ആഹാരം നിങ്ങളുടെ ശത്രു ആകുമ്പോൾ
കൗമാരപ്രായത്തിൽ കളിയാക്കലിനും പരിഹാസത്തിനും പാത്രമായിരുന്നതായി ജീൻ അനുസ്മരിക്കുന്നു. കാരണം? ക്ലാസ്സിലെ ഏറ്റവും പൊക്കവും വണ്ണവും ഉള്ള കുട്ടി അവൾ ആയിരുന്നു. എന്നാൽ അതു മാത്രമായിരുന്നില്ല പ്രശ്നം. “ഇതിനെല്ലാം പുറമേ ഞാൻ ഒരു നാണംകുണുങ്ങി ആയിരുന്നു. ഒതുങ്ങിക്കഴിയാനായിരുന്നു എനിക്ക് ഇഷ്ടം,” ജീൻ പറയുന്നു. “മിക്കപ്പോഴും ഞാൻ തനിച്ചായിരുന്നു. കൂട്ടുകൂടാനൊക്കെ ഇഷ്ടമായിരുന്നെങ്കിലും ആരും എന്നെ കൂട്ടത്തിൽ കൂട്ടുന്നില്ലെന്ന തോന്നലായിരുന്നു എപ്പോഴും.”
എല്ലാ പ്രശ്നങ്ങൾക്കും കാരണം തന്റെ വണ്ണം ആണെന്നും മെലിഞ്ഞ് ഒതുങ്ങിയ ശരീരം എല്ലാറ്റിനും പരിഹാരം ആകുമെന്നും അവൾ ഉറപ്പിച്ചു. ജീനിന് പൊണ്ണത്തടിയൊന്നും ഇല്ലായിരുന്നു. ആറ് അടി പൊക്കം ഉണ്ടായിരുന്ന അവളെ സംബന്ധിച്ചിടത്തോളം 66 കിലോ പാകത്തിനുള്ള തൂക്കമായിരുന്നു. എങ്കിലും തനിക്ക് അമിതവണ്ണം ഉള്ളതായി ജീൻ കരുതി. അങ്ങനെ 23-ാം വയസ്സിൽ അവൾ തൂക്കം കുറയ്ക്കാൻ തീരുമാനിച്ചു. ‘ഒന്നു മെലിഞ്ഞു കിട്ടിയാൽ ആളുകൾക്കൊക്കെ എന്നെ ഇഷ്ടമാകും. മറ്റുള്ളവർ എന്നെ അംഗീകരിക്കുന്നതായും പ്രാധാന്യമുള്ള വ്യക്തിയായി കണക്കാക്കുന്നതായും എനിക്കു തോന്നും’ എന്ന് അവൾ ന്യായവാദം ചെയ്തു.
“ബുദ്ധിശൂന്യമായ അത്തരം ചിന്താഗതി എന്നെ കൊണ്ടെത്തിച്ചത് 12 വർഷം നീണ്ടുനിന്ന അനൊറെക്സിയ നെർവോസയിലും ബൂളിമിയയിലും ആണ്,” ജീൻ വിവരിക്കുന്നു. “എന്റെ വണ്ണമൊക്കെ കുറഞ്ഞു. കുറഞ്ഞെന്നു പറഞ്ഞാൽ തീരെ കുറഞ്ഞു. എഴുന്നേറ്റു നിൽക്കാൻ പോലും എനിക്കു ശേഷിയില്ലാതായി. പക്ഷേ ഒരു സന്തുഷ്ട ജീവിതം കെട്ടിപ്പടുക്കുന്നതിനു പകരം ഞാൻ എന്റെ ആരോഗ്യം നശിപ്പിച്ചു. വിഷാദവും ദുരിതവും പത്തു വർഷത്തിലധികം എന്നെ വേട്ടയാടി.”
ജീനിന്റേത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. അമേരിക്കയിലെ പെൺകുട്ടികളിൽ 100-ൽ ഒരാൾ വീതം കൗമാരത്തിലോ യൗവനാരംഭത്തിലോ അനൊറെക്സിയ നെർവോസ വളർത്തിയെടുക്കുന്നതായി ഒരു കണക്കു സൂചിപ്പിക്കുന്നു. ബൂളിമിയ ഉള്ളവരുടെ എണ്ണമാകട്ടെ അതിന്റെ മൂന്നിരട്ടിയെങ്കിലും വന്നേക്കാം. “സ്കൂളുകളിലെയും കോളെജുകളിലെയും കുട്ടികളുമായി ഞാൻ ഇടപഴകാൻ തുടങ്ങിയിട്ടു വർഷങ്ങളായി. ആഹാരശീല വൈകല്യങ്ങൾ മുമ്പെന്നത്തെയും പോലെതന്നെ വ്യാപകമായിരിക്കുന്നതായി ഞാൻ കാണുന്നു” എന്ന് ഡോ. മേരി പൈഫർ പറയുന്നു.
ആഹാരശീല വൈകല്യങ്ങൾ പലവിധത്തിലുണ്ട്. ഒരിക്കൽ സമ്പന്നരുടെ പ്രശ്നമായി വീക്ഷിക്കപ്പെട്ടിരുന്ന അത് ഇപ്പോൾ എല്ലാ വർഗീയ, സാമൂഹിക, സാമ്പത്തിക തലങ്ങളിൽ പെട്ടവരുടെയും ഇടയിൽ കണ്ടുവരുന്നതായി കരുതപ്പെടുന്നു. ഈ വൈകല്യമുള്ളതായി കണ്ടെത്തപ്പെടുന്ന പുരുഷന്മാരുടെ എണ്ണവും വർധിക്കുകയാണ്. അതുകൊണ്ട്, ആഹാരശീല വൈകല്യങ്ങൾ “സ്ത്രീപുരുഷ വിവേചനം കാട്ടുന്നില്ല” എന്നു ന്യൂസ്വീക്ക് മാഗസിൻ പറയുകയുണ്ടായി.
എന്നാൽ ഏറ്റവും പരിഭ്രാന്തി ഉളവാക്കുന്ന സംഗതി, ആഹാരശീല വൈകല്യങ്ങൾക്കായി ചികിത്സിക്കപ്പെടുന്നവരുടെ ശരാശരി പ്രായം കുറഞ്ഞുവരുന്നതായി കാണപ്പെടുന്നു എന്നതാണ്. “പത്തു വയസ്സിൽ താഴെയുള്ള, എന്തിന് 6 വയസ്സുപോലും ഉള്ള പെൺകുട്ടികളെ ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടി വരുന്നുണ്ട്,” ടൊറൊന്റോയിലെ ഒരു ആഹാരശീല വൈകല്യ കേന്ദ്രത്തിന്റെ താത്കാലിക ഡയറക്ടറായി സേവിക്കുന്ന മാർഗരറ്റ് ബെക്ക് പറയുന്നു. “അവരുടെ എണ്ണം കുറവാണ്. എന്നാൽ അതു വർധിച്ചുവരുകയാണ്,” അവർ കൂട്ടിച്ചേർക്കുന്നു.
ആഹാരശീല വൈകല്യങ്ങൾ ദശലക്ഷക്കണക്കിന് ആളുകളെ—പ്രധാനമായും പെൺകുട്ടികളെയും യുവതികളെയും—ബാധിക്കുന്നു.a “ആഹാരം കഴിക്കുന്നതിനെ കുറിച്ച് മറ്റുള്ളവർക്ക് ഉള്ള അതേ വീക്ഷണമോ ഉദ്ദേശ്യമോ അല്ല അവർക്ക് ഉള്ളത്,” സാമൂഹിക പ്രവർത്തകയായ നാൻസി കൊളൊഡ്നി പറയുന്നു. “വിശപ്പടക്കുന്നതിനോ പോഷണവും നല്ല ആരോഗ്യവും ലഭിക്കുന്നതിനോ സന്തോഷത്തിനു വേണ്ടിയോ അതുമല്ലെങ്കിൽ മറ്റുള്ളവരുടെ സഹവാസം ആസ്വദിച്ച് കഴിക്കുന്നതിനോ പകരം അവർ ആഹാരത്തോടു വിചിത്രമായ ഒരു സമീപനം വളർത്തിയെടുക്കുന്നു. കൂടാതെ, ആഹാരം കഴിക്കുന്നതിനു മുമ്പ് അസാധാരണമായ അനുഷ്ഠാന മുറകളിൽ ഏർപ്പെടുക അല്ലെങ്കിൽ കഴിച്ച ആഹാരം ഉടനെ തന്നെ പുറത്തു കളയാൻ ശ്രമിക്കുക തുടങ്ങിയ ‘സ്വാഭാവികം’ അല്ലാത്തത് എന്നു കരുതപ്പെടുന്ന കാര്യങ്ങളും അവർ ചെയ്യുന്നു.”
സാധാരണമായി കണ്ടുവരുന്ന രണ്ടുതരം ആഹാരശീല വൈകല്യങ്ങൾ നമുക്ക് അടുത്തു പരിശോധിക്കാം: അനൊറെക്സിയ നെർവോസയും ബൂളിമിയ നെർവോസയും.
[അടിക്കുറിപ്പുകൾ]
a ആഹാരശീല വൈകല്യങ്ങൾ പുരുഷന്മാരെക്കാൾ അധികമായി സ്ത്രീകളിൽ കണ്ടുവരുന്നതുകൊണ്ട് ഈ ലേഖന പരമ്പരയിൽ പ്രസ്തുത വൈകല്യമുള്ളവരെ പരാമർശിക്കുമ്പോൾ പൊതുവേ സ്ത്രീലിംഗ ശബ്ദം ആയിരിക്കും ഉപയോഗിക്കുക.