വാസ്കോഡ ഗാമയുടെ—പേരിൽ ഒരു പാലം
പോർട്ടുഗലിലെ ഉണരുക! ലേഖകൻ
പോർട്ടുഗീസ് പത്രങ്ങളിൽ ആ വാർത്ത നിറഞ്ഞുനിന്നു—യൂറോപ്പിലെ ഏറ്റവും നീളമുള്ള പാലങ്ങളിലൊന്ന് വർണാഭമായ വെടിക്കെട്ടിന്റെ അകമ്പടിയോടെ ചരിത്രത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു. 1998 മാർച്ച് 29-നായിരുന്നു 17.2 കിലോമീറ്റർ നീളമുള്ള വാസ്കോഡ ഗാമ പാലത്തിന്റെ ഉദ്ഘാടനം. 15-ാം നൂറ്റാണ്ടിൽ പടിഞ്ഞാറൻ യൂറോപ്പിൽനിന്ന് ഇന്ത്യയിലേക്കുള്ള കടൽമാർഗം തുറന്ന പോർട്ടുഗീസ് നാവികന്റെ പേരാണ് ഈ പുതിയ പാലത്തിന് ഇട്ടിരിക്കുന്നത്. അത് രാജ്യത്തിന്റെ വ്യവസായവത്കൃതമായ വടക്കു ഭാഗത്തേക്കും തെക്ക് ആൽഗാർവിലുള്ള പഞ്ചാരമണൽ തീരങ്ങളിലേക്കും സ്പെയിനിലേക്കും പുതിയ വഴികൾ തുറക്കുന്നു.
നീളത്തിന്റെ കാര്യത്തിൽ, ലോകത്തിൽ അഞ്ചാം സ്ഥാനമുള്ള ഈ പാലം, റ്റാഗസ് നദീമുഖത്തിനു മുകളിലൂടെയാണ് കടന്നുപോകുന്നത്. അത് പോർട്ടുഗലിന്റെ തലസ്ഥാന നഗരിയായ ലിസ്ബനെയും റ്റാഗസ് നദീമുഖത്തിന്റെ തെക്കേ തീരത്തുള്ള മോണ്ടിഹോ പട്ടണത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നു. പാലത്തിന്റെ, ഇടയ്ക്ക് ഊന്നുതൂണുകളില്ലാത്ത ഭാഗത്തിന് 826 മീറ്റർ നീളം ഉണ്ട്. ഈ ഭാഗത്തിന് അടിയിലൂടെ വലിയ കപ്പലുകൾക്കു പോലും സുഗമമായി കടന്നുപോകാൻ സാധിക്കുന്നു—ജലനിരപ്പും പാലത്തിന്റെ പ്ലാറ്റ്ഫാമും തമ്മിൽ 45 മീറ്റർ അകലം കാണും.
ആഘോഷപൂർവകമായ തുടക്കം
പാലം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിന് ഒരാഴ്ച മുമ്പുതന്നെ ഒരു വലിയ വിരുന്നോടെ ഉദ്ഘാടന ചടങ്ങ് ആരംഭിച്ചിരുന്നു. മാർച്ച് 22-ാം തീയതി ഞായറാഴ്ച ക്ഷണിക്കപ്പെട്ട 15,000 പേർക്ക് പോർട്ടുഗീസുകാരുടെ പരമ്പരാഗത ഭക്ഷണമായ ഫേഷൂവാഡൂ, അതായത് പയറുകൊണ്ടുള്ള സ്റ്റ്യൂ, വിളമ്പിയപ്പോൾ ആവേശം തിരതല്ലി. ഇത്രയും പേരെ എവിടെ ഇരുത്തുമായിരുന്നു? സംശയമുണ്ടോ, പുതിയ പാലത്തിൽ! പാലത്തിൽ അഞ്ചു കിലോമീറ്റർ നീളത്തിൽ ഇട്ടിരുന്ന മേശ കൗതുകമുണർത്തുന്ന ഒരു കാഴ്ചതന്നെ ആയിരുന്നു! സദ്യ ഒരു വിജയമായിരുന്നു. ആളുകൾ ആ ഉപചാരത്തെ വിലമതിച്ചു.
വർധിച്ചുവരുന്ന ആവശ്യം
അത്തരം ഒരു പാലം പണിയേണ്ടിവന്നത് എന്തുകൊണ്ടാണ്? ലിസ്ബനിലെ ആളുകൾ 1966 മുതൽ 1,013 മീറ്റർ നീളമുള്ള റ്റ്വെന്റിഫിഫ്ത്ത് ഓഫ് ഏപ്രിൽ തൂക്കുപാലം ആണ് ഉപയോഗിച്ചു വന്നിരുന്നത്. അതിലൂടെ ദിവസവും സഞ്ചരിച്ചിരുന്ന വാഹനങ്ങളുടെ ശരാശരി എണ്ണം ഏതാണ്ട് 1,30,000 ആയിരുന്നു. ഗതാഗത തിരക്കുള്ള സമയങ്ങളിലെയും വാരാന്തങ്ങളിലെയും അവസ്ഥ നിങ്ങളൊന്നു സങ്കൽപ്പിച്ചു നോക്കൂ. ലിസ്ബനെ പോർട്ടുഗലിന്റെ തെക്കുഭാഗവുമായി ബന്ധിപ്പിക്കുന്ന ഈ പാലം കടക്കാൻ സ്ഥിരം യാത്രക്കാർക്ക് സാധാരണ ഒന്നോ രണ്ടോ മണിക്കൂർ വേണ്ടിവരുമായിരുന്നു. അതുകൊണ്ട് മറ്റൊരു പാലം പണിയേണ്ടതായി വന്നു. നദീമുഖത്ത്, മറ്റേ പാലത്തെക്കാൾ ഏതാണ്ട് 13 കിലോമീറ്റർ ഉള്ളിലേക്കായി സ്ഥിതിചെയ്യുന്ന ആറു ലെയ്നുകളുള്ള ഈ പുതിയ പാലം കുറച്ചൊക്കെ ആശ്വാസം കൈവരുത്തിയിരിക്കുന്നു. ദിവസവും സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം 52,000 ആകുമ്പോൾ ഇരു ദിശയിലേക്കും ഓരോ പുതിയ ലെയ്ൻ കൂടി തുറക്കത്തക്ക വിധത്തിലാണ് അതു രൂപകൽപ്പന ചെയ്തിരിക്കുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗപരിധിയിൽ വാഹനങ്ങൾക്ക് ദ്രുതഗതിയിൽ സഞ്ചരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
പാലം കടക്കൽ
തെക്ക് മോണ്ടിഹോയിൽനിന്ന് പാലത്തിലേക്കു കയറുമ്പോൾ ഞങ്ങളോടൊപ്പം പോന്നാലും. കരപ്രദേശവും ചതുപ്പും വിട്ട് നാം ഇപ്പോൾ റ്റാഗസ് നദീഭാഗത്തിനു മുകളിലൂടെ സഞ്ചരിക്കുകയാണ്. ഇതിന് 10 കിലോമീറ്റർ വീതിയുണ്ട്. വേലിയേറ്റത്തിന്റെ സമയം ആയതിനാൽ നമുക്കു ചുറ്റും എങ്ങു നോക്കിയാലും വെള്ളം മാത്രമേയുള്ളൂ. എന്നാൽ നല്ല ഗ്രിപ്പുള്ള പാതയും പാലത്തെ താങ്ങിനിർത്തുന്ന 1,500 തൂണുകളും നമ്മിൽ സുരക്ഷിതത്വബോധം ഉളവാക്കുന്നു.
നാം ഇപ്പോൾ പാലത്തിന്റെ, ഇടയ്ക്ക് ഊന്നുതൂണുകളില്ലാത്ത ഭാഗത്ത് എത്തിച്ചേരുന്നു. 150 മീറ്റർ ഉയരമുള്ള രണ്ടു ഗോപുരങ്ങളുടെ മുകളിൽനിന്നു പ്ലാറ്റ്ഫോമിലേക്കു വലിച്ചു കെട്ടിയിരിക്കുന്ന കേബിളുകളാണ് ഈ ഭാഗത്തെ താങ്ങിനിർത്തുന്നത്. അവ കെട്ടിയിരിക്കുന്നതു കണ്ടാൽ പായ്ക്കപ്പലിലെ ഉയർന്നുനിൽക്കുന്ന പായ്കൾ ആണെന്നു തോന്നും. ഗോപുരങ്ങളുടെ അടിത്തറ കുഴിച്ചിട്ടിരിക്കുന്നത് 50 മുതൽ 65 വരെ മീറ്റർ ആഴത്തിലാണ്. ഈ പാലം, മണിക്കൂറിൽ 220 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റുകളെയും 1755-ൽ ലിസ്ബന്റെ സിംഹ ഭാഗത്തെയും നശിപ്പിച്ചു കളഞ്ഞ ഭൂകമ്പത്തെക്കാൾ നാലര ഇരട്ടി ശക്തിയുള്ള ഭൂമികുലുക്കങ്ങളെയും ചെറുത്തു നിൽക്കത്തക്ക വിധത്തിൽ പണിയപ്പെട്ടിരിക്കുന്നത് കൂടുതലായ സുരക്ഷ ഉറപ്പുവരുത്തുന്നു.
നാം വാസ്കോഡ ഗാമ പാലത്തിന്റെ അറ്റത്ത് എത്തുമ്പോഴേക്കും ലിസ്ബന്റെ വടക്കുകിഴക്കേ തീരം പനയോലത്തലപ്പുകൾ വീശി നമ്മെ അഭിവാദ്യം ചെയ്യുന്നു. രാജ്യത്തിന്റെ വടക്കു ഭാഗത്തേക്കു പോകുന്ന സൂപ്പർ ഹൈവേയിലൂടെ യാത്ര തുടരാൻ ആഗ്രഹിക്കുന്ന പക്ഷം നമുക്ക് അങ്ങനെ പോകാവുന്നതാണ്. ഈ പുതിയ പാലം ലിസ്ബനിലെ കുഴഞ്ഞുമറിഞ്ഞ ഗതാഗതവുമായി മല്ലിടാതെ തെക്കുള്ള ആൽഗാർവിൽനിന്ന് വടക്കുള്ള മിന്യൂ പ്രവിശ്യയിലേക്ക് ഒരു ഒന്നാന്തരം ഹൈവേയിലൂടെ സഞ്ചരിക്കുക സാധ്യമാക്കുന്നു!
സുരക്ഷാ സംവിധാനങ്ങൾ
ഈ പാലം നിർമിക്കവേ സുരക്ഷാ സംവിധാനങ്ങൾക്ക് പ്രത്യേകം ശ്രദ്ധ നൽകിയിരുന്നു. ഒരു കാർ ബ്രെയ്ക്ക്ഡൗൺ ആയാൽ മതി വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകാൻ. എന്നാൽ, പാലത്തിലും അതിന്റെ കവാടങ്ങളിലുമുള്ള പ്രത്യേക സ്ഥാനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന 87 വീഡിയോ കാമറകൾ, ഗതാഗതത്തിലുണ്ടാകുന്ന ഏതു ക്രമക്കേടും പൊലീസ് സ്റ്റേഷനിലും ഗതാഗത നിയന്ത്രണ കേന്ദ്രത്തിലും സ്ഥാപിച്ചിരിക്കുന്ന മോണിറ്ററുകളിലേക്ക് പ്രേഷണം ചെയ്യുന്നു. ഒരു വാഹനം നിന്നുപോകുന്ന പക്ഷം കൺട്രോൾ റൂമിൽ അലാറം മുഴങ്ങുന്നു.
അതിനു പുറമേ, 17-ലധികം കിലോമീറ്റർ നീളം വരുന്ന പാലത്തിൽ, അപകടങ്ങൾ സംഭവിക്കുമ്പോൾ സഹായം അഭ്യർഥിക്കുന്നതിന് 400 മീറ്റർ ഇടവിട്ട് മൊത്തം 36 ജോഡി എസ്ഒഎസ് ടെലഫോണുകൾ സ്ഥാപിച്ചിരിക്കുന്നു. അടിയന്തിര സംവിധാനങ്ങൾ പ്രവർത്തിക്കുന്നത് എങ്ങനെയാണ്? തീപിടിത്തം ഉൾപ്പെടെയുള്ള ഏതു പ്രശ്നങ്ങളെയും കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക വാഹനങ്ങൾ പാലത്തിലൂടെ പതിവായി സഞ്ചരിക്കുന്നു. അവ കേടുവന്ന വാഹനങ്ങൾ കെട്ടിവലിച്ചു കൊണ്ടുപോകുകയും ചെയ്യും.
കാലാവസ്ഥയിൽ ഉണ്ടാകുന്ന ഉഗ്രവ്യതിയാനങ്ങൾ സംബന്ധിച്ചെന്ത്? രണ്ടു കാലാവസ്ഥാനിരീക്ഷണ കേന്ദ്രങ്ങൾ കാറ്റുകളുടെ വേഗതയും തീവ്രതയും ദിശയും അളക്കുകയും കാലാവസ്ഥയും റോഡിന്റെ അവസ്ഥയും തുടർച്ചയായി നിരീക്ഷിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ അവ അന്തരീക്ഷ സ്ഥിതിക്ക് അനുസൃതമായി വേഗപരിധികളും ക്രമീകരിക്കുന്നു.
സ്കെയിലുകൊണ്ട് കൃത്യമായി അളന്നു വരച്ചതുപോലെ തോന്നിക്കുന്ന ലെയ്നുകൾ രാത്രിയിൽ 1,200 ഹൈവേ ലൈറ്റുകളുടെ വെളിച്ചത്തിൽ കൂടുതൽ നയനമനോഹരം ആയിത്തീരുന്നു.
പരിസ്ഥിതിപരമായ വെല്ലുവിളികൾ
പാലം എവിടെ പണിയണം എന്നതു സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നത് ദുഷ്കരമായിരുന്നു. ഏതെല്ലാം ഘടകങ്ങളാണ് ഉൾപ്പെട്ടിരുന്നത്?
പാലത്തിന്റെ സ്ഥാനം പരിസ്ഥിതിപരമായി വലിയ വെല്ലുവിളി ഉയർത്തി. എന്തുകൊണ്ടെന്നാൽ, പാലം കടന്നുപോകുന്നത് പശ്ചിമ യൂറോപ്പിലെ ഏറ്റവും വലിയ നദീമുഖങ്ങളിൽ ഒന്നിലുള്ള സ്വാഭാവിക പക്ഷി സങ്കേതത്തിലൂടെയാണ്. സസ്യജാലങ്ങൾ, മത്സ്യങ്ങൾ, പക്ഷികൾ, നൂറുകണക്കിന് ഹെക്ടർ വ്യാപിച്ചുകിടക്കുന്ന ഉപ്പളങ്ങൾ, പുരാവസ്തുക്കൾ എന്നിവയുടെ സംരക്ഷണവും വെള്ളത്തിന്റെയും വായുവിന്റെയും ഗുണമേന്മയും ഉറപ്പുവരുത്തുന്നതിന് വ്യാപകമായ പഠനങ്ങൾ നടത്തേണ്ടി വന്നു. റ്റാഗസ് നദീമുഖം വന്യജീവികളെ ആകർഷിക്കുന്നത് എന്തുകൊണ്ടാണ്? അത് പോർട്ടുഗലിലെയും മൊത്തം യൂറോപ്പിലെയും അതിപ്രധാനമായ ഈർപ്പ മേഖലകളിൽ ഒന്നാണ്. തന്മൂലം ഈ സ്ഥലം പവിഴക്കാലി, ചെറു മണൽക്കോഴി, ആളച്ചിന്നൻ തുടങ്ങി അന്തർദേശീയമായി സംരക്ഷിക്കപ്പെടുന്ന ദേശാടന പക്ഷികൾക്ക് പ്രജനനം നടത്തുന്നതിന് പറ്റിയ സ്ഥലമാണ്. ശരത്കാലത്തും ശിശിരകാലത്തും ആയിരക്കണക്കിനു പക്ഷികൾക്ക് വേലിയേറ്റ സമയത്ത് അഭയം നൽകുന്നത് ഈ ഓർ-ചതുപ്പാണ്.
ദീർഘനാളായി അവിടെയുള്ള മത്സ്യവളർത്തൽ കേന്ദ്രങ്ങളും കണക്കിലെടുക്കേണ്ടിയിരുന്നു. അതായത്, മത്സ്യങ്ങളെ നിവൃത്തിയുള്ളടത്തോളം ശല്യപ്പെടുത്താതിരിക്കാൻ കൂടുതലായ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമായി വന്നു. നിരീക്ഷണ വിധേയമാക്കുന്നതിനു വേണ്ടി 3,000 മത്സ്യങ്ങൾക്ക്—സോളും കടൽ ബാസ്സും ആയിരുന്നു ഇവയിൽ മുഖ്യം—അടയാളമിട്ടു.
പെട്ടെന്നൊരു നാൾ, പ്രശാന്തമായ ഈ സ്വാഭാവിക ആവാസം നഗരത്തോട് അടുപ്പിക്കപ്പെട്ടിരിക്കുന്നു. ഈ സ്വാഭാവിക ആവാസത്തെ അത് എത്രത്തോളം ബാധിക്കും? അമൂല്യമായ ഈ തെക്കൻ തീരത്തെ സംരക്ഷിക്കുന്നതിനുവേണ്ടി എടുത്തിരിക്കുന്ന നടപടികൾ ഈ പ്രകൃതി സങ്കേതത്തിലെ വിഭവങ്ങൾക്ക് കഴിയുന്നത്ര സംരക്ഷണം നൽകുമെന്നു പ്രത്യാശിക്കുന്നു.
എഞ്ചിനീയറിങ് പുരോഗതിയുടെയും വാസ്തുശിൽപ്പ ഭംഗിയുടെയും പ്രതിസമാനതയുടെയും കാര്യത്തിൽ വാസ്കോഡ ഗാമ പാലം വാസ്തവത്തിൽ ഒരു വൻ നേട്ടം തന്നെയാണ്. വാസ്കോഡ ഗാമയുടെ പേരിലുള്ള ഈ പാലത്തെക്കുറിച്ച് പോർട്ടുഗീസുകാർക്ക് ന്യായമായും അഭിമാനിക്കാൻ വകയുണ്ട്!
[15-ാം പേജിലെ ഭൂപടങ്ങൾ/ചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
പോർട്ടുഗൽ
സ്പെയിൻ
[ഭൂപടം]
പോർട്ടുഗൽ
ലിസ്ബൻ
മോണ്ടിഹോ
വാസ്കോഡ ഗാമ പാലം
[കടപ്പാട്]
Courtesy of Lusoponte/Sonomage