ഉള്ളത്. നമ്മിൽ തൊണ്ണൂറ്റിയഞ്ചു ശതമാനത്തിനും ആ അനുപാതമല്ല ഉള്ളത്, അതൊട്ട് കൈവരിക്കാൻ സാധിക്കുകയുമില്ല.”
യാഥാർഥ്യം അതാണെങ്കിലും, മാതൃകാ ശരീരം എന്നു തങ്ങൾ ധരിച്ചുവെച്ചിരിക്കുന്നതു സ്വായത്തമാക്കാൻ ചില സ്ത്രീകൾ അങ്ങേയറ്റത്തെ നടപടികൾ കൈക്കൊള്ളുന്നു. ഉദാഹരണത്തിന് 1997-ൽ 3,452 സ്ത്രീകളെ ഉൾപ്പെടുത്തിക്കൊണ്ടു നടത്തിയ ഒരു സർവേയിൽ 24 ശതമാനവും പറഞ്ഞത്, തൂക്കം സംബന്ധിച്ച ലക്ഷ്യത്തിൽ എത്തിച്ചേരാൻ ആയുസ്സിന്റെ 3 വർഷം ബലികഴിക്കാൻ തങ്ങൾ തയ്യാറാണെന്നാണ്. “മെലിഞ്ഞിരുന്നാൽ മാത്രമേ ജീവിതത്തിന് അർഥമുള്ളൂ” എന്ന് ഇവരിൽ ഒരു ഗണ്യമായ ന്യൂനപക്ഷം പറഞ്ഞതായും സർവേ വെളിപ്പെടുത്തി. ചെറുപ്പത്തിൽ, ശരീരപ്രകൃതിയെ കുറിച്ചുള്ള തങ്ങളുടെ സങ്കൽപ്പത്തെ ഫാഷൻ മാസികകളിലെ മോഡലുകൾ സ്വാധീനിച്ചിരുന്നതായി സർവേയിലെ 22 ശതമാനം പറഞ്ഞു. അതിന്റെ വെളിച്ചത്തിൽ റിപ്പോർട്ട് ഇങ്ങനെ ഉപസംഹരിച്ചു: “സ്ത്രീകൾ തങ്ങളെത്തന്നെ വീക്ഷിക്കുന്ന വിധത്തെ മാധ്യമങ്ങളിലെ മോഡലുകളുടെ ശരീരപ്രകൃതി ശക്തമായി സ്വാധീനിക്കുന്നുണ്ടെന്ന വസ്തുത നിരാകരിക്കാൻ മേലാൽ സാധിക്കില്ല.”
മാധ്യമങ്ങളിലെ കൃത്രിമത്വം കലർന്ന മാതൃകാരൂപങ്ങളെ കണ്ട് അവരെ അനുകരിക്കാൻ ഏറ്റവും കൂടുതൽ ചായ്വു കാണിക്കുന്നത് ആത്മാഭിമാനം കുറഞ്ഞവരാണ്. വൈദ്യശാസ്ത്ര സാമൂഹിക പ്രവർത്തകയായ ഐലിൻ ഫിഷ്മൻ പറയുന്ന പ്രകാരം, “ആത്മാഭിമാനം ആണ് അടിസ്ഥാന ഘടകം.” തങ്ങളുടെ ആകാരംകൊണ്ട് തൃപ്തിപ്പെടുന്നവർ ആഹാരശീല വൈകല്യങ്ങൾ വളർത്തിയെടുക്കാൻ സാധ്യത തീരെ കുറവാണെന്നു നിരീക്ഷിക്കപ്പെട്ടിരിക്കുന്നു.
ആഹാരശീലവും വികാരങ്ങളും
ആഹാരശീല വൈകല്യത്തിൽ ആഹാരം മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത് എന്നു പല വിദഗ്ധരും പറയുന്നു. സാമൂഹിക പ്രവർത്തകയായ നാൻസി കൊളൊഡ്നി ഇങ്ങനെ പറയുന്നു: “ആഹാരശീല വൈകല്യം ഒരു ചുവന്ന സിഗ്നൽ ആണ്, . . . ജീവിതത്തിൽ നിങ്ങൾ അവഗണിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്ന ഏതെങ്കിലും ഒരു പ്രത്യേക സ്ഥിതിവിശേഷം ഉണ്ടെങ്കിൽ അതിനു ശ്രദ്ധ നൽകണം എന്നാണ് അതു നിങ്ങളോടു പറയുന്നത്. അനുഭവിച്ചുകൊണ്ടിരിക്കുന്ന സമ്മർദങ്ങളും നിരാശകളും നിങ്ങൾ തുറന്നു പറയുന്നില്ല എന്നുള്ള ഒരു ഓർമിപ്പിക്കലും കൂടെയാണ് അത്.”
ഏതു തരത്തിലുള്ള സമ്മർദങ്ങളും നിരാശകളുമാണ് അവ? ചിലരെ സംബന്ധിച്ചിടത്തോളം അതു വീട്ടിലെ കുഴപ്പങ്ങളാകാം. ഉദാഹരണത്തിന് കുട്ടിക്കാലത്ത് ആഹാര പദാർഥങ്ങൾ, വിശേഷിച്ചും മധുരപലഹാരങ്ങൾ, “അച്ഛന്റെയും അമ്മയുടെയും ശണ്ഠയിടലിൽനിന്നുള്ള ഒരു സംരക്ഷണമായിരു”ന്നതായി ഗെനിൻ റോത്ത് അനുസ്മരിക്കുന്നു. അവൾ പറയുന്നു: “അച്ഛനും അമ്മയും തമ്മിൽ വഴക്കിനുള്ള സാധ്യതയുണ്ടെന്നു മനസ്സിലാക്കുമ്പോൾതന്നെ ഒരു ടിവി ചാനൽ മാറ്റുന്ന ലാഘവത്തോടെ ഞാൻ എന്റെ മനസ്സിനെ തിരിക്കും, അച്ഛനെയും അമ്മയെയും വിട്ട് ഞാനും എന്റെ മധുരപലഹാരങ്ങളും മാത്രമുള്ള ഒരു ലോകത്തേക്ക്.”
ചിലപ്പോൾ ആഹാരശീല വൈകല്യത്തിന് കൂടുതൽ ആഴത്തിൽ വേരുകൾ ഉണ്ടായിരിക്കാം. ഉദാഹരണത്തിന്, ദ ന്യൂ ടീനേജ് ബോഡി ബുക്ക് ഇപ്രകാരം പറയുന്നു: “(ലൈംഗിക ദുഷ്പെരുമാറ്റമോ പീഡനമോ പോലുള്ള) ലൈംഗിക അക്രമത്തിന്റെ ഫലമായി മാനസിക ക്ഷതം ഏറ്റിട്ടുള്ളവർ ബോധപൂർവമല്ലെങ്കിലും, തങ്ങളുടെ ശരീരങ്ങളെ ലൈംഗികമായി അനാകർഷകമാക്കുകയും ആഹാരം പോലെ സുരക്ഷിതമായ എന്തിലേക്കെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തുകൊണ്ട് സ്വയം സംരക്ഷിക്കാൻ ശ്രമിച്ചേക്കും എന്നു പഠനങ്ങൾ കാണിക്കുന്നു.” എങ്കിലും, ആഹാരശീല വൈകല്യമുള്ള എല്ലാവരും ലൈംഗിക ദുഷ്പെരുമാറ്റത്തിനു വിധേയരായിട്ടുണ്ടെന്ന് എടുത്തുചാടി നിഗമനം ചെയ്യരുത്.
പ്രശാന്തമെന്നു തോന്നിക്കുന്ന ചുറ്റുപാടിലും ആഹാരശീല വൈകല്യം തലപൊക്കിയേക്കാം. സ്വന്തമായി യാതൊരു തീരുമാനങ്ങളുമെടുക്കാനോ വിയോജിപ്പു പ്രകടിപ്പിക്കാനോ സ്വാതന്ത്ര്യമില്ലാത്ത ഒരു ചുറ്റുപാടിൽ ജീവിക്കുന്ന പെൺകുട്ടിയായിരിക്കാം മുഖ്യമായും അനൊറെക്സിയയ്ക്ക് ഇരയാകുന്നത്. പുറമേ അവൾ എല്ലാം തലയാട്ടി സമ്മതിച്ചേക്കാം; പക്ഷേ അവളുടെ മനസ്സ് ഇരമ്പിമറിയുന്ന ഒരു കടൽപോലെ ആയിരിക്കും. സ്വന്തം ജീവിതത്തിന്മേൽ തനിക്കു യാതൊരു നിയന്ത്രണവും ഇല്ലാത്തതുപോലെയും അവൾക്കു തോന്നും. പരസ്യമായി എതിർപ്പു പ്രകടിപ്പിക്കാൻ ധൈര്യമില്ലാത്തതുകൊണ്ട് ജീവിതത്തിൽ തനിക്ക് ആകെ നിയന്ത്രണമുള്ള ഒന്നിന്മേൽ—തന്റെ ശരീരത്തിന്മേൽ—അവൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
എങ്കിലും ആഹാരശീല വൈകല്യങ്ങൾ എപ്പോഴും കുടുംബത്തിലെ പ്രക്ഷുബ്ധാവസ്ഥയുടെയോ ലൈംഗിക പീഡനത്താലുണ്ടായ മാനസിക ക്ഷതത്തിന്റെയോ പരിണതഫലം ആകണമെന്നില്ല. തൂക്കത്തിന് അമിത പ്രാധാന്യം കൽപ്പിക്കുന്ന കുടുംബ അന്തരീക്ഷത്തിൽ ജീവിക്കുന്ന ചിലരിലും അവ ഉടലെടുത്തേക്കാം. ചിലപ്പോൾ മാതാപിതാക്കളിൽ ആർക്കെങ്കിലും അമിതതൂക്കം ഉണ്ടായിരിക്കും, അല്ലെങ്കിൽ അവർ നിരന്തരം ആഹാരക്രമം പാലിക്കുന്നവർ ആയിരിക്കും. ഇത് മക്കളിൽ ഭക്ഷണത്തെ കുറിച്ച് അമിതമായ ജാഗ്രതയോ പേടിയോ ഉളവാക്കിയേക്കാം. മറ്റു ചിലരെ സംബന്ധിച്ചാണെങ്കിൽ താരുണ്യത്തിന്റെ ആരംഭംതന്നെ പ്രശ്നം സൃഷ്ടിക്കുന്നു. പ്രായപൂർത്തിയെത്തുന്നതിന്റെ ഭാഗമായി ശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ ഒരു പെൺകുട്ടിയെ തനിക്ക് അമിതവണ്ണം ഉള്ളതായി തോന്നാൻ ഇടയാക്കിയേക്കാം, വിശേഷിച്ചും അവൾക്കു സമപ്രായക്കാരെക്കാൾ വളർച്ചയുണ്ടെങ്കിൽ. ഈ മാറ്റം അവളിൽ പേടി ഉളവാക്കുന്നെങ്കിൽ ശരീരഭാഗങ്ങളുടെ വളർച്ചയെ തടയാൻ അവൾ അങ്ങേയറ്റത്തെ നടപടികൾ സ്വീകരിച്ചേക്കാം.
വൈകാരിക ഘടകങ്ങൾക്കു പുറമേ ശാരീരിക ഘടകവും ഉൾപ്പെട്ടിരിക്കാം എന്നു ചില ഗവേഷകർ പറയുന്നു. ഉദാഹരണത്തിന്, ഒരു വ്യക്തിയുടെ മസ്തിഷ്ക രസതന്ത്രവും ബൂളിമിയയ്ക്കു കാരണമായേക്കാം എന്ന് അവർ ചൂണ്ടിക്കാട്ടുന്നു. മസ്തിഷ്കത്തിലെ, വൈകാരിക ഭാവങ്ങളും വിശപ്പും നിയന്ത്രിക്കുന്ന ഭാഗം ഇതിൽ ഉൾപ്പെട്ടിരിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ബൂളിമിയയുടെ ലക്ഷണങ്ങൾ ശമിപ്പിക്കാൻ വിഷാദ രോഗത്തിനുള്ള ഔഷധങ്ങൾക്കു ചിലപ്പോൾ കഴിയുന്നത് എന്നും അവർ അവകാശപ്പെടുന്നു.
അനൊറെക്സിയയ്ക്കോ ബൂളിമിയയ്ക്കോ ഉള്ള കാരണമെന്ന നിലയിൽ ഒരു ഘടകത്തെ മാത്രമായി വേർതിരിച്ചു കാട്ടാൻ ഗവേഷകർക്കു ബുദ്ധിമുട്ടാണ്. അങ്ങനെയെങ്കിൽ, ഈ ആഹാരശീല വൈകല്യങ്ങൾ നിമിത്തം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് എന്താണു ചെയ്യാൻ കഴിയുക?
[7-ാം പേജിലെ ചിത്രം]
അനൊറെക്സിയ ഉള്ളവർക്ക് തങ്ങളുടെ ശരീരപ്രകൃതിയെ കുറിച്ചു മിക്കപ്പോഴും വികലമായ ഒരു വീക്ഷണം ആയിരിക്കും ഉള്ളത്
[8, 9 പേജുകളിലെ ചിത്രം]
മെലിഞ്ഞിരുന്നാൽ മാത്രമേ സുന്ദരിയാകൂ എന്ന ആശയത്തെ മാധ്യമങ്ങൾ പ്രോത്സാഹിപ്പിക്കുന്നു